സജി ഗോപിനാഥ് Samakalika Malayalam
Malayalam Weekly

‘‘ഈ യൂണിവേഴ്‌സിറ്റിയുടെ സെന്റർ തന്നെ ഇൻഡസ്ട്രിയാണ്‘‘

പി.എസ്. റംഷാദ്

അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയെ കേരളത്തിന്റെ അഭിമാനവും പ്രതീക്ഷയുമാക്കി മാറ്റുന്നതിനു നേതൃത്വം കൊടുക്കുന്ന വൈസ് ചാൻസിലർ പങ്കുവയ്ക്കുന്നത് പുതിയ കേരള മോഡലുകളെക്കുറിച്ചുള്ള ഉത്തരംകൂടിയാണ്. ഉന്നത വിദ്യാഭ്യാസത്തെ നയിക്കാൻ കേരളം വിശ്വസിച്ച് ഏല്പിക്കുന്നവരുടെ നിരയിൽ ഡോ. സജിയുടെ ഇടം ഉന്നതമായത് യാദൃച്ഛികമല്ല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് പി.ജിയും പിഎച്ച്.ഡിയുമെടുത്ത ഡോ. സജി ഗോപിനാഥിന്റെ പ്രൊഫൈലിനെ കൂടുതൽ കാമ്പുള്ളതാക്കുന്നത് കനമുള്ള കാഴ്ചപ്പാടുകൾ തന്നെയാണ്. ആ ആശയങ്ങളിൽനിന്ന് പ്രായോഗിക വിജയത്തിലേയ്ക്ക് നാടിനെ നയിക്കാനും അറിയാം എന്നതാണ് പ്രത്യേകതയും പ്രതീക്ഷയും.

ഐ.ഐ.ഐ.ടി.എം-കെയെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആന്റ് ടെക്‌നോളജി)യായി മാറ്റുന്നതിനു കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്?

ഐ.ഐ.ഐ.ടി.എം-കെ സ്ഥാപിച്ചത് 2000-ലാണ്. ഐടി മേഖലയുടെ തുടക്കക്കാലമാണത്. കേന്ദ്ര ഗവൺമെന്റ് രണ്ടിടത്താണ് ഐ.ഐ.ഐ.ടി തുടങ്ങുന്നത്. കാഞ്ചീപുരത്തും ഗ്വാളിയോറിലും സ്വന്തം നിലയിൽ തുടങ്ങുകയും മറ്റു ചില സംസ്ഥാനങ്ങളിൽ തുടങ്ങാൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കുകയും ചെയ്തു. അന്നത്തെ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും പിന്നീട് ഡൽഹിയിലും തുടങ്ങി. ആ സ്ഥാപനങ്ങളുടെ ലക്ഷ്യം ഐ.ടി മേഖലയിൽ ടാലന്റ് ഉണ്ടാക്കുക എന്നതായിരുന്നു. കേരളം കുറച്ചുകൂടി വിഭിന്നമായാണ് ചിന്തിച്ചത്. ഐ.ടി മേഖലയിൽ ടാലന്റ് ഉണ്ടാക്കുന്നതോടൊപ്പം തന്നെ സ്വന്തം ഉല്പന്നങ്ങൾ ഉണ്ടാക്കാനും പ്രൊജക്ടുകൾ ഉണ്ടാക്കാനുമെല്ലാം ഐ.ഐ.ഐ.ടി.എം-കെ ആലോചിച്ചു. അതായിരുന്നു അതിന്റെ സമീപനം. അതുകൊണ്ടുതന്നെ കമ്പനി ഫോർമാറ്റിലാണ് ഐ.ഐ.ഐ.ടി.എം-കെ രൂപീകരിച്ചതു തന്നെ. പക്ഷേ, 2000 മുതൽ 2020-നുള്ളിൽ ബാക്കിയുള്ള ഐ.ഐ.ഐ.ടികളിൽ ഒരു വലിയ മാറ്റം വന്നു. ഒന്ന്, കേന്ദ്ര ഗവൺമെന്റ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ഒരു പറ്റം ഐ.ഐ.ഐ.ടികൾ തുടങ്ങി. അങ്ങനെയാണ് കോട്ടയത്ത് നമ്മൾ ഒരെണ്ണം തുടങ്ങിയത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഐ.ഐ.ഐ.ടി.എമ്മുകൾ യൂണിവേഴ്‌സിറ്റികളാക്കി മാറ്റി. കാരണം, സ്വന്തമായി ഡിഗ്രി കൊടുക്കാൻ കഴിവില്ലാത്ത ഇൻസ്റ്റിറ്റ്യൂഷൻസിന് നിലനിന്നു പോകാൻ വലിയ പാടാണ്. ഐ.ഐ.ഐ.ടി.എം തുടങ്ങിയപ്പോൾ അവർ സ്വന്തമായി ഡിപ്ലോമയൊക്കെ കൊടുത്തു. എ.ഐ.സി.ടി.ഇ പോലുള്ള സ്ഥാപനങ്ങൾ അതിനെതിരായിരുന്നു. അങ്ങനെ ചെയ്യാൻ പാടില്ല എന്നു പറഞ്ഞു. അതിനുശേഷം ഐ.ഐ.ഐ.ടി.എം-കെ കൊച്ചിൻ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഡിഗ്രി കൊടുക്കുന്ന രീതിയിലായിരുന്നു. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ ഒരു ഉപ കേന്ദ്രം അല്ലെങ്കിലൊരു ഗവേഷണ കേന്ദ്രം എന്ന മട്ടിലാണ് പ്രവർത്തിച്ചത്. സ്വന്തം നിലയിൽ പുതിയ കോഴ്‌സുകൾ വികസിപ്പിക്കാനോ വളരാനോ ഒന്നും അതിനു സാധ്യതയുണ്ടായിരുന്നില്ല. പിന്നീട് തെലുങ്കാന ആയ ആന്ധ്രയും കർണാടകയും മഹാരാഷ്ട്രയും അവരുടെ ഐ.ഐ.ഐ.ടി.എമ്മിനെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയാക്കി; ഡൽഹി അതൊരു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാക്കി. കേരളം മാത്രമാണ് ഒരു സ്റ്റാന്റ് എലോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയി നിലനിർത്തിയത്. ഒന്നാമതായി, അങ്ങനെയൊരു സ്ഥാപനത്തിന്റെ വികസനത്തിന് ഒരു തലത്തിന് അപ്പുറം പോകാൻ കഴിയില്ല. രണ്ടാമത്, പുറത്തുള്ള യൂണിവേഴ്‌സിറ്റികളുമായൊക്കെ കണക്റ്റ് ചെയ്യപ്പെടണമെങ്കിൽ യൂണിവേഴ്‌സിറ്റി സ്റ്റാറ്റസിന്റെ ആവശ്യമുണ്ട്. മൂന്നാമത്തേത്, അപ്പോഴേയ്ക്കും ഐ.ടി മേഖല എന്നതു മാറിയിട്ട് പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഒരുപാട് വരാൻ തുടങ്ങി; എ.ഐയും ബ്ലോക്‌ ചെയിനുമൊക്കെയായി പലതും. നേരത്തേ, ഐ.ടിയുടെ പുറംമോടിയിൽനിന്ന സ്ഥാപനമാണെങ്കിൽ ഇന്ന് അങ്ങനെയല്ല. ഡിജിറ്റലാണല്ലോ കോർ. എല്ലാ മേഖലയിലും ഡിജിറ്റൽ ഡിസ്‌റപ്റ്റ് ചെയ്യപ്പെട്ടു. അതുകൊണ്ടുതന്നെ, ഡിജിറ്റലിൽ ഫോക്കസ് ചെയ്തുകൊണ്ട്, ഡിജിറ്റൽ സാങ്കേതികവിദ്യയും ഡിജിറ്റൽ ഉണ്ടാക്കുന്ന സാമൂഹികമാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട്, സാങ്കേതികമായി മാത്രമല്ല, സാമൂഹികമായും അതിന്റെ സോഷ്യോളജിക്കൽ, ഫിലോസഫിക്കൽ മാറ്റങ്ങൾകൂടി അഭിസംബോധന ചെയ്യുന്ന യൂണിവേഴ്‌സിറ്റി വേണമെന്നു വന്നു. അങ്ങനെയൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റിയായി മാറ്റിയത്. ഈ മൂന്നു കാര്യങ്ങൾ പ്രധാനമാണ്: യൂണിവേഴ്‌സിറ്റി ഇല്ലാതെ നിലനിൽക്കാൻ പറ്റില്ല; ഡിഗ്രി നൽകുന്ന സ്റ്റാറ്റസ് ഇല്ലാതെ നിലനിൽക്കാൻ പറ്റില്ല. മേഖല തന്നെ ഒരുപാട് വളർന്നു, ആ മേഖലയിൽ കൂടുതൽ പുതിയ തലങ്ങളിലേക്കു പോകണം. മറ്റുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ലിങ്ക് കിട്ടാൻ യൂണിവേഴ്‌സിറ്റിയാകണം. ഇവയാണ് മാറ്റത്തിന്റെ പ്രേരകശക്തിയായത്.

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്ന ലക്ഷ്യം ഫലം കണ്ടോ. അഞ്ചു വർഷം അത്തരമൊരു ഇവാല്യുവേഷന് മതിയായ കാലയളവാണോ?

2020-ലാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി തുടങ്ങിയത്. ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) വന്ന സമയമാണ്; കൊവിഡ് തുടങ്ങി. നമുക്കറിയാം, ഒരുപാട് മാറ്റങ്ങൾ അതിനുമുന്‍പേ തന്നെ വന്നിരുന്നു. വിദ്യാഭ്യാസ മേഖല തന്നെ ലോകത്ത് മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്. ഒരു ക്ലാസ് റൂമിൽ പോയി പഠിക്കുന്ന രീതിയിൽനിന്നു മാറിയിട്ട്, ഓൺലൈൻ കോഴ്‌സുകൾ ഒരുപാട് വന്നു. നേരിട്ടുള്ള പഠനവും ഓൺലൈൻ പഠനവും ചേർന്ന ബ്ലെൻഡഡ് ലേണിംഗിലേക്ക് പോകണമെന്ന് നമ്മുടെ നാട്ടിൽത്തന്നെ പറയുന്നുണ്ട്. ലോകത്തെ പ്രശസ്ത യൂണിവേഴ്‌സിറ്റികളെല്ലാം അവരുടെ കോഴ്‌സുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ എത്തിച്ചു. ഇന്ത്യയിൽത്തന്നെ അത്തരം മാറ്റങ്ങൾ വരുന്നു. ഉദാഹരണത്തിന് ഒരു കോളേജിൽ പഠിക്കുന്ന കുട്ടിക്ക് ഐ.ഐ.ടി മദ്രാസിൽക്കൂടി ഒരു കോഴ്‌സ് ചെയ്യാം. അപ്പോൾ, നമ്മൾ നേരത്തേ കണ്ടിരുന്ന, 2010 വരെയോ 2015 വരെയോ കണ്ടിരുന്ന ഒരു ലോകമല്ല ഇന്ന് വിദ്യാഭ്യാസ മേഖലയിലുള്ളത്. ആ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഒരു നൂതന യൂണിവേഴ്‌സിറ്റിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. പൊതുവെ പറയുന്ന കാര്യമാണ്, സർവകലാശാലകളും അത് ഉപയോഗിക്കുന്ന പ്രോഡക്റ്റുമായി വലിയ ഗ്യാപ്പുണ്ട് എന്നത്. അതൊരു വലിയ പരിധി വരെ ശരിയാണ്. കാരണം, കോളേജിൽ പഠിച്ചുവരുന്ന കുട്ടിക്ക് നേരെ വ്യവസായത്തിൽ പോകാൻ പറ്റാറില്ല. അവരെ കാര്യമായി ക്യുറേറ്റ് ചെയ്യേണ്ട ആവശ്യമുണ്ട്. ഒരുപക്ഷേ, ആ വിഷയത്തെ അഭിസംബോധന ചെയ്ത ഒരേയൊരു മേഖല മെഡിസിനാണ്. അവിടെ, കോളേജിൽ പഠിച്ച്, ഹൗസ് സർജൻസി കഴിഞ്ഞുവരുന്ന കുട്ടിക്ക് നേരിട്ട് ആശുപത്രിയിൽ ജോലി ചെയ്യാൻ കഴിയും. എം.ഡി കൂടി എടുത്ത ആൾക്ക് വളരെ ഈസിയായി ജോലി ചെയ്യാൻ കഴിയും. അതിന്റെ പഠനപ്രക്രിയയിൽ വ്യത്യാസമുണ്ട്. അവർ പ്രാക്റ്റിക്കലായാണ് ചെയ്യുന്നത്. ഓരോ മെഡിക്കൽ കോളേജിന്റെ കൂടെയും ഒരു ആശുപത്രിയുണ്ട്. മറ്റുള്ള മേഖലകളിലൊന്നും അങ്ങനെയില്ല.

ആ ഒരു ആലോചനയിൽ, ഈ സർവകലാശാല വിഭാവനം ചെയ്തപ്പോൾത്തന്നെ നമ്മൾ ആലോചിച്ചത് ഇതൊരു പരമ്പരാഗത സർവകലാശാല മാതൃകയിൽ ചെയ്യേണ്ട കാര്യമല്ല. കോളേജുകൾ നിലവിൽത്തന്നെയുണ്ട്. ഇത് വ്യത്യസ്തമായിരിക്കണം. ആ വ്യത്യസ്തത എന്നത്, ഇതിന് ഒരു ശക്തമായ ഇൻഡസ്ട്രി ഫോക്കസിന്റെ ആവശ്യമുണ്ട്. വ്യവസായവുമായി കണക്റ്റ് ചെയ്യുക എന്നത് മാത്രമല്ല, ഇവിടെയുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും വ്യാവസായിക തലമുള്ള പ്രോജക്റ്റുകളുടെ ഭാഗമാകണം. അതാണ് ഈ സർവകലാശാലയുടെ വരുമാന മാതൃകപോലും. ഇതൊരു സർക്കാർ സർവകലാശാലയാണെങ്കിലും സർക്കാറിൽനിന്നുള്ള ധനസഹായം ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ മാത്രമാണ്; അതു മാത്രമേ വാങ്ങുന്നുള്ളൂ. ഇതിന്റെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും ഭൂമിക്കുമൊക്കെ. അതല്ലാതെ, അദ്ധ്യാപകരുടെ ശമ്പളമോ മറ്റു ദൈനംദിന ചെലവുകളോ സർക്കാരിൽനിന്നല്ല വാങ്ങുന്നത്. ആ ചെലവുകൾ ഏകദേശം 80 ശതമാനത്തോളം സർവകലാശാല സ്വന്തമായി കണ്ടെത്തുകയാണ്. ഫീസിൽക്കൂടിയല്ല. ഫീസ് ചെലവിന്റെ ഏഴ്-എട്ട് ശതമാനത്തിനപ്പുറം വരുന്നില്ല. 10-12 ശതമാനത്തോളം ഗ്രാന്റ് ഇനത്തിൽ കിട്ടുന്നുണ്ട്. ബാക്കി 75-80 ശതമാനത്തോളം പ്രോജക്ടുകളിലൂടെയും കൺസള്‍റ്റൻസി ജോലികളിലൂടെയുമാണ് വരുന്നത്. ഇതൊരു വലിയ വ്യത്യാസമാണ്. ഉദാഹരണത്തിന്, കേരളത്തിലെ ഇ-ഗവേണൻസുമായി ബന്ധപ്പെട്ട വലിയ വലിയ പ്രോജക്ടുകൾ ചെയ്യുന്നത് ഈ സർവകലാശാലയാണ്. കേരളത്തിന്റെ മൊത്തം പ്ലാനിംഗ് നടക്കുന്ന സോഫ്റ്റുവെയർ ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചതാണ്, ജി.എസ്.ടിയുടെ ഫോറൻസിക് സിസ്റ്റം ചെയ്യുന്നത് ഞങ്ങളാണ്, ചില സർവകലാശാലകളുടെ ഇ.ആർ.പി സിസ്റ്റം മുഴുവൻ ചെയ്യുന്നു, ഏകദേശം ഇരുപത്തിയഞ്ചോളം കോളേജുകളുടെ ബാക് എൻഡ് ഇൻഫ്രാസ്ട്രക്ചർ, അതായത് ഐ.ടി ഇൻഫ്രാസ്ട്രക്ചർ മാനേജ് ചെയ്യുന്നു, വെറ്ററിനറി ഇ ഹെൽത്ത് പ്രോജക്റ്റ് ചെയ്യുന്നു; അങ്ങനെ വിവിധങ്ങളായ ഐ.ടി പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. അവ ചെറിയ, കോളേജ് ലെവൽ പ്രോജക്റ്റുകളല്ല. പ്രോജക്ടുകൾ ചെയ്യുന്നതിന് ലോകത്ത് ഒരു സ്റ്റാന്റേർഡുണ്ട്, സി.എം.എം ലെവൽ (കേപ്പബിലിറ്റി മെച്ച്യൂരിറ്റി മോഡൽ). ആ പ്രോസസ്സിലൂടെ കടത്തിവിട്ടിരിക്കുകയാണ്, അവസാനത്തെ സ്റ്റേജിലാണ് അത്. ഒന്നോ രണ്ടോ മാസത്തിനകം നമുക്കത് കിട്ടും. ഇന്ത്യയിൽത്തന്നെ ആദ്യമായിട്ടായിരിക്കും ഒരു സർവകലാശാലയുടെ പ്രോഡക്റ്റ് ഡെവലപ്‌മെന്റ് യൂണിറ്റിന് സി.എം.എം ലെവൽ സർട്ടിഫിക്കേറ്റ് കിട്ടുന്നത്.

ഇതേപ്പോലെ, സൈബർ സെക്യൂരിറ്റി സർട്ടിഫൈ ചെയ്യുന്ന കേന്ദ്ര ഗവൺമെന്റ് ഏജൻസിയുണ്ട്, സെർട്ടിൻ. ഡിജിറ്റൽ സർവകലാശാലയുടെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന് അതിന്റെ സർട്ടിഫിക്കേഷൻ കിട്ടിയിട്ടുണ്ട്. ഏതു വെബ്‌സൈറ്റും ഓഡിറ്റ് ചെയ്യാനും വെബ്‌സൈറ്റുകളിൽ സുരക്ഷാപ്രശ്നമുണ്ടെങ്കിൽ ഇടപെടാനും കഴിയും. നമ്മുടെ സർക്കാരുകളുടേയോ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനുള്ള അധികാരം ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയ്ക്കുണ്ട്. യൂണിവേഴ്‌സിറ്റിക്കടുത്ത് വ്യവസായം കൊണ്ടുവരുന്നത് നമ്മൾ പണ്ട് ചെയ്തിട്ടുണ്ട്. അതിൽനിന്നു മാറിയിട്ട് നമ്മൾ ഇപ്പോൾ വ്യവസായത്തിനു ചുറ്റും ഒരു യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയിരിക്കുന്നു. ഈ യൂണിവേഴ്‌സിറ്റിയുടെ സെന്റർ തന്നെ ഇൻഡസ്ട്രിയാണ്.

അത് ഏതൊക്കെ വിധത്തിലാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസത്തേയും വ്യവസായ മേഖലയേയും സ്വാധീനിക്കുന്നത്?

ഇതിന് ഒരുപാട് മെച്ചങ്ങൾ ഉണ്ട്. ഏറ്റവും പുതിയ ട്രെൻഡുകൾ എന്താണെന്ന് അദ്ധ്യാപകർ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കാരണം, അവർ ചെയ്യുന്ന ഉല്പന്നങ്ങൾ വിപണിയിലേക്ക് പോകുന്നതാണ്, താത്ത്വികമല്ല, യഥാർത്ഥ സാധനങ്ങളാണ് പോകുന്നത്. പിന്നെ, ഇതിൽനിന്നു കിട്ടുന്ന വരുമാനം യൂണിവേഴ്‌സിറ്റിയുടെ ചെലവുകൾക്ക് വലിയ ഉപകാരമാണ്. മൂന്നാമത്, നമ്മുടെ വിദ്യാർത്ഥികൾക്ക് ഇവിടെ ഇന്റേണുകളായി ജോലി ചെയ്യാം. ഹൗസ് സർജൻ എങ്ങനെയാണോ ആശുപത്രിയിൽ ജോലി ചെയ്യുന്നത്; അതുപോലെ നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ ലൈവ് പ്രോജക്ടുകളിൽ ജോലി ചെയ്യാൻ കഴിയും. അതിന് ഏൺ വൈൽ ലേൺ സ്‌കീം വെച്ച് പണവും കൊടുക്കും. ഇതാണ് സർവകലാശാലയായപ്പോൾ ഉണ്ടായ ഒരു വ്യത്യാസം. മറ്റൊരു കാര്യം, ഞങ്ങൾ ഒരുപാട് വൻകിട ഗവേഷണ പദ്ധതികൾ ചെയ്യുന്നു. അദ്ധ്യാപനംപോലെ തന്നെ ഗവേഷണവും പ്രധാന ഫോക്കസ് ആണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകർക്ക് നിരവധി ഫണ്ടഡ് റിസർച്ച് പ്രോജക്ടുകൾ കിട്ടുന്നു. ഇന്ത്യയിലേയും പുറത്തേയും ഏജൻസികളുടെ പ്രോജക്ടുകളുണ്ട്. പല അടിസ്ഥാന സൗകര്യങ്ങളും പല ലാബുകളും നിർമിച്ചിട്ടുള്ളത് ഇങ്ങനെ കിട്ടുന്ന ഫണ്ടിൽനിന്നാണ്. പിന്നെ, നേരത്തേ പറഞ്ഞ കൺസള്‍റ്റിങ്-പ്രോഡക്ട് ഡെവലപ്‌മെന്റ്. ഈ മൂന്നു കാര്യങ്ങൾ കൂടാതെ സാമൂഹിക വികസന പദ്ധതികളുമുണ്ട്. ഇവിടുത്തെ അദ്ധ്യാപകരിൽ നിരവധിപേർ കേരളത്തിനു പുറത്തുനിന്നുള്ളവരാണ്. സി.ഡി.ഐ.പി.ഡി (സെന്റർ ഫോർ ഡിജിറ്റൽ ഇന്നവേഷൻ പ്രോഡക്റ്റ് ഡെവലപ്‌മെന്റ്) എന്ന പേരിൽ ഡിജിറ്റൽ ഉല്പന്നങ്ങൾ നിർമിക്കുന്ന ഗ്രൂപ്പുണ്ട് സർവകലാശാലയ്ക്ക്. അതിൽ അദ്ധ്യാപകർ മാത്രമല്ല, വ്യവസായത്തിൽനിന്നുള്ളവരേയും ടെക്‌നോളജി ആർക്കിടെക്ചറുകളേയും ബിസിനസ് അനലിസ്റ്റുകളേയുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ വ്യാവസായിക പരിസ്ഥിതി നമ്മൾ ഇവിടെ സൃഷ്ടിക്കുന്നു. അതേപോലെത്തന്നെയാണ് കേരള ബ്ലോക് ചെയിൻ അക്കാദമി എന്ന പേരിൽ വലിയ ഒരു സങ്കേതം വികസിപ്പിച്ചിരിക്കുന്നത്. അതിന്റെ ആദ്യത്തെ പടിയായി പി.എസ്.സിയുടെ ഡേറ്റ സുരക്ഷിതമാക്കുന്നതിനുള്ള ഒരു പ്രോജക്ട് ബ്ലോക് ചെയിൻ അക്കാദമിയെ ഏല്പിച്ചു. ഇങ്ങനെയൊരു സംരംഭം രാജ്യത്താദ്യമായാണ് ഒരു പി.എസ്.സി ചെയ്യുന്നത്. ബ്ലോക് ചെയിൻ അക്കാദമി ചെറിയ ചെറിയ ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്. ഏകദേശം 25000-ത്തോളം ആളുകൾ ചേർന്നിരിക്കുന്നു. സർവകലാശാലയുടെ ഇംപാക്റ്റ് എന്നു വേണമെങ്കിൽ പറയാവുന്നവിധം നാലോളം ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ബ്ലോക് ചെയിൻ സെന്റേഴ്‌സ് ഓഫ് എക്സലൻസ് ഇപ്പോൾ തിരുവനന്തപുരത്താണ് പ്രവർത്തിപ്പിക്കുന്നത്. നേരിട്ട് നമ്മളുമായി ബന്ധപ്പെട്ടിട്ടല്ല. പക്ഷേ, അവരുടെ മികവിന്റെ കേന്ദ്രങ്ങൾ അവർ തിരുവനന്തപുരത്ത് കൊണ്ടുവന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകൾ ചെയ്തവരുടെ ടാലന്റ് ഇവിടെയുണ്ട് എന്നതാണ് അതിന് ഒരു കാരണം. എങ്ങനെ ഒരു സമൂഹത്തിൽ മാറ്റം വരുത്തുന്നു, എങ്ങനെ ഒരു വ്യവസായത്തെ എളുപ്പമാക്കുന്നു എന്നതാണ് ഡിജിറ്റൽ സർവകലാശാലയുടെ ലക്ഷ്യം. വലിയൊരു പരിധിവരെ അതു നേടാൻ കഴിഞ്ഞു എന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, സർക്കാരിന്റെ ധനസഹായം ശമ്പളത്തിലൊന്നും ഇല്ലെങ്കിലും എല്ലാക്കൊല്ലവും സർവകലാശാലയുടെ വരുമാനം ചെലവിനേക്കാൾ കൂടുതലാണ്. നഷ്ടത്തിലോടുന്ന യൂണിവേഴ്‌സിറ്റിയല്ല. സർക്കാർ ഒരു കോർപസ് ഫണ്ട് തന്നിട്ടുണ്ടായിരുന്നു. അത് വലുതാക്കാൻ യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞു. സാധാരണഗതിയിൽ ആദ്യമൊക്കെ ഒന്ന് പിടിച്ചുനിൽക്കാനുള്ള സമയം വേണ്ടിവരും. പക്ഷേ, ഡിജിറ്റൽ മേഖലയിൽ അങ്ങനെയൊരു സമയമെടുക്കാൻ പറ്റില്ല എന്നതുകൊണ്ട് ഞങ്ങൾ വളരെ വേഗത്തിൽ ചെയ്തു. അങ്ങനെയൊരു വ്യത്യസ്ത രീതി. ഒരുപക്ഷേ, ഇന്ത്യയിൽത്തന്നെ ഫീസ് അല്ലാതെ, ചെലവിന്റെ 70-80 ശതമാനത്തോളം സ്വന്തമായി ജനറേറ്റ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം വേറെ ഉണ്ടോ എന്നു സംശയമാണ്. ഇത് തുടക്കമായിട്ടേ ഉള്ളൂ. ഇതോടൊപ്പം തന്നെ ഇവിടുത്തെ കുട്ടികൾ ഇവിടെ നിന്നുള്ള ഗവേഷണ ഫലം ഉപോല്പന്നമാക്കി കമ്പനികൾ തുടങ്ങുമ്പോൾ അതിലെല്ലാം സർവകലാശാലയുടെ പങ്കുള്ളതുകൊണ്ട് അതു വളരുമ്പോൾ അതിന്റെ മെച്ചവും നമുക്കുണ്ട്. ഐ.ഐ.ടി മദ്രാസൊക്കെ ഇപ്പോൾ ചെയ്യുന്നത് അങ്ങനെയാണ്. അതായത്, പരമ്പരാഗതമായി ഒരു അദ്ധ്യാപന സർവകലാശാല എന്നതേ അല്ല. അദ്ധ്യാപനമുണ്ട്; പക്ഷേ, അതല്ല മുഖ്യം. പകരം വൈബ്രന്റായ ഒരു വ്യാവസായിക പരിസ്ഥിതി സർവകലാശാലയ്ക്കുള്ളിൽ സൃഷ്ടിക്കുക. നൂതനമായ സോല്യൂഷൻസ് വികസിപ്പിക്കുക, നൂതനമായ ഗവേഷണങ്ങൾ ചെയ്യുക -ഇതാണ് ഈ സർവകലാശാലയെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കുന്നത്.

സജി ഗോപിനാഥ്

ഒരു സമയം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയും ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലേയും അഭിമാന സ്ഥാപനമായി മാറുന്നു. പക്ഷേ, ആ വിധം ഇതിനു പ്രചാരണം നൽകാത്തത് എന്തുകൊണ്ടാണ്?

അതുണ്ട്. വളരെ വേഗത്തിലാണല്ലോ. ഈ മോഡൽ വളരെ വ്യത്യസ്തമാണ്. ഇതു മനസ്സിലാക്കാൻ തന്നെ എളുപ്പമല്ല. പരമ്പരാഗതമായ ഒരു ചിന്തയിൽ ഒരിക്കലും ഇത് ഓടില്ല. അദ്ധ്യാപകർക്ക് നമ്മൾ ഒരുപാട് ഫ്രീഡം കൊടുക്കേണ്ടിവരും. ഒന്‍പതു മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്ന രീതിയാണെങ്കിൽ ഇത് ഓടില്ല. അപ്പോൾ, അവർക്ക് ഫ്രീഡം കൊടുക്കേണ്ടി വരും, ഇന്ത്യ മുഴുവൻ സഞ്ചരിക്കാനുള്ള പിന്തുണ കൊടുക്കേണ്ടിവരും, അവരുടെ തൊഴിൽ വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കണം. പലരേയും കരാറടിസ്ഥാനത്തിലാണ് എടുക്കുന്നത്. പക്ഷേ, അവർ സമ്പൂർണമായും ഈ സ്ഥാപനത്തിന്റെ ഭാഗം തന്നെയാണ്. അത് അവർ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ പരമ്പരാഗത രീതിയിൽ സർവകലാശാലയെ നോക്കിയാൽ, ആ രീതിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഇതിന്റെ വളർച്ച മുരടിക്കും.

ഈ വ്യത്യസ്തതയ്ക്ക്, ഈ മോഡലിന് ഇപ്പോൾ ഈ അഞ്ചാമത്തെ വർഷത്തിൽ കുറച്ചുകൂടി പ്രചാരം നൽകും. ഇങ്ങനെയൊരു മോഡലുണ്ട് എന്ന പ്രചാരം. ഞങ്ങളല്ല പറയേണ്ടത്. ഗവൺമെന്റ് ഒരു ബോർഡ് ഓഫ് ഗവേണൻസ് രൂപീകരിച്ചിട്ടുണ്ട്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. വിജയചന്ദ്രു ആണ് ചെയർമാൻ. ഐ.ഐ.ടി, ഐ.ഐ.എം, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഐസർ, ഐ.ഐ.എസ്.ടി, എൻ.ഐ.എസ്.ടി തുടങ്ങി കേരളത്തിലെ എല്ലാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടേയും ഡയറക്ടർമാരും സിലിക്കൺവാലിയിലെ രണ്ട് പ്രധാന സംരംഭകരും ഐ.ബി.എസ് ചെയർമാൻ വി.കെ. മാത്യൂസും ധന സെക്രട്ടറി, ഐ.ടി സെക്രട്ടറി തുടങ്ങിയ സർക്കാർ പ്രതിനിധികളും അംഗങ്ങളാണ്. അഞ്ചു വർഷമായ സ്ഥിതിക്ക് ഇതിനേക്കുറിച്ച് ബോർഡ് തന്നെ ഒരു സമിതിയെ വെച്ച് വിലയിരുത്തും. ഡിജിറ്റൽ സർവകലാശാലയുടെ ഫലപ്രാപ്തി എത്രത്തോളം, ഈ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു, മുന്നോട്ടു പോകുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നൊക്കെ നോക്കും. ഇതൊരു പരീക്ഷണ മാതൃകയാണ്. ഇതുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല. പരീക്ഷണമായിരിക്കെത്തന്നെ സർക്കാരിന്റെ പൂർണമായ സഹകരണം ഇതിനുണ്ടായിരുന്നു. മിക്കവാറും സമ്പൂർണ സ്വാതന്ത്ര്യം തന്നെ ബോർഡിനു കൊടുത്തിരുന്നു.

വിവിധ മേഖലകളിൽ വിഖ്യാതമായ കേരള മോഡലുകളിലേക്ക് ഇതും ഒരു ചേർത്തുവയ്ക്കലാണ് എന്നുതന്നെ പറയാൻ കഴിയും, അല്ലേ?

തീർച്ചയായിട്ടും അതെ. വിദ്യാഭ്യാസത്തിൽ കേരളത്തിനൊരു പുതിയ മോഡൽ കൊണ്ടുവരാൻ പറ്റും എന്നുള്ളതാണ്. ഈയൊരു മോഡൽ വിജയകരമാണ് എന്നു തെളിയിച്ചു കഴിഞ്ഞാൽ പലയിടത്തും നമുക്കിത് ആവർത്തിക്കാൻ കഴിയും. ഡിജിറ്റൽ സർവകലാശാല വളരെ ചെറുതാണ്; അന്‍പതിൽത്താഴെ അദ്ധ്യാപകരേയുള്ളൂ. മറ്റു പലയിടങ്ങളിലും നൂറുകണക്കിനാണ് അദ്ധ്യാപകർ. നമുക്കു വളരെ നല്ല രീതിയിൽ ഇതുപോലെ ഒരു മോഡൽ വികസിപ്പിക്കാൻ കഴിയും. പക്ഷേ, വ്യവസായത്തിന് എന്തു വേണം, സമൂഹത്തിന് എന്തു വേണം എന്ന് കൃത്യമായി മനസ്സിലാക്കുന്ന ഒരു ഇക്കോ സിസ്റ്റം വികസിപ്പിക്കണം. ആ ഇക്കോ സിസ്റ്റമാണ് ഡിജിറ്റൽ സർവകലാശാല രൂപപ്പെടുത്തുന്നത്.

സർവകലാശാലയുടെ ഭാവി വികസനപ്രവർത്തനങ്ങൾ തീരുമാനിക്കുന്നത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമോ?

ഈ പഠനത്തിന്റെ ഭാഗമായി അതുണ്ടാകും. അതോടൊപ്പം തന്നെ, സർക്കാരിന് അക്കാര്യത്തിൽ തീരുമാനങ്ങളുണ്ട്. ഇപ്പോൾ ഇതൊരു ചെറിയ കാമ്പസ്സാണ്. പത്ത് ഏക്കർ മാത്രമാണ് ഭൂമി. ഡിജിറ്റൽ സർവകലാശാലയുടെ വളർച്ച എന്നത് ഡിജിറ്റൽ മേഖലയിലേക്കു കൂടിയാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് ഒരു പരിമിതി നാക് അക്രഡിറ്റേഷൻ കിട്ടിയിട്ടില്ല എന്നതാണ്. അതിനു കാലമാകാത്തതാണ് കാരണം. മൂന്ന് ബാച്ച് പാസൗട്ട് ആയാലേ നാക് അക്രഡിറ്റേഷന് അപേക്ഷിക്കാൻ തന്നെ പറ്റുകയുള്ളൂ. ഇപ്പോഴാണ് ഞങ്ങളുടെ മൂന്നാമത്തെ ബാച്ച് കഴിയുന്നത്. ഇക്കൊല്ലം നാക്കിന് അപേക്ഷിക്കാൻ കഴിയും. നാക് അക്രഡിറ്റേഷൻ കിട്ടിക്കഴിഞ്ഞാൽ ഓൺലൈൻ സ്‌പെയ്‌സിലേക്ക് വലിയ രീതിയിൽ പ്രവേശിക്കാൻ കഴിയും. ഇപ്പോൾ ഞങ്ങൾ ഹ്രസ്വകാല കോഴ്‌സുകളൊക്കെ ചെയ്യുന്നുണ്ടെങ്കിലും ശരിയായ ഡിഗ്രി പ്രോഗ്രാം ചെയ്യണമെങ്കിൽ അല്ലെങ്കിൽ ഒരു ടെക്‌നോളജ് പ്രോഗ്രാം ഓൺലൈനിൽ ചെയ്യണമെങ്കിൽ നാക് അക്രഡിറ്റേഷൻ നിർബന്ധമാണ്. അതു കിട്ടിക്കഴിഞ്ഞാൽ വലിയ ഒരു വികസനം നടക്കും. എ.ഐ, ബ്ലോക് ചെയിൻ, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ പുതിയ മേഖലകളിലായിരിക്കും അത്. വലിയ മാറ്റം വരും. മറ്റൊരു പ്രധാന കാര്യം, ഇതൊരു സാങ്കേതിക സർവകലാശാല അല്ല. നമുക്ക് സാങ്കേതിക സർവകലാശാല വേറെയുണ്ട്. ഡിജിറ്റൽ ലോകമാണ് ഇപ്പോൾ. എല്ലാ മേഖലയിലുള്ളവർക്കും അവിടെ ഇടമുണ്ട്. പക്ഷേ, അവരെ അതിലേക്ക് ഉൾപ്പെടാൻ പ്രാപ്തരാക്കുന്ന കഴിവ് വികസിപ്പിക്കണം. ഇവിടെ വരുന്ന കുട്ടികൾ എൻജിനീയർമാർ മാത്രമല്ല. എല്ലാ മേഖലയിലുള്ളവരേയും എടുക്കാം; ലാംഗ്വേജുള്ളവരെ, സയൻസ് പഠിക്കുന്നവരെ, ആർട്‌സ് പഠിക്കുന്നവരെയൊക്കെ എടുക്കാം. അവർക്ക് അവരുടെ മേഖലയെ എങ്ങനെ ഡിജിറ്റൽ മേഖലയിലേക്കു കൊണ്ടുവരാം എന്നതാണ്. ഉദാഹരണത്തിന്, ജ്യോഗ്രഫി പഠിച്ചയാൾ ഇവിടെ വന്നാൽ ജിയോ ഇൻഫോമാറ്റിക്സായിരിക്കും എടുക്കാൻ പറ്റുന്നത്. ഫിസിക്സ് പഠിച്ച കുട്ടിക്ക് അപ്ലൈഡ് ഫിസിക്സ് വിത്ത് ബി.എൽ.എസ്‌.ഐയോ അല്ലെങ്കിൽ കെമിസ്ട്രി പഠിച്ച കുട്ടിക്ക് കംപ്യൂട്ടേഷനൽ ഡ്രഗ് ഡിസൈൻ കോഴ്‌സോ ഒക്കെയായിരിക്കും എടുക്കാൻ പറ്റുന്നത്. ബയോളജി കുട്ടിക്ക് ബയോ എ.ഐ പഠിക്കാം; എങ്ങനെ ബയോളജിയിൽ നിർമിതബുദ്ധി അപ്ലൈ ചെയ്യാൻ പറ്റും; എൻവയോൺമെന്റൽ സയൻസ് പഠിച്ചവർക്ക് എക്കോളജിക്കൽ ഇൻഫോമാറ്റിക്സ് ഉണ്ട്. ഇന്ത്യയിൽത്തന്നെ ആ കോഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഏക സർവകലാശാല ഇതാണ്. ഇതാണ് ഞങ്ങളുടെ കോഴ്‌സിന്റെ യു.എസ്.പി. കംപ്യൂട്ടർ സയൻസും ഇലക്ട്രോണിക്സുമൊക്കെ ഉണ്ടെങ്കിലും ഇതുവരെ ഡിജിറ്റൽ മേഖലയുമായി ബന്ധമില്ലാതിരുന്ന മേഖലകളിൽനിന്നു വരുന്നവരെ എങ്ങനെ ആ മേഖലയിലേക്ക് കൊണ്ടുവരികയും അവിടെ അവർക്കൊരു ഇടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക. അതാണ് ഞങ്ങളുടെ അക്കാദമിക് പ്രോഗ്രാമിന്റെ ലക്ഷ്യം തന്നെ. ലിംഗ്വിസ്റ്റിക്സ് കൊണ്ടുവരും. മാധ്യമപ്രവർത്തനം പഠിച്ചവർക്ക് എങ്ങനെ പുതിയ ടൂളുകൾ ഉപയോഗിക്കാൻ സാധിക്കും, എങ്ങനെ വിവരശേഖരണത്തിന് അതൊക്കെ പ്രയോജനപ്പെടുത്താം എന്നു പഠിപ്പിക്കും. ഇതാണ് ഇപ്പോൾ ഡിസൈൻ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ഥലപരിമിതിയുണ്ട്. പക്ഷേ, 28 ഏക്കർ കൂടി സർക്കാർ തരാമെന്നു പറഞ്ഞിട്ടുണ്ട്. ഫിസിക്കൽ എക്സ്പാൻഷൻ, ഡിജിറ്റൽ എക്സ്പാൻഷൻ, ഒപ്പം ലാർജർ പ്രൊജക്റ്റ് എക്സ്പാൻഷൻ എന്ന രീതിയിലാണ് മുന്നോട്ടു പോവുക. ഇപ്പോൾ 500 കുട്ടികളാണുള്ളത്. അത് അടുത്ത മൂന്ന് കൊല്ലത്തിനകം 5000 കുട്ടികളെങ്കിലുമാക്കണം എന്നാണ് ലക്ഷ്യം. നേരിട്ട് പഠിക്കുന്നവരുടെ എണ്ണമാണിത്. ഡിജിറ്റലായി ഒരുപാടു കുട്ടികൾ പഠിക്കുന്നുണ്ട്.

ചാൻസിലർ എന്ന നിലയ്ക്ക് ഗവർണർമാർ-ആരിഫ് മുഹമ്മദ് ഖാനും പിന്നീട് രാജേന്ദ്ര ആർലേക്കറും- നടത്തിയ രാഷ്ട്രീയമായ ഇടപെടലുകൾ ഏതു തരത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ ഈ ശൈശവ കാലത്തെ ബാധിച്ചത്?

സത്യത്തിൽ ബാധിച്ചിട്ടില്ല. എനിക്ക് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജിയുമായാണ് ചേർന്നു പ്രവർത്തിക്കേണ്ടിവന്നത്, ചാൻസിലറും വൈസ് ചാൻസിലറും എന്ന നിലയിൽ. സർക്കാരിൽനിന്നും ചാൻസിലറിൽനിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയത്. ഡിജിറ്റൽ സർവകലാശാലയുടെ എല്ലാ പ്രോഗ്രാമുകൾക്കും അദ്ദേഹം പങ്കെടുത്തു, രണ്ടു കോൺവെക്കേഷൻ നടത്തിയപ്പോഴും അദ്ദേഹമായിരുന്നു മുഖ്യാതിഥി. എനിക്ക് അദ്ദേഹവുമായി വളരെ നല്ല ബന്ധമാണുണ്ടായിരുന്നത്. ഒരു പ്രശ്നവും അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടില്ല. അതിനുശേഷം ഞാൻ ഇടക്കാലത്ത് ഇവിടെനിന്നു പോയ ശേഷമാണ് പുതിയ ചാൻസിലർ വന്നത്. അടുത്തയിടെ മാത്രമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. മുൻ ചാൻസിലറിന്റെ കാലത്ത് കുറേ വി.സിമാരെ മാറ്റാൻ പറഞ്ഞപ്പോൾ ഇവിടെ അതു നടപ്പാക്കിയിരുന്നില്ല. അതിന് അദ്ദേഹം ഒരു ഷോക്കോസ് നോട്ടീസ് തന്നു. ഞങ്ങൾ അതിനു വിശദീകരണം കൊടുത്ത ശേഷം പിന്നീട് നടപടിയൊന്നുമെടുത്തില്ല. മാത്രമല്ല, ഡിജിറ്റൽ സർവകലാശാലയെ വളരെ താല്പര്യത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. നല്ല സപ്പോർട്ട് തന്നിരുന്നു.

സംസ്ഥാന സർക്കാർ താങ്കളെ ശക്തമായി പിന്തുണയ്ക്കുന്നു, വി.സി. സ്ഥാനത്തേക്കു താങ്കളുടെ പേര് മുറുകെപ്പിടിക്കുന്നു; താങ്കളുടെ രാഷ്ട്രീയമെന്താണ്?

പൊളിറ്റിക്സ് ഓഫ് ഡെവലപ്‌മെന്റാണ് എന്റെ പൊളിറ്റിക്സ് എന്നു പറയാം. മറ്റു രാഷ്ട്രീയമൊന്നുമില്ല. നമുക്കറിയാവുന്ന കാര്യമാണ്, കേരളത്തിന്റെ സാമൂഹിക മേഖലയിലെ വലിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും വരുത്താൻ പറ്റും. ഇന്ത്യയിലെ ഏതു പ്രദേശത്തു പോയാലും കേരളത്തിലെ സ്കൂൾ അദ്ധ്യാപകർ പരിചിതരാണ്. പക്ഷേ, കേരളത്തിലേക്ക് മറ്റുള്ള സ്ഥലങ്ങളിൽനിന്ന് കുട്ടികൾ വരുന്നത് കുറവാണ്, നമ്മെക്കുറിച്ച് അറിയാമെങ്കിൽപ്പോലും. അത് എന്തുകൊണ്ടാണ്? ഇവിടെ നമ്മൾ പുതിയ കാര്യങ്ങൾ കൊണ്ടുവന്നാൽ മാത്രമേ അവർ വരികയുള്ളൂ. പുതിയ മേഖലയിലുള്ള കോഴ്‌സുകൾ, പുതിയ മേഖലയിലുള്ള വർക്കിംഗ് എൻവയേൺമെന്റ് ഇതൊക്കെ വേണം. ജെൻ-സി എന്നൊരു ഗ്രൂപ്പ് പഴയതുപോലെ അല്ല. അവരുടെ അദ്ധ്യാപനം, പഠനം ഒക്കെ വ്യത്യസ്തമാണ്. അവർക്ക് ആക്ഷൻ ഓറിയന്റഡ് ആകണം, ചെയ്യുന്ന കാര്യങ്ങൾക്ക് ഉടനേത്തന്നെ ഗുണഫലം കിട്ടണം. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഞങ്ങൾ ഉദ്ദേശിക്കുന്നതും അതാണ്. ഇപ്പോൾത്തന്നെ 20 ശതമാനത്തോളം കുട്ടികൾ കേരളത്തിനു പുറത്തുനിന്നാണ്. ഇതിനെ അങ്ങനെ ആകർഷകമായ സ്ഥാപനമാക്കുക, സമൂഹത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാക്കുക എന്നതാണ് ലക്ഷ്യം. അതാണ് എന്റെ രാഷ്ട്രീയം.

ഇവിടെ വരുന്ന എല്ലാ കുട്ടികൾക്കും നിർബന്ധമായ ഒരു കോഴ്‌സാണ് ഡെയ്‌സ് എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കുന്ന, ഡിജിറ്റൽ ആക്സസ് ഫോർ കമ്യൂണിറ്റി എംപവർ. അവർ പഠിക്കുന്നത് എന്തു കോഴ്‌സാണെങ്കിലും സമൂഹത്തിൽ ഇറങ്ങി, ആളുകളുടെ പ്രശ്നങ്ങൾ എന്താണെന്നു പഠിച്ചിട്ട് ആ പ്രശ്നങ്ങൾക്കുള്ള ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കും. തുടങ്ങിയ സമയത്ത് ചെന്നൈയിലെ ലയോള കോളേജാണ് ഞങ്ങളെ സപ്പോർട്ട് ചെയ്തത്. എങ്ങനെയാണ് ഇവർക്ക് റൂറൽ അപ്രൈസൽ നടത്താൻ പറ്റുക, എങ്ങനെയാണ് സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പറ്റുക എന്നതിനുവേണ്ടിയൊരു കോഴ്‌സ് ലയോള കൊടുക്കാറുണ്ടായിരുന്നു. എല്ലാ കുട്ടികളും നിർബന്ധമായി ചെയ്യണം അത്. പ്രശസ്തമായ അലയൻസ് കമ്പനി ഇതു കണ്ടിട്ട് ഇതിനെ സ്‌പോൺസർ ചെയ്ത് പിന്തുണച്ചു. ഈ കുട്ടികൾക്കുള്ള അവാർഡുകൾ അവരാണ് ചെയ്തുകൊണ്ടിരുന്നത്. സമൂഹത്തെക്കൂടി ഡിജിറ്റൽ മുന്നേറ്റത്തിൽ കൊണ്ടുവന്നാൽ മാത്രമേ ഡിജിറ്റൽ ഡിവൈഡിനെ അഭിമുഖീകരിക്കാൻ പറ്റുകയുള്ളൂ. ഈയൊരു വലിയ പ്രാധാന്യം ഡിജിറ്റൽ സർവകലാശാലയ്ക്കുണ്ട്. പുതിയ മേഖലയിലേയ്ക്കുള്ള വെല്ലുവിളികളിൽ സർവകലാശാലയ്ക്ക് പങ്കുണ്ട്. ആ നിലയിലാണ് ഞങ്ങൾ ഇതിനെ രൂപകല്പന ചെയ്തിട്ടുള്ളത്.

വിദേശ സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്ന കേരളത്തിലെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയാണോ അതോ ഇവിടെ പിടിച്ചുനിർത്തുകയാണോ വേണ്ടത്? നമ്മുടെ സർവകലാശാലകൾ എത്രത്തോളം പ്രാപ്തമാണ് അവരെ ഉൾക്കൊള്ളാൻ?

കുട്ടികൾ എന്തുകൊണ്ടാണ് വിദേശ സർവകലാശാലകളിലേക്കു പോകുന്നത് എന്ന് നമ്മൾ ആലോചിക്കണം. അവിടുത്തെ സർവകലാശാലകളുടെ മികവ് കൊണ്ടാണോ അതോ അവർ പോകുന്ന രാജ്യങ്ങളിലെ അവസരങ്ങൾ കൊണ്ടാണോ. ഇവിടെനിന്ന് ഒരു കുട്ടി യു.കെയിൽ പോകുന്നുവെന്ന് വയ്ക്കുക. അവിടെ പോകുന്നവരെല്ലാം ഓക്സ്‌ഫോർഡിലും കേംബ്രിഡ്ജിലുമൊന്നുമല്ലല്ലോ പോകുന്നത്. കൂടുതൽ പേരും പോകുന്നത് കേരളത്തിലേയോ ഇന്ത്യയിലേയോ പല സർവകലാശാലകളേക്കാളും താഴ്ന്ന നിലവാരത്തിലുള്ളവയിലുമാണ്. പക്ഷേ, അവിടെ ചെല്ലുമ്പോൾത്തന്നെ അവർക്ക് അവിടെയൊരു ജോലി ചെയ്യാനുള്ള അവസരം കിട്ടും. ചെയ്യുന്ന ജോലി ചിലപ്പോൾ ഹോട്ടലിലോ ഒക്കെ ആയിരിക്കാം. പക്ഷേ, അവർക്ക് ആ ഒരു സ്വാതന്ത്ര്യം അവിടെയുണ്ട്. ഇവിടെ അതില്ല. ഇവിടേയും ഇപ്പോൾ കുറച്ചു കുട്ടികളൊക്കെ സ്വിഗ്ഗിയിലും മറ്റുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതിനു സമൂഹത്തിൽ സ്വീകാര്യത വന്നിട്ടില്ല. ഡിജിറ്റൽ സർവകലാശാല ഈ വിഷയത്തെ അഭിസംബോധന ചെയ്യാൻ ഉദ്ദേശിക്കുന്നു. 30 ശതമാനത്തോളം കുട്ടികൾ ഏൺ വൈൽ ലേൺ ആണ് എന്നു പറഞ്ഞല്ലോ. അതൊരു കോഴ്‌സ് ആയിട്ടുത്തന്നെ എടുക്കാൻ ആലോചിക്കുകയാണ്. അതായത്, കുട്ടി വരുമ്പോൾത്തന്നെ ഇവിടെയുള്ള പ്രോജക്റ്റുകളിൽ ജോലികളിൽ ചേരാനുള്ള അവസരം കൊടുക്കുന്നു. നിസ്സാര ജോലികളല്ല, കാര്യമായ ജോലികളിൽത്തന്നെ ചേരാനുള്ള അവസരം. അതിനൊപ്പം പഠനവും നടക്കും; ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കിട്ടും. ഫലത്തിൽ കോഴ്‌സിന്റെ തന്നെ ഭാഗമായി മാറുകയാണ് ജോലിയും. അങ്ങനെയൊരു പഠനപ്രക്രിയ കൊണ്ടുവരാനാണ് അടുത്തതായി ശ്രമിക്കുന്നത്. ആയിട്ടില്ല, ആകുന്നതേയുള്ളൂ. ഇങ്ങനെയൊരു അവസരം മറ്റിടങ്ങളിലോ നമ്മുടെ പഠനപ്രക്രിയയിലോ ഇല്ല. അല്ലാതെ സിലബസിന്റെ മോശംകൊണ്ടോ കണ്ടന്റിന്റെ മോശംകൊണ്ടോ ആണ് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ അത് പരിശോധിക്കേണ്ട കാര്യമാണ്.

ഏൺ വൈൽ ലേൺ സംസ്ഥാന സർക്കാരിന്റെ തന്നെ കൺസെപ്റ്റാണല്ലോ. അതിലെ പോരായ്മകൾ എന്തൊക്കെയാണ്?

അതെ, തീർച്ചയായും. പക്ഷേ, പല സ്ഥലങ്ങളിലും ഏൺ വൈൽ ലേൺ ആയി ചെയ്യുന്നത് പി.ജി കുട്ടികളെക്കൊണ്ട് പേപ്പർ മൂല്യനിർണയം നടത്തിക്കാനോ അല്ലെങ്കിൽ ലൈബ്രറി നോക്കാനോ ഒക്കെയുള്ള തുച്ഛമായ ജോലികളാണ് കൊടുക്കുന്നത്. ഞങ്ങളുടെ ആശയം അതേയല്ല. അവർ ശരിക്കുള്ള പ്രോജക്റ്റുകളിൽ ജോലി ചെയ്യണം എന്നാണ്. കാരണം, അത് ലേണിംഗ് ആണ്, ഏണിംഗ് അല്ല. അതാണ് പ്രധാനം. അതേസമയം അവർക്ക് പണവും കിട്ടുന്നു. ഒരു ലൈബ്രറിയിൽ ജോലി ചെയ്യുന്ന കുട്ടിക്ക് പ്രത്യേകിച്ചൊരു ലേണിംഗ് ഉണ്ടാകുന്നില്ല. പക്ഷേ, സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന കുട്ടിക്ക് ലേണിംഗ് ഉണ്ടാകുന്നുണ്ട്. അതാണ് ഞങ്ങളുടെ ഫോക്കസ്. അതാണ് വ്യത്യാസം.

പഠിച്ചു രക്ഷപ്പെടുക എന്ന സങ്കല്പത്തിന്റെ സ്ഥാനത്ത്, ജീവിതത്തിൽ രക്ഷപ്പെട്ടുകൊണ്ടുതന്നെ പഠിക്കുക എന്ന ആശയം നടപ്പാകുന്നു എന്ന പ്രതീക്ഷയാണോ ഇത് നൽകുന്നത്?

അതെ, അതുതന്നെയാണ്. ഞാൻ എപ്പോഴും മാതൃകയാക്കുന്നത് മെഡിസിനെയാണ്. ഹൗസ് സർജന് ശമ്പളമുണ്ട്. പക്ഷേ, ഹൗസ് സർജന് എന്തുമാത്രം ലേണിംഗ് ആണ് ആ സമയത്തുണ്ടാകുന്നത്. ആ കുട്ടിക്ക് കിട്ടുന്ന പണത്തിനൊപ്പം തന്നെ ആ കുട്ടി ചെയ്യുന്നത് മെഡിസിന്റെ ജോലിയാണ്. നാലോ നാലരയോ കൊല്ലം മെഡിസിൻ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടിയും അതുകഴിഞ്ഞ് ഹൗസ് സർജൻ കാലം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ പ്രക്രിയയിലൂടെ ആ കുട്ടി കൃത്യമായ പ്രായോഗികവശം പഠിക്കുകയാണ്. ഇതാണ് കൃത്യമായ ഏൺ വൈൽ ലേൺ. ആ മാതൃകയാണ് ഞങ്ങൾ ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിനുള്ള സങ്കേതങ്ങൾ യൂണിവേഴ്‌സിറ്റിക്കകത്ത് വികസിപ്പിക്കണം, എന്നാലേ നടക്കുകയുള്ളൂ.

നോളെജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യം, എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ അന്‍പതിന പരിപാടികളിൽ ആദ്യ ഇനം 20 ലക്ഷം പേർക്കു തൊഴിൽ എന്നാണ്. അത് സാധാരണഗതിയിലുള്ള തൊഴിൽ വാഗ്ദാനത്തിന്റെ സ്ഥാനത്ത് വിജ്ഞാന സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണോ?

അതെ. അതായത് രണ്ടുമൂന്നു കാര്യങ്ങളാണ്. നോളെജ് ഇക്കോണമി മിഷന്റെ സ്ട്രാറ്റജി പേപ്പർ എഴുതിയ ഗ്രൂപ്പിൽ ഞാനും കൂടി ഉൾപ്പെട്ടിരുന്നു. അതിൽ ഞങ്ങൾ കണ്ട ഒരു കാര്യം, ലോകത്ത് വലിയ മാറ്റം വരുന്നു; രാഷ്ട്രങ്ങൾ വളരെ ചുരുങ്ങുന്നുണ്ട് ഒരു രീതിയിൽ പറഞ്ഞാൽ. നാഷണലിസ്റ്റിക് മൂവ്‌മെന്റുകൾ പലയിടത്തും വരുന്നു. നിതാഖാത്ത്, ജർമനിയിലെ നാഷണൽ മൂവ്‌മെന്റ്, ട്രമ്പിന്റെ ചില നയങ്ങൾ തുടങ്ങി പലതും. അങ്ങനെ വരുമ്പോൾ ഒരു പരിധി വരെ മുന്‍പത്തെ ഗ്ലോബലൈസേഷന്റെ സ്ഥാനത്തൊരു ഡീ ഗ്ലോബലൈസേഷനിലേക്കു പോകുന്നു; രണ്ടാമത്തേത്, പ്രകൃതിദുരന്തങ്ങൾപോലുള്ള കാരണങ്ങൾകൊണ്ട് ഒരുപാട് യാത്രകൾ കുറയുന്നു. വലിയ തോതിലുള്ള കാലാവസ്ഥാമാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ആളുകൾ യാത്ര ചെയ്യുന്നത് കുറയ്ക്കുന്നു. മൂന്നാമത്തെ മാറ്റം, കൊവിഡ് കാലത്തോടെ റിമോട്ട് വർക്കിംഗ് ഒരു സ്വാഭാവിക കാര്യമായി മാറി. എല്ലാ ദിവസവും ഓഫീസിൽ പോകുന്നത് മാറ്റിയിട്ട് റിമോട്ട് വർക്കിംഗ് ആയി. ഈ മൂന്നു ഘടകങ്ങളെടുത്താൽ കേരളത്തിന് വലിയ അവസരങ്ങളുണ്ട്. നമ്മൾ ഇതുവരെ ചെയ്തുകൊണ്ടിരുന്നത് ആളുകളെ കയറ്റി അയയ്ക്കുക എന്നതാണ്. നമ്മുടെ ഒരു അടിസ്ഥാന സാമൂഹികഘടന നമ്മൾ കെട്ടിപ്പടുത്തിട്ടുണ്ട്. കുറേക്കാലംകൊണ്ട് കെട്ടിപ്പടുത്തതാണ്. അതുകൊണ്ട് എല്ലാവർക്കും നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യവും കിട്ടും. അതുകൊണ്ടുതന്നെ നന്നായി പഠിക്കാൻ പറ്റും. ഇതിന്റെ റിട്ടേൺ കിട്ടുന്നത് പഠിച്ച ആളുകൾ പുറത്തു പോകുമ്പോഴായിരുന്നു. ഈ റിമോട്ട് മോഡൽ വരുമ്പോഴത്തെ ഫലം, അവർ പുറത്തു പോകേണ്ട എന്നതാണ്. ഇവിടിരുന്നുകൊണ്ട് ജോലി ചെയ്യാം. വീടിനടുത്തോ അല്ലെങ്കിൽ ഏറ്റവും മനോഹരമായ ഒരു സ്ഥലത്തോ ഇരുന്നുകൊണ്ട്, എല്ലാവിധ സാമൂഹിക സ്വാസ്ഥ്യവും അനുഭവിച്ചുകൊണ്ട് ജോലി ചെയ്യാം. അത് ഗവൺമെന്റിനും വലിയ ഉപകാരമാകും. ജനങ്ങൾ പണം ചെലവഴിക്കുമ്പോഴാണല്ലോ സംസ്ഥാനം വളരുന്നത്. ജനങ്ങളുടെ ക്രയശേഷി വർദ്ധിക്കുമ്പോഴാണ് അതിന്റെ ഗുണഫലങ്ങളായി നിക്ഷേപമുൾപ്പെടെ ഉണ്ടാക്കാൻ പറ്റുന്നത്; ഗവൺമെന്റിന് പൊതുലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാൻ പറ്റുന്നത്. അതിന് നമുക്ക് എംപ്ലോയീസാണ് വേണ്ടത്. ഇവിടിരുന്നു ജോലി ചെയ്യുന്ന ആൾ ഇവിടെത്തന്നെ ചെലവഴിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ, ആഹാരം കഴിക്കുമ്പോൾ ഒക്കെ ഒരു നികുതി സമൂഹത്തിനു കിട്ടും. അത് സമൂഹത്തിനു മൊത്തത്തിലുള്ള വികസനത്തെ സഹായിക്കും. ഈയൊരു കൺസപ്റ്റാണ് നോളെജ് ഇക്കോണമി മിഷനിൽ കൊണ്ടുവന്നത്. 20 ലക്ഷം ജോലികളിൽ 12 ലക്ഷത്തോളം ജോലികൾ ഇവിടിരുന്ന് പുറത്തേക്കു ചെയ്യുന്നതാണ്. കേരളത്തിൽ 12 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നുള്ളതല്ല. ലോകത്തുള്ള തൊഴിലവസരങ്ങൾ എങ്ങനെ കേരളത്തിലിരുന്നുകൊണ്ട് ചെയ്യാൻ കഴിയും. ഇതായിരുന്നു നോളെജ് ഇക്കോണമി മിഷന്റെ ഒരു ആസ്‌പെക്റ്റ്. ഇതുവരെ സാമൂഹിക അടിസ്ഥാന ഘടനയിൽ നിക്ഷേപിച്ചതിന്റെ റിട്ടേൺസ് നമുക്കു കിട്ടണമെന്നുണ്ടെങ്കിൽ അതിനു മുകളിൽ നമ്മൾ പുതിയ കൺസപ്റ്റനുസരിച്ചുള്ള ഇത്തരം കാര്യങ്ങൾ ചെയ്യണം. അതാണ് നമ്മൾ ചെയ്ത നമ്മുടെ നോളെജ് ഇക്കോണമി മിഷൻ. ഇനിവരുന്ന കാലങ്ങളിൽ ഇത് കൂടുതൽ പ്രാവർത്തികമാകും. അതിന് ഒരുപാട് ഘടകങ്ങളുണ്ട്. റിസർച്ച് ഇക്കോ സിസ്റ്റം ഉണ്ടാക്കണം, നോളെജ് ഇക്കോ സിസ്റ്റമുണ്ടാക്കണം തുടങ്ങി പലതും. ഇതിൽ ചിലത് ഇപ്പോൾത്തന്നെയുണ്ട്. 2030 ഒക്കെ ആകുമ്പോഴേയ്ക്കും കേരളം പൂർണമായി വിജ്ഞാന സമ്പദ്‌വ്യവസ്ഥയാകും. നോളെജ് ഇൻഡസ്ട്രീസ് ഇവിടെയുണ്ടാകും, ഇവിടെയുള്ളവർക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിജ്ഞാന ജോലികളിൽ സംഭാവനകൾ ചെയ്യാൻ കഴിയും, ഈയൊരു മേഖലയിലേക്ക് നമുക്ക് കൊണ്ടുവരാനും കഴിയും. എല്ലാത്തിലുമുണ്ടാകും. ആർട്‌സിലാകാം, സയൻസിലാകാം; എല്ലായിടത്തുമുണ്ടാകാം. വളരെ വലിയ ശുഭാപ്തിവിശ്വാസം ആ മേഖലയുടെ കാര്യത്തിലുണ്ട്.

അത്തരത്തിൽ നൈപുണ്യമില്ലാത്ത, അങ്ങനെ സംഭാവന ചെയ്യാൻ കഴിയാത്ത സാധാരണക്കാരും ദരിദ്രരുമായ പാർശ്വവൽകൃതർ ഈ ഘടനയിൽനിന്നു പുറത്താകില്ലേ?

ഇല്ല. അവിടെയാണ് കേരളത്തിന് മറ്റുള്ള സ്ഥലങ്ങളിൽനിന്നുള്ള വ്യത്യാസം. സാമൂഹിക അടിസ്ഥാനഘടന അതിനെ സംരക്ഷിക്കും. ഇതേ പ്രശ്നം മറ്റുള്ള സ്ഥലങ്ങളിലെടുത്താൽ പ്രശ്നമുണ്ട്. അവിടെ നമ്മളുമായി വലിയ വ്യത്യാസമാണുള്ളത്. കേരളത്തിൽ ഒരു നല്ല സ്കൂളിൽ വിദ്യാഭ്യാസം കിട്ടാനിടയില്ലാത്ത ഒരു കുട്ടിപോലുമില്ല. രക്ഷിതാക്കളില്ലാത്തവരോ സിംഗിൾ പേരന്റുള്ളവരോ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ജോലി ചെയ്യാൻ കഴിയാത്തവിധം രോഗമുള്ളവരോ ഒക്കെ ആയ കുട്ടികൾക്കുപോലും സ്കൂൾ പ്രാപ്യമാണ്; അതുവഴി വിജ്ഞാനവും കിട്ടും. കേരളത്തിൽ ഒരു പ്രശ്നവുമില്ല. കെ ഫോൺപോലുള്ള സാങ്കേതിക സംവിധാനങ്ങൾ കേരളം മൊത്തം കണക്‌റ്റഡാണ്. വേറെ ഒരിടത്തും ഇത്രയും കണക്റ്റഡ് അല്ല. പല സംസ്ഥാനങ്ങളിലും കാണുന്നത് സംസ്ഥാനത്തിനെ അല്ല തലസ്ഥാനത്തിനെയാണ്. കർണാടക എന്നാൽ, ബാംഗ്ലൂർ ആണ്; ശരിയാണ് ബാംഗ്ലൂരിൽ എല്ലാമുണ്ട്. പക്ഷേ, ഉൾപ്രദേശങ്ങളിലേക്കു പോയാൽ അതല്ലല്ലോ സ്ഥിതി. എത്രത്തോളം അവിടെ മെച്ചമുണ്ട്? അതല്ല കേരളത്തിൽ. ഏറ്റവും റിമോട്ടായ പ്രദേശങ്ങളിൽപ്പോലും നമുക്ക് വെൽ നെറ്റുവർക്ക് കണക്റ്റഡാണ്. ഒരു മൊബൈൽ ഫോൺകൊണ്ട് എന്തും പഠിക്കാൻ പറ്റുന്ന ലോകത്തിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ വിജ്ഞാന സമൂഹത്തിൽ ആളുകൾ പാർശ്വവൽക്കരിക്കപ്പടില്ല. അതേസമയം, സാമ്പത്തികമായ ഒരു സമൂഹമാണെങ്കിൽ, വിജ്ഞാനസമ്പത്തല്ല, ഭൗതികസമ്പത്താണ് പ്രധാനമെങ്കിൽ സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാകും. പക്ഷേ, വൈജ്ഞാനിക അസന്തുലിതാവസ്ഥ ഉണ്ടാകേണ്ട കാര്യമില്ല. കാരണം എല്ലാവർക്കും ആക്സസ്സുണ്ട്. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്, സപ്പോർട്ട് സിസ്റ്റവും ഉണ്ടാക്കിയിട്ടുണ്ട്. പഠിക്കാൻ താല്പര്യമില്ലെങ്കിൽ മാത്രമേ വൈജ്ഞാനിക അസന്തുലിതാവസ്ഥ ഉണ്ടാവുകയുള്ളൂ. അത് ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. നമ്മുടെ പല വലിയ കാര്യങ്ങളും ചെയ്യുന്നത് പല ഉൾ പ്രദേശങ്ങളിൽനിന്നുള്ള കുട്ടികളാണ്. സ്റ്റാർട്ടപ്പിനെക്കുറിച്ച് പഠിച്ചാൽ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും സ്റ്റാർട്ടപ്പുകൾ വരുന്നത് അവരുടെ വലിയ നഗരങ്ങളിൽനിന്നു മാത്രമാണ്. കേരളത്തിൽ അങ്ങനെയല്ല; ഇവിടെ ഒരുപാട് സ്റ്റാർട്ടപ്പുകൾ വന്നിട്ടുള്ളത് ചെറിയ ചെറിയ സ്ഥലങ്ങളിൽനിന്നാണ്. ജൻ റോബോട്ടിക്സ് എന്ന പ്രശസ്ത സംരംഭത്തിനു പിന്നിലുള്ളവരുടെ സ്വദേശം പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്താണ്. ഇൻഡ്രോയൽ എന്ന സ്റ്റാർട്ടപ്പ് തുടങ്ങിയത് കോഴിക്കോട് ജില്ലയിലെ അരീക്കോട് എന്ന ചെറിയ ടൗണിൽനിന്നാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച സ്റ്റാർട്ടപ്പാണത്. കേരളത്തിലെ കുഞ്ഞുകുഞ്ഞു സ്ഥലങ്ങളിൽനിന്ന് നിരവധി നവീനാശയങ്ങളുമായി ആൾക്കാർ വരുന്നത് കണ്ടിട്ടുണ്ട്. എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എത്രയോ കൊല്ലങ്ങളായി കേരളം ചെയ്തിട്ടുള്ള സാമൂഹിക വികസനത്തിന്റെ ഗുണഫലമാണത്. അതിനെ ഇനി എങ്ങനെ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് ആലോചിക്കേണ്ടത്. അതൊക്കെയാണ് യൂണിവേഴ്‌സിറ്റികളും നോളെജ് സെന്ററുകളും ചെയ്യേണ്ടത്.

നമ്മൾ ശരിക്കും ഇനിയൊരു ഐ.ഐ.ടിയുടേയോ എയിംസിന്റേയോ പേരിൽപ്പോലും വിഷമിക്കേണ്ട സാഹചര്യമില്ല?

ഇല്ലില്ല, അങ്ങനെ വിഷമിക്കേണ്ടതില്ല. ഐ.ഐ.ടിയുടേയോ എയിംസിന്റേയോ ഒക്കെ കാര്യത്തിലുള്ള വ്യത്യാസം, അവ വരുമ്പോൾ അവിടുത്തെ റിസോഴ്‌സസ് ഒരുപാട് കിട്ടുന്നു എന്നുള്ളതാണ്. ആ റിസോഴ്‌സസ് ജനറേറ്റ് ചെയ്യാൻ കഴിയും എന്നതാണ് എന്റെ പോയന്റ്. ഞങ്ങൾ അതാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഡിജിറ്റൽ സർവകലാശാലയ്ക്ക് ഓക്സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുമായും മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയുമായും എഡിൻബറോ യൂണിവേഴ്‌സിറ്റിയുമായും ടൈഅപ്പുണ്ട്. ഗ്രഫീൻ കണ്ടുപിടിച്ച മൊബൈൽ സമ്മാനജേതാവ് ആൻഡ്രേ ജീം (Andre Geim) കുറച്ചുകാലം ഞങ്ങളുടെ ഫാക്കൽറ്റി മെമ്പറായിരുന്നു. ഞങ്ങൾ മാത്രമല്ല, ഇവിടുത്തെ പല സർവകലാശാലകളും ലോകത്തെ പല പ്രശസ്തരുമായും ചേർന്നു പ്രവർത്തിക്കുന്നവരാണ്. ഞങ്ങളുടെ ഫാക്കൽറ്റി മെമ്പേഴ്‌സിനെ എടുക്കുകയാണെങ്കിൽ സ്റ്റാൻഫോർഡിൽ പോസ്റ്റ് ഡോക്ടറൽ ചെയ്യുന്നവരുണ്ട്, കെ.ടി.എച്ചിലേയും ഓക്സ്‌ഫോർഡിലേയും ആളുകളുണ്ട്. ഇവരെയൊക്കെ നമുക്ക് ആകർഷിക്കാൻ കഴിയുന്നു. ഐ.ഐ.ടിയും ഡിജിറ്റൽ സർവകലാശാലയും തമ്മിലെ വ്യത്യാസം ഐ.ഐ.ടി ഒരുപാട് പഴയതാണ്, അവർക്ക് ഒരുപാട് ഫണ്ടിംഗ് വരുന്നുണ്ട്; ഡിജിറ്റൽ സർവകലാശാലയ്ക്ക് അത് വരുന്നില്ല എന്നതാണ്. ഇന്റലക്ച്വൽ ഔട്ട്പുട്ടിന്റെ കാര്യത്തിൽ നമുക്ക് മാറേണ്ട ആവശ്യമില്ല.

കേരളം രൂപപ്പെട്ടതു മുതലുള്ള സാമൂഹിക വികസനത്തിന്റേയും 70 വർഷമായി നമ്മൾ കെട്ടിപ്പടുത്ത പുരോഗതിയുടേയുമെല്ലാം പല തുടർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതും, അങ്ങനെയല്ലേ?

പൂർണമായും അതെ. അത് വളരെ ശരിയാണ്. ഐ.ഐ.എം കോഴിക്കോട് വളരെ നല്ല കുറേ പ്രോജക്ടുകൾ എടുത്തിട്ടുണ്ട്. നടക്കാവ് സ്കൂൾ മികച്ച ഒരു ഉദാഹരണമാണ്. എങ്ങനെ ഒരു സർക്കാർ സ്കൂളിനെ ലോക നിലവാരത്തിലേക്ക് വിഷ്വലൈസ് ചെയ്യാം എന്നതിന് പ്രദീപ്ജിക്ക് (മുൻ എം.എൽ.എയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. പ്രദീപ്കുമാർ) പിന്തുണ നൽകിയത് ഐ.ഐ.എമ്മാണ്. അതിന്റെ ഡോക്യുമെന്റ് ഉണ്ടാക്കിയതെല്ലാം ഐ.ഐ.എമ്മാണ്. പിന്നീടാണ് ഫൈസൽ ആന്റ് ചവാനാ ഫൗണ്ടേഷൻ വന്നത്. കേരളത്തിന്റെ സ്കൂളുകളിൽ വേറിട്ട ഒരു ചിന്ത കൊണ്ടുവരാൻ ആ പദ്ധതിക്ക് കഴിഞ്ഞു. അങ്ങനെ കാതലായ സാമൂഹിക മാറ്റങ്ങൾ വരുത്താൻ ഐ.ഐ.എമ്മിനു കഴിഞ്ഞിട്ടുണ്ട്. നമ്മൾ തുടങ്ങുന്നത് ചെറിയ പ്രോജക്ടാണെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ വലുതായിരിക്കും. ഒരു സർക്കാർ സ്കൂൾ എന്നാൽ, മഞ്ഞ പെയിന്റടിച്ച കെട്ടിടം മാത്രമല്ലെന്നും അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും മനോഹരമായ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും പഠനം എന്നതിന് പല മാനങ്ങളുണ്ട് എന്നുമൊക്കെ നടക്കാവ് സ്കൂളിൽനിന്നാണ് വന്നത്. ഒരുപക്ഷേ, ആ ജില്ലയിൽപ്പോലും ഒന്നുമല്ലാതിരുന്ന സ്കൂളിനെ രാജ്യത്ത് മൂന്നാമതാക്കാൻ കഴിഞ്ഞതിൽ ഐ.ഐ.എം ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

താങ്കൾ സി.ഇ.ഒ ആയിരുന്ന 2019 വരെയുള്ള മൂന്ന് വർഷം സ്റ്റാർട്ടപ്പ് മിഷന് പ്രധാനമായിരുന്നല്ലോ. ആദ്യ അഞ്ചു വർഷത്തിനുള്ളിലുള്ള കാലമാണത്. അതേക്കുറിച്ച് പറയാമോ?

2014-ലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയത്. ഡോ. സി. ജയശങ്കർ ആണ് തുടക്കമിട്ടത്. അതിനുമുന്‍പ് കേരളത്തിൽ ഒരു സ്റ്റാർട്ടപ്പ് കൾച്ചർ അല്ലെങ്കിൽ ഒരു സ്റ്റാർട്ടപ്പ് മൂവ്‌മെന്റ് കൊണ്ടുവന്നത് സ്റ്റാർട്ടപ്പ് വില്ലേജാണ്. അതിനു നിലനിൽക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സ്റ്റാർട്ടപ്പുകളേക്കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് പലയിടത്തുമുണ്ടായി. ആ സമയത്താണ് ഡോ. സി. ജയശങ്കർ സി.ഇ.ഒ ആയി സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയത്. അദ്ദേഹം അതിന്റെ അടിത്തറ നന്നായി ബലപ്പെടുത്തി. അതിനുശേഷം ഞാൻ ചുമതല ഏറ്റെടുക്കുമ്പോൾ ഒരുപാട് ഗുണപരമായ വശങ്ങൾ ഉണ്ടായിരുന്നു. സ്റ്റാർട്ടപ്പുകളേക്കുറിച്ച് ഇന്ത്യയിൽത്തന്നെ പറയാൻ തുടങ്ങി എന്നതാണ് അതിൽ ഒന്നാമത്തേത്. പക്ഷേ, നമുക്ക് വ്യത്യസ്തമായ ഒരു സാഹചര്യമുണ്ടായിരുന്നു. ലോകത്തെവിടേയും സ്റ്റാർട്ടപ്പുകൾ വളർന്നത് വ്യവസായങ്ങളുള്ള സ്ഥലങ്ങളിലാണ്. സിലിക്കൺവാലിയിൽ സ്റ്റാർട്ടപ്പുകളെ വളർത്തിയത് അവിടെയുള്ള വ്യവസായങ്ങളാണ്; ബാംഗ്ലൂരിലും ഹൈദരാബാദിലും അതുതന്നെയാണ് സ്ഥിതി. കേരളത്തിൽ ആ ഒരു അഡ്വാന്റേജില്ല. കേരള ഗവൺമെന്റ് തന്നെ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചത് അവിടെയാണ് പ്രധാനമായത്. ഗവൺമെന്റ് ഫെസിലിറ്റേറ്ററായി സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് ഒരു ആശയം ഉണ്ടാക്കുന്നതു മുതൽ സംരംഭം രൂപീകരിക്കുന്നതുവരെ എല്ലാ സ്ഥലങ്ങളിലും പ്രോത്സാഹനം നൽകുന്ന ഒരു മോഡൽ വികസിപ്പിച്ചു. അതായത്, ആദ്യമായി സ്റ്റാർട്ടപ്പും സംരംഭകത്വവും നല്ലതാണെന്ന് കേരളത്തിൽ പറയണം. സംരംഭകത്വം മോശമാണ് എന്ന് കരുതുന്ന ഒരു സമൂഹമായിരുന്നു പലപ്പോഴും കേരളം. ഇപ്പോഴത് മാറി, വളരെ മാറി. തോൽവി എന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് എന്ന ധാരണയുമുണ്ടായിരുന്നു. അതു മാറ്റാൻ നമ്മൾ ഒരുപാട് ഇവന്റുകൾ നടത്തി, നിരവധി വ്യക്തികളെ കൊണ്ടുവന്ന് സംസാരിപ്പിച്ചു. അടിസ്ഥാനപരമായി അതെല്ലാം സ്റ്റാർട്ടപ്പിനെ ഗ്ലാമറൈസ് ചെയ്യുന്നതിനായിരുന്നു. കോവളത്ത് എല്ലാ വർഷവും സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ തുടങ്ങി. അതാണ് നമ്മുടെ ആദ്യഘട്ടം. സ്റ്റാർട്ടപ്പ് എന്നത് പരാജയപ്പെട്ട ആൾക്കുള്ളതു മാത്രമല്ല, നല്ലവണ്ണം പഠിക്കുന്ന കുട്ടിക്കും നല്ല അറിവുള്ള കുട്ടിക്കുമൊക്കെ തുടങ്ങാം. അതിന് 140-തോളം കോളേജുകളിൽ സ്റ്റാർട്ടപ്പ് സെൽ തുടങ്ങി. ഇപ്പോഴത് 600 ആയി. ഇതൊരു സ്റ്റാർട്ടപ്പ് മൂവ്‌മെന്റുണ്ടാക്കി. പക്ഷേ, അതുകൊണ്ടു മാത്രം കാര്യമില്ല. കുട്ടികൾക്ക് അറിവ് വേണം. ക്ലാസിൽ പഠിക്കുന്ന അറിവ് മാത്രം പോരാ. പുതിയ മേഖലകളിൽ എന്തുണ്ടാകണം, എന്തു വേണം എന്ന് അറിയണം. അങ്ങനെയാണ് ലോകപ്രശസ്തമായ എം.ഐ.ടിയുമായി ചേർന്ന് ഫാബ് ലാബുകൾ രൂപീകരിച്ചത്. കുട്ടികൾക്ക് പരീക്ഷണത്തിനും അറിവ് വികസിപ്പിക്കാനുമുള്ള അവസരമുണ്ടാക്കിക്കൊടുത്തു. പുതിയ കോഴ്‌സുകളൊക്കെ കൊണ്ടുവന്നു. അതാണ് രണ്ടാംഘട്ടം. പിന്നീട് നമ്മൾ ഇതിനുവേണ്ടി ശ്രമങ്ങൾക്കുള്ള ഇൻക്യുബേറ്റേഴ്‌സ് കൊണ്ടുവന്നു. അവിടെ നമ്മൾ ചെറിയ സാമ്പത്തിക പിന്തുണയും കൊടുത്തു. ആശയത്തിന് രണ്ടു ലക്ഷം രൂപ, ആശയം വികസിപ്പിക്കുന്നതിന് അഞ്ചു ലക്ഷം. ഫണ്ടിംഗിന് പുറത്തുനിന്നുള്ള കുറേ ഏജൻസികളെ കൊണ്ടുവന്നു. ഫണ്ടിംഗ് ഇല്ലാതെ ഇതൊന്നും നടക്കില്ല. ഇങ്ങനെ സംരംഭങ്ങൾ വികസിപ്പിക്കുന്ന ഘട്ടത്തിലേക്ക് വന്നു. പിന്നെ വലിയ ഫണ്ടിംഗ് കൊണ്ടുവരാൻ സർക്കാർ തന്നെ വൻകിട നിക്ഷേപകർക്ക് (ഏയ്ഞ്ചൽ ഇൻവെസ്റ്റേഴ്‌സ്) പണം കൊടുത്ത് നിക്ഷേപം നടത്തി. പക്ഷേ, നമ്മൾ കൊടുക്കുന്നതിന്റെ രണ്ടിരട്ടി അവർ തിരിച്ച് നമ്മുടെ സ്റ്റാർട്ടപ്പിന് കൊടുക്കണം എന്ന ഉപാധിയോടെയായിരുന്നു ഇത്. അതൊരു വിജയമായിരുന്നു എന്നു മാത്രമല്ല, ആ രീതി രാജ്യത്തു തന്നെ ഏറ്റവും വിജയകരമായി നടത്തിയത് കേരളമാണെന്നു പറയാം. ഏകദേശം ഒരു 40 കോടിയൊക്കെ ആയിരിക്കും നമ്മൾ കൊടുത്തിട്ടുള്ളത്. അതിന്റെ പത്ത് ഇരട്ടിയെങ്കിലും തിരിച്ചു കിട്ടിയിട്ടുണ്ടാകും. കൃത്യം കണക്കല്ല; അത് എത്രയെന്ന് ഇപ്പോഴത്തെ സി.ഇ.ഒയോടു ചോദിക്കേണ്ടിവരും. അതു മാത്രമല്ല, നമ്മൾ ഇന്നു കാണുന്ന വിജയിച്ച പല സ്റ്റാർട്ടപ്പുകൾക്കും ഇതുവഴി നിക്ഷേപം കിട്ടി. പല കമ്പനികൾക്കും ഈ ഫണ്ട് കൊണ്ട് വളരാൻ കഴിഞ്ഞു. അവസാനത്തെ ഘട്ടം, ഇതിനൊരു എന്റർപ്രൈസ് വികസിപ്പിക്കുന്നതിന് എറണാകുളത്ത് വലിയ ഒരു സ്റ്റാർട്ടപ്പ് ഹബ്ബ് രൂപീകരിച്ചു. തിരുവനന്തപുരത്ത് സിഡാക്കുമായി ചേർന്ന് ഒരു ഹബ്ബ് രൂപീകരിച്ചു. അതോടെ അവർക്ക് പ്രവർത്തിക്കാൻ ഒരു ഇടമായി. അങ്ങനെയാണ് 300-ൽനിന്ന് ഇപ്പോഴത്തെ 8000 ആയി കേരളത്തിലെ സ്റ്റാർട്ടപ്പുകളെ വളർത്താൻ കഴിഞ്ഞത്. ഇപ്പോൾ അതിന്റെ അടുത്ത സ്റ്റേജിലാണ്. അന്തർദേശീയമായിട്ടുള്ള ലോഞ്ച് പാഡ് ചെയ്യുന്നുണ്ട്, ഇവിടെ നിന്നുള്ള സ്റ്റാർട്ടപ്പുകൾ പുറത്തേക്കുപോയി വികസിപ്പിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. ശരിക്കും, ഒരു സംസ്ഥാന സർക്കാർ എങ്ങനെ സ്റ്റാർട്ടപ്പ് വികസനത്തിന് ചാലകശക്തിയാകും എന്നതിന്റെ ഐഡിയൽ മോഡലാണ് കേരളം. അങ്ങനെയാണ് നമുക്ക് ബെസ്റ്റ് പെർഫോമർ അവാർഡ് കിട്ടിയത്. അല്ലാതെ ഇവിടെ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഉള്ളതുകൊണ്ടല്ല. വീണ്ടുമൊരു കേരള മോഡലാണിത്.

കൊവിഡ് വന്നപ്പോൾ ഇന്ത്യയിൽത്തന്നെ ഏറ്റവും കുറച്ച് സ്റ്റാർട്ടപ്പുകൾക്ക് നഷ്ടം സംഭവിച്ചത് കേരളത്തിലാണ്. മറ്റിടങ്ങളിലൊക്കെ വളരെ അധികം എണ്ണം പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അങ്ങനെ സംഭവിച്ചവയുടെ എണ്ണം കുറവായിരുന്നു. കാര്യം, അവർക്കൊരു പ്രോഫിറ്റ് ബെയ്‌സ് ഉണ്ടായിരുന്നു; നമ്മൾ സപ്പോർട്ട് സിസ്റ്റംസ് ഉണ്ടാക്കി കൊടുത്തിരുന്നു. അത് വളരെ വലിയ അനുഭവമായിരുന്നു. നേരത്തെ പറഞ്ഞതുപോലെ സ്റ്റാർട്ടപ്പിലെ എനർജി വളരെ വലിയ എനർജിയാണ്. അവരുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ സന്തോഷമാണ്. പുതിയ പുതിയ ആശയങ്ങൾ കൊണ്ടുവരുമ്പോൾ ചിലത് വിജയിക്കില്ല ചിലത് വിജയിക്കും. അതിനുവേണ്ട പിന്തുണ നമുക്കു കൊടുക്കാൻ പറ്റുമ്പോൾ ആ ഒരു തലത്തിൽ സ്റ്റാർട്ടപ്പ് മിഷൻ വളരെ നല്ല അനുഭവമായിരുന്നു. ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം എന്നു പറയാം. ഇവിടുത്തെ സ്റ്റാർട്ടപ്പുകൾ ‘ഗ്രൗണ്ടപ്പ്’ ആണ് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലുള്ളവരാണ്, സ്കൂൾ തലം നമ്മൾ വളർത്തിക്കൊണ്ടു വന്നവരാണ്. ബാംഗ്ലൂരിൽ കർണാടകക്കാർ മാത്രമല്ല, സിലിക്കൺവാലിയിൽ അമേരിക്കക്കാർ മാത്രവുമല്ല.

സ്റ്റാർട്ടപ്പുകൾക്ക് വിശ്വാസ്യത ഉറച്ചു?

അതെ. മുന്‍പൊക്കെ ഇതെന്തോ കുട്ടികൾ ചെയ്യുന്ന എന്തോ കാര്യം എന്നായിരുന്നു. അതിൽനിന്നു മാറി, ഗൗരവമുള്ള ബിസിനസ് ആണെന്നും കമ്പനികൾ തുടങ്ങുന്നു എന്നും വന്നതോടെ പല വകുപ്പുകളുമായും ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നു. ഉന്നത വിദ്യാഭ്യാസം, ജലവിഭവം, വ്യവസായം തുടങ്ങി പല വകുപ്പുകളുമായും. പ്രത്യേകിച്ചും വ്യവസായ മന്ത്രി പി. രാജീവ് വളരെ താല്പര്യമെടുത്ത് സ്റ്റാർട്ടപ്പുകളെ പ്രോൽസാഹിപ്പിക്കുന്ന ആളാണ്. വളരെ സംയോജിതമായാണ് പ്രവർത്തനം.

സജി ഗോപിനാഥ്

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നമ്മൾ അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളുണ്ടല്ലോ. കൊവിഡ് ഒക്കെ ലോകം മുഴുവൻ ഉണ്ടായതാണെങ്കിലും പ്രളയവും നിപയുമൊക്കെ നമ്മുടെ മാത്രം ദുരവസ്ഥകളായിരുന്നു. കേരളം അതിനെയൊക്കെ അതിജീവിച്ചിട്ടും ആ കാലത്ത് കേരളത്തെ നയിച്ച സർക്കാർ പലവിധത്തിൽ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്നു എന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു. ആ കാലത്തിന്റെ ഒരു പ്രധാന സാക്ഷി എന്ന നിലയിൽ?

ഇപ്പോഴത്തെ കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ഡോ. സി. ബാലഗോപാലിന്റെ ഒരു പുസ്തകമുണ്ട്, ബിലോ ദി റഡാർ. കേരളത്തിലെ മാനുഫാക്ചറിഗ് വ്യവസായങ്ങളെക്കുറിച്ച് പഠിച്ച് അങ്ങനെയുള്ള 50 എണ്ണത്തെക്കുറിച്ച് എഴുതിയതാണ്. അതിൽ പലതും ലോകോത്തരവുമാണ്. കേരളത്തിൽ സംരംഭങ്ങൾ ഇല്ലെന്നു പറയുമ്പോൾ ഉണ്ടെന്നു ചൂണ്ടിക്കാണിക്കുന്നതാണ് ആ പുസ്തകം. തികച്ചും വസ്തുതകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്: സാമൂഹിക സൂചകങ്ങൾ കരുത്തു നേടാത്ത സ്ഥലങ്ങളിൽ ഒരിക്കലും സുസ്ഥിര സാമ്പത്തിക വളർച്ച ഉണ്ടാകില്ല. ദാരിദ്ര്യം, തുല്യതയില്ലായ്മ, നിരക്ഷരത തുടങ്ങിയതൊക്കെ ഉണ്ടെങ്കിലും ചിലപ്പോൾ ചില വ്യവസായങ്ങളൊക്കെ വരുന്നുണ്ടാകാം. പക്ഷേ, അതിനു പുറത്ത് വലിയൊരു ചേരിയുണ്ടാകും. കാലക്രമേണ ആ വിഭജനം വെളിവാകുകയും വികസനം സുസ്ഥിരമാകാതെ പോവുകയും ചെയ്യും.

കേരളം സാമൂഹിക വികസനത്തിൽ വളരെ ഉയർന്ന തലത്തിലാണ് എന്നത് വലിയൊരു നേട്ടമാണ്. പക്ഷേ, നമ്മൾ അതിനെ ഇക്കണോമിക്കലായി മാറ്റിയെടുത്തിട്ടുണ്ടായിരുന്നില്ല. ഇനിയത്തെ കാലത്ത് അതാണ്. ജനകീയാസൂത്രണത്തിന് 30 വർഷമായി. അടുത്തത്, നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ ഇക്കണോമിക് എൻജിനായി മാറും എന്നതാണ്. ഇതുവരെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ അവർ നന്നായി ചെയ്തു. നമ്മുടെ സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ ഒരു ക്ലാസിക് ഉദാഹരണമാണ്. അതിനെ ഇക്കണോമിക് എൻജിനായി മാറ്റാൻ എളുപ്പമാണ്. മറ്റു പലയിടത്തും അങ്ങനെയല്ല. അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്തിട്ടില്ല; വീടില്ല, ആഹാരമില്ല. നമുക്ക് അതെല്ലാമുണ്ട്. ഇനി അടുത്ത തലത്തിലേക്ക് പോകാൻ കഴിയും. അതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത് എന്നു തോന്നുന്നു. അത് തീർച്ചയായും തുടരും. നമ്മൾ ആ ത്രെഷ്‌ഹോൾഡ് ബ്രേക്ക് ചെയ്തു. ഇനി നമുക്ക് മുന്നോട്ടു പോകാൻ കഴിയും.

മറ്റെന്തൊക്കെ പരിമിതികളും കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികമായ ശ്വാസംമുട്ടിക്കലും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങി അതിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയുമൊക്കെ ഉണ്ടെങ്കിലും അതിനെയൊക്കെ മറികടക്കാൻ കഴിയുന്ന അടിത്തറയുടെ ബലത്തിൽ നമുക്ക് പ്രതീക്ഷ വയ്ക്കുക തന്നെ ചെയ്യാം എന്നാണോ?

നമ്മുടെ ഫോക്കസ് മനുഷ്യന്റെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സർക്കാർ നല്ലൊരു പങ്ക് വഹിക്കുക എന്നതായിരിക്കണം എന്ന് ആദ്യ മന്ത്രിസഭ തന്നെ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഗുണഫലങ്ങളാണ് പിന്നീടുള്ള വർഷങ്ങളിൽ ഉണ്ടായത്. നല്ല സ്കൂളുകളുണ്ടായി, നല്ല കോളേജുകളുണ്ടായി; ഞാൻ സഹപ്രവർത്തകരോട് ചിലപ്പോഴൊക്കെ പറയാറുണ്ട്, ഒരുപക്ഷേ, വേറൊരു സംസ്ഥാനത്താണെങ്കിൽ നമ്മൾ ഇവിടെ ഇരിക്കണമെന്നില്ല; കേരളത്തിലായതുകൊണ്ട് മാത്രം അവസരം കിട്ടിയ ഒരുപാടാളുകളുണ്ട്. ആ അവസരമാണ് ഇനി അടുത്ത പുരോഗതിക്കുള്ള അവസരമാക്കി മാറ്റേണ്ടത്.

നമ്മുടെ സങ്കടകരമായ ഒരു കാര്യം, നമ്മൾ നമ്മുടെ പോസിറ്റീവ്‌സിനെക്കുറിച്ചു പറയുന്നില്ല എന്നതാണ്. സർക്കാരിന്റേയോ വ്യക്തിയുടേയോ എന്നൊന്നുമല്ല; നമ്മുടെ സമൂഹത്തിനു തന്നെ ഒരുപാട് പോസിറ്റീവ്‌സുണ്ട്. അത് നമ്മൾ പറയുമ്പോഴാണ് ബാക്കിയുള്ളവർക്ക് ആത്മവിശ്വാസമുണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്‌പൈസ് എക്സ്ട്രാക്റ്റ് കമ്പനി കേരളത്തിലാണ്, തിരുവനന്തപുരത്തുള്ള ഒരു കമ്പനിയാണ് ലോകത്ത് ഏകദേശം ആറിലൊന്ന് ബ്ലഡ് ബാഗ് നിർമിക്കുന്നത്, ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ ഇംപ്ലാന്റ് കമ്പനി കൂത്താട്ടുകുളത്താണ്. ഇതെല്ലാം സത്യമാണ്. ഇന്ത്യയിലെ അഞ്ച് ടോപ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെടുത്താൽ മൂന്നും കേരളത്തിലാണ്. ഇതൊന്നും ആരും പറയാറില്ല. ഇവിടെ നമുക്കൊന്നും ഇല്ലെന്നു പറയുമ്പോൾ ഒരു വിദ്യാർത്ഥിയോ യുവാവോ കരുതുന്നത് ഇവിടെ അവസരങ്ങളൊന്നുമില്ല എന്നാണ്. അതല്ല ശരി. അത് മുഖ്യധാരയിൽ വരുന്നതേയില്ല. മുഖ്യധാരയിൽ വരുന്ന പല കാര്യങ്ങളും പലപ്പോഴും നെഗറ്റീവ് ആണ്. ആ നെഗറ്റീവിറ്റി കുറച്ചാൽത്തന്നെ ഒരുപാട് മാറ്റങ്ങൾ വരുത്താൻ നമുക്കു കഴിയും.

കേരളത്തിന്റെ കരുത്ത് കേരളത്തിലുള്ളവർ അറിയണം. എല്ലാ സ്ഥലങ്ങളിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും, എവിടെപ്പോയാലും. പക്ഷേ, നമ്മൾ പലപ്പോഴും നെഗറ്റീവ്‌സിനെ വല്ലാതെ ഹൈലൈറ്റ് ചെയ്യുന്നു. പലപ്പോഴും സെൽഫ് ഡിഫീറ്റിംഗ് മോഡിലേക്ക് നമ്മൾ പോകുന്നു. അങ്ങനെ പോകേണ്ട കാര്യമില്ല. നമുക്ക് നമ്മെക്കുറിച്ച് അഭിമാനമുണ്ടായിരിക്കണം. നമ്മുടെ അഭിമാനം എന്നത് ഒരു സർക്കാരിന്റേയോ ഒരു സമയത്തിന്റേയോ മാത്രം ഫലമല്ല. അത് ദീർഘകാലത്തെ ഇവല്യൂഷന്റെ റിസള്‍ട്ടാണ്. ആ റിസള്‍ട്ടിനെ നമ്മൾ അടുത്ത തലത്തിലേയ്ക്കു കൊണ്ടുപോവുക. ചില സമയങ്ങളിൽ അത് കൂടുതൽ വേഗത്തിലാകും; നല്ല നയങ്ങൾ കൊണ്ടുവരുമ്പോൾ. അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതിനേക്കുറിച്ചാണ് നമ്മൾ ആലോചിക്കേണ്ടത്. ലോകത്തിലെ പല ടോപ് കമ്പനികളിലും കേരളത്തിൽനിന്നു പോയ എത്രയോ പേരുണ്ട്. അതു നോക്കിയാൽത്തന്നെ മനസ്സിലാകും.

ഈ നാടിനൊരു സ്‌ട്രെങ്ത് ഉണ്ട്; അത് നമുക്ക് എല്ലാവർക്കും കിട്ടുന്നുണ്ട്. അതാണ് ഹൈലൈറ്റ് ചെയ്യേണ്ടത്. ഡിജിറ്റൽ സർവകലാശാലയുടെ കാഴ്ചപ്പാടിൽ അതാണ് ആലോചിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു, അഞ്ച് പേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

കണ്ണുകൾ തിരുമ്മുന്ന ശീലമുണ്ടോ? നേത്രാരോ​ഗ്യം വഷളാക്കുന്ന 5 ശീലങ്ങൾ

'നിങ്ങള്‍ നഗ്നരാണെന്ന് രാജ്യത്തിന് നേരത്തെയറിയാം'; എഐ സമ്മിറ്റ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി

SCROLL FOR NEXT