representative image created by Ai image generator Ai image generator
Pen Drive

ഈ മാളുകളൊക്കെങ്ങനെ വന്നാല് മ്മളെ ബാവാക്കാന്റീം വെളുത്തലവിക്കാന്റീം പീട്യളൊക്കെ പൂട്ടേണ്ടി വരൂലേ

വേരുകള്‍ വേര്‍പെടുമ്പോള്‍..... സിദ്ധിഖ് കടവത്ത് എഴുതിയ കഥ

Author : സിദ്ധിഖ് കടവത്ത്

'നന്നായി കഴിച്ചോളൂ മോനെ.. രാവിലെത്തെ ഭക്ഷണം രാജാവിനെപ്പോലെയെന്നല്ലേ പറയാറ്'....

പതിവുപോലെ രണ്ടു ദോശകൂടി പ്ലേറ്റിലേക്കിട്ട് ഉമ്മ പറഞ്ഞു.

ഭക്ഷണത്തിനു മുന്‍പില്‍ രാജാവും രാജ്ഞിയുമായിഉപ്പയും ഉമ്മയും ഡൈനിങ് ടേബിളിന്റെ എതിര്‍ വശത്തുണ്ട്.

അവര്‍ കഴിക്കുന്നതിനേക്കാള്‍ താന്‍ കഴിക്കുന്നതിലാണ് അവരുടെ ശ്രദ്ധ.

വെക്കേഷന്‍ ഉമ്മയോടും ഉപ്പയോടുമൊപ്പം ടൗണില്‍ നിന്നും വളരെയൊന്നും അകലെയല്ലാത്ത തറവാട്ടില്‍ ചെലവഴിക്കണമെന്ന് എല്ലാ വര്‍ഷവും ആഗ്രഹിക്കാറുണ്ടെങ്കിലുംകഴിയാറില്ല.കുട്ടികളുടെ നിര്‍ബന്ധവും അതിലുപരി വസ്തു വില്‍പ്പനയും ഭാവി പരിപാടികളുമായി ബന്ധപ്പെട്ടും അവസരമൊത്തുവന്ന സ്ഥിതിക്ക് ഒരു രണ്ടുമൂന്നാഴ്ചയെങ്കിലും ശുദ്ധവായു ശ്വസിച്ചും കൃത്രിമമില്ലാത്ത ആഹാരം കഴിച്ചും ഇവിടെ നില്‍ക്കണം.

'സലീംക്കാ '...

ഭക്ഷണ ശേഷം കഴിക്കാനുള്ള ഗുളികയുമായി കടന്നുവന്ന നസിയ താക്കീതോടെ വിളിച്ചു.

'നീ കഴിക്ക് മോനെ'

എന്റെ മേലുള്ള നസിയയുടെ ഈ അധികാരപ്രയോഗം മാത്രമാണ് ഉമ്മയെ ദേഷ്യം പിടിപ്പിക്കാറുള്ള ഒരേയൊരു സംഗതി.

'മതി ഉമ്മാ '

നിര്‍ത്താന്‍ താല്പര്യമില്ലാതെ പറഞ്ഞു. ഈ ഉമ്മയുടെയും ഉപ്പയുടെയുംഅടുത്തിരുന്നാല്‍പ്പിന്നെ - പ്രഷറും ഷുഗറും കൊളസ്‌ട്രോളുമെല്ലാം മറക്കും.

'കാണുന്നതൊക്കെ വലിച്ചു വാരി തിന്നും. അയ്‌ന്റെടങ്ങേറ് മറ്റുള്ളോര്‍ക്കാ'...

ദേഷ്യവും കരുതലും സ്‌നേഹവുമെല്ലാം കണ്ണിന്റെ കോണിലൂടെയെറിഞ്ഞ് അവള്‍ പറഞ്ഞു. ഭക്ഷണം കുറച്ച് കൂടുതല്‍ കഴിച്ചൂന്ന് വെച്ച് ആരും മരിച്ചൊന്നും പോവൂലെന്ന് അവളുടെ ഈ ശാസന കേള്‍ക്കുമ്പോള്‍ പറയാറുണ്ട് ഉമ്മ. സമയാസമയങ്ങളില്‍ ഗുളികയും മരുന്നുംഅവളെടുത്തു തരുന്നത് പെട്ടെന്നൊന്നും മരിക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് ഉമ്മയുണ്ടോ അറിയുന്നു! മക്കളെയെങ്കിലും അവരെപ്പോലെ ഗുളികകളും മരുന്നുകളും വേണ്ടാത്തവരായി വളര്‍ത്തണം.

ഉച്ച നേരത്ത് പറമ്പില്‍ നിന്നും തിരികെയെത്തിയ ഉപ്പ, കൈക്കോട്ട് വിറക് ചായ്പ്പിന്റെ അരികത്ത് ഒതുക്കി വച്ച് തൊപ്പിക്കുട അവിടെ ഇറയത്ത് തൂക്കിയിട്ടു.

'വൈകീട്ട് മഴയൊന്നു ചാറും'

തോര്‍ത്തു കൊണ്ട് മേലും കൈകളും തുടച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ട് ഉപ്പ പറഞ്ഞു.

പ്രകൃതിയുടെ ഇണക്കങ്ങളും പിണക്കങ്ങളും മൊഴികളും തേങ്ങലുകളുമെല്ലാം ഉപ്പാക്കറിയാം.

ഗ്രാമങ്ങളെല്ലാം എത്ര പെട്ടെന്നാണ് ടൗണുകളാകുന്നത്. നാളെ ഈ ഗ്രാമവും ഒരു ടൗണാകും- ആകണം

ഓര്‍മ്മ വെച്ച കാലം മുതല്‍ എപ്പോഴും ചേറ്റിലും ചെളിയിലും തന്നെയായിരുന്നു ഉപ്പ. കോളജില്‍ പോയിരുന്ന കാലത്ത് ഇടക്ക് കൂട്ടുകാര്‍ വീട്ടില്‍ വരുന്ന നേരത്തായിരിക്കും പാടത്തു നിന്നും ഉപ്പയുടെ വരവ്. മനസാകെ അസ്വസ്ഥമാകുമായിരുന്നു അന്നേരം. കൂട്ടുകാരൊക്കെ വരുന്ന സമയത്തെങ്കിലും ഈ കോലത്തില്‍ വീട്ടിലേക്ക് കയറി വരരുതെന്ന് ഉപ്പയോടു പറഞ്ഞൂടെ എന്ന് കയര്‍ത്താല്‍ ഉമ്മ ചിരിക്കും.

അപ്പോള്‍ എനിക്ക് കൂടുതല്‍ ദേഷ്യമാണ് വരിക.

'ഉണ്ണിയാലിലെയും പറവണ്ണയിലെയുമെക്കെ വസ്തുക്കള്‍ വില്‍ക്കാന്‍ ആളെ ഏര്‍പ്പാടാക്കീന്ന് കേട്ടല്ലോ, ശരിയാണോ മോനെ?'

കാല്‍ കഴുകി അകത്തേക്ക് കയറുമ്പോള്‍ ഉപ്പ, ചാരുപടിയിലിരുന്ന് ഇന്‍സുലിന്‍ എടുക്കുകയായിരുന്ന എന്റെ മുഖത്തേക്ക് നോക്കാതെചോദിച്ചു.

'അത്... .. ഉപ്പാ'

ഞാന്‍ മടിച്ചു മടിച്ചു പറഞ്ഞു.

' സ്ഥലം വെറുതെയിങ്ങനെ ഇട്ടിട്ടും വല്യ കാര്യല്ല്യാലോ.. വിറ്റിട്ട് മറ്റെന്തെങ്കിലും ബിസിനെസ്സിലിടാനുള്ള ഐഡിയ പറഞ്ഞു, നസിയാന്റെ ഉപ്പ. കേട്ടപ്പോ കുഴപ്പല്ല്യാന്ന് എനിക്കും തോന്നി'...

ഉപ്പ ദയനീയമായൊന്നു നോക്കി.

'നമ്മുടെ ടൗണിലാണെങ്കില് ഒരു മാളോസൂപ്പര്‍ മാര്‍ക്കെറ്റോ ഒന്നൂല്ല്യാലോ... ആളോള്‍ക്ക് ഉപകാരപ്പെടുന്ന അങ്ങനെയെന്തെങ്കിലും ബിസിനെസ്സ് ചെയ്യാന്നാ ഞാന്‍ വിചാരിക്ക്ണ് '...

മുഴുവന്‍ കേട്ടോ എന്നറിയില്ല, ഉപ്പ അകത്തേക്ക് കയറിപ്പോയി. സ്വന്തമായി അധ്വാനിക്കുവാന്‍ തുടങ്ങിയതില്‍പ്പിന്നെ ഇത്രയും കാലത്തെ എന്റെ സാമ്പാദ്യം വില്‍ക്കാനുള്ള തീരുമാനം ഉപ്പയോട് ആദ്യമേ പറയാന്‍ വിചാരിച്ചതാണ്. ധൈര്യം കിട്ടിയില്ല. അറിയിക്കേണ്ടെന്ന നസിയയുടെ നിര്‍ബന്ധം കൂടിയായപ്പോള്‍ വേണ്ടെന്നു വെച്ചു. ഗ്രാമങ്ങളെല്ലാം എത്ര പെട്ടെന്നാണ് ടൗണുകളാകുന്നത്. നാളെ ഈ ഗ്രാമവും ഒരു ടൗണാകും- ആകണം. അങ്ങനെയെങ്കില്‍ അതിലെ ഒരു വലിയ പങ്ക് എന്റേതാകണമെന്ന നിര്‍ബന്ധം നസിയയുടേതാണ്.

ഇറച്ചിയും പുഴമീനും ചേമ്പും കൂര്‍ക്കയും ചീരയുമെല്ലാം ചേര്‍ന്നുള്ളവിഭവങ്ങള്‍ ഉച്ചക്ക് ഡൈനിങ് ടേബിളില്‍ നിരന്നു, ഇന്ന് പായസവുമുണ്ട്.

എല്ലാവര്‍ക്കും വിളമ്പിക്കൊടുത്ത്, കഥകളും നാട്ടു വര്‍ത്തമാനങ്ങളും പറഞ്ഞ് ഉമ്മ തീന്‍ മേശക്കരികില്‍ നിറഞ്ഞു നിന്നു.

'നല്ലോണം ഭക്ഷണം കഴിച്ചെങ്കിലെ പഠിച്ച് വല്യ ആള്‍ക്കാരാകാന്‍ പറ്റൂ'

മോനുവിന്റെയും പൊന്നുവിന്റെയും പ്‌ളേറ്റിലേക്ക് വീണ്ടും ചോറ് വിളമ്പിക്കൊണ്ട്ഉമ്മപറഞ്ഞു.

രണ്ടു പേരും നസിയയെ നോക്കി. അവളുടെ നോട്ടത്തിന്റെ അര്‍ത്ഥമറിയാവുന്നതു കൊണ്ട് രണ്ടാളും ഉമ്മയോട് ഇനി വേണ്ടെന്ന് ആംഗ്യം കാണിച്ചു.

പ്‌ളേറ്റില്‍ നിന്ന് ഇറച്ചി ഒരു കഷ്ണമെടുത്തതേയുള്ളു -

'ഇന്ന് ഇന്‍സുലിനെടുക്കാന്‍ മറന്നിട്ടില്ലല്ലോ സലീംക്കാ '

നസിയയുടെ ചോദ്യത്തിലെ ഓര്‍മ്മപ്പെടുത്തലില്‍ കൈ പിന്‍വലിക്കേണ്ടി വന്നു.

ഇറച്ചി വിഭവങ്ങളൊന്നും തൊടരുതെന്നാണ് ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശം. കഴിക്കണമെന്ന് വല്ലാതെ തോന്നിയാല്‍ ചിക്കന്‍ കറി വെച്ച് കഴിക്കാമെന്നു മാത്രം.

ഇറച്ചി അല്പം കൂടി കോരിയെടുത്ത്ഉപ്പാന്റെ പ്‌ളേറ്റിലേക്കിട്ട് ഉമ്മയും കഴിക്കാനായി ഇരുന്നു.രണ്ടു പേരും ഭക്ഷണം

ആസ്വദിച്ചു കഴിക്കുന്നതു കണ്ടാല്‍ കൊതിയാകും.

'ഈ മാളുകളൊക്കെങ്ങനെ വന്നാല് മ്മളെ ബാവാക്കാന്റീം വെളുത്തലവിക്കാന്റീം പീട്യളൊക്കെ പൂട്ടേണ്ടി വരൂലേ മോനെ'

ഉപ്പയുടെ മുഖത്ത് ആധി.

'ഒന്നോ രണ്ടോ അല്ലെങ്കില്‍ പത്തോ പീടികകളുടെ കാര്യം നോക്കിയാല്‍ ഇക്കാലത്ത് നമുക്ക് ജീവിക്കാന്‍ പറ്റോ... നാടായ നാടൊക്കെ മാറ്ണത് കണ്ടില്ലേ ... സ്ഥലങ്ങള് കുറെ വെറുതെ കിടന്നിട്ടും കാര്യന്നൂല്ല്യല്ലോ ഉപ്പാ'

ഭക്ഷണം നിര്‍ത്തിഎഴുന്നേല്‍ക്കുമ്പോള്‍ നസിയയാണ് മറുപടി പറഞ്ഞത്. ആവശ്യത്തിന് വിദ്യാഭ്യാസമുണ്ടായിട്ടും മുതിര്‍ന്നവരോടെങ്ങനെ കാര്യങ്ങള്‍ മൃദുലമായി പറഞ്ഞു മനസിലാക്കാമെന്ന് നസിയക്കറിയില്ല.

'മതി... മതി..വാ...എണീക്ക്.. '

തിരികെവന്ന് മക്കളെയും എഴുന്നേല്പിച്ച് അവള്‍ കൈകഴുകാന്‍ കൊണ്ടു പോയി.

'കുട്ട്യോള്‍ക്ക്

പായസെടുത്ത് കൊടുക്ക് മോളെ '

പ്‌ളേറ്റില്‍ നിന്നും തലയുയര്‍ത്താതെ ഉമ്മ അവളോട് പറഞ്ഞു.സ്റ്റീല്‍ ജെഗിലെ ചൂടുള്ള പായസം അവള്‍ ഗ്ലാസുകളിലേക്കൊഴിച്ചു. പായസം എനിക്കു തരാതിരിക്കുവാന്‍ അവള്‍ ശ്രദ്ധിച്ചു. പാടില്ലല്ലോ, ഒരു മധുരവും പാടില്ല!

'മോനൂ.. പൊന്നൂ... ഇതാ പായസം. ഇതുകൂടി കുടിച്ചിട്ട് മര്യാദക്ക് പോയി മുറിയിലിരിക്കേണ്ടു'...

നസിയുടെ രൂക്ഷമായ നോട്ടത്തിനിടയില്‍ രണ്ടു പേരും പായസം കുടിച്ച് മുറിയിലേക്കോടി.

'മക്കളെ വീട്ടിലടച്ചിട്ട് വളര്‍ത്തരുത് മോളെ '

ഉപ്പ ഗൗരവത്തോടെ പറഞ്ഞു.

'പിന്നെല്ലാണ്ട്, ഇവിടെ വന്നതില്‍പ്പിന്നെ കണ്ണീക്കണ്ട കുട്ട്യോള്‍ടൊപ്പം കൂടീട്ട് ചേറ്റിലും ചെളിയിലുമാണ് എപ്പോഴും കളി..'

അവള്‍കിതച്ചു കൊണ്ടു പറഞ്ഞു.

'ഹും-ചേറും ചെളിയും!

അതിലൊന്നും പെടാതെ നോക്കി നടന്ന് വല്യ ശുജായിയെപ്പോലെ ജീവിച്ചവനിതാ വയസ് നല്‍പ്പത്തെട്ടില്‍ ഷുഗറും പ്രഷറും കൊളസ്ട്രോളും.

ചേറ്റിലും ചെളിയിലും ഉഴുതു മറിച്ച് എല്ലു വെള്ളമാക്കിയ ഉപ്പയെക്കണ്ടോ, ഈ എണ്‍പതിലും. രോഗങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടോ '

ഉച്ചക്ക്വിചാരിച്ചത് രാത്രി അത്താഴം കഴിഞ്ഞ് ബെഡ്റൂമില്‍ എത്തിയപ്പോഴാണ് പറയാന്‍ കഴിഞ്ഞത്.

'മണ്ണിലും ചെളിയിലും കളിക്കണം നമ്മുടെ കുട്ടികള്‍. പ്രകൃതിയുമായി അവരിഴകിച്ചേരണം.'

'എന്റെ മക്കളെ ചേറ്റിലും ചെളിയിലും കളിക്കാന്‍ ഞാന്‍ വിടില്ല '

മൊബൈലില്‍ നിന്നും കണ്ണെടുക്കാതെ നസിയ പറഞ്ഞു.

'തെസ്‌നിയുടെയും അഹല്യയുടെയുമൊക്കെ മക്കള് പഠിച്ച് എവിടെയെത്തീന്നറിയോ?

അതുപോലെത്രയെത്ര കുട്ടികള്‍..

കുട്ടികളെ വീട്ടിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കൂല അവരൊന്നും'

അവള്‍ മൊബൈല്‍ ടേബിളിലേക്കിട്ട് തിരിഞ്ഞു കിടന്നു.

ഉപ്പയുടെ കുട്ടിക്കാലത്ത് ഉടുമുണ്ട് നീട്ടിപ്പിടിച്ച് വലയെന്ന് സങ്കല്പിച്ച്കൂട്ടുകാരോടൊത്ത് ചെറിയ മീനുകളെ പിടിച്ച കഥകള്‍ പറഞ്ഞു കേട്ടതില്‍പ്പിന്നെ അവര്‍ക്കും വല്യുപ്പയോടൊപ്പം തൊട്ടിലേക്ക് പോകണമെന്നു വാശി പിടിച്ചത് വലിയൊരു അപരാധമെന്നപോലെ കേട്ടവളാണ് അവള്‍!

വസ്തു കച്ചവടത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയില്‍

തോടും തൊടിയും പുഴയും പാടവും കടന്ന് ദിവസങ്ങള്‍ മിന്നായം പോലൊരു പോക്കങ്ങു പോയി.

'ഉപ്പാ ഞങ്ങള് പത്തുമണിക്ക് പുറപ്പെടും. ചോറ് കഴിക്കാന്‍ നിക്ക് ണില്ല '

കൈക്കോട്ടുമായി ഇറങ്ങാന്‍ നിന്ന ഉപ്പയോട് യാത്ര പറഞ്ഞപ്പോള്‍ മുഖത്ത് വിഷമം.

'വസ്തു കച്ചോടം ഏതാണ്ട് തീരുമാനായിട്ട്ണ്ട്. അടുത്ത പ്രാവശ്യം വന്നിട്ട് അതിന്റെ ഇടപാട് തീര്‍ക്കലും മാളിന്റെ പണിയുമൊക്കെ തുടങ്ങണന്ന്ണ്ട് '

'ഉച്ചക്ക്ചോറ് തിന്നിട്ടു പോകാം മോനെ'

'വൈകിപ്പോകും, ഫ്‌ലൈറ്റിന്റെ സമയത്തിന് പോകണമല്ലോ ഉപ്പാ'...

'ങും... മക്കളെ നന്നായി നോക്കണേ മോനെ'

പോകുമ്പോള്‍ ഉപ്പ പറഞ്ഞു.

ഗേറ്റ് കടക്കുമ്പോള്‍ ഉപ്പ തിരിഞ്ഞു നോക്കി. അപ്പോള്‍ ആ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ മുഖം താഴ്ന്നു പോയി.

'മധുരം കൂടുതല് കഴിക്കണ്ടട്ടോ. മോന്‍ നന്നായി ഓടിച്ചാടിയൊക്കെ നടക്കണം '

ഉപ്പ അവിടെ നിന്ന് ഉറക്കെ പറഞ്ഞു.

ശരിയെന്നു തലയാട്ടുക മാത്രം ചെയ്തു.

'ഉപ്പാ... നമ്മള് അടുത്ത തവണ വരുമ്പോ ഈ പാടവും പറമ്പും കുളങ്ങളുമൊന്നും ഉണ്ടാവില്ലേ'

'മോളെ, കൂവപ്പൊടികുട്ട്യോള്‍ക്ക് കൊടുക്കാന്‍ മറക്കരുത്. ആഴ്ചയിലൊരിക്കല്‍ എണ്ണ തേച്ച് കുളിപ്പിക്കണം രണ്ടാളെയും. എല്ലാം ആ ബാഗില് വെച്ചിട്ടുണ്ട് ഉമ്മ'

എന്റെ നെറുകയില്‍ ചുംബിച്ച് യാത്രയാക്കുമ്പോള്‍ ഉമ്മ നസിയയോട് പറഞ്ഞു. എത്രയും പെട്ടെന്ന് സ്ഥലം വിടുകയെന്ന തത്രപ്പാടില്‍ അവളത് കേട്ടോ എന്തോ...

മോനുവിനെയും പൊന്നുവിനെയും ഉമ്മ മാറോടു ചേര്‍ത്തു.

കാര്‍ നീങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ ആ കൈകള്‍ മേലോട്ടുയര്‍ന്നു.

പാടങ്ങളുടെയും പറമ്പുകളുടെയും നനുത്ത പച്ചപ്പിലൂടെ കാര്‍ നീങ്ങുമ്പോള്‍ മക്കള്‍ രണ്ടു പേരുടെയും കണ്ണുകളില്‍ നഷ്ടബോധത്തിന്റെ വിഷാദം.

'ഉപ്പാ... നമ്മള് അടുത്ത തവണ വരുമ്പോ ഈ പാടവും പറമ്പും കുളങ്ങളുമൊന്നും ഉണ്ടാവില്ലേ'

പൊന്നുവിന്റെ വാക്കുകളില്‍ ആധി.

'അങ്ങനെയെങ്കില്‍ ഇനിയിങ്ങോട്ട് വരേണ്ട. വല്യുപ്പയും വല്യുമ്മയും നമുക്കൊപ്പം അങ്ങോട്ട് പോന്നോട്ടെ... അവരുടെ ഓര്‍മ്മകളിലും കഥകളിലും ഇതുണ്ടാകും ഉപ്പാ '

എന്തു പറയണമെന്നറിയാതെ ഞാന്‍ റോഡിന്റെ വളവു തിരിവുകളില്‍ ശ്രദ്ധിച്ചു.

'വല്യുപ്പ.. വല്യുപ്പ'...

റോഡിനടുത്ത അന്‍പതു സെന്റ് പറമ്പില്‍ തെങ്ങിന് തടമെടുക്കുകയായിരുന്നഉപ്പയെ കണ്ടപ്പോള്‍ അവര്‍ ആവേശത്തോടെ കൈ വീശിക്കാണിച്ചു. കാറിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഉപ്പയും നിറഞ്ഞു ചിരിച്ച് കൈവീശി.

'വേഗം വിട്ടേ സലീംക്ക. ഫ്‌ലൈറ്റിനിതാ സമയാക്ണ് '

വണ്ടി നിര്‍ത്തി ഇനിയുമൊരു സീന്‍ വേണ്ടെന്നു കരുതിയിട്ടാവണം നസിയ തിരക്ക് കൂട്ടി- അവളുടെ ഉപ്പയല്ലല്ലോ!

ഏറെ ദൂരം പിന്നിടുമ്പോഴും ഉപ്പ കൈവീശുന്നത് സൈഡ് മിററിലൂടെ എനിക്ക് കാണാമായിരുന്നു.

Malayalam short story written by Siddique Kadavath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൈനിക കേന്ദ്രത്തിൽ വൻ കവർച്ച; അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ചു

തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍

ഡയബറ്റിക് പെഡിക്യൂർ; പാദങ്ങളുടെ ഭം​ഗികൂട്ടലല്ല, പ്രമേഹരോ​ഗികൾ നിർബന്ധമായും ചെയ്യേണ്ടത്

സ്ത്രീവിമോചനം പുരുഷന്മാർ കൂടി വിട്ടുവീഴ്ച ചെയ്താലേ സാധ്യമാകൂ; പുരുഷാധിപത്യം ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന് കെ സച്ചിദാനന്ദൻ

'കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്'; 'യവനകഥ' പോലൊരു പാട്ട് വീണ്ടും ഉണ്ടാക്കാന്‍ മനസ് അനുവദിച്ചില്ല: ഔസേപ്പച്ചന്‍