ഗോള്‍ വലയ്ക്ക് താഴെയുള്ള ഗോളിയുടെ ഏകാന്തതയെ കുറിച്ച് എന്‍എസ് മാധവന്‍ പറഞ്ഞിട്ടുണ്ട്. കായിക ലോകത്ത് ചിലപ്പോഴെല്ലാം ചില ഏകാന്ത മനുഷ്യരെ കാണാം.
സ്‌കൂള്‍ പഠന കാലം മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട് അമോല്‍ അനില്‍ മജുംദാര്‍. സച്ചിനും കാംബ്ലിയ്ക്കുമൊപ്പം രമാകാന്ത് അച്ചരേക്കറുടെ കീഴില്‍ തന്നെ. ശാരദാശ്രമം സ്‌കൂളിനായി സച്ചിനും കാംബ്ലിയും ബാറ്റ് ചെയ്ത്, ബാറ്റ് ചെയ്ത് റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ അടുത്ത സ്ഥാനത്തിറങ്ങാനായി അമോല്‍ മജുംദാര്‍ പാഡും കെട്ടി കാത്തിരുന്നത് രണ്ട് ദിവസമാണ്. പിന്നീട് അയാള്‍ക്ക് ബാറ്റിങിനിറങ്ങാനും സാധിച്ചില്ല. ആ കാത്തിരിപ്പ് സീനിയര്‍ താരമായപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. സച്ചിനും കാംബ്ലിയും അയാള്‍ക്ക് ശേഷം വന്ന സഞ്ജയ് മഞ്ജരേക്കറും രോഹിത് ശര്‍മയുമൊക്കെ ഇന്ത്യക്കായി ലോക ക്രിക്കറ്റില്‍ നിറഞ്ഞു കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ സാമ്രാജ്യം പണിത് ചക്രവര്‍ത്തിയായപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്ത് അമോല്‍ മജുംദാര്‍ ഏകാന്തനായി പുറത്തു നിന്നു.
ഒരിക്കല്‍ പോലും അയാള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നില്ല. ഒടുവില്‍ ഒരു ദിവസം അയാള്‍ നിശ്ബദനായി, ഐതിഹാസികമായ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനു വിരാമം കുറിച്ചു. അമോല്‍ മജുംദാര്‍ കളത്തിനു പുറത്തെ ഏകാന്ത സാന്നിധ്യമാണ്. അയാള്‍ കളിച്ച കാലത്തും അയാള്‍ കളി പഠിപ്പിയ്ക്കുമ്പോഴും.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്ര കരങ്ങളിലേക്ക് ഏകാന്ത ധ്യാനത്തിലൂടെ അമോല്‍ മജുംദാര്‍ നീട്ടി നല്‍കിയത് ഒരു ലോക കിരീടമായിരുന്നു. രണ്ട് തവണ അരികിലെത്തി അകന്നു പോയ ആ സ്വപ്നത്തെ അമോല്‍ മജുംദാറിന്റെ ശാന്ത സാന്നിധ്യം സാര്‍ഥകമാക്കുമ്പോള്‍ കാലം അയാള്‍ക്കു മാത്രമായി കാത്തു വച്ച ഒരു മാന്ത്രിക സമ്മാനം കൂടിയായിരുന്നു അത്. അത്ര മികവും ഔന്നത്യവും ഇന്ത്യന്‍ വനിതാ സംഘം പുറത്തെടുത്തു. പ്രത്യേകിച്ച് സെമി ഫൈനലില്‍ മൈറ്റി ഓസ്‌ട്രേലിയക്ക് മുന്നിലും ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും.
ഇംഗ്ലണ്ടിനോടുള്ള തോല്‍വിക്കു ശേഷമം ഇന്ത്യന്‍ ടീമിന്റെ മനോഭാവം തന്നെ മാറി. പിന്നീട് ടീം നടത്തിയത് അമ്പരപ്പിക്കുന്ന മുന്നേറ്റമാണ്. അതിന്റെ ചാലക ശക്തി അമോല്‍ മജുംദാറായിരുന്നു.
ലോക കിരീടം നേടിയ ശേഷം അയാളുടെ കണ്ണുകള്‍ സജലങ്ങളായത്, അര്‍ഹതപ്പെട്ടിട്ടും കിട്ടാതെ പോയ അവസരങ്ങളുടെ ഭൂതകാല ഓര്‍മകള്‍ ഉള്ളില്‍ ഇരമ്പിയതു കൊണ്ടായിരിക്കാം...
7 ഗോളുകളും മിര്‍ രഞ്ജന്‍ നേഗിയും
അപമാനകരമായ ഒരു പരാജയത്തിന്റെ കാരണക്കാരനെന്ന നിലയില്‍ ഏറെക്കാലം മിര്‍ രഞ്ജന്‍ നേഗിയെന്ന ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പലരുടേയും പഴി കേട്ടു. അയാള്‍ ഏറെക്കാലം ഏകാന്തതയിലേക്ക് വീണു പോയി.
1982ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം ചിരവൈരികളായ പാകിസ്ഥാനോട് അമ്പേ പരാജയപ്പെട്ടു. ഒന്നും രണ്ടും ഗോളല്ല പാക് ടീം ഇന്ത്യന്‍ ബോക്‌സില്‍ അടിച്ചു കയറ്റിയത്. ഏഴ് ഗോളുകളായിരുന്നു. തിരിച്ചടിക്കാന്‍ പറ്റിയത് ഒരെണ്ണം മാത്രം. ഇന്ത്യന്‍ ഹോക്കിക്ക്, രാജ്യത്തിന്റെ കായിക മേഖലയ്ക്ക് ഈ തോല്‍വി ഉണ്ടാക്കിയ നിരാശ ചെറുതായിരുന്നില്ല.
ഏഴ് ഗോളുകള്‍ വഴങ്ങുമ്പോള്‍ അന്ന് ഗോള്‍ കീപ്പറായി നിന്നത് മിര്‍ രഞ്ജന്‍ നേഗിയായിരുന്നു. ആ ഒറ്റ കളിയോടെ അദ്ദേഹത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ഇന്ത്യന്‍ ഹോക്കി ആരാധകരും ഹോക്കി പണ്ഡിതരും നേഗിയെ കുറ്റപ്പെടുത്തി. ചില ഡാബ്ലോയ്ഡ് പത്രങ്ങള്‍ നേഗി പാകിസ്ഥാന്റെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങി കളി അപമാനകരമാം വിധം തോറ്റു കൊടുത്തുവെന്നു വരെ പറഞ്ഞു.
പുറത്തു പോകുമ്പോഴെല്ലാം പൊതുജനങ്ങളില്‍ പലരും അദ്ദേഹത്തെ അധിക്ഷേപിച്ചു. രാജ്യദ്രോഹിയെന്ന മുദ്ര കുത്തി. സഹ താരങ്ങള്‍ പക്ഷേ നേഗിയുടെ മാത്രം പിഴവല്ലെന്ന നിലപാട് എടുത്തതായിരുന്നു അദ്ദേഹത്തിനു ആശ്വസിക്കാനുണ്ടായിരുന്നത്. പിന്നീടൊരിക്കല്‍ പോലും അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം നേഗി 1998ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനായി കതിരിച്ചെത്തി. ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും സ്വന്തമാക്കി. എന്നാല്‍ അപ്പോഴും നേഗിക്ക് പുറത്തു പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ ഗോള്‍ കീപ്പര്‍ പരിശീലക സ്ഥാനം താത്കാലികം മാത്രമായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇന്ത്യന്‍ ഹോക്കി മേഖലയിലേക്ക് അദ്ദേഹം തിരിച്ചെത്തി. ഇത്തവണ വനിതാ ദേശീയ ഹോക്കി ടീം ഗോള്‍ കീപ്പിങ് പരിശീലകനായിരുന്നു അദ്ദേഹം. 2002ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീം സകല കണക്കുകൂട്ടലും തെറ്റിച്ച് സ്വര്‍ണം സ്വന്തമാക്കി. പിന്നാലെ 2004ലെ ഏഷ്യാ കപ്പിലും വനിതകള്‍ സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചു. ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ നേഗി വനിതാ ടീമിന്റെ സഹ പരിശീലകന്‍ കൂടിയായിരുന്നു.
അമോല്‍ മജുംദാര്‍ കളിച്ച കാലത്ത് ഇന്ത്യന്‍ ടീമിലെത്താതെ നിരാശനായി നിന്നപ്പോള്‍, മിര്‍ രഞ്ജന്‍ നേഗി ഒറ്റ തോല്‍വിയുടെ പേരില്‍ എന്നെന്നേക്കുമായി ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തു പോയപ്പോള്‍ അവര്‍ക്കായി പ്രപഞ്ചം ഗൂഢാലോചന നടത്തുകയായരുന്നു. അപൂര്‍വ കിരീട നേട്ടങ്ങളുടെ അമരത്ത് നില്‍ക്കാന്‍ ആ ഏകാന്ത മനുഷ്യര്‍ക്കായിരുന്നു നിയോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates