ക്രിക്കറ്റ് മനസിന്റെ കളി കൂടിയാണ്. മനഃസാന്നിധ്യത്തിന്റെ, മാനസിക ആധിപത്യത്തിന്റെ കളി. ഈയടുത്ത് ഓസ്‌ട്രേലിയക്കെതിരായ ടി20 പോരാട്ടത്തിനിടെ വരുണ്‍ ചക്രവര്‍ത്തി ടിം ഡേവിഡിനെതിരെ മനസ് കൊണ്ടു നടത്തിയ ചൂതാട്ടത്തിലൂടെ വിക്കറ്റ് സ്വന്തമാക്കിയത് ശ്രദ്ധിച്ചാല്‍ മാത്രം മതി ക്രിക്കറ്റിലെ മൈന്‍ഡ് ഗെയിമിന്റെ ആഴം ലളിതമായി തന്നെ പിടികിട്ടാന്‍. ആദ്യം മൈന്‍ഡ് ഗെയിം കളിക്കുന്നത് ടിം ഡേവിഡാണ്. അതിന്റെ മറുപടിയാണ് ചക്രവര്‍ത്തി നല്‍കിയത്. ജയം ചക്രവര്‍ത്തിയുടെ തന്ത്രത്തിനായിരുന്നു.
ടിം ഡേവിഡ് ക്രീസില്‍ നില്‍ക്കുന്നു. വരുണ്‍ പന്തെറിയാന്‍ ആക്ഷന്‍ കാണിച്ച നിമിഷത്തില്‍ ടിം ഡേവിഡ് ക്രീസില്‍ നിന്നു പെട്ടെന്നു മാറി, തയ്യാറായില്ലെന്നു പ്രഖ്യാപിക്കുന്നു. പിന്നീട് അയാള്‍ ഗ്രൗണ്ടിനു ചുറ്റും നോക്കുന്നു. പന്തെറിയാനായി വീണ്ടും വരുണ്‍ ക്രീസിലേക്ക്. ഇത്തവണ വരുണ്‍ ആക്ഷന്‍ കാണിയ്ക്കാന്‍ തുടങ്ങിയത് പകുതിയില്‍ അവസാനിപ്പിച്ച് പന്തെറിയാതെ തിരിഞ്ഞു നടക്കുന്നു. അതോടെ ടിം ഡേവിഡ് പതറി. തൊട്ടടുത്ത പന്ത് ചെറുത്ത് റണ്‍സെടുക്കാന്‍ താരത്തിനായി. എന്നാല്‍ അടുത്ത പന്തില്‍ വരുണ്‍ ടിം ഡേവിഡിനെ ഔട്ടാക്കി. വരുണ്‍ സുന്ദരമായൊരു മൈന്‍ഡ് ഗെയിമാണ് ഗ്രൗണ്ടില്‍ നടപ്പിലാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് ഏകാഗ്രത അനിവാര്യ ഘടകമാണ്. മനസിന്റെ ശാന്തതയാണ് മേധയെ ഉണര്‍ത്തുന്നത്. ടി20 ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ മൈന്‍ഡ് ഗെയിം മറ്റൊരു തലത്തിലാണ് നടപ്പാക്കപ്പെടുന്നത്. അവിടെ ബൗളര്‍ക്കും ബാറ്റര്‍ക്കും ഫീല്‍ഡര്‍ക്കും വിക്കറ്റ് കീപ്പര്‍ക്കും മൈന്‍ഡ് ഗെയിം കളിച്ച് ഫലം മാറ്റിമറിക്കാന്‍ സാധിക്കും. ടി20യില്‍ ഒരോ പന്തും റണ്ണും ക്യാച്ചും റണ്ണൗട്ടുമെല്ലാം അതി നിര്‍ണായകമാകുന്നതും ഈ മൈന്‍ഡ് ഗെയിമിന്റെ സജീവതയെ കാണിക്കുന്നു. ഡഗൗട്ടിലിരുന്നു കളി നിയന്ത്രിക്കാന്‍ പരിശീലകന് ഫുട്‌ബോളിലെന്ന പോലെ ടി20 ക്രിക്കറ്റില്‍ അവസരം തുറന്നു കിടക്കുന്നു. ഐപിഎല്ലില്‍ ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിന്റെ കളി ഡഗൗട്ടിലിരുന്നു നിയന്ത്രിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇടവേളയ്ക്കു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 2024ല്‍ ഐപിഎല്‍ ചാംപ്യന്‍മാരാകുമ്പോള്‍ ടീമിന്റെ മെന്ററായ ഗൗതം ഗംഭീര്‍ നടത്തിയ നീക്കങ്ങള്‍ മത്സര ഫലങ്ങളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മാറ്റിമറിച്ചു.
തുറിച്ചു നോട്ടം, കളിയാക്കല്‍, പ്രകോപനം
ഇംഗ്ലണ്ടിനെതിരായ ആഷസ്, ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടങ്ങള്‍ക്ക് മുന്‍പും മത്സര സമയത്തുമെല്ലാം ഓസീസ് താരങ്ങള്‍ മാനസിക ആധിപത്യം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പണ്ടേ പ്രസിദ്ധമാണ്. എതിര്‍ ടീമിലെ സൂപ്പര്‍ താരങ്ങളെന്നു കണക്കാക്കപ്പെടുന്നവരെ ആദ്യം പുകഴ്ത്തുന്ന അവര്‍ പിന്നീട് പ്രകോപനപരമായി സംസാരിക്കുന്നതു കാണാം. ഇടയ്ക്കു ചില വെല്ലുവിളികളും നടത്തും.
പരമ്പര തുടങ്ങിയാല്‍ പിന്നെ സ്ലഡ്ജിങ് തന്ത്രമാണ് അവര്‍ മൈതാനത്ത് പയറ്റുക. എതിരാളിയെ തളര്‍ത്തുകയെന്ന മൈന്‍ഡ് ഗെയിമാണ് ഈ പ്രവൃത്തികളുടെയെല്ലാം ആധാരം. തുറിച്ചു നോട്ടങ്ങളും കളിയാക്കലുകളും അനാവശ്യ തര്‍ക്കങ്ങളും തുടങ്ങി നിരവധി നിരവധി തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നു. ഇതോടെ എതിര്‍ ടീമിലെ താരങ്ങളും സമാന തന്ത്രം ഓസീസിനെതിരെ പുറത്തെടുക്കാൻ നിര്‍ബന്ധിക്കപ്പെടുന്നു.
ഒരു തരത്തില്‍ ഓസീസ് താരങ്ങളുടെ ഈ തന്ത്രം എതിര്‍പക്ഷത്തെ താരങ്ങള്‍ക്കുണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതായിരിക്കില്ല. മറുപടി പറയാനുള്ള ത്വരയുടെ വിത്തുകള്‍ അവരുടെ മനസില്‍ ആഴത്തില്‍ പതിപ്പിക്കുക, അതുവഴി കളിയിലെ ശ്രദ്ധ മാറ്റിയ്ക്കുക എന്നതാണ് ഈ തന്ത്രത്തിലൂടെ നടപ്പാക്കപ്പെടുന്നത്. അതില്‍ പലരും വീണിട്ടുണ്ട്. അതിനെ പലരും അതിസമര്‍ഥമായി അതിജീവിച്ചിട്ടുമുണ്ട്. ഈ അതിജീവനവും ഒരു മൈന്‍ഡ് ഗെയിം തന്നെ.
രസകരമായ വസ്തുത എന്തെന്നാല്‍ ചില എതിര്‍ ടീം താരങ്ങള്‍ സ്ലഡ്ജിങിനെ അതേ ആവേശത്തില്‍ തന്നെ നേരിടും. ചിലരാകട്ടെ പ്രകടനം കൊണ്ടായിരിക്കും അതിന്റെ മുനയൊടിക്കുക. ഓസീസ് മണ്ണില്‍ ദ്രാവിഡും പൂജാരയുമൊക്കെ നിശബ്ദരായി ബാറ്റുമായി ക്രീസിലെത്തി പ്രതിരോധക്കോട്ട കെട്ടിയാണ് ഇത്തരത്തിലുള്ള മാനസിക കളികളുടെ മുനയൊടിച്ചിട്ടുള്ളത്. കോഹ്‌ലിയെ പോലെ, ലാറയെ പോലുള്ള കുറച്ചുകൂടി അഗ്രസീവായി ഗ്രൗണ്ടില്‍ പെരുമാറുന്ന താരങ്ങളാകട്ടെ തിരിച്ചു ചുട്ട മറുപടി വായ കൊണ്ടും പരോക്ഷമായുമൊക്കെ നല്‍കുന്നതിനൊപ്പം ബാറ്റ് കൊണ്ടുള്ള മിന്നും പ്രകടനങ്ങളായും ഓസീസിനെ കൊട്ടിയിട്ടുണ്ട്.
സ്റ്റീവ് വോയാണ് ഈ മൈന്‍ഡ് ഗെയിം അതിസമര്‍ഥമായി ഓസീസ് ക്രിക്കറ്റിലേക്ക് കൂടുതലായി കൊണ്ടുവന്നത്. റിക്കി പോണ്ടിങ് അതു ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. മൈക്കല്‍ ക്ലാര്‍ക്കിനെ പോലെയുള്ള പില്‍ക്കാല നായകന്‍മാര്‍ പക്ഷേ ഈ തന്ത്രത്തെ കാര്യമായി ചലിപ്പിച്ചിട്ടില്ല എന്നതും ചേര്‍ത്തു വായിക്കാം.
ലാറയുടെ ബാറ്റിങ് യാത്ര
മൂന്ന്, നാല് ദിവസം നീളുന്ന മനോഹരമായ യാത്രാനുഭവമാണ് ബ്രയാന്‍ ലാറയുടെ ടെസ്റ്റ് ബാറ്റിങ്. 5 ദിവസം നീളുന്ന ടെസ്റ്റില്‍ ഇത്ര മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ അപൂര്‍വം ചില താരങ്ങളേ ആധുനിക ക്രിക്കറ്റില്‍ ഉള്ളു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അയാളുടെ ഉയര്‍ന്ന സ്‌കോര്‍ 501 റണ്‍സാണ്. ഇന്നും തകരാത്ത റെക്കോര്‍ഡ്. ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ലാറയുടെ പേരിലാണ് ഇപ്പോഴും. 400 നോട്ടൗട്ട്.
ടെസ്റ്റില്‍ ഗാരി സോബേഴ്‌സ് ഏറെ കാലം കൊണ്ടു നടന്ന ഉയര്‍ന്ന സ്‌കോറെന്ന 365 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ത്തതും ലാറ തന്നെ. അന്ന് 375 റണ്‍സാണ് ഇതിഹാസം അടിച്ചെടുത്തത്. ഏറെ നാള്‍ ഈ സ്‌കോറായിരുന്നു റെക്കോര്‍ഡില്‍. പിന്നീട് മാത്യു ഹെയ്ഡന്‍ 380 അടിച്ച് റെക്കോര്‍ഡ് തിരുത്തിയെങ്കിലും കഷ്ടി ഒരു മാസം മാത്രമാണ് റെക്കോര്‍ഡില്‍ ഹെയ്ഡന്റെ പേരുണ്ടായത്. ലാറ 400 അടിച്ച് നേട്ടം വീണ്ടും സ്വന്തം പേരിലേക്ക് തന്നെ മാറ്റി.
ടെസ്റ്റില്‍ ക്വാഡ്രബിള്‍ സെഞ്ച്വറി അടിച്ച ചരിത്രത്തിലെ ഏക താരമായ ലാറ ടെസ്റ്റ് കരിയറില്‍ മൊത്തം 7 ഡബിള്‍ സെഞ്ച്വറികള്‍, ഒരു ക്വാഡ്രബിള്‍, ഒരു ട്രിപ്പിള്‍ സെഞ്ച്വറികളാണ് ദീര്‍ഘമായ ഇന്നിങ്‌സ് കളിച്ച് നേടിയത്.
501 നോട്ടൗട്ട്
1994 ജൂണ്‍ 2 മുതല്‍ 6 വരെ ഇംഗ്ലണ്ടില്‍ അരങ്ങേറിയ കൗണ്ടി ചാംപ്യന്‍ഷിപ്പിലാണ് ലാറ ഐതിഹാസിക ഇന്നിങ്‌സ് കളിച്ചത്. ഡുറം ടീമിനെതിരെ വാര്‍വിക്ക്‌ഷെയറിനു വേണ്ടിയാണ് ലാറയുടെ സുദീര്‍ഘമായ റെക്കോര്‍ഡ് ഇന്നിങ്‌സ്. 427 പന്തുകള്‍ നേരിട്ട് 62 ഫോറും 10 സിക്‌സും സഹിതമാണ് പുറത്താകാതെ ലാറ 501 അടിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡുറം ജോണ്‍ മോറിസ് നേടിയ (204) ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 556 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. വാര്‍വിക്ക്‌ഷെയര്‍ ലാറയുടെ വിഖ്യാത ഇന്നിങ്‌സിന്റെ ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 810 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അന്ന് ലാറയ്‌ക്കൊപ്പം സെഞ്ച്വറി (116) അടിച്ച് പുറത്താകാതെ നിന്ന് കെയ്ത് പയ്പ്പറും തിളങ്ങി.
ആദ്യമായി ക്രീസിലെത്തി പിന്നീട് ഉച്ച ഭക്ഷണം, വൈകീട്ടത്തെ ചായ, ഇടക്കിടെയുള്ള ഡ്രിങ്ക്സ് ഇടവേളകള്‍ കഴിഞ്ഞ് ഒരു ദിവസം ടെസ്റ്റ് മത്സരം അവസാനിക്കുമ്പോള്‍ പുറത്താകാതെ നിന്നു ബാറ്റര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നു. പിന്നീട് വിശ്രമ സമയമാണ്. പിറ്റേദിവസം വീണ്ടും ക്രീസിലെത്തി തലേദിവസത്തെ അതേ മാനസികാവസ്ഥ വീണ്ടെടുത്ത് ബാറ്റിങ് തുടരുന്നു. ലാറ 501 നേടിയപ്പോഴും 400 നേടിയപ്പോഴും പുറത്താകാതെ നില്‍ക്കുകയായിരുന്നു എന്നറിയുമ്പോഴാണ് ആ മനുഷ്യന്റെ മനോബലത്തിന്റെ ആഴം നമ്മെ അമ്പരപ്പിക്കുന്നത്. ക്രീസ് വിടേണ്ടി വന്നത് ദിവസം തീര്‍ന്നതിനാല്‍ മാത്രം.
501 റണ്‍സ് നേടാനായി ലാറ ക്രീസില്‍ ചെലവഴിച്ച സമയം 474 മിനിറ്റുകളാണ്. ഇംഗ്ലണ്ടിനെതിരെ 582 പന്തുകള്‍ നേരിട്ട് 400 റണ്‍സടിച്ചു പുറത്താകാതെ ലാറ ക്രീസില്‍ നിന്നത് 778 മിനിറ്റുകളും.
ക്രീസിലെ ധ്യാന ബുദ്ധനായിരുന്നു ലാറ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates