ജനുവരി അവസാനിക്കുമ്പോൾ, പുതുവത്സര രാത്രിയിൽ എടുത്ത പ്രതിജ്ഞകൾ ഓർമ്മ വരുമല്ലോ. "കൃത്യമായി ജിമ്മിൽ പോകും", "യാത്രകൾ പോകും", "മദ്യപാനം കുറയ്ക്കും", "ഓരോ മാസവും ഒരു പുസ്തകം വായിക്കും"—എല്ലാം ആവേശത്തോടെ പറഞ്ഞ കാര്യങ്ങൾ. പക്ഷേ, പലർക്കും അത് നടപ്പാക്കാൻ ബുദ്ധിമുട്ട്.
പുതുവർഷ പ്രതിജ്ഞ എടുക്കലും അത് നിറവേറ്റാൻ ബുദ്ധിമുട്ടുന്നതും ഉപേക്ഷിക്കുന്നതും ഒന്നും പുതുമയുള്ള കാര്യങ്ങളല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, അതെല്ലാം മറന്നേക്കൂ, പുതുവർഷ പ്രതിജ്ഞ നടപ്പാക്കാൻ ചില വഴികളുണ്ട്.
പലരും പതുക്കെ ആ പ്രതിജ്ഞ തന്നെ മറന്നു പോകും. മറന്നവരെ അത് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്ന സുഹൃത്തുക്കളും നമുക്കുണ്ട്. ഈ അവസ്ഥ നമ്മളെ തെല്ലൊന്നു അലട്ടും, ഈ രണ്ടായിരത്തി ഇരുപത്തിയാറിലും നന്നാവില്ലേ!സുഹൃത്തുക്കൾ ഓർമ്മിപ്പിക്കുമ്പോൾ അസ്വസ്ഥതയും ആശങ്കയും തോന്നും.
എന്നാൽ,ഈ വിഷമതകളൊക്കെ പരിഹരിക്കാവുന്നതേയുള്ളൂ. പ്രതിജ്ഞകൾ പാലിക്കാൻ ബുദ്ധിമുട്ടുന്നത് സാധാരണമാണ്. അതൊന്നും പ്രശ്നമല്ല. നിങ്ങൾ ഇതിൽ ഒറ്റയ്ക്കല്ല. പക്ഷേ, ചെറിയ ചില വഴികൾ സ്വീകരിച്ചാൽ, നമ്മൾക്ക് വീണ്ടും ആ പാതയിലേക്ക് തിരിച്ചെത്താൻ കഴിയും
എല്ലാവർഷവും ജനുവരിയിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ സ്വയം പ്രതിജ്ഞകൾ എടുക്കുന്നു. കൂടുതൽ വ്യായാമം ചെയ്യുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, പണം ചെലവഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, സമ്പാദ്യ ശീലം വളർത്തുക, ഫോണിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക .എന്നിങ്ങനെ നീളും അവ. പുതുവത്സര പ്രതിജ്ഞകൾ, ഇപ്പോൾ പടക്കങ്ങൾ, ആശംസകൾ, അർദ്ധരാത്രി കൗണ്ട്ഡൗൺ എന്നിവ പോലെ തന്നെ ആഘോഷത്തിന്റെ ഭാഗമായിരിക്കുന്നു.
ഈ പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുരാതന ബാബിലോണിയൻ വർഷത്തിന്റെ തുടക്കത്തിൽ ദേവന്മാരോട് കടങ്ങൾ തിരിച്ചടയ്ക്കാനും കടം വാങ്ങിയ വസ്തുക്കൾ തിരികെ നൽകാനും വാഗ്ദാനം ചെയ്തിരുന്നു. റോമാക്കാർ ആരംഭങ്ങളുടെ ദേവനായ ജാനസ്സിനോട് (Janus) പ്രതിജ്ഞകൾ എടുത്തിരുന്നു. (ജനുവരി മാസത്തിന് ആ പേര് വന്നത് ജാനസിൽ നിന്നാണ് എന്ന വിശ്വാസവും ഉണ്ട്).
ആധുനിക കാലത്ത് മതേതരമായ ആചാരമായി മാറിയെങ്കിലും, മനശ്ശാസ്ത്രപരമായ അടിസ്ഥാനം അതേപോലെ തുടരുന്നു. പുതുവത്സരത്തിന്റെ തുടക്കം എന്നത് ഓരോരുത്തരും അവരുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായമായി കണക്കാക്കിയാണ് പുതിയ തുടക്കങ്ങളെ കുറിച്ച് ആലോചിക്കുന്നത്.
മനശ്ശാസ്ത്രജ്ഞർ ഇതിനെ “ഫ്രഷ് സ്റ്റാർട്ട് ഇഫക്റ്റ്” എന്ന് വിളിക്കുന്നു. ജന്മദിനം, വാർഷികം, പുതുവത്സരാരംഭം പോലുള്ള സമയചിഹ്നങ്ങൾക്കുശേഷം ആളുകൾ പുതിയ ലക്ഷ്യങ്ങളിലേക്ക് പ്രവർത്തിക്കാൻ തുടങ്ങുന്ന പ്രവണതയാണ് ഇത്. ഇത്തരം ചിഹ്നങ്ങൾ “പഴയ ഞാൻ” എന്നും “പുതിയ ഞാൻ” എന്നും മനസ്സിൽ വേർതിരിവ് സൃഷ്ടിക്കുന്നു. ജനുവരി ഒന്നിന്, ആളുകൾ പഴയ പരാജയങ്ങളെ, സ്വഭാവങ്ങളെ ഒക്കെ മാറ്റിവച്ച് പുതുതായി തങ്ങളുടെ ജീവിതം തുടങ്ങാമെന്ന് കരുതുന്നു.
പ്രതിജ്ഞകൾ പ്രതീക്ഷയും ആത്മവിശ്വാസവും കൊണ്ടാണ് മുന്നോട്ടു പോകുന്നത്. പുതുവത്സരം ഒരു പ്രതീകാത്മക പുനഃക്രമീകരണമാണ്. അതയാത്, സ്വയം പുതുക്കുന്നതിനുള്ള അവസരം. ഭാരം കുറയ്ക്കുകയോ, പുകവലി നിർത്തുകയോ, പുതിയൊരു കഴിവ് പഠിക്കുകയോ എന്നിങ്ങനെ. ഇതെല്ലാം വളർച്ചയ്ക്കും പുരോഗതിക്കും ഉള്ള മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. .
പുതുവർഷ പ്രതിജ്ഞകളെ കുറിച്ചുള്ള പഠനങ്ങൾ പ്രകാരം, ജനുവരി അവസാനത്തോടെ ഏകദേശം 75% പ്രതിജ്ഞകൾ ഉപേക്ഷിക്കപ്പെടുന്നു, വർഷാവസാനം വരെ നിലനിൽക്കുന്നത് 10% മാത്രമാണ്. ഈ കണക്ക് വായിക്കുമ്പോൾ ഒരു ആശ്വാസമൊക്കെ തോന്നുന്നുണ്ട് അല്ലേ, ഞാൻ മാത്രമല്ല, 75 % പേരുണ്ട് എന്റെ കൂട്ടത്തിൽ എന്നതിൽ.
യാഥാർത്ഥ്യബോധമിമില്ലാത്ത പ്രതീക്ഷകളാണ് പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തതിന് പ്രധാന കാരണം. ആളുകൾ ചെറിയ കാലയളവിൽ വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. വേഗത്തിൽ ഭാരം കുറയ്ക്കുക, പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക, വലിയ തുക സമ്പാദിക്കുക. അതിവേഗം കൈവരിക്കാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളിൽ ഭൂരിപക്ഷവും പ്രതിജ്ഞയെടുക്കുന്നവർ നിശ്ചയിക്കുന്ന ചെറിയ സമയപരിധിയിൽ . ആ ലക്ഷ്യം കൈവരിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലേക്കുള്ള പുരോഗതി മന്ദഗതിയിലായതായി അനുഭവപ്പെടും അത് നിരാശയിലേക്ക് നയിക്കും.
പ്രതിജ്ഞയെടുക്കുന്നതിന് പ്രചോദനമായ ഘടകത്തെ (overreliance on motivation) അമിതമായി ആശ്രയിക്കുന്നത് അബദ്ധമാകും. ഒരു പ്രവർത്തനം തുടങ്ങുമ്പോൾ പ്രചോദനം എന്നത് വളരെ ശക്തമായിരിക്കും.എന്നാൽ, അത് വേഗത്തിൽ ശക്തിക്ഷയം സംഭവിക്കും. ജീവിതത്തിലെ സ്ഥിരമായ മാറ്റത്തിന് ആവേശത്തിന്റെ പുറത്തുള്ള എടുത്തുച്ചാട്ടങ്ങളല്ല, ലക്ഷ്യം കൈവരിക്കാനുള്ള ക്ഷമയും ശീലങ്ങളും ആണ് ആവശ്യം. .
ശീലങ്ങളുടെ ശാസ്ത്രത്തെ ( habit science) അവഗണിക്കുന്നതും പരാജയത്തിന് കാരണമാകുന്നു. മനുഷ്യ മസ്തിഷ്കം ആവർത്തനവും പ്രതിഫലവും ( habits are build through repetition and reward according to psychologist) വഴി ശീലങ്ങൾ നിർമ്മിക്കുന്നു. (അതുകൊണ്ടു തന്നെ പലപ്പോഴും) പെട്ടെന്ന്, ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ സാധാരണയായി അധിക കാലം നിലനിൽക്കില്ല.
ഉത്തരവാദിത്വത്തിന്റെ അഭാവവും മറ്റൊരു ഘടകമാണ്. പുരോഗതി നിരീക്ഷിക്കാതിരിക്കുകയോ പ്രോത്സാഹനവും പിന്തുണയുമില്ലാതെ വരുകയോ ചെയ്യുന്നതോടെ ആളുകൾ പഴയ ശീലങ്ങളിലേക്ക് മടങ്ങുന്നതിന് കാരണമാകും.
അതുപോലെ തന്നെ, പ്രതിജ്ഞകളുടെ കാര്യത്തിൽ ഭൂരിപക്ഷം പേരും അതിന്റെ ഫലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിലെ തിരിച്ചറിവുകളിലല്ല. അതായത്, “ നിശ്ചിത സമയത്തിനുള്ളിൽ ഞാൻ 10 കിലോ കുറയ്ക്കും” എന്ന് പറയുന്നതിനെക്കാൾ “ഞാൻ ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുകയും സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്യും” എന്ന് പറയുന്നത് കൂടുതൽ ഫലപ്രദമാണ്. തിരിച്ചറിയൽ അടിസ്ഥാനത്തിലുള്ള ശീലങ്ങൾ (Identity‑based habits) കൂടുതൽ സ്ഥിരതയുള്ളതാണ്, കാരണം അവ ദൈനംദിന ശീലങ്ങളെയും രീതികളെയും ക്രമീകരിക്കുന്നു. എത്തിപ്പിടിക്കാനാകാത്ത സമയാധിഷ്ഠിത ഫലങ്ങളല്ല അവയുടെ ലക്ഷ്യം. മറിച്ച് അത് ചെയ്യുന്നവരുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം ആയിരിക്കും.
മിക്ക പ്രതിജ്ഞകളും പരാജയപ്പെടുന്നുവെങ്കിലും, ചിലത് വിജയിക്കുന്നു . അതിനുള്ള കാരണം വളരെ ലളിതമാണ്. സമീപനത്തിലുള്ള വ്യത്യാസമാണ് അതിന് അടിസ്ഥാനം. . വിദഗ്ധർ പ്രതിജ്ഞകളെ ചെറിയ, ശീലാധിഷ്ഠിത പ്രതിജ്ഞാബദ്ധതകളാക്കി മാറ്റാൻ നിർദ്ദേശിക്കുന്നു. “
പണം സമ്പാദിക്കുക” എന്നതിനുപകരം “ഓരോ ആഴ്ചയും ചെറുതും നിശ്ചിതവുമായ തുക സമ്പാദ്യത്തിലേക്ക് മാറ്റുക” എന്നതിന് ശ്രമിക്കുക. “ഫിറ്റ് ആകുക” എന്നതിനുപകരം “ദിവസേന 30 മിനിറ്റ് നടക്കുക” എന്ന് തീരുമാനമെടുക്കുക. ഈ ചെറിയ ശീലങ്ങൾ സമയം കഴിയുമ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
പ്രതിജ്ഞ പാലിക്കൽ നടപ്പാക്കാനുള്ള മറ്റൊരു രീതി ഫലത്തിൽ അല്ല, പ്രക്രിയയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൂക്കത്തിൽ ഒരു പ്രത്യേക ഭാരം കുറയ്ക്കും എന്ന് ലക്ഷ്യമിടുന്നതിനുപകരം, വീട്ടിൽ ഭക്ഷണം പാകം ചെയ്യുക, ആര്യോഗകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക പോലുള്ള പെരുമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഉത്തരവാദിത്തവും പ്രധാനമാണ്. സുഹൃത്തുക്കളുമായി പ്രതിജ്ഞയെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുക, ചില പ്രതിജ്ഞകൾ നിറവേറ്റുന്നതിന് അതുമായി ബന്ധപ്പെട്ടുള്ള പിന്തുണാ ഗ്രൂപ്പുകളിൽ (ഉദാഹരണത്തിന് മദ്യപാനം നിർത്തുക, പുകവലി നിർത്തുക ) ചേരുക, പുരോഗതി നിരീക്ഷിക്കാൻ ആപ്പുകൾ ഉപയോഗിക്കുക ഇവ പ്രതിജ്ഞയുടെ ലക്ഷ്യം നിറവേറ്റാൻ സഹായകമാകുന്നു.
പ്രധാനപ്പെട്ട ഒരു കാര്യം, പ്രതിജ്ഞ ഇരുമ്പുലക്കയല്ല എന്ന് ഓർമ്മിക്കുക എന്നതാണ്. അവ അയവുള്ളവയാകണം. കാരണം ജീവിതം പ്രവചിക്കാനാവാത്തതാണ്, കർശനമായ ലക്ഷ്യങ്ങൾ സമ്മർദ്ദത്തിലാഴ്ത്തും. ആവശ്യമാകുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകികൊണ്ടുള്ള ക്രമീകരണം നടത്തുന്നത് പ്രതിജ്ഞകൾ നിറവേറ്റുന്നതിന് സഹായകമാകും.
ഉയർന്ന പരാജയ നിരക്കുണ്ടെങ്കിലും, പ്രതിജ്ഞകൾ തുടരുന്നു കാരണം അവ പ്രതീക്ഷയുടെ അടയാളങ്ങളാണ്. വളരാനും മെച്ചപ്പെടാനും രണ്ടാം അവസരങ്ങളിൽ വിശ്വസിക്കാനും ഉള്ള മനുഷ്യന്റെ ആഗ്രഹത്തെയാണ് അവ പ്രതിഫലിപ്പിക്കുന്നത്. ഭൂരിഭാഗം പ്രതിജ്ഞകളും ലക്ഷ്യം കാണാറാലില്ല എന്നത് വസ്തുതായാണ്. എന്നാൽ പ്രതിജ്ഞ എടുക്കുന്നു എന്നത് ആളുകൾ വീണ്ടും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കാൻ തയ്യാറാണെന്ന് ഓർമ്മപ്പെടുത്തുന്നു. അത് തന്നെ ആഘോഷിക്കേണ്ടതാണ്.
പുതുവത്സര പ്രതിജ്ഞ ലക്ഷ്യങ്ങൾ നേടുന്നതിനെക്കാൾ മാറ്റത്തിന്റെ സാധ്യതയെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് എന്ന് ഓർമ്മിക്കുക. കഴിഞ്ഞ കാലം അപൂർണ്ണമായിരുന്നാലും, ഭാവി എഴുതപ്പെടാത്തതാണ്. പ്രതിജ്ഞകൾ പരാജയപ്പെട്ടാലും, അവ എടുക്കുന്ന മനോഭാവം തന്നെ ആളുകൾ ഇപ്പോഴും ശ്രമിക്കുന്നുവെന്ന്, പ്രതീക്ഷയോടെ മുന്നോട്ടു പോകുന്നതായും, മികച്ച ജീവിതത്തിലേക്ക് മാറാൻ പ്രതിജ്ഞാബദ്ധമാണെന്നും തെളിയിക്കുന്നു.
അതുകൊണ്ട് പ്രതിജ്ഞ കയ്യൊഴിഞ്ഞതോർത്ത് വിഷമിക്കേണ്ട, ഇങ്ങനെ പലവഴികളിലൂടെ ജീവിതത്തെ മികച്ചതാക്കാം എന്ന് ഓർമ്മിച്ച് ആ പ്രതിജ്ഞകളെ കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമീപിച്ചാൽ അവ നിറവേറ്റാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates