നെടുമ്പറമ്പ് ഇല്ലം  recreated using AI image generator
Archives

അവസാനത്തെ സ്മാര്‍ത്തവിചാരത്തിന്റെ കഥ - അദ്ധ്യായം നാല്

1998 മേയ് 1 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

എഎംഎന്‍ ചാക്യാര്‍

അമ്മയുടെ പ്രസവകാലമടുക്കുകയായിരുന്നു. പഴയപോലെ ഓടിനടന്ന് ഒന്നും ചെയ്തുകൂടാ. കൂടെയെപ്പോഴും ഒരു സ്ത്രീയുണ്ടാകും. അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍. ഞങ്ങള്‍ക്ക് അമ്മയെ കാണാന്‍തന്നെ കിട്ടാതായി.

പര്‍വ്വതിയും അമ്മുക്കുട്ടിയും വരിക്കമാവുകള്‍ക്കിടയില്‍ എന്തോ തിരഞ്ഞുനടക്കുന്നു. രണ്ടു പെണ്‍കുട്ടികളുടെ നിഴല്‍വീണ സന്തോഷത്തിലാണ് പുറംപറമ്പ്. ഇടയ്ക്ക് കൂട്ടിമുട്ടിയും ഒരു വലിയ ഉരല്‍ പോലെ ചന്തംവച്ചും അവിടെ നിഴലുകള്‍ നീണ്ടുകളിക്കുന്നു. അവരിപ്പോള്‍ നങ്ങ്യാര്‍കുട്ടികളാണ്. നെടുമ്പറമ്പില്ലത്തെ പഴയ പ്രജകളല്ല.

അച്ഛന്‍വീട്

രാമന്‍ അപ്ഫനും വാസുദേവന്‍ അപ്ഫനും ഒരു നാലുകെട്ട് നോക്കിവച്ചിട്ടുണ്ട്. വ്യവഹാരക്രമങ്ങള്‍ കഴിയുംവരെ കുട്ടികള്‍ തങ്ങള്‍ക്കൊപ്പം കഴിയട്ടെ എന്ന് അവര്‍ നിശ്ചയിച്ചു. അച്ഛന്‍വീടെന്നാണ് അപ്ഫന്‍മാരുടെ വസതിയെ പറഞ്ഞിരുന്നത്. ഞാനും അനുജത്തിമാരും അങ്ങോട്ട് താമസം മാറ്റി.

രാമന്‍ അപ്ഫന്റെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മയ്ക്ക് ഞങ്ങളോട് വാത്സല്യമായിരുന്നു. ഭൂമിയില്‍ പെട്ടെന്ന് അനാഥരായ ദൗര്‍ഭാഗ്യത്രയങ്ങളെ അവര്‍ കരുണയോടെ പരിപാലിച്ചു. എന്റെ കാര്യം നോക്കാന്‍ ആളു വേണ്ടാ. ജീവിതം അത്രയ്ക്ക് പാകത തന്നിരിക്കുന്നു, തുടക്കത്തിലേ. ഇളയ പെങ്ങളുടെ കാര്യം അങ്ങനല്ലല്ലോ. അവരെ ശ്രദ്ധിച്ചോളൂ വല്ല്യമ്മേ.

ഒരു ചാക്യാര്‍

ഒരു ദിവസം ഇല്ലത്തേക്ക് ഒരു ചാക്യാര്‍ വന്നു. മദ്ധ്യവയസ്‌കന്‍. ഞാന്‍ അയാള്‍ക്കൊപ്പം പോകണം. തലപ്പത്തുള്ളവരുടെ നിര്‍ദ്ദേശമാണ്. ധിക്കരിക്കാന്‍ പാടില്ല.

ഭ്രഷ്ടാക്കലും കുടിയൊഴിക്കലുമൊക്കെ കഴിഞ്ഞിട്ടും വിട്ടുമാറുന്നില്ല സമുദായബുദ്ധിക്ക് ഞങ്ങളോടുള്ള അനിഷ്ടം. ഇപ്പോള്‍ പുതിയൊരു കൂട്ടമാണ് പദ്ധതി. എനിക്കു ചിരി വന്നു. പുറത്ത് ചാക്യാര്‍ നിന്നു വിളിച്ചു. ഇറങ്ങിക്കോളൂ. വൈകിക്കണ്ട. ആ ക്ഷണം സമക്ഷത്തു നാണം കെടുത്താനാണ്. ആയിക്കൊള്ളട്ടെ. ഞാന്‍ അയാള്‍ക്കൊപ്പം നടന്നു.

പേരുമാറ്റവും കുടിയൊഴിക്കലും കൊണ്ടു കഴിഞ്ഞില്ല. ആടണം. അരങ്ങുനിറഞ്ഞു കൂത്താടണം. അപ്പോഴേ നമ്പൂരിത്തം മാറി തനി ചാക്യാരാകൂ

ചാക്യാരുടെ കൈയില്‍ ഒരു ചമയപ്പെട്ടിയുണ്ട്. പുറവഴിയില്‍ വലിയ മിഴാവു പിടിച്ച് ഏതോ നങ്ങ്യാരുകുട്ടി നില്‍ക്കുന്നു. എവിടെയും കണ്ട പരിചയമില്ല രണ്ടാളെയും. ഞാന്‍ ചോദിച്ചു നമ്മള്‍ എവിടേയ്ക്കാണ്? അവര്‍ ഒന്നും മിണ്ടിയില്ല. കവുങ്ങുകള്‍ക്കിടയിലൂടെ ചെമ്പുനിറം തിളക്കിക്കൊണ്ട് പോകുന്ന ചമയപ്പെട്ടിയും മിഴാവും പറഞ്ഞു, ഏരൂരെ മുതുകുളങ്ങര അമ്പലത്തിലേയ്ക്ക്.

തെക്കുപുറത്തെ വലിയമ്പലം

വലിയമ്പലത്തില്‍ നിലവിളക്കു കൊളുത്തിവച്ചിട്ടുണ്ട്. അവിടെ ഒരു ചുവന്ന പട്ടും ചുറ്റി നില്‍ക്കുകയാണ് ഞാന്‍. ഒരുക്കക്കാര്‍ മുഖത്തു ചായം തേയ്ക്കുന്നു. കിരീടം വയ്ക്കുന്നു. കറുപ്പും വെളുപ്പും പടര്‍ന്ന മുഖത്ത് ഒരു വരയന്‍ കുതിര മേഞ്ഞുനടപ്പാണെന്നു തോന്നി. ഇനി നിര്‍ദ്ദേശം വരും. നിലവിളക്കിനു മുന്‍പില്‍ കൂപ്പി സ്തുതിച്ച്, അനിഷ്ടം കൂടാതെ ആട്ടം തുടങ്ങിക്കോളാന്‍.

അതിന് ആടാന്‍ എനിക്ക് അറിയില്ലല്ലോ ഈശ്വരന്മാരേ.

അതു പറഞ്ഞിട്ട് കാര്യമില്ല. ഇത് നീ അനുഭവിക്കേണ്ട വിഹിതമാണ്. അല്ലെങ്കില്‍ പോയി അച്ഛനെ വിളിച്ചുകൊണ്ടുവാ. അതു പറ്റില്ലല്ലോ. അപ്പോ മുഖം കറുക്കാതെ തുടങ്ങിക്കോളൂ. എന്നാലേ പൂര്‍ണ്ണമാവൂ. പേരുമാറ്റവും കുടിയൊഴിക്കലും കൊണ്ടു കഴിഞ്ഞില്ല. ആടണം. അരങ്ങുനിറഞ്ഞു കൂത്താടണം. അപ്പോഴേ നമ്പൂരിത്തം മാറി തനി ചാക്യാരാകൂ.

മിഴാവു മുഴങ്ങി. ധിങ് - ധാം- ധിങ്.

വലത്തേയ്ക്കും ഇടത്തേയ്ക്കും താളത്തിനൊപ്പിച്ച് നീങ്ങി അപഹാസ്യതയോടെ ഞാന്‍ ചുവടുവച്ചു. വലിയമ്പലം നിറയെ കാഴ്ചക്കാരാണെന്നു തോന്നി. എല്ലാവരും കൈകൊട്ടിയാര്‍ക്കുകയാണ്. ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പൂര്‍ണ്ണത്രയീശാ രക്ഷിക്കണേ.

എഎംഎന്‍ ചാക്യാര്‍

ഒടുക്കം അധൈര്യത്തോടെ ഞാന്‍ കണ്ണുതുറന്നപ്പോള്‍ വലിയമ്പലത്തിന്റെ ഉറങ്ങുന്ന ആനവയറിനുള്ളില്‍ കാക്കകളുടെ കരച്ചിലും ശൂന്യതയും മാത്രം. കാഴ്ചപ്പുരയില്‍ ഒരാള്‍ ഇരിപ്പുണ്ട് ദൂരത്തായി. രാമന്‍ അപ്ഫന്റെ അനന്തരവന്‍. ചടങ്ങുകളുടെ മേല്‍നോട്ടത്തിന് വന്നതാണ്. ഞാന്‍ അനുസരിക്കുന്നുണ്ടോ എന്നറിയാനും.

സ്‌കൂള്‍

അച്ഛന്‍വീട്ടിലെ താമസിത്തിനിടയില്‍ രാമന്‍ അപ്ഫന്‍ എനിക്കൊരു വാദ്ധ്യാരെ കണ്ടുപിടിച്ചു. വെങ്കിട്ടരാമ അയ്യര്‍. അദ്ദേഹം കണക്കും ഇംഗ്ലീഷും പഠിപ്പിക്കും. സമര്‍ത്ഥന്‍. അങ്ങനെ മുടങ്ങിക്കിടന്ന പഠനത്തിലേക്കും പുസ്തകങ്ങളിലേക്കും ഞാന്‍ തിരിച്ചുപോയി. ആ മാര്‍ച്ചുമാസത്തെ വാര്‍ഷിക പരീക്ഷയില്‍ ഒരു പ്രൈവറ്റ് വിദ്യാര്‍ത്ഥിയായി മൂന്നാം ക്ലാസ്സ് പരീക്ഷയെഴുതി. അടുത്തകൊല്ലം ബോയ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി.

സ്‌കൂള്‍ എനിക്കൊരു പുതിയ ലോകം തുറന്നുതന്നു. ഒരുപാടു കൂട്ടുകാര്‍. നീണ്ട ഇടനാഴികള്‍. പഠനമുറികള്‍, കളിസ്ഥലങ്ങള്‍ - ഞാനവിടെ സ്വതന്ത്രനായി അലഞ്ഞു.

വിചാരണയില്‍ താത്രി പറഞ്ഞത് അറുപത്തിയാറു പുരുഷനാമങ്ങളാണ്. ഒടുവില്‍ സ്മാര്‍ത്തന്‍ പറഞ്ഞു, നിര്‍ത്താന്‍

ഇടയ്‌ക്കൊക്കെ ചങ്ങാതിമാര്‍ ചോദിച്ചു അച്ഛനെയും കുടുംബവീടിനെയുംപറ്റി. ഒരുപിടി ഓര്‍മ്മകള്‍ തെളിയുകയാണ് മനസ്സില്‍. വേണ്ട. ഞാന്‍ ഒഴിഞ്ഞുകളഞ്ഞു. ക്ലാസ്സ് കഴിഞ്ഞ് മടങ്ങുംവഴിയില്‍ വേദനയോടെ സ്വയം ചോദിച്ചു. എന്താണു പറയേണ്ടത്. നെടുമ്പറമ്പില്ലത്തെ പ്രജയെന്നോ. അതിന് അവിടെ എനിക്കിനി ആരുണ്ട്? അയിനിയില്‍ മുരിങ്ങോത്ത് നീലകണ്ഠ ചാക്യാരെന്നു പറയട്ടേ. അതോ ഏരൂരെ മുതുകുളങ്ങര അമ്പലത്തില്‍ വേഷം കെട്ടി കൂത്താടിയവനെന്നോ? നാളുകള്‍ കഴിഞ്ഞപ്പോള്‍ ആരും പഴയ ചോദ്യം ആവര്‍ത്തിച്ചില്ല. ഭാഗ്യം.

നാലുകെട്ട്

നെടുമ്പറമ്പില്ലത്തോടു ചേര്‍ന്നായിരുന്നു അപ്ഫന്മാര്‍ കണ്ടുപിടിച്ച നാലുകെട്ടിന്റെ നില്‍പ്പ്. മുളംകൊമ്പിന്റെ ചീന്തുകൊണ്ട് അതിര്‍ത്തി കെട്ടിയിരിക്കുന്നു. അതിനോടു ചേര്‍ന്ന് നിറയെ മരങ്ങളും. ഞങ്ങള്‍ അവിടെ താമസിച്ചുതുടങ്ങി. ഇല്ലത്തോടു ചേര്‍ന്നുനിന്നതുകൊണ്ട് അമ്മ എപ്പോഴും അവിടേയ്ക്കു വരുമായിരുന്നു. ഒരു വയസ്സുകാരന്‍ കുഞ്ഞിനെ നോക്കി ലക്ഷ്മി ആയ ആ സമയം നെടുമ്പറമ്പില്ലത്തെ ഏതെങ്കിലും മരത്തണലിലിരിക്കും.

ഒരുപാടു കാലം കടന്നുപോയില്ല. പിന്നീട് തരമാകുമ്പോഴൊക്കെ നാലുകെട്ടില്‍ വന്ന അമ്മയും തണലിലിരുന്ന് ദിവാസ്വപ്നം കണ്ട ലക്ഷ്മി ആയയുമൊക്കെ തിരക്കിട്ട് കടന്നുപോയി. വാര്‍ദ്ധക്യത്തിന്റെ അതിഹൃദ്യ സൗന്ദര്യത്തില്‍ മുഴുകി ഞാനിപ്പോഴും മുല്ലപ്പൂവുപോലെ ബാക്കിനില്‍ക്കുന്നു ഇനിയും ഇറുന്നുവീഴാതെ.

പഴയ കഥകള്‍

ഇടയ്‌ക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. നെടുമ്പറമ്പില്ലത്ത് ഭൂകമ്പം സൃഷ്ടിച്ച ആ താത്രി ഇപ്പോള്‍ എവിടെയായിരിക്കുമെന്ന്. ഭ്രഷ്ട് കല്പിക്കപ്പെട്ടാല്‍ പിന്നെ ഉടുതുണി വരെ കീറും അന്തര്‍ജനങ്ങളുടെ. പനയോല കൊണ്ടു നെയ്ത മറക്കുട വലിച്ചെറിഞ്ഞ് ബന്ധുക്കളെക്കൊണ്ട് പിണ്ഡം കമഴ്ത്തിച്ച് പടിപ്പുര ആഞ്ഞടയ്ക്കും, പുറത്താക്കി. പണ്ടു കുറിയേടത്തു താത്രിയെ ചെയ്തതും ഇങ്ങനൊക്കെ തന്നെയായിരുന്നു. വിചാരണയില്‍ താത്രി പറഞ്ഞത് അറുപത്തിയാറു പുരുഷനാമങ്ങളാണ്. ഒടുവില്‍ സ്മാര്‍ത്തന്‍ പറഞ്ഞു, നിര്‍ത്താന്‍.

അങ്ങനെ ഒരുപിടി സംഭവങ്ങളുണ്ട് നമ്പൂതിരി കുടുംബങ്ങളെ വിറപ്പിച്ചതായി. ഒടുക്കമൊടുക്കം ഇതൊരു സ്ഥിരം കഥയായി. തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതിക്കാരെത്തും വിചാരണ ആവശ്യപ്പെട്ട്. പലര്‍ക്കും വിരോധം തീര്‍ക്കലോ കണ്ട് ആസ്വദിക്കാനുള്ള വിനോദമോ ആയി അന്തര്‍ജനങ്ങളുടെ ക്രമംവിട്ട പേക്കൂത്തുകള്‍. ആയിടയ്ക്കാണ് കൊച്ചി രാജാവ് ഒരു നിയമം പുറപ്പെടുവിച്ചത്. ഇനിമേല്‍ വിചാരണയ്ക്കു ആവശ്യക്കാര്‍ തന്നെ പതിനായിരം ഉറുപ്പിക ഈടായി മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്ന്. പിന്നീട് ആരെയും ആ വഴിക്ക് കണ്ടില്ല. അതോടെ സ്മാര്‍ത്തനെ വരുത്തണമെന്ന പുകില്‍വിളിക്ക് ആക്കം കുറഞ്ഞു.

നെടുമ്പറമ്പ് ഇല്ലം

ശരിക്കും പറഞ്ഞാല്‍ ഈ പശ്ചാത്തലത്തിലാണ് ഞങ്ങളുടെ ഇല്ലത്തെ ബാധിച്ച സംഭവവും നടക്കുന്നത്. അന്ന് വിഷ്ണു നമ്പൂതിരി കൊച്ചി രാജാവിനെ മുഖം കാണിച്ച് മേല്‍നടപടിക്ക് അഭ്യര്‍ത്ഥിച്ചല്ലോ. സ്വന്തം മൂക്കിന് കീഴില്‍ ഒരാഭിചാരം നടന്നതിന്റെ പൊറുതികേടിലാണ് അയാളുടെ പരാതിക്കുമേല്‍ രാജാവ് ഈടുപണം പോലും ആവശ്യപ്പെടാതെ സ്മാര്‍ത്തവിചാരത്തിനു കല്പന പുറപ്പെടുവിച്ചത്. അതിന്റെ ഒടുക്കം ഇങ്ങനൊക്കെയായിരുന്നു. കുറിയേടത്ത് താത്രി ചാലക്കുടിയാറിന്റെ തീരത്തെവിടെയോ അപ്രത്യക്ഷയായപോലെ ഇളമ്പക്കോടത്തില്ലത്തെ താത്രിയും എവിടെയെങ്കിലും പോയിട്ടുണ്ടാകണം.

വനം

അസന്മാര്‍ഗക്രിയകളുടെ കേളികൊട്ടലായിരുന്നു ഈ നൂറ്റാണ്ടിന്റെ ആദ്യപാതത്തില്‍ നമ്പൂതിരി സമുദായത്തില്‍ മുഴങ്ങിക്കേട്ടത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അന്തര്‍ജനങ്ങളുടെ ലൈംഗികാശുദ്ധിയെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കായി. ഇതില്‍ ദൈന്യത കൊണ്ടു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു മലബാറില്‍ നടന്ന ഒരു സ്മാര്‍ത്തവിചാരം.

ചെറുവത്തൂര്‍ പരമേശ്വരന്‍ നമ്പൂതിരി എന്നൊരാളുടെ അവിവാഹിതയായ പുത്രിയാണ് വിചാരണയ്ക്കു വിധേയയായത്. സ്വന്തം സഹോദരനുള്‍പ്പെടെ പലരുടെയും പേര്‍ പെണ്‍കുട്ടി വിളിച്ചുപറഞ്ഞു. ആ കുട്ടികള്‍ കുടുംബഭ്രഷ്ടരുമായി. അവളുടെ സഹോദരന്‍ ചൊടിയുള്ള കൂട്ടത്തിലായിരുന്നു. അയാള്‍ പുറംദേശത്തെവിടെയോ സഞ്ചരിച്ച് പഠനവും ജോലിയും സമ്പാദിച്ചു. പെണ്‍കുട്ടിയാകട്ടെ അധീരയും പരിത്യക്തിയുമായി ജീവനോപായങ്ങളില്ലാതെ ചുറ്റുവട്ടത്തൊക്കെ അലഞ്ഞുതിരിഞ്ഞു.

ഇല്ലത്തിന്റെ പടിവാതില്‍ക്കല്‍ അവള്‍ ഇടയ്ക്കിടെ വരും ആഹാരത്തിന്. അച്ഛന്‍ നമ്പൂതിരി ഇല്ലാത്ത നേരം നോക്കിയാണെങ്കില്‍ അകത്തുള്ളവര്‍ എന്തെങ്കിലും കൊടുക്കുകയും ചെയ്യും. ആ വരവ് തുടര്‍ച്ചയായപ്പോള്‍ യാഥാസ്ഥിതികനായ പിതാവ് ചില മുഷ്‌കരന്മാരെ വിളിച്ച് 'മകളു'ടെ ശല്യം തീര്‍ക്കാന്‍ ശട്ടം കെട്ടി.

ഒരു രാത്രി അടുത്തുള്ള പൊന്തക്കാട്ടിലേക്ക് പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി ഈ മുഠാളന്മാര്‍. വനത്തിന്റെ ഗഹതയില്‍ അവളുടെ നിലവിളി കുറേനേരം മുഴങ്ങി. പിന്നീടാരും അവളെ കണ്ടില്ല.

ഈ വിധം പടിക്കുപുറത്ത്, വിശാലമായ ലോകത്തില്‍ അലഞ്ഞ് അസ്തമിക്കുകയോ പൊന്തക്കാടുകളിലോ ജലാശയങ്ങളിലോ വച്ച് ക്രൂരമായി കൊല ചെയ്യപ്പെടുകയോ ചെയ്ത എത്ര ജന്മങ്ങളുണ്ട് ഈ സമുദായത്തില്‍! പക്ഷേ, നിരാധാരരായി തെരുവിലേക്കിറങ്ങിയ അന്തര്‍ജനങ്ങള്‍ ഒരു സൂചനയായിരുന്നു. നിലവിട്ടുള്ള അവരുടെ ചെയ്തികള്‍ ഒരു ഉദ്‌ഘോഷമായിരുന്നു. നമ്പൂരിത്തത്തിനെതിരെ, യാഥാസ്ഥിതികവും നൃശംസവുമായ അതിന്റെ നീതിസംഹിതകള്‍ക്കെതിരെ വീശിയടിച്ച പ്രചണ്ഡവാതം. കടപുഴകി വീണുപോയി പെണ്‍പ്രതിഷേധത്താല്‍ ആ സമുദായം.

വാര്‍ദ്ധക്യത്തിലും, ഇളമപ്രായം വിടാത്ത കുഞ്ഞിക്കാവിനെ വേട്ടുകൊണ്ടുവന്ന് ഗൃഹത്തിന്റെ ഇരുളിലേക്ക് തള്ളിയിട്ട വൃദ്ധബ്രാഹ്മണന്മാര്‍, അത്താഴം കഴിഞ്ഞ് സ്വപത്‌നിയെ ഉപേക്ഷിച്ച് പരസ്ത്രീയുടെ ശയ്യാഗാരത്തിലേക്ക് വേഗം വച്ച് നടന്നുപോകുന്ന മാന്യഗാര്‍ഹസ്ഥ്യര്‍ ഒക്കെ വിഷമിച്ചു സ്വന്തം പെണ്‍പ്രജകളെ അടക്കിനിര്‍ത്താന്‍. ദൃഷ്ടിവെട്ടത്തുപോലും വന്നുപെടാത്ത ഈ സ്ത്രീജനങ്ങള്‍ക്ക് ഇത്രയ്ക്കും ത്രാണിയോ? നാണക്കേടുകൊണ്ട് മുഖം നിവര്‍ത്താന്‍ വയ്യല്ലോ ഞങ്ങള്‍ക്ക്?

അടുക്കളയില്‍നിന്നും തുടങ്ങിയ വിപ്ലവം അത്ര പെട്ടെന്നൊന്നും കെട്ടടങ്ങിയില്ല. ഒരു സമൂല പരിവര്‍ത്തനമാണ് അത് ലക്ഷ്യം വച്ചിരിക്കുന്നത്. അടിമുടിയുള്ള ഒരു ഉടച്ചുവാര്‍ക്കല്‍. പക്ഷേ, പരിഷ്‌കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഒരു സമുദായവും താന്‍പോരിമയുടെ ആന്ധ്യം ബാധിച്ച അതിന്റെ നിയന്താക്കളുണ്ടോ അതിനു വഴങ്ങുന്നു?

പടിയടച്ചു പിണ്ഡം വയ്ക്കുമ്പോള്‍ ആരെങ്കിലും ഓര്‍ത്തുകാണുമോ അവനവന്റെ സമുദായം തന്നെയാണ് കുറ്റക്കാരനെന്ന്. മൂത്തയാള്‍ക്കുമാത്രം സ്വജാതിയില്‍നിന്നു വേളി. ഇളമക്കാര്‍ക്ക് അന്യജാതി സ്ത്രീകളുമായി തരമാവോളം സംബന്ധം. ഇതായിരുന്നില്ലേ ഹുങ്ക് കാട്ടിനടന്ന ബ്രാഹ്മണ്യത്തിന്റെ തല്‍സ്വഭാവം. അങ്ങനെ വന്നപ്പോള്‍ സ്വന്തം സമുദായത്തില്‍ ആണുങ്ങള്‍ വേള്‍ക്കാതെ പോയ എണ്ണമറ്റ കന്യാജനങ്ങള്‍ നാലുകെട്ടുകള്‍ക്കുള്ളില്‍ കരിന്തിരി പോലെ കെട്ടടങ്ങി. ആരും കണ്ടില്ല അവരുടെ പതിഞ്ഞ സാന്നിദ്ധ്യങ്ങള്‍, നെടുവീര്‍പ്പുകള്‍.

1891-ലെ തിരുവിതാംകൂറിലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 12395 നമ്പൂതിരിമാരുണ്ട്. ആണുങ്ങള്‍ 12395, പെണ്ണുങ്ങള്‍ 5608. ഇല്ലങ്ങളുടെയും മഹന്‍മൂസുമാരുടെയും കണക്ക് യഥാക്രമം 1239, 1300. ഒരു മൂസ് മൂന്നുതവണ വേളി കഴിച്ചാലും 1600-ല്‍പ്പരം അന്തര്‍ജനങ്ങള്‍ ബാക്കിനില്‍ക്കുന്നു പരിണയം തരമാകാതെ ജന്മം ദഹിപ്പിക്കാന്‍.

ശങ്കരന്റെ ആദ്ധ്യാത്മികഭാഷ്യത്തില്‍ പക്ഷേ, അന്തര്‍ജനങ്ങള്‍ കന്യകളായി മരിച്ചുകൂടാ. അതുകൊണ്ട് കൗശലബുദ്ധ്യാ ഒരുപായം കണ്ടുപിടിച്ചു കാരണവന്മാര്‍. ചിതയില്‍ വയ്ക്കുംമുന്‍പ് അപരിഗ്രഹയായ അന്തര്‍ജനത്തിന്റെ കഴുത്തില്‍ താലി കെട്ടിയേക്കും അച്ഛനോ മറ്റാരെങ്കിലുമോ!

ചിതയില്‍ എരിഞ്ഞുപോയ ഈ ജന്മങ്ങളാകാം ഒരുപക്ഷേ, ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍, അങ്ങനെ ഒരു ബധിരന്‍ സമുദായത്തിന്റെ അലകും പിടിയും മാറ്റാന്‍ അബലകളായ അന്തര്‍ജനങ്ങള്‍ക്ക് മനോബലമേകിയത്. വി.ടിയെപ്പോലെയുള്ള ഉല്‍പതിഷ്ണുക്കള്‍ സ്വന്തം പൂണൂല്‍ പൊട്ടിച്ചെറിയുന്നതിനെപ്പറി ഗാഢമായി പരിചിന്തനം നടത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

(തുടരും)

Archive: The Story of last Smartha Vicharam (trial of chastity), autobiography of AMN Chakyar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ബൗളിങ്, ആഖിബ് നബിക്ക് അരങ്ങേറ്റം

ഞങ്ങളേയും നോക്കി അവന്‍ അവിടെ തന്നെ നിന്നു; ഭൂകമ്പം എല്ലാം കവർന്നപ്പോള്‍ അയച്ച വോയ്‌സ് കേട്ട് തകർന്നു: ഫഹദ്

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ