മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്ഷേത്രം പുതുക്കിപ്പണിയുന്നതിനായി അവിടുത്തെ വിഗ്രഹം ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി. ആ കെട്ടിടത്തിന്റെ തെക്കു കിഴക്കേ കോണില്‍ ഒരു കിണര്‍ ഉണ്ടായിരുന്നു. ഇതുകണ്ട കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ക്ഷേത്രാധികാരികളോട് പറഞ്ഞു: ''ഈ കെട്ടിടത്തിന്റെ അഗ്‌നികോണിലാണ് കിണര്‍ ഇരിക്കുന്നത്. അതിനാല്‍ അഗ്‌നിബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിഗ്രഹം ഇവിടുന്ന് മാറ്റി സ്ഥാപിക്കണം.'' പക്ഷേ, അല്പം 'പുരോഗമനവാദി'കളായ ക്ഷേത്രാധികാരികള്‍ക്ക് ഇതിലത്ര കഴമ്പുണ്ടെന്ന് തോന്നിയില്ല. വിഗ്രഹം മാറ്റിയില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ''ഒരു വന്‍ അഗ്‌നിബാധയില്‍ ആ കെട്ടിടവും വിഗ്രഹവും കത്തിനശിച്ചു.
ശ്രദ്ധിക്കുക: വാസ്തുശാസ്ത്രത്തെക്കുറിച്ച് കാണിപ്പയ്യൂര്‍ പറയുന്ന വാക്കുകള്‍ ഒരിക്കലും വെറും വാക്കായിട്ടില്ല. അതില്‍ കണക്കിന്റെ കാണാപ്പുറങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്; തലമുറകള്‍ കൈമാറിക്കിട്ടിയ പ്രവചനത്തിന്റെ അജ്ഞാത ശക്തിയുമുണ്ട്.
തടിക്കു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അന്നത്തെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാര്‍ക്ക് കഴിവില്ലായിരുന്നു
വാസ്തുശാസ്ത്രത്തിന്റെ വഴിയിലൂടെ കൃഷ്ണന്‍ നമ്പൂതിരിപ്പാട് യാത്ര തുടങ്ങിയിട്ട് രണ്ടര ദശാബ്ദക്കാലമേ ആകുന്നുള്ളു. എന്നാല്‍ ഇന്ന്, വാസ്തുശാസ്ത്രത്തിന്റെ അവസാന വാക്ക് അദ്ദേഹത്തിന്റേതാണ്. ഈ ശാസ്ത്രത്തിന്റെ പ്രചാരകനായി ലോകമാകമാനം യാത്ര ചെയ്യുന്ന കാണിപ്പയ്യൂര്‍, അറിയപ്പെടുന്നതുതന്നെ 'വാസ്തുശാസ്ത്രത്തിന്റെ അംബാസിഡര്‍' എന്നാണ്.
കാണിപ്പയ്യൂര്‍ മനയില്‍ വാസ്തുശാസ്ത്രത്തിന്റെ കണക്കുകള്‍ കുറിച്ചുതുടങ്ങിയിട്ട് എത്ര കാലമായെന്ന് ആര്‍ക്കും തിട്ടമില്ല. കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മയില്‍ മുത്തച്ഛനായ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് ഇത് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. കൊച്ചിരാജ്യത്തും തിരുവിതാംകൂര്‍ രാജ്യത്തും വാസ്തുവിദ്യാപരമായ ജോലികളുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ വന്നതോടെ 'പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്‌മെന്റ്' (പി.ഡബ്ല്യു.ഡി) എന്നൊരു വകുപ്പ് സൃഷ്ടിച്ച്, പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവരുടെ ജോലികള്‍ ഇതിനു കീഴിലാക്കി. എന്നാല്‍, ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് അദ്ദേഹത്തിന്റെ അനുജനായ ദാമോദരന്‍ നമ്പൂതിരിപ്പാട് ഈ ചുമതല ഏറ്റെടുത്തു. അക്കാലത്താണ് തൃപ്പൂണിത്തുറ ക്ഷേത്രം കത്തിനശിക്കുന്നത്. ഇത് പുതുക്കിപ്പണിയാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം ദാമോദരന്‍ നമ്പൂതിരിപ്പാട് ആ വെല്ലുവിളി സ്വീകരിച്ചു. തച്ചുശാസ്ത്രത്തിന്റേയും വാസ്തുവിദ്യയുടെയും പരമ്പരാഗതമായ ശൈലിയില്‍ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ടാണ് ദാമോദരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം പുതുക്കിപ്പണിതത്. തടിവച്ച് നിര്‍മ്മിച്ചിരുന്ന തൂണുകള്‍ക്കും കഴുക്കോലുകള്‍ക്കും പകരം കോണ്‍ക്രീറ്റ് തൂണുകളും കഴുക്കോലുകളുമാണ് ഉപയോഗിച്ചത്. അതിനുമേല്‍ ചെമ്പുപലക തറച്ചു. ഇനി ഒരിക്കലും ഈ ക്ഷേത്രത്തിന് അഗ്‌നിബാധ ഉണ്ടാകരുത് എന്ന നിര്‍ബന്ധത്തോടെയാണ് അങ്ങനെ ചെയ്തത്. തടിക്കു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അന്നത്തെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാര്‍ക്ക് കഴിവില്ലായിരുന്നു. ദാമോദരന്‍ നമ്പൂതിരിപ്പാടിനുശേഷം മറ്റൊരു സഹോദരനായ ശങ്കരന്‍ നമ്പൂതിരിപ്പാട് വാസ്തുവിദ്യയില്‍ ശ്രദ്ധ ചെലുത്തി.
മന്ത്രങ്ങള്‍ വിറ്റ് കാശാക്കുകയാണെന്ന ആരോപണം വരെ ഉയര്‍ന്നു. എന്നാല്‍, അന്ന് അവര്‍ അത് ചെയ്തതുകൊണ്ടാണ് താളിയോലകളില്‍ ദ്രവിച്ച് നശിക്കുമായിരുന്ന പല മന്ത്രങ്ങളും ഇന്ന് നമുക്ക് കിട്ടുന്നത്.
പരമ്പരാഗതശൈലികള്‍ക്കും ചിട്ടകള്‍ക്കും മാറ്റം വരുത്താനുള്ള വലിയ മനസ്സ് ശങ്കരന്‍ നമ്പൂതിരിപ്പാടിനുണ്ടായിരുന്നു. അദ്ദേഹവും മുത്തച്ഛനായ ദാമോദരന്‍ നമ്പൂതിരിപ്പാടും ചേര്‍ന്നാണ് പഞ്ചാംഗം അച്ചടിച്ചു പ്രസിദ്ധീകരിക്കുക എന്ന ആശയത്തിന് തുടക്കമിടുന്നത് (1084ല്‍). അതോടൊപ്പം പൂജാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഗ്രന്ഥവും അവര്‍ പ്രസിദ്ധീകരിച്ചു. ഇത് നമ്പൂതിരി സമുദായത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. മന്ത്രങ്ങള്‍ വിറ്റ് കാശാക്കുകയാണെന്ന ആരോപണം വരെ ഉയര്‍ന്നു. എന്നാല്‍, അന്ന് അവര്‍ അത് ചെയ്തതുകൊണ്ടാണ് താളിയോലകളില്‍ ദ്രവിച്ച് നശിക്കുമായിരുന്ന പല മന്ത്രങ്ങളും ഇന്ന് നമുക്ക് കിട്ടുന്നത്. കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും (അദ്ദേഹത്തിന്റെ പേരും അങ്ങനെ തന്നെ) ഇത് തുടര്‍ന്നു വന്നെങ്കിലും, അദ്ദേഹം അധികകാലം ജീവിച്ചിരുന്നില്ല.
പിന്നീടുവന്ന തലമുറയിലെ പലരും പലവഴിക്ക് തിരിഞ്ഞുപോയി. അക്കൂട്ടത്തില്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും കോളേജ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു. 1965-ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ കാണിപ്പയ്യൂര്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന് 85 വയസ്സോളമുണ്ട്. അദ്ദേഹം അവിവാഹിതനുമായിരുന്നു. പാരമ്പര്യമായി തച്ചുശാസ്ത്രവും വാസ്തുവിദ്യയും തുടര്‍ന്നുകൊണ്ടുപോകാന്‍ ആരുമില്ലാത്ത സ്ഥിതിയായി. അതുകൊണ്ട് ഈ ചുമതല ഏറ്റെടുക്കണമെന്ന് അദ്ദേഹം കൃഷ്ണന്‍ നമ്പൂതിരിപ്പാടിനോട് ആവശ്യപ്പെട്ടു. അങ്ങനെ അവിചാരിതമായി കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഈ രംഗത്തെത്തി. ഒന്നുരണ്ടു വര്‍ഷം ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്യമായി സഹായിച്ചു. പിന്നീട് സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി.
''തെക്കു കിഴക്കാണോ വടക്കുകിഴക്കാണോ നല്ലതെന്ന് ചോദിച്ചാല്‍ എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല.
ഇന്ന് വാസ്തുവിദ്യയുടെ കണക്കുകളുമായി കാണിപ്പയ്യൂര്‍ ലോകം ചുറ്റുകയാണ്. കുന്നംകുളത്തുള്ള കാണിപ്പയ്യൂര്‍ മനയിലെത്തുന്ന അപൂര്‍വ്വം ദിവസങ്ങളില്‍, അവിടെ അദ്ദേഹത്തെ കാണാനും ഉപദേശങ്ങള്‍ തേടാനുമായി ഉത്സവത്തിന്റെ തിരക്കാണ്. ഹോളണ്ട് ആസ്ഥാനമായുള്ള മഹര്‍ഷി മഹേഷ്യോഗി ഫൗണ്ടേഷനിലെ പ്രധാന വാസ്തുവിദ്യാ ഉപദേഷ്ടാവു കൂടിയാണ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്. വാസ്തുവിദ്യയുടെ പുരോഗതിക്കായി, മഹര്‍ഷി പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഇപ്പോള്‍ 12 ഭൂഖണ്ഡങ്ങളിലും ഓരോ ശിവക്ഷേത്രം പണിയുവാനുള്ള പദ്ധതി ഈ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. 360 ഡിഗ്രിയുള്ള ഭൂമിയെ, പന്ത്രണ്ട് ആയി പകുത്ത് ഓരോ മുപ്പതു ഡിഗ്രിയിലും ക്ഷേത്രം പണിയുവാനാണ് പദ്ധതി. ലോകനന്മയ്ക്കായി ഭൂമിയില്‍ എല്ലാസമയത്തും രുദ്രാഭിഷേകം നടക്കണം എന്ന തത്വത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ക്ഷേത്രം പണിയുന്നത്. ഒരു ഭൂഖണ്ഡക്ഷേത്രത്തിലെ രുദ്രാഭിഷേകം കഴിയുന്ന ഉടന്‍തന്നെ അടുത്ത ഭൂഖണ്ഡക്ഷേത്രത്തില്‍ അഭിഷേകം തുടങ്ങും. അങ്ങനെ തുടര്‍ച്ചയായി, ലോകത്തില്‍ എല്ലാ സമയത്തും എല്ലാ ഭൂഖണ്ഡങ്ങളിലും രുദ്രാഭിഷേകം നടത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിക്കായി, പന്ത്രണ്ട് ഭൂഖണ്ഡങ്ങളിലും ക്ഷേത്രത്തിന്റെ സ്ഥാനം കാണല്‍, നിര്‍മ്മാണം എന്നിവയുടെ പ്രധാന ചുമതല കൃഷ്ണന്‍ നമ്പൂതിരിപ്പാടിനാണ്.
മഹര്‍ഷി മഹേഷ്യോഗി, തന്റെ വ്യക്തിപരമായ വാസ്തുവിദ്യാസംശയങ്ങള്‍ക്കു വരെ സമീപിക്കുന്നത് കാണിപ്പയ്യൂരിനെയാണ്. അദ്ദേഹത്തിന്റെ ആശ്രമത്തിന്റെ പ്രവേശനദ്വാരം തെക്കുകിഴക്കേ കോണിലായിരുന്നു. ഒരിക്കല്‍ മഹര്‍ഷിയെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു: ''തെക്കു കിഴക്കായുള്ള ദര്‍ശനം നല്ലതല്ല. വടക്കുകിഴക്കാണ് നന്ന്.'' പിന്നീട് കാണിപ്പയ്യൂര്‍ അവിടെച്ചെന്നപ്പോള്‍ മഹര്‍ഷി, ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിദഗ്ദ്ധാഭിപ്രായം ആരാഞ്ഞു. അപ്പോള്‍ കാണിപ്പയ്യൂര്‍ പറഞ്ഞു: ''തെക്കു കിഴക്കാണോ വടക്കുകിഴക്കാണോ നല്ലതെന്ന് ചോദിച്ചാല്‍ എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. കാരണം, ഞങ്ങളുടെ ശാസ്ത്രമനുസരിച്ച് കോണുകളിലേക്കുള്ള ദര്‍ശനങ്ങളുടെ ഫലം ഇപ്രകാരമാണ്- തെക്കുകിഴക്കായാല്‍ ഭയം, തെക്കുപടിഞ്ഞാറായാല്‍ കലഹം, വടക്കുപടിഞ്ഞാറായാല്‍ ചാപല്യം, വടക്ക്കിഴക്കായാല്‍ കുലനാശം. ഇതില്‍ ഭയത്തേക്കാള്‍ നല്ലത് കുലനാശമാണെന്നും കുലനാശത്തേക്കാള്‍ ഭേദം കലഹമാണെന്നും എനിക്ക് അഭിപ്രായമില്ല. ഇതില്‍ വേണ്ടത് എന്താണെന്ന് അങ്ങേയ്ക്കു തന്നെ തിരഞ്ഞെടുക്കാം. ഈ ഫലങ്ങള്‍ ഒഴിവാക്കണമെന്നുണ്ടെങ്കില്‍, ആശ്രമത്തിന്റെ ദര്‍ശനം ഏതെങ്കിലും ദിക്കിലേക്ക് (വശത്തേക്ക്) മാറ്റണം.
''ഇതുകേട്ട മഹര്‍ഷി, ഉടന്‍തന്നെ ആ കെട്ടിടം പൊളിക്കാനുള്ള തീരുമാനം എടുക്കുകയും താമസിയാതെ പൊളിക്കുകയും ചെയ്തു. ഒരു കെട്ടിടത്തിന്റെ പ്രവേശനദ്വാരം കോണുകളില്‍ വന്നാല്‍ ഉണ്ടാകാവുന്ന ദോഷത്തിന് കാണിപ്പയ്യൂര്‍ നല്‍കുന്ന വിശദീകരണം ഇതാണ്: ''ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി വേണം ഭൂമിയിലെ നിര്‍മ്മിതികളുടെ സ്ഥാനവും. അല്ലെങ്കില്‍ നേരെ സഞ്ചരിക്കുന്ന സ്‌കൂട്ടറില്‍ വശത്തേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്നതുപോലെയുള്ള അസൗകര്യങ്ങള്‍ ഉണ്ടാകും.''
വാസ്തുശാസ്ത്രത്തിന്റെ ശാസ്ത്രീയ അടിത്തറയ്ക്ക് മാറ്റം വരാതെയുള്ള പരിഷ്‌കാരങ്ങളെ അംഗീകരിക്കാന്‍ കാണിപ്പയ്യൂരിനു മടിയില്ല
കേരളത്തിലെ പുരാവസ്തു ഗവേഷണവകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ (ആറന്മുള) ഡീന്‍ കൂടിയാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. ലോകം ചുറ്റുന്ന തിരക്കിനിടയിലും ആറന്മുളയിലെത്തി, വാസ്തുവിദ്യാഗുരുകുലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാസ്തുവിദ്യയുടെ പൊരുളുകള്‍ പകര്‍ന്നു നല്‍കുവാന്‍ കാണിപ്പയ്യൂര്‍ മറക്കാറില്ല. ''തിരുമേനിയുടെ അപാരമായ ഓര്‍മ്മശക്തിയും ഒറ്റനോട്ടത്തില്‍ കണക്കുകള്‍ മനസ്സിലാക്കുവാനുള്ള കഴിവും ഞങ്ങളെ എന്നും അത്ഭുതപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ഞങ്ങള്‍ക്ക് അനുഗ്രഹമാണ്.'' വാസ്തുവിദ്യാ ഗുരുകുലത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എന്‍. സുരേഷ് പറയുന്നു. ക്ഷേത്രങ്ങള്‍, വീടുകള്‍ എന്നിവയുടെ പ്ലാനും സ്‌കെച്ചും തയ്യാറാക്കുന്നതിനായി ഗുരുകുലത്തിലെത്തുന്ന അപേക്ഷകള്‍ പരിശോധിക്കുന്നത് കാണിപ്പയ്യൂരിന്റെ നേതൃത്വത്തിലുള്ള കണ്‍സള്‍ട്ടിംഗ് വിംഗാണ്.
തന്റെ മുന്‍ഗാമികളെപ്പോലെ വാസ്തുശാസ്ത്രത്തിന്റെ ശാസ്ത്രീയ അടിത്തറയ്ക്ക് മാറ്റം വരാതെയുള്ള പരിഷ്‌കാരങ്ങളെ അംഗീകരിക്കാന്‍ കാണിപ്പയ്യൂരിനു മടിയില്ല. സ്വന്തം വീടിന്റെ നിര്‍മ്മാണം തന്നെയാണ് ഇതിനുള്ള ദൃഷ്ടാന്തം. മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് വച്ചുള്ള കഴുക്കോല്‍ ഉറപ്പിച്ചിട്ട് അതിനുമേല്‍ ഓട് പാകിയിരിക്കുകയാണ്. ഇതുമൂലം വെള്ളം ഒരു കാരണവശാലും കോണ്‍ക്രീറ്റില്‍ വീഴില്ല. വെള്ളം വീഴാതിരുന്നാല്‍, കോണ്‍ക്രീറ്റ് തടിയെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. മുകളില്‍ ഓടായതുകൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് മുറിക്കുള്ളില്‍ ചൂടും കുറവായിരിക്കും. വാസ്തുശാസ്ത്രത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കെട്ടുറപ്പുള്ള വന്‍ ഫ്‌ലാറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ പറ്റുമെന്നു കാണിപ്പയ്യൂര്‍ തെളിയിച്ചിട്ടുണ്ട്.
വാസ്തുശാസ്ത്രത്തിലെ എല്ലാ നിയമങ്ങള്‍ക്കും ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന ചോദ്യത്തിന് 'മിക്കതിനും' എന്ന ഉത്തരമാണ് കാണിപ്പയ്യൂര്‍ നല്‍കുന്നത്. ''മുന്‍തലമുറകള്‍ കണ്ടുപിടിച്ചിരുന്ന വിശദീകരണങ്ങള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്നുകിട്ടാതെ വന്നിട്ടുണ്ടാകാം അതുകൊണ്ട് അവയെ നമ്മള്‍ പാടെ അവഗണിക്കരുത്. 'നിമിത്തം' പോലെയുള്ളവയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ക്ക് ഒരു ചെറിയ കാലയളവിലേക്കു മാത്രമേ ഫലമുണ്ടാകൂ എന്നാണ് കാണിപ്പയ്യൂരിന്റെ മതം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തിപരമായ അനുഭവവുമുണ്ട്. ഒരു ബന്ധുവിന്റെ ഭാര്യ, പ്രസവശേഷം, ആശുപത്രിയില്‍നിന്ന് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍, കാണിപ്പയ്യൂരിന്റെ വല്യച്ഛന്‍ പറഞ്ഞു: ''ഇന്നു കൊണ്ടുപോകണമോ? ഇന്നു കൊണ്ടുപോകണമെന്നു വച്ചാ, ഇല്ലമൊക്കെ മാറ്റിപ്പണിയേണ്ടിവരും'' എന്നാല്‍, അന്നുതന്നെ കുട്ടിയേയുംകൊണ്ട് ഇല്ലത്തേക്ക് പോകേണ്ടിവന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴുണ്ട് വില്ലേജുകാര്‍ ചങ്ങലയുമായി എത്തിയിരിക്കുന്നു. അവര്‍, തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വേ ലൈനിനുവേണ്ടി ഇല്ലത്തിന്റെ മദ്ധ്യത്തിലൂടെ കുറ്റിയടിച്ചു. ഭാഗ്യംകൊണ്ട് പിന്നീട് ആ ലൈന്‍, വീടിന് അല്പം അകലെയായി ഒരു വശത്തുകൂടെ പോകാന്‍ തീരുമാനമായി. അതായത് നിമിത്തങ്ങളുടെ ചില ഫലങ്ങള്‍ കാണിക്കും. പിന്നീടത് പൂര്‍ണ്ണമായി മാറാമെന്നും വരാം.
ഒരു വലിയ പാരമ്പര്യത്തിന്റേയും ഒരു വലിയ അറിവിന്റേയും ദീപയഷ്ടി ഏന്തുമ്പോഴും കാണിപ്പയ്യൂര്‍ പറയും ''എല്ലാം അന്നംകുളങ്ങര ദേവിയുടെ കടാക്ഷം.'' തലചായ്ക്കാനൊരിടം തേടിയുള്ള മനുഷ്യപുത്രന്റെ സമീക്ഷകള്‍ക്ക്, ദേവിയെ സാക്ഷിനിര്‍ത്തിയുള്ള കാണിപ്പയ്യൂരിന്റെ വാക്കുകള്‍ മനംനിറയ്ക്കുന്ന സാഫല്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates