ജർമ്മനിയിൽ എത്തിയ ശേഷം ക്രിസ്മസ്സിനെ കുറിച്ചും ക്രിസ്മസ് മാർക്കറ്റുകൾ ഉണർന്ന് തുടങ്ങി എന്നും ഓർമ്മിപ്പിക്കാറുള്ളത്
ഇന്ത്യൻ സ്റ്റോറിലേക്ക് നടന്ന് പോവുമ്പോൾ മാർക്കറ്റ് പ്ലാറ്റ്സിൽ കാണാറുള്ള വിളക്കുകളാണ്. സാമ്പത്തിക മാന്ദ്യം കാരണം ഇത്തവണ ക്രിസ്മസ് മാർക്കറ്റുകൾ ഉണ്ടാവില്ലായെന്നൊരു കിംവദന്തി പടർന്നിരുന്നു. പക്ഷേ, നവംബർ അവസാനം തന്നെ മാർക്കറ്റ് പ്ലാറ്റ്‌സിലേക്കുള്ള വഴിയിൽ ആകാശത്ത് വിളക്കുകൾ തെളിഞ്ഞിരുന്നു.
ക്രിസ്മസ് മാർക്കറ്റ് കാണാനായി മാത്രം ഒരു ദിവസം പോവണമെന്ന് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും തീരുമാനിച്ചു. പക്ഷേ, അത് ഇതുവരെ നടന്നില്ല. ഇന്ത്യൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ ഒന്ന് കയറിയിറങ്ങി.
മാർക്കറ്റ് പ്ലാറ്റ്‌സിന്റെ ഊബാൻ സ്റ്റേഷനിൽ നിന്ന് കയറുന്നിടത്താണ് കാൾസ്രൂഹ എന്ന ചെറിയ നഗരത്തിലെ ഒരു ക്രിസ്മസ് മാർക്കറ്റുള്ളത്. ഈ നഗരത്തിൽ പൊതുവേ കാണാത്ത തരം തിരക്കാണ് ക്രിസ്മസ് മാർക്കറ്റുകളിൽ.
ഇവിടെ വഴിയരികിൽ പാട്ട് പാടുന്ന അല്ലെങ്കിൽ ഏതെങ്കിലും വാദ്യോപകരങ്ങൾ വായിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഒരു സ്ഥിരം കാഴ്ചയാണ്. ഇത്തവണ ക്രിസ്മസ് മാർക്കറ്റിലേക്ക് കയറുമ്പോൾ തന്നെ തിരക്കുകളിൽ നിന്ന് മാറി ഒരു പെൺകുട്ടി ടൈറ്റാനിക്കിലെ "മൈ ഹാർട്ട് വിൽ ഗോ ഓൺ" വയലിനിൽ വായിക്കുന്നതാണ് കണ്ടത്. അവരെ കേട്ട് കൊണ്ട് ഒരു വലിയ സംഘം കാണികൾ നല്ല അകലം തന്നെ പാലിച്ച് കൊണ്ട് നിൽക്കുന്നത് കണ്ട് അതിശയം തോന്നി.
മാർക്കറ്റുകളും സ്റ്റാളും എല്ലാം വർഷങ്ങളായി ഒരു പോലെ തന്നെ പ്രവർത്തിക്കുന്നവയാണെന്ന് തോന്നുന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു മാറ്റവുമില്ല. എങ്കിലും, ക്രിസ്മസ് മാർക്കറ്റുകൾ സൃഷ്ടിക്കുന്ന ഉണർവിന് യാതൊരു കുറവുമില്ല. കയറിച്ചെല്ലുമ്പോൾ ഒരു ഹാൻഡ്മേയ്ഡ് വോലറ്റുകളുടെ കടയാണ്.
"വീ ഫീൽ കോസ്റ്ററ്റ് എസ്..?" മനസ്സിൽ വില ചോദിക്കുന്നതെങ്ങനെയാണെന്നോർത്തെടുത്തു.
മാർക്കറ്റിൽ പൊതുവെ കാർഡുകൾ എടുക്കാറില്ല. പ്രമിത്ത് ഓർമപ്പെടുത്തി. എപ്പോഴത്തെയും പോലെ പിന്നെ വാങ്ങിക്കാമെന്ന തീരുമാനത്തിൽ പെട്ടെന്ന് തന്നെ ഞങ്ങളെത്തി. അടുത്ത് തന്നെ ഒരു ബാറാണ്. ആളുകൾ ബിയറും വിസ്‌കിയുമൊക്കെ മഗ്ഗുൾപ്പെടെ വാങ്ങിക്കൊണ്ട് പോവുന്നു. ചിലർ ഉള്ളിലിരുന്ന് കഴിക്കുന്നു. മാർക്കറ്റിന്റെ ഉള്ളിലേക്ക് കയറുമ്പോൾ ഭക്ഷണ സ്റ്റാളുകൾ, വൈൻ സ്റ്റാളുകൾ, ആഭരണങ്ങളുടെ സ്റ്റാളുകൾ, തണുപ്പ് കുപ്പായങ്ങളുടെ സ്റ്റാളുകൾ, കുട്ടികൾക്ക് വേണ്ടി മെറി ഗോ റൗണ്ട്, ജയന്റ് വീൽ. കാഴ്ചകൾ കണ്ടങ്ങനെ നടന്നു. നല്ല തിരക്കുണ്ട്.
തീരെ പ്രതീക്ഷിക്കാതെയാണ് ഫാൽക്കോ ട്രാബെറിന്റെ "ഫ്ലയിങ് സാന്റ" കാണാൻ കഴിഞ്ഞത്. അറുപത്തിയാറ് വയസ്സുകാരനായ ഫാൽക്കോ ഒരു ലോകപ്രശസ്ത "ഹൈ വയർ" ആർട്ടിസ്റ്റ് ആണ്. പതിനാല് തലമുറകളായി ട്രാബെർ കുടുംബം "ടൈറ്റ് റോപ്പ് വോക്കിങ്" ചെയ്യുന്നതിനെക്കുറിച്ചുള്ള കഥകൾ കാൾസ്രൂഹ മ്യൂസിയത്തിലുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
കുറച്ച് നേരമായി ഉച്ചഭാഷിണിയിലൂടെ എന്തോ ജർമനിൽ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു. ആളുകൾ മുകളിലേക്ക് നോക്കി പെട്ടെന്നാർത്തുല്ലസിക്കുന്നത് കണ്ടപ്പോളാണ് ആകാശത്തിലൂടെ ഒരു സാന്റ തന്റെ റെയ്ൻഡിയറുകൾ വലിക്കുന്ന സ്ലെയിൽ ഗ്ലൈഡ് ചെയ്ത് പോവുന്നത് കണ്ടത്.
ക്രിസ്തുമസ് കഥകൾ പറഞ്ഞ് കൊണ്ടും, കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുത്തും കഥകൾ പറഞ്ഞും പതിനഞ്ച് മുതൽ ഇരുപത് മിനിറ്റോളം നീളുന്ന ഒരു ഷോയുടെ പരിസമാപ്തിയിലേക്കടു ത്തപ്പോഴാണ് ട്രാബെർ സാന്റയായി തന്റെ സ്ലെയിൽ ഗ്ലൈഡ് ചെയ്ത് പോയത്. മുൻപ് ഉച്ചഭാഷിണിയിലൂടെ കേട്ട ആ ജർമൻ ശബ്ദം ട്രാബെറിന്റെ സാന്റ പറഞ്ഞ ക്രിസ്മസ് കഥകളായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
അപ്പുവിന് സ്‌കൂൾ അടച്ചിരിക്കുന്നു. വൈകീട്ട് വീട്ടിൽ ചെന്നിട്ട് കാര്യമായൊന്നും ചെയ്യാനില്ല. നമ്മൾ ദുർലാഹ്ഹിലെ മാർക്കറ്റ് കണ്ടിട്ടില്ലല്ലോ. അതൊന്ന് പോയിക്കണ്ടാലോ എന്ന് പെട്ടെന്നാണ് തീരുമാനിച്ചത്.
ദുർലാഹ്‌ഹിലെ ക്രിസ്മസ് മാർക്കറ്റ് കുറേക്കൂടി വിശാലമാണോ? അങ്ങനെ തോന്നി. തിങ്കളാഴ്ച പണ്ട് കൂടെ ജോലി ചെയ്തിരുന്ന മൈക്ക്ൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത് - ക്രിസ്മസ് മാർക്കറ്റ് അടയ്ക്കാൻ ഇനി രണ്ടോ മൂന്നോ ദിവസങ്ങളെ ഉള്ളൂവെന്ന്. ക്രിസ്മസ് തലേന്നാണ് ഇവിടത്തെ മാർക്കറ്റുകൾ അടയ്ക്കുന്നത്.
ശീതകാലത്തെ തണുപ്പിൽ കഴുത്തിൽ ഷോള് ചുറ്റുന്നത് ഞാനൊരു ശീലമാക്കിയിട്ടുണ്ട്. ഒരു ഷോൾ പുതിയത് പറ്റുമെങ്കിൽ ക്രിസ്മസ് മാർക്കറ്റിൽ നിന്ന് വാങ്ങണമെന്ന് വിചാരിച്ചിരുന്നു. ദുർലാഹ്‌ഹിലെ കടകൾക്ക് കൂടാരങ്ങളുടെ രൂപമാണ്. അതിലൊന്നിൽ തണുപ്പ് കുപ്പായങ്ങൾ കണ്ടപ്പോൾ അവിടെ കയറി.
കയറിച്ചെന്നപ്പോൾ തന്നെ "നമഷ്‌കാർ.." എന്ന് പറഞ്ഞ് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നു! കണ്ടാൽ ജർമൻ ആണ് - എന്നാൽ സാധാരണ കാണുന്ന ജർമൻകാരുടേത് പോലെ വൃത്തിയായി വെട്ടിയ മുടിയും, ചുളിവ് വീഴാത്ത വസ്ത്രങ്ങളും ഒന്നും അയാൾക്കില്ല.
ഹിന്ദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന എന്നോട് അയാൾ ഭാഷ മാറ്റി ഇംഗ്ലീഷിൽ ചോദിച്ചു - "വേർ ആർ യു ഫ്രം?"
ഇന്ത്യയിൽ നിന്ന് തന്നെയാണെന്നും ദക്ഷിണേന്ത്യയിൽ നിന്നാണെന്നും പറഞ്ഞു. ഇന്ത്യയിൽ പല ഭാഷകൾ സംസാരിക്കുന്ന ആളുകളുണ്ടെന്ന് അയാൾക്കറിയാം. കേരളവും അയാൾക്കറിയാം. കൊച്ചിയിൽ അയാൾ വന്നിട്ടുണ്ട്. ഇപ്പോൾ രാജസ്ഥാനിൽ അയാൾക്കൊരു സ്ഥലമുണ്ടത്രെ. കടയിൽ വിൽക്കുന്ന സാധനങ്ങളൊക്കെ ഇന്ത്യയിൽ നിന്ന് കൊണ്ട് വന്നതാണോ എന്ന് പോലും തോന്നിപ്പോയി. സോപ്പുകൾ, മെഴുകുതിരികൾ, ഷോളുകൾ, ഗ്ലവ്വ്, സോക്ക്സ്, തണുപ്പ് കുപ്പായങ്ങൾ...
അയാൾ നിർത്താതെ സംസാരിച്ച് കൊണ്ടിരുന്നു.
വർത്തമാനത്തിനിടയിൽ അയാളുടെ പേര് ഞാൻ ചോദിച്ചു - "എവിടത്തെ?" എന്ന മറുചോദ്യമാണ് മറുപടിയായി കേട്ടത്!
അതിന് ശേഷം അയാൾ പറഞ്ഞു - "ഇവിടെ ഞാൻ സെബാസ്റ്റ്യൻ ആണ്, അവിടെ സുധാകറും"!
അവിടെ നിന്ന് എന്തെങ്കിലും വാങ്ങാൻ പ്രമിത്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സൂചന തന്നു! ഞാൻ ഒരു ഗ്ലവ്വ് വാങ്ങിച്ചു.
"വീ ഫീൽ കോസ്റ്ററ്റ് ദസ്" - ധൈര്യമായിത്തന്നെ ലഹരിയുടെ പിൻബലത്തിൽ വളരെ ഉത്‍സാഹഭരിതനായിക്കണ്ട സുധാകറിനോട് ജർമനിൽ വില ചോദിച്ചു.
രണ്ട് ഓയ്‌റോയ്ക്ക് (യൂറോ എന്നതിന് ജർമ്മൻ പ്രയോഗം) പ്രൈമാർക്കിൽ നിന്ന് വാങ്ങിച്ച ഗ്ലവ്വ് എനിക്ക് തണുപ്പകറ്റാൻ സഹായമാവുന്നില്ല. പതിനാല് ഓയ്‌റോയ്ക്ക് ലിഡിലിൽ ഒന്ന് കണ്ടിരുന്നു. വൂൾവർത്തിൽ ചെറിയ വിലയിൽ നല്ല ഗ്ലവ്വ് കിട്ടും. 25 ഓയ്റൊവാണ് സുധാകറിന്റെ ഗ്ലവ്വിന്. ഉണ്ടാക്കിയത് ജൂട്ട് അഥവാ ചാക്ക് കൊണ്ടാണോ എന്ന് തോന്നി. അറിയില്ല, ഞാൻ ചോദിച്ചുമില്ല. എന്തായാലും അത് വാങ്ങിച്ചു. കാർഡ് വഴിയാണ് സുധാകറിന് പണം കൊടുത്തത്.
സുധാകറിനോട് യാത്രപറയാൻ നേരത്ത് അയാൾ പറഞ്ഞു - "ഓം നമശ്ശിവായ"!
"ഹി ഈസ് ഹിയർ വിത്ത് മി, ഓൾവെയ്‌സ്" എന്ന് പറഞ്ഞു കയ്യിൽ നടരാജനെ പച്ചകുത്തിയത് അയാൾ കാണിച്ച് തന്നു.
"ഓം നമശ്ശിവായ ഓം നമശ്ശിവായ" - എന്ന് പറഞ്ഞുകൊണ്ട് രണ്ട് കൈകളും ഉയർത്തിക്കാട്ടി അയാൾ ഞങ്ങളെ യാത്രയയച്ചു.
പുറത്തിറങ്ങിയപ്പോൾ - പേയ്മെന്റ് സക്സസ്ഫുൾ എന്ന മെസ്സേജ് പ്രമിത്തിന്റെ ഫോണിൽ വന്നു. അതിൽ സുധാകരന്റെ കടയുടെ പേര് "അച്ഛാവാല" എന്നായിരുന്നു!
ഇറങ്ങിയപ്പോൾ ഗ്ലവ്വ് വാങ്ങിക്കാൻ ക്രിസ്മസ് മാർക്കെറ്റിൽ പോയ ഞാനൊരു മണ്ടിയാണെന്ന് പ്രമിത്ത് പറഞ്ഞ് കളിയാക്കിക്കൊണ്ടിരുന്നു. അല്ലെടോ, അപ്പൊ നിങ്ങളല്ലേ എന്നെ ആ കടയിൽ കൊണ്ട് പോയത്? നിങ്ങളല്ലേ അവിടെന്നെന്തെങ്കിലും വാങ്ങി അയാളെ സന്തോഷിപ്പിക്കാൻ പറഞ്ഞത്? എപ്പോഴത്തെയും പോലെ ഞാൻ ചോദിച്ചു. എപ്പോഴത്തെയും പോലെ തന്നെ അതിന് മാത്രം മറുപടിയില്ല!
"അയാളുടെ കൂടെ ഒരു ഫോട്ടോ എടുക്കേണ്ടതായിരുന്നു." പൊതുവെ ഫോട്ടോ എടുക്കുന്ന കാര്യങ്ങളിൽ വലിയ താൽപ്പര്യം കാണിക്കാത്തയാളാണ് പ്രമിത്ത്. അയാളെ മറന്ന് പോവാതിരിക്കാൻ ഞാനിന്ന് സുധാകറിന്റെ രൂപം ഒന്ന് നിർമ്മിത ബുദ്ധിയെക്കൊണ്ട് വരപ്പിച്ചു!
ഗ്ളൂവൈൻ ആണ് ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകളുടെ ഒരു പ്രത്യേകത. ജർമനിയിൽ താമസിക്കുന്നവർക്കറിയാം - ഇവിടെ "ഫാണ്ട്" എന്നൊരു ഏർപ്പാടുണ്ട്. നിക്ഷേപം - എന്ന് വേണമെങ്കിൽ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. മാലിന്യസംസ്കരണം നല്ല വിധത്തിൽ കൈകാര്യം ചെയ്യുന്ന ഒരു രാജ്യമാണ് ജർമനി. ഉപയോഗിച്ച കുപ്പികൾ അത് പ്ലാസ്റ്റിക്കായാലും ഗ്ലാസ്സായാലും തിരിച്ച് കൊടുത്താൽ, അത് വാങ്ങിക്കുന്ന സമയത്ത് കൊടുത്ത ഒരു ചെറിയ നിക്ഷേപം ഉപഭോക്താവിന് തിരിച്ച് ലഭിക്കും. ക്രിസ്മസ് മാർക്കറ്റിലെ ഗ്ളൂവൈൻ വാങ്ങിക്കുമ്പോഴും അങ്ങനെയാണ്. മഗ്ഗിനും കൂടി ചേർത്താണ് അവർ വിലയിടുന്നത്. മഗ്ഗ് തിരിച്ച് കൊടുത്താൽ മഗ്ഗിന്റെ "ഫാണ്ട്" തിരിച്ച് കിട്ടും. പലരും ക്രിസ്മസ് മാർക്കറ്റിന്റെ പേരെഴുതിയ ആ ഗ്ലാസ്സുകൾ ഒരു സൂവനീർ ആയി കൂടെക്കൊണ്ട് പോവുന്നതും പതിവാണ്.
മാർക്കറ്റിൽ വന്നാൽ വൈൻ കുടിക്കുക എന്ന ആചാരം തെറ്റിക്കണ്ട എന്ന് പറഞ്ഞ് പ്രമിത്ത് ഇത്തവണയും ഒരു ഗ്ളൂവൈൻ വാങ്ങിക്കുടിച്ചു. എനിക്ക് എന്തെങ്കിലും കഴിച്ചാൽ കൊള്ളാമെന്ന് തോന്നി. മാർക്കറ്റിന്റെ തുടക്കത്തിലെ ഒരു സ്റ്റാളിൽ കയറി ബ്രാറ്റ്വേസ്‌റ്റ് വാങ്ങിച്ച് കഴിച്ചു. കണ്ടാൽ ഹോട്ട് ഡോഗ് പോലെയെങ്കിലും ഹോട്ട് ഡോഗിൾ നിന്നും വ്യത്യസ്തമാണ് ബ്രാറ്റ്വേസ്‌റ്റ് എന്നാണ് പറയപ്പെടുന്നത്. സോസേജിന് ഉപയോഗിക്കുന്ന ഇറച്ചിയാണ് വ്യത്യസ്തം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഇതെല്ലാം കഴിഞ്ഞപ്പോൾ, ഒരു മിന്നായം പോലെ മാത്രം കാണാൻ പറ്റിയ ഫ്ലയിങ് സാന്റയെ മാർക്കറ്റ് അടയ്ക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി പോയിക്കാണണം എന്ന അഗ്രഹവും ഉള്ളിൽ പൊതിഞ്ഞ് വീട്ടിലേക്ക് നടന്നു. എല്ലാവർക്കും ഫ്രോഹെ വൈനാഹ്ട്ടെൻ ഔസ് ഡോയ്ച്ച്ലാൻഡ്. പേടിക്കണ്ട ഞാൻ പഠിച്ചു തുടങ്ങിയ ജർമ്മൻ ഒന്ന് പയറ്റി നോക്കിയാതാണ്. മെറി ക്രിസ്മസ് ഫ്രം ജർമ്മനി എന്നേയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates