കുലകുലയായി വിടർന്നു നിൽക്കുന്ന പിങ്കുനിറത്തിലുള്ള കോറൽ വൈൻ (Coral Vine)പൂക്കൾ വേലികളിലും മതിലുകളിലും പൂന്തോട്ടങ്ങളിലും ഒഴുകിയിറങ്ങുന്ന കാഴ്ച ആരുടെയും മനംകവരും.
“നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം” എന്ന കുമാരനാശന്റെ വരികളെ ഓർമ്മിപ്പിക്കുന്ന ഭംഗിയാണിതിന്. ഹൃദയാകൃതിയിലുള്ള പിങ്കുപൂക്കളും പച്ചിലകളും ഇടകലർന്ന് കിടക്കുമ്പോൾ പൂന്തോട്ടത്തിൽ ഹൃദ്യമായെഴുതിയ ഒരു കവിതപോലെ തോന്നും ഈ 'പവിഴവല്ലി'.
വേനൽ പൂവള്ളി, തേൻ പൂവള്ളി, പവിഴക്കൊടി, പവിഴവള്ളി, കോറൽ വള്ളി, മെക്സിക്കൻ ക്രീപ്പർ, സ്നേഹച്ചങ്ങല (ചെയിൻ ഓഫ് ലവ്), രാജ്ഞിയുടെ ഹാരം (ക്യൂൻസ് റീത്ത്) വധുവിന്റെ കണ്ണീർ (ബ്രൈഡ്സ് ടിയേഴ്സ്) എന്നൊക്കെയുള്ള വിളിപ്പേരിൽ അറിയപ്പെടുന്ന ആന്റിഗണൻ ലെപ്റ്റോപസ് (Antigonon leptopus) എന്ന കോറൽ വൈനിന്റെ ജന്മദേശം മെക്സിക്കോയാണ്.
കോറൽ വൈനിന്റെ കെട്ടുപിണഞ്ഞ കാണ്ഡം കണ്ടുമുട്ടുന്ന എല്ലാ താങ്ങുകളിലും പറ്റിപ്പിടിച്ച് മുകളിലേക്ക് കയറിപ്പോകുന്നു. സൂര്യപ്രകാശത്തിൽ സമൃദ്ധമായി പൂക്കുന്നു. വെളുപ്പ്, പിങ്ക്, എന്നീ രണ്ടു നിറങ്ങളിലാണ് കോറൽ വൈനിന്റെ പൂക്കൾ കാണുന്നത്. അതിമനോഹരമായ ഈ പൂക്കൾ അലങ്കാര സസ്യ വിപണിയിൽ കോറൽ വൈനിനെ കൂടുതൽ പ്രിയങ്കരമാക്കി മാറ്റി. ഇന്ത്യയിലുടനീളമുള്ള നഴ്സറികളും ഓൺലൈൻ വ്യാപാരികളും ഇതിന്റെ വർണ്ണാഭമായ പൂക്കൾ കാണിച്ച് ഒരോ ചെടിപ്രേമിയേയും ആകർഷിക്കുവാൻ ശ്രമിക്കുന്നു. മിതമായ വിലയിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഈ ചെടി വളരെ വേഗത്തിൽ നമ്മൾ വീടുകളിലെത്തിക്കുന്നു.
എന്നാൽ, സൗന്ദര്യമുള്ള ഈ പവിഴവല്ലിയെ വീട്ടിൽ കൊണ്ടുവന്നു വേരുപിടിപ്പിക്കുമ്പോൾ, അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ ആരും മനസ്സിലാക്കുന്നുണ്ടാവില്ല.
കോറൽ വൈനിന്റെ അലങ്കാര ചാരുതയ്ക്ക് പിന്നിൽ ഈ ചെടി ആർജ്ജിച്ച ചില പാരിസ്ഥിതിക തന്ത്രങ്ങളുണ്ട്. ശക്തമായ വളർച്ചയ്ക്കും പുനരുൽപാദനത്തിനുമുള്ള ഈ ചെടിയുടെ കഴിവാണത്. ഈ ചെടിയുടെ വിത്ത് കാറ്റിലൂടെയും വെള്ളത്തിലൂടെയും പക്ഷിമൃഗാദികളിലൂടെയും സഞ്ചരിക്കുകയും ഒന്നിലധികം രീതികളിൽ വിത്തുവിതരണം നടത്തുകയും ചെയ്യുന്നു.
ഭൂഗർഭകിഴങ്ങുകളിൽ നിന്നും ഭൂഗർഭകാണ്ഡങ്ങളിൽ നിന്നും വേരുകളിൽ നിന്നും പുതുതായി മുളയ്ക്കുന്ന ചെടികൾ മറ്റുള്ള സസ്യങ്ങളെ ഇല്ലാതാക്കുകയും ഈ ചെടിയുടെ ഏകജാതി കാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിവിധങ്ങളായ വ്യാപനമാർഗ്ഗങ്ങൾ കോറൽ വൈനിന് ഏതാണ്ട് അജയ്യമായ പ്രതിരോധശേഷി നൽകുന്നു.
എത്ര മോശം മണ്ണിലും തഴച്ചുവളരുവാൻ കഴിയുന്ന ഈ ചെടി (Coral Vine) നഗരപ്രദേശങ്ങളിലെ പരിമിതമായ സാഹചര്യങ്ങളിൽ പോലും പടർന്നു പിടിക്കുന്നു. ഇതിന്റെ പടർന്നു പന്തലിച്ച വേരുകൾ പൂർണ്ണമായും നീക്കം ചെയ്യാനാവില്ലെന്നു മാത്രമല്ല നിഷ്ക്രിയമായി കിടക്കുന്നവപോലും സാഹചര്യങ്ങൾക്കനുസൃതമായി വീണ്ടും വളരുകയും ചെയ്യും. അലങ്കാരച്ചെടി എന്ന നിലയിൽ സൗഭാഗ്യകരമായി തോന്നാവുന്ന ഈ സ്വഭാവസവിശേഷത പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും ജൈവശോഷണത്തിനും കാരണമാകും.
കോറൽ വൈൻ (Coral Vine) അക്രമാസക്തമായി വളരുന്ന ഒരു വള്ളിച്ചെടിയാണ്. ഇതിന്റെ വളർച്ച ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് വളരെയേറെ ദോഷം ചെയ്യുന്നതാണ്. ഇത് ഇന്ത്യയിലേക്ക് കുടിയേറിയത് ഒരു അലങ്കാര സസ്യമായിട്ടാണെങ്കിലും പിന്നീടത് പൂന്തോട്ടങ്ങൾക്കു പുറത്തേയ്ക്ക് വ്യാപിക്കുകയും പല സ്ഥലങ്ങളിലും വ്യാപകമായ ഒരു കളയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കേരളം പോലുള്ള പ്രദേശങ്ങളിൽ കോറൽ വൈനിന്റെ വളർച്ച ഞെട്ടിക്കുന്നതാണ്. പത്തു മുതൽ പതിനഞ്ച് മീറ്റർ ഉയരത്തിൽ വരെ ദ്രുതഗതിയിൽ വളരുവാനും ആക്രമണകരമായ രീതിയിൽ പടരുവാനും ഈ ചെടിക്കു കഴിയും. പോഷകങ്ങൾക്കായി അടിത്തട്ടിലെ സസ്യങ്ങളേയും മരങ്ങളേയും മറികടക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് വേലികൾ, മരങ്ങൾ, കെട്ടിടങ്ങൾ എന്നിവയെ വേഗത്തിൽ മൂടുകയും ഇടതൂർന്ന കനത്ത മേലാപ്പുകൾ സൃഷ്ടിച്ച് സൂര്യപ്രകാശം തടഞ്ഞുകൊണ്ട് തദ്ദേശീയ സസ്യങ്ങളുടേയും കുറ്റിച്ചെടികളുടേയും മരങ്ങളുടേയും വളർച്ചയും പരാഗണവും തടയുന്നു. ദ്രുതഗതിയിലുള്ള കോറൽവൈൻ കോളനിവൽക്കരണത്തിലൂടെ മറ്റുള്ള സസ്യജനുസ്സുകൾക്ക് നാൽപ്പതു മുതൽ അൻപത് ശതമാനം വരെ കുറവുണ്ടാക്കുന്നു.
ഈ ചെടി വരൾച്ചയേയും മോശം മണ്ണിനേയും അതിജീവിക്കുന്നു. മുറിഞ്ഞുപോകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, കോറൽ വൈൻ അതിന്റെ ആഴത്തിലുള്ള ഭൂഗർഭ കിഴങ്ങുകളിൽ നിന്ന് വീണ്ടും വേഗത്തിൽ മുളയ്ക്കുന്നു. നനഞ്ഞ മണ്ണുമായി സമ്പർക്കത്തിൽ വരുമ്പോൾ മുറിഞ്ഞുപോയ തണ്ടുകൾ വേരുപിടിക്കുകയും പുതിയ സസ്യങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇത് വേഗത്തിൽ പടർന്ന് ഭൂഗർഭ കിഴങ്ങുകളുടേയും ഭൂഗർഭതണ്ടുകളുടേയും ഒരു ശൃംഖല സൃഷ്ടിക്കുകയും ഉന്മൂലനം എതാണ്ട് അസാധ്യമാക്കുകയും ചെയ്യുന്നു.
പൂക്കളിൽ ആവശ്യംപോലെ തേനും പൂമ്പൊടിയുമുള്ളതിനാൽ ധാരാളം തേനീച്ചകളേയും ചിത്രശലഭങ്ങളേയും തേൻകുരുവികളേയും പൂക്കളിലേക്ക് ആകർഷിക്കുന്നു. ഇത് കൂടുതൽ പരാഗണം നടക്കുവാൻ കാരണമാകുകയും ചെയ്യുന്നു.
പ്രത്യേക പുനരുൽപാദനമാർഗ്ഗങ്ങളും വിത്തുവിതരണ സംവിധാനങ്ങളും ഈ ചെടിയെ കൂടുതൽ വ്യാപകമാകുവാൻ സഹായിക്കുന്നു. വിത്തുകൾ വഴിയും ഭൂഗർഭതണ്ടുകളും ആഴത്തിലുള്ള ഭൂഗർഭ കിഴങ്ങുകൾ വഴിയും കാര്യക്ഷമമായി വ്യാപിക്കുന്നു. മണ്ണിനു മുകളിലുള്ള ചെടി മുറിച്ചാൽ, ഈ കിഴങ്ങുകളിൽ നിന്ന് വേഗത്തിൽ പുതിയ ചെടി മുളയ്ക്കുന്നു. വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ ശേഷിയുള്ളവയാണ്; ഇത് ജലപാതകളിലൂടെ സഞ്ചരിച്ച് മറ്റുള്ള പ്രദേശങ്ങളിൽ എത്തിച്ചേരുവാനും അവിടെ വേരുപിടിക്കുവാനും വഴിയൊരുക്കുന്നു. ജലസ്രോതസ്സുകളാൽ സമ്പന്നമായ കേരളം പോലുള്ള ഒരു പ്രദേശത്ത് ഇത് വളരെ ആശങ്കാജനകമാണ്.
പാരിസ്ഥിതിക പൊരുത്തപ്പെടുത്തലും കഠിനമായ സാഹചര്യങ്ങളോടുള്ള സഹിഷ്ണുതയും ഈ ചെടിയെ നശിപ്പിക്കുവാൻ പ്രയാസമാക്കുന്നു. വരൾച്ചയെ അതിജീവിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. നഗരത്തിലെ റോഡരികുകൾ, മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങൾ, അവഗണിക്കപ്പെട്ട പ്രദേശങ്ങൾ തുടങ്ങിയ ദുർബലമായ ഏത് ആവാസവ്യവസ്ഥയിലും കോറൽ വൈൻ വളരുകയും വേഗത്തിൽ കോളനിരൂപീകരിക്കുകയും ചെയ്യും.
കോറൽ വൈൻ ചില രാസ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ മറ്റു സസ്യജാലങ്ങളുടെ വിത്ത് മുളയ്ക്കുന്നതും വളർച്ചയും തടഞ്ഞുകൊണ്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നു. കോറൽ വൈൻ ചെടി നശിക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന രാസസംയുക്തങ്ങൾ മണ്ണിൽ കലരുകയും മറ്റുള്ള സസ്യങ്ങൾക്ക് അവിടെ വളരുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ജൈവവൈവിധ്യ നഷ്ടമുണ്ടാക്കി പ്രത്യേകിച്ച് വനപ്രദേശങ്ങളിലെ ആവാസ വ്യവസ്ഥകളെ ആക്രമിച്ച് പാരിസ്ഥിതിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലൂടെ, ഇത് തദ്ദേശീയ ജൈവവൈവിധ്യഘടനയ്ക്ക് മാറ്റം വരുത്തുന്നു.
നിയന്ത്രണം വെല്ലുവിളികൾ നിറഞ്ഞതാകുവാൻ പല കാരണങ്ങൾ ഉണ്ട്. ചെടി മുറിക്കുന്നതു കൊണ്ടു മാത്രം നിയന്ത്രണം ഫലപ്രദമല്ല, കാരണം കിഴങ്ങുകളിൽ നിന്ന് ഈ ചെടി വേഗത്തിൽ പുനരുജ്ജീവിക്കും. വേരുകൾ സ്ഥിരമായി നീക്കം ചെയ്യുകയോ കളനാശിനികൾ പ്രയോഗിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്. ചെടി നന്നായി വേരൂന്നിയാൽ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.
കോറൽ വൈൻ നട്ടുപിടിപ്പിച്ച സ്ഥലത്തിന്റെ അതിർത്തികളിൽ നിന്ന് ആക്രമണകാരിയായി അധിനിവേശത്തിലേക്ക് മാറുമ്പോൾ സൗന്ദര്യത്തിനപ്പുറത്തേക്ക് ഈ 'പവിഴവല്ലി' വിനാശകാരിയായി മാറുന്നു.
ലോകത്തെ പല പ്രദേശങ്ങളിലും, ഈ വള്ളിയുടെ അധിനിവേശ സ്വഭാവം രേഖപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന ഈ ചെടി തെക്കേഅമേരിക്കയിലും വിവിധ പസഫിക് ദ്വീപുകളിലുമുൾപ്പെടെ നിരവധി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആക്രമണകാരിയായ ഒരു കളയായി കണക്കാക്കപ്പെടുന്നു.
അമേരിക്കയിലെ ഫ്ലോറിഡയിലും ഗൾഫ് തീരത്തും ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും വളരെ ആക്രമണകാരിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ കാറ്റഗറി II അധിനിവേശ സ്പീഷീസായും ‘ഉഷ്ണമേഖലയിലെ കള’ യായും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗുവാം, ഹവായ് ദ്വീപുകൾ, കരീബിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആവാസവ്യവസ്ഥയ്ക്ക് പ്രധാന ഭീഷണികളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ ചെടിയുടെ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ ആഴമേറിയതാണ്. വൈവിധ്യമാർന്ന ഒരു സസ്യ സമൂഹം വൈവിധ്യമാർന്ന ഒരു ജന്തു സമൂഹത്തെ പിന്തുണയ്ക്കുന്നു. തദ്ദേശീയ സസ്യങ്ങൾ പ്രാദേശിക പ്രാണികളുടേയും പക്ഷികളുടേയും സസ്തനികളുടേയും ആവശ്യങ്ങൾക്കനുസൃതമായി തേൻ, പൂമ്പൊടി, പഴങ്ങൾ എന്നിവ നൽകുന്നു. കോറൽ വൈൻ ആധിപത്യം സ്ഥാപിക്കുമ്പോൾ, പാരിസ്ഥിതികഘടനയെ ഏകീകരിക്കുകയും ലഭ്യമായ പാരിസ്ഥിതിക കേന്ദ്രങ്ങളുടെ വ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് പരാഗണകാരികളുടെ എണ്ണം, വിത്ത് വിതരണക്കാർ,മണ്ണിലെ സൂക്ഷ്മാണുക്കൾ, ഭക്ഷ്യവലകളുടെ അടിത്തറയായി മാറുന്ന പ്രാണികൾ എന്നിവയെ ബാധിക്കുന്നു.
ഒരൊറ്റ സസ്യത്തിന്റെ ആധിപത്യം ആവാസവ്യവസ്ഥയിലെ വ്യതിയാനത്തേയും പ്രതിരോധശേഷിയേയും എങ്ങനെ കുറയ്ക്കുമെന്ന് അധിനിവേശ ജീവിവർഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. തേനീച്ചകൾ, ചിത്രശലഭങ്ങൾ തുടങ്ങിയ പൊതു പരാഗണകാരികളെ കോറൽ വൈൻ ആകർഷിക്കുന്നുണ്ടെങ്കിലും, തദ്ദേശീയ സസ്യസമൂഹങ്ങൾ നൽകുന്ന ജീവജാലപിന്തുണയും ഇടപെടലുകളും ഇവ നൽകുന്നില്ലെന്നു മാത്രമല്ല, അത്തരം സംവിധാനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
കോറൽ വൈനിന്റെ ഇടതൂർന്ന കാടുകൾ തദ്ദേശീയ പ്രാണികളുടേയും ചിലന്തികളുടേയും എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കുന്നു. അവയുടെ എണ്ണം കുറയുമ്പോൾ, തദ്ദേശീയ ഉരഗങ്ങൾ, അവയെ ആശ്രയിക്കുന്ന പക്ഷികൾ തുടങ്ങിയ ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിൽ മാറ്റമുണ്ടാകുന്നു. കോറൽ വൈനിന്റെ വ്യാപനം കൊണ്ടുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ ഘടനാപരമായ മാറ്റങ്ങൾ കാരണം അനോലിസ് സ്പീഷീസ് പോലുള്ള ഇരപിടിയൻ പല്ലികളുടെ സമൃദ്ധിയിൽ ഗണ്യമായ കുറവുണ്ടാക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കരീബിയൻ, പസഫിക് ദ്വീപുകളിൽ ഒരുകാലത്ത് തുറസ്സായ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിരുന്ന കരഞണ്ടുകളുടെ കുടിയേറ്റം ഇപ്പോൾ ഈ വള്ളികൾ കീഴടക്കിയിരിക്കുന്നു.
മണ്ണിലെ പോഷക, സൂക്ഷ്മജീവി മാറ്റങ്ങൾക്ക് ഈ ചെടിയുടെ വ്യാപനം കാരണമാകുകയും തദ്ദേശീയ സസ്യജാലങ്ങൾക്ക് പ്രതികൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
മാത്രമല്ല, വരണ്ട കാലാവസ്ഥയിൽ ഈ ചെടിയുടെ പതിവ് ഇല പൊഴിയ്ക്കൽ തീപിടുത്തത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു കൂടുതൽ പാരിസ്ഥിതിക സമ്മർദ്ദം സൃഷ്ടിക്കുകയും, പ്രകൃതിയുടേയും മനുഷ്യന്റേയും സംതുലിതാവസ്ഥയ്ക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യും.
ആഴത്തിലുള്ള കിഴങ്ങുകളിൽ നിന്ന് മുളയ്ക്കാനുള്ള അതിന്റെ കഴിവ് മനുഷ്യശേഷി ഉപയോഗിച്ച് മാത്രം നീക്കം ചെയ്യുന്നത് മിക്കവാറും അസാധ്യമാക്കുന്നു. ജൈവവൈവിധ്യ നഷ്ടത്തിന് പുറമേ, ഇത് നീക്കം ചെയ്യുന്നതിന് ഉയർന്ന പണച്ചെലവ് ഉണ്ടാക്കുകയും ചെയ്യുന്നു.
കുറഞ്ഞ വിലയിൽ കിട്ടുന്ന ഒരു അലങ്കാരച്ചെടി എങ്ങനെ വലിയ പണച്ചെലവും പാരിസ്ഥിതകവുമായ അപകടമായി മാറുന്നു എന്നതിന് ഉദാഹരണമാണ് ഈ ചെടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates