മനസ്സിൽ നിശ്ശബ്ദത മാത്രം
ദിക്ക് തെറ്റി പേരറിയാത്ത ദിക്കിലെ
പേരറിയാത്ത മരങ്ങൾക്കിടയിൽ ഞാൻ
ലഹരിയുടെ മന്ത്രണങ്ങളിൽ
ചെന്ന് കയറുമ്പോൾ
വൻമരങ്ങൾ ചൂളമടിച്ച്
വന്നോളൂ, വന്നോളൂ...
എന്ന് വിളിച്ചു കയറ്റുന്നു
കണ്ടുകഴിഞ്ഞതൊന്നും
മരങ്ങളേയല്ലെന്ന്
കയറിയതെല്ലാം വെറും
ഉണക്കക്കമ്പുകളിലാണെന്ന്
തലയെടുപ്പോടെ അവറ്റകൾ...
അഹങ്കാരികൾ!
ഒരുവൻ/ൾ
ചിറക് വിടർത്തുമ്പോൾ
ആരുടേയും കണ്ണ് തള്ളിക്കുന്നല്ലോ
സാവകാശം വിടർന്ന തൂവലുകളിൽ തൂങ്ങി
ദിക്കെത്താ ദൂരത്തേക്ക് യാത്രയാകുന്നു
കണ്ണെത്താത്തത്ര
മുകളിൽനിന്ന്
ഒരു പേരറിയാക്കിളി
അപരിചിതന്റെ ആളനക്കം
വിളിച്ചുകൂവുന്നു
ശാഖകൾ ശാഖകളായി ഇറങ്ങി
ഒരു പിരമിഡ് പോലെ
കരച്ചിലുകളുടെ വലിപ്പം കൂടുന്നു
താഴെയെത്തുമ്പോൾ
ഒരു കുരങ്ങൻ ഒറ്റക്കയ്യിൽ തൂങ്ങി ബഹളമിടുന്നു
ഞാൻ,
നിന്റെ തൊട്ടു പിൻഗാമിയാണെന്ന് ആശ്വസിപ്പിക്കുന്നു
മരങ്ങളിൽനിന്ന് മരങ്ങളിലേക്ക്
കരച്ചിൽ പടരുന്നു
കാടിളകുന്നു.
പേടിപ്പിക്കുന്ന കാട്
കാടകം കടത്താതെ
എന്നെ പുറത്തേക്ക് തള്ളുന്നു.
മാടൻ* കാട്തന്നെ
ദിക്കറിയാത്തവനിനി
എങ്ങോട്ട് പോകും?
*കാടിനുള്ളിൽ വഴിതെറ്റിക്കുന്നത് മാടനാണെന്ന് ചിലർ വിശ്വസിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates