tamil cinema 
News+

തമിഴ് സിനിമയില്‍ തമിഴ് നായികമാരോട് അയിത്തമോ?; ലാഭക്കണക്കില്‍ ഒളിപ്പിക്കുന്നത് വംശീയതയോ?

ഇരുണ്ട നിറമുള്ളവരെ നായികയാക്കാന്‍ തമിഴ് സിനിമ ഇന്നും മടിക്കുന്നു

അബിന്‍ പൊന്നപ്പന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വൈവിധ്യമുള്ള സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയേതെന്ന് ചോദിച്ചാല്‍ ഉത്തരം തമിഴ് എന്നാകും. ഒരു വര്‍ഷം മുന്നുറൂ സിനിമകളാണ് തമിഴില്‍ പുറത്തിറങ്ങാറുള്ളത്. അതില്‍ എല്ലാതരം ഴോണര്‍ സിനിമകളും കാണാം. താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. രജനികാന്തും കമല്‍ഹാസനും മുതല്‍ മണികണ്ഠനും പ്രദീപ് രംഗനാഥനും വരെയുള്ള താരങ്ങള്‍ക്കെല്ലാം സിനിമകള്‍ ചെയ്യാനും അത് സ്വീകരിക്കപ്പെടാനുമുള്ളൊരു അന്തരീക്ഷം തമിഴ് സിനിമയിലുണ്ട്.

മറ്റ് ഭാഷകളെ അപേക്ഷിച്ച് നായക സങ്കല്‍പ്പം എന്നതിനെ ഏറെക്കുറെ ഉടച്ചുവാര്‍ത്തൊരു ഇന്‍ഡസ്ട്രി കൂടിയാണ് തമിഴ്. ഹീറോ മെറ്റീരിയല്‍ ആണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ച പ്രദീപ് രംഗനാഥന്‍ തുടര്‍ച്ചയായി മൂന്ന്, നൂറ് കോടി സിനിമകള്‍ സമ്മാനിച്ച് അതിന് അടിവരയിടുന്നുണ്ട്. എന്നാല്‍, ഈ ഹൃദയവിശാലത തമിഴ് സിനിമ തങ്ങളുടെ നായികമാരോട് കാണിക്കാറുണ്ടോ?

തമിഴ് സിനിമയിലെ ഇന്നത്തെ മുന്‍നിര നായികമാരില്‍ അധികവും മറ്റ് നാടുകളില്‍ നിന്നുമുള്ളവരാണ്. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലൂടെ കടന്നു വന്നവരായ, തമിഴ് എത്നിക് സ്വഭാവമില്ലാത്തവരാണ് അവരില്‍ മിക്കവരും. സിനിമയെ സർഗാത്മക വ്യവസായം എന്ന നിലയിൽ ഭാഷാപരമായോ മറ്റെന്തെങ്കിലും അടിസ്ഥാനത്തിലോ വേലികെട്ടി തിരിക്കാനാകില്ല. അതിനുള്ള വഴികളിൽ അതിരുകൾ കടന്ന് പോകുക എന്നത് സ്വാഭാവികമാണ്. അഭിനേതാക്കളായാലും സംവിധായകരായാലും നിർമ്മാതാക്കളായാലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ ആരും തെറ്റ് കാണുകയുമില്ല. തമിഴിൽ നിന്നും ബംഗാളിയിൽ ഹിന്ദിയിൽ നിന്നുമൊക്കെ നടിമാ‍ർ മലയാളത്തിൽ അഭിനയിക്കാൻ വന്നിട്ടുള്ളതുമാണ്. തിരിച്ചും അതുപോലെ സംഭവിച്ചിട്ടുണ്ട്. . പക്ഷേ, അതൊരിക്കലും മലയാള സിനിമയിൽ മലയാളി നടിമാരുടെ പ്രാധാന്യം കുറച്ചിട്ടില്ല. തമിഴ്, മലയാളം വേരുകളുളളവർ ബോളിവുഡിലും താരപദവി കൈവരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തി ബോളിവുഡിലെ നായികപദവി സ്വന്തമാക്കിയ രേഖയും ശ്രീദേവിയും സമീപകാലത്ത് താരമായി മാറിയ മലയാളിയായ വിദ്യാബാലനും ഇതിന് ഉദാഹരണങ്ങളാണ്. അതും ബോളിവുഡിലെ മറ്റ് നടിമാരെ ഒഴിവാക്കുന്നതിലേക്ക് എത്തിയിട്ടില്ല. ഇവിടങ്ങളിലൊന്നും ആ ഭാഷകളിലെ നടിമാർ ചിത്രത്തിൽ നിന്ന് ഔട്ടാകുന്ന ഒരവസ്ഥ സംഭവിച്ചിട്ടില്ല. എന്നാൽ, തമിഴ് സിനിമയെ സംബന്ധിച്ചടത്തോളം കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. അവിടെ തമിഴ് നടിമാർക്ക് ലഭിക്കുന്ന നായികാപ്രാതിനിധ്യം കുറയുന്നു എന്നതാണ്.

ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായ നയന്‍താര മലയാളിയാണ്. അനുഷ്‌ക ഷെട്ടി, രശ്മിക മന്ദാന, കൃതി ഷെട്ടി, സായ് പല്ലവി, പൂജ ഹെഡ്‌ഗെ തുടങ്ങിയവര്‍ തെന്നിന്ത്യന്‍ താരങ്ങളെങ്കിലും തമിഴരല്ല. മറ്റൊരു സൂപ്പര്‍ നായികയായ സമാന്ത ജനിച്ചത് തമിഴ് നാട്ടിലെങ്കിലും അച്ഛന്‍ ആന്ധ്രപ്രദേശുകാരനും അമ്മ മലയാളിയുമാണ്. തെലുങ്കിലൂടെയാണ് സാമന്ത തമിഴിലേക്ക് എത്തുന്നത്. പുതിയ താരോദയമായി മാറിയിരിക്കുന്ന രുക്മിണി വസന്തും തമിഴ്‌നാട്ടുകാരിയല്ല. രശ്മികയപ്പോലെ കര്‍ണാടകക്കാരിയാണ് രുക്മിണി.

നയന്‍താരയ്ക്ക് മുമ്പും ശേഷവും മലയാളി നടിമാര്‍ക്ക് തമിഴില്‍ എന്നും ലഭിച്ച സ്വീകാര്യതയും ശ്രദ്ധേയമാണ്. ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍ തുടങ്ങി ആര്‍ഷ ബൈജുവിലും മമിത ബൈജുവുമിലെത്തി നില്‍ക്കുകയാണ് ഇന്ന് തമിഴ് സിനിമയിലെ മലയാളി നായികമാരുടെ ലിസ്റ്റ്. സ്വാസികയേയും അനു മോളേയും പോലെ ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്ന മലയാളി നടിമാരും തമിഴില്‍ സജീവമായി മാറിയത് കാണാം.

Reshmika Mandanna, Nayanthara, Pooja Hegde

തമിഴ് സിനിമകളില്‍ തമിഴ് നായികമാര്‍ കുറയുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ മിഷ്‌കിന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. കൊട്ടുകാളി എന്ന ചിത്രത്തിലെ അന്ന ബെന്നിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഈ സിനിമയില്‍ അന്ന ബെന്‍ എന്നൊരു പെണ്‍കുട്ടി അഭിനയിച്ചിട്ടുണ്ട്. തമിഴിലുള്ള നടിമാരൊന്നും ഇപ്പോള്‍ നല്ല പടങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ വരില്ല. പാട്ടുണ്ടോ ഡാന്‍സുണ്ടോ എന്നൊക്കെ ചോദിച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. തോബ തോബ പോലുള്ള ഹൂക്ക് സ്റ്റെപ്പുണ്ടോന്ന് വരെ നോക്കും. എന്നിട്ട് തീരുമാനിക്കും അഭിനയിക്കണമോ വേണ്ടയോ എന്ന്. തമിഴില്‍ സ്ത്രീകളില്ലാത്തത് കൊണ്ട് ഇവിടുന്ന് ബസ് കയറി പോയി അന്ന ബെന്നിനെ കൊണ്ടു വന്നു', എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്.

മിഷ്‌കിന്റെ വാക്കുകള്‍ക്ക് അന്ന് മറുപടിയുമായി നടി മുല്ലൈ അരസി രംഗത്തെത്തിയിരുന്നു. മുല്ലൈ അരസിയും കൊട്ടുകാളിയില്‍ അഭിനയിച്ചിരുന്നു. തമിഴില്‍ നടിമാര്‍ ഇല്ലാത്തതല്ലെന്നും തങ്ങള്‍ക്ക് അവസരം കിട്ടാത്തതുകൊണ്ടാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. സീറോയില്‍ നിന്നും, സ്വയം വഴിവെട്ടി വേണം തങ്ങള്‍ക്ക് വരാന്‍ എന്നും അവര്‍ പറഞ്ഞിരുന്നു. തമിഴ് സിനിമയില്‍ തമിഴ് നായികമാര്‍ കുറയാന്‍ കാരണം കഴിവ് ഇല്ലായ്മയല്ല. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ഐശ്വര്യ രാജേഷും ദുഷറ വിജയനുമടക്കമുള്ള തമിഴ്നാട്ടുകാർ തന്നെയായ നടിമാർ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്.

സിനിമയുടെ കഥാപാത്രത്തിന് അനുയോജ്യരും സർഗശേഷിയുള്ളതുമായ അഭിനേത്രി, വാണിജ്യവിജയം എന്നിവയാണ് സംവിധായകരും നിർമ്മാതാക്കളും മറ്റ് ഭാഷകളിൽ നിന്നുള്ള നായികമാരെ കൊണ്ടുവരുന്നതിന് മുന്നോട്ടു വെക്കുന്ന വാദം. എന്നാൽ, ഇതിനെതിരായ തമിഴ് സിനിമയിൽ നിന്നുള്ളവരുടെ തന്നെവാദവും ഉയർന്നിട്ടുണ്ട്. ഏത് ഭാഷയിലെ സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ചടത്തോളവും അത് തിയേറ്ററുകളിലും മറ്റ് പ്ലാറ്റ് ഫോമുകളിലും വിറ്റഴിച്ച് വിജയം നേടുന്നതിനുള്ള ഫോർമുലകളാണ് നിക്ഷേപം നടത്തുന്നവരുടെ കണക്കുകൂട്ടലിൽ ആദ്യം വരിക എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, അതെപ്പോഴും നിറത്തിലധിഷ്ഠിതമായി നായികാസങ്കൽപ്പത്തെ നിർവചിക്കുന്നതിലേക്ക് കടക്കുന്നുണ്ടോ എന്നതാണ് ഇന്ന് തമിഴ് സിനിമകൾ ഉയ‍ർത്തുന്ന ചോദ്യം.

വാണിജ്യ സിനിമകള്‍ പാന്‍ ഇന്ത്യനായി മാറുന്ന കാലത്ത്, മറ്റ് ഭാഷകളിലും പരിചിതരായി മാറുന്ന താരങ്ങളെ അഭിനയിപ്പിക്കുക എന്ന മാര്‍ക്കറ്റ് രീതിയെ വേണമെങ്കില്‍ പഴി ചാരാം. എന്നാല്‍, മാരി സെല്‍വരാജിനെപ്പോലെയുള്ളവരുടെ സിനിമകളിലും തമിഴ് നായികമാരുടെ അസാന്നിധ്യം ശ്രദ്ധേയാണ്. ശക്തമായ ദളിത് രാഷ്ട്രീയം പറയുന്ന മാരി സെല്‍വരാജ് സിനിമകളിലൊന്നിലും നായികമാര്‍ തമിഴരായിരുന്നില്ല. പരിയേറും പെരുമാളൊഴികെയുള്ള സിനിമകളിലെല്ലാം മാരിയുടെ നായികമാർ മലയാളികളായിരുന്നു. ഈയ്യടുത്തിറങ്ങിയ ബൈസണിലും മലയാളികളായ അപര്‍ണ പരമേശ്വരനേയും രജിഷ വിജയനേയും ടാന്‍ ചെയ്ത് അഭിനയിപ്പിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്നാല്‍, വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ മാരി സെല്‍വരാജ് നല്‍കിയ മറുപടി കൂടുതല്‍ പ്രശ്‌നഭരിതമായിരുന്നു താനും. 'അത് തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും. ശാരീരിക വെല്ലുവിളികളുള്ള ഒരു കഥാപാത്രമുണ്ടെങ്കില്‍, അതേ അവസ്ഥയിലുള്ള ഒരാളെ നമുക്ക് സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ല. നമുക്ക് അവരെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. അഭിനയവും കലയും ഒരുപാട് ആളുകളെ ഉള്‍ക്കൊള്ളുന്നതാണ്. അതിനെ പുനഃസൃഷ്ടിക്കുക എന്നതാണ് പ്രധാനം.' എന്നാണ് അദ്ദേഹം പറഞ്ഞത്.

Anupama Parameswaran in Bison

'ഓരോ വ്യക്തിയുടെയും താല്‍പ്പര്യവും കഴിവും അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ആളുകളെ തെരഞ്ഞെടുക്കുന്നത്. അവരുടെ തൊലിയുടെ നിറമോ സൗന്ദര്യമോ നോക്കിയല്ല ഞങ്ങള്‍ ആളുകളെ തെരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിനുവേണ്ടി അവര്‍ എത്രത്തോളം പോകാന്‍ തയ്യാറാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ആളുകളെ തെരഞ്ഞെടുക്കുന്നത്. അവര്‍ അവരുടെ ഹൃദയവും ആത്മാവും അതിനായി നല്‍കുന്നു. സംവിധായകരായ ഞങ്ങള്‍ നായികമാരെ തേടി നടക്കാറുണ്ട്. ഞങ്ങള്‍ക്ക് പെട്ടെന്ന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല.' എന്നും അദ്ദേഹം പറയുന്നുണ്ട്.

വിമർശനങ്ങളധികവും മാരി സെല്‍വരാജ് സിനിമകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്നതിലും പ്രശ്നമുണ്ട്. എന്നാല്‍, തിരിഞ്ഞു നോക്കിയാല്‍ തമിഴ് സിനിമയില്‍ ഈ പ്രവണത മുമ്പും ഉണ്ടായിരുന്നതായി കാണാം. ജ്യോതിക, ഖുശ്ബു, സിമ്രന്‍, കാജള്‍ അഗര്‍വാള്‍, ഹന്‍സിക മോട്ട്വാനി, തമന്ന, അസിന്‍ തുടങ്ങിയ പലരും ഇങ്ങനെ തമിഴ് സിനിമയിലേക്ക് പുറത്തു നിന്നും വരികയും തമിഴ് ജനത ഏറ്റെടുക്കുകയും ചെയ്ത നായികമാരാണ്. തൃഷയേയും മീനയേയുമൊക്കെ പോലുള്ളവര്‍ പല കാലത്തും ഇതിനൊരു അപവാദമായി നില്‍ക്കുന്നുണ്ടെങ്കിലും.

തമിഴ് സിനിമയില്‍ നിന്നും തമിഴ് നായികമാര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത് തമിഴ് സിനിമയിലെ നായിക സങ്കല്‍പ്പത്തിലായിരിക്കും. നായകന്‍ ഇരുണ്ട നിറമുള്ളവരും, പരമ്പരാഗത നായകസങ്കല്‍പ്പങ്ങള്‍ക്ക് യോജിക്കാത്തവരുമായിരിക്കുമ്പോഴും തമിഴ് സിനിമയുടെ നായിക സങ്കല്‍പ്പം പൊതുവെ തൊലി നിറമുള്ള, അഴകളവുകള്‍ ഒത്തിണങ്ങിയവര്‍ എന്നതായിരിക്കും. അപവാദങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും നായകന്റെ കാര്യത്തിലെന്നത് പോലൊരു സമ്പൂര്‍ണമായ ഉടച്ചു വാര്‍ക്കലുകള്‍ ഇവിടെ നടന്നിട്ടില്ല. തമിഴ് എത്‌നിസിറ്റിയുള്ള, ഇരുണ്ട നിറമുള്ളവരെ നായികയാക്കാന്‍ തമിഴ് സിനിമ ഇന്നും മടിക്കുന്നുവെന്നതാണ് വസ്തുത.

Rukmini Vasanth

ഒരു വ്യവസായം അതുമായി ബന്ധപ്പെട്ട ജനജീവിതത്തെ കൂടി ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുക. അതത് സ്ഥലങ്ങളിലെ തൊഴിലവസരങ്ങൾ ഉയർന്നുവരുന്നതും അവിടെയുള്ളവരുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതും സിനിമ പോലൊരു വ്യവസായ മേഖലയെ സംബന്ധിച്ചടത്തോളം പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഒന്നാണ്. എന്നാൽ, വ്യവസായ സാധ്യതകളിൽ തമിഴ് നാട്ടുകാരായ നായികമാർക്ക് ഇടം ലഭിക്കാതെ വരുകയും അവിടെ മലയാളികൾ ഉൾപ്പടെയുള്ളവർ പകരക്കാരാകുകയും ചെയ്യുന്നു . അഭിനയശേഷിയുടെ കുറവോ പ്രതിഭാ ദാരിദ്ര്യമോ അല്ല തമിഴ് നടിമാ‍ർ ഒഴിവാക്കപ്പെടുന്നതിന് പിന്നിലെന്ന വിമ‍ർശനത്തിനും കഴമ്പില്ലാതെയില്ല. ഒടിടി പ്ലാറ്റ്ഫോമുകളിലും വെബ്സീരിസുകളിലും തമിഴിൽ നിന്നുള്ള നടിമാരുടെ നിറസാന്നിദ്ധ്യം വിമർശകർ ചൂണ്ടിക്കാണിക്കുകയയും ചെയ്യുന്നുണ്ട്.

നായിക ആരാകണം എന്നതും, ആ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡവുമെല്ലാം സംവിധായകന്റെ ക്രിയേറ്റീവ് ചോയ്‌സ് ആയിരിക്കുമ്പോഴും, ദളിത് രാഷ്ട്രീയം പറയുന്ന സിനിമകളിലടക്കം, തുടര്‍ച്ചയായി വെളുത്ത നിറമുള്ള നടിമാരെ ടാന്‍ ചെയ്ത് ഇരുണ്ട നിറമുള്ളവരാക്കി കൊണ്ട് നിര്‍ത്തുന്നത് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധമാണ്. വര്‍ണവിവേചനത്തിനെതിരെ ലോകം തുറന്ന് സംസാരിക്കുന്ന കാലത്തും തങ്ങളുടെ നായികമാരെ ടാന്‍ ചെയ്യിപ്പിക്കുന്ന തമിഴ് സിനിമ ചെയ്യുന്നത് വര്‍ണവിവേചനമായി തന്നെ വേണം അടയാളപ്പെടുത്താന്‍.

ഇരുണ്ട അല്ലെങ്കിൽ കറുത്ത ചർമ്മമുള്ള ആളുകളെ ഇകഴ്ത്തിയും സ്റ്റീരിയോടൈപ്പുകൾ സൃഷ്ടിച്ചു കൊണ്ടും വർണ്ണ വംശീയതയെ അല്ലെങ്കിൽ വർണ്ണവിവേചനത്തെ നിലനിർത്തുന്നു. ഈ വ്യാപകമായ സ്വാധീനം സാമൂഹിക മനോഭാവങ്ങളെ രൂപപ്പെടുത്തുകയും ആത്മാഭിമാനത്തെ സ്വാധീനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ വിവേചനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നുള്ള നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് തമിഴ് സിനിമാ ലോകത്തെ സമീപനമെന്ന വിമർശനമാണ് തമിഴ് നായികമാരെ ഒഴിവാക്കുന്നതിൽ സാംസ്കാരിക പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം.

തമിഴ് എത്‌നിസിറ്റിയുടെ റെപ്രസന്റേഷനില്‍ പിഴവ് സംഭവിക്കുന്നതു പോലെ തന്നെ കടുത്ത തൊഴില്‍ നിഷേധം കൂടി അവിടെ നടക്കുന്നുണ്ട്. തങ്ങള്‍ക്ക് അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് മുല്ലൈ അരസിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അഭിനേതാക്കളുടെ അഭാവമില്ല, എന്നാല്‍ അവരിലേക്ക് അവസരങ്ങളെത്തുന്നില്ല. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഭൂമികയേയും ശരീരഭാഷയേയും, അതുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ളവരെ കൊണ്ടു വന്ന് മേക്കപ്പ് ചെയ്യിച്ച് അവതരിപ്പിക്കുമ്പോൾ അവിടെയുള്ളവരുടെ അവസരങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്.

തമിഴ് സിനിമ, നായികയെ തേടി മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ തമിഴ് വംശജരായ നായികമാര്‍ ലോകം കീഴടക്കുന്ന കാഴ്ചകളും നമുക്ക് മുന്നിലുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് സീരീസായ നെവര്‍ ഹാവ് ഐ എവറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് വംശജയായ മൈത്രേയി രാമകൃഷ്ണനായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ തന്നെ ബ്രിഡ്‌ജെര്‍ട്ടണ്‍ സീരീസിലെ സിമിയോണ്‍ ആഷ്‌ലിയാണ് മറ്റൊരു ഉദാഹരണം. ഇത് പാന്‍ ഇന്ത്യന്‍ സിനിമയുടെ കാലമാണ്. അതിനാല്‍ ഭാഷയുടെ അതിരുകള്‍ മായുകയും എല്ലാവരും എല്ലാ ഭാഷകളും അഭിനയിക്കുമെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ തമിഴ് സിനിമയില്‍ തമിഴ് നായികമാരുടെ പ്രാതിനിധ്യം കുറയുന്നുവെന്നത് ഗൗരവമായി അഭിസംബോധന ചെയ്യേണ്ട വിഷയമായി മാറുന്നത് ഇതെല്ലാം കൊണ്ടാണ്.

Is Tamil Cinema failing its Heroines? Criticism over lack enough Tamil origin heroines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

SCROLL FOR NEXT