“അപ്പച്ചാ, ഈ ഞായറാഴ്ച ഞാൻ അങ്ങോട്ടില്ല കേട്ടോ...”
“എന്തു പറ്റിയെടാ?”
“ഞാൻ അവിടെ വരുന്നത് ജയിംസിനും അമ്മച്ചിക്കും ഇഷ്ടമല്ല.”
“ഇത് നിന്റെ വീടല്ലേ...”
“ശരിയാണ്... കെട്ടിക്കയറിയ വീട്ടീന്ന് പെണ്ണുങ്ങൾ എപ്പഴുമെപ്പഴും സ്വന്തം വീട്ടീപ്പോണത് നല്ലതല്ല. മാത്രമല്ല, ഇവിടത്തെ കാശ് അങ്ങോട്ട് കടത്താനാണ് ഞാൻ വരുന്നതെന്നും അവർ പറയുന്നു.”
അങ്ങേയറ്റത്ത് മിലി മൊബൈൽ കെടുത്തിയപ്പോൾ മുഖത്ത് അടിയേറ്റതുപോലെ മാമച്ചൻ തരിച്ചിരുന്നു.
കുറച്ചുനേരം അയാൾക്ക് മിണ്ടാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടിലേക്ക് വരാൻ ഒരു പെൺകുട്ടി ആരെയാണ് ഭയക്കുന്നത്? ഈ രാജ്യത്ത് നിലവിലുള്ള നിയമങ്ങളൊന്നും മിലിക്കറിയില്ലേ? എല്ലാ നിയമങ്ങളും സ്ത്രീകൾക്കനുകൂലമെന്ന് പുരുഷന്മാരാൽ പരിഹസിക്കപ്പെടുന്നത് മിലി കേൾക്കുന്നില്ലേ? സ്ത്രീവാദം എന്നുപോലും കേട്ടിട്ടില്ലേ? ഇല്ല, കേൾക്കാനിടയില്ല. വായനശാലയിൽനിന്ന് എത്രയോ പുസ്തകങ്ങളാണ് രാത്രിയിൽ വായിക്കുന്നതിന് മാമച്ചൻ കൊണ്ടുവരുന്നത്. മിലി അതിൽ ഒന്നിന്റെപോലും താള് മറിക്കുന്നത് കണ്ടിട്ടില്ല!
മുറത്തിലിട്ട് തൊലിയും കൊന്തും പാറ്റിക്കളഞ്ഞിട്ട് വാഴച്ചോട്ടിൽനിന്ന് നല്ല ഉള്ളിയുമായി കടയിലേക്കു വന്ന ഏലിയോട് മാമച്ചൻ കുടിക്കാൻ വെള്ളം ചോദിച്ചു. ഏലി പോയി ഒരു കോപ്പ നിറയെ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടുവന്നു.
വെള്ളം കുടിച്ചിട്ടും അയാളുടെ പാരവശ്യം വിട്ടുമാറിയില്ല. ആരുമില്ലെന്ന തോന്നലാണ് പെട്ടെന്നുണ്ടായത്. എല്ലാം അവസാനിച്ചു എന്നും അപ്പോൾ അയാൾക്ക് തോന്നി. അല്പം കഴിഞ്ഞപ്പോൾ കഴുത്തിലും നെഞ്ചിലും ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ വറ്റി. ഈ സമയമത്രയും ഫാനിന്റെ കാറ്റ് പോരെന്ന് തോന്നിയതിനാൽ ഏലി മുറംകൊണ്ട് വീശുന്നുണ്ടായിരുന്നു. ഒരറ്റാക്കിനെ തോല്‍പ്പിച്ച നെഞ്ചിൻകൂടിന്റെ ഉടമയാണ് മാമച്ചൻ. അതിനാൽ ഏലി അയാളെ ചേർത്തുപിടിച്ചിരുന്നു. ശരീരം മുഴുവൻ തോർത്തുകൊണ്ട് തുടച്ചുതന്നു.
“ഏലീ, ഇത്രനാളും നമ്മൾ ജീവിച്ചത് മക്കൾക്കുവേണ്ടിയാ. അവർക്കൊരു ജോലി, നല്ല ഭാവി, കുടുംബജീവിതം... ഇതുമാത്രമായിരുന്നു നമ്മുടെ മുന്നിലുണ്ടായിരുന്നത്. അതിനിടയിൽ നമ്മൾ നമുക്കുവേണ്ടി ജീവിക്കാൻ മറന്നു.”
ശരിയാണ്, മാമച്ചൻ പറഞ്ഞത് പൂർണമായും ശരിയാണ്. ഇതുവരെ മാമച്ചനും ഏലിയും വേളാങ്കണ്ണിയിൽ പോയിട്ടില്ല. തിരുച്ചിറപ്പള്ളിയിൽനിന്നു പോകുന്ന മീറ്റർഗേജ് തീവണ്ടി തൊട്ടിൽപോലെ ആടിയുലഞ്ഞ് നാഗപട്ടണത്ത് എത്തിച്ചേരുന്നത് അവർക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി വേളാങ്കണ്ണിയിൽ പോയാലും അത്തരമൊരു തീവണ്ടിയനുഭവം കിട്ടാനിടയില്ല. കാരണം, നാഗപട്ടണത്തേക്കുള്ള മീറ്റർഗേജ് ലൈനിനെ റെയില്‍വേ ബ്രോഡ്‌ഗേജാക്കി മാറ്റിയിരിക്കുന്നു!
അതുപോലൊന്നാണ് വീയപുരം. ഹരിപ്പാടിനടുത്തുള്ള വീയപുരത്ത് മൂന്ന് പുഴകൾ ഒരുമിക്കുന്നു! എന്നാൽ, ആ വീയപുരത്തെക്കാൾ വലിയ വീയപുരമാണ് കന്യാകുമാരി! അവിടെ പുഴയല്ല, മൂന്ന് സമുദ്രങ്ങളാണ് സംഗമിക്കുന്നത്! കന്യാകുമാരിയിൽ പോയിട്ടുണ്ടോ? ഇല്ല. അപ്പോൾ വിചാരിക്കും വീയപുരത്ത് പോയിട്ടുണ്ടെന്ന്. വീയപുരത്തും പോയിട്ടില്ല! ചുരുക്കിപ്പറഞ്ഞാൽ മാമച്ചനും ഏലിയും വീടുവിട്ട് എങ്ങും പോയിട്ടില്ല!
മാമച്ചനും ഏലിക്കും രണ്ട് മക്കളാണ്. രണ്ടും പെണ്മക്കൾ. മൂത്തയാളാണ് മിലി. രണ്ടാമത്തെയാൾ സെലിൻ.
മിലി ബെംഗളൂരുവിൽ പഠിച്ച് നഴ്‌സായി. ജയിംസിനെ വിവാഹം ചെയ്തു. ജയിംസിന് മൂന്ന് മുറികളുള്ള കെട്ടിടം സ്വന്തമായുണ്ട്. ഒരു മുറിയിൽ ചായക്കട. മറ്റൊന്നിൽ പലചരക്കു കട. മൂന്നാമത്തേതിൽ റേഷൻ കട. റേഷൻ കട ജയിംസാണ് നടത്തുന്നത്. മറ്റു രണ്ട് കടകളും പണിക്കാരെവെച്ച് അയാൾ നടത്തുന്നു.
ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ സെലിൻ ജോലിയിൽ പ്രവേശിച്ചതേയുള്ളൂ. അവരുടെ ഉറപ്പിന് അഞ്ചു ലക്ഷം രൂപ കൊടുക്കേണ്ടിവന്നു. മാമച്ചനും ഏലിയും ആ കാശുതന്നെ ഉണ്ടാക്കിയത് പലതും പണയപ്പെടുത്തിയും വിറ്റുമാണ്. ഇതുവരെ അവളുടെ വട്ടച്ചെലവിനുള്ള കാശുപോലും കിട്ടിത്തുടങ്ങിയിട്ടില്ല. വണ്ടിക്കാശ് അങ്ങോട്ട് കൊടുത്തിട്ടാണ് സെലിൻ ജോലിക്കു പോകുന്നത്.
മിലിയെക്കാൾ ശരീരവളർച്ചയുള്ള സെലിന് പല കല്ല്യാണാലോചനകളും വരുന്നുണ്ട്. സമ്മതം മൂളാൻ കയ്യിൽ എന്തെങ്കിലും കരുതൽധനം വേണ്ടേ? സമ്പാദിച്ചതെല്ലാം മിലിക്കുവേണ്ടി ചെലവഴിച്ചു. ഇനിയെല്ലാം ഒന്നേന്ന് തുടങ്ങണം. സ്ത്രീധനത്തിനെതിരെ വലിയ പ്രചാരവേല നടക്കുന്നുണ്ട്. സകല മനുഷ്യരും അതിൽ പങ്കെടുക്കുന്നുണ്ട്. ആളുകളുടെ പങ്കാളിത്തത്തിന്റെ തോത് നോക്കിയാൽ സ്ത്രീധനം കൊടുത്തവരോ വാങ്ങിയവരോ ഉള്ള ഒരിടവും ഈ ഭൂമിയിലില്ല!
“ഏലീ, നമ്മൾ നമ്മുടെ മക്കളെ വളർത്തി വലുതാക്കിയത് ഒന്നും പ്രതീക്ഷിച്ചല്ല. ഒന്നും തിരിയെ കിട്ടുമെന്ന് കരുതീട്ടും ഇല്ല.”
മാമച്ചൻ പറയുന്നത് ഏലിക്ക് മനസ്സിലാവും. കൊല്ലം പത്തുമുപ്പതായില്ലേ അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. അന്തരീക്ഷത്തിൽനിന്ന് ചെന്താമര സൃഷ്ടിക്കുന്ന മാജിക്കായിരുന്നു അവരുടെ ജീവിതം. അവരുടെ രണ്ടു പേരുടേയും കയ്യിൽ ഒന്നുമില്ലായിരുന്നു.
രണ്ടു പേരുടേയും വീടുകളും ഇല്ലായ്മയിൽനിന്ന് ഉണ്ടായതാണ്. പത്തു രൂപ അവിടെനിന്ന് കിട്ടാൻ ഒരു വഴിയുമില്ല. മാമച്ചന്റേതും ഏലിയുടേതും പ്രണയവിവാഹമായതിനാൽ അവർക്ക് വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾത്തന്നെ മാറിത്താമസിക്കേണ്ടിവന്നു. ജീവിതത്തിൽ രണ്ടുപേർക്കും വഹിക്കാൻ ആവശ്യത്തിലേറേ കുരിശുകളുണ്ടായിരുന്നു.
ആദ്യം അല്പം ചക്കര തിന്നാൽ പിന്നെ ആവശ്യത്തിലേറേ കയ്പുനീർ കുടിക്കാൻ കഴിയും. ഈ അറിവിനെ അവർ ഒരു സിദ്ധാന്തംപോലെ മുറുകെപ്പിടിച്ചിരുന്നു. ഗാഢ സൾഫ്യൂരിക്കാസിഡ് പോലെയുള്ള അവരുടെ പൊള്ളുന്ന ജീവിതത്തെ നേർപ്പിച്ചത് നർമമാണ്. നർമമില്ലായിരുന്നെങ്കിൽ വർഷം മുഴുവൻ ദുഃഖവെള്ളിയാഴ്ച ആചരിക്കുന്ന ഒന്നായി അവരുടെ ജീവിതം മാറുമായിരുന്നു.
മാമച്ചൻ രസികനാണ്. അയാളുടെ രസികത്തമാണ് അവരുടെ ജീവിതത്തിലുള്ള തണൽ. ഒരു നൂലാമാലയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുമ്പോൾ അയാൾ ഏലിയോട് പറയും ഇത്തിരി വിശ്രമിക്കൂ എന്ന്. കാരണം, അവരുടെ ജീവിതത്തിൽ ഇടവേളകളില്ലാതെ ദുരിതമായിരുന്നു. മിക്കവാറും സ്ത്രീകളെപ്പോലെ അതൊന്നും വകവയ്ക്കാതെ ഓടിനടന്ന് പണിയെടുക്കുന്ന പ്രകൃതമായിരുന്നു ഏലിയുടേത്.
ഒരു ദിവസം മാമച്ചൻ ഏലിയോട് ചൂടായി. “ഇനി ഞാൻ പറഞ്ഞിട്ട് ഇവിടന്ന് നീ അനങ്ങിയാൽ മതി” -അയാൾ ആണിന്റെ ധിക്കാരത്തോടെ പറഞ്ഞു. ഏലി അനുസരിച്ചു. ഇരുതോളുകളിലും കയ്യമർത്തി ചവിട്ടുപടിയിൽ ബലമായി ഇരുത്തി.
“സൂക്ഷിച്ച് നോക്കിയാൽ നിനക്ക് കുരിശുകളെ കാണാം. ഈ പറമ്പു മുഴുവൻ കുരിശുകളുണ്ട്. സമയമാകുമ്പോൾ ഓരോ കുരിശും ഊഴമനുസരിച്ച് നമ്മുടെ അടുത്തേക്ക് വന്നോളും. കുരിശിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കേണ്ട കാര്യമില്ല.”
വീടിനു ചുറ്റുമുള്ള പറമ്പിലേക്ക് നോക്കിയപ്പോൾ അയാൾ പറഞ്ഞത് സത്യമാണെന്ന് ഏലിക്ക് തോന്നി. മാവിലും പുന്നയിലും ആഞ്ഞിലിയിലും ചാരിവെച്ച നിലയിലുള്ള കുരിശുകളെ അകക്കണ്ണുകൊണ്ട് ഏലിക്ക് കാണാമായിരുന്നു!
മാമച്ചൻ കല്‍പ്പണിക്കാരനായിരുന്നു. ശൗരിമേസ്തിരിയാണ് മാമച്ചന്റെ ഗുരു. പതിന്നാലാമത്തെ വയസ്സിലാണ് അയാൾ ശൗരിമേസ്തിരിയുടെ ശിഷ്യനാകുന്നത്.
വർഷങ്ങൾ പലത് ആ രീതിയിൽ പോയി. എല്ലാ പണിയും മാമച്ചനെക്കൊണ്ട് ചെയ്യിക്കുമായിരുന്നു. ഒരു ജോലിയും ആശാൻ മാമച്ചനിൽനിന്നു മറച്ചുപിടിച്ചില്ല. അതുകൊണ്ടെന്താ, സകല പണിയും പഠിച്ച മാമച്ചൻ പെട്ടെന്നുതന്നെ നല്ലൊരു കല്‍പ്പണിക്കാരനായി.
ശിഷ്യനായിരുന്ന കാലത്തും പണിയിടങ്ങളിൽനിന്ന് ശൗരിമേസ്തിരി മാമച്ചന്റെ മുഴുവൻ വേതനവും കൈപ്പറ്റുമായിരുന്നു. ആദ്യകാലത്ത് മാമച്ചന് ശമ്പളമായി ആശാൻ പത്തു പൈസ കൊടുക്കില്ലായിരുന്നു. പിന്നീടെപ്പോഴോ അരത്തച്ച് കൊടുത്തു തുടങ്ങി.
മുഴുവൻ ശമ്പളവും കിട്ടിത്തുടങ്ങിയപ്പോൾ ആശാനും ശിഷ്യനും ഉടക്കാൻ തുടങ്ങിയിരുന്നു. ഉടക്കിനുള്ള കാരണം രണ്ടു പേർക്കും പറയാൻ കഴിയുമായിരുന്നില്ല. ശൗരിമേസ്തിരിയേം മാമച്ചനേം കൂടാതെ ഏഴു പേർകൂടി അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. രണ്ടു പേരുടേം പരസ്പരമുള്ള ഇഷ്ടക്കേടിനുള്ള കാരണം അവർക്കും അറിയില്ലായിരുന്നു.
പരസ്പരമുള്ള സംഘർഷം അതിരുകടക്കുമ്പോഴും മാമച്ചൻ ശൗരിമേസ്തിരിയെ വിട്ടുപോയില്ല. അയാൾ കൃത്യസമയത്തുതന്നെ ജോലിക്കു വന്നു. ശൗരിമേസ്തിരിയും മാമച്ചനെ അകറ്റിനിർത്തിയില്ല. ജോലിയിൽ മാമച്ചനുള്ള അത്രയും അറിവ് ബാക്കിയുള്ള ഏഴുപേർക്കും ഇല്ലായിരുന്നു.
നീറിനീറിപ്പുകഞ്ഞത് അവസാനം പൊട്ടിത്തെറിച്ചു. അന്ന് ആദ്യമായി ശൗരിമേസ്തിരി കരയുന്നത് ഏഴു പണിക്കാരും കണ്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോളോ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോളോ മദർ തെരേസ മരിച്ചപ്പോളോ ഒന്നും അയാൾ കരഞ്ഞില്ല. മുടങ്ങാതെ പത്രം വായിക്കുന്ന അയാൾക്ക് അതിൽ നല്ല വിഷമമുണ്ടായിരുന്നു. പണികഴിഞ്ഞ് രണ്ടെണ്ണം അടിച്ച് ആ വിഷമം കഴുകിക്കളഞ്ഞു. എന്നാൽ, ഇന്ന് അങ്ങനെയല്ല, അയാൾ കണക്കില്ലാതെ കുടിച്ചു. അപ്പോഴും അവർക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. പിന്മാറാതെ അവർ കുത്തിക്കുത്തി ചോദിച്ചു.
”ഒരുകാലത്തും അവൻ ഗുണംപിടിക്കില്ല.”
“ആര്?”
“ആ മാങ്ങാത്തൊലിയച്ചൻ.”
ശകാരിക്കുമ്പോൾ അയാൾ മാമച്ചനെ അങ്ങനെ വിളിക്കാറുണ്ട്.
“സാരമില്ല ആശാനേ” ജോലിയിൽ മിടുക്കനായ ശൗരിമേസ്തിരിയുടെ മറ്റൊരു ശിഷ്യൻ പറഞ്ഞു:
“ഞാൻ പോയി മാമച്ചൻ ചേട്ടനെ വിളിച്ചോണ്ട് വരാം.”
“അടിച്ചതിന്റകത്ത് കേറിയാൽ മുട്ടുകാല് തല്ലിയൊടിക്കും. പിന്നെയവൻ രാജസ്ഥാൻ കാലുവെച്ചേ നടക്കൂ.”
പതിവിനു വിപരീതമായി അടുക്കളഭാഗത്തും കണ്ണീരും സങ്കടവുമായിരുന്നു. ശൗരിമേസ്തിരിയുടെ വീട്ടിലെ സ്ത്രീജനങ്ങൾ പ്രസരിപ്പുള്ളവരാണ്. അവർ സ്നേഹസമ്പന്നരും നല്ല ആതിഥേയരുമാണ്. ആ അവരാണ് ഇന്ന് മരിച്ചവീട്ടിലെ അന്തേവാസികളെപ്പോലെ ഇരിക്കുന്നത്!
സ്ത്രീജനങ്ങളിൽ ഒരാളുടെ കുറവ് അവർ പ്രത്യേകം ശ്രദ്ധിച്ചു. ആരാണോ ആ വീട്ടിലെ എപ്പോഴും ചിരിക്കുന്ന കിലുക്കാംപെട്ടി, ആരാണോ ചായയിടാനും വിശേഷാവസരങ്ങളിൽ പായസം വെരകാനും മുൻപന്തിയിലുള്ളത് ആ കുട്ടിയുടെ കാര്യമാണ് പറയുന്നത്. ശൗരിമേസ്തിരിയുടെ മൂത്തകുട്ടിയായ എലിസബത്ത് സേവ്യറാണ് ഇപ്പോൾ ആ വീട്ടിൽ ഇല്ലാത്തത്!
എലിസബത്ത് മരിച്ചുപോയില്ല. ശയ്യാവലംബിയുമല്ല. അവൾ ഇന്ന് രണ്ട് പെൺകുട്ടികളുടെ അമ്മയാണ്; മിലിയുടേയും സെലിന്റേയും!
ഏതാണ്ട് എട്ടു കൊല്ലത്തോളം പ്രണയിച്ചതിനുശേഷമാണ് മാമച്ചനും ഏലിയും ഒളിച്ചോടിയത്. ഒരു മനുഷ്യനും പിടികിട്ടിയില്ല അവരുടെ ബന്ധം. വീട്ടിലുള്ളവരോ നാട്ടിലുള്ളവരോ ശൗരിമേസ്തിരിയുടെ ശിഷ്യന്മാരോ അതറിഞ്ഞില്ല. അത്ര രഹസ്യമായിരുന്നു.
ഇറ്റലിയിലെ പാദുവയിൽ ജോലി ചെയ്യുന്ന തന്റെ ബന്ധുവായ ചെറുപ്പക്കാരനുമായി ഏലിയുടെ വിവാഹം നടത്തണമെന്നായിരുന്നു ശൗരിമേസ്തിരിയുടെ ആഗ്രഹം. ഏലിയുടെ അമ്മയ്ക്കും അതേ ആഗ്രഹമായിരുന്നു.
ഇറ്റലിയും പാദുവയും അപ്പോഴേയ്ക്കും ശൗരിമേസ്തിരിക്ക് ഉപേക്ഷിക്കാനാവാത്ത മോഹങ്ങളായി മാറിയിരുന്നു. വായനശാലയിൽനിന്ന് അയാൾ ഇറ്റലിയെക്കുറിച്ചുള്ള ഒരു പുസ്തകമെടുത്ത് വായിച്ചു തുടങ്ങിയിരുന്നു. ഇറ്റലിയിലെ വെനീസാണ് അയാളെ കൂടുതൽ ആകർഷിച്ചത്. ‘പടിഞ്ഞാറിന്റെ ആലപ്പുഴ’യായ വെനീസിൽ പോകണമെന്നും അവിടെയുള്ള വലിയ തോട്ടിലൂടെ വഞ്ചിയാത്ര നടത്തണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു. ഇറ്റലിയുടെ തലസ്ഥാനം റോം ആണെന്നും ഹാപ്പി ക്രിസ്തുമസിന് ഇറ്റലിക്കാർ ‘ബോൺ നതാലെ’ എന്നാണ് പറയുന്നതെന്നും അയാൾ പഠിച്ചു തുടങ്ങിയിരുന്നു.
സത്യത്തിൽ ഇറ്റലിയോടും പാദുവയോടും ശൗരിമേസ്തിരി പുലർത്തിയ അത്യാഗ്രഹമെന്ന് പറയാവുന്ന ആഗ്രഹമാണ് മാമച്ചന്റേയും ഏലിയുടേയും ഒളിച്ചോട്ടത്തെ വേഗത്തിലാക്കിയത്. ഏലി വന്നതോടെ അയാൾ ജോലിയിൽ കൂടുതൽ വ്യാപൃതനായി. വെറും മാമച്ചനല്ല, ഇപ്പോൾ മാമച്ചൻ മേസ്തിരിയാണ്. ശൗരിമേസ്തിരിക്ക് മാമച്ചനടക്കം എട്ട് പണിക്കാരാണ് ഉണ്ടായിരുന്നത്. ആ സ്ഥാനത്ത് പതിമൂന്ന് പണിക്കാരുടെ ആശാനാണ് മാമച്ചൻമേസ്തിരി. ഒരേസമയം മൂന്നും നാലും സൈറ്റുകളിൽ വരെ അയാളുടെ തൊഴിലാളികൾ കെട്ടിടങ്ങൾ നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു കൂട്ടർ തുമ്പോളിയിൽ പെര പണിയുമ്പോൾ മറ്റൊരു കൂട്ടർ വെട്ടക്കലിൽ കട നിർമിച്ചുകൊണ്ടിരുന്നു. ഇനിയൊരു കൂട്ടർ പള്ളിത്തോടോ തങ്കിയിലോ മേൽക്കൂര വാർക്കുമ്പോൾ നാലാമതൊരു കൂട്ടർ കണിച്ചുകുളങ്ങരയിൽ ഉച്ചവരേയും ചാരമംഗലത്ത് ഉച്ചകഴിഞ്ഞും പോയി അവസാന മിനുക്കു പണികൾ ചെയ്തു.
ചോര നീരാക്കി മാമച്ചനുണ്ടാക്കിയ കാശൊന്നും കുടംകമിഴ്ത്തി വെള്ളമൊഴിക്കുന്നപോലെ കളഞ്ഞു കുളിച്ചില്ല. അയാളും ഏലിയും അതുവരെ താമസിച്ച ഷെഡ്ഡ് പൊളിച്ചുകളഞ്ഞിട്ട് ഉറപ്പും ഭദ്രതയുമുള്ള ഒരു വീടുപണിതു. അവർ രണ്ടു പേരെയും കൂടാതെ ജനിക്കാൻ പോകുന്ന നാലോ അഞ്ചോ കുഞ്ഞുങ്ങളെവരെ സ്വാഗതം ചെയ്യാനുള്ള ഹൃദയവലിപ്പമുണ്ടായിരുന്നു ആ വീടിന്! കിഴക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുഭാഗത്തായിരുന്നു റോഡ്. റോഡ് കാണുന്നതിന് വീടിനോട് ചേർന്ന് മാമച്ചൻ ഒരു തെക്കിനിയും പണിതു. തെക്കിനിയുടെ മുന്നിൽ ഒതളവും ഒതളത്തിൽ പാഷൻഫ്രൂട്ടും പാഷൻഫ്രൂട്ടിന്റെ വള്ളികളിൽ നിറയെ കനികളും തൂങ്ങിക്കിടന്നു.
ആ വീട്ടിലേക്ക് സന്തോഷം ഇരച്ചുകയറി. അവിടെ ആളുകളും സമൃദ്ധിയും സാഹോദര്യവും വളരെ വളരെ കൂടുതലായിരുന്നു. ഞായറാഴ്ച വൈകുന്നേരങ്ങളിൽ തെക്കിനിയിൽ മാമച്ചനും പണിക്കാരും ഒത്തുകൂടുക പതിവായിരുന്നു.
നഴ്‌സിംഗ് പഠിക്കാൻ മിലി ബെംഗളൂരുവിലേക്ക് തീവണ്ടി കയറി. പഠനം കഴിഞ്ഞ് നല്ലൊരു ആശുപത്രിയിൽ ജോലി ലഭിച്ചു. മിലിയുടെ ശമ്പളം വാങ്ങി ജീവിക്കേണ്ട ഗതികേടൊന്നും അന്ന് മാമച്ചന് ഇല്ല. അതുകൊണ്ട് മിലിയും ജയിംസും തമ്മിലുള്ള വിവാഹം പെട്ടെന്ന് നടത്തിക്കൊടുത്തു. സ്വന്തം വീട്ടിലേക്ക് എപ്പഴുമെപ്പഴും പോകണ്ടെന്ന് ഇന്ന് മിലിയോട് പറയുന്ന ജയിംസും അവന്റെ അമ്മച്ചിയും അന്ന് മാലാഖയുടെ പെരുന്നാളിനു വന്നാൽ ഒരാഴ്ചക്കാലം ഇവിടെയുണ്ടാവും!
സെലിന് പാലക്കാട്ടെ മലമ്പുഴയിലും തിരുവനന്തപുരത്തെ ഉള്ളൂരിലും മെരിറ്റിൽ അഡ്‌മിഷൻ കിട്ടിയതാണ്. സെലിൻ വീടുവിട്ടുപോകാൻ തയ്യാറായില്ല. അവൾക്കു വീട്ടിൽനിന്നു പഠിക്കാൻ പോയാൽ മതിയെന്ന് പറഞ്ഞ് നിലവിളിയായി. ഹോസ്റ്റലുകളിലെ ദേശീയ ഭക്ഷണം ഉപ്പുമാവും പരിപ്പുമാണെന്ന് സെലിൻ പറയുമായിരുന്നു. സ്ഥിരം ഉപ്പുമാവും പരിപ്പുകറിയും കഴിച്ച് താൻ ചത്തുപോകുമെന്ന് നിലവിളി നിർത്താതെ അവൾ പറഞ്ഞു.
ഉപ്പുമാവും പരിപ്പും തിന്നതുകൊണ്ടുമാത്രം ചത്തുപോയ ഒരാൾപോലും ഈ ഭൂമിയിലില്ലെങ്കിലും മാമച്ചൻ അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വീട്ടിൽനിന്നു പോയിവരാവുന്ന ദൂരത്ത് സെലിന് അഡ്‌മിഷൻ ശരിയാക്കി. അതിനുവേണ്ടിമാത്രം പൊട്ടിക്കേണ്ടിവന്നത് മൂന്നരലക്ഷം രൂപയാണ്!
അതൊരു കാലമായിരുന്നു. അന്ന് പണത്തിന്റേയും വരുമാനത്തിന്റേയും കാര്യത്തിൽ മാമച്ചന്റെ വീട്ടിൽ കടലിലേതുപോലെ വേലിയേറ്റമായിരുന്നു. പാഷൻഫ്രൂട്ട് ഇലയില്ലാത്തവിധം കായ്ക്കുമായിരുന്നു! ഭാരം താങ്ങാനാവാതെ ഒതളം വളഞ്ഞു. പാതിരാത്രിയിലെപ്പോഴോ ആരും കാണാതെ ഭാഗ്യദേവത ആ വീട്ടിൽ വിരുന്നുവരുന്നുണ്ടായിരുന്നു!
ഭാഗ്യക്കേട് സംഭവിക്കുന്നത് ഒരു ബുധനാഴ്ചയാണ്. അന്ന് ജോലിക്കു പോകുമ്പോൾ മാമച്ചൻ വിചാരിച്ചുകാണില്ല, താൻ പണിക്കു പോകുന്ന അവസാന ദിവസമാണെന്ന്! അന്ന് മാമച്ചനോടൊപ്പം മൂന്ന് ശിഷ്യന്മാരുമുണ്ട്.
ശിഷ്യന്മാരാണ് ആദ്യം ജോലി സ്ഥലത്തേക്ക് പോയത്. മാമച്ചൻ മേസ്തിരി അപ്പോൾ അവരോടൊപ്പം പോയില്ല. രണ്ട് സൈറ്റുകളിൽ പണി വേറെ നടക്കുന്നുണ്ടായിരുന്നു. അവരെ പറഞ്ഞുവിട്ടതിനുശേഷമേ മാമച്ചൻമേസ്തിരി സ്വന്തം സൈറ്റിൽ പോകുകയുള്ളൂ. അന്ന് ചെയ്യേണ്ട ജോലിയെന്തെന്ന് ലഘുവിവരണം നൽകിയിട്ട് ബാക്കിയുള്ള പണിക്കാരെ രണ്ട് സൈറ്റുകളിലേക്കും പറഞ്ഞുവിട്ടു. അവർ സൈക്കിളിലും സ്കൂട്ടറിലും ബൈക്കിലും കയറി പോയതിനുശേഷം ഒരു ഓട്ടോപിടിച്ച് മാമച്ചൻമേസ്തിരി സ്വന്തം ജോലിയിടത്തിലേക്ക് പോയി.
ആയിരംതൈ ഇടവക നിർമിക്കുന്ന കുരിശടിയുടെ പണിസ്ഥലത്ത് മാമച്ചൻമേസ്തിരി എത്തുമ്പോൾ നേരത്തേയെത്തിയ മൂന്ന് പണിക്കാരും മേൽക്കൂര വാർക്കുന്നതിനുള്ള നിലയിടുകയായിരുന്നു.
കുരിശടിയുടെ മുകളിൽ ഒത്തനടുക്കാണ് കുരിശ് സ്ഥാപിക്കേണ്ടത്. കുരിശിന്റെ ഇടത്തിൽനിന്ന് നാലിടങ്ങളിലേക്കും വെള്ളമൊഴുകിയില്ലെങ്കിൽ ചോരാൻതുടങ്ങും. പള്ളിയാണ്, ഞായറാഴ്ചകളിൽ അച്ചന്മാർ കുർബാനമദ്ധ്യേ പ്രസംഗിക്കാറുണ്ട്. മെത്രാന്മാരുടെ ഇടയലേഖനവും വായിക്കാറുണ്ട്. യേശുവിന്റെ പരസ്യജീവിതം മാത്രമല്ല, സൂര്യനു താഴെയുള്ള എല്ലാം അവിടെ വിഷയമാകാറുണ്ട്. കുരിശടി ചോരുന്നു എന്ന വാർത്ത എല്ലാവരുമറിയും. പിന്നെ, ആരും പണിക്ക് വിളിക്കാതാവും.
ഡിസൈനിൽ ചെറിയൊരു മാറ്റം വരുത്താമെന്ന് അയാൾ പണിക്കാരോട് പറഞ്ഞു. ഇപ്പോൾ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. കുരിശിന്റെ ചോട്ടിൽനിന്നുള്ള ചരിവിന്റെ നീളം അല്പമൊന്ന് കൂട്ടിയാൽ ഈ അപാകത പരിഹരിക്കാവുന്നതേയുള്ളൂ.
ആ പരിഹാരം പണിക്കാർക്കും ബോധ്യപ്പെട്ടു. അവർ മൂന്നുപേരുടെ പിന്നാലെ മാമച്ചൻമേസ്തിരിയും ഏണികയറി നിലയുടെ മുകളിലെത്തി. ടേപ്പെടുത്ത് അളക്കുന്നതിന് അയാൾ കയ്യുർത്തിയതാണ്... ആസിഡ് വീണു പൊള്ളിയതുപോലെ മാമച്ചൻമേസ്തിരി നിലവിളിച്ചു. ആരോ വലതുകൈ വാളിനു വെട്ടി നിലത്തിട്ടതുപോലെ തോന്നി!
ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മരത്തിന്റെ ഒടിഞ്ഞ ചില്ലപോലെ കൈ തൂങ്ങിക്കിടന്നു. കാണുന്നവർക്ക് ഒന്നും തോന്നില്ല, കായബലമുള്ള ഒത്തമനുഷ്യനാണ് മാമച്ചൻ. എന്നാൽ, മാമച്ചനു മാത്രം അറിയാം, വലതുകൈ പൊക്കി ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന്!
“നമ്മളെന്ത് ചെയ്യും?”എല്ലാ ദിവസവും കുളിച്ച് ജോലിക്കു പോകുന്ന മാമച്ചൻ എങ്ങും പോകാതെ, പനിപിടിച്ച കോഴിയെപ്പോലെ വീട്ടിൽ ചടഞ്ഞുകൂടാൻ തുടങ്ങിയപ്പോൾ ഏലി ചോദിച്ചു. ആ ചോദ്യത്തിന് മാമച്ചന്റെ പക്കൽ മറുപടിയില്ലായിരുന്നു.
പണിക്കാർ ആരും ഇപ്പോൾ വരാറില്ല. “ആശാനേ... മേസ്തിരീ...” ആരും അങ്ങനെ വിളിക്കുന്നില്ല. ഞായറാഴ്ച വൈകുന്നേരങ്ങളിലെ തെക്കിനിയിലെ ആഘോഷങ്ങൾ നിലച്ചു. ശബ്ദവും ബഹളവും തീർന്നു. എന്തിന്, തെക്കിനിയുടെ മുറ്റത്തുനിന്ന ഒതളത്തിൽ പടർന്ന പാഷൻഫ്രൂട്ട് പോലും പൂക്കാതായി. പെരുന്നാൾപ്പിറ്റേന്നുപോലെ തെക്കിനി നിറംകെട്ടു.
അടച്ചുപൂട്ടാനിരുന്ന തെക്കിനി തന്നെയാണ് പിന്നീട് ഉപകാരപ്പെട്ടത്. ചെറിയ തോതിൽ അവിടെ ഒരു പലചരക്കുകട തുടങ്ങി. സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ഒറ്റക്കയ്യോ ഒന്നരക്കയ്യോ ഉപയോഗിച്ച് മാമച്ചൻ അത് എടുത്തുകൊടുക്കാൻ തുടങ്ങി. അരിയോ കപ്പയോ പോലുള്ള ഭാരമേറിയവ വാങ്ങാൻ വരുന്നവർക്ക് ഏലി വന്ന് എടുത്തുകൊടുക്കും.
നാട്ടിൻപുറമല്ലേ, കടംപോകുന്നുണ്ട്. ‘കടം അപകടം’ എന്ന ബോർഡ് വെച്ചിട്ടും സന്ധ്യയ്ക്ക് നേരം ഇരുട്ടുമ്പോൾ ആളുകൾ വന്ന് തലചൊറുകി നിൽക്കുന്നുണ്ട്.
മാമച്ചന്റേയും ഏലിയുടേയും ജീവിതം മരണക്കിണർ പോലെയാണെന്ന് അവർക്ക് തോന്നിത്തുടങ്ങിയിരുന്നു. രക്ഷപ്പെടുന്നില്ല, താഴേക്ക് താഴേക്ക് വീഴുന്നു... വരട്ടെ, വരുന്നിടത്തുവെച്ച് കാണാം എന്നൊരു ധൈര്യം, ആത്മഹത്യയോളമെത്തുന്ന ധൈര്യം അപ്പോഴേക്കും അവർ നേടിക്കഴിഞ്ഞിരുന്നു.
അന്നൊരു ബുധനാഴ്ചയായിരുന്നു. വലിയ പ്രത്യേകതകളൊന്നും ആ ദിവസത്തിന് ഉണ്ടായിരുന്നില്ല. ഏത് ചൊവ്വാഴ്ചയുടേയും സന്താനമാകാവുന്ന ഒരു ബുധനാഴ്ച. അല്ലെങ്കിൽ, ഏത് വ്യാഴാഴ്ചയുടേയും പൂർവികനാകാവുന്ന ഒരു ബുധനാഴ്ച. ആവശ്യത്തിനു തെളിച്ചംപോലും അന്ന് ഇല്ലായിരുന്നു. സൂര്യൻ സീറോവാട്ട് ബൾബ് പോലെ, പൂതലിക്കാൻ തുടങ്ങിയ മുള്ളുമുരിക്കിൽ തൂങ്ങിക്കിടന്നു.
അതിരാവിലേ വരുന്ന ചിലർ അന്നും വന്നു. ചിലർ പഞ്ചസാരയും തേയിലയും വാങ്ങി. പ്രമേഹമുള്ളവർ പഞ്ചസാരയ്ക്കുപകരം ചക്കര വാങ്ങി. അതൊക്കെ ചെറിയ കച്ചവടമാണ്. പട്ടിണിപ്പാവങ്ങളാണ് രാവിലേ വരുന്നത്. സൗകര്യമുള്ളവർ തലേന്നേ അതൊക്കെ മേടിച്ചുവയ്ക്കും.
ഏലി പ്രാതൽ കഴിക്കാൻ വിളിച്ചപ്പോൾ മാമച്ചൻ തെക്കിനിവിട്ട് പുറത്തിറങ്ങി. അല്പംപോലും തെളിച്ചമില്ലാത്ത ആകാശത്തേയും മരങ്ങളേയും കണ്ടപ്പോൾ ഉടനെതന്നെ മഴപെയ്യുമെന്ന് തോന്നി. അഴയിൽ ഉണങ്ങാനിട്ട ഷർട്ട് ഹാംഗർ സഹിതം അകത്തേക്ക് കൊണ്ടുപോകുമ്പോഴാണ് തെക്കിനിയുടെ മുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നത്.
ഓട്ടോയിൽനിന്ന് ഇറങ്ങിയ വ്യക്തിയെ ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും മാന്യനെന്ന് വിളിക്കാൻ തോന്നും. കളങ്ങളുള്ള ചാരനിറ കൈത്തറി ഷർട്ടും കറുത്തകരയുള്ള ഒറ്റമുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വാച്ചോ മോതിരമോ ധരിച്ചിരുന്നില്ല. കണ്ണടയും ഇല്ലായിരുന്നു. മുണ്ട് മടക്കിക്കുത്താതെ ശാന്തമായ കാൽവയ്പുകളോടെ അദ്ദേഹം വന്നു. വിലകൂടിയതല്ലെങ്കിലും വൃത്തിയുള്ള പാദരക്ഷകളാണ് അദ്ദേഹം ധരിച്ചിരുന്നത്. ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു.
അന്തരീക്ഷം മാറി. ഉടനെയെങ്ങും മഴ വരില്ല. വെയിൽ പരന്നു തുടങ്ങിയിരുന്നു. നറുമണമുള്ള വെയിൽ! ‘മാമച്ചൻ സാറല്ലേ’ വരാന്തയിലേക്ക് കയറിയിട്ട് അദ്ദേഹം ചോദിച്ചു. മാമച്ചന് നാണംവന്നു. ഇത്രയും നാളത്തെ ജീവിതത്തിൽ ആരും മാമച്ചനെ സാറെന്ന് വിളിച്ചിട്ടില്ല. തന്നെത്തന്നെയാണോ വിളിച്ചതെന്ന് സംശയം തോന്നിയതിനാൽ അയാൾ പിന്നിലേക്ക് നോക്കി. പിന്നിൽ, പകുതി തീരാറായ ഒരു പഴക്കുലയും നാരങ്ങ അച്ചാറിന്റെ രണ്ട് പ്ലാസ്റ്റിക് മാലയും തൂങ്ങിക്കിടന്നു. അവിടെ മനുഷ്യരാരുമില്ലായിരുന്നു.
“അതേ” -മാമച്ചൻ പറഞ്ഞു. “അപ്പ, എനിക്ക് ആള് തെറ്റിയിട്ടില്ല.”
അദ്ദേഹം ഓട്ടോയിൽനിന്ന് മൂന്ന് ചാക്കുകളിറക്കി വരാന്തയിൽ വെച്ചു. അന്‍പത് കിലോയോളം വരുന്ന മാങ്ങയായിരുന്നു അത്. മറ്റൊരു ചെറിയ ചാക്കുനിറയെ വാളൻപുളിയും ഇറക്കിവെച്ചു. ചെറിയ ചാക്കുകൾ വേറേയുമുണ്ടായിരുന്നു. പഞ്ചസാര, ചക്കര, അരിഞ്ഞുണക്കിയ കപ്പ, റവ, മൈദ, കവറുപാൽ എന്നിങ്ങനെ. അവസാനമാണ് ബണ്ണിന്റേയും മുട്ടായികളുടേയും ബിസ്‌കറ്റുകളുടേയും പാക്കറ്റുകൾ കൊണ്ടുവന്നത്.
വന്നത് ആരാണെന്നോ എന്തിനാണ് ആവശ്യപ്പെടാതെ ചരക്കുകൾ കൊണ്ടുവന്നതെന്നോ മാമച്ചനു മനസ്സിലായില്ല. ഇതിനുമുൻപ് ഈ പ്രദേശത്ത് കണ്ടിട്ടേയില്ല. പെരുമാറ്റത്തിൽ മൊത്തത്തിലുള്ള സ്നേഹവും സാഹോദര്യവും എടുത്തുപറയേണ്ടതാണ്.
ഒന്നും പറയാതെ അദ്ദേഹം വേഗംപോയി ഓട്ടോയിൽ കയറി. ഓട്ടോ സ്റ്റാർട്ട് ചെയ്തതിനു ശേഷമാണ് എന്തോ മറന്നല്ലോ എന്നോർത്തത്. ഇങ്ങോട്ട് വരാമോയെന്ന് ചോദിച്ചതുപോലും ഭവ്യതയോടെയാണ്.
തെക്കിനിയിൽനിന്ന് ഓട്ടോയുടെ അടുത്തേക്ക് വന്ന മാമച്ചന് ഒരു കടലാസുകഷണം കൈമാറി. അതിൽ മൊബൈൽ നമ്പർ എഴുതിയിരുന്നു. എന്നിട്ട്, ചിരപരിചിതനെപ്പോലെ അദ്ദേഹം ചിരിച്ചു. ചിരപരിചിതനെപ്പോലെ അദ്ദേഹം കൈവീശിക്കാണിച്ചു. ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോഴാണ് ഒന്നും ചോദിച്ചില്ലല്ലോയെന്ന് മാമച്ചൻ കുറ്റബോധത്തോടെ ഓർത്തത്. ഓട്ടോ റോഡിലേക്ക് കയറിത്തുടങ്ങുമ്പോൾ ഒരു സ്കൂട്ടർ വരുന്നത് മാമച്ചൻ കണ്ടു. സ്കൂട്ടറുകാരൻ വണ്ടിനിർത്താതെ ഓട്ടോക്കാരനോട് ബഹുമാനപൂര്‍വം ചിരിക്കുന്നതും മാമച്ചൻ കണ്ടു.
ഓട്ടോ പോയി മറയുന്നതുവരെ അയാൾ നോക്കിനിന്നു. അദ്ദേഹം ആരാണ്? എന്തിനാണ് വന്നത്? ആവശ്യപ്പെടാതെ എന്തിനാണ് ചരക്കിറക്കിയത്? ഒരു ചോദ്യത്തിനുപോലും മാമച്ചന് മറുപടിയില്ലായിരുന്നു.
തെക്കിനിയിലേക്ക് മാമച്ചൻ കയറിയപ്പോൾ പാഷൻഫ്രൂട്ട് പടർന്ന ഒതളത്തിന്റെ ചോട്ടിൽ സ്കൂട്ടർ വെച്ചിട്ട് സ്കൂട്ടറുകാരൻ വന്നു. അയാളുടെ കയ്യിൽ ചുവന്ന ബിഗ്‌ഷോപ്പറും നീല തുണിസഞ്ചിയും ഉണ്ടായിരുന്നു.
അന്നേ ദിവസത്തെ അടുത്ത അദ്ഭുതം തവിട്ടുനിറമുള്ള കവറിന്റെ രൂപത്തിൽ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. ആ കവറിൽ പണമായിരുന്നു. അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ! അദ്ദേഹമാണ് അതു മറന്നുവെച്ചതെന്ന കാര്യത്തിൽ മാമച്ചനു സംശയമില്ല. കാരണം, ഈ കുറഞ്ഞ സമയത്തിനുള്ളിൽ തെക്കിനിയിൽ വേറേ ആരും വന്നിട്ടില്ല.
അദ്ദേഹം തന്ന കടലാസു കഷണത്തിലെ നമ്പർ നോക്കി മാമച്ചൻ മൊബൈലിൽ വിളിച്ചു. മൂന്നു തവണ വിളിച്ചിട്ടും അദ്ദേഹം ഫോണെടുത്തില്ല. നാലാമതും നമ്പർ ഞെക്കാൻ തുടങ്ങിയപ്പോൾ സ്കൂട്ടറുകാരൻ തടഞ്ഞു.
“ഇനി വിളിക്കണ്ട, അദ്ദേഹം എടുക്കില്ല.”
“അദ്ദേഹത്തെ അറിയാമോ?”
“അറിയാം. കുന്തറ മുകുന്ദൻ മുതലാളി. മുതലാളീയെന്ന് വിളിച്ചാൽ കണ്ണുപൊട്ടുന്ന ചീത്തപറയും.”
“ഈ കവർ അദ്ദേഹത്തിന്റെയാ...”
“അത് അദ്ദേഹം മാമച്ചൻ ചേട്ടന് തന്നതാ.”
മാമച്ചനു മനസ്സിലായില്ല.
“ഇന്ന് എത്രയാ തീയതി?”
“ജനുവരി പതിന്നാല്” -മാമച്ചൻ പറഞ്ഞു.
“അതല്ല, മലയാള മാസം...?”
“മകരം ഒന്ന്.”
സദാനന്ദൻ എന്നായിരുന്നു സ്കൂട്ടറുകാരന്റെ പേര്. വെയിലേൽക്കാൻ തുടങ്ങിയപ്പോൾ സദാനന്ദൻ പോയി സ്കൂട്ടർ ഒതളത്തിന്റെ തണലിൽ മാറ്റിവെച്ചു. നിലത്ത് രണ്ട് പാഷൻഫ്രൂട്ടകൾ കിടക്കുന്നുണ്ടായിരുന്നു. അതെടുത്ത് മാമച്ചനു കൊടുക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ, അപ്പുറത്ത് പഴത്തു തുടുത്ത എട്ടു പത്തെണ്ണം വേറേയും വീണുകിടക്കുന്നുണ്ടായിരുന്നു.
മടങ്ങിവന്ന സദാനന്ദൻ കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിച്ചു. എല്ലാ മലയാള മാസം ഒന്നാംതീയതിയും അദ്ദേഹം മുടങ്ങാതെ ഗുരുവായൂരപ്പനെ തൊഴാൻ പോകുമായിരുന്നു. കേരളത്തിലുണ്ടെങ്കിൽ ആ ഗുരുവായൂർ യാത്ര അദ്ദേഹത്തിനു നിർബന്ധമായിരുന്നു.
ഭക്തനായ ആ മുഖ്യമന്ത്രിയെപ്പോലെ കുന്തറ മുകുന്ദനും ഒന്നാംതീയതിയാണ് ദൈവത്തെ കാണാൻ പോകുന്നത്. മുകുന്ദന്റെ ദൈവം ദേവാലയത്തിലല്ല വസിക്കുന്നത്. സാധാരണ മനുഷ്യനെയാണ് അദ്ദേഹം ദൈവമായി കാണുന്നത്. ഒറ്റപ്പെടുന്ന, വിലപിക്കുന്ന, ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യനായിരുന്നു കുന്തറ മുകുന്ദന്റെ ദൈവം. കിറ്റെക്സ് ലുങ്കിയോ ശംഖുമാർക്ക് കൈലിയോ ആയിരുന്നു ദൈവത്തിന്റെ വേഷം. അല്ലാതെ, നാടകത്തിലോ സിനിമയിലോ കാണുന്ന വേഷം ധരിച്ച ദൈവത്തെ മുകുന്ദൻ കാണാൻ പോകാറില്ല. ചില ദൈവങ്ങളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതായിരുന്നു. ചിലത് കീറിയതായിരുന്നു. ചിലതിൽ തുള വീണിരുന്നു.
ഈ മകരം ഒന്നാംതീയതിയിലെ മുകുന്ദന്റെ ദൈവം മാമച്ചനാണ്!
സദാനന്ദന്റെ കഥകേട്ട് മാമച്ചന് അദ്ഭുതമായി. നെഞ്ചിൽ കൈതൊട്ട് “ഞാനതിന് അർഹനല്ല” എന്ന് പല തവണ പറയുന്നുണ്ടായിരുന്നു. അയാൾ കരഞ്ഞുതുടങ്ങിയിരുന്നു! കുന്തറ മുകുന്ദൻ കൊണ്ടുവന്ന ചാക്കുപൊട്ടിച്ച് മൂന്നുകിലോ മാങ്ങ സദാനന്ദൻ മേടിച്ചു. വേറെ കുറേ സാധനങ്ങളും വാങ്ങി. ചുവന്ന ബിഗ്‌ഷോപ്പറും നീല തുണിസഞ്ചിയും നിറയെ പലചരക്കുകൾ!
രണ്ടായിരം രൂപ കൊടുത്തപ്പോൾ പതിനേഴ് രൂപ ബാക്കി തന്നു. ആ കാശ് സദാനന്ദൻ വാങ്ങിയില്ല. അതിനു മുട്ടായിയും ബിസ്‌കറ്റും പിന്നെയും മേടിച്ചു. മാമച്ചനു വിശ്വസിക്കാൻ പറ്റുന്നില്ല. രണ്ടായിരം രൂപയുടെ വ്യാപാരം നടക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണം!
ബിഗ്‌ഷോപ്പറും തുണിസഞ്ചിയും സ്കൂട്ടറിന്റെ മുന്നിലും പിന്നിലുമായി കെട്ടിവെച്ചു. പോകാൻനേരം സദാനന്ദൻ പറഞ്ഞു: “മുകുന്ദൻ മുതലാളി കൊണ്ടുവന്ന പലചരക്ക് ഇന്നുതന്നെ തീരും. മാമച്ചൻ ചേട്ടനു സാധനങ്ങൾ തരുക മാത്രമല്ല, അതു മേടിക്കാനുള്ള ആളുകളേയും അദ്ദേഹം ഏർപ്പാടാക്കിയിട്ടുണ്ട്. ഞാൻ പോയതിനുശേഷം രണ്ടോ മൂന്നോ പേർ ഈ കടയിൽ വരും. അങ്ങനെ മുഴുവൻ വിറ്റുപോകും.”
സ്കൂട്ടറിൽ കയറിയിട്ട് സദാനന്ദൻ സ്റ്റാർട്ട് ചെയ്തു. തെക്കിനിയിൽനിന്ന് ഇറങ്ങിവന്ന മാമച്ചൻ ചോദിച്ചു: “കുന്തറ മുകുന്ദൻ മുതലാളിയുടെ ആരായിട്ട് വരും സദാനന്ദൻ സാർ? ഞാൻ സാറിനെ ആദ്യമായാണ് കാണുന്നത്. അയലത്താണോ അതോ ബന്ധുവോ?”
“ഞാൻ ആരുമല്ല മാമച്ചൻ ചേട്ടാ... കുന്തറ മുകുന്ദന്റെ ഷൂസിന്റെ ലേസ് കെട്ടാനുള്ള യോഗ്യതപോലും എനിക്കില്ല. എന്നാൽ, എനിക്ക് ഒന്നറിയാം...”
“എന്താണ്?”
“അദ്ദേഹം നടന്നപോയ വഴികളിൽ വെളിച്ചം വീണുകിടക്കുന്നത് കണ്ടിട്ടുണ്ട്. കർക്കടകത്തിലെ കാറും കോളും പിടിച്ച പകൽപോലും അദ്ദേഹത്തോടൊപ്പം ആ വെളിച്ചത്തെ കാണാമായിരുന്നു. ഞാൻ ആ വെളിച്ചത്തിന്റെ പിന്നാലേ പായുന്ന വെറുമൊരു ഈയാംപാറ്റ!”
കുംഭം ഒന്ന്.
അതിരാവിലേ സദാനന്ദൻ ഉണര്‍ന്നു. ഭാര്യ കൊടുത്ത കട്ടൻ കുടിച്ചു. മുറിയുടെ വാതിൽ ചാരിയിട്ട് ശരീരം വിയർക്കുവോളം കസർത്ത് നടത്തി. കുളികഴിഞ്ഞ് വന്ന സദാനന്ദന് ഭാര്യ അഞ്ഞൂറിന്റെ നാല് നോട്ടുകൾ കൈമാറി. തലേന്നാളിട്ട ഷർട്ടിന്റെ പോക്കറ്റിൽനിന്ന് വട്ടച്ചെലവിന് നൂറ്റമ്പത് രൂപയെടുത്ത് മാറ്റിവെച്ചു. ചുവന്ന ബിഗ്‌ഷോപ്പറും നീല തുണിസഞ്ചിയും വാങ്ങി അയാൾ പുറത്തിറങ്ങി.
നാലുമണിക്കു മുന്നേ സദാനന്ദൻ പാടത്തിന്റെ കരയിലെത്തി. രണ്ട് പാടത്തിനപ്പുറമാണ് കുന്തറ മുകുന്ദന്റെ മാളിക. മണി നാലായപ്പോൾ താഴത്തെ നിലയിൽ വിളക്കു തെളിഞ്ഞു.
വാതിൽ തുറന്നു കുന്തറ മുകുന്ദൻ പുറത്തിറങ്ങുന്നതിനു മുന്നേ വരാന്തയിലും മുറ്റത്തും ലൈറ്റുകൾ തെളിഞ്ഞു. മൂന്ന് ചാക്കുകളിലായി തേങ്ങ കൊണ്ടുവന്ന് ഓട്ടോയിൽ കയറ്റി. ഒരു പ്ലാസ്റ്റിക് ചാക്കുനിറയെ ഞാവൽപ്പഴം കൊണ്ടുവന്നു. സൂചിഗോതമ്പു വാങ്ങുന്ന ഏഴോ എട്ടോ ചാക്കുകളിൽ വേറെയും സാധനങ്ങൾ നിറച്ച് അതും ഓട്ടോയിലാക്കി. ഓട്ടോയിൽ കയറിയിട്ട് സ്റ്റാർട്ട് ചെയ്തു.
ഭാര്യ തുറന്നുകൊടുത്ത ഗേറ്റ് കടന്ന് ഓട്ടോ മുന്നിലെ റോഡിലെത്തി. രണ്ടാമത്തെ പാടംകടന്ന് സദാനന്ദനെ മറികടന്ന് ഓട്ടോ പരസഹായം റോഡിലേക്ക് കയറി. ഓട്ടോ നിത്യസഹായ മാതാവിന്റെ കുരിശടി കടന്നപ്പോൾ സദാനന്ദൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
പാടത്തും മരങ്ങളിലും കുറ്റിക്കാടുകളിലും മഞ്ഞിന്റെ ലോലമേഘങ്ങൾ മേയുന്നുണ്ടായിരുന്നു. രാത്രി അതിന്റെ കടുംപിടിത്തം വിട്ട് തകർന്നുതുടങ്ങിയിരുന്നു. തകർച്ചയ്ക്ക് ആക്കംകൂട്ടിക്കൊണ്ട് പാടത്തിന്നക്കരെ ഒരു കോഴി കൂവി.
പാലം കയറിയ ഓട്ടോ ഇറങ്ങിയിട്ട് കാഴ്ചയിൽനിന്നു മറഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോൾ സ്കൂട്ടറും പാലം കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates