കേരളത്തിന്റെ പൊതുസമൂഹത്തിലും രാഷ്ട്രീയ മണ്ഡലത്തിലും എക്കാലത്തും ഏറ്റവും വലിയ സംവാദങ്ങൾക്കും ആശയപോരാട്ടങ്ങൾക്കും വഴിവെച്ച ഒന്നാണ് കാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം. അടുത്ത ദിവസങ്ങളിൽ കേരള സർവകലാശാലാ സിൻഡിക്കേറ്റിനു മുന്നിൽ സമർപ്പിക്കപ്പെട്ട ഒരു രഹസ്യ കരടുരേഖ സംസ്ഥാനത്ത് വീണ്ടും വലിയൊരു രാഷ്ട്രീയ കോളിളക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും പൂർണമായി വിലക്കുന്ന ‘കേരള സർവകലാശാലാ സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട് റെഗുലേഷൻസ് 2026’ എന്ന കരട് രേഖയാണ് ഈ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം. ഭരണകൂടങ്ങളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഉള്ളറകളിൽ കലാലയങ്ങളെ അരാഷ്ട്രീയവൽക്കരിക്കാനുള്ള നിഗൂഢ നീക്കങ്ങൾ ഇന്നും സജീവമാണോ എന്ന ഗൗരവകരമായ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിലും ജനാധിപത്യ നിർമിതിയിലും അനിഷേധ്യ പങ്കുവഹിച്ച വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കാമ്പസുകളിൽനിന്ന് അടിച്ചൊതുക്കാൻ ലക്ഷ്യമിടുന്ന നീക്കങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ക്കിടയില്‍ വലിയ ഉല്‍ക്കണ്ഠയാണ് ഉളവാക്കിയിരിക്കുന്നത്.
കരടുരേഖയിലെ ശിപാര്‍ശകളും വ്യവസ്ഥകളും
18 വയസ്സില്‍ വോട്ടവകാശം അനുവദിക്കുന്ന ഒരു രാഷ്ട്രീയവ്യവസ്ഥ നിലനില്‍ക്കുന്നിടത്താണ് പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ഉള്‍പ്പെടെ മിക്കവാറും എല്ലാ നേതാക്കളും ഉയര്‍ന്നുവന്നിട്ടുള്ളത് കാമ്പസ് രാഷ്ട്രീയം എന്ന പരിശീലനക്കളരിയിലാണ്. കേരളത്തില്‍ സര്‍വകലാശാലാതലത്തില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കങ്ങളുടെ മുന്നോടിയായിട്ടാണ് പൊതുസമൂഹവും വിദ്യാര്‍ത്ഥി സംഘടനകളും കേരള വാഴ്‍സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോഡ് ഒഫ് കണ്ടക്ട് രേഖയെ വീക്ഷിക്കുന്നത്.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലും അതിനു കീഴിലുള്ള അനുബന്ധ കോളേജുകളിലും വിദ്യാർത്ഥി രാഷ്ട്രീയത്തെ കേവലമൊരു ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കാണുന്ന തരത്തിലാണ് സർവകലാശാലയുടെ ലീഗൽ വിഭാഗം സിൻഡിക്കേറ്റ് ഉപസമിതിക്കു മുന്നിൽ കരട് പെരുമാറ്റച്ചട്ടം സമർപ്പിച്ചിട്ടുള്ളത്. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രതികരണങ്ങളേയും ജനാധിപത്യപരമായ വിയോജിപ്പുകളേയും അടിമുടി ക്രിമിനൽവൽക്കരിക്കുന്ന നിരവധി വ്യവസ്ഥകൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. കാമ്പസുകളിലോ ക്ലാസ് മുറികളിലോ വകുപ്പ് ഓഫീസുകളിലോ പണിമുടക്കുകൾ, റാലികൾ, ധർണകൾ, ഘെരാവോ, മുദ്രാവാക്യം വിളികൾ എന്നിവ പൂർണമായും നിരോധിക്കണമെന്നാണ് രേഖയിലെ പ്രധാന നിർദേശം. വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സംഘടനകൾക്കായി അംഗത്വ വിതരണം നടത്തുക, ഫണ്ട് പിരിവ് നടത്തുക, ചുവരുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുകയോ ചുവരെഴുത്തുകൾ നടത്തുകയോ ചെയ്യുക എന്നിവയും കർശനമായി വിലക്കപ്പെട്ടിരിക്കുന്നു. ഇതിനെല്ലാമുപരി, ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയ ഇടപെടലുകൾക്കും ഈ കരട് കത്രിക വെക്കുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ കാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ചർച്ചകളോ പ്രചാരണങ്ങളോ സംഘടിപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുമുണ്ട്.
അക്കാദമിക സ്വതന്ത്ര്യത്തേയും സ്വതന്ത്ര ചിന്തകളേയും ഇല്ലാതാക്കുന്ന മറ്റൊരു നിർദേശം, കാമ്പസുകളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിലും സംവാദങ്ങളിലും രാഷ്ട്രീയ അനുഭാവമുള്ള പ്രമുഖ വ്യക്തികളേയോ വിവാദ സ്വഭാവമുള്ള രാഷ്ട്രീയ നേതാക്കളേയോ പങ്കെടുപ്പിക്കരുതെന്നതാണ്. വിവാദപരമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കങ്ങൾ ഉണ്ടെന്ന സംശയം ഉയർന്നാൽ അത്തരം സംവാദങ്ങൾ റദ്ദാക്കാൻ അധികാരികൾക്കു വിവേചനാധികാരം നൽകുന്ന വ്യവസ്ഥകൾ ഭരണകൂട താല്പര്യങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണെന്ന ആക്ഷേപം ശക്തമാണ്. അച്ചടക്കലംഘനം നടത്തിയ വിദ്യാർത്ഥിയെ പ്രഥമദൃഷ്ട്യാ തെളിവ് ബോധ്യപ്പെട്ടാൽ വകുപ്പ് മേധാവികൾക്കും പ്രിൻസിപ്പൽമാർക്കും 30 ദിവസത്തേക്ക് ഉടനടി സസ്പെൻഡ് ചെയ്യാനുള്ള അധികാരം ശിപാർശയിലുണ്ട്. സംഘർഷങ്ങളോ ഭീഷണിപ്പെടുത്തലുകളോ ഉണ്ടായാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ കുറഞ്ഞത് ഒരു വർഷത്തെ നിർബന്ധിത സസ്പെൻഷനാണ് വ്യവസ്ഥയിലുള്ളത്. ഗുരുതര കുറ്റങ്ങൾക്ക് ടി.സി നൽകി പുറത്താക്കലും താൽക്കാലികമോ സ്ഥിരമോ ആയ പുറത്താക്കലും ശിപാർശയിലുണ്ട്. അതിലും കടുത്തത് സാമ്പത്തിക ബാധ്യതയും ക്രിമിനൽ നടപടികളുമാണ്. ആദ്യമായി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിദ്യാർത്ഥിക്ക് 5000 രൂപയും ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയ്ക്ക് 10000 രൂപയും സംയുക്ത പിഴയായി ചുമത്തും. കുറ്റം ആവർത്തിച്ചാൽ രാഷ്ട്രീയ സംഘടനകൾ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. പിഴ ഒടുക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനും പരീക്ഷാഫലങ്ങളും സർട്ടിഫിക്കറ്റുകളും തടഞ്ഞുവെക്കാനും നിർദേശമുണ്ട്. കൂടാതെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), പൊതുമുതൽ നശീകരണ നിരോധന നിയമം എന്നിവ പ്രകാരം വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ട്.
സർക്കാർ - രാജ്ഭവൻ ഒത്തുകളി
തല്‍ക്കാലം ഈ നീക്കം മരവിപ്പിക്കപ്പെട്ടെങ്കിലും ഇതിനു പിറകിൽ ഉന്നതതലത്തിലുള്ള ചില ഒത്തുകളികളുണ്ടെന്ന രാഷ്ട്രീയ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണറുടെ അറിവോടും പിന്തുണയോടും കൂടിയാണ് ഇത്തരം പെരുമാറ്റച്ചട്ടങ്ങൾ അടിച്ചേല്പിക്കാൻ വൈസ് ചാൻസലർ തിടുക്കം കാട്ടുന്നതെന്നാണ് പ്രധാന ആക്ഷേപം. യൂണിയന്‍ ഗവണ്‍മെന്റിന്റേയും ആർ.എസ്.എസ്സിന്റേയും താല്പര്യങ്ങൾക്ക് അനുസൃതമായി കാമ്പസുകളിൽ കാവിവൽക്കരണ അജന്‍ഡ നടപ്പാക്കാനുള്ള രാജ്ഭവന്റെ ദീർഘകാല ശ്രമങ്ങൾക്ക് സംസ്ഥാന ഗവണ്‍മെന്റ് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. സർവകലാശാലകളിൽ ആർ.എസ്.എസ് അജന്‍ഡ നടപ്പാക്കുന്ന ഗവർണറുമായി യു.ഡി.എഫ് സർക്കാർ രഹസ്യ ഒത്തുകളി നടത്തുന്നു എന്ന ആക്ഷേപം ഇടതുപക്ഷ സംഘടനകളും വ്യാപകമായി ഉയർത്തുന്നുണ്ട്.
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് വിളിച്ചുചേർത്ത യോഗങ്ങളിൽ കേരള സർവകലാശാല വി.സി പങ്കെടുത്തതും സർവകലാശാലാ വേദികളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് വന്നതുമൊക്കെ കാമ്പസുകളിൽ സംഘപരിവാർ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് ഇടത് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കാവിവൽക്കരണ നടപടികൾക്കെതിരേയും അതിന് മൗനാനുവാദം നൽകുന്ന സംസ്ഥാന ഗവണ്‍മെന്റിനെതിരെ കാമ്പസുകളിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി സംഘടനകളുടെ വായടപ്പിക്കാൻ ഇത്തരം കരിനിയമങ്ങൾ കൊണ്ടുവരുന്നത് എന്നാണ് പ്രധാന വിമർശനം. ഗവർണറുടെ ഓഫിസും സർവകലാശാലാ ഭരണനേതൃത്വവും ചേർന്നു രൂപപ്പെടുത്തിയ തിരക്കഥയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് കാഴ്ചക്കാരനായി നിൽക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കേരള സർവകലാശാല എംപ്ലോയീസ് യൂണിയനും ഈ നീക്കത്തിനു പിന്നിൽ സംഘപരിവാർ അജന്‍ഡയാണെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മന്ത്രി റോജി ജോണിന്റെ പ്രതികരണം
കരട് രേഖയിലെ വിവരങ്ങൾ പുറത്തുവന്നതോടെ കാമ്പസുകളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. കേരള സർവകലാശാലയിലോ സംസ്ഥാനത്തെ മറ്റ് കലാലയങ്ങളിലോ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ ഒരു തരത്തിലും ഉദ്ദേശിക്കുന്നില്ലെന്നും പുറത്തുവരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധവും തെറ്റായ പ്രചാരണവുമാണെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരു ഉപസമിതിക്കു മുന്നിൽ ചർച്ചയ്ക്കു വെച്ച കേവലമൊരു ആഭ്യന്തര കരട് രൂപം മാത്രമാണിതെന്നും ഇത് സർവകലാശാല സിൻഡിക്കേറ്റിന്റേയോ സർക്കാരിന്റേയോ അന്തിമ നയമോ തീരുമാനമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന പൊതുപ്രവർത്തകനാണ് താനെന്ന് ഓർമിപ്പിച്ച മന്ത്രി, കെ.എസ്.യു യൂണിറ്റ് തലം മുതൽ അഖിലേന്ത്യാ പ്രസിഡന്റ് പദവി വരെ എത്തിയ തന്റെ രാഷ്ട്രീയ പശ്ചാത്തലം ഉദ്ധരിച്ചുകൊണ്ടാണ് നീക്കത്തെ സംബന്ധിച്ച് സംസാരിച്ചത്. കാമ്പസുകൾ ഡിഗ്രി നൽകുന്ന അച്ചടിശാലകളോ സിലബസ് പഠിപ്പിച്ച് വിടുന്ന വിദ്യാലയങ്ങളോ മാത്രമായി ചുരുങ്ങാൻ പാടില്ല. അവിടെ രാഷ്ട്രീയ സംവാദങ്ങൾ നടക്കണം, വിദ്യാർത്ഥികൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം. 18 വയസ്സ് തികഞ്ഞ ഒരു പൗരന് രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും നിയമസഭാ-ലോക്‌സഭാ പ്രതിനിധികളേയും തെരഞ്ഞെടുക്കാൻ വോട്ടവകാശമുണ്ടെങ്കിൽ, ആ വോട്ടര്‍ പഠിക്കുന്ന കാമ്പസിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാനും കാമ്പസിന്റെ രാഷ്ട്രീയം തീരുമാനിക്കാനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സർവകലാശാലകളിൽ ആർ.എസ്.എസ് അജന്‍ഡ നടപ്പിലാക്കുന്ന ഗവർണറുമായി സംസ്ഥാന സർക്കാർ നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് ഈ കരിനിയമങ്ങൾ കൊണ്ടുവരുന്നതെന്നും സംഘപരിവാർ അജന്‍ഡക്കെതിരെ കാമ്പസുകളിൽ ഉയരുന്ന സമരങ്ങളെ ഭയന്നാണ് സംഘടനകളെ ക്രിമിനൽവൽക്കരിക്കാൻ നോക്കുന്നതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. ഭീമമായ പിഴയും ബി.എൻ.എസ് വകുപ്പുകളും കാണിച്ച് വിദ്യാർത്ഥികളെ നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടതില്ല. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ ഈ നീക്കത്തിനെതിരെ എസ്.എഫ്.ഐ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐയും പതിനെട്ട് വയസ്സുള്ള ഒരു യുവാവിന് സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള ജനാധിപത്യ നാട്ടിൽ കാമ്പസുകളിലെ രാഷ്ട്രീയം വിലക്കാൻ നോക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവുകളുടെ മറപിടിച്ച് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനും കാമ്പസുകളെ നിശബ്ദമാക്കാനുമുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ലെന്നും ക്രിയാത്മകമായ വിദ്യാർത്ഥി രാഷ്ട്രീയത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്ന് കെ.എസ്.യുവും വ്യക്തമാക്കിയിട്ടുണ്ട്. അക്രമരാഷ്‍ട്രീയത്തിന്‍റെ പേരില്‍ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെയും ദേശീയ ചിന്താഗതികൾ വളർത്തുന്ന പ്രവർത്തനങ്ങളെയും പൂർണ്ണമായി തടയുന്നത് ശരിയല്ലെന്ന് എ.ബി.വി.പി.യും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഹൈക്കോടതിയിലുണ്ടായ കേസുകളിലെ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ സർവകലാശാല തീരുമാനമെടുത്തത്. 2005-ൽ മഹാത്മാഗാന്ധി സർവകലാശാല തയ്യാറാക്കിയ ചട്ടങ്ങൾ മാതൃകയാക്കാമെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലാ ലീഗൽ സെൽ തയ്യാറാക്കി ഉപസമിതിക്കു നൽകിയ പഴയ രേഖ മാത്രമാണിത്. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി അനുഭാവമുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്നതാണ് ഈ ഉപസമിതി. ഈ കരട് ഉപസമിതി വിശദമായി പരിശോധിച്ച് ഭേദഗതികൾ വരുത്തിയ ശേഷം എല്ലാ അംഗീകൃത വിദ്യാർത്ഥി സംഘടനകൾക്കും രജിസ്റ്റേർഡ് തപാലിൽ അയച്ചുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകളുടെ ആശങ്കകളും നിർദേശങ്ങളും കേട്ട ശേഷമേ അന്തിമ രൂപരേഖ സിൻഡിക്കേറ്റിന്റേയും വൈസ് ചാൻസലറുടേയും പരിഗണനയ്ക്ക് സമർപ്പിക്കുകയുള്ളൂ.
കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ 2003-ലെ സോജന്‍ ഫ്രാന്‍സിസ് കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി കാമ്പസ് രാഷ്ട്രീയത്തിനു വലിയ തിരിച്ചടിയായിരുന്നു. സ്വാശ്രയ കോളേജുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ വലിയ സാന്നിദ്ധ്യമായി ഉയര്‍ന്നുവരുന്ന ഒരു ചരിത്രസന്ദര്‍ഭത്തില്‍ വന്ന ആ വിധി വിദ്യാര്‍ത്ഥി സംഘടനകളെ പലതവണ കോടതി കയറിയിറങ്ങുന്നതിനും നിയമപോരാട്ടങ്ങള്‍ക്ക് ഒരുമ്പെടുന്നതിനും കാരണമാക്കിയിരുന്നു.
കോളേജുകളില്‍ പഠിക്കാനുള്ള അവകാശത്തിനാണ് പ്രഥമ പരിഗണനയെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പഠനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാകരുതെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് കേരളത്തിലെ നിരവധി കോടതി ഉത്തരവുകളിൽ പഠിപ്പുമുടക്കുകൾ, ധർണകൾ, ഘെരാവോ എന്നിവ നിരോധിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഉണ്ടായി. 2005-ൽ എം.ജി സർവകലാശാല തയ്യാറാക്കിയ മാർഗരേഖ കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായിരുന്നു. എന്നാൽ, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ശക്തമായ രാഷ്ട്രീയ ചെറുത്തുനിൽപ്പ് മൂലം ഇത്തരം നിയന്ത്രണങ്ങൾ പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
2018 ജൂലൈയില്‍ ഉണ്ടായ അഭിമന്യു വധത്തെത്തുടര്‍ന്ന് കാമ്പസുകളിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കൃത്യമായ പെരുമാറ്റച്ചട്ടം വേണമെന്ന് ഹൈക്കോടതി സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. പില്‍ക്കാലത്ത് കാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ നിയമനിർമാണം കൊണ്ടുവരുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നേരിട്ടുള്ള രീതിയിൽനിന്നു മാറ്റി പരോക്ഷ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമായ രാഷ്ട്രീയ എതിർപ്പുകളെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ തവണ കോടതിയിൽനിന്ന് പരാമർശങ്ങൾ ഉണ്ടാകുമ്പോഴും ഇത്തരം റിപ്പോർട്ടുകൾ പൊടിതട്ടിയെടുക്കപ്പെടുകയും പിന്നീട് രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കു മുന്നിൽ പിൻവാങ്ങുകയും ചെയ്യുന്നതാണ് നമ്മുടെ മുൻകാല അനുഭവം. എന്നാല്‍, എതിര്‍പ്പുകള്‍ക്കു മുന്നില്‍ ഇങ്ങനെ പിന്‍വാങ്ങലുകള്‍ നടക്കുന്ന ഓരോ തവണയും കാമ്പസ് രാഷ്ട്രീയത്തെ പതുക്കെ പതുക്കെ നിയന്ത്രിച്ചുകൊണ്ടുവരാനും ഇല്ലായ്‍മ ചെയ്യാനുമുള്ള അടിത്തറ നിശ്ശബ്ദം സമൂഹത്തിലൊരുങ്ങുന്നുണ്ട് എന്നതും കാണണം.
ഇല്ലാത്ത കാര്യത്തെച്ചൊല്ലി വല്ലാത്ത പുകില്?
വിദ്യാർത്ഥി രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ സന്ദര്‍ഭത്തില്‍, അത്തരമൊരു ശിപാർശയോ കരട് രേഖയോ സിൻഡിക്കേറ്റിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടില്ലെന്ന വിശദീകരണമാണ് സർവകലാശാലാ കേന്ദ്രങ്ങൾ നല്‍കിയത്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു അജന്‍ഡയോ പെരുമാറ്റച്ചട്ട രേഖയോ സിൻഡിക്കേറ്റിന്റെ ഔദ്യോഗിക പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും സർവകലാശാലയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. പഴയ കോടതി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ലീഗൽ സെൽ മുൻപ് ശേഖരിച്ച ചില വിവരങ്ങളോ ഒരു പ്രാഥമിക വർക്കിംഗ് നോട്ടോ മാത്രമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് സർവകലാശാല നേതൃത്വം വിവാദങ്ങളിൽനിന്ന് കൈകഴുകാൻ ശ്രമിച്ചത്. സിൻഡിക്കേറ്റ് ഉപസമിതിപോലും വിശദമായി ചർച്ച ചെയ്യാത്ത, സിൻഡിക്കേറ്റിന്റെ അജന്‍ഡയിൽ ഇടംപിടിക്കാത്ത ഒരു കടലാസ് കഷണത്തെ മുൻനിർത്തിയാണ് രാഷ്ട്രീയ വിവാദങ്ങൾ എന്ന ന്യായമാണ് സർവകലാശാലാ അധികൃതര്‍ ഉന്നയിച്ചത്.
എന്നാൽ, ഇങ്ങനെയൊരു ഔദ്യോഗിക രേഖ നിലവിലില്ലെന്ന വിശദീകരണത്തെ പൂർണമായും മുഖവിലയ്ക്കെടുക്കാൻ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും തയ്യാറായിട്ടില്ല. ഇതൊരു ആസൂത്രിതമായ ‘ബലൂൺ പറത്തിനോക്കൽ’ തന്ത്രമാണെന്ന ആക്ഷേപമാണ് അവർ ശക്തമായി ഉന്നയിക്കുന്നത്. വിദ്യാർത്ഥി സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും പ്രതികരണവും ചെറുത്തുനിൽപ്പും എത്രത്തോളമുണ്ടാകുമെന്ന് അളന്നുനോക്കാൻ വേണ്ടി സർവകലാശാലാ ഉന്നതർ തന്നെ മാധ്യമങ്ങളിലേക്ക് ബോധപൂർവം വിവരങ്ങൾ ചോർത്തി നൽകിയതാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ സർവതലങ്ങളിൽ നിന്നും അതിരൂക്ഷമായ പ്രതിഷേധം ആളിപ്പടർന്നതോടെയാണ് ‘രേഖ സമർപ്പിച്ചിട്ടില്ല’ എന്ന വാദമുയർത്തി സർവകലാശാലയും സർക്കാരും ഇപ്പോൾ തടിയൂരാൻ ശ്രമിക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം.
മറുവശത്ത്, ഇല്ലാത്ത ഒരു രേഖയുടേയും സാങ്കല്പിക ഭീഷണിയുടേയും മറപിടിച്ച് സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ പുകമറ സൃഷ്ടിക്കുകയാണെന്ന് ഭരണപക്ഷവും തിരിച്ചടിക്കുന്നു. ഔദ്യോഗിക രേഖയുണ്ടോ ഇല്ലയോ എന്ന തർക്കത്തിനപ്പുറം, ഇത്തരമൊരു ചിന്ത സർവകലാശാലാ ഇടനാഴികളിൽ ചർച്ചയായതുപോലും ജനാധിപത്യ സമൂഹത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന കാര്യത്തിൽ കേരളത്തിലെ കാമ്പസുകൾക്ക് സംശയമില്ല. ഈ വിവാദവും തുടർന്നുണ്ടായ മലക്കംമറിച്ചിലുകളും തെളിയിക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കാര്യത്തിൽ കേരളം പുലർത്തുന്ന രാഷ്ട്രീയ ജാഗ്രതയെ തന്നെയാണ്.
മതേതര ബെഞ്ചുകൾ
ഇല്ലാതാകുമ്പോള്‍
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടാൽ കലാലയങ്ങളിൽ എന്തുസംഭവിക്കും എന്ന ചോദ്യത്തിന് കേരളത്തിനു മുന്നിൽ വളരെ കൃത്യമായ ഒരു ചരിത്രപാഠമുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ നിരോധിച്ചതിനു ശേഷമുള്ള കേരളീയ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ പരിണാമം ഇതിനു വ്യക്തമായ ഉദാഹരണമാണ്. സ്കൂളുകളിൽനിന്ന് ജനാധിപത്യപരമായ വിദ്യാർത്ഥി രാഷ്ട്രീയത്തെ തുടച്ചുനീക്കിയതോടെ അവിടെ സമാധാനവും മികച്ച പഠനാന്തരീക്ഷവും പുലരുമെന്ന ധാരണയ്ക്ക് വിപരീതമായി സ്കൂൾ വരാന്തകളിലേക്ക് അതിവേഗം അരിച്ചെത്തിയത് സൂക്ഷ്മതലത്തിലുള്ള വർഗീയ ചേരിതിരിവുകളും സ്വത്വ രാഷ്ട്രീയവുമായിരുന്നു.
രാഷ്ട്രീയ ബോധമുള്ള ഒരു വിദ്യാർത്ഥിസമൂഹം ഇല്ലാതായതോടെ, പൊതുവായ അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ട വിദ്യാർത്ഥികൾ തങ്ങളുടെ മതാധിഷ്ഠിത സ്വത്വങ്ങളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് കേരളം കണ്ടത്. വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്ന മതേതര ബെഞ്ചുകൾ ഇല്ലാതാവുകയും ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ സൗഹൃദങ്ങൾപോലും വിഭജിക്കപ്പെടുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക അനന്തരഫലമായാണ് തൊണ്ണൂറുകളുടെ മധ്യത്തോടെ കേരളത്തിലെ വിദ്യാലയങ്ങളിൽ കുപ്രസിദ്ധമായ ‘തൊപ്പി-പൊട്ട് വിവാദങ്ങൾ’ തലപൊക്കിയത്. വിദ്യാര്‍ത്ഥികള്‍ പൊട്ടുതൊടുന്നതും തൊപ്പി ധരിക്കുന്നതും വസ്ത്രധാരണരീതികളുമെല്ലാം വലിയ തർക്കവിഷയങ്ങളാക്കി മാറ്റാൻ വർഗീയ-തീവ്രവാദ സംഘടനകൾക്കു കഴിഞ്ഞു.
ക്ലാസ്സ്മുറികളിൽ അപരവൽക്കരണത്തിന്റേയും അവിശ്വാസത്തിന്റേയും വിത്തുകൾ പാകാനാണ് അരാഷ്ട്രീയവൽക്കരണം വഴിതുറക്കുന്നത്. പൊതുരാഷ്ട്രീയം ഇല്ലാതായ സ്കൂളുകളിലേക്ക് മതമൗലികവാദ ഗ്രൂപ്പുകളും സാമുദായിക സംഘടനകളും തങ്ങളുടെ വിദ്യാർത്ഥി വിഭാഗങ്ങളിലൂടെ അതിവിദഗ്ദ്ധമായി നുഴഞ്ഞുകയറുകയായിരുന്നു. വിദ്യാഭ്യാസരംഗത്തെ സാമുദായിക പങ്കുവെയ്ക്കലും ചോദ്യം ചെയ്യപ്പെടാത്ത അഴിമതിയും സ്കൂളുകളിൽനിന്നുള്ള രാഷ്ട്രീയത്തിന്റെ പടിയിറക്കം ഏറ്റവും കൂടുതൽ മുതലെടുത്തത് വിദ്യാഭ്യാസ കച്ചവടക്കാരും മത-സാമുദായിക ശക്തികളുമാണ്. ജനാധിപത്യപരമായ വിദ്യാർത്ഥി സംഘടനകളുടെ ചെറുത്തുനിൽപ്പുകൾ ഇല്ലാതായതോടെ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ യാതൊരുവിധ ജനകീയ എതിർപ്പുകളുമില്ലാതെ വീതംവെച്ചെടുക്കാൻ മത, സാമുദായിക മാനേജ്‌മെന്റുകൾക്കു സാധിച്ചു. പുതിയ സ്കൂളുകൾ അനുവദിക്കുന്നതിലും എയ്ഡഡ് പദവികൾ നേടുന്നതിലും കോഴവാങ്ങി നിയമനങ്ങൾ നടത്തുന്നതിലും സാമുദായിക സമ്മർദ ഗ്രൂപ്പുകൾ മേൽക്കൈ നേടി. വിദ്യാഭ്യാസത്തിലെ അന്യായമായ കച്ചവടവൽക്കരണത്തിനെതിരേയോ സാമൂഹികനീതി നിഷേധത്തിനെതിരേയോ പ്രതികരിക്കാൻ വിദ്യാലയങ്ങളിൽ സംഘടിത ശക്തികളില്ലാതായി. ഒരുകാലത്ത് അൺഎയ്ഡഡ്, സ്വാശ്രയ സ്കൂളുകളിൽ ഫീസ് കൊള്ളയ്ക്കും മാനേജ്‌മെന്റുകളുടെ കൊടും ക്രൂരതകൾക്കുമെതിരെ ഉയർന്നിരുന്ന ശക്തമായ വിദ്യാർത്ഥി ശബ്ദങ്ങൾ അടിച്ചമർത്തപ്പെട്ടു. മാനേജ്‌മെന്റുകളുടെ ചൊൽപ്പടിക്കു നിൽക്കുന്ന കേവല പഠന യന്ത്രങ്ങളായി കുട്ടികളെ മാറ്റാൻ ഈ അരാഷ്ട്രീയവൽക്കരണത്തിലൂടെ അവർക്ക് എളുപ്പം കഴിഞ്ഞു.
കൈറ്റിന്റെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ - KITE) ഔദ്യോഗിക ‘സമേതം’ പോർട്ടലിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ആകെ സ്കൂളുകളുടെ എണ്ണം 15,214 ആണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ ഇതില്‍പ്പെടും. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ ഉള്ളത് എയ്ഡഡ് മേഖലയിലാണ്. സർക്കാർ മേഖലയിൽ 5,800-ലധികം സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ, അംഗീകൃത അൺഎയ്ഡഡ് വിഭാഗത്തിൽ 1,350-ലധികം വിദ്യാലയങ്ങളാണുള്ളത്. ഇതിനു പുറമേ നിരവധി അനംഗീകൃത സ്ഥാപനങ്ങളും സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയുടെ ഈ അധീശത്വം ചുരുക്കിപ്പറയുന്ന യാഥാര്‍ത്ഥ്യം വിദ്യാഭ്യാസമേഖല മതസാമുദായിക സംഘടനകളുടേയും കഴുത്തറുപ്പന്‍ ഫീസ് ഈടാക്കുന്ന വാണിജ്യ താല്പര്യക്കാരുടേയും നീരാളിപ്പിടുത്തത്തിലാണ് എന്നതാണ്. സ്വത്വവാദ രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതുതലമുറയെ എറിഞ്ഞുകൊടുക്കുന്നു എന്നതാണ് ഇതിന്റെയൊക്കെ സാമൂഹിക പരിണതി.
ഉന്നത വിദ്യാഭ്യാസരംഗത്തെ
കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ
സ്കൂളുകളിൽ സംഭവിച്ചതൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും കോളേജുകളിലേക്കും പടർത്താനാണ് ഇപ്പോഴത്തെ പെരുമാറ്റച്ചട്ടങ്ങൾ വഴിമരുന്നിടുന്നത്. കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പൂർണമായി നിരോധിച്ചാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കും. മുഖ്യധാരാ ജനാധിപത്യ വിദ്യാർത്ഥി സംഘടനകൾ ഇല്ലാതാകുന്ന ശൂന്യതയിലേക്ക് കടന്നുവരുന്നത് വർഗീയ, തീവ്രവാദ സ്വഭാവമുള്ള സംഘടനകളായിരിക്കും. സ്കൂളുകളിലെന്നപോലെ കോളേജ് ഹോസ്റ്റലുകളിലും ക്ലാസ്സ്മുറികളിലും മതപരമായ ചേരിതിരിവുകൾ ശക്തിപ്പെടാൻ ഇത് ഇടയാക്കും. രഹസ്യ അജന്‍ഡകളോടെ പ്രവർത്തിക്കുന്ന ഇത്തരം വിഭാഗങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ കുത്തിവെക്കാൻ അരാഷ്ട്രീയ കാമ്പസുകൾ ഏറ്റവും വളക്കൂറുള്ള മണ്ണായി മാറും. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയ സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന മതേതര കാഴ്ചപ്പാടിന് യുവസമൂഹത്തില്‍ വേരൂന്നാന്‍ ഏറെ സഹായകമാകുന്നത് കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന അവയുടെ അനുബന്ധ സംഘടനകളാണ്. കാമ്പസുകളിലെ രാഷ്ട്രീയ നിരോധനം തിരിച്ചടിയാകുന്നത് ഈ മതേതര രാഷ്ട്രീയത്തിനാകും. അതേസമയം, മത-സാമുദായിക സംഘടനകള്‍ക്കും മതരാഷ്ട്രീയത്തിനും നന്നേ ചെറുപ്പത്തിലെ പുതുതലമുറയെ പിടികൂടാന്‍ കാമ്പസുകള്‍ക്കു പുറത്തും സിവില്‍ സൊസൈറ്റി തലത്തിലും സംഘടനകളുണ്ട് എന്നും കാണണം. ബുദ്ധിയുറയ്ക്കും മുന്‍പേ കുട്ടികളെ മതപാഠശാലകളിലേക്ക് തള്ളിവിടുന്നതിനെതിരെ ഒരക്ഷരം ഉരിയാടാനില്ലാത്തവരാണ് വോട്ടവകാശം ലഭിച്ച വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയം പാടില്ലെന്ന് വാദിക്കുന്നത് എന്നതാണ് കൗതുകകരം.
കലാലയങ്ങളിൽ സജീവമായ വിദ്യാർത്ഥി സംഘടനകൾ ഉള്ളപ്പോൾ റാഗിംഗിനും കാമ്പസിനുള്ളിലെ മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ ശക്തമായ ഒരു സ്വാഭാവിക നിരീക്ഷണം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. എന്നാൽ, സംഘടനാസ്വാതന്ത്ര്യം ഇല്ലാതാകുന്നതോടെ കാമ്പസുകൾ ക്രിമിനൽ സംഘങ്ങളുടേയും ലഹരി മാഫിയകളുട്യും പൂർണ നിയന്ത്രണത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാർത്ഥി പ്രതിരോധങ്ങൾ നിലയ്ക്കുന്നിടത്ത് ലഹരിവിതരണ ശൃംഖലകൾക്ക് തഴച്ചുവളരാനുള്ള ഇടം എളുപ്പത്തിൽ രൂപപ്പെടും. കേരളത്തിന്റെ പൊതുമണ്ഡലത്തേയും ഭരണസംവിധാനങ്ങളേയും നയിക്കുന്ന തലമുറകളെ സൃഷ്ടിച്ചെടുത്തത് കാമ്പസുകളിലെ ജനാധിപത്യ രാഷ്ട്രീയമാണ്. ചോദ്യം ചെയ്യാനും വിയോജിക്കാനും സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും പൗരന്മാരെ പ്രാപ്തരാക്കുന്ന ജനാധിപത്യത്തിന്റെ നഴ്‌സറികൾ അടച്ചുപൂട്ടപ്പെടുന്നത് സംസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ നിലവാരത്തേയും ഭാവി നേതൃത്വത്തേയും വലിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും.
ഡല്‍ഹിയിലെ ജെന്‍സീ കലാപത്തിലും വിദ്യാഭ്യാസമന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃപരമായ പങ്ക് നിഷേധിക്കാനാവില്ല. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടിടത്താണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം ജയിച്ചുകയറിയത്. രാഷ്ട്രീയനിരോധനം ഉണ്ടായാല്‍ വിദ്യാഭ്യാസരംഗത്തേതുള്‍പ്പെടെയുള്ള അന്യായങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വേദിയും ഉണ്ടാകില്ലെന്നതാണ് മറ്റൊരു ഫലം.
അച്ചടക്കത്തിന്റേയും സമാധാനത്തിന്റേയും മനോഹരമായ ലേബലൊട്ടിച്ച് കാമ്പസുകളിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന അരാഷ്ട്രീയത യഥാർത്ഥത്തിൽ ക്ഷണിച്ചുവരുത്തുന്നത് കലാലയങ്ങളുടെ മതേതര സ്വഭാവത്തിന്റെ മരണമാണ്. സ്കൂളുകളിൽ സംഭവിച്ച അതേ തെറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയിലും ആവർത്തിക്കപ്പെട്ടാൽ, അത് കേരളീയ നവോത്ഥാന മൂല്യങ്ങളുടേയും മതേതര പാരമ്പര്യത്തിന്റേയും അടിത്തറ തന്നെ തകർക്കുന്ന ഒന്നായി മാറും.
വിദ്യാര്‍ത്ഥിരാഷ്ട്രീയ നിരോധനം
സംഘ്പരിവാര്‍ അജന്‍ഡ
എം. ശിവപ്രസാദ്
(എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്)
രാഷ്ട്രീയ പ്രവർത്തനത്തെ കാമ്പസുകൾക്കു പുറത്തുനിർത്താനുള്ള തീരുമാനം സംഘ്പരിവാര്‍ അജന്‍ഡയാണ്. കേരള സര്‍വകലാശാലയുടെ ഭരണം ഈയിടെയായി ആര്‍.എസ്.എസ് നിയന്ത്രണത്തിലാണ്. സംസ്ഥാന ഗവണ്‍മെന്റ് പരിപൂര്‍ണമായും സര്‍വകലാശാലയെ ആര്‍.എസ്.എസ്സിന് വിട്ടുകൊടുത്തിരിക്കുകയാണ്. സേവ് യൂണിവേഴ്സിറ്റി എന്ന സംഘടനയുടെ മുഖ്യഭാരവാഹിയും കോണ്‍ഗ്രസ്സുകാരനെന്ന് പറയപ്പെടുന്നയാളുമായ ആര്‍.എസ്. ശശികുമാറാണ് ആര്‍.എസ്.എസ്സുകാരനായ ഗവര്‍ണര്‍ക്കും സംസ്ഥാന ഗവണ്‍മെന്റിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നത്. വി.സി. കുന്നുമ്മല്‍ മോഹനനുമായി ചേര്‍ന്ന് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം.
വിദ്യാര്‍ത്ഥി സമരങ്ങള്‍ അനാവശ്യമാണ് എന്നാണ് കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഉയര്‍ത്തുന്ന വാദം. ഭരണഘടനാ അസംബ്ലി എടുത്ത തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വന്ദേമാതരം പൂര്‍ണമായും കലാശാലാവേദികളിലും മറ്റും ആലപിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള സമരം എങ്ങനെയാണ്, ആര്‍ക്കാണ് അനാവശ്യമാകുന്നത്? ഫീസ് വര്‍ദ്ധന, എല്‍.എല്‍.ബി പരീക്ഷാക്രമക്കേട് എന്നിവയ്ക്കൊക്കെ എതിരെ നടത്തുന്ന സമരം എങ്ങനെയാണ് അനാവശ്യമാകുന്നത്?
പുതിയതായി വിദേശ സര്‍വകലാശാലകള്‍ വരുമ്പോള്‍ നിര്‍ബാധമുള്ള വിദ്യാര്‍ത്ഥി ചൂഷണത്തിനുള്ള അരങ്ങൊരുക്കുകയാണോ എന്നും സംശയിക്കണം. നേരത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തപ്പോള്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍നിന്നും വ്യത്യസ്തമായി രണ്ട് ഉപാധികള്‍ വെച്ചിരുന്നു. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതായിരുന്നു ഒന്ന്. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശം ഉറപ്പുവരുത്തണം എന്നതായിരുന്നു രണ്ടാമത്തേത്. ഈ രണ്ടും സംഘ്പരിവാറിനെന്നപോലെ കമ്പോളത്തിന്റെ താല്പര്യങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങളാണ്.
വിദ്യാഭ്യാസരംഗത്ത് കഴുത്തറുപ്പന്‍ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിലെ സതീശന്‍ സര്‍ക്കാരിന്റേത്. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഓഫീസ് ഇടപെടുമ്പോള്‍, ജനവിരുദ്ധമായ നീക്കങ്ങള്‍ വരുമ്പോള്‍ അവയെ എതിര്‍ക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനു കഴിയും. എന്നാല്‍, അവര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്. രമേശ് ചെന്നിത്തലയും സതീശനുമൊക്കെ ഉള്‍പ്പെടെയുള്ള മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കളും ഉയര്‍ന്നുവന്നത് കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് എന്ന് മറക്കരുത്. വിദ്യാര്‍ത്ഥി വിരുദ്ധനയങ്ങളെ ചെറുത്തുതോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ളതെന്നും.
ഒരു ‘എക്സ്ട്രീം രേഖയാണ്’ കരട് എന്ന നിലയില്‍ അവതരിപ്പിച്ചത്. അത് പൂര്‍ണമായും ഉപേക്ഷിക്കണം. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ എസ്.എഫ്.ഐ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി കൈകോര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തീര്‍ച്ചയായും അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും സംഘ്‍വല്‍ക്കരണത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും.
ഡോ. അലോഷ്യസ് സേവിയര്‍
സംസ്ഥാന പ്രസിഡന്റ്, കെ.എസ്.യു
കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു നിരോധനം ഏര്‍പ്പെടുത്താനുള്ള ഏത് നീക്കത്തേയും കെ.എസ്.യു നഖശിഖാന്തം എതിര്‍ക്കും. കേരള വാഴ്‍സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ടുവെന്ന് പറയുന്ന രേഖ യഥാര്‍ത്ഥത്തില്‍ ഒരു ക്ലറിക്കല്‍ പ്രൊസിജ്യറിന്റെ ഭാഗമായുള്ള ചില കാര്യങ്ങളാണ്. അത് പുറത്തുവന്നത് മാധ്യമങ്ങള്‍ക്കു കിട്ടിയതാണ്. ഏതായാലും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ളത്. നിയമവിധേയമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് അനുകൂലമായ നിലപാടില്‍നിന്നും കേരളത്തിലെ ഗവണ്‍മെന്റ് പിന്നോട്ടു പോകില്ലെന്ന് ഉറപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates