representative image created by Ai image generator Ai image generator
Pen Drive

അരങ്ങ് - സതീഷ് മാമ്പ്ര എഴുതിയ കഥ

Author : സതീഷ് മാമ്പ്ര

1

സൈറണും മുഴക്കി രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് പാഞ്ഞുപോയ ആംബുലന്‍സ് സിറ്റി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്ക് മുമ്പില്‍ ബ്രേക്കിടുമ്പോഴും അക്ഷോഭ്യനായി അയാള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രാഥമിക പരിശോധനകളും സ്‌കാനിങ്ങും ഇസിജിയുമൊക്കെ പൂര്‍ത്തിയാക്കി ഝടുതിയില്‍ ഐസിയുവിലേയ്ക്ക് മാറ്റുമ്പോഴും അയാള്‍ ശാന്തത കൈവിടാതെ എല്ലാവരേയും പുറത്തുതട്ടി ആശ്വസിപ്പിച്ച് അനങ്ങാപ്പാറ കണക്കെ അങ്ങനെ നിന്നു; ദീര്‍ഘമായൊരു നിശ്വാസത്തിനുപോലും ഇടവേളയെടുക്കാതെ.

അയാള്‍ക്കെങ്ങനെ ആശ്വസിക്കാന്‍ കഴിയും? തലയ്ക്കു മുകളില്‍ വെള്ളം വന്നു നില്‍ക്കുകയാണ്. വെപ്രാളപ്പെട്ട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല. ഒരത്താണി കാണും വരെ ഓളപ്പാത്തികളില്‍ പൊങ്ങിക്കിടക്കുകയല്ലാതെ വഴിയില്ല. ശുഭാപ്തിവിശ്വാസം കൈമോശം വന്നാല്‍ മുങ്ങിത്താഴുക താനൊറ്റയ്ക്കല്ല; അതയാള്‍ക്കറിയാം! വീഴരുത് ... വീണു പോകരുത് ....

മനസ്സിനെ ബലപ്പെടുത്തി അയാള്‍ ഐസിയുവിന് പുറത്ത് ആളൊഴിഞ്ഞ മൂലയില്‍ ആര്‍ക്കും മുഖം കൊടുക്കാതെ മൗനം വിഴുങ്ങിയിരുന്നു.

ഇങ്ങനെയൊരു പരീക്ഷണം സ്വപ്‌നേപി പ്രതീക്ഷിച്ചിരുന്നില്ല. അതും ഈ പതിനൊന്നാം മണിക്കൂറില്‍. മുന്‍പേ കണ്ടതിനും തിരിച്ചറിഞ്ഞതിനുമെല്ലാം തടയിട്ടും പരിഹാരം കണ്ടും ഒരു വിധം തീരത്തോടടുക്കേ.....

അയാള്‍ക്ക് ആകെ തീപിടിക്കുന്നതുപോലെ തോന്നി.

2

''ആണ്ടിക്കൊച്ചാണ്ടീ ..

ഒര് കുമ്പളം നട്ടിട്ടാ

അത്ലൊര് പൂവിട്ട് ...

അത്ലൊര് കായിട്ട് ...

ഓഹൊ ഹൊഹോ ഹോ ...

ഓഹൊ ഹൊഹോ ഹോ ...

ഓഹൊ ഹൊഹോ ഹോ ...

ഓഹഹ ഹൊഹോ ഹോയ് ....

ആഹ ഹഹാ ഹാ ..

ആഹ ഹഹാ ഹാ ..

ആഹ ഹഹാ ഹാ .. ഹൊയ്

ആഹഹ ഹഹാ ഹൊയ്..''

അഴകന്‍ അറുമുഖന്റെ വരവാണ്. നാട്ടു വെളിച്ചത്തിന്റെ നിഴല്‍ പറ്റി നത്തുകളും നരിച്ചീറുകളും നിദ്രയുടെ നിഗൂഢതകളിലേയ്ക്ക് നടന്നു കയറുന്ന നട്ടപ്പാതിരയ്ക്ക്! കറിക്കാരന്‍ കൊച്ചാപ്പുവിന്റെ ചാര്‍ത്തിലെ അരണ്ട വെളിച്ചത്തില്‍ മുന്തിരിയിട്ട് മൂപ്പിച്ചെടുത്ത അന്തിക്കള്ളിന്റെ അവസാന തുള്ളിയും നാവിലിറ്റിച്ച് കൊള്ളി കുടമ്പുളിയിട്ടു വറ്റിച്ചെടുത്ത കേരത്തലക്കറിയും ചേര്‍ത്തടിച്ച് ഒരു പ്ലേറ്റ് പോത്ത് വഴറ്റിയതും വിഴുങ്ങി ചിറിയും തുടച്ച് നടവഴി നാലാക്കിയുള്ള ആ വരവ് ഒര് ഒന്നൊന്നര വരവാണ്... നാലാളറിയും; അറിയിക്കും. അതാണ് അറുമുഖന്‍. നായ്ക്കള്‍പോലും നടയൊഴിഞ്ഞ് ഇരുള്‍ പുതപ്പുകളിലേയ്ക്ക് ഊളിയിടും.

നാലെണ്ണം അടിച്ചാല്‍ നാടറിയിക്കുന്ന പതിവ് അറുമുഖന് പണ്ടേയുള്ളതാണ്; തേപ്പും തെറിയും മറ്റ് ഏനക്കേടുകളൊന്നുമില്ല. പക്ഷേ ഒന്നു പാടണം. അത് നാലാള് കേള്‍ക്കുകേം വേണം. അത്രേയുള്ളു. പാടുന്നതെല്ലാം നാടന്‍ പാട്ടുകളും നാടക ഗാനങ്ങളുമാണ്. കെപിഎസിയുടെ ഗാനങ്ങള്‍. പാമ്പുകള്‍ക്ക് മാളവും മധുരിക്കും ഓര്‍മ്മകളും, അമ്പിളിയമ്മാവാ താമരക്കുമ്പിളുമെല്ലാം അതില്‍പ്പെടും. പാട്ടിനൊപ്പം ഭാവാഭിനയവുമുണ്ട്. റേഷന്‍കട ജങ്ഷനില്‍ എത്തിയാല്‍ ആളും ആവേശവും ആരവവും കൂടും. അന്തിത്തിരക്കുകള്‍ക്കിടയിലും റേഷന്‍ കടക്കാരന്‍ നായര്‍ 'എടാ അര്‍മ്വോ, നിയ്യാ പാമ്പ്വോള്‍ക്ക് മാളോന്ന് പാട്‌റാ'ന്ന് പ്രോത്സാഹിപ്പിക്കും. പിന്നത്തെ പാട്ടെല്ലാം നായര്‍ക്ക് വേണ്ടിയാണ്.

അന്നൊന്നും നാട്ടില്‍ പക്ഷേ വൈദ്യുതി എത്തിനോക്കിയിട്ടില്ല. പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന ഉണിത്തിരിയുടേയും കൊച്ചു പൗലോ വൈദ്യരുടേയും ശ്രമഫലമായിട്ടാണ് നാട്ടില്‍ ആദ്യമായി വൈദ്യുതി എത്തിയത്. അതും വൈദ്യരുടെ മില്ലിനുവേണ്ടി.

പെരുമാനത്തെ പരമേശ്വരന്‍ നായരുടെ പണിക്കാരനും കയ്യാളുമായിട്ടായിരുന്നു അറുമുഖന്‍ ജീവിതം തുടങ്ങുന്നത്. കുഞ്ഞിപേങ്ങന്റേയും കണ്ടങ്കോരന്റേയും പിന്‍മുറക്കാരനായി എത്തിയ അവന്‍ വളരെ വേഗം നായരുടെ വിശ്വസ്തനും കയ്യാളുമായി മാറി.

എരയാംകുടി പാടശേഖരത്തിലും മതിരാമ്പിള്ളിയിലും പള്ളിത്താഴത്തുമായി കിടക്കുന്ന നായരുടെ എക്കറു കണക്കിന് നിലവും പറമ്പുമെല്ലാം അവന്റെ കയ്യില്‍ സുരക്ഷിതം. അതിരാവിലെ പണിക്കിറങ്ങുന്ന അവന് രണ്ട് കാര്യങ്ങളിലേ നിര്‍ബന്ധമുള്ളൂ. പണി കയറിയാല്‍ 2 കുപ്പി അന്തി; അത് ഷാപ്പുകാരന്‍ റപ്പായി പ്രത്യേകം എടുത്ത് വച്ചിരിക്കും. മറ്റൊന്ന് നാടകം. അതൊരു ഭ്രമം തന്നെയായിരുന്നു. എത്ര ദൂരെയായാലും നടന്നു പോയി കണ്ടിട്ടേ അവനുറങ്ങൂ. ഒറ്റക്കാഴ്ചകൊണ്ടു തന്നെ അവയിലെ മാസ്സ് ഡയലോഗുകള്‍ അവന്‍ ഹൃദിസ്ഥമാക്കിയിരിക്കും! പിറ്റേന്നത്തെ ഷാപ്പ് സന്ദര്‍ശനം കഴിഞ്ഞുള്ള മടക്കത്തില്‍ അവയെടുത്ത് പ്രയോഗിച്ചായിരിക്കും വരവ്. ചിലപ്പോള്‍ പതിവ് നാടക ഗാനങ്ങളും ഇടയ്ക്ക് തിരികിക്കേറ്റും. പ്രത്യേകിച്ചും റേഷന്‍കട കവലയില്‍ എത്തുമ്പോള്‍.

സാംസ്‌കാരിക പ്രവര്‍ത്തകനും അമച്ച്വര്‍ നാടക സംവിധായകനുമായ ചെഗുവേര പ്രാഞ്ചിയെന്ന അരിക്കിലാന്‍ ഫ്രാന്‍സിസാണ് അവനില്‍ ഒരു നടനുണ്ടെന്ന് കണ്ടറിഞ്ഞത്. നല്ല ചോരത്തിളപ്പില്‍ ജ്വലിച്ചു നില്‍ക്കുന്ന മുപ്പത്തിയാറുകാരന്‍. ഒത്ത പൊക്കം. അതിനൊത്ത വണ്ണം. നിരപ്പായ ഉദരവും അഴകൊത്ത കടി പ്രദേശവും. വിരിഞ്ഞ ദൃഢമായ നെഞ്ചും തെറിച്ചു നില്‍ക്കുന്ന പുറം മസിലുകളും. മൊത്തത്തില്‍ കരിവീട്ടിയില്‍ കടഞ്ഞെടുത്ത ഒരു ദാരുശില്പം പോലെ മനോഹരം! സുന്ദരന്‍. നായരുടെ അഭിമാനം.

അന്നൊക്കെ പ്രജ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന് കലാപരിപാടികള്‍ക്കൊപ്പം ഒരു നാടകവും അവതരിപ്പിക്കാറുണ്ട്. മനീഷ ബാലന്‍ എന്ന ബാലേട്ടനായിരുന്നു പാസ്‌കിന്റെ തുറുപ്പുചീട്ട്. നടക്കുമ്പോള്‍ ഒരു വലിച്ചിലുണ്ടെന്ന് തോന്നിക്കുന്ന മട്ട് കൈകള്‍ തൂക്കിയിട്ട് കഴുത്തൊടിഞ്ഞ രീതിയില്‍ അദ്ദേഹം നടക്കുമ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് ആരെങ്കിലുമൊക്കെ കൂടെ കൂടും. അവര്‍ വാങ്ങിക്കൊടുക്കുന്ന കട്ടന്‍ചായയുടേയും കാജാ ബീഡിയുടേയും ബലത്തില്‍ അദ്ദേഹം തീര്‍ക്കുന്ന നാടകങ്ങള്‍ക്ക് പച്ചയായ ജീവിതത്തിന്റെ തീക്ഷ്ണഗന്ധമുണ്ടായിരുന്നു. നല്ലൊരു മരാശാരി കൂടിയായിരുന്നു ബാലേട്ടന്‍. അടുത്ത് പരിചയമുള്ളവര്‍ പാപ്പന്‍ എന്നാണ് വിളിക്കുക. ബാലേട്ടന്‍ ''ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്'' എന്ന നാടകത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് ചെഗുവേര പറഞ്ഞിട്ട് 'നാട്ടരങ്ങിന്റെ സുര' ബാലേട്ടനെ കണ്ട് അറുമുഖനെ കുറിച്ച് പറയുന്നതും വേഷം കൊടുക്കാന്‍ ആവശ്യപ്പെടുന്നതും. അന്ന് സുരയ്ക്ക് പ്രായം ഇരുപത്. അഭിനയവും സംവിധാനവും എഴുത്തുമെല്ലാം കൊണ്ട് നാട്ടരങ്ങിനും ചെഗുവേരയ്ക്കും പ്രിയപ്പെട്ടവനായിരുന്നു സുര.

മണ്ണിന്റെ മണവും രുചിയും നിറവും തിളക്കവും പ്രകൃതിയുടെ താളവും മേളവും ഭാവുകത്വവുമറിയുന്ന ഒരു പണിയാളന്റെ പരിവര്‍ത്തനത്തിന്റെ- പരകായപ്രവേശത്തിലൂടെയുള്ള പകര്‍ന്നാട്ടത്തിന്റെ നാന്ദി കുറിക്കുകയായിരുന്നു അവിടെ. ചെഗുവേരയും സുരയും പാപ്പനും അതിന് നിമിത്തമായി. അപ്രധാനമല്ലാത്ത ഒരു വക്കീലിന്റെ വേഷത്തില്‍ അറുമുഖനും മുന്‍സിഫ് ജഡ്ജിന്റെ വേഷത്തില്‍ ചേക്കിലെ കള്ളന്‍ എന്ന പോലെ നാട്ടിലെ പ്രധാന കള്ളന്‍ വാസൂട്ടനും വേഷമിട്ടു. തുടക്കക്കാര്‍; പക്ഷേ പതറാത്തവര്‍. രാത്രി 10 മണിക്ക് നടക്കുന്ന നാടകത്തിനായി പകല്‍ പത്തിനു തന്നെ കോസ്റ്റ്യൂമുകളും ധരിച്ച് നാല്‍ക്കവലകളിലും ചായക്കടകളിലും പരിചയക്കാരുടെ വീടുകളിലും വൈകീട്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും അവര്‍ അഭിമാനത്തോടും അന്തസ്സോടും പങ്കെടുത്ത് അരങ്ങേറ്റം കളറാക്കി. സ്യൂട്ടും കോട്ടും ഓവര്‍ക്കോട്ടിലുമൊക്കെ അവര്‍ ഉദിച്ചു നിന്നു. കള്ളന്‍ വാസൂട്ടന്‍ മുന്‍സിഫിന്റെ വേഷത്തില്‍ യോഗ്യനായി വിലസുന്നത് നാട്ടുകാരില്‍ കൗതുകത്തിനും നേരമ്പോക്കിനും വഴിമരുന്നിട്ടു. ചായക്കട ചര്‍ച്ചക്കാര്‍ക്ക് ഒരു വിഷയമതായി പിന്നെ. വാസൂട്ടന്റെ അഭിനയം അവിടെ തീര്‍ന്നു. അറുമുഖനെ നാട്ടരങ്ങും സുരയും ഏറ്റെടുത്തു. പാസ്‌കിന്റെ വാര്‍ഷിക നാടകങ്ങളിലും അവന്‍ സ്ഥിര സാന്നിധ്യമായി.

3

വിത്തും കൈക്കോട്ടുമായി സ്വര്‍ഗ്ഗം തുറന്നിട്ടതറിയിക്കാനെത്തുന്ന വിഷുപ്പക്ഷികളുടെ സമാഗമ രാവുകളില്‍ അനശ്വരയുടെ അരങ്ങുണരും. അതോടെ നാടക മത്സരങ്ങള്‍ക്കുള്ള തീയാട്ടും തിറയാട്ടുമായി നാടും നാട്ടുകാരും ഉണരുകയായി. ഏതെല്ലാം നാടുകളില്‍ നിന്നാണെന്നോ കാണികളെത്തുന്നത്! നാടോടിക്കഥകളില്‍ നിന്നുമിറങ്ങി വരുന്ന കഥാപാത്രങ്ങളെ പോലെ കാണികള്‍ക്കിടയില്‍ നിന്നുപോലും കഥാപാത്രങ്ങള്‍ അവതരിക്കുമ്പോള്‍ അവര്‍ ചകിതരും അത്ഭുതപരതന്ത്രരുമായി തീരും. അവര്‍ തമ്മില്‍ തമ്മില്‍ സംശയത്തോടെ നോക്കും - ഏതെങ്കിലും കഥാപാത്രമാണോ അടുത്തിരിക്കുന്നത്. കയ്യില്‍ തീ കൊളുത്താന്‍ പാകത്തിലുള്ള പന്തങ്ങളുണ്ടോ? ആയുധങ്ങളുമായി പെട്ടെന്ന് ചാടി വീണ് ആക്രോശിക്കുമോ? പലപ്രാവശ്യം സന്ദേഹത്തോടെ അവര്‍ ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞും നോക്കും; പെട്ടെന്നുള്ള ഞെട്ടലൊഴിവാക്കാന്‍. എങ്കിലും അതെല്ലാം അവര്‍ക്ക് ആവേശമായിരുന്നു - ആഘോഷമായിരുന്നു. തങ്ങളും നാടകത്തിന്റെ ഭാഗമാണെന്ന് വരെ ഒരുവേള അവര്‍ കരുതിയിരുന്നു.

അനശ്വരയുടെ അരങ്ങില്‍ മുഖം മിനുക്കാനെത്താത്ത നാടകങ്ങളും നാടക സംഘങ്ങളുമുണ്ടോ?! ചെമ്പകരാമനും പുലിജന്മങ്ങളും കാട്ടുമാക്കാനും ചസ്നാലയും, എന്റെ ഗ്രാമവും, ഒരു തണല്‍ കൂടിയും, തീരം, നല്ലവനായ ഗോഡ്‌സേ മുതല്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ അനേകം അരങ്ങുകള്‍ താണ്ടിയ എത്രയെത്ര നാടകങ്ങളും കഥാപാത്രങ്ങളുമാണ് അനശ്വരയുടെ അരങ്ങുകളെ അനശ്വരമാക്കിയിരിക്കുന്നത്! എന്നാലും നാട്ടരങ്ങും അഴകനും ചെഗുവേരയുമില്ലാതെ അനശ്വരയുടെ നാടകോത്സവങ്ങള്‍ക്ക് പൂര്‍ണ്ണതയുണ്ടാകാറില്ല എന്നതാണ് സത്യം. നാട്ടരങ്ങില്ലാത്ത ഒരു നാടകോത്സവം അവര്‍ക്കും ചിന്തിക്കാനാകില്ല; അത്രയ്ക്കുണ്ട് ഫാന്‍സ് ബേസ്!

നാടകോത്സവത്തിന് നാല് മാസം മുമ്പേ നാടകത്തിന്റെ സ്‌ക്രിപ്റ്റ് അനശ്വരയ്ക്ക് ലഭിച്ചിരിക്കണം. അതില്‍ മികവു പുലര്‍ത്തുന്ന നാടകങ്ങള്‍ക്കേ അവതരണാനുമതി ലഭിക്കുമായിരുന്നുള്ളൂ. നിബന്ധനകളിലും നിയന്ത്രണങ്ങളിലും അണുവിട തെറ്റില്ല; തെറ്റാന്‍ അനുവദിക്കുകയുമില്ല; അതാണ് അനശ്വര.

4

അറുമുഖന്റെ ''ആണ്ടിക്കൊച്ചാണ്ടി'' അസമയത്ത് അന്തരീക്ഷത്തില്‍ അലയടിച്ചാല്‍ ഒന്നുറപ്പ് - അനശ്വരയുടെ നാടകരാവുകള്‍ക്ക് തിരശ്ശീല ഉയരാന്‍ ഇനി അധികം നാളുകളില്ല! അതിന്റെ അരങ്ങുകേളിയാണ് അറുമുഖനില്‍നിന്നും ഉയരുന്നത്. അതായത് നാട്ടരങ്ങിന്റെ നാടകം സ്വീകരിക്കപ്പെട്ടുവെന്നര്‍ത്ഥം. വയലേലകള്‍ അതേറ്റുപാടി കാറ്റിന്റെ ചിറകിലേറ്റി നാടായ നാടു മുഴുവന്‍ വിളംബരം ചെയ്യും. അതോടെ നാട്ടരങ്ങിന്റെ റിഹേഴ്‌സല്‍ ക്യാമ്പിന് തുടക്കം കുറിക്കുകയായി. പിന്നെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പാണ്.

അവര്‍ക്കറിയാം അനശ്വരയുടെ അമച്ച്വര്‍ നാടകോത്സവങ്ങളൊന്നും ഒരു ചടങ്ങിന് വേണ്ടിയുള്ളതല്ലെന്ന്. അതൊരു കടത്തുകഴിച്ചിലല്ലെന്ന് 10 രൂപയും 5 രൂപയുമായിരുന്ന സമ്മാനത്തുക ഇപ്പോള്‍ 25000 രൂപയും എവര്‍ റോളിങ് ട്രോഫിയുമാണ്. റണ്ണര്‍ അപ്പിന് 15,000 രൂപയും ഷീല്‍ഡും. മികച്ച നടന്‍, നടി, ഹാസ്യനടന്‍, സ്വഭാവ നടന്‍, മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകം ഇതെല്ലാം കാണികളുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുക്കുന്നത്. മികച്ച ജൂറിമാരെ മാത്രമേ അനശ്വര അണിനിരത്താറുള്ളൂ. പിഴവുകളില്ലാത്ത ആക്ഷേപമില്ലാത്ത അവഗണിക്കപ്പെടാനാവാത്ത ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത തിരഞ്ഞെടുപ്പുകളിലൂടെ ജൂറിയുടെ തീരുമാനവും പ്രേക്ഷക വിലയിരുത്തലുകളും ഒന്നായി മാറിയിരുന്ന ഇന്ദ്രജാലം!

കാലം മാറിയാലും ചില ശീലങ്ങള്‍ മാറില്ലല്ലോ? തവള സീസണായാല്‍ മൂവരും ഇറങ്ങും; പെട്രോ മാക്‌സിന്റെ കണ്ണഞ്ചും വെളിച്ചത്തിലേക്ക് ചതി തിരിച്ചറിയാതെ ചാടിക്കയറിയെത്തുന്ന മഞ്ഞ തവളകളെ ചാക്കിലാക്കാന്‍

അതെ, ഒരു നാടക കാലത്തിന്റെ അരങ്ങ് കേളി കൂടി ഉയര്‍ന്നിരിക്കുന്നു. സാധാരണ വെളുപ്പിന് 5 മണിക്ക് കോവാടന്റേയോ ചെമ്പന്റേയോ ചായക്കടകളില്‍ ചായ കുടിക്കാനെത്തുന്നവരില്‍ ആരെങ്കിലുമാകും ഇക്കാര്യം നാട്ടിലുണര്‍ത്തിക്കുക. പത്രം വരുന്നതിനുമുമ്പേ ചായക്കടകള്‍ സജീവമായിരുന്നതിനാല്‍ ചര്‍ച്ച പിന്നെ അറുമുഖനേയും അവന്‍ അവതരിപ്പിച്ച് വിജയിപ്പിച്ച കഥാപാത്രങ്ങളെ പറ്റിയുമൊക്കെയാകും. അത് പിന്നെ നാടകങ്ങളിലേയ്ക്കും ധന്യ ആര്‍ട്ട്‌സ് സൊസൈറ്റിയിലേയ്ക്കും അതിന്റെ അപചയത്തെയും കാരണക്കാരേയുമൊക്കെ ചുറ്റിപ്പറ്റി സഞ്ചരിച്ച് അവസാനം നാട്ടരങ്ങിലേയ്ക്കും അനശ്വരയിലേയ്ക്കുമെത്തും. അതാണ് പതിവ്. എന്നാല്‍ ആ പതിവൊക്കെ തെറ്റി. ഇത്തവണ അത് ആദ്യം കേട്ടത് വില്‍ഫ്രഡും ജോണിയും അവറാച്ചനുമാണ്. സീസണല്‍ കലാപരിപാടികളിലൊന്നായ തവള പിടുത്തത്തിനായി ഭാരണിപ്പാടത്തേയ്ക്കുള്ള ടൈല്‍ വിരിച്ച പാതയുടെ തുടക്കത്തിലുള്ള ഹൈമാസ്റ്റിന്റെ വെളിച്ചത്തില്‍ പെട്രോ മാക്‌സില്‍ മാന്‍ഡില്‍ കെട്ടുകയായിരുന്നു അപ്പോള്‍ അവറാച്ചന്‍. അപ്രതീക്ഷിതവും അസമയത്തുമായിരുന്നതിനാല്‍ മൂന്നു പേരും നന്നായൊന്ന് ഞെട്ടി തലയുയര്‍ത്തി ശബ്ദം കേട്ട ദിക്കിലേയ്ക്ക് നോക്കി. രാത്രിലത്തെ പതിവ് വെള്ളമടിക്കു വേണ്ടിയുള്ള സവിശേഷ ടച്ചിങ്‌സിനുള്ള വക തേടി ഇറങ്ങിയതായിരുന്നു മൂവര്‍സംഘം.

ബ്രൈറ്റ് ലൈറ്റിന്റെയും മറ്റും ശക്തിയേറിയ പ്രകാശ ബീമുകള്‍ സൃഷ്ടിക്കാന്‍ പോന്ന ടോര്‍ച്ചുകള്‍ എല്ലാവരുടേയും വീടുകളിലുണ്ടെങ്കിലും പരമ്പരാഗത രീതിയാണ് അവര്‍ക്കിപ്പോഴും പത്ഥ്യം. ജോണിയും അവറാനും പണ്ടേ തവള പിടുത്തത്തില്‍ കേമന്മാര്‍. തവളക്കാലുകള്‍ കയറ്റി അയയ്ക്കുന്നത് നിരോധിക്കുന്നത് വരെ അതൊരു ബിസിനസ്സായി കൊണ്ടു നടന്നിരുന്നവര്‍. ഒപ്പം ഉത്സവ- പെരുന്നാളിടങ്ങളിലെല്ലാം പോയി ആനമയിലൊട്ടകവും നാടകുത്തുമൊക്കെ നടത്തി ഉപജീവനം കഴിച്ചിരുന്നവര്‍. വിവാഹ വീടുകളിലേയ്ക്കും മരണ വീടുകളിലേയ്ക്കും പെട്രോ മാക്‌സ് വിളക്കുകള്‍ വാടകയ്ക്ക് കൊടുത്തിരുന്നവര്‍. ഇപ്പോള്‍ പിള്ളേരൊക്കെ വളര്‍ന്ന് കാനഡയിലും ന്യൂസിലാന്റിലും മാള്‍ട്ടയിലുമൊക്കെയായപ്പോള്‍ ഒക്കെ ഒതുക്കി അല്ലറ ചില്ലറ ബിസിനസ്സും സ്ഥല കച്ചവടവുമായി കഴിയുന്നു. അന്ന് മാട്ട കള്ളും കരിന്തേരട്ടയും പഴുതാരയും നവസാരവും ബാറ്ററിയുമൊക്കെ ചേര്‍ത്ത് വീര്യം കൂട്ടിയെടുക്കുന്ന കൊട്ടോടി മറിയത്തിന്റെ വാറ്റും ചാരായവും മോന്തി തൃപ്തിയടഞ്ഞിരുന്നവര്‍. ഇപ്പോള്‍ വിദേശിയില്‍ മാത്രം സംതൃപ്തിയടയുന്നവര്‍. മക്കള്‍ വരുമ്പോള്‍ കൊണ്ടു വരുന്നതും സ്വയം വാങ്ങുന്നതും.

കാലം മാറിയാലും ചില ശീലങ്ങള്‍ മാറില്ലല്ലോ? തവള സീസണായാല്‍ മൂവരും ഇറങ്ങും; പെട്രോ മാക്‌സിന്റെ കണ്ണഞ്ചും വെളിച്ചത്തിലേക്ക് ചതി തിരിച്ചറിയാതെ ചാടിക്കയറിയെത്തുന്ന മഞ്ഞ തവളകളെ ചാക്കിലാക്കാന്‍. നല്ല സൈസുള്ള പത്തെണ്‍പതെണ്ണത്തെയൊക്കെ ഒറ്റയിറക്കത്തില്‍ പിടിക്കും. ആരുടെയെങ്കിലും വീട്ടിലെത്തി ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ മുതുകു നോക്കി വെട്ടി കാല്‍ഭാഗം വേര്‍പെടുത്തി കുതിഞെരമ്പും തൊലിയും വലിച്ചു കളഞ്ഞ് പാകം ചെയ്ത് മുന്നേ ഒരുക്കി വെച്ച സന്നാഹങ്ങള്‍ക്കൊപ്പം അടിച്ചു കേറ്റി പിരിയുമ്പോഴേയ്ക്കും പുലര്‍കോഴി കൂവിയിട്ടുണ്ടാകും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം സംഭവിക്കുന്ന ഒരു ഒത്തുകൂടല്‍. അത്ര തന്നെ.

അറുമുഖന്റെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ആണ്‍ മക്കള്‍ രണ്ടുപേരും പ്രവാസികളായി. മകള്‍ ദേവുവിന്റെ കുട്ടികള്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്നു. താന്‍ പണിയെടുത്തിരുന്ന നായരുടേയും മറ്റു ചിലരുടെയും പാടം, പറമ്പ് ഇവയില്‍ കുറെയൊക്കെ അറുമുഖന്റേയും മക്കളുടേയും പേരിലായി. ഷാപ്പിലേയ്ക്കുള്ള യാത്ര രാത്രി ഏഴ് മണിക്ക് ശേഷം മാത്രമായി. അന്തിക്കള്ള് മുന്തിരിക്കള്ളായി. അതിനുള്ള കള്ള് ചെത്തുകാരന്‍ അജയന്‍ പ്രത്യേകം ചെത്തിയെടുത്ത് റപ്പായിയെ ഏല്പിക്കും. രാത്രി ഏഴരയ്ക്ക് ശേഷം അറുമുഖനുവേണ്ടി അജയന്‍ പ്ലാക്കലെ പൈലിയുടെ ഇളം തെങ്ങുകളില്‍ ഒരിക്കല്‍ കൂടി വലിഞ്ഞു കയറും. റപ്പായി അതില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കാര്‍ക്കിട്ട് ഭദ്രമാക്കി കറിക്കാരന്‍ കൊച്ചാപ്പുവിന് കൈമാറും. ഒരു രാത്രിയും പകലും ആ കള്ള് ഷാപ്പിലെ വലിയ മണ്‍ ജാറയില്‍ മുങ്ങിക്കുളിച്ചു കിടക്കും. കൊച്ചാപ്പുവാണ് സൂക്ഷിപ്പുകാരന്‍. കള്ളിനൊപ്പം നന്നായി ഭക്ഷണവും കഴിക്കുമെന്നതിനാല്‍ കൊച്ചാപ്പുവിനും സന്തോഷം. റപ്പായിക്കും കൊച്ചാപ്പുവിനും അജയനുമൊക്കെ അവര്‍ പറയുന്ന പണം അറുമുഖന്‍ എണ്ണി കൊടുക്കും. അവനും ഹാപ്പി, ത്രിമൂര്‍ത്തികളോ? ബഹു ഹാപ്പി. അതിനാല്‍ വെള്ളം ചേര്‍ക്കാത്ത ആ രണ്ട് കുപ്പിക്കള്ളും കൊച്ചാപ്പുവും അറുമുഖനെ കാത്തിരിക്കും; ഏത് പാതിരയ്ക്കും.

നാട്ടരങ്ങും ചെഗുവേരയും സുരയും ചേര്‍ന്നാണ് അറുമുഖനിലെ നടനെ രൂപപ്പെടുത്തിയെടുത്തതും അംഗീകാരങ്ങളിലേയ്ക്ക് കൈപിടിച്ചു നടത്തിയതും. സുര പൊലീസ് യൂണിഫോം അണിയുന്നതിനുമുമ്പേ അറുമുഖന്‍ അരങ്ങുകള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. സുരയുടെ സ്‌ക്രിപ്റ്റില്‍ ചെഗുവേര സംവിധാനം ചെയ്ത ''മാണിക്ക്യന്‍'' എന്ന നാടകം അറുമുഖനെ പ്രേക്ഷക ഹൃദയങ്ങളിലാണ് പ്രതിഷ്ഠിച്ചത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മാണിക്ക്യന്‍ എന്ന ചെറുകഥയുടെ നാടകരൂപം. അഴകനായി അറുമുഖനും ചോതിയായി സുരയും കസറിയ ആ നാടകം ഇരുപത്തിയേഴ് മത്സരവേദികളില്‍ അരങ്ങേറി അവാര്‍ഡുകള്‍ വാരിക്കൂട്ടിക്കഴിഞ്ഞപ്പോഴേയ്ക്കും അറുമുഖന്റെ പേരും തലവരയും ഒരുപോലെ മാറി. അവന്‍ 'അഴകന്‍ അറുമുഖനായി; പ്രായേണ കലാ സാംസ്‌കാരിക മണ്ഡലങ്ങളില്‍ 'അഴകനു'മായി.

സുരയ്ക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. നാടക റിഹേഴ്‌സല്‍ ഉള്ളപ്പോഴും മത്സര ദിനങ്ങളിലും അവ കഴിഞ്ഞതിനു ശേഷമേ മദ്യപിക്കാവൂ. പുക വലിക്കാവൂ. നാടകത്തോടുള്ള അഭിനിവേശവും തന്നേക്കാള്‍ ഇളയവനെങ്കിലും പ്രതിഭാധനനായ കലാകാരനെന്ന നിലയിലും തെക്കേടത്തെ നാരായണന്‍ നായരുടെ മകനെന്ന നിലയ്ക്കുള്ള ബഹുമാനവും ആരാധനയുമൊക്കെയായപ്പോള്‍ എല്ലാം സമ്മതം. എന്നാല്‍ ആശാനായ ചെഗുവേരയെ തിരുത്താനോ നിയന്ത്രിക്കാനോ സുര മുതിര്‍ന്നില്ല. കാര്യമില്ല... അത് തന്നെ. കിട്ടുന്ന ലഹരികളെല്ലാം വാരിവലിച്ച് കേറ്റി കാലുറയ്ക്കാതെ കയറിവന്നാലും അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന് ഒര് തട്ട് കേടും വരില്ലെന്ന് അവനറിയാം; പിന്നെ അയാളുടെ പ്രശ്‌നങ്ങളും. ഒന്നിലും ഒരു ശ്രദ്ധയില്ലാത്ത മനുഷ്യന്‍. പ്രാകൃത രൂപം. നീട്ടിവളര്‍ത്തിയ നര കയറിയ താടിയും മുടിയും. എന്നാലും ധരിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കാനും ശരീര ശുദ്ധിയിലും നിഷ്‌കര്‍ഷയുള്ളവന്‍. മുട്ടോളമെത്തുന്ന ജുബ്ബയും വീതിക്കരയുള്ള മുണ്ടിലുമേ അയാളെ കണ്ടിട്ടുള്ളൂ. ചുണ്ടില്‍ നിന്നും ബീഡി ഒഴിയാറില്ല. അയാള്‍ പക്ഷേ ഒരുനാള്‍ എവിടെയോ മാഞ്ഞുപോയി. ഫോണ്‍ പോലും ഉപയോഗിക്കാത്തവനെ എവിടെ നിന്ന് കണ്ടെത്താന്‍? ''അല്ല; കണ്ടെത്തിയിട്ട് പ്പോ ന്ത്‌നാ ??'' നാട്ടുകാരില്‍ ചിലരെങ്കിലും മനസ്സിലെങ്കിലും ചോദിച്ചിട്ടുണ്ടാകും! നാട്ടരങ്ങിന്റെ പ്രവര്‍ത്തകരൊഴികെ. അവരുടെ നാടകങ്ങളെല്ലാം അരങ്ങ് വാണത് അയാളിലൂടെയായിരുന്നല്ലോ?! ഇനിയാര്?

അവിടേയ്ക്കാണ് സുരയുടെ പുനഃരാഗമനം. മുപ്പത്തിനാല് വര്‍ഷത്തെ കറപുരളാത്ത ട്രാക്ക് റെക്കോര്‍ഡുമായി ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞ അയാള്‍ നേരെ നടന്നെത്തിയത് നാട്ടരങ്ങിന്റെ നാട്യമണ്ഡപത്തിലേയ്ക്കാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല - നാടകകൃത്തും നടനും സംവിധായകനുമായി.

ആ വരവിലും അയാള്‍ അറുമുഖനെ ചേര്‍ത്തു നിര്‍ത്തി. അല്ലെങ്കിലും തന്റെ അഴകനെ അനശ്വരനാക്കിയ അയാളെ അവനെങ്ങിനെ അകറ്റി നിര്‍ത്താനാകും. അയാള്‍ അഭിനയിക്കുകയായിരുന്നില്ലല്ലോ? അഴകനായി പകര്‍ന്നാടുകയായിരുന്നില്ലേ! അയാളോടൊപ്പം നിന്നപ്പോള്‍ താന്‍ പോലും ഭ്രമിച്ചുപോയില്ലേ! അഭിനയം മറന്നില്ലേ അഴകനെ തനിക്കു പോലും ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കുവാനാകുമായിരുന്നോ? റിഹേഴ്‌സലില്‍ കണ്ട അറുമുഖനേ ആയിരുന്നില്ല അത്? വേദികള്‍ പിന്നിടുന്തോറും അതിന്റെ ഒതുക്കവും തിളക്കവും കൂടി കൂടി വന്നതേയുള്ളൂ... അറുമുഖന്‍ തന്നെത്തന്നെ ചെത്തിമിനുക്കിയെടുക്കുന്നതുപോലെ

അഴകനാകാന്‍ അറുമുഖന് പ്രത്യേക തയ്യാറെടുപ്പിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ?

അവനും പരിപാലിച്ചിരുന്നു മാണിക്ക്യനെപ്പോലുള്ള ഒരേറ് കാളകളെ- ചെമ്പനും വെളുമ്പനും - നായരുടെ കാളകള്‍.

കഥയൊന്നുമറിയില്ലെങ്കിലും കഥയിലെ പോലെ തന്നെയായിരുന്നു അവന്‍ അവറ്റകളെ കൊണ്ടു നടന്നിരുന്നത്. കയ്യിലെ കുറ്റിപ്പാണലിന്റെ വടി ഒരിക്കലും അവയുടെ ദേഹത്ത് വടുക്കള്‍ വീഴ്ത്തിയിരുന്നില്ല. അവന്റെ മനസ്സറിഞ്ഞ് അവര്‍ കണ്ടങ്ങള്‍ ഉഴുതു മറിച്ചു. ഉഴവ് കഴിഞ്ഞാല്‍ കുളിപ്പിച്ച് വെള്ളവും തീറ്റയും കൊടുത്തിട്ടേ അവന്‍ സ്വന്തം കാര്യം നോക്കിയിരുന്നുള്ളൂ.. പാടത്തിറക്കുന്നതിനു മുമ്പും വയറ് നിറയെ വെള്ളം കുടിപ്പിക്കും. രാവിലത്തെ കഞ്ഞി കുടിക്കാന്‍ കയറുമ്പോള്‍ പാടത്തു നിന്നു കയറ്റി തണലത്ത് നിറുത്തും. എന്നിട്ടും ഒരിക്കല്‍ വെളുമ്പന്‍ കണ്ടത്തില്‍ തളര്‍ന്നുവീണു. ആവും പാടും ചികിത്സിച്ചിട്ടും രാപകലില്ലാതെ ശുശ്രൂഷിച്ചിട്ടും അവന്‍ ജീവിതത്തിലേയ്ക്ക് മടങ്ങിയില്ല. അതൊരു തീരാ വേദനയായി അവനില്‍ നീറി നീറി നില്‍പ്പുണ്ടായിരുന്നു.

വേദിയില്‍ അഴകനായി പകര്‍ന്നാടുമ്പോഴെല്ലാം അവന്റെ മനസ്സില്‍ നിറഞ്ഞു നിന്നതും ആ വെളുമ്പനായിരുന്നു; അവന്റെ അവസാന നിമിഷങ്ങളായിരുന്നു. ഓരോ അരങ്ങിലും സുര കണ്ടറിഞ്ഞതാണ് - തൊട്ടനുഭവിച്ചതാണ് ആ അഭിനയത്തികവ്.

അതുകൊണ്ടുതന്നെ തന്റെ പുതിയ നാടകത്തിലെ നായകനെ രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നതും അഴകന്‍ മാത്രമായിരുന്നു... അവനുറപ്പുണ്ട് ആ കൈകളില്‍ തന്റെ കഥാപാത്രം ഭദ്രമാണെന്ന്.

സമ്പത്തും സൗകര്യങ്ങളും ഒത്തു വന്നപ്പോള്‍ അവനും വാങ്ങി ഒരേറ് കന്നുകളെ - വെളുമ്പനെന്നും അഴകനെന്നുമാണ് അവയ്ക്ക് പേരിട്ടത് - വെളുമ്പന്റേയും നാടകത്തിന്റേയും സ്മരണയില്‍. ഇന്നും അവ അവിടെയുണ്ട്. ട്രാക്ടറും ട്രില്ലറുമൊക്കെയുണ്ടെങ്കിലും മാതിരാമ്പിള്ളിയിലെ നാല്പതില്‍ നാല് കണ്ടമെങ്കിലും ഈ എഴുപത്തിയൊന്നിലും അറുമുഖന്‍ അവരെ പൂട്ടും. അവന്‍ തന്നെ വരമ്പ് കിളയ്ക്കും. വളമിടും - ചാണകവും ചാരവും പച്ചില ചപ്പുകളും മാത്രം. 'ഇതെന്ത് ഭ്രാന്താന്ന്' ആരെങ്കിലും ചോദിച്ചാ അതിന് അവന് മറുപടിയുണ്ട്; 'വെഷോല്ലാത്തത് തിന്നാലോ? പിന്നെ ന്റെ കാളോട്ടമ്മാര്‍ക്ക് ഒര് രസാവൂലോ'ന്ന്.

5

''സുരേട്ടാ... ങ്ങ്‌ളെ ഡോക്ടറ് വിളിക്ക്ണ്ട്.''

രഘുനന്ദന്റെ വിളി കേട്ടപ്പോഴാണ് അയാള്‍ക്ക് സ്ഥലകാല ബോധമുണ്ടായത്. താന്‍ എവിടെയാണെന്ന തിരിച്ചറിവുണ്ടായത്. അയാള്‍ രഘുനന്ദനൊപ്പം ഡോക്ടറെ കണ്ടു.

''ഇപ്പോള്‍ പേടിക്കേണ്ട അവസ്ഥയൊന്നുമില്ല. ബിപി ഹൈ ആയതാണ്. അല്ല; ഇയാള്‍ക്ക് കുടുംബ പ്രശ്നങ്ങളോ മറ്റ് സാമ്പത്തിക പരാധീനതകളോ ഉണ്ടോ? വല്ലാത്ത മാനസിക സംഘര്‍ഷം ഇയാള്‍ അനുഭവിക്കുന്നുണ്ട്. അതുണ്ടാക്കുന്ന ഉറക്കമില്ലായ്മയും ആഹാരത്തോടുള്ള താല്പര്യമില്ലായ്മയും കാര്യങ്ങള്‍ ഒന്നു കൂടി മോശമാക്കിയതാണ്. വന്നപ്പോള്‍ എടുത്ത ഇഞ്ചക്ഷന്റെ സെഡേഷനിലാണ്. ഡ്രിപ്പ് കൊടുത്തിട്ടുണ്ട്. ക്ഷീണം മാറാന്‍. ഏതായാലും വന്നതല്ലേ... 24 മണിക്കൂര്‍ ഒപ്‌സര്‍വേഷനിലിരിക്കട്ടെ... എന്നിട്ട് നോക്കാം.''

ഡോക്ടര്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ് സുരയില്‍ നിന്നുംപുറത്തു വന്നു. അവന്‍ അറിയാതെ ഡോക്ടറുടെ നേരെ കൈ കൂപ്പി പോയി.

'ഡോക്ടറ് പര്‍ഞ്ഞേല് കാര്യോണ്ട്ട്രാ സുരേ.... നിയ്യ് ശ്രദ്ധിച്ച്‌ണ്ടോന്നറ്യാന്‍ പാട്ല്ല... മ്മ്‌ടെ യ്യി നാടോം തൊട്‌ങ്ങ്യേപ്പിന്നെ അര്‍മ്മ്വേട്ടന്‍ ആകൊര് ഡിപ്രസ്ഡ് മുഡ്‌ലാര്‍ന്ന്ട്ട്രാ സുരേ... പുള്ളീടെ സ്ഥിരം കള്ളൂടീണ്ട്‌ല്ലോ അതൂടി നിര്‍ത്തീട്ട് ഒന്നൊന്നര മാസായ്യീന്നാ മ്മ്‌ടെ സുകോക്കെ പറേണെ''

രഘുനന്ദന്‍ ഏതോ നിഗൂഡ രഹസ്യം പുറത്തു വിടുന്ന ഭാവത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു.

അയാള്‍ പക്ഷേ ഒന്നുമുരിയാടാതെ ഒഴിഞ്ഞ മൂലയിലെ ആ പഴയ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങി. മനസ്സുകൊണ്ടയാള്‍ ബാക്കപ്പില്‍ നിന്നും ചില ഓര്‍മ്മ ചിത്രങ്ങളെ സേര്‍ച്ച് ചെയ്ത് തിരശ്ശീലയില്‍ കോപ്പി പേസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.

തിരശ്ശീല അറുമുഖന്റെയും റിഹേഴ്‌സല്‍ ക്യാമ്പിന്റേയും ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. അവയെല്ലാം സോര്‍ട്ട് ചെയ്‌തെടുക്കാന്‍ അവന് അധികം മിനക്കെടേണ്ടി വന്നില്ല. സ്‌ക്രിപ്റ്റ് വായന മുതല്‍ ഫൈനല്‍ റിഹേഴ്സലിന്റെ പ്രോപ്പര്‍ട്ടി സജ്ജീകരണം വരെയുള്ള ക്യാമ്പ് ചിത്രങ്ങള്‍ അനുക്രമമായി അവിടെ വ്യക്തതയോടെ നിറഞ്ഞു നിന്നു. ഒരു ഫ്രെയിമിലും അസാധാരണമായ ആശങ്കയുണര്‍ത്തുന്ന ഒരു ദൃശ്യം പോലും കണ്ടെടുക്കാന്‍ അവനായില്ല. റിഹേഴ്‌സലുകളില്‍ അറുമുഖന്റെ അഭിനയത്തിലോ സംഭാഷണങ്ങളുടെ പ്രസന്റേഷനിലോ ഒരു പിഴവും ഓര്‍ത്തെടുക്കാനുമാകുന്നില്ല. ഉണ്ടെങ്കിലല്ലേ അതിനാകൂ പക്ഷേ ക്യാമ്പ് വിട്ടുപോകുന്ന അറുമുഖന്‍ മറ്റൊരാളായി മാറുന്നുണ്ടെന്ന വസ്തുത അവന് കൃത്യമായി അറിയാമായിരുന്നു. അതും അറുമുഖന്‍ തന്നെ പറഞ്ഞ്.

സ്‌ക്രിപ്റ്റ് വായനയും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും റിഹേഴ്‌സലുകളും പ്രോപ്പര്‍ട്ടീസിന്റെ ഒരുക്കങ്ങളുമെല്ലാം നാട്ടരങ്ങിന്റേയും സുരയുടേയും താല്പര്യങ്ങള്‍ക്കും താളത്തിനുമനുസരിച്ച് മുന്നോട്ട് പൊയ്‌കൊണ്ടിരുന്ന സമയം. പ്രശ്‌നങ്ങളില്ലെന്നല്ല; അതിനെയെല്ലാം അതിജീവിച്ച് സുര നന്നായി തന്നെ ക്യാമ്പ് മുമ്പോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു.

അറുമുഖനാണ് നായകന്‍. രഘുനന്ദന്‍ ഉപനായകനും. രേഷ്മയും സുമയും പ്രധാന വേഷങ്ങളിലുണ്ട്.

നാട്ടരങ്ങിന്റെ എത്രയോ നാടകങ്ങളില്‍ അറുമുഖന്‍ നായകനായിരിക്കുന്നു. എത്ര തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു. സുര തന്റെ നായകനെ രൂപപ്പെടുത്തിയതുപോലും അറുമുഖനെ മാത്രം മുന്നില്‍ക്കണ്ടായിരുന്നല്ലോ. തന്റെ നായകന്‍ അറുമുഖനിലൂടെ മാത്രമേ പൂര്‍ണ്ണത കൈവരിക്കൂ എന്നും അവന്‍ ഉറച്ചു വിശ്വസിച്ചു. പക്ഷേ അവന് പിഴച്ചോ?

റിഹേഴ്‌സലുകള്‍ക്കിടയില്‍ കണ്ട പിഴവുകള്‍ ഏകാഗ്രതയോടും സമചിത്തതയോടും കൂടി കൈകാര്യം ചെയ്തു. കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളെ തന്മയത്വത്തോടെ അഭിനയിച്ച് കാണിച്ചുകൊടുത്തു. എന്നാല്‍ എവിടെയൊക്കെ തനിക്ക് പിഴയ്ക്കുന്നുണ്ടെന്നും അതെന്തുകൊണ്ടാണെന്നും അറുമഖന് നന്നായി അറിയാമായിരുന്നു.

അയാളുടെ ശബ്ദം നേര്‍ത്തു വരുന്നതും അതൊരു കരച്ചിലിന്റെ വക്കോളമെത്തുന്നതും അന്നവനറിഞ്ഞതാണ്. ഭാവിച്ചില്ല. ആരോടും പങ്കുവച്ചുമില്ല. നിശബ്ദനായി അയാളെ കേട്ടുകൊണ്ടിരിക്കുക മാത്രം ചെയ്തു

എന്തോ അറുമുഖനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് സുരയ്ക്കും മനസ്സിലായിരുന്നു. അത് കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമാകുമെന്നും അവനറിയാമായിരുന്നു. തല്‍ക്കാലം പോകുന്നിടത്തോളം പോകട്ടെ എന്ന് വിചാരിച്ചു. പക്ഷേ ഒരു ദിവസം റിഹേഴ്‌സല്‍ കഴിഞ്ഞുള്ള മടക്കത്തില്‍ അറുമുഖന്‍ അവന്റെ മനസ്സഴിച്ച് പുറത്തിട്ടു.

''മോനേ... ഈ കഥാത്രം എന്നി നിക്ക്വോ? അഴ്കനോ, ഉത്പ്പാനോ, കരിവീട്ടി പ്രഭാകര്‌നോ ല്ലത്.. മത്സര നാടകോല്ലായ്ര്‌ന്നെങ്കി കൊഴ്‌പ്പോല്ലാര്‍ന്നു. ... ബാവാഭ്‌നയ്ത്ത്‌ലും വൈകാര്ക ബാവ്ങ്ങ്‌ള്‌ലും അണൂട തെറ്റിയാ തീര്‍ന്നു. മോനും നാട്ടരങ്ങ്‌നും മ്മ്‌ടെ നാട്‌നും അത് താങ്ങാമ്പറ്റില്ല്യാ... മോനേ... ഈ കഥാത്രം മോന്‍ തന്നെ ചെയ്യ്... മോനോണ്ടേ ആ കഥാത്രത്തെ അബ്‌നയ്ച്ച് ബല്‍പ്പിക്കാമ്പറ്റൂ .... അത്ര കര്ത്ത്റ്റതാണാ കഥാത്രം.... ഈ വയസ്സനോണ്ട് അതവ്തര്പ്പിച്ച് ബല്‍പ്പിക്കാന്‍ള്ള ത്രാണീല്ല .... മോനേ... നീയ്യബ്‌നയ്ച്ചാ നൊമ്മക്ക് ഒന്നാം സാനോം മിക്ച്ച നട്‌നും സംവ്ധായ്കനോള്ള അവാഡും മ്മ്ക്ക്ട്ടും... അതെന്‍ക്ക്വാര്‍പ്പാ... ക്ഷണേരോംണ്ട് മോന്‍ കഥാത്രായ് മാര്‍ന്നതും അവ്‌ന്റെ ആത്മസങ്കര്‍ഷങ്ങ്‌ളെ അബ്‌നയ്ച്ച് ബല്പ്ക്ക്ണതും ഞാ ദെവ്‌സോം കാണ്‍ണല്ലേ?? ന്നെ ഇതീന്നൊന്ന് രക്ഷിക്ക് മോനെ .... ഞാനൊര്‍ങ്ങീട്ട് ദെവ്‌സങ്ങളായി... മോനേ, ന്നെ ന്ന് രക്ഷിക്ക് ...'

അയാളുടെ ശബ്ദം നേര്‍ത്തു വരുന്നതും അതൊരു കരച്ചിലിന്റെ വക്കോളമെത്തുന്നതും അന്നവനറിഞ്ഞതാണ്. ഭാവിച്ചില്ല. ആരോടും പങ്കുവച്ചുമില്ല. നിശബ്ദനായി അയാളെ കേട്ടുകൊണ്ടിരിക്കുക മാത്രം ചെയ്തു. അവനറിയുകയായിരുന്നു; അയാളുടെ മാനസീക സംഘര്‍ഷങ്ങളെ. പക്ഷേ അതിതുവരെ കൊണ്ടെത്തിക്കുമെന്ന് ചിന്തിക്കാന്‍ അവനായില്ല; അതിന്റെ ആഴം അളക്കാനുമായില്ല. അതിന് ഇത്ര വലിയ വില കൊടുക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ചിട്ടുമുണ്ടാകില്ല.

എല്ലാം വെറും തോന്നലുകള്‍ മാത്രമാണെന്നും ആ കഥാപാത്രത്തെ അറുമുഖനോളം ഭംഗിയായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നുമൊക്കെ വിശ്വസിപ്പിച്ചും ആശ്വസിപ്പിച്ച് സമാധാനിപ്പിച്ചുമൊക്കെയാണ് ഇതുവരെ കൊണ്ടെത്തിച്ചത്. അതാണ് കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടുപോയിരിക്കുന്നത്.

'ആശാനേ... നാടക്ത്തിന്റെ ഫിക്ച്ചറില്‍ മാറ്റം വരുത്തീട്ട്ണ്ട്ട്ടാ.... മ്മ്‌ടെ നാട്കം അവസാനോസ്‌ത്തെ നാട്കങ്ങ്‌ളോട്പ്പം അവതര്‍പ്പിച്ചാ മതീന്ന് അന്‍ശ്വര തീര്വാന്‍ച്ചതായ് ഒരു റൂമറ് കേക്ക്ണ് ണ്ട് ...' പ്രധാന വില്ലന്‍ വേഷം ചെയുന്ന രാഘവനാണ്. ആ സമയത്തു തന്നെയാണ് സുരയുടെ ഫോണ്‍ റിങ് ചെയ്തത്. അനശ്വരയുടെ സെക്രട്ടറി വേണുക്കുട്ടനാണ്.

''സുരേ... അര്‍മ്വേട്ടന് എങ്ങ്‌നേണ്ട്? കൊഴ്‌പ്പോന്നൂല്ല്യാലോ... കൊഴ്‌പ്പോന്നൂണ്ടാവ് ല്ല്യാ... നിങ്ങ്‌ള് ധൈര്യാട്ട്രി ... അതേയ് ഞാപ്പ വ്‌ളിച്ചത് മറ്റ്‌റ് കാര്യം പര്‍യ്യാനാ... അതേയ് നിങ്ങ്‌ടെ നാടകോണ്ടല്ലോ... അത് ലാസ്റ്റ് ദെവ്സ്സത്തേയ്ക്ക് മാറ്റീണ്ട് ... ഇന്നാര്ന്നല്ലോ ങ്ങ്‌ടെ ടേണ്‍... പക്രം മ്മ്‌ടെ അരുണ്‌ന്റെ ഗ്യാങ് റെഡ് സ്റ്റാറ് ന്ന് കള്ക്ക്യാന്ന് സമ്മയ്ച്ചണ്ട് ...'

'ഏയ് നി അതൊന്നും നടക്കൂന്ന് തോന്ന്ണ്ല്ല്യാ ... ഒക്കെ കയ്യ്ട്ട് പോയ്ന്നാ തോന്ന്‌ണേ... അര്‍മ്മ്വേട്ടന്‍ല്ലാണ്ട് ... യീ നാട്കം അവ്ര്പ്പിച്ചിട്ട് ഒര്യാര്യോല്ല്യാ.. പുള്ള്യന്ന്യാ അയ്‌ന്റെ ലീഡ് ...'

'ഡാ സുരേ... നീ പ്രാന്ത് പര്‍യ്യല്ല്ട്ടാ ... നാട്ടാരും പ്രേക്ഷോരും കാത്ത്ര്ക്കണ നാട്വാ ങ്ങ്‌ടെ .... ന്ന് രാവ്ലെ പത്തോണ്വോട്ട് അനോണ്‍സ്വന്റ് പോണ്‍ണ്ട് ... അര്‍മ്മ്വേട്ടന്‍ തിര്വോരും... നീ സമാനായ്രി ... മ്മ്‌ള് കല്‍ക്കും... അപ്പ പര്‍ഞ്ഞോലെ ... ബൈ''

സുരയ്ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് വേണുക്കുട്ടന്‍ ഫോണ്‍ കട്ടുചെയതു.

അനശ്വരയുടെ നാടകോത്സവം തുടങ്ങിയിട്ട് ഇന്ന് നാലാം ദിവസമാണ്. ഫിക്ച്ചര്‍ പ്രകാരം ഇന്നാണ് നാട്ടരങ്ങിന്റേയും അകമല അക്ഷരക്കൂട്ടിന്റേയും നാടകങ്ങളുടെ അവതരണം നടക്കേണ്ടത്. നാട്ടരങ്ങിന് പകരം ഇന്ന് ഗാങ് റെഡ് സ്റ്റാറിന്റെ

''ദിനരാത്രങ്ങള്‍'' പ്രേക്ഷക സമക്ഷമെത്തും. ആരാധകരുള്ള സമിതി തന്നെയാണ് അവരും.

തിരുവെണ്ണൂര്‍ രംഗകലയുടെ 'പാപമാപിനി' കൊടകര നാടകവേദിയുടെ 'കുസൃതിക്കോടതി' എന്നീ നാടകങ്ങളോടെയാണ് അനശ്വരയുടെ ഈ വര്‍ഷത്തെ നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നത്. എട്ട് ദിവസങ്ങള്‍. പതിനാറ് ഏകാങ്കങ്ങള്‍.

വര്‍ത്തമാനകാല രാഷ്ട്രീയ പൊറാട്ടുകളെ ഇഴകീറി വിശകലനം ചെയ്യുന്ന 'പാപമാപിനി' ഒരര്‍ത്ഥത്തില്‍ രാഷ്ടീയ മേലാളന്മാരുടെ ചങ്കിലേയ്ക്ക് തറച്ചിറക്കിയ ചാട്ടുളിയായി

പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരയും സംഘവും.

കടുത്ത ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ചെടുത്ത ' കുസൃതിക്കോടതി' സഭ്യമായ ജനകീയ വിചാരണയുടെ അനന്ത സാധ്യതകളെയും ആവശ്യകതകയേയും ഫലങ്ങളേയും അനാവരണം ചെയ്തു കൊണ്ട് മറ്റ് നാടകങ്ങള്‍ക്കൊപ്പം നാട്ടരങ്ങിനും വെല്ലുവിളി ഉയര്‍ത്തിയതായും അവര്‍ക്ക് തോന്നി. ഓരോ ദിവസത്തേയും നാടകങ്ങള്‍ വിലയിരുത്താനും വിശകലനത്തിലൂടെ തങ്ങളുടെ നാടകം എങ്ങിനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നുമൊക്കെ അവര്‍ ചര്‍ച്ച ചെയ്തിരുന്നു. അതെല്ലാം മത്സരത്തിന്റെ കടുപ്പം സ്വയം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും ഉപകരിച്ചിരുന്നു.

നാട്ടരങ്ങും നാടകവും അനശ്വരയുടെ അഭിമാനമാകുമ്പോഴും ഒരു തരത്തിലുള്ള വിട്ടവീഴ്ചകള്‍ക്കും അവര്‍ തയ്യാറാകില്ല എന്ന തിരിച്ചറിവും നാട്ടരങ്ങിനുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഫാന്‍സ് ബേസുള്ള നാടക സംഘം എന്ന നിലയില്‍ നാട്ടരങ്ങിന്റെ നാടകത്തിന് കൂടുതല്‍ ആളെത്തുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ആ സംഘം മത്സരത്തില്‍ ഉണ്ടാക്കണമെന്നും അവസാനമായിട്ടാണെങ്കിലും നാടകം അവതരിപ്പിക്കണമെന്നും അനശ്വര തീരുമാനിച്ചത്.

എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി നിന്ന സുരയെ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തുമായ മഹേഷാണ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അദ്ദേഹത്തിനറിയാം അവന്റെ വൈഭവം. പോരാത്തതിന് നാടകകൃത്തും സംവിധായകനുമാണല്ലോ? ഏത് വേഷവും തന്മയത്വത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കാനും അവനാകുമെന്ന് നാട്ടരങ്ങിനും ഉറപ്പുള്ളതാണ്.

മൂന്നാം ദിവസമാണ് അറുമുഖനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ചെറിയ ക്ഷീണമുണ്ട്. അതില്‍ കൂടുതല്‍ അദ്ദേഹത്തെ ക്ഷീണിപ്പിച്ചത് താന്‍ മൂലം നാട്ടരങ്ങിനുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ചിന്തിച്ചപ്പോഴാണ്.

ഒന്നും ആലോചിച്ച് വിഷമിക്കണ്ടെന്നും നാടകം നമ്മള്‍ കളിക്കുമെന്നും ശാന്തമായ മനസ്സോടെ വിശ്രമിക്കൂ എന്ന സുരയുടെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശവും അയാളെ തെല്ലാശ്വസിപ്പിച്ചെന്ന് തോന്നി. അയാള്‍ തന്നിലേയ്ക്കു തന്നെ മടങ്ങി.

വേദിയില്‍ വള്ളുവനാട് സാരംഗിയുടെ 'ഒറ്റമുലച്ചി' അരങ്ങ് വാഴുമ്പോഴാണ് അയാള്‍ അണിയറയിലേയ്ക്ക് കടന്നുവന്നത്. അടുത്ത നാടകം നാട്ടരങ്ങിന്റെയാണ്. അയാള്‍ക്കെങ്ങിനെ ഇരിപ്പുറയ്ക്കും. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും

വകവയ്ക്കാതെ അയാള്‍ അവിടേക്ക് കടന്നുവരിക തന്നെ ചെയ്തു. കഥാപാത്രമായി മാറാനുള്ള മുഖത്തെഴുത്തും ഉടുത്തു കെട്ടും കഴിഞ്ഞ് ഡയലോഗുകള്‍ ഒരിക്കല്‍ കൂടി മനസ്സിലേയ്ക്ക് ആവാഹിച്ച് ഒരിടത്ത് മാറിയിരിക്കുന്ന സുരയുടെ അടുത്തേയ്ക്കാണ് അയാള്‍ നടന്നെത്തിയത്. ആപാദചൂഢം ഒന്ന് നോക്കി തൃപ്തി രേഖപ്പെടുത്തുപ്പോഴും അയാളുടെ മനസ്സ് വേവുന്നത് സുര അറിയുന്നുണ്ടായിരുന്നു. ഒന്നു കൂടി ചേര്‍ന്ന് നിന്ന് ' മോനേ...' എന്ന ആര്‍ദ്രമായ വിളിയോടെ ആലിംഗനം ചെയ്തു. ആ ആലിംഗനത്തിലൂടെ അയാളുടെ മനസ്സ് അവന്‍ ഒപ്പിയെടുക്കുമ്പോള്‍ അരങ്ങില്‍ ഒറ്റമുലച്ചിയുടെ അവതരണം അതിന്റെ പരിസമാപ്തിയില്‍ എത്തിയിരുന്നു.

''പ്രിയമുള്ളവരേ, അടുത്ത ഒരു നാടകത്തോടുകൂടി അനശ്വരയുടെ നാല്പത്തിരണ്ടാമത് നാടകോത്സവത്തിന് തിരശ്ശീല വീഴുകയാണ്. ഈ നാടകോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് സാമ്പത്തികം കൊണ്ടും സാന്നിധ്യ സഹകരണം കൊണ്ടും ഞങ്ങളോട് സഹകരിച്ച എല്ലാ സഹൃദയര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അടുത്ത നാടകം നാട്ടരങ്ങിന്റെ ''കാലന്‍ കൊല്ലന്‍.'' രചന, സംവിധാനം : സുരേഷ് തെക്കേടത്ത്.

അല്പ സമയത്തിനുള്ളില്‍ നാടകം ആരംഭിക്കുന്നതാണ്.

ഇരുള്‍ ചുവപ്പില്‍ ആണ്ടു കിടക്കുകയാണ്, വേദി. വലത്തേയറ്റത്ത് ഉലയൂതിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ രൂപം അരണ്ട വെളിച്ചത്തില്‍ കാണാം. ഉലയില്‍ നിന്നും വടിവാളിന്റെ ആകൃതിയുള്ള ചുട്ടുപഴുത്ത ഒരു ഇരുമ്പില്‍ കഷ്ണം പുറത്തെടുത്ത് പതിക്കല്ലില്‍ അടിച്ച് പതം വരുത്തി രാകി മിനുക്കി മൂര്‍ച്ച നോക്കുന്ന ഒരു പുരുഷന്റെ കൂടുതല്‍ ഇരുണ്ട രൂപം. മുഖം വ്യക്തമല്ല. നിഴല്‍പ്പാടിലാണ് കഥാപാത്രം. വേദിയുടെ ഇടതു വശത്തുനിന്നും കറുത്ത മേലങ്കിയണിഞ്ഞ ചിലര്‍ കയ്യില്‍ ആയുധങ്ങളുമായി പ്രവേശിക്കുന്നു. അവരെ കണ്ട പണിയാളന്‍ പണിത് രാകി മിനുക്കി മൂര്‍ച്ച കുട്ടിയ വടിവാളുമായി എഴുന്നേറ്റ് വേദിയുടെ മധ്യത്തിലേയ്ക്ക് വരുന്നു. ഇരുളില്‍ പണിതീര്‍ത്ത ആയുധം സംഘത്തിന് കൈമാറുന്നതിന്റേയും മൂര്‍ച്ച പരിശോധിച്ച് തൃപ്തിപ്പെടുന്നതിന്റേയും പണം കൈപറ്റുന്നതിന്റേയും നിഴല്‍ ചിത്രങ്ങള്‍. സംഘം പിന്‍വാങ്ങുമ്പോള്‍ പണവുമെണ്ണി മുന്നോട്ട് കാണികള്‍ക്ക് അഭിമുഖമായി ഉറച്ച ചുവടുകളോടെ വരുന്ന പണിയാളന്റെ ഇരുണ്ട രൂപം പതിയെ പതിയെ വെളിച്ചത്തിലേക്ക് സ്‌പോട്ട് ലൈറ്റിന്റെ തെളിച്ചത്തിലേയ്ക്ക്. പണം ഇരുകൈകള്‍ കൊണ്ടും വിതര്‍ത്തിപ്പിടിച്ച് സദസ്സിനെ നോക്കി ദുശ്ശാസന വധത്തിലെ രൗദ്ര ഭീമനെപ്പോലെ അയാള്‍ വന്യമായി അലറി ആര്‍ത്തട്ടഹസ്സിച്ചു. അപ്പോള്‍ സദസ്സ് വിസ്‌ഫോടനാത്മകമായ സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് ഇരുകൈകളും ചേര്‍ത്തടിച്ച് ''അറുമുഖന്‍'' അറുമുഖന്‍'' എന്ന് ഹര്‍ഷാരവം മുഴക്കുമ്പോള്‍ അരങ്ങിലും ആസ്വാദക മനസ്സുകളിലും ഒരുപോലെ അയാള്‍ കാലന്‍ കൊല്ലനായി പകര്‍ന്നാടി നിറയുകയായിരുന്നു; സുരയുടെ മനസ്സുപോലെ.

Malayalam short story written by Satheesh Mambra

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍

'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'

ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?

715 കിലോമീറ്റര്‍ റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍; വരുന്നു ബെന്‍സിന്റെ ഇലക്ട്രിക് എസ് യുവി, ലോഞ്ച് നവംബര്‍ നാലിന്