പിഎം ശ്രീ വന്നാല്‍.. ഡോ. രതീഷ് കാളിയാടന്‍ എഴുതുന്നു 
Malayalam Weekly

വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ'

ഡോ. രതീഷ് കാളിയാടന്‍

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രാബല്യത്തില്‍ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിലും പഠനോപകരണങ്ങളിലും കാര്യമായ മാറ്റം പ്രതിഫലിച്ചു തുടങ്ങി. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കം കുറച്ചു. ഈ തീരുമാനത്തിന്റെ മറവില്‍ 'സംഘപരിവാരത്തിന് ഹിതമല്ലാത്ത' പാഠഭാഗങ്ങള്‍ നിഷ്‌കരുണം വെട്ടിമാറ്റി. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ വന്‍തോതില്‍ മാറ്റം വരുത്തി.

ചരിത്ര പാഠപുസ്തകങ്ങളില്‍നിന്നും മുഗള്‍ ഭരണകാലം കുടിയിറക്കപ്പെട്ടു, ഇന്ത്യാ വിഭജനം വെട്ടിമാറ്റി, പരിണാമ സിദ്ധാന്തം നിഷ്‌കാസനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനു പുതിയ വ്യാഖ്യാനങ്ങളും നേതൃനിരയും അവതരിപ്പിക്കപ്പെട്ടു. ധനതത്ത്വശാസ്ത്രം ഉള്‍പ്പെടെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍നിന്നും ദാരിദ്ര്യം എന്ന വാക്കും സങ്കല്പവും മുക്തമാക്കപ്പെട്ടു. വികസനം സംബന്ധിച്ച ചര്‍ച്ചകളെല്ലാം നീക്കം ചെയ്യപ്പെട്ടു. ഭാരതവല്‍ക്കരണ ബുദ്ധിജീവികള്‍ ശാസ്ത്രത്തേയും വെറുതെ വിട്ടില്ല. ഗണിതവും ആയുര്‍വേദവും ഉള്‍പ്പെടെ പലതും ഭാരതീയ ശാസ്ത്ര വിചാരമായി ഉള്‍പ്പെടുത്തി.

നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തിന് വിരുദ്ധമായി ബഹുസ്വര സമൂഹത്തിന്റെ നൈതികതയ്ക്ക് നിരക്കാത്തവിധം ഒഴിവാക്കലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും അറിഞ്ഞോ അറിയാതേയോ അപരവല്‍ക്കരണത്തിന്റെ ധ്വനി പ്രകടമായി. വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചാണ് കേരളം ഈ സമീപനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ഭാരതീയതയുടെ പേരില്‍ സങ്കുചിത ദേശീയതയുടെ അടയാളങ്ങള്‍ പാഠ്യപദ്ധതിയുടേയും പഠനോപകരണങ്ങളുടേയും ഭാഗമാക്കി അപരവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത് വലിയതോതില്‍ വിമര്‍ശനവിധേയമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പി.എം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 2022 സെപ്തംബര്‍ ഏഴിന് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2027 വരെ നീണ്ടുനില്‍ക്കുന്ന പഞ്ചവത്സര പദ്ധതിയായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ധാരണാപത്രം ഒപ്പുവെച്ചുവെങ്കിലും പി.എം ശ്രീ പദ്ധതി സംബന്ധമായ തുടര്‍നടപടികളിലേക്ക് ഇതുവരേയും കേരള സര്‍ക്കാര്‍ കടക്കുകയോ ഏതെങ്കിലും വിധത്തിലുള്ള ഫണ്ട് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നത് വസ്തുതയാണ്

പി.എം ശ്രീ എന്ത്? എന്തിന്?

ദേശീയ വിദ്യാഭ്യാസ നയം 2020-ലെ നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കുന്ന മാതൃക വിദ്യാലയങ്ങള്‍ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പി.എം ശ്രീ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒരു ബ്ലോക്കില്‍ പരമാവധി രണ്ട് വീതം ആകെ 14,500 വിദ്യാലയങ്ങളെയാണ് പി.എം ശ്രീ വിദ്യാലയങ്ങളായി പരിവര്‍ത്തിപ്പിക്കുക. ഇതിനായി 27,360 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിന് ആവശ്യമായി വരുന്ന തുകയുടെ 60 ശതമാനം (18,128 കോടി രൂപ) കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 40 ശതമാനം (9,232 കോടി രൂപ) സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.

പദ്ധതിയുടെ വിശദാംശങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മൂന്ന് വോള്യങ്ങളുള്ള മാര്‍ഗരേഖ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, നടത്തിപ്പ്, മോണിറ്ററിംഗ് മുതലായ എല്ലാ കാര്യങ്ങളും മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020-ലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങള്‍ എന്ന ടാഗ് ലൈനാണ് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ളത്. ആറ് ആരക്കാലുകളാല്‍ പടുത്തുയര്‍ത്തുന്ന വിദ്യാഭ്യാസ സൗധമായാണ് പി.എം ശ്രീയെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആരക്കാലും ദേശീയ വിദ്യാഭ്യാസ നയത്തിലെ അധ്യായങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ഒന്ന്: പാഠ്യപദ്ധതി സമീപനം, വിനിമയ രീതികള്‍, മൂല്യനിര്‍ണയം - ദേശീയ വിദ്യാഭ്യാസ നയത്തിലെ 1, 2, 4 , 24 അധ്യായങ്ങള്‍.

രണ്ട്: പ്രാപ്യത, ഭൗതിക സൗകര്യങ്ങള്‍ - ദേശീയ വിദ്യാഭ്യാസ നയത്തിലെ 3, 7 അധ്യായങ്ങള്‍.

മൂന്ന്: മാനവ വിഭവം, സ്‌കൂള്‍ നേതൃത്വം - ദേശീയ വിദ്യാഭ്യാസ നയത്തിലെ 5, 15 അധ്യായങ്ങള്‍.

നാല്: ഉള്‍ച്ചേര്‍ക്കല്‍ രീതികള്‍, ലിംഗനീതി - ദേശീയ വിദ്യാഭ്യാസ നയത്തിലെ ആറാം അധ്യായം.

അഞ്ച്: മാനേജ്മെന്റ്, മോണിറ്ററിംഗ്, ഭരണപരമായ കാര്യങ്ങള്‍ - ദേശീയ വിദ്യാഭ്യാസ നയത്തിലെ എട്ടാം അധ്യായം.

ആറ്: ഗുണഭോക്തൃ സംതൃപ്തി - ദേശീയ വിദ്യാഭ്യാസ നയത്തിലെ എട്ടാം അധ്യായം.

ചുരുക്കത്തില്‍ ദേശീയ വിദ്യാഭ്യാസ നയം 2020-ലെ നിര്‍ദേശങ്ങള്‍ എല്ലാം മികവാര്‍ന്ന രീതിയില്‍ നടപ്പിലാക്കുന്ന മാതൃക വിദ്യാലയങ്ങളാണ് പി.എം ശ്രീ വിദ്യാലയങ്ങള്‍.

പി.എം ശ്രീ നടപ്പിലാക്കല്‍ ഘട്ടങ്ങള്‍

ഘട്ടം 1: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കി തുടര്‍ച്ചയായ പിന്തുണ നല്‍കി നിര്‍ദിഷ്ട ഗുണത ഉറപ്പാക്കി അവയെ പി.എം ശ്രീ സ്‌കൂളുകളായി ഉയര്‍ത്തുന്നതിനുള്ള ധാരണാപത്രം സംസ്ഥാനങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഒപ്പുവയ്ക്കല്‍.

ഘട്ടം 2: പി.എം ശ്രീ സ്‌കൂളുകളായി മാറ്റാന്‍ കഴിയുന്ന നിശ്ചിത യോഗ്യതകളുള്ള സ്‌കൂളുകളെ യുഡയസ് പ്ലസ് ഡാറ്റ പ്രകാരം കണ്ടെത്തല്‍

ഘട്ടം 3: യുഡയസ് പ്ലസ് ഡാറ്റ പ്രകാരം കണ്ടെത്തിയ സ്‌കൂളുകളെ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തല്‍. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സംസ്ഥാനമാണ്.

കേന്ദ്രം നല്‍കുന്ന ധാരണാപത്രം ഒപ്പുവയ്ക്കല്‍, സാമ്പത്തികം കൈമാറുന്നതിനായി പ്രത്യേക സിംഗിള്‍ നോഡല്‍ ഏജന്‍സി അക്കൗണ്ട് സജ്ജമാക്കല്‍, സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കല്‍, ജില്ലകളില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിനും പദ്ധതി നടത്തിപ്പിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കല്‍, പദ്ധതി നടത്തിപ്പ് കാലയളവില്‍ സംസ്ഥാന ബജറ്റ് വിഹിതം ഉറപ്പാക്കല്‍, ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞാല്‍ ഉടന്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തിരഞ്ഞെടുക്കല്‍ എന്നിവയാണ് പി.എം ശ്രീപദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ധാരണാപത്രം ഒപ്പുവെച്ചുവെങ്കിലും പി.എം ശ്രീ പദ്ധതി സംബന്ധമായ തുടര്‍നടപടികളിലേക്ക് ഇതുവരേയും കേരള സര്‍ക്കാര്‍ കടക്കുകയോ ഏതെങ്കിലും വിധത്തിലുള്ള ഫണ്ട് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നത് വസ്തുതയാണ്. കിട്ടിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന 92.41 കോടി രൂപ 2023-'24 മുതല്‍ 2025-'26 വര്‍ഷം വരെ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട ഇനങ്ങളില്‍ ചെലവഴിച്ച തുകയുടെ റീ ഇംമ്പേഴ്സ്മെന്റ് തുകയുടെ ഒരു ഭാഗമാണ്.

കേരളവും പി.എം ശ്രീയില്‍!

മാര്‍ഗരേഖ പ്രകാരം 2022-'27-ലേക്ക് 14,500 സ്‌കൂളുകള്‍ക്കായി 27,360 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ കണക്കുപ്രകാരം അഞ്ച് വര്‍ഷത്തേക്ക് 571.5 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ഓരോ സ്‌കൂളിനും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 85 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുന്നത് എന്നതാണ് ഇതിനകം പദ്ധതി നടപ്പിലാക്കിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവം. അങ്ങനെയെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് കേരളത്തിന് 1,292 കോടി രൂപ മുതല്‍ 1,520 കോടി രൂപവരെ ലഭിച്ചേക്കാം. അതില്‍ 40 ശതമാനം സംസ്ഥാനം വഹിക്കണം. ചുരുക്കത്തില്‍ എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ 775.2 കോടി രൂപ മുതല്‍ 912 കോടി രൂപവരെ ലഭിക്കാം. ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്ത പി.എം ശ്രീ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന കൃത്യമായ രാഷ്ട്രീയ തീരുമാനമാണ് തുടക്കം മുതല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. മതേതര കേരളം കയ്യടിയോടെ സ്വീകരിച്ച ധീരമായ നിലപാട്.

പി.എം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതിനും ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനും പലതലങ്ങളില്‍ പലരീതിയിലുള്ള സമ്മര്‍ദം ചെലുത്തിയെന്നത് നമ്മുടെ അനുഭവമാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സെക്രട്ടറിമാരായ സഞ്ജയ് കുമാര്‍ ഐ.എ.എസ്, അനിത കര്‍വാള്‍ ഐ.എ.എസ്, ജോയിന്റ് സെക്രട്ടറി വിപിന്‍ കുമാര്‍ ഐ.എ.എസ്, ഡയറക്ടര്‍ ജെ.പി. പാണ്ഡെ മുതലായവര്‍ നിരന്തരം കത്തുകള്‍ അയച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രണ്ടിലധികം തവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതി. നേരിട്ടും അല്ലാതേയും പലവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചു. സമ്മര്‍ദതന്ത്രങ്ങളില്‍ ഒന്നും വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം കേരളീയ സമൂഹത്തിനു മുന്നിലുണ്ട്. ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഒരു കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അയച്ച വിവിധ തീയതികളിലെ കത്തുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരു കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കുന്നതിനും ഇങ്ങനെ നിരന്തരം കത്തുകള്‍ അയച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പദ്ധതി നടപ്പിലാക്കലിലെ കേന്ദ്ര താല്പര്യത്തിന്റെ തീക്ഷ്ണത ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

സമഗ്രശിക്ഷ കേരളത്തിനു ലഭിക്കേണ്ട ഫണ്ടുകളാകെ കുടിശ്ശികയാക്കി സമ്മര്‍ദം തുടര്‍ന്നു. ഒരേ ഒരു ന്യായം മാത്രമേ കേന്ദ്രത്തിനു പറയാനുള്ളൂ. നിങ്ങള്‍ പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പ്വയ്ക്കൂ; പണം നല്‍കാം. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാതെ ചെറുത്തുനിന്ന തമിഴ്നാടും ഒഡീഷയും അപ്പോഴേക്കും പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കത്ത് സമര്‍പ്പിച്ചിരുന്നു. ഒടുക്കം കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി വിപിന്‍കുമാര്‍ ഐ.എ.എസ്സുമായി നടത്തിയ ചര്‍ച്ചയില്‍ ഇപ്പോള്‍ ഒപ്പിടാനാകില്ലെങ്കില്‍ തമിഴ്നാട് മാതൃകയില്‍ കത്ത് നല്‍കിയാല്‍ 2023-'24 സാമ്പത്തിക വര്‍ഷത്തിലെ കുടിശ്ശിക തുക അനുവദിക്കാമെന്ന ധാരണയിലെത്തി. തുടര്‍ന്നാണ് തമിഴ്നാടും ഒഡീഷയും നല്‍കിയ മാതൃകയില്‍ 2023 മാര്‍ച്ച് 31-ന് കേരളം കത്ത് നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2024-'25 അക്കാദമിക വര്‍ഷം പി.എം ശ്രീ പദ്ധതി നടപ്പിലാക്കല്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന കാര്യം തീരുമാനിക്കാം എന്നതാണ് കത്തിന്റെ ഉള്ളടക്കം. ഈ കത്തില്‍ എവിടെയും പി.എം ശ്രീ പദ്ധതി സംസ്ഥാനം നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കത്ത് കാട്ടി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധമായെന്ന് വലിയതോതില്‍ പ്രചരിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, ലെഗസി ഡാറ്റ ക്ലിയറന്‍സ് നടത്തിയില്ലെന്ന തട്ടിക്കൂട്ട് ന്യായം പറഞ്ഞ് പണം അനുവദിച്ചില്ല.

പിടിച്ചുനില്‍ക്കാനാകാത്തവിധം സാമ്പത്തിക ഞെരുക്കത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തിലാണ് പി.എം ശ്രീ പദ്ധതി സംബന്ധിച്ച പുനരാലോചനയ്ക്ക് ജീവന്‍ വെച്ചത്

വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ ആവനാഴിയിലെ അമ്പുകളെല്ലാം ഇടതുപക്ഷം പ്രയോഗിച്ചു. ഗവര്‍ണറിലൂടേയും വൈസ് ചാന്‍സലര്‍മാരിലൂടേയും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടേയും മറ്റും നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഇടത് വിദ്യാര്‍ത്ഥി - യുവജന - അദ്ധ്യാപക സംഘടനകള്‍ തെരുവിലിറങ്ങി. ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് നിരക്കാത്തവിധം അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതെ ശ്വാസംമുട്ടിക്കുന്നതിനും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം നടപ്പിലാക്കുന്നതിനും എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ദില്ലിയില്‍ ചെന്ന് സമരം നടത്തി. നവകേരള സദസ്സിലൂടെ ലക്ഷക്കണക്കിന് മനുഷ്യരോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. സുപ്രീംകോടതിയില്‍ നിയമ യുദ്ധം നടത്തി. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ട് കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം അനുസ്യൂതം തുടര്‍ന്നതോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പുതുജീവന്‍ കൈവരിച്ച പൊതുവിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലായി. 2009-ലെ ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട മിനിമം കാര്യങ്ങള്‍പോലും ചെയ്യാനാകില്ലെന്ന സ്ഥിതി വന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന് 1,151.48 കോടി രൂപയാണ് കുടിശ്ശികയായത്. സൗജന്യ പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിവിധ സാമ്പത്തിക സഹായം, ഔട്ട് ഓഫ് ചില്‍ഡ്രന്‍ പദ്ധതികള്‍ക്കായുള്ള പിന്തുണ എന്നിവ പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്ത പ്രതിഭാ കേന്ദ്രങ്ങളുടെയും പട്ടികവര്‍ഗ കുട്ടികള്‍ക്കായുള്ള ഊരു വിദ്യാകേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം താറുമാറായി. സമഗ്രശിക്ഷ കേരളം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കാനാകാതെ വന്നതോടെ കുടുംബ ബജറ്റുകള്‍ താളംതെറ്റി; കുറഞ്ഞ വരുമാനക്കാരായ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലായി. പിടിച്ചുനില്‍ക്കാനാകാത്തവിധം സാമ്പത്തിക ഞെരുക്കത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തിലാണ് പി.എം ശ്രീ പദ്ധതി സംബന്ധിച്ച പുനരാലോചനയ്ക്ക് ജീവന്‍ വെച്ചത്.

സാധാരണനിലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്ര കാര്യത്തില്‍ വകുപ്പ്തല തീരുമാനം മതി. പക്ഷേ, പി.എം ശ്രീയുടെ കാര്യത്തില്‍ പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ചില മന്ത്രിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച കാര്യത്തില്‍ വീണ്ടും മന്ത്രിസഭയുടെ അംഗീകാരം നേടാതെ 2025 ഒക്ടോബര്‍ 25-ന് ഒപ്പുവെച്ചുവെന്നത് അപാകതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്തുതന്നെയായാലും പി.എം ശ്രീ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദേശ്യമല്ല; സമഗ്ര ശിക്ഷ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഫണ്ട് നേടിയെടുക്കുക എന്ന തീര്‍ത്തും ന്യായമായ ലക്ഷ്യം മാത്രമായിരുന്നു ഒപ്പിടലിനു പിന്നില്‍. അത് തിരിച്ചറിയാതെ ഭരണ - പ്രതിപക്ഷ കക്ഷികളില്‍നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നതോടെ ഒപ്പിട്ട നടപടി മരവിപ്പിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് 2025 നവംബര്‍ 12-ന് കേന്ദ്രത്തിലേക്ക് കത്ത് അയക്കുകയും ചെയ്തു.

ധാരണാപത്രത്തിലെ വ്യവസ്ഥകള്‍

മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ധാരണാപത്രത്തില്‍ 28 വ്യവസ്ഥകള്‍ ആണുള്ളത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രസക്തമായ വ്യവസ്ഥകള്‍:

1. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ എല്ലാ വ്യവസ്ഥകളും പി.എം ശ്രീ സ്‌കൂളുകളിലൂടെ നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും അതിലൂടെ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിന് മാതൃകയാവുകയും ചെയ്യുക.

2. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ പേരിനു മുന്‍പില്‍ പി.എം ശ്രീ സ്‌കൂള്‍ എന്നു ചേര്‍ക്കും. ഈ സ്‌കൂളുകള്‍ ഗുണമേന്മ വിദ്യാഭ്യാസം നല്‍കുന്ന പി.എം ശ്രീ സ്‌കൂളുകളായി നിലനിര്‍ത്തേണ്ടതുള്ളതിനാല്‍ ഇവയുടെ പേരില്‍ സംസ്ഥാനങ്ങള്‍ക്കോ യൂണിയന്‍ ടെറിട്ടറികള്‍ക്കോ കേന്ദ്രീയ വിദ്യാലയ സംഘതനുകള്‍ക്കോ നവോദയ വിദ്യാലയ സമിതികള്‍ക്കോ പിന്നീട് ഒരു മാറ്റവും വരുത്താന്‍ കഴിയുന്നതല്ല. (പദ്ധതി അവസാനിപ്പിച്ചാലും പി.എം ശ്രീ സ്‌കൂള്‍ എന്ന പേര് തുടരും എന്നര്‍ത്ഥം).

3. ഈ പദ്ധതിയുടെ ഫണ്ടിംഗ്, സാമ്പത്തിക വിനിമയ നടപടികള്‍ എന്നിവ അതാത് സമയങ്ങളില്‍ ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന ക്രമമനുസരിച്ചാവും.

4. ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപന - പഠന പ്രക്രിയകള്‍ മെച്ചപ്പെടുത്തല്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി എന്‍.ജി.ഒ/സി.എസ്.ഒ/കോര്‍പ്പറേറ്റുകള്‍ എന്നിവരുമായി അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ അടിസ്ഥാനത്തിലുള്ള സഹകരണം ഉറപ്പാക്കുക.

5. നൂതനമായ/ഫ്‌ലക്‌സിബിള്‍ ആയ ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് ജില്ലാതല കമ്മിറ്റി തീരുമാനിക്കും. സ്‌കൂളിന് അനുവദിച്ച ബജറ്റിന്റെ ഏകദേശം 40 ശതമാനം നൂതനമായ ഫ്‌ലക്‌സിബിള്‍ ഫണ്ട് ആയി അനുവദിക്കും.

6. പദ്ധതിയോടുള്ള അവരുടെ പൂര്‍ണ പ്രതിബദ്ധതയും പിന്തുണയും സംസ്ഥാനങ്ങള്‍ ഉറപ്പാക്കും. ഈ സ്‌കൂളുകളെ പി.എം ശ്രീ സ്‌കൂളുകളായി വികസിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ തുടര്‍സഹായം നല്‍കുന്നത് സ്‌കൂള്‍ ക്വാളിറ്റി അസ്സെസ്മെന്റ് ഫ്രെയിംവര്‍ക്കിലും സമഗ്രശിക്ഷയുടെ പ്രകടന സൂചകങ്ങള്‍ അനുസരിച്ച് കാണിക്കുന്ന മികവിനെ അടിസ്ഥാനപ്പെടുത്തിയും ആയിരിക്കും.

7. വര്‍ഷത്തിനുശേഷം പി.എം ശ്രീ സ്‌കൂളുകള്‍ അതത് സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും പി.എം ശ്രീ സ്‌കൂളുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തുടരുകയും ചെയ്യും.

8. ധാരണാപത്രം ഒപ്പിട്ട തീയതി മുതല്‍ എം.ഒ.യു പ്രാബല്യത്തില്‍ വരുന്നതും അത് 31.3.2027 വരെയോ അല്ലെങ്കില്‍ സ്‌കീം അംഗീകാരങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് നിശ്ചയിക്കുന്ന മറ്റേതെങ്കിലും തീയതി വരെയോ സാധുതയുള്ളതായിരിക്കും.

പി.എം ശ്രീയില്‍നിന്ന് സംസ്ഥാനത്തിന് പിന്‍വാങ്ങാനാകുമോ?

ധാരണാപത്രത്തില്‍ ഒപ്പ്വെച്ച സ്ഥിതിയില്‍ പി.എം ശ്രീ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണ്. എന്നാല്‍, ധാരണാപത്രത്തിലെ വ്യവസ്ഥ 'xxv. പൊതുജന താല്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ ഗവണ്‍മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ്'' എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറാന്‍ ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണം.

ഈ ധാരണാപത്രത്തില്‍ എവിടെയും സംസ്ഥാന സര്‍ക്കാരിനു പിന്മാറാനുള്ള അവസരം ഉള്‍പ്പെടുത്തിയിട്ടില്ല. 'xxvi. കരാറിലെ നിബന്ധനകളില്‍ എന്തെങ്കിലും ഭേദഗതി വരുത്തുകയോ മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ഇരുകക്ഷികളുടേയും പരസ്പര സമ്മതത്തോടെ നിറവേറ്റുന്നതാണ്.''

''xxvii. കരാറിന്റെ വ്യാഖ്യാനം, നിബന്ധനകള്‍, വ്യവസ്ഥകള്‍ നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കമോ വ്യത്യാസമോ ഉണ്ടായാല്‍ വിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യമായ എല്ലാ നടപടികളും ഇരുകക്ഷികളും എടുക്കും. ഡല്‍ഹിയിലെ അധികാരപരിധിക്കുള്ളില്‍ ഉചിതമായ ഫോറത്തില്‍ ഉചിതമായ പ്രതിവിധി തേടാന്‍ കക്ഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'' എന്നീ വ്യവസ്ഥകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.

നിയമപരമായ സാധ്യതകള്‍ക്കപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് പി.എം ശ്രീ വിഷയത്തില്‍ മതേതര കേരളം പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രത്യേക സാമ്പത്തിക സമ്മര്‍ദ സാഹചര്യം പരിഗണിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടുവെങ്കിലും പദ്ധതി നടപ്പിലാക്കുകയില്ലെന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വി. ഡി. സതീശന്‍ സര്‍ക്കാറിനും തുടരാനാകും.

പി.എം ശ്രീ പദ്ധതിയും അനുബന്ധ ചര്‍ച്ചകളും അക്കാദമിക വിഷയം എന്നതിനപ്പുറം രാഷ്ട്രീയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഓണത്തിനിടയിലെ പൂട്ടുകച്ചവടംപോലെ പി.എം ശ്രീ സംബന്ധമായ ചര്‍ച്ചകളെ മുസ്ലിംലീഗ് വേഴ്സസ് പി.എം ശ്രീ എന്നു ചുരുക്കിക്കെട്ടാനുള്ള ബോധപൂര്‍വമായ ശ്രമവും നടക്കുന്നുണ്ട്. പി.എം ശ്രീ പദ്ധതിയുടെ രാഷ്ട്രീയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നും എതിര്‍പ്പ് മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്നതിലൂടെ അനാവരണം ചെയ്യപ്പെടുന്നത് അപരവല്‍ക്കരണത്തിന്റെ മറ്റൊരു മുഖമാണ്. അത്തരം ചുരുക്കിക്കെട്ടലുകള്‍ക്കെതിരെ കൂടി പ്രതിഷേധം തീര്‍ക്കുമ്പോള്‍ മാത്രമേ വിശാലമായ അര്‍ത്ഥത്തില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. പ്രശ്‌നം ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ രീതിയില്‍ ബഹുസ്വര സമൂഹത്തിന്റെ അന്തസ്സിനു ക്ഷതമേല്പിക്കുന്ന പാഠ്യപദ്ധതിയും പഠനോപകരണങ്ങളും വേണ്ടതുണ്ടോ എന്നതാണ്. അപരവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ ഇടയുള്ള പാഠങ്ങള്‍ തുടരേണ്ടതുണ്ടോ എന്നത് മാത്രമാണ് ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാകണം പി.എം ശ്രീ പദ്ധതിയോടുള്ള അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങള്‍. അതില്‍നിന്നു വ്യതിചലിച്ചുള്ള പ്രതികരണങ്ങളിലൂടെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്നും ഒഴിഞ്ഞുമാറുന്നത് ജനാധിപത്യ സംവാദങ്ങള്‍ക്ക് ഭൂഷണമല്ല.

പി.എം ശ്രീ സ്‌കൂളുകള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദേശിച്ച ഘടനയിലേക്ക് മാറേണ്ടിവരും

സര്‍ക്കാറിനു മുന്നില്‍ ഇനിയെന്ത്?

പി.എം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാറിനു മുന്നില്‍ രണ്ട് മാര്‍ഗങ്ങളേയുള്ളൂ. അതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയേ നിര്‍വാഹമുള്ളൂ.

ഒന്ന്: ധാരണാപത്രം ഒപ്പിട്ടതിനാല്‍ പദ്ധതി നടപ്പിലാക്കി ദേശീയ വിദ്യാഭ്യാസ നയം 2020-ലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ പരിവര്‍ത്തിപ്പിക്കുക (അതുവഴി കേന്ദ്ര സര്‍ക്കാറിന്റെ പ്രീതി പിടിച്ചുപറ്റി പണം കൈപ്പറ്റുകയും നിങ്ങള്‍ ഒപ്പിട്ടത് ഞങ്ങള്‍ക്കായി മാറ്റാന്‍ നിയമം അനുവദിക്കുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് കേന്ദ്രത്തിന് വിധേയപ്പെടുകയും ചെയ്യാം).

രണ്ട്: വരുംവരായ്കകള്‍ എന്തൊക്കെ തന്നെയായാലും പി.എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന ദൃഢവും സുവ്യക്തവുമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക.

തീരുമാനം എന്തായാലും സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളി ചെറുതല്ല. പി.എം ശ്രീ സ്‌കൂളുകള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദേശിച്ച ഘടനയിലേക്ക് മാറേണ്ടിവരും. നിലവിലെ 2+4+3+3+2 ഘടനയ്ക്ക് പകരം അഞ്ച് വര്‍ഷത്തെ ഫൗണ്ടേഷണല്‍, മൂന്ന് വര്‍ഷത്തെ പ്രിപ്പറേറ്ററി, മൂന്ന് വര്‍ഷത്തെ മിഡില്‍, നാല് വര്‍ഷത്തെ സെക്കന്ററി എന്ന 5+3+3+4 ഘടന നടപ്പിലാക്കുമ്പോള്‍ എല്ലാ വിദ്യാലയങ്ങളിലും മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ ആരംഭിക്കണം. 1, 2 ക്ലാസുകള്‍ കൂടി അതിനോട് ചേര്‍ത്താണ് ഫൗണ്ടേഷണല്‍ ഘട്ടം നടപ്പിലാക്കേണ്ടത്. സെക്കണ്ടറി ഘട്ടം ഒന്‍പതാം ക്ലാസ് മുതലാണെന്നതിനാല്‍ നിലവില്‍ സെക്കണ്ടറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എട്ടാം ക്ലാസിനെ അവിടെനിന്നും അടര്‍ത്തിമാറ്റി അപ്പര്‍ പ്രൈമറിയുടെ ഭാഗമാക്കണം. ആറാം ക്ലാസ് മുതല്‍ വൊക്കേഷണല്‍ വിദ്യാഭ്യാസം നടപ്പിലാക്കണം. ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദേശിക്കുന്നതും നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) തയ്യാറാക്കിയതുമായ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, ഇതര പഠനോപകരണങ്ങള്‍, മൂല്യനിര്‍ണയ രീതികള്‍ എന്നിവ ഈ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും നടപ്പിലാക്കണം. ദേശീയ തലത്തില്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിക്ക് പ്രാദേശിക മുഖം (ലോക്കല്‍ ഫ്‌ലേവര്‍) നല്‍കാമെന്ന് നയരേഖ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം പാഠ്യപദ്ധതിയെ പിന്തുണക്കുന്നില്ലെന്ന് മാത്രല്ല, എസ്.സി.ഇ.ആര്‍.ടികള്‍ പരിഭാഷ മാത്രം നടത്തിയാല്‍ മതിയെന്നാണ് നിലപാട്. കുട്ടികളെ ''ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലേക്ക് നയിക്കുക'' കൂടി ഈ പദ്ധതിയുടെ ലക്ഷ്യമാണ്. പി.എം ശ്രീ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖയും അതിലെ വിശദാംശങ്ങളെല്ലാം ആറ്റിക്കുറുക്കിയ വ്യവസ്ഥകളുള്ള ധാരണാപത്രവും നിലനില്‍ക്കെ കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഇതര പഠനോപകരണങ്ങളും ഉപയോഗിച്ച് ഹലാലാക്കി പി.എം ശ്രീ പദ്ധതി നടപ്പിലാക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും.

---

(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലെ വിദ്യാഭ്യാസ വിദഗ്ദ്ധനും സ്‌കോള്‍ കേരള മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ഡോ. രതീഷ് കാളിയാടന്‍)

Reference:

PM SHRI Schools Framework on School Transformation Part 1: Vision, Mission, Pillars and Selection Methodology, Ministry of Education, New Delhi.

PM SHRI Schools Framework on School Transformation Part 2: Implementation and Programmatic Guidelines, Ministry of Education, New Delhi.

PM SHRI Schools Framework on School Transformation Par 3t : School Quality Assessment Framework, Ministry of Education, New Delhi.

An article by Ratheesh Kaliyadan, who had served as the additional private secretary to the then chief minister Pinarayi Vijayan, has sparked a row in the PM SHRI debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതൻറെ സത്യപ്രതിജ്ഞ ജയിലിൽ;നാളെ രാവിലെ 11ന്

'ഡോഗ് സ്‌ക്വാഡ് ആണ് പ്രശ്‌നം'; മന്നം സമാധിയില്‍ ആര്‍ക്കും വിലക്കില്ലെന്ന് സുകുമാരന്‍ നായര്‍

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ആശങ്ക

വലിയ ബാറ്ററി, പോര്‍ട്ടബിള്‍ ചാര്‍ജര്‍, റേഞ്ച് 187 കിലോമീറ്റര്‍; വിഡ വിഎക്‌സ്2 പ്ലസ് 4 വിപണിയില്‍

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം