വളരെ കാലങ്ങൾക്കുശേഷം നീയില്ലാത്ത ഒരു സ്വപ്നം കണ്ടു
തനിച്ചു കാണേണ്ട ഒരു സ്വപ്നം
പാറക്കെട്ടുകൾക്കിടയിൽ
നനഞ്ഞ കരിയിലകളമർത്തിച്ചവിട്ടി
കറുത്ത മണ്ണ് പുരണ്ട പാദങ്ങളുമായി
നടക്കുകയായിരുന്നു ഞാൻ.
അരണ്ടവെളിച്ചം
തണുപ്പ്
നനവ്
കൊഴിഞ്ഞ കാട്ടുമാമ്പഴങ്ങളിൽ ചവിട്ടി
നിലതെറ്റുമ്പോഴെല്ലാം മധുരം കിനിഞ്ഞു
കല്ല് പാകിയ നീണ്ട
സ്വപ്നംപോലെ കാട് തെളിഞ്ഞുകിടന്നു
അതിനൊടുക്കമില്ല.
ഇവിടെ കാട് നാടുമായി വേലിക്കരികിൽ വന്ന്
അടക്കം പറയുന്നില്ല
ആരുമാരും കാടിറങ്ങുന്നില്ല, കയറുന്നില്ല
ആകാശം നടുവ് നിവർത്തിക്കിടക്കുന്നു.
ഇടയിൽ മരങ്ങൾ കാലുകൾ പിണച്ചിരുന്നു
പഴയതോരോന്ന് കൊഴിച്ചിടുന്നു
ഇരുണ്ടുകൂടിയ വെള്ളത്തിന് മാത്രം
നിന്റെ രുചി, ചുംബനങ്ങളുടെ വിറയൽ
മുഴുത്ത കൈകൾപോലുള്ള ഒരു വേരിൽ തട്ടിവീണ്
ഞാവൽപഴങ്ങളുടെ നിറം പുരണ്ട
മണ്ണിൽ അമർന്നിരുന്നുപോയി ഞാൻ
മലക്കം മറിഞ്ഞുപോയി
താണുപോയി
അതെനിക്കുള്ളതാണ് ഈ കുഴിമാടം
നീയുണ്ടായിരുന്നില്ല
ഞാനും കാടും മാത്രമുള്ള സ്വപ്നം
നിലവിളിക്കുന്ന കാട്ടുകുരുവി മാത്രം
പതുങ്ങിയിരിപ്പുണ്ടെവിടെയോ
ആരുമെത്താത്ത ഇരുളിനുള്ളിൽ
നനവ് മാത്രമുണ്ടൊന്നു വാരിപ്പുണരാൻ
നനവ് മാത്രം!
ഇങ്ങനെയാവണം മരണം
നനഞ്ഞ കാടിന്റെ ചാരുതയിൽനിന്ന്
ഉണരാത്ത ഉറക്കത്തിലേക്കു
പതുക്കെ മലക്കം മറിയണം.
നനഞ്ഞുകുതിർന്ന്
ഉടലിനോടൊട്ടി കാണാതാവണം ആടകൾ
അളവ് തെറ്റി അവ അഴിഞ്ഞുവീഴണം
അലിഞ്ഞുചേരണം അഹന്തകൾ
വേർപെട്ട് പോകണം പ്രേമം
ഉരിഞ്ഞുകളയണം കറുപ്പ്
ഒഴുക്കിക്കളയണം രക്തം
ഒടുവിലത്തെ കനവുമായി മലക്കം മറിയുമ്പോൾ
വലിച്ചു താഴെയിടണം നനവ്
നിലവിളിക്കുന്ന കുരുവിയും കൂട്ടരും
കൊത്തിയൊരുക്കും മണ്ണ്
നാടറിയില്ല, വെയിലറിയില്ല
നീ പോലുമറിയില്ല എന്റെ മരണം
സ്വപ്നം മുറിഞ്ഞതുകൊണ്ട് വെളിച്ചത്തിലിരുന്നു
ഞാനിത് നിനക്കുവേണ്ടി കുറിച്ചുവെക്കുന്നു
വായിച്ചുനോക്കൂ...
ഒഴിവുണ്ടെങ്കിൽ, ഒന്ന് കാതോർത്തു നോക്കൂ
മരണമിങ്ങനെ ഇഴഞ്ഞുവരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates