കെജെ ബെര്‍ളിയും ഭാര്യ ആനിയും file
Archives

'ഈ രാജ്യം ആ കാലത്ത് ആവശ്യപ്പെട്ടത് ഞങ്ങള്‍ ചെയ്തു'

1999 ജൂണ്‍ 11 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

എംവി ബെന്നി

സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര

''അക്കാലത്ത് കൊച്ചിയില്‍ ടാറിട്ട റോഡും മോട്ടോര്‍ വാഹനങ്ങളും ഉണ്ടായിരുന്നില്ല. ഇന്നത്തെ തുറമുഖവും വെല്ലിങ്ടണ്‍ ഐലന്റും രൂപപ്പെട്ടിരുന്നില്ല. എല്ലായിടത്തും കായലും ചതുപ്പുനിലങ്ങളും മാത്രം.'' വ്യവസായനഗരമായി പരിവര്‍ത്തനപ്പെട്ട കൊച്ചിയുടെ ഒരു നൂറ്റാണ്ടുപഴക്കമുള്ള ചിത്രം കെജെ ബെര്‍ളി ഓര്‍മ്മിക്കുകയാണ്.

കരിവീട്ടിയിലും തേക്കിലും നിര്‍മ്മിച്ച നാനൂറുവര്‍ഷം പഴക്കമുള്ള തറവാട്ടുവീട്ടിലിരുന്ന് കൊച്ചിയുടെ ചരിത്രം പറയുന്ന ഈ കാരണവര്‍ ചരിത്രസംഭവങ്ങള്‍ക്കു ദൃക്സാക്ഷി മാത്രമായി ഒഴിഞ്ഞുനിന്നയാളല്ല. സ്വാതന്ത്ര്യസമരത്തില്‍ ആദ്യാവസാനം പങ്കെടുത്ത കുരിശിങ്കല്‍ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ്. കൊച്ചിയുടെ മാത്രമല്ല, ഭാരതത്തിന്റെയാകമാനം മോചനത്തിന് ജീവന്‍ പണയംവച്ചു പോരാടിയ ദേശാഭിമാനികളുടെ കുടുംബമാണത്. ഇതിഹാസസമാനമായ ഒരു നോവലിന് ഇതിവൃത്തമാകാന്‍ തക്ക അനുഭവവൈപുല്യമുള്ള തലമുറകളുടെ കഥ ആ കുടുംബചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

അഞ്ഞൂറുവര്‍ഷങ്ങള്‍ക്കുമുമ്പേ രണ്ടു പായ്ക്കപ്പലുകളുണ്ടായിരുന്ന കുരിശിങ്കല്‍ കുടുംബത്തിന് രാജ്യാന്തര വ്യാപാരബന്ധങ്ങള്‍ സ്വാഭാവികമായിരുന്നു. തുല്യനിലയില്‍ വിദേശികളുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടിരുന്നതുകൊണ്ടാകണം വിദേശികള്‍ക്കുമുന്‍പില്‍ അപകര്‍ഷതാബോധം അവര്‍ക്കുണ്ടായിരുന്നില്ല. പോര്‍ച്ചുഗലുമായി അവര്‍ സ്ഥാപിച്ചെടുത്ത വ്യാപാരബന്ധങ്ങളും കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ തകര്‍ച്ചയും അവരെ കൊടുങ്ങല്ലൂരുനിന്ന് കൊച്ചിയിലേക്കു നയിച്ചു. അങ്ങനെ 1541-ല്‍ കുരിശിങ്കല്‍ കുടുംബം കൊച്ചിയില്‍ നങ്കൂരമിട്ടു. സിലോണ്‍, പേര്‍ഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ കമ്പനികള്‍ തുടങ്ങിയവയുമായുള്ള സാഹസികമായ വാണിജ്യബന്ധങ്ങളുടെ കഥയാണ് അക്കാലത്തെ കുടുംബചരിത്രം.

തങ്ങളുടെ വ്യവസായ വാണിജ്യതാല്പര്യങ്ങളുമായി ജീവിതം നയിച്ചുവന്ന കുരിശിങ്കല്‍ കുടുംബം ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്. ആത്മാഭിമാനത്തിനു പോറലേല്പിക്കുന്ന നടപടികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗത്തുനിന്നായാല്‍പോലും നിശ്ശബ്ദമായി നോക്കിനില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

ലോകം മുഴുവന്‍ കോളനികള്‍ സ്ഥാപിച്ച് വിലസുന്ന ബ്രിട്ടന് കൊച്ചിയിലെ ഇന്ത്യക്കാരന്‍ ചെയര്‍മാന്‍ കണ്ണിലെ കരടായി

കുരിശിങ്കല്‍ കുടുംബം വേരുറപ്പിച്ച ഫോര്‍ട്ടുകൊച്ചി, ബ്രിട്ടീഷ് കൊച്ചിയായി മാറിക്കഴിഞ്ഞിരുന്നു. ഭരണം പരിപൂര്‍ണമായും ബ്രിട്ടീഷുകാരുടെ കയ്യില്‍. പേരിന് ഒരു നഗരസഭ ഉണ്ടായിരുന്നു. ജനാധിപത്യമെന്നൊക്കെ പറയുമെങ്കിലും ഒരു ഇന്ത്യാക്കാരന് ചെയര്‍മാന്‍ ആകാന്‍ കഴിയാത്തവിധമാണ് ബ്രിട്ടീഷുകാര്‍ നഗരസഭയുടെ ഘടന തയ്യാറാക്കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചംഗങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അഞ്ചുപേരുമടങ്ങുന്നതാണ് നഗരസഭ. ഇന്ത്യക്കാര്‍ ഭൂരിപക്ഷം നേടി ചെയര്‍മാന്‍ സ്ഥാനത്തു വരാതിരിക്കാനുള്ള തന്ത്രമായിരുന്നു അത്. ''സായിപ്പന്മാര്‍ക്കു ചെയര്‍മാനാകാന്‍ ആറു സീറ്റ് ജയിച്ചാല്‍ മതി. അഞ്ചു നോമിനേറ്റഡ് അംഗങ്ങളും കൂടിയാകുമ്പോള്‍ അവര്‍ക്കു പതിനൊന്നു സീറ്റോടെ ഭൂരിപക്ഷം നേടാം. നമ്മള്‍ തലപ്പത്തെത്തണമെങ്കില്‍ പതിനൊന്നു സീറ്റും ജയിച്ചേ പറ്റൂ. നോമിനേറ്റ് ചെയ്തവരാരും നമ്മളെ പിന്തുണയ്ക്കില്ല.'' അക്കാലത്തെക്കുറിച്ച് ബെര്‍ളി പറയുന്നു.

എന്നിട്ടും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു. ബ്രിട്ടീഷുകാരുടെ പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷം നേടി ബെര്‍ളിയുടെ പിതാവ് കെബി ജേക്കബ് ചെയര്‍മാനായി. ബ്രിട്ടീഷ് സര്‍ക്കാരിന് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല ആ തിരഞ്ഞെടുപ്പുഫലം. ലോകം മുഴുവന്‍ കോളനികള്‍ സ്ഥാപിച്ച് വിലസുന്ന ബ്രിട്ടന് കൊച്ചിയിലെ ഇന്ത്യക്കാരന്‍ ചെയര്‍മാന്‍ കണ്ണിലെ കരടായി. ചെയര്‍മാനാകട്ടെ കിട്ടിയ അധികാരമുപയോഗിച്ച് ജനോപകാരപ്രദങ്ങളായ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കാന്‍ തുടങ്ങി. അതുകൂടിയായപ്പോള്‍ ബ്രിട്ടന്റെ ശത്രുത ഇരട്ടിയായി. ഇന്ത്യാക്കാരന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള മാതൃകാഭരണം ആത്യന്തികമായി ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിലായിരിക്കും ചെന്നെത്തുക എന്ന് അവര്‍ കണക്കുകൂട്ടി. അതോടെ ഇരുപക്ഷവും കരുനീക്കങ്ങള്‍ ആരംഭിച്ചു. തോറ്റുകൊടുക്കാന്‍ ചെയര്‍മാനും തയ്യാറായിരുന്നില്ല. കുടുംബത്തിന്റെയും വ്യവസായത്തിന്റെയും ചുമതലകള്‍ മകന്‍ ബെര്‍ളിയെ ഏല്പിച്ച് കെബി ജേക്കബ് പൊതുരംഗത്ത് സജീവമായി.

''അക്കാലത്ത് മുനിസിപ്പല്‍ ചെയര്‍മാന് പ്രോസിക്യൂഷന്‍ അധികാരമുള്‍പ്പെടെ വിപുലമായ അധികാരങ്ങളുണ്ട്. ആ അധികാരങ്ങളൊക്കെ എന്റെ പിതാവ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശത്രുവായി.''

സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമായിരുന്നു പുതിയ ചെയര്‍മാന്റെ ആദ്യ നടപടി. ഒരു സമുദായത്തെയും അതില്‍ നിന്നൊഴിവാക്കിയില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പുലയര്‍ ഉള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളും സ്‌കൂളില്‍ പോകുന്നത് നിര്‍ബന്ധിതമാക്കി. ഇന്ത്യയിലെന്നല്ല യൂറോപ്പില്‍പോലും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്ന ആശയം അന്ന് കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. നാലുവയസ്സിനുമേല്‍ പ്രായമുള്ള എല്ലാ കുട്ടികളെയും സ്‌കൂളിലയയ്ക്കണമെന്നും അതിന് തയ്യാറില്ലാത്ത രക്ഷാകര്‍ത്താക്കള്‍ക്ക് അമ്പതു രൂപ പിഴയിടുമെന്നും ചെയര്‍മാന്‍ ഉത്തരവിറക്കി.

മുനിസിപ്പാലിറ്റി സ്‌കൂളുകളുടെ എണ്ണം ആറില്‍ നിന്നും പതിനഞ്ചായി വര്‍ദ്ധിപ്പിച്ചു. 1924-ല്‍ നഗരസഭ 42,000 രൂപ വിദ്യാഭ്യാസത്തിനു ചെലവിട്ടതായും അന്നത്തെ രേഖകളില്‍ കാണുന്നു. ആകെ വരുമാനത്തിന്റെ 34.23 ശതമാനം വരും ആ തുക. അക്കാലത്ത് ബ്രിട്ടീഷ് കൊച്ചിയില്‍ നഗരസഭയിലെ 15 സ്‌കൂളുകളിലായി 1900 വിദ്യാര്‍ത്ഥികളും 71 അദ്ധ്യാപകരുമുണ്ടായിരുന്നതായി പറയുന്ന ആര്‍ക്കൈവ്‌സ് രേഖ ബെര്‍ളിയുടെ കയ്യിലുണ്ട്. പിതാവിന്റെ ഈ സമഗ്ര സാക്ഷരതായജ്ഞവുമായി ബന്ധപ്പെട്ടാണ് കെജെ ബെര്‍ളി കുടുംബ-വ്യവസായ കാര്യങ്ങള്‍ക്കിടയില്‍ പൊതുരംഗത്ത് ഇറങ്ങുന്നത്. ബെര്‍ളിയെ അതിലേയ്ക്കു നയിച്ചത് പിതാവിനോടുള്ള ബഹുമാനം മാത്രമല്ല, സാക്ഷാത്കരിക്കപ്പെടാതെപോയ ഒരു മോഹവും അതിനുപിന്നിലുണ്ട്.

സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസത്തിന് സാധിക്കാതെ വന്നതിന്റെ ദുഃഖം അന്നും ബെര്‍ളിക്കുണ്ടായിരുന്നു. 'പള്‍മനറി ട്യൂബര്‍കുലോസിസ്' ബാധിതനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനാല്‍ നിറകണ്ണുകളോടെ സാന്താക്രൂസ് ഹൈസ്‌കൂളിന്റെ പടിയിറങ്ങിപ്പോയ ആ പഴയ കുട്ടി നൂറുവയസ്സ് പിന്നിട്ടിട്ടും അരോഗദൃഢഗാത്രനായി ജീവിക്കുന്നതിന്റെ രഹസ്യം ഇന്നും അജ്ഞാതം.

മലബാര്‍ കലക്ടര്‍ എന്നുകേട്ടാല്‍ ആരും പേടിച്ചുവിറയ്ക്കുന്ന കാലമാണ്. പക്ഷേ, കൂസലില്ലാതെ ചെയര്‍മാന്‍ കലക്ടറോട് ചോദിച്ചു: ''ആര്‍ യു എ കൗണ്‍സിലര്‍?''

സാക്ഷരതാപ്രവര്‍ത്തനവുമായി സഹകരിക്കാനിറങ്ങിയ ബെര്‍ളി പിതാവിന്റെ വിപുലമായ പൊതുരംഗങ്ങളില്‍ സഹായിയായി മാറുകയായിരുന്നു. സാക്ഷരതാപരിപാടിയില്‍നിന്ന് ചെയര്‍മാന്‍ മറ്റു രംഗങ്ങളിലേയ്ക്കും നഗരസഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൊച്ചിയില്‍ സര്‍വ്വസാധാരണമായിരുന്ന വസൂരിക്കും കോളറയ്ക്കും എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു അതില്‍ മുഖ്യം. എല്ലായിടത്തും ശുദ്ധജലമെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിരോധ കുത്തിവെപ്പുകള്‍ സാര്‍വത്രികമാക്കി. അറിവില്ലായ്മകൊണ്ടായിരിക്കണം, പ്രതിരോധ കുത്തിവെപ്പ് ഭയന്ന് ആളുകള്‍ അന്നൊക്കെ ഒളിച്ചോടുമായിരുന്നു. അവരെ ഓടിച്ചുപിടിച്ച് കുത്തിവെപ്പ് നടത്തുന്ന സംഘത്തിലും ബെര്‍ളി ഉണ്ടായിരുന്നു.

കുട്ടിയായിരുന്നപ്പോള്‍ കൊച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട മാരകമായ ഒരു വസൂരിദിനത്തിന്റെ കാലം ബെര്‍ളിയുടെ ഓര്‍മ്മയിലുണ്ട്. ആര് എപ്പോള്‍ വേണമെങ്കിലും മരിച്ചുവീഴാമെന്ന അവസ്ഥ. മന്ത്രവാദികള്‍ മാത്രമല്ല, രോഗപ്രതിരോധത്തിന് ചികിത്സകരും ഉണ്ടായിരുന്നു. നഗരത്തിലെ ഏതാണ്ട് എല്ലാ വീടുകളില്‍നിന്നും കുട്ടികളെയും സ്ത്രീകളെയും സുരക്ഷിതസ്ഥലങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. കുട്ടിയായിരുന്ന ബെര്‍ളി കണ്ണമാലിയിലെ അമ്മവീട്ടിലേയ്ക്ക് താമസം മാറി. കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങളെല്ലാം കൊച്ചിയില്‍ തന്നെ പാര്‍ത്തു. വസൂരിക്കും കോളറയ്ക്കും എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനവും നഗരസഭയുടെ പ്രധാന കാര്യമായി മാറിയതിനുപിന്നില്‍ ഇത്തരം അനുഭവങ്ങളാണ്.

ഈ വക പ്രവര്‍ത്തനങ്ങളെ ഒട്ടും അനുഭാവത്തോടെയല്ല ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടിരുന്നത്. സഭയുടെ ചെയര്‍മാനായി ഒരു ഇന്ത്യാക്കാരന്‍ വന്നതോടെ നാട്ടില്‍ മാറ്റങ്ങളുണ്ടായാല്‍ അത് തങ്ങളെ ബാധിക്കുമെന്ന് അവര്‍ മനസ്സിലാക്കി. കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ മലബാര്‍ കലക്ടര്‍ തോണ്‍ നേരിട്ടെത്തി. നഗരസഭ യോഗം ചേര്‍ന്നിരിക്കുന്ന സമയത്താണ് കലക്ടര്‍ എത്തുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ മുഴുവന്‍ അധികാരപ്രമത്തതയോടുകൂടി അദ്ദേഹം കൗണ്‍സില്‍ ഹാളില്‍ കയറിയിരുന്നു. മലബാര്‍ കലക്ടര്‍ എന്നുകേട്ടാല്‍ ആരും പേടിച്ചുവിറയ്ക്കുന്ന കാലമാണ്. പക്ഷേ, കൂസലില്ലാതെ ചെയര്‍മാന്‍ കലക്ടറോട് ചോദിച്ചു: ''ആര്‍ യു എ കൗണ്‍സിലര്‍?''

കലക്ടര്‍ക്ക് മറുപടിയില്ല. ഉടന്‍ ചെയര്‍മാന്റെ റൂളിങ്. 'ഓണ്‍ലി കൗണ്‍സിലേഴ്സ് ആര്‍ അലൗഡ് ടു സിറ്റ് ഇന്‍ ദ ഹാള്‍. അദേഴ്സ് ഷുഡ് ലീവ് ഇമ്മീഡിയറ്റ്‌ലി.'

രോഷാകുലനായ കലക്ടര്‍ ഹാളില്‍നിന്നിറങ്ങിപ്പോയി. അധികംതാമസിയാതെ കൗണ്‍സില്‍ പിരിച്ചുവിടപ്പെട്ടു. അതോടെ ബ്രിട്ടീഷ് വിരുദ്ധവികാരം കൊച്ചിയിലാകമാനം ആളിക്കത്തി. പിന്നീട് എന്നെല്ലാം നഗരസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ അന്നെല്ലാം കുരിശിങ്കല്‍ കുടുംബത്തുനിന്ന് ഒരാളെയെങ്കിലും നഗരസഭയിലേയ്ക്കു തിരഞ്ഞെടുത്തുകൊണ്ടാണ് ജനങ്ങള്‍ പകരംവീട്ടിയത്. പത്തുവര്‍ഷത്തോളം ബെര്‍ളി നഗരസഭാംഗം ആയിരുന്നിട്ടുണ്ട്. ബെര്‍ളിയുടെ ഭാര്യ പതിനാറു വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. സഹോദരന്‍ ഏണസ്റ്റ് 34 വര്‍ഷം കൗണ്‍സിലറായി. മറ്റൊരു സഹോദരന്‍ ഹര്‍ഷല്‍ ഫോര്‍ട്ടുകൊച്ചി നഗരസഭയിലും പിന്നീടുവന്ന കൊച്ചി കോര്‍പ്പറേഷനിലുമായി 48 വര്‍ഷം അംഗമായിരുന്നു. അദ്ദേഹം മട്ടാഞ്ചേരിയില്‍നിന്ന് രണ്ടുതവണ കൗണ്‍സിലറായി. ബെര്‍ളിയുടെ മകന്‍ സന്തോഷും കൗണ്‍സിലറായിരുന്നിട്ടുണ്ട്. മറ്റൊരു ബന്ധു സോഹന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറുമായി. കെബി ജേക്കബ് ചെയര്‍മാനായതുമുതല്‍ ആ കുടുംബത്തില്‍നിന്ന് ഒരംഗമില്ലാത്ത ആദ്യത്തെ നഗരസഭ ഇപ്പോള്‍ നിലവിലുള്ള നഗരസഭയാണ്.

'അന്ന് ഗാന്ധിയുടെ അഹിംസാനയം ഞങ്ങള്‍ മറന്നു' ബെര്‍ളി ചിരിച്ചുകൊണ്ടു പറയുന്നു

പഴയ കഥയിലേയ്ക്കു മടങ്ങാം. സ്വാതന്ത്ര്യപ്രേമം ജീവിതത്തെ സ്വാധീനിച്ച നാളുകളിലൊന്നില്‍ ബെര്‍ളിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വന്ദേമാതരം ക്ലബ്ബ് സ്ഥാപിച്ചു. നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. മലബാര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസിന്റെ വലിയൊരു പടതന്നെ എത്തിച്ചേര്‍ന്നു. ക്ലബ്ബിന്റെ ഓഫീസ് അടച്ചുപൂട്ടി പൊലീസ് മുദ്രവച്ചു.

സ്വാതന്ത്ര്യദാഹം സ്വാഭാവികമായും ബെര്‍ളിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെടുത്തി. 1925-ല്‍ ബെര്‍ളി പ്രസിഡന്റായി കൊച്ചിയിലെ ആദ്യത്തെ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകൃതമായി. അയ്യായിരത്തോളം നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത് കടപ്പുറത്ത് യോഗം ചേരുകയായിരുന്നു ലക്ഷ്യം. അന്ന് കൊച്ചിയിലെ പണ്ടകശാലകളും മറ്റു ബിസിനസ്സുകളും മിക്കവാറും വിദേശികളുടെ കയ്യിലായിരുന്നു. അതുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുത്താല്‍ ജോലിപോകുമെന്ന് നാട്ടുകാര്‍ക്ക് ഭയം. കൂടാതെ കനത്ത പൊലീസ് സേനയുടെ സാന്നിദ്ധ്യവും. ഏതായാലും സമ്മേളനത്തില്‍ പങ്കെടുത്തവരേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു പൊലീസുകാരെന്ന് ബെര്‍ളി ഓര്‍ക്കുന്നു.

സമരവും പ്രക്ഷോഭവും നേരിടാന്‍ ബ്രിട്ടീഷ് പട്ടാളം സര്‍വ്വ അടവുകളും എടുത്തുതുടങ്ങി. ബെര്‍ളിയുടെ കുടുംബത്തിന്റെ വ്യാപാരബന്ധങ്ങള്‍ തകര്‍ത്ത് അവരെ സാമ്പത്തികമായി തറപറ്റിക്കുക എന്നതായിരുന്നു അവയില്‍ പ്രധാനം. അന്ന് സ്വിസ് ഉടമയിലുള്ള വൊള്‍ക്കാര്‍ട്ട് ബ്രദേഴ്സുമായി ബെര്‍ളിക്ക് കാര്യമായി ബിസിനസ്സുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരിലൂടെ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഒരുദിവസം വൊള്‍ക്കാര്‍ട്ടിന്റെ തലവന്‍ റോബ് സായ്പ്പ് ബെര്‍ളിയെ വിളിപ്പിച്ച് ബ്രിട്ടീഷ് വിരുദ്ധസമരങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെങ്കില്‍ വ്യാപാര ഉടമ്പടികള്‍ റദ്ദാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

അന്ന് റോബ് സായ്പ്പിനുകൊടുത്ത മറുപടി ഇന്നും ബെര്‍ളി മറന്നിട്ടില്ല. ''ഐ വില്‍ ഫൈറ്റ് ഫോര്‍ ദ ഫ്രീഡം ഓഫ് മൈ കണ്‍ട്രി. ആന്‍ഡ് ഫോര്‍ ദ ബെറ്റര്‍മെന്റ് ഓഫ് ലിറ്റില്‍ ടൗണ്‍, കം വാട്ട് മേ.''

എന്തുസംഭവിച്ചാലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുക എന്ന തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടിവന്നു. കുടുംബം സാമ്പത്തികമായി വിഷമിച്ചു. ബ്രിട്ടീഷ് ദാസന്മാരായി മാറിയവരാണ് സ്വസമുദായത്തില്‍ ഭൂരിപക്ഷവും. അവരുടെ എതിര്‍പ്പും ശക്തമായി.

ഇങ്ങനെ ബ്രിട്ടീഷ് വിരുദ്ധ സമരം കൊഴുക്കുന്നതിനിടയിലാണ് സമീപപ്രദേശമായ കൊച്ചിരാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പലവിധ ആവശ്യങ്ങള്‍ക്കായി ദിവാനെ സമീപിച്ച മത്സ്യത്തൊഴിലാളികളോട് എല്ലാം അംഗീകരിച്ചതായി ദിവാന്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ദിവാന്റെ കണ്ണുതുറപ്പിക്കാനായി കൊച്ചി തുറമുഖത്തേയ്ക്ക് മുക്കുവരുടെ കടല്‍യാത്രതന്നെ ബെര്‍ളി സംഘടിപ്പിച്ചു.

മനക്കോടം മുതല്‍ പള്ളിപ്പുറം വരെയുള്ള അമ്പതുവള്ളങ്ങള്‍ ചേര്‍ത്ത് സഹോദരന്‍ ഹര്‍ഷദിന്റെ നേതൃത്വത്തില്‍ ബെര്‍ളി ഒരു പ്രതിഷേധയാത്ര അയച്ചു. 'ഖജനാവ് ഞങ്ങള്‍ കുത്തിപ്പൊളിക്കും' എന്ന മുദ്രാവാക്യവുമായി വന്ന ഇവര്‍ക്കുമുന്നില്‍ ദിവാന്‍ സന്ധി ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ കിട്ടി.

മഹാത്മാഗാന്ധിയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയില്‍ ഒരുപക്ഷേ, ആദ്യമായി സമ്പൂര്‍ണ മദ്യനിരോധനം വന്നത് ഫോര്‍ട്ടുകൊച്ചിയിലായിരിക്കുമെന്ന് ബെര്‍ളി കരുതുന്നു. 1927-ലായിരുന്നു അത്.

''ഷാപ്പിനു സ്ഥലം കൊടുക്കല്ലേ

ചെത്താന്‍ തെങ്ങു കൊടുക്കല്ലേ'' എന്നെല്ലാം പാടി വളണ്ടിയര്‍മാര്‍ നാടുമുഴുവന്‍ നടന്നു. ഷാപ്പു ലേലമെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ലേലം നടക്കില്ലെന്നറിഞ്ഞപ്പോള്‍ കലക്ടര്‍ സായിപ്പ് നേരിട്ടെത്തി. ഇതിനിടയില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ വ്യവസായിയും ജൂതനുമായ കോഡര്‍ തീരുമാനിച്ചതായി വാര്‍ത്ത പരന്നു. ബെര്‍ളി കോഡറെ ഭീഷണിപ്പെടുത്തിയാണ് അതില്‍നിന്ന് പിന്തിരിച്ചത്. 'അന്ന് ഗാന്ധിയുടെ അഹിംസാനയം ഞങ്ങള്‍ മറന്നു' ബെര്‍ളി ചിരിച്ചുകൊണ്ടു പറയുന്നു. ഷാപ്പ് പിക്കറ്റിങ്ങിന് ഭാര്യ ആനിയും കൂടിയിരുന്നു.

സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കി കോണ്‍ഗ്രസ്സിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചതുവഴി രാജ്യമാസകലം ശ്രദ്ധ പിടിച്ചുപറ്റിയതിനേക്കാള്‍ കഠിനമായ കാര്യങ്ങള്‍ പിന്നാലെയുണ്ടായി. ഫോര്‍ട്ടുകൊച്ചിയിലെ പട്ടാളബാരക്ക് തീവച്ചതാണ് ആ സംഭവം. ബെര്‍ളിയുടെ സഹോദരന്മാരും അതില്‍ പങ്കെടുത്തു. തീവെപ്പിന് കൂട്ടുനിന്നെന്ന് ആരോപിച്ച് ബംഗാള്‍ റെജിമെന്റില്‍പ്പെട്ട ആറ് പട്ടാളക്കാരെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത് ബാംഗ്ലൂരില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു. സിവിലിയന്മാരായതുകൊണ്ടാകണം മറ്റുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചില്ല. നാടും വീടും മുഴുവന്‍ പൊലീസ് വേട്ടയാടിയ ആ കാലം ബെര്‍ളിയുടെ മനസ്സില്‍ മറക്കാത്ത ചിത്രമായി നില്‍ക്കുന്നു.

സ്വാതന്ത്ര്യസമരസേനാനികളുടെ താവളമായി കുരിശിങ്കല്‍ വീട് മാറി. മൊയ്തുമൗലവിയും മുഹമ്മദ് അബ്ദുറഹിമാനും എകെജിയും ഉള്‍പ്പെടെ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കെല്ലാം അവിടം അഭയകേന്ദ്രമായി. ഗാന്ധിയും നെഹ്‌റുവുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെല്ലാം കൊച്ചിയില്‍ വന്നു പ്രസംഗിച്ചു. എല്ലാറ്റിനും അമരക്കാരനായി ബെര്‍ളിയുമുണ്ടായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ ഉറപ്പായപ്പോള്‍ ബെര്‍ളി കുടുംബകാര്യങ്ങളിലേയ്ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേയ്ക്കും മടങ്ങി. ത്യാഗത്തിന് കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങാന്‍ അദ്ദേഹം നിന്നില്ല. കുടുംബവഴക്കോ സമുദായങ്ങള്‍ തമ്മിലുള്ള വഴക്കോ പ്രശ്‌നമെന്തുതന്നെയാവട്ടെ പരിഹാരം ബെര്‍ളിയുടെ കൈയിലുണ്ട്. അഴിമതിയില്ലാത്ത സമര്‍പ്പിത ജീവിതത്തിന്റെ കരുത്ത് ബെര്‍ളിയുടെ തീരുമാനങ്ങളിലുണ്ടാവും. ചിലപ്പോള്‍ ലളിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍കൊണ്ട് അദ്ദേഹം ആളുകളെ അമ്പരപ്പിച്ചുവെന്നും വരാം.

കടലോരഗ്രാമങ്ങളായ മാനാശ്ശേരിയിലേയും സൗദിയിലേയും ആളുകള്‍ തമ്മിലുള്ള വഴക്ക് ഒരിക്കല്‍ ബെര്‍ളി പരിഹരിച്ചത് അങ്ങനെയാണ്. മാനാശ്ശേരിയിലെ ആരെയെങ്കിലും കിട്ടിയാല്‍ സൗദിക്കാരും സൗദിയിലെ ആരെയെങ്കിലും കിട്ടിയാല്‍ മാനാശ്ശേരിക്കാരും തല്ലും. രണ്ടുകൂട്ടര്‍ക്കും അവരുടേതായ ന്യായങ്ങളുണ്ട്. ഒടുവില്‍ പ്രശ്‌നം ബെര്‍ളിയുടെ വീട്ടുമുറ്റത്തെത്തി. അദ്ദേഹം പറഞ്ഞു: ''എനിക്ക് കാര്യം പഠിക്കാന്‍ നാലുമാസം സമയം വേണം. അതുവരെ നിങ്ങള്‍ പരസ്പരം തല്ലുകൂടരുത്. നാലുമാസത്തിനുശേഷം ഞാന്‍ തെറ്റുകാരെ കണ്ടെത്തി ശിക്ഷ വിധിക്കും.'' വഴക്കാളികള്‍ പിരിഞ്ഞു. പ്രശ്‌നമൊന്നുമില്ലാതെ നാലുമാസം കടന്നുപോയി. നാലാംമാസം രണ്ടുകൂട്ടരുംകൂടി പ്രശ്‌നം തീര്‍ക്കാന്‍ ബെര്‍ളിയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: ''ഈ നാലുമാസം വഴക്കില്ലാതെ കഴിഞ്ഞതുപോലെ തുടര്‍ന്നും നിങ്ങള്‍ ജീവിച്ചാല്‍ മതി.'' അങ്ങനെ ഒരു വലിയ വഴക്ക് തീര്‍പ്പാവുകയായിരുന്നു.

1899 ഒക്ടോബര്‍ 29-ന് കെബി ജേക്കബിന്റേയും സിസിലിയായുടെയും പുത്രനായി ജനിച്ച ബെര്‍ളിക്ക് നാലുമക്കള്‍. ഡോ. കെബി ജേക്കബ്, തോമസ്, പ്രകാശ്, സന്തോഷ്. സമൂഹത്തിനു നല്‍കിയ സേവനങ്ങളുടെ പേരില്‍ 1964-ല്‍ ജോണ്‍ 23-ാമന്‍ മാര്‍പ്പാപ്പ ബെര്‍ളിക്ക് 'ബെനെമെരേന്തി' (നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതിനുള്ളത്) ബഹുമതി നല്‍കി. 1972-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ഷെവലിയര്‍ പദവിയിലേയ്ക്കുയര്‍ത്തി. ഇന്ന് ഏഷ്യയിലെ ഏറ്റവും പ്രായമുള്ള ഷെവലിയറാണ് ബെര്‍ളി.

നൂറുവയസ്സ് പിന്നിട്ട സഫലജീവിതത്തിനൊടുവില്‍ പോയകാലത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ബെര്‍ളിയുടെ പ്രതികരണം ഒറ്റവാക്യത്തില്‍ ഒതുങ്ങുന്നു. ''ഈ രാജ്യം ആ കാലത്ത് ആവശ്യപ്പെട്ടത് ഞങ്ങള്‍ ചെയ്തു.'' ആത്മപ്രശംസയില്ല. അമിതാവേശമില്ല. എല്ലാം ഈശ്വരനിശ്ചയം എന്ന മട്ടില്‍ അദ്ദേഹം നിശ്ശബ്ദതയിലേയ്ക്കു പിന്‍വാങ്ങുന്നു.

The story of the Kurishingal family, and of Kochi, writes MV benny

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

'കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി'; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

മുളകുപൊടിയില്ലാതെ, മാങ്ങ വെള്ളയ്ക്ക് അച്ചാറിടാം, റെസിപ്പി

ചെറുമത്സ്യങ്ങളുമായി ബോട്ട് ഫിഷറീസ് പിടിയിൽ; 2.5 ലക്ഷം രൂപ പിഴ

വാഹനാപകടത്തില്‍ കാല്‍നഷ്ടപ്പെട്ടു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം രണ്ട് കോടിയാക്കി ഉയര്‍ത്തി സുപ്രീംകോടതി