ഇന്ത്യാ മുന്നണി യോഗം  Samakalika Malayalam
Malayalam Weekly

വളരുന്ന ഹിന്ദുരാഷ്‍ട്രീയം; തളരുന്ന ‘ഇന്‍ഡ്യ’

നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്കും ജനാധിപത്യ പ്രക്രിയയ്ക്കും നേരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്നും നിരന്തരമായ അട്ടിമറി ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന ആരോപണം വ്യാപകമാകുമ്പോള്‍ത്തന്നെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ‘ഇന്‍ഡ്യാ’ മുന്നണിയുടെ അവസ്ഥ എന്താണ്?

സതീശ് സൂര്യന്‍

രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്കും ജനാധിപത്യ പ്രക്രിയയ്ക്കും നേരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്നും നിരന്തരമായ അട്ടിമറി ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന ആരോപണം കടുത്ത ഭാഷയില്‍ ആവര്‍ത്തിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾ വീണ്ടുമൊരു തവണകൂടി രംഗത്തെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന രണ്ട് പ്രധാന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കു വഴിവെച്ചത്. മദ്ധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിർദേശ പത്രിക തള്ളിയതും പശ്ചിമ ബംഗാളിൽ ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ദുരൂഹമായ തീപ്പിടിത്തവുമാണ് പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

മദ്ധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്കെതിരെയുള്ള ഒരു കേസിന്റെ വിവരങ്ങൾ മറച്ചുവെച്ചു എന്നതായിരുന്നു പത്രിക തള്ളാനുള്ള ഔദ്യോഗിക കാരണം.

എന്നാൽ, മറ്റൊരു കോൺഗ്രസ് നേതാവിനെതിരെയുള്ള പരാതിയിൽ അച്ചടക്കനടപടി എടുത്തില്ല എന്നതിന്റെ പേരിൽ മാത്രമാണ് മീനാക്ഷി നടരാജന്റെ പേര് ആ കേസിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് എന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും തെരഞ്ഞെടുപ്പ് ഹർജിയിലൂടെ വിഷയം ഹൈക്കോടതിയിൽ ഉന്നയിക്കാൻ നിർദേശിക്കുകയും ചെയ്തു. ബി.ജെ.പിക്ക് രാജ്യസഭാ സീറ്റ് എളുപ്പത്തിൽ ഉറപ്പാക്കുന്നതിനുവേണ്ടി അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പത്രിക തള്ളുകയായിരുന്നു എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം. കേവലം സാങ്കേതിക കാരണങ്ങൾ നിരത്തി പ്രതിപക്ഷ സ്ഥാനാർത്ഥികളെ മത്സരത്തില്‍നിന്നും വിലക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അവർ വാദിക്കുന്നു.

മുന്നണിയോഗത്തിലേക്ക് രാഹുല്‍ ഗാന്ധി

ഇ.വി.എം ഗോഡൗണിലെ തീപ്പിടിത്തം

ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള മറ്റൊരു കടന്നുകയറ്റമായി തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത് കൊൽക്കത്തയിലെ അലിപ്പൂരിൽ നടന്ന തീപ്പിടിത്തമാണ്. സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും മറ്റ് സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന ഒന്‍പതുനില കെട്ടിടത്തിലാണ് വൻ തീപ്പിടിത്തം ഉണ്ടായത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തോളം മണ്ഡലങ്ങളിൽ ഉപയോഗിച്ച നാലായിരത്തോളം ഇ.വി.എമ്മുകൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഈ യന്ത്രങ്ങൾ പൂർണമായും കത്തിനശിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ തുടങ്ങിയ തീ, ഇടയ്ക്കുള്ള നിലകളെ കാര്യമായി ബാധിക്കാതെ കൃത്യമായി ഇ.വി.എമ്മുകൾ സൂക്ഷിച്ചിരുന്ന മുകളിലത്തെ നിലകളിലേക്ക് മാത്രം പടർന്നു എന്നത് ദുരൂഹമാണ്. സംഭവത്തിനു പിന്നിൽ വ്യക്തമായ അട്ടിമറി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനു പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ടെന്നും സി.പി.ഐ.എമ്മും തൃണമൂൽ കോൺഗ്രസ്സുമൊക്കെ ആരോപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിസ്സംഗതയേയും അവർ ചോദ്യം ചെയ്യുന്നു. തീപ്പിടിത്തത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന കാര്യത്തില്‍ സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ഇടപെടലുകൾക്കു പുറമെ, രാജ്യത്തെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ ഭരണപക്ഷം തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷം ഈ വിഷയങ്ങൾക്കൊപ്പം ശക്തമായി ഉന്നയിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും അവർക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന തരത്തിൽ ജുഡീഷ്യൽ പ്രക്രിയകളെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നാണ് പ്രധാന വിമർശനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), യു.എ.പി.എ (UAPA) തുടങ്ങിയ കർശനമായ നിയമങ്ങൾ ചുമത്തി എതിർശബ്ദങ്ങളെ ജയിലിലടയ്ക്കുമ്പോൾ, അവർക്ക് ജാമ്യം ലഭിക്കുന്നത് പരമാവധി വൈകിപ്പിക്കാൻ സർക്കാർ തലത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. വിചാരണ അനന്തമായി നീളുന്നതിലൂടെ നീതിന്യായ പ്രക്രിയ തന്നെ രാഷ്ട്രീയ എതിരാളികൾക്കുള്ള ഒരു ശിക്ഷയായി മാറുന്ന അവസ്ഥയാണുള്ളത്.

സർക്കാരിന് അനുകൂലമല്ലാത്ത വിധികൾ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ സ്ഥലം മാറ്റുന്ന പ്രവണതയും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും സുപ്രീംകോടതി കൊളീജിയവും തമ്മിലുള്ള നിരന്തരമായ തർക്കങ്ങളും ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതിനുപുറമെ, പൗരന്മാരുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടതും ഭരണഘടനാപരമായ വലിയ പ്രാധാന്യമുള്ളതുമായ പല സുപ്രധാന കേസുകളും അടിയന്തരമായി പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന കോടതികളുടെ സമീപനവും പ്രതിപക്ഷത്തിന്റെ വിമർശനത്തിനു കാരണമായിട്ടുണ്ട്. ഭരണകൂടത്തിന്റെ തെറ്റായ നടപടികളെ തിരുത്താനും പൗരാവകാശങ്ങൾ സംരക്ഷിക്കാനും ബാധ്യതയുള്ള ജുഡീഷ്യറിയെ ഭയപ്പെടുത്തിയും പരോക്ഷമായി സ്വാധീനിച്ചും വരുതിയിലാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തോണ്ടുന്നതിന് തുല്യമാണെന്നാണ് അവരുടെ വാദം.

ജനാധിപത്യത്തിനു നേരെയുള്ള ഭരണകൂടത്തിന്റെ ആക്രമണങ്ങളുടെ പട്ടികയിൽ പ്രതിപക്ഷം ഇന്ന് ഏറ്റവും പ്രധാനമായി എടുത്തുകാണിക്കുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലുകളാണ്. യു.പി.എയുടേയും തങ്ങൾക്കു വഴങ്ങാത്ത പ്രതിപക്ഷ ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്താനും, എതിർശബ്ദങ്ങളെ ഇല്ലാതാക്കാനും കേന്ദ്രം ഈ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നുവെന്നാണ് മുഖ്യ ആരോപണം. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന വ്യാപകമായ റെയ്ഡുകളും തുടർന്നുള്ള അറസ്റ്റുകളും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നു. കർശനമായ വകുപ്പുകൾ ചുമത്തുന്നതിനാൽ അറസ്റ്റിലാകുന്ന നേതാക്കൾക്ക് മാസങ്ങളോളമോ വർഷങ്ങളോളമോ ജാമ്യം ലഭിക്കാത്ത സാഹചര്യവുമുണ്ട്. കേസിന്റെ അന്തിമവിധി എന്തായാലും വിചാരണത്തടവുകാരായി അവരെ ജയിലിലടച്ച് രാഷ്ട്രീയ പോരാട്ടങ്ങളിൽനിന്നും മാറ്റിനിർത്തുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അന്വേഷണ ഏജൻസികളുടെ നടപടികളിലെ ഇരട്ടത്താപ്പും വലിയ വിമർശനങ്ങൾക്കു വഴിവെച്ചിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ആലിപ്പൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം കത്തി നശിച്ചപ്പോള്‍

അന്വേഷണ ഏജന്‍സിയെന്ന വാഷിംഗ് മെഷീന്‍

എതിരാളികളായ രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയും അവര്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നാല്‍ കേസ് കേസിന്റെ വഴിക്ക് പോകുകയും ചെയ്യുന്ന പ്രതിഭാസത്തെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കുറച്ചുകാലം മുന്‍പ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ കുറിച്ചത് “Come with Modi - Erase all your stains and earn lots of money.” എന്നാണ്. ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാക്കൾ പിന്നീട് ഭരണപക്ഷത്തേക്ക് ചേക്കേറുന്നതിന്റെ കണക്കുകൾ തീര്‍ച്ചയായും ഈ നടപടികൾക്കു പിന്നിലെ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തെളിവാകുന്നുണ്ട്. 2014 മുതൽ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലായിരുന്ന 25 പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് പിന്നീട് ബി.ജെ.പിയിൽ ചേർന്നത്. അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ബി.ജെ.പിയിൽ ചേരുന്ന നിമിഷം അവർക്കെതിരെയുള്ള അന്വേഷണങ്ങൾ മരവിപ്പിക്കുകയോ ഫയലുകൾ അടച്ചുപൂട്ടുകയോ ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം ‘വാഷിംഗ് മെഷീൻ’ രാഷ്ട്രീയം എന്ന പരിഹാസത്തില്‍ കഴമ്പുണ്ടെന്നു തന്നെയാണ് കാണിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്ത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരങ്ങൾക്കുമേൽ ഇത്തരം ഏജൻസികൾ നടത്തുന്ന നിരന്തരമായ കടന്നുകയറ്റങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയും പിന്നീട് ബി.ജെ.പിയിൽ ചേരുകയും ചെയ്ത പ്രതിപക്ഷ നേതാക്കളെക്കുറിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ പോലുള്ള മാധ്യമങ്ങള്‍ സമഗ്രമായ അന്വേഷണ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ഇതു സംബന്ധിച്ച് നിർണായകമായ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഈ റിപ്പോർട്ട് പ്രകാരം, അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിട്ട 25 പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് ഈ കാലയളവിൽ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോൺഗ്രസ്, എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ വിവിധ പാർട്ടികളിൽനിന്നുള്ള പ്രമുഖ നേതാക്കളാണ് ഈ പട്ടികയിലുള്ളത്. ഹിമന്ത ബിശ്വ ശർമ്മ, സുവേന്ദു അധികാരി, അശോക് ചവാൻ, അജിത് പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയ പ്രമുഖർ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന സമയത്ത് ബി.ജെ.പിയിലോ എൻ.ഡി.എയിലോ എത്തുകയും പിന്നീട് അവർക്കെതിരെയുള്ള കേസുകളിൽ മെല്ലെപ്പോക്ക് ഉണ്ടാകുകയും ചെയ്തതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ നടപടിയും ഇ.വി.എം സൂക്ഷിച്ച കേന്ദ്രത്തിലെ ദുരൂഹമായ തീപ്പിടിത്തവും ജുഡീഷ്യറിക്കുമേലുള്ള അദൃശ്യമായ സമ്മർദവും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഈ വേട്ടയാടലുമെല്ലാം കൂട്ടിവായിക്കുമ്പോൾ ഇന്ത്യയുടെ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദത്തിനു വലിയ ഗൗരവമാണ് കൈവരുന്നത്. ഭരണഘടനാസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവവികാസങ്ങളെല്ലാം വിരൽചൂണ്ടുന്നത്. ജനാധിപത്യ പ്രക്രിയയിലെ വിശ്വാസ്യത വീണ്ടെടുക്കാൻ ഈ ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണവും തിരുത്തൽ നടപടികളും അനിവാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ നടപടിയും ഇ.വി.എം ഗോഡൗണിലെ തീപ്പിടിത്തവും പോലുള്ള സംഭവങ്ങൾക്കൊപ്പം ജുഡീഷ്യറിക്കുമേലുള്ള കടന്നുകയറ്റവും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതുമൊക്കെ സംബന്ധിച്ച ആരോപണങ്ങള്‍ വൃഥാ ആരോപണങ്ങളെന്ന് തീര്‍ച്ചയായും കരുതുക വയ്യ. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും സമാനതകളില്ലാത്ത ഭീഷണിയാണ് നേരിടുന്നത് എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് കാണാതിരിക്കാനും ആകില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരവികേന്ദ്രീകരണവും സന്തുലിതാവസ്ഥയും (checks and balances) ബി.ജെ.പി ഗവണ്‍മെന്റ് ബോധപൂർവം തകർക്കുകയാണെന്ന ആരോപണം നരേന്ദ്ര മോദി അധികാരത്തിലേറിയ നാളുകള്‍ തൊട്ട് അന്തരീക്ഷത്തിലുണ്ട്.

ഇന്ത്യ മുന്നണിയോഗം

ഹിന്ദുരാഷ്ട്രവും ഇന്‍ഡ്യ’യും

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾക്കുമേൽ ഭരണകൂടം പൂർണമായി പിടിമുറുക്കുകയും അതിന്റെ അസ്തിവാരം തകര്‍ത്തുകളഞ്ഞ് അവിടെ മതരാഷ്ട്രത്തിന്റെ ഏകശിലാനിര്‍മിതമായ സൗധം പണിതുയര്‍ത്തപ്പെടുകയും ചെയ്യുന്ന ഇങ്ങനെയൊരു ചരിത്രസന്ദര്‍ഭത്തിൽ, പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ‘ഇന്ത്യ’ മുന്നണിയുടെ അവസ്ഥയെന്താണ്? വെറുമൊരു ചീട്ടുകൊട്ടാരമായി പ്രതിപക്ഷമുന്നണി തകർന്നടിയുന്ന കാഴ്ച ജനാധിപത്യത്തെ സംബന്ധിച്ച് ഒട്ടും ശുഭോദര്‍ക്കമല്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സമകാലിക ഇന്ത്യൻ രാഷ്ട്രീയം നൽകുന്നത് അത്തരമൊരു ചിത്രമാണ്. അധികാരത്തിന്റെ സമ്പൂർണ കേന്ദ്രീകരണവും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള നിരന്തരമായ വേട്ടയാടലുകളും കൊണ്ടും മാധ്യമങ്ങളെ വിലയ്ക്കെടുത്തും ജുഡീഷ്യറിയെ ചൊല്‍പ്പടിക്കു നിര്‍ത്തിയും പ്രതിപക്ഷത്തെ ശ്വാസംമുട്ടിക്കുമ്പോള്‍ അവയെയൊക്കെ രാഷ്ട്രീയമായി നേരിടുന്നതിൽ ഈ സഖ്യം തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള പോരാട്ടം കേവലം വൈകാരികമായ പ്രസ്താവനകളിൽ ഒതുങ്ങുകയും പ്രായോഗിക രാഷ്ട്രീയത്തിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു.

ഇന്‍ഡ്യാ മുന്നണിയുടെ തകർച്ചയുടെ ഒന്നാമത്തേയും മുഖ്യവുമായ കാരണം സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളാണ്. സ്വാതന്ത്ര്യാനന്തരം അതിനെ പിടികൂടിയ ‘ഡൈനാസ്റ്റി പൊളിറ്റിക്സ്’ എന്ന ഭൂതം അതിനെ അടുത്തകാലത്തൊന്നും ഉപേക്ഷിച്ചുപോകുന്ന മട്ടില്ല. നിലവിൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷസ്ഥാനം പോലെയുള്ള ഔദ്യോഗിക ഭാരവാഹിത്വങ്ങളൊന്നും രാഹുൽ ഗാന്ധി വഹിക്കുന്നില്ല. പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ഒരു പ്രധാന അംഗമായിട്ടാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്. 2017 മുതൽ 2019 വരെ അദ്ദേഹം പാർട്ടി അധ്യക്ഷനായിരുന്നുവെങ്കിലും പിന്നീട് ആ സ്ഥാനം ഒഴിയുകയായിരുന്നു. എന്നാലും അദൃശ്യനും അരൂപിയുമായ ഹൈക്കമാന്‍ഡ് എന്നു വിളിക്കുന്ന സംവിധാനത്തില്‍ അദ്ദേഹത്തിനു പരമപ്രധാന സ്ഥാനമാണുള്ളത്. പ്രവിശ്യകളിലെ കലഹിക്കുന്ന സത്രപികളെ അനുരഞ്ജനത്തിന്റെ പാതയില്‍ കൊണ്ടുവരുന്നതിനു മിക്കപ്പോഴും അദ്ദേഹത്തിന്റെ അവസാനവാക്ക് മതിയാകുമെന്നാണ് അനുഭവം. മറ്റേതെങ്കിലും സി.ഡബ്ല്യു.സി അംഗത്തിന് അദ്ദേഹത്തിനുള്ളതുപോലെ ഒരു ശാസനാധികാരം ലഭിക്കുമോ എന്ന ചോദ്യം ‘രാജവാഴ്ച’ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ അപ്രസക്തവുമാണ്. കഴിഞ്ഞയാഴ്ച രാമചന്ദ്രഗുഹ ദ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ വിരല്‍ചൂണ്ടിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ അടിസ്ഥാന ദൗര്‍ബല്യത്തിലേക്കാണ്. ഇന്ത്യയില്‍ ലോകസഭയിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലേറെയും നൂറ്റാണ്ടിനപ്പുറം ആയുസ്സവകാശപ്പെടുന്ന ആ പാര്‍ട്ടി വെറും ജൂനിയര്‍ പാര്‍ട്ണര്‍ മാത്രമായിരിക്കെ ഈ ഡൈനാസ്റ്റി പോളിറ്റിക്സ് സംഘടനാപരമായി വലിയ തകര്‍ച്ചയിലേക്ക് നയിക്കുമെന്നതാണ് വാസ്തവം.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന വിമർശനങ്ങൾ കേവലം വ്യക്തിപരമല്ല; മറിച്ച് അതൊരു വലിയ രാഷ്ട്രീയ പ്രതിസന്ധിയുടെ ലക്ഷണം കൂടിയാണ്. രാമചന്ദ്ര ഗുഹയെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നതുപോലെ, കുടുംബ പാരമ്പര്യത്തിന്റെ തണലിൽ മാത്രം നിലനിൽക്കുന്ന ഒരു നേതൃത്വത്തിന് അതിസങ്കീർണമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെ നിയന്ത്രിക്കാൻ കഴിയില്ല. പാർട്ടിക്കുള്ളിലെ ഉപജാപക സംഘങ്ങളുടേയും സ്വകാര്യ താൽപ്പര്യ ഗ്രൂപ്പുകളുടേയും തടവുകാരനായി നേതൃത്വം മാറുമ്പോൾ നഷ്ടപ്പെടുന്നത് സുതാര്യമായ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയാണ്. ഇതിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ജി 23 നേതാക്കളുടെ കലാപവും ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കും. തിരുത്തൽ ശക്തികളെ ഉൾക്കൊള്ളാൻ കഴിയാത്തവിധം ആഭ്യന്തര ജനാധിപത്യം ദുർബലമായിരിക്കുന്നുവെന്നത് മുന്നണിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു. മിക്കപ്പോഴും ശത്രുപാളയത്തിൽനിന്നുള്ള ആക്രമണങ്ങളേക്കാൾ ഇന്ത്യ മുന്നണിയെ തളർത്തുന്നത് സ്വന്തം നിരയിലുള്ളവരുടെ തന്നെ വഞ്ചനകളാണ്. തെലങ്കാനയിലെ ഗ്രൂപ്പുവഴക്കിന്റെ ബാക്കിപത്രം എന്ന നിലയില്‍ കൂടിയാണ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിർദേശ പത്രിക തള്ളപ്പെട്ട സംഭവത്തെ കാണേണ്ടത്. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ വീഴ്ത്താൻ സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗം എതിർപക്ഷത്തിന് രഹസ്യങ്ങൾ ചോർത്തി നൽകുന്ന അവസ്ഥ കോൺഗ്രസ്സിന്റെ സംഘടനാസംവിധാനം എത്രത്തോളം ജീർണിച്ചു എന്നതിന്റെ നേർച്ചിത്രമാണ്. എന്നാല്‍, പഴയകാലങ്ങളിലെ പ്രതാപം കൈവിടാത്ത കാരണവന്മാരെപ്പോലെ പ്രതിപക്ഷസഖ്യത്തിനുള്ളില്‍ അത് അനാശാസ്യകരമായ മേല്‍ക്കോയ്മാ നിലപാടുകള്‍ തുടരുകയും ചെയ്യുന്നു.

ഏകകക്ഷി ഭരണം എന്ന സ്വപ്നം ഒരുകാലത്തും കയ്യൊഴിയാന്‍ തയ്യാറില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിപ്പോള്‍ അധികാര രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കൊപ്പം മത്സരിക്കാമെന്ന അവസ്ഥയെ തല്‍ക്കാലം അംഗീകരിച്ചിരിക്കുന്നു. അത്തരമൊരു ബൈനറിയിലേക്ക് സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെ പതുക്കെ പതുക്കെ മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗം കയ്യടക്കിവെച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളേയും ആര്‍.എസ്.എസ്സിനേയും സംബന്ധിച്ചിടത്തോളം ഏറെ അഭിലഷണീയമായ ഒരു ഇരുധ്രുവ രാഷ്ട്രീയവ്യവസ്ഥയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് യത്നിക്കുന്നത്. ഇടക്കാലത്ത് രാജ്യത്തിന്റെ സാംസ്കാരികമായ ബഹുലത എന്നപോലെ രാഷ്ട്രീയമായ ബഹുലതയേയും അംഗീകരിക്കുക എന്ന വിനയം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു എന്നും ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്. ആ നിലപാടിന്റെ കൂടി സൃഷ്ടിയായിരുന്നു യു.പി.എയും ഒന്നാമത്തെ യു.പി.എ ഗവണ്‍മെന്റും. 2004 ജൂലൈയില്‍ ഷിംലയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞതിങ്ങനെ: “നിലവിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി, തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മതേതര കക്ഷികളുമായി അനുയോജ്യമായ തെരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും അതിന്റെ സഖ്യകക്ഷികളേയും പരാജയപ്പെടുത്താൻ വേണ്ടിവരുന്ന ഏതൊരു ത്യാഗവും വലുതല്ല.”

രാഷ്ട്രീയതന്ത്രങ്ങളുടെ മേഖലയില്‍, ഇതിനുമുന്‍പ് ചേര്‍ന്ന പച്ച്മഡി കോണ്‍ക്ലേവില്‍ നിന്നുമുള്ള വിടുതല്‍ ആയിരുന്നു ഈ നിലപാടെന്ന് രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി തന്റെ പുസ്തകമായ “The Coalition Years 1996-2004-ല്‍ കുറിച്ചിട്ടുണ്ട്. 1998-ല്‍ മദ്ധ്യപ്രദേശിലെ പച്ച്മഡിയില്‍ നടന്ന കോണ്‍ക്ലേവില്‍ മറ്റ് കക്ഷികളുമായി നീക്കുപോക്കുപോലും നിരാകരിച്ച് മുന്നോട്ടു പോകാനായിരുന്നു തീരുമാനം. സഖ്യ സർക്കാരുകൾ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നുപോകുന്ന ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നായിരുന്നു പച്ച്മഡി പ്രഖ്യാപനത്തിന്റെ കാതൽ. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി മുന്നോട്ട് പോകുന്നതിനു പകരം, കോൺഗ്രസ് സ്വന്തം സംഘടനാസംവിധാനം ശക്തിപ്പെടുത്തി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ശ്രമിക്കണം എന്ന തീരുമാനമാണ് അവിടെയെടുത്തത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനം കോൺഗ്രസ്സിനു തിരികെ പിടിക്കാൻ പരമാവധി സംസ്ഥാനങ്ങളിൽ തനിച്ച് മത്സരിക്കുക എന്ന നയമായിരുന്നു ഇതിലൂടെ അവർ പ്രഖ്യാപിച്ചത്. തലതിരിഞ്ഞ ആ രാഷ്ട്രീയ നിലപാടിന്റെ ഭാഗം കൂടിയായിട്ടായിരുന്നു എന്‍.ഡി.എ ഗവണ്‍മെന്റിലൂടെ ഹിന്ദുത്വരാഷ്ട്രീയത്തിന് രാജ്യത്ത് കാലുറപ്പിക്കാന്‍ അവസരം ലഭിച്ചത് എന്നും കാണണം.

അതേസമയം, ഒന്നാം യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തുതന്നെ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അന്തസ്സത്ത കയ്യൊഴിഞ്ഞുകൊണ്ട് സിവിലിയന്‍ ആണവക്കരാര്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കക്ഷികളുടെ അഭിപ്രായങ്ങളെ ഏതളവോളം വിലയ്ക്കെടുക്കുന്നുണ്ട് ആ പാര്‍ട്ടി എന്നത് വ്യക്തമായിട്ടുണ്ട്. പച്ച്മഡി കോണ്‍ക്ലേവ് നടന്ന 1998-ല്‍ നിന്നും 2026-ല്‍ എത്തിനില്‍ക്കുമ്പോള്‍ ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം എന്ന നയത്തില്‍ പ്രായോഗികതലത്തില്‍ വ്യതിയാനമൊന്നുമില്ല. ഇത്തരം പാര്‍ട്ടികളുടെ ചെലവില്‍ നേടാവുന്നത്ര സീറ്റുകള്‍ നേടുകയും അവര്‍ക്കെതിരെ അവസരവാദപരമായ സഖ്യങ്ങളിലേര്‍പ്പെടുകയും നയങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രാദേശിക കക്ഷികൾ നിരന്തരം ഉന്നയിക്കുന്ന വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ പക്വത കോൺഗ്രസ് നേതൃത്വത്തിനില്ല എന്നത് വ്യക്തമാണ്. അടിസ്ഥാനവർഗത്തിന്റേയും പ്രാദേശിക സ്വത്വങ്ങളുടേയും രാഷ്ട്രീയത്തെ കൃത്യമായി അഭിസംബോധന ചെയ്യുന്നതിൽ ഈ പ്രാദേശിക കക്ഷികൾ ഒരു പരിധിവരെ വിജയിച്ചപ്പോൾ, പഴയ പ്രതാപത്തിന്റെ ഹാങ്ങോവറിൽ ഒരു അധികാരകേന്ദ്രമെന്ന നിലയിലുള്ള മനോഭാവം വെച്ചുപുലർത്താനാണ് ഇപ്പോഴും കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാറുന്ന ഇന്ത്യൻ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയേയും സാമൂഹിക ബന്ധങ്ങളേയും ശാസ്ത്രീയമായി വിലയിരുത്തി ഒരു ബദൽ നയം രൂപീകരിക്കുന്നതിനു പകരം, കേവലം ബി.ജെ.പി വിരുദ്ധതയിൽ മാത്രം ഊന്നിയുള്ള താല്‍ക്കാലിക സഖ്യങ്ങൾക്ക് ആയുസ്സില്ലെന്നതാണ് വാസ്തവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

'അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു'; ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ: 134 പേരുടെ ജോലി തെറിച്ചു, ഭൂരിഭാഗവും സ്ത്രീകൾ; രാഷ്ട്രീയ പ്രേരിതമെന്ന് എൽഡിഎഫ്

മെഡിറ്റേഷൻ ചെയ്യുമ്പോൾ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

മുനീറിന് പിന്നാലെ പി ജെ ജോസഫും; ഭരണ പരിഷ്‌കാര കമ്മീഷന്‍ നോട്ടമിട്ട് നേതാക്കൾ; ഡല്‍ഹിയിലെ പ്രതിനിധിയാവാന്‍ പി ജെ കുര്യനും തരൂരും