അനേകം വിളക്കുകളാൽ അലംകൃതമായ ശൂന്യാകാശ പേടകങ്ങളായി തോന്നിച്ചിരുന്നു, ആ ആറ് ലക്ഷ്വറി ബസുകളും. ഒരേ സമയം ചെകുത്താനാകാനും ദൈവമാകാനും പോന്ന അവയുടെ കരുത്ത് പെരിക്കാൽ അട്ടയെപ്പോലുള്ള കനത്ത വീലുകളിൽ ഉറഞ്ഞുനിന്നിരുന്നു.
ആ ബസുകളിൽ ആട്ടവും പാട്ടുമായി മൂന്നു ദിവസം മുൻപ് കൊടൈക്കനാലിലേക്ക് യാത്ര തിരിച്ച പ്ലസ് ടു വിദ്യാർത്ഥിനികളുടെ വിനോദയാത്രാസംഘം കൃത്യസമയം പാലിച്ച് രാത്രി പത്തു മണിക്കു തന്നെ മടങ്ങിയെത്തും എന്നാണ് തിരുഹൃദയം ഹയർ സെക്കൻഡറി കോൺവെന്റിലെ പ്രിൻസിപ്പൽ റവറന്റ് സിസ്റ്റർ ലൂയീസ തന്റെ പതിവ് പ്രവചനസ്വഭാവത്തോടെ രക്ഷകർത്താക്കളായ ഞങ്ങളെ അറിയിച്ചിരുന്നത്.
ദീർഘയാത്രകളെ സംബന്ധിച്ചുള്ള അത്തരം പ്രവചനങ്ങൾ കൊടുംവളവുകളിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പോലെ ഏതു നിമിഷവും പാളിപ്പോയേക്കാം എന്ന അശുഭചിന്തയൊന്നും അവർക്കില്ലായിരുന്നു.
പ്രായം കുട്ടിക്കുപ്പായങ്ങൾക്കുള്ളിൽ തിക്കിമുട്ടുന്ന പ്ലസ് ടു വിദ്യാർത്ഥിനികൾക്കായുള്ള വിനോദയാത്ര കഴിഞ്ഞ പത്തിലേറെ വർഷമായി മുടങ്ങാതെ സംഘടിപ്പിക്കുകയും അതിശയിപ്പിക്കുന്നവിധം അവ വിജയിപ്പിക്കുകയും ചെയ്തിരുന്നത് സിസ്റ്റർ ലൂയീസയുടെ ദൈവകൃപയിലൂന്നിയുള്ള നേതൃപാടവത്തിലായിരുന്നു. സിസ്റ്ററെ അക്കാര്യത്തിൽ തോൽപ്പിക്കാൻ നിഗൂഢശക്തികളായ പിശാചുക്കളെ കൂട്ടുപിടിച്ച് മഠത്തിലെ മറ്റ് ദൈവദാസികൾ പലതും ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ പരാജയപ്പെട്ടതായാണ് ചരിത്രം.
“Nobody blocks the road until eight o’clock with vehicles. Just come after ten o’clock” എന്ന് ചാടുന്ന ഒരു ടെക്സ്റ്റ് മെസേജായും “ആരും റോഡ് ബ്ലോക്കാക്കുവാൻ എട്ടു മണിക്കേ വാഹനങ്ങളുമായി വരണ്ട, പത്തു മണി കഴിയുമ്പോൾ വന്നാൽ മതി” എന്ന പുരുഷപ്രകൃതിയിലുള്ള വോയ്സ് മെസേജായും സിസ്റ്റർ ഇതിനകം രണ്ടു വട്ടം ഗ്രൂപ്പിലേക്ക് കടന്നുവന്നിരുന്നെങ്കിലും എട്ടുമണി കഴിഞ്ഞപ്പോഴേ രക്ഷിതാക്കളുടെ വലുപ്പം പറയുന്ന കാറുകൾകൊണ്ട് ആ ചെറിയ കോൺവെന്റ് റോഡ് നിറഞ്ഞിരുന്നു. അവ കടൽപ്പുറത്ത് ചാകരക്കോളിൽ കയറിയ ചെറുതും വലുതുമായ മീനുകളെപ്പോലെ തലങ്ങും വിലങ്ങും കിടന്നു.
പൊതുവെ ഇത്തരം അറിയിപ്പുകൾ നീളേയും കുറുകേയും വരച്ച് ലംഘിക്കുക എന്നതാണ് ഞങ്ങൾ രക്ഷാകർത്താക്കളുടെ പൊതുഗുണം എന്ന് സിസ്റ്ററിനും കൂട്ടത്തിലുള്ള അദ്ധ്യാപികമാർക്കുമൊക്കെ അറിയാം. എങ്കിലും പള്ളിമണിപോലെ തൊണ്ടക്കുഴിയിൽ കിടന്ന് മുഴങ്ങുന്ന സിസ്റ്ററിന്റെ പുരുഷശബ്ദത്തിനു ഞങ്ങൾ തള്ളവിരൽ ഉരുക്കിപ്പിടിച്ച മുഷ്ടികളുടെ കിടിലൻ ഇമോജികളിട്ട് ഐക്യദാർഢ്യം അറിയിച്ചു.
മെലിഞ്ഞ്, കണ്ണടവെച്ച ആര്യാലക്ഷ്മി എന്ന പന്ത്രണ്ടാം ക്ലാസുകാരിയായ എന്റെ മകളും ആ വിനോദയാത്രാസംഘത്തിലെ മൂന്നാം നമ്പർ വണ്ടിയിൽ ഒരു പേടിച്ചരണ്ട എലിക്കുഞ്ഞിനെപ്പോലെ ഉണ്ടായിരുന്നു.
കൂട്ടപ്പനകൾ മേഘപാളികളിലേക്ക് ചൂണ്ടുവിരൽ തൊട്ടുനിൽക്കുന്ന കന്യാകുമാരി വഴി കൊടൈക്കനാൽ. ഇടയിൽ നാഗവല്ലിമാരുടെ ചിലമ്പുലയുന്ന പത്മനാഭപുരം കൊട്ടാരം, ഡിലനോയിയുടെ പ്രേതം ഉറങ്ങുന്ന വട്ടക്കോട്ട, നാരായണഗുരു ആറു വർഷം തപസു ചെയ്ത മരുത്വാമല. അവിടന്ന് കന്യാകുമാരിയിലെത്തിയാൽ വിവേകാനന്ദപ്പാറയിലേക്ക് ജ്ഞാനം തൊടുന്ന ബോട്ടുയാത്ര.
മഞ്ഞുപൊഴിയുന്ന രാത്രിയിൽ ചുള്ളിയൊടിച്ചിട്ടുള്ള തീ കായലും ബാൻഡ് മേളവും. ഒപ്പം ആട്ടവും പാട്ടും. രുചിയുടെ വകഭേദങ്ങളായി കനലിൽ ചുട്ട കടൽവിഭവങ്ങൾ നിരക്കുന്ന ബൊഫേ. വണ്ടിയിൽ എരിവും പുളിയുമുള്ള സ്നാക്സുകളും കോളയും നാല് ഇടിവെട്ട് സിനിമകളും ഉണ്ട്. അങ്ങനെ തുടങ്ങി ഒരു വലിയ ചോദ്യത്തിന് ആമുഖവും പോയിന്റുകളും ഒക്കെ ഖണ്ഡിക തിരിച്ചെഴുതുന്ന വിശദമായൊരു ഉത്തരംപോലെ വിനോദയാത്രയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കൈപ്പുസ്തകം മാസങ്ങൾക്കു മുൻപേ മകൾ വീട്ടിലെത്തിച്ചിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ശരിക്കും ഈ നാലായിരം രൂപയുണ്ടെങ്കിൽ മോണ മുറിയുന്ന തേഞ്ഞ കോമ്പല്ലുകൾ രാകി, മേൽത്തട്ടിലുള്ള രണ്ട് പല്ലുകളുടെ പോട് അടയ്ക്കാം. പിറന്നാളിന് രേവതിക്ക് പ്രില്ലുകൾ തുന്നിയ ഒരു നൈറ്റി വാങ്ങിക്കൊടുക്കാം. വാറ് പൊട്ടാറായ ചെരിപ്പു മാറ്റാം. രണ്ടാം ശനിയാഴ്ച രണ്ടരക്കിലോ കോഴി വാങ്ങി പെരട്ടാം. എല്ലാരേം കൂട്ടി കനകക്കുന്നിലെ ഫ്ലവർ ഷോ കാണാൻ പോകാം. അങ്ങനെ പതിവുപോലെ രക്ഷപ്പെടാൻ ഒഴിവുകിഴിവുകളുടെ നിലവറകൾ തുറന്ന് ഒരു കള്ളനെപ്പോലെ ഞാൻ ഇരുട്ടിൽ പതുങ്ങിയതാണ്.
“ഇങ്ങനെ ഓരോന്ന് പറഞ്ഞ് കുട്ടികളുടെ ഓരോ ആഗ്രഹങ്ങളും ഒഴിവാക്കി ഒഴിവാക്കി നമ്മൾ ഇതുവരെ മുന്നോട്ടു പോയ ജീവിതത്തിന്റെ ബാക്കി എന്താണ്? മറ്റു പലതും ചെയ്തപ്പോഴെല്ലാം ഇതേ കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. അതുകൊണ്ട്…”
രേവതി ചില നേരങ്ങളിൽ ഇങ്ങനെ പോസിറ്റീവ് വൈബുള്ള ഒരു തിരുത്തൽ ശക്തിയാകും. എന്നിട്ടും ആ കൈപ്പുസ്തകം എന്റെ അംഗീകാരത്തിനായി ഡൈനിങ് ടേബിളിന്റെ പുറത്തും മൊബൈൽ ചാർജു ചെയ്യുന്ന ഇടത്തും ടിവി സ്റ്റാൻഡിന്റെ പുറത്തെല്ലാമായി പ്രത്യാശാപൂർവം നാലഞ്ച് ആഴ്ചകൾ കറങ്ങിനടന്നു.
അന്നേരമെല്ലാം കൈവിട്ടു പറന്നുപോകുന്ന ഒരു ബലൂണിനെ നോക്കി ആളൊഴിഞ്ഞ മൈതാനത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ “വേണ്ടച്ഛാ, എനിക്ക് പോവണ്ട... അച്ഛൻ ഞെരുങ്ങണ്ട, വരാത്ത വേറെയും കുട്ടികളുണ്ട്” എന്നു പറഞ്ഞ മകളുടെ താടി പിടിച്ചുയർത്തി രണ്ട് ദിവസം ശേഷിക്കേ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു: “മക്കള് പോയിട്ടു വാ…”
വിശാലമായ സ്കൂൾ മുറ്റത്താണ് ഞങ്ങൾ കുട്ടികളേയും കാത്ത് ചിതറിയും കൂട്ടംകൂടിയും നിന്നിരുന്നത്.
താടിയും മുടിയും തേയിലക്കാടുപോലെ വെട്ടിയൊരുക്കിയവർ, ആകുലതകൾകൊണ്ട് ഒരൊറ്റ മേഘംപോലെ പാടെ നരച്ചുപോയവർ, തലയൊരു ചെണ്ടപ്പുറംപോലെ മിനുത്തവർ, ചിത്രവടിവിൽ ഡൈ പൂശിയവർ തുടങ്ങി നടക്കുമ്പോൾ ആർപ്പോ എന്നു മുന്നിലേയ്ക്ക് കുടവയറും ഇർറോ എന്നു ചന്തിയും വഞ്ചിപ്പാട്ട് തുഴഞ്ഞിരുന്നവർ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അവർക്കിടയിൽ കറുത്തവാവിലേക്ക് അലിയുന്ന ഒരു ചന്ദ്രക്കലപോലെ കൺപോളകൾ കറുത്തു കനത്ത ഞാനും. പ്രായം അങ്ങനെ നാൽപ്പത്തിയഞ്ചിനും അൻപതിനും ഇടയിൽ സീനിയർ സിറ്റിസൺ കളിക്കുന്ന സ്കൂളിലെ സൂപ്പർ സീനിയർ രക്ഷിതാക്കളായിരുന്നു ഞങ്ങൾ. പ്രമേഹവും പൊണ്ണത്തടിയുമൊക്കെ വളഞ്ഞുകൊത്തുന്ന മദ്ധ്യവയസ്കർ.
ഒരു നിലക്കണ്ണാടി പിടിച്ചപോലെ പലരിലും ഞാൻ എന്നെ നേർക്കുനേർ കാണാൻ തുടങ്ങിയതോടെ ഭയമായി. പിന്നെ പതിയെ സെക്യൂരിറ്റി കാബിനു പിന്നിലേയ്ക്ക് നടന്നു. അവിടെ ഒരു കോണിൽ മറഞ്ഞുനിന്നു.
അസംബ്ലി കൂടാറുള്ള ആ വിശാലമായ മുറ്റത്തിന്റെ അതിരുകളിൽ ഉടൽക്കനമുള്ള ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. പൊറ്റ കനത്തും ചട്ടം അടർന്നും ചില്ലകൾ വിരിഞ്ഞുയർന്നുമൊക്കെ നിൽക്കുന്ന കുറേ മരങ്ങൾ. നൂറു വർഷത്തിലേറെ പഴക്കമുള്ളവ. ആൽമരം മുതൽ മഹാഗണിയും തേക്കും മാവും വരെ.
കേട്ടിട്ടുള്ള കഥയാണ്, ഓരോ അദ്ധ്യാപകർ സ്കൂളിൽ ചേരുമ്പോഴും അവിടെ ഓരോ വ്യക്ഷത്തൈ നടും. രജിസ്റ്ററിൽ പേര് ചേർക്കുന്നതിനോടൊപ്പം ഉള്ള ചടങ്ങാണ്. അവരുടെ സർവീസ് കാലാവധി കഴിയുന്നതുവരെ അവർ അതിനെ നട്ടുനനച്ച് സംരക്ഷിക്കണം.
ഒടുവിൽ റിട്ടയർമെന്റ് ദിവസം അവരുടെ പേര് ആ മരത്തിൽ കൊത്തിവയ്ക്കും. അതാണ് അതി മനോഹരമായ വിടവാങ്ങൽ ചടങ്ങ്. അതുവരെ കരച്ചിൽ അടക്കിനിൽക്കുന്ന മിക്ക അദ്ധ്യാപകരും അവിടെ എത്തുമ്പോൾ പൊട്ടിപ്പോകും. അവർ നട്ടുനനച്ച മരത്തെ കെട്ടിപ്പിടിച്ചങ്ങനെനിന്നു കരയും. ആ മരത്തെ പിന്നീട് കുട്ടികൾ സ്നേഹിച്ച് വളർത്തും.
അങ്ങനെ എന്റെ മുന്നിൽ ഒരു കാഞ്ഞിരവും മഞ്ചാടിയുമായിരുന്നു. അതിൽ നിറയെ രാപ്പക്ഷികൾ ചേക്കേറിയിരുന്നു. അവർ അവരുടെ പേരുകൾ അക്ഷരമാലക്രമത്തിൽ പാടി, നൂലുകളാൽ കോർത്ത ഇലകൾപോലെ മുട്ടിച്ചേർന്നിരുന്നു.
അന്നേരം എനിക്ക് വളരെ രസകരമായ ഒരു തോന്നൽ ഉണ്ടായി. ഈ സ്കൂൾ രാത്രിയാകുമ്പോൾ പക്ഷികൾ ഏറ്റെടുത്താലോ? ക്ലാസ്‌മുറികളിൽ പഠിക്കാനും പഠിപ്പിക്കാനും കുട്ടികൾക്കുപകരം എത്തുന്ന പക്ഷികൾ!
പ്രിൻസിപ്പൽ സിസ്റ്റർ ലൂയീസയുടെ കറങ്ങുന്ന കസേരയിൽ ഒരു പഞ്ചവർണ തത്ത വലിയ കണ്ണടയും വച്ചങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നു. മലയാളം ഏറ്റവും നന്നായി പാടിയും പറഞ്ഞും ക്ലാസിൽ പഠിപ്പിക്കുന്ന നീലിമ ടീച്ചറിനുപകരം കൃഷ്ണഗാഥ നീട്ടിപ്പാടുന്നത് ഒരു മെലിഞ്ഞ പുള്ളിക്കുയിലാണ്. കണക്ക് പഠിപ്പിക്കുമ്പോൾ ഗൗരവത്തിലേക്ക് കുറുകിക്കയറുന്ന ഹേമ ടീച്ചറിനു പകരം സ്വർണ്ണക്കഴുത്തുള്ള ഒരു കുട്ടത്തിപ്രാവാണ് പത്താം ക്ലാസിലെ കുട്ടികളെ ക്ഷേത്ര ഗണിതവും അംഗ ഗണിതവും ഒക്കെ പഠിപ്പിക്കുന്നത്. അങ്ങനെ ഹൃദയസരസ്സിൽ ഒരു പക്ഷിപ്പള്ളിക്കൂടം സജീവമാകവേ, വിനോദയാത്ര പോയ ആറു വണ്ടികളിൽ ആദ്യത്തെ വണ്ടി ഒരു കാളക്കൂറ്റനെപ്പോലെ സ്കൂൾ മുറ്റത്തേക്ക് മുക്കറയിട്ട് കറങ്ങി പൊടിപറത്തിക്കൊണ്ട് കയറി വന്നു. ഞാൻ കൈക്കുഴ തിരിച്ച് വാച്ചിൽ നോക്കി. അത്ഭുതം! സിസ്റ്റർ ലൂസിയ പറഞ്ഞ കൃത്യ സമയം!
പത്തുമണി കഴിഞ്ഞ നിശ്ശബ്ദതയിലേക്ക് പാട്ടും ബഹളവുമൊക്കെയായി കയറിവന്ന ആ വണ്ടിക്ക് ഒരു ഇരുപത്തിയഞ്ചുകാരൻ ഫുട്ബോളറുടെ ഫിറ്റ്നസ് ഉണ്ടായിരുന്നു. “നിങ്ങൾ സ്വപ്നങ്ങൾ കാണൂ. ഞങ്ങൾ അവിടെ നിങ്ങളെ കൊണ്ടുപോകാം” എന്നർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് പാട്ടിന്റെ വരികൾ വെളിച്ചത്തുണ്ടുകൾക്കൊപ്പം ആ വണ്ടിയിൽനിന്നും അപ്പോഴും ചിതറിത്തെറിച്ചുകൊണ്ടിരുന്നു. ആഹ്ലാദങ്ങളുടെ പെരുമഴ കഴിഞ്ഞിട്ടും തുള്ളി തോരാതെനിന്നു ആ കൗമാരങ്ങൾ.
ഫോണിൽനിന്നും വേഗം മുഖം മാറ്റി ഓരോ രക്ഷാകർത്താക്കളും വണ്ടി നമ്പറിലേക്ക് കണ്ണുകൾ കൂർപ്പിച്ച് മുന്നിലേയ്ക്ക് കയറിവന്നു. അന്നേരമാണ് ഞാൻ ആ മുഖം കണ്ടത്. ക്രീം കളറിലുള്ള ഒരു ചുരിദാറിൽ, പത്തിരുപത്തിയഞ്ച് വർഷം മുൻപ് പരമശിവം സാറിന്റെ ട്യൂഷൻ സെന്ററിൽ കണ്ട അതേ മുഖം!
വർഷം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നോ നാലോ ആണ്. ‘യുണീക്’ ട്യൂഷൻ സെന്റര്‍ എന്നൊരു ഏകാദ്ധ്യാപക സ്ഥാപനം ഞങ്ങളുടെ നാട്ടിൽ ഉയർന്നുവന്നു.
പത്തോളം കമുകിൻ തൂണുകൾകൊണ്ട് കാലുകൾ നാട്ടി, മുന്നൂറിനടുത്ത് മെടഞ്ഞ ഓലകൾ കൊണ്ട് കെട്ടിക്കയറ്റിയ ഒരു നാടൻ കൊച്ചുപുര. ഒരു തീപ്പൊരിക്ക് കേവലം ഒരു മണിക്കൂർ പോലും വേണ്ടാത്ത ആ പുരയ്ക്ക് കീഴെ ഇംഗ്ലീഷ് എന്ന ശീമ ഭാഷ മാത്രമാണ് പഠിപ്പിച്ചിരുന്നത്.
പേശിലും നടപ്പിലുമെല്ലാം ചെന്തമിഴ് മണക്കുന്ന കന്യാകുമാരി ജില്ലക്കാരനായ ആർ.പി. പരമശിവം എന്ന മദ്ധ്യവയസു പിന്നിട്ട അദ്ധ്യാപകനായിരുന്നു ആ സ്ഥാപനത്തിന്റെ പ്രിൻസിപ്പലും പ്രധാന അദ്ധ്യാപകനുമെല്ലാം. തൂത്തുവാരിയിട്ട ആകാശംപോലെ തോന്നിച്ച ശുഭ്രവസ്ത്രങ്ങൾ മാത്രമാണ് അദ്ദേഹം അണിഞ്ഞിരുന്നത്. പ്രതീക്ഷകൾ എന്നന്നേയ്ക്കുമായി റദ്ദു ചെയ്ത മട്ടിൽ നീട്ടിവളർത്തിയ താടിയും മുടിയും. കാലിനു ചങ്ങലയിട്ടതുപോലുള്ള ചെറിയ ഏന്തൽ.
ജാതി ഭീകരന്മാർ സാറ് വെള്ളാളച്ചെട്ടിയെന്ന് അടിവാല് തോണ്ടി ചെന്ന് ആദ്യമേ കണ്ടു പിടിച്ചു. പിന്നെ ബസ് സ്റ്റാൻഡിലും ചായക്കടയിലുമെല്ലാം “നായരെക്കാൾ കൂടിയതോ കുറഞ്ഞതോ?” എന്ന് അവസാനിക്കാതെ തർക്കം തുടർന്നു. അപ്പോഴേക്കും അദ്ദേഹം ഞങ്ങളിൽ പലർക്കും തിരുവട്ടാറിലെ പനനൊങ്കു പോലെ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു.
നാഗർകോവിലിലും പരിസര പ്രദേശങ്ങളിലുമായി പത്തിരുപത് വർഷം നാലഞ്ച് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി, വീടുൾപ്പെടെ പണയപ്പണ്ടങ്ങളെല്ലാം ലേലത്തിൽ പോയിട്ടൊടുവിൽ ഇംഗ്ലീഷിനു മാത്രമായി ഒരു സ്പെഷ്യൽ ട്യൂഷൻ സെന്റർ എന്ന ആശയവുമായി തലസ്ഥാന നഗരിയിലേക്ക് കൂടും കുടുക്കയും എടുത്ത് ഇറങ്ങിത്തിരിച്ചതായിരുന്നു അദ്ദേഹം.
നഗരത്തിലെ മൂന്ന് പ്രധാനപ്പെട്ട കോളേജുകളിലെ കുട്ടികൾക്ക് എത്തിച്ചേരാൻ സമാന്തരമായി സ്ഥാപിച്ച ‘യുണീക്’ എന്ന ആ സ്ഥാപനം, കീറ്റ്സും ഷായും ഡിക്കൻസും ഒക്കെ ചേർന്ന് പണിഞ്ഞുകയറ്റിയ കൂറ്റൻ പാഠവേലികളിൽത്തട്ടി മറിഞ്ഞുവീണ പ്രീഡിഗ്രി കുട്ടികൾക്ക് അവസാനത്തെ അത്താണിയായിരുന്നു.
ദാരിദ്ര്യം പിടിച്ച മാതൃഭാഷയിൽ പത്താംതരം വരെ പഠിച്ച ശേഷം പ്രീഡിഗ്രിക്ക് ചേർന്ന ശരാശരി കുട്ടികളായിരുന്നു, ഇംഗ്ലീഷ് എന്ന ഇരുമ്പുമറയിൽ മൂക്കിടിച്ച് വീണ് അവിടെ അധികവും എത്തിക്കൊണ്ടിരുന്നത്.
മൂന്നു പേപ്പറിലും കൂടി പതിനെട്ടോളം വരുന്ന ദീർഘ ഉപന്യാസങ്ങൾ കാണാതെ പഠിപ്പിച്ച് ഓരോ വിദ്യാർത്ഥിയേയും എങ്ങനേയും കയറ്റിവിടുക എന്ന വലിയ ദൗത്യമാണ് സാറ് ഒറ്റയ്ക്ക് ചെയ്തിരുന്നത്.
ശതമാനക്കണക്ക് നോക്കിയാൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളായിരുന്നു, അധികവും. വിവാഹം എന്ന മൂക്കുകയർ ഏതു നിമിഷവും വീഴാൻ സാധ്യതയുള്ള അവരുടെ അവസാനത്തെ അത്താണിയായിരുന്നു ആ സ്ഥാപനം.
രാവിലെ മുതൽ വൈകുന്നേരം വരെ സാറങ്ങനെ തേച്ചുപിടിപ്പിച്ച സായിപ്പിന്റെ ഭാഷയിലും ആകാരവടിവിലും ഒരൊറ്റ നിൽപ്പങ്ങനെ നിൽക്കും. ഇടയ്ക്കൊന്ന് മുറുക്കും. ചായയും വലിയും ഇല്ല. മുന്നിലെ കാണികൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. നടൻ ‘നടികർതിലകം’ മാതിരി ഒരൊറ്റയാൾ തന്നെ!
ട്യൂഷൻ സെന്ററിനോട് ചേർന്ന് ‘ആമസോൺ ടിംബേഴ്സ്’ എന്ന ഒരു പഴയ വിറകുകടയുമുണ്ടായിരുന്നു. ഏതൊക്കെയോ കൊടും വനത്തിലെ തടികൾ ഉണക്കിയ ശവങ്ങളെപ്പോലെ അട്ടിയിട്ടിരുന്ന ഒരിടം.
രാവിലെ ക്ലാസ് തുടങ്ങുന്ന ഏതാണ്ട് അതേസമയം തന്നെ ആ വിറകുകടയും തുറക്കും. അവിടെ ഇരുട്ട് കടഞ്ഞതുപോലൊരു മനുഷ്യൻ ഉണ്ടായിരുന്നു. ഒരു വിറകുവെട്ടുകാരൻ. വെയിലെന്നോ മഴയെന്നോ ഇല്ലാതെ അയാൾ എല്ലാ പുലർച്ചയിലും മുറ്റത്ത് കോടാലിയുമായി ഇറങ്ങും. വെട്ടി വെട്ടി വിയർത്ത് കാടിന്റെ മണങ്ങളെ ചുറ്റിലും വിളിച്ചുവരുത്തും. വെരുകിന്റേയും വട്ടയിലയുടേയും തേക്കിന്റേയും ചന്ദനത്തിന്റേയും ഒക്കെ മണങ്ങൾ.
എ.ജി. ഗാർഡ്നർ മുതൽ എച്ച്.ജി. വെൽസും ആർ.കെ. നാരായണനും നെഹ്റുവും ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസു’ മൊക്കെ അങ്ങനെ പല സമയങ്ങളിലായി പരമശിവം സാറ് പഠിപ്പിക്കുമ്പോൾ, വിറകുവെട്ടുകാരൻ കാട്ടുമണങ്ങളെ തുണ്ടങ്ങളാക്കി കീറിയെറിയും. എന്നും വൈകുന്നേരം വിറകുവെട്ടുകാരൻ മടങ്ങുമ്പോൾ മുറ്റത്ത് ഒരു വലിയ വിറകുകൂന കാണും. പരമശിവം സാർ മടങ്ങുമ്പോൾ ഡോ. ജോൺസൻ അവിടെയിരുന്ന് ഡിക്ഷണറി എഴുതും. മൊപ്പസാങ്ങും ഓ. ഹെൻറിയും കഥകൾ എഴുതും. ചർച്ചിൽ നിറുത്തിയയിടത്തുനിന്നും വീണ്ടും പ്രസംഗം തുടരും.
പ്രീഡിഗ്രി തോറ്റ് വീണ്ടും പഠിക്കാൻ അക്കൊല്ലം ഞങ്ങൾക്കൊപ്പം വന്ന കുട്ടികളിൽ ഒരാളെ, ഒരു പെൺകുട്ടിയെ സാറ് നന്നായി ശിക്ഷിക്കുമായിരുന്നു. കഴുത്തിൽ കുരുക്കിട്ട് പിടിച്ചപോലെ തിരഞ്ഞുചെന്ന് കൃത്യമായി ചോദ്യങ്ങൾ ചോദിക്കും. അവളുടെ മൂക്ക് ചുവന്ന് തുടുക്കും വരെ വഴക്കുപറയും. ഓഫീസ് മുറിയിലേയ്ക്ക് വിളിപ്പിക്കും. ഞാൻ ഉൾപ്പെടെ പലരും അന്നേരമെല്ലാം ഒന്നും മനസ്സിലാകാതെ ആ വിറകു വെട്ടുകാരനേയും നോക്കിയിരിക്കും. അയാൾ വിതറുന്ന മണങ്ങളിൽ പിടിച്ച് ഏതൊക്കെയോ അജ്ഞാതവനങ്ങളിലൂടെ സഞ്ചരിക്കും.
സാറ് എത്ര ശാസിച്ചാലും പറഞ്ഞാലും തന്റേടം അവളുടെ സ്ഥായീഭാവമായിരുന്നു. വലിച്ചു വിട്ടാൽ തെറ്റാടിപോലെ തെറിക്കുന്ന വീറ്. കാറ്റുപിടിച്ച ഉദ്ധത ഭാവം. അവൾക്ക് ഓറഞ്ച് അല്ലികൾപോലത്തെ തടിച്ച ചുണ്ടുകൾ. വെട്ടിയൊതുക്കിയ പുരികക്കൊടി. മുട്ടിനു കീഴെ പാസ് മാർക്കുപോലും ഇറക്കം ഇല്ലാത്ത സ്കർട്ട്. ഗൂഢത കടഞ്ഞ നോട്ടം. രണ്ടോ മൂന്നോ ദിവസം മുടങ്ങി അവൾ ക്ലാസിനു വരുന്ന ദിവസങ്ങളിൽ സാറിന് അരിശം കയറും. അവളെ മുൻനിരയിലേക്ക് വിളിച്ചിരുത്തും. മറ്റൊരു കുട്ടിയേയും ശിക്ഷിക്കുന്നതുപോലെയല്ല, ഇരു കൈകളും വിടർത്തി നിൽക്കുന്ന അവളുടെ കൈവെള്ളയിൽ ചൂരൽ നിറുത്താതെ നൃത്തം ചവിട്ടും.
പോളിയോ ബാധിച്ച് വലത്തേക്കാൽ ഒരു മരക്കുറ്റിപോലെ തേഞ്ഞുപോയ ഷാജി എന്ന സഹപാഠിയാണ് എന്നോട് ഒടുവിൽ ആ രഹസ്യം പറഞ്ഞുതന്നത്. ഞങ്ങൾ അന്നേരം ആ വിറകു കൂനയ്ക്കടുത്തുനിന്നു മൂത്രം ഒഴിക്കുകയായിരുന്നു:
“അവൾ ഒരു സിനിമാക്കാരനുമായി കടുത്ത പ്രണയത്തിലാണ്. ദിവ്യമായ പ്രണയം. ഇനി ആരൊക്കെ എതിർത്താലും അവൻ അവളെ കൊണ്ടുപോകും. ഇക്കാര്യം വീട്ടുകാർക്കറിയില്ല. പക്ഷേ, സാറിനെല്ലാം അറിയാം.”
കേട്ടതൊക്കെയും ഒരു കടങ്കഥയുടെ നേർത്ത പുറംപാളിപോലെ വിശ്വസിക്കാനേ എനിക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. മ്യൂസിയം വളപ്പിലെ റേഡിയോ പാർക്കിൽനിന്നും വൈകുന്നേരങ്ങളിൽ പ്രണയഗാനങ്ങൾ ഉയരുമ്പോൾ പർപ്പിൾ നിറമുള്ള നൂറോളം ചിത്രശലഭങ്ങൾ താളത്തിൽ കുതിച്ചുയർന്ന് നൃത്തം വയ്ക്കുന്ന നാട്ടുബദാംമരത്തിന്റെ ചുവട്ടിലോ വിരൽ മുട്ടുമ്പോൾ ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങൾ മുഴങ്ങുന്ന ശംഖുംമുഖത്തെ വെണ്ണക്കൽമണ്ഡപത്തിലോ തിരുവിതാംകൂറിലെ സ്വർണസിംഹാസനം ചെളിയിൽ ആഴ്ന്ന് കിടക്കുന്ന കനകക്കുന്നിലെ കൊടിമരച്ചുവട്ടിലോ ഒന്നും പോയി അവർ പ്രണയിക്കുന്നതൊന്നും കാണുവാനുള്ള ഭാഗ്യം അന്നെനിക്കുണ്ടായിട്ടില്ല.
പ്രണയം കണ്ണുകളിൽ ആയിരം നക്ഷത്ര കാന്താരികളായി പൂക്കുന്ന വേളകളിൽ കാമുകൻ അവൾക്ക് കൈമാറുമായിരുന്ന ‘ചോക്കോബാർ’ എന്ന ഐസ്‌ക്രീമിന്റെ നിറവും എനിക്ക് പറഞ്ഞാൽ മനസ്സിലാകുമായിരുന്നില്ല. കുറഞ്ഞപക്ഷം സിനിമാക്കാർക്ക് സൗജന്യനിരക്കിൽ മദ്യം ഉൾപ്പെടെ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാറുള്ള ‘ഗീതി’ എന്ന ഹോട്ടൽ നഗരത്തിലെ ഏത് ഇടുങ്ങിയ തെരുവിലാണെന്നും എനിക്കറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഷാജി ഒച്ച താഴ്ത്തി പറഞ്ഞ രതിജന്യ വിസ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വൃശ്ചികം കൊണ്ടുവരുന്ന നേർത്ത കാറ്റിന്റെ കുളിരോടെ വിശ്വസിക്കുവാനേ എനിക്കാവുമായിരുന്നുള്ളൂ.
പടിഞ്ഞാറേ ചരുവിൽ തീ നിറമുള്ള മഴമേഘങ്ങൾ പത്തിയെടുത്ത് നിന്നൊരു പകലിൽ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരു സ്ത്രീ അന്നൊരു ദിവസം സാറിനെ കാണാൻ ഓടിപ്പിടച്ച് വന്നു. ഒരു ഭൂമികുലുക്കത്തിൽ ഉടുത്തതുമാത്രം ശേഷിച്ച ഒരുവളുടെ കണ്ണുകൾ തുറിച്ചുപോയ ദൈന്യതയുണ്ടായിരുന്നു ആ മുഖത്ത്.
ജെയ്ൻ ഓസ്റ്റിന്റെ ‘പ്രൈഡ് ആൻഡ് പ്രിജുഡൈസ്’ എന്ന നോവലിൽനിന്ന് നൂറു ശതമാനവും സാധ്യതയുള്ള ഒരു ഉപന്യാസം വശീകരണ ശക്തിയുള്ള ഒരു മന്ത്രം ഉരുവിടുന്ന ആക്കത്തിലും സ്ഫുടതയിലും ഞങ്ങളെക്കൊണ്ട് ഉറക്കെ ചൊല്ലിച്ച് മസ്തിഷ്കത്തിൽ ഉറപ്പിക്കുകയായിരുന്നു, സാറ്. പൊട്ടിത്തകർന്ന ഒരു കളിമൺ ശിൽപ്പംപോലെ അവർ കയറിവന്നതും സാറ് പഠിപ്പിക്കൽ മതിയാക്കി അവരോടൊപ്പം ഒരു പൊടിക്കാറ്റിന്റെ വേഗത്തിൽ എങ്ങോട്ടോ ഇറങ്ങിപ്പോയി.
ആ വന്നവർ ആരാണെന്നും എന്തിനാണ് അവർ വന്നതെന്നെല്ലാം ഒരു വൈദ്യുത സ്പർശത്തിന്റെ വേഗത്തിൽ മനസ്സിലാക്കിയ കൗമാരക്കാരികളായ മുപ്പത്തിയഞ്ചോളം പെൺപഠിതാക്കൾ കാതോട് കാതോരം ആ കുളിരുള്ള രഹസ്യം ഒട്ടും ചോർന്നുപോകാത്തവിധം പങ്കുവെച്ച് വായ പൊത്തി ചിരിച്ചു.
ഒറ്റക്കാലുകൊണ്ട് രഹസ്യങ്ങളുടെ ക്ഷീരപഥങ്ങളിലേക്ക് നിസ്സാരമായി നീന്തിക്കയറുന്ന ഷാജിയാണ് അന്നേരവും എനിക്ക് രക്ഷകനായത്. ആ കയത്തിലേക്ക് ഇറങ്ങാൻ ഒരു ചാൺ കയർ ഇട്ടു തന്നുകൊണ്ട് അവൻ പറഞ്ഞു:
“പോയടാ… അവൾ അവന്റെ കൂടെ ഇറങ്ങിപ്പോയടാ… ഇനി അവളെ നമുക്ക് സിനിമയിൽ കാണാം.”
അടുത്ത ദിവസം മുതൽ കാറും കോളും അടങ്ങിയ സമുദ്രത്തിന്റെ മിനുത്ത അടിവയറ്റിൽ ചുണ്ടുകൾകൊണ്ട് മുട്ടിയുരുമ്മി ശാന്തമായി നീന്തുന്ന ഒരു നീലത്തിമിംഗലത്തെപ്പോലെയായിരുന്നു സാറ്. തടയിണകെട്ടാൻ നോക്കിയ വൻകരയെ അപ്പാടെ കടൽ വിഴുങ്ങിപ്പോയതായൊന്നും ഭാവിച്ചില്ല. ജൂലിയറ്റ് സീസറിൽനിന്നും ഒരു ഉപന്യാസം ഗൂഢാലോചനക്കാർക്കൊപ്പം ചേരാൻ തീരുമാനിക്കുന്ന ബ്രൂട്ടസിന്റെ മാനസിക വിക്ഷോഭത്തോടെ പഠിപ്പിച്ചു.
ഇന്നിപ്പോൾ അതെല്ലാം കഴിഞ്ഞ് പത്തു മുപ്പത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. പടിഞ്ഞാറൻ കടലും കിഴക്കൻ കരയുമെല്ലാം ഒരുപാട് മാറി. നേരെ വരച്ച അതിരുകളെല്ലാം അലങ്കോലപ്പെട്ടു. പലതും മാഞ്ഞു. തിരമാലകൾക്ക് ഈർച്ചവാൾപ്പല്ലുകളുടെ മൂർച്ച വന്നു. വൻ മരങ്ങൾ ഇടിവെട്ടേറ്റതു പോലെ നടുവൊടിഞ്ഞ് നിലം പൊത്തി. ഒച്ചുകൾ ചിറകുമുളച്ച് ആകാശം മുട്ടെ പറന്നു. കഴുകന്മാർ ലജ്ജ വിട്ട് കുരുവിക്കുഞ്ഞുങ്ങളായി. മുന്തിരിവള്ളികളിൽ കാഞ്ഞിക്കയ്പ്പ് നിറഞ്ഞു. അങ്ങനെ ഞാനും അവരും നിങ്ങളും ഈ ലോകവുമെല്ലാം നോക്കി നോക്കി നിൽക്കെ വല്ലാതെ നരച്ചുപോയ മൂന്നര പതിറ്റാണ്ട്!
എനിക്കും അവർക്കുമെല്ലാം ഏതോ ദൈവകൃപയാൽ കുഞ്ഞുങ്ങൾ പിറക്കുകയും അവർ ഇപ്പോൾ മുതിരുകയും ചെയ്തിരിക്കുന്നു. പണ്ട് ഞങ്ങൾ ഒരുമിച്ച് ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിച്ചെങ്കിൽ മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ ഞങ്ങളുടെ മക്കൾ ഒരേ സ്കൂളിൽ ഒരുമിച്ച് പഠിക്കുകയാണ്. അപ്പോഴും ഒരു സംശയം കൊടിയിറങ്ങാതെ ശേഷിക്കുന്നുണ്ട്, ആരാണ് ഞങ്ങളിൽ മുന്നേ പോയ മുയൽ? ആ മുയൽ എങ്ങനെയാണ് ഇപ്പോൾ പിന്നിൽ ആയിപ്പോയത്? അങ്ങനെ കറുപ്പും വെളുപ്പും കലർന്ന കുറേ സംശയങ്ങൾ എന്നെ ചൂഴ്ന്ന് നിന്നെങ്കിലും ഏറ്റവും വലിയ നേട്ടമായി ഞാൻ എണ്ണിയത്, കാലത്തിന്റെ വലിയ ചിതമ്പലുകൾ അടർത്തിമാറ്റി അവർക്കെന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന സത്യമായിരുന്നു.
പത്ത് മിനിട്ട് വീതമുള്ള മൂന്ന് ഇടവേളകൾക്കിടയിൽ ശേഷിച്ച മൂന്ന് വണ്ടികൾ കൂടി സ്കൂളിന്റെ വിശാലമായ ഗേറ്റ് കടന്ന് അകത്തേക്ക് വീരയോദ്ധാക്കളെപ്പോലെ കയറിവന്നു. അപ്പോഴെല്ലാം എന്റെ കൗതുകം കലർന്ന നോട്ടം അവരിലായിരുന്നു, ഒരു പഴയ പരവതാനി പിഞ്ഞിപ്പോകാതെ ശ്രദ്ധയോടെ ഇഴകൾ നിവർത്തി കാണുന്നതുപോലെ!
“ആടിനേയും മാടിനേയും പോറ്റുന്നതുപോലെ മക്കൾക്ക് വെറുതെ കുറേ കാടിയും പുല്ലുമൊന്നും ഇട്ടുകൊടുത്തിട്ട് കാര്യമില്ല, അവുത്തുങ്ങളെ ശിക്ഷിച്ചും ശാസിച്ചും വളർത്തണം.”
വലിഞ്ഞുമുറുകിയ ഭാവത്തിൽ പരമശിവം സാറ് അവരുടെ മുഖത്തു നോക്കാതെ ഇങ്ങനെയെല്ലാം പറയുമ്പോൾ പൽച്ചക്രങ്ങൾ തെറ്റാതെ ഓടുന്ന ഒരു കരുത്തൻ യന്ത്രംപോലെ തൊട്ടപ്പുറത്ത് എല്ലാത്തിനും സാക്ഷിയായി ആ വിറകുവെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ അന്നേരം ഒരു മഹാഗണിയുടെ മുറ്റിയ വേരിനൊപ്പം വീറോടെ പൊരുതുകയായിരുന്നു. ഒന്ന് ഉയർന്ന് നോക്കിയിരുന്നെങ്കിൽ ആ പാവം സ്ത്രീയുടെ കരച്ചിൽ അയാൾക്ക് കാണാൻ കഴിയുമായിരുന്നു. എന്നോ വലിച്ചു പൊട്ടിച്ചുകളഞ്ഞ വേരിൽനിന്ന് ഇപ്പോഴും നീരു പൊടിയുന്നതും.
സാറ് പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ ഒരു കോളാമ്പി മുഴക്കമായി നിൽക്കുന്നുണ്ട്.
അന്ന് തല പുണ്ണാക്കി പഠിച്ച ദുരന്ത നാടകങ്ങളോ വിഷാദം മുറ്റിയ മഹാകാവ്യങ്ങളോ വാലിൻ തുമ്പിൽ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച കഥകളോ കരിമ്പിൻ ചണ്ടിപോലത്തെ ബോറൻ ഉപന്യാസങ്ങളോ അല്ല, ഇത്തരം ചില മൊഴിമുത്തുകളാണ് മറ്റെല്ലാം മറവിയുടെ കടൽ മായ്‌ച്ചു കളഞ്ഞിട്ടും ഇന്നും ഒളിമങ്ങാതെ, മായാതെ ശേഷിക്കുന്നത്. അല്ലെങ്കിലും പഠിച്ച പാഠങ്ങൾക്കിടയിൽ പഠിക്കാതെ വിട്ട ഏതാനും പേജുകളിൽ നിന്നായിരിക്കുമല്ലോ, പിന്നീട് ജീവിത പരീക്ഷയിലെ മഹാഭൂരിപക്ഷം ചോദ്യങ്ങളും ചോദിക്കാറ്.
“ഒന്നര വയസുള്ളപ്പോൾ തന്ത കളഞ്ഞിട്ട് പോയെങ്കിലും പത്ത് വീട് കയറിയിറങ്ങി വീട്ടുപണികൾ ചെയ്ത് ഞാൻ അന്തസ്സോടെ വളർത്തിയ പെണ്ണാണ് സാറേ… ഇങ്ങനെ ഒരു പാതകം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതീല്ല.”
ആ തള്ള ചവിട്ടിനിന്ന മണ്ണ് താഴ്ന്നു പോയ ഇടങ്ങളിലേക്ക് നോക്കിനിന്ന് തേങ്ങി.
ശംഖുംമുഖം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുവാനായിരുന്നു സാറ് അവരേയും കൂട്ടി പുറത്തേക്ക് പോയത്. അവർക്കു പിന്നാലെ അന്നേരം പഠിപ്പിച്ചുകൊണ്ടിരുന്ന ജെയ്ൻ ഓസ്റ്റിന്റെ ‘പ്രൈഡ് ആൻഡ് പ്രിജുഡൈ’സിലെ കഥാപാത്രങ്ങളും അതേ ധൃതിയോടെ പുറത്തേക്ക് ഇറങ്ങിപ്പോയി. എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും മറന്നുപോയ ആ വിറകുവെട്ടുകാരനോട് രണ്ടു വാക്ക് പറയാനുള്ള പുറപ്പാടായിരുന്നു അത്.
ഷാജി പറഞ്ഞതുപോലെ ആ കാമുകൻ ബെർക്കിലി സിഗററ്റുകൾ പുകച്ചുതള്ളുന്ന തിരക്കുള്ള ഒരു സിനിമാനടനോ കവിളുകളിൽ ആപ്പിൾ ശോഭയുള്ള സുന്ദരനോ ആയിരുന്നില്ല. അവളുടെ അന്നത്തെ മാദക സൗന്ദര്യത്തിനുനേരെ കരിങ്കൊടി വീശുന്നതുപോലുള്ള ഒരു കറുത്തവാവ്.
സ്റ്റാച്ച്യു ജംഗ്ഷനിലെ തിരക്കേറിയ ഒരു ഫോട്ടോസ്റ്റാറ്റ് കടയിലും പിന്നെയൊരു ന്യായവില മെഡിക്കൽ സ്റ്റോറിലും വീട്ടുകരം തീർക്കാൻ പോയ പട്ടത്തെ വില്ലേജ് ഓഫീസിൽ വെച്ചെല്ലാം ഞാൻ പിന്നീട് അവരെ ഒന്നിലേറെ തവണ കണ്ടിട്ടുണ്ട്. കാണുമ്പോഴെല്ലാം ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു, പരമശിവം സാറിന്റെ യുണിക് ട്യൂഷൻ സെന്ററിൽ ഏറ്റവും മുൻനിരയിൽ ചപ്രത്തലമുടിയുമായി ഇരിക്കുമായിരുന്ന എന്നെ അവർ അവരുടെ ഏറ്റവും ചെറിയ ശ്രദ്ധയിൽപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല.
വിനോദയാത്ര കഴിഞ്ഞുവന്ന കുട്ടികൾക്ക് കഴഞ്ചും ക്ഷീണം ഉണ്ടായിരുന്നില്ല. പകരം ഇളംചൂട് വെള്ളത്തിൽ കുളിച്ച നവോന്മേഷം! ഈ ഭൂമിയിൽ തോരാതെ പെയ്യുന്ന കാഴ്ചകളും വിലങ്ങുകൾ ഇല്ലാത്ത സ്വാതന്ത്ര്യവുമാണല്ലോ മനുഷ്യരെ നിത്യോന്മേഷികൾ ആക്കുന്നത്. മറന്നുവെച്ചതെന്തോ തിരിയുന്നതുപോലെ കുട്ടികൾ പിന്നെയും പിന്നെയും അവർ യാത്രചെയ്ത വണ്ടികളിലേക്ക് തിരിഞ്ഞുനോക്കി.
കളി കഴിഞ്ഞ പച്ചപ്പുൽമൈതാനത്ത് കൈകൾ വിരിച്ച് മാനം നോക്കി കിടക്കുന്ന വിജയികളെപ്പോലെ ഓരോ വണ്ടിയും അങ്ങനെ ശ്വാസം അയച്ച് കിടന്നു. ഓരോ വണ്ടിയുടേയും കൺപോളകളിൽ വരെ പൊടി കനത്തുനിന്നു. കണ്ണും കാതും ജാഗ്രതപ്പെടുത്തി ഓടിയ മൂന്നു രാപ്പകലുകൾക്കിടയിൽ കിട്ടിയ ആനന്ദകരമായ നിമിഷങ്ങളുടെ വളപ്പൊട്ടുകളും മുടിയിഴകളും ചൂടുള്ള നിശ്വാസങ്ങളുമെല്ലാം അവർ നുള്ളിപ്പെറുക്കിയെടുത്തു.
അത്രയും നേരം പിന്നിട്ടിട്ടും അൻപത് വയസ്സിന്റെ പരിപക്വതയിലേക്ക് നടന്നുകയറുന്ന ഒരു സ്ത്രീയായി അവരെ കാണുവാൻ എനിക്ക് പ്രയാസമായിരുന്നു. മായ എന്ന അവരുടെ പേരുപോലും പ്രകാശവർഷങ്ങൾക്കും അണ്ഡകടാഹങ്ങൾക്കുമപ്പുറം ഒരുപാട് ദൂരെ നിൽക്കുന്ന ഒന്നായി എനിക്ക് തോന്നി. ഋതുപ്പകർച്ചകൾ മുഖത്തും ഉടലിലുമൊക്കെയായി വരഞ്ഞിട്ട കാലക്കണക്കുകളെ ഒരു കോസ്‌മെറ്റിക് സർജന്റെ മികവോടെ പുതുക്കിപ്പണിത് ഒരു പുത്തൻ ശില്പത്തിന്റെ നിറപ്പകിട്ടോടെ അവർ ഒതുക്കമുള്ള ഒരു വൃക്ഷച്ചുവട്ടിൽ അങ്ങനെ നിന്നു.
‘ചെകുത്താൻ’ എന്നു പേരുള്ള രണ്ടാമത്തെ ബസിൽനിന്നും അവരുടെ മകൾ വിളക്കേന്തിയ ഒരു ജലകന്യകയെപ്പോലെ വന്നിറങ്ങി. ഏതോ മഹാസമുദ്രത്തിലെ ജലമാളികയിൽ നീന്തിത്തുടിക്കുന്ന വിശുദ്ധയായ ഒറ്റ മത്സ്യം. അവളുടെ കണ്ണുകളിൽ പൂത്തിരുവാതിര. പാദ ചലനങ്ങളിൽ സ്വരരാഗ നിർഝരി. അവളെ കാലം ഒരു വലിയ താലത്തിൽവെച്ച് ദേവതാ രൂപത്തിൽ ആരാധിച്ചു.
നിലം മുട്ടിയിഴഞ്ഞ ഒരു നീളൻ ഫ്രോക്ക് ഉയർത്തിപ്പിടിച്ച് അമ്മയുടെ അരികിലേക്ക് ഓടിയപ്പോൾ അവൾക്ക് നിയോൺ ബൾബുകൾക്ക് കീഴെ ഒരു എണ്ണച്ചായ ചിത്രത്തിന്റെ മിഴിവുണ്ടായിരുന്നു. മൂന്നു ദിവസം നീണ്ട വിരഹത്തെ നെറ്റിയിലും ഇരുകവിളുകളിലുമായി നൽകിയ രണ്ട് ഉമ്മകൾകൊണ്ട് അവർ പരസ്പരം മായ്‌ച്ചുകളഞ്ഞു.
അവിടെ എത്തിയ രക്ഷകർത്താക്കളിൽ ആരോടും കൂട്ടുകൂടാതെ ഏതൊക്കെയോ ഓർമകളുടെ ചക്രവാളപ്പരപ്പിൽ നിശ്ശബ്ദം സഞ്ചരിക്കുകയായിരുന്നു അവർ. ഒരു കടൽ അവർക്കു പിന്നിൽ ഇരമ്പുന്നുണ്ടായിരുന്നു. ഒരുവേള ആടയാഭരണങ്ങളിൽ കുളിച്ച് ആ കുട്ടികളിൽ ഒരാളാകാൻ തുടിക്കുന്ന ഉദ്വേഗം. പിന്നെ ആരോ തിരിച്ചുപിടിച്ചതുപോലെ പിൻവലിയുന്ന ഒരു തള്ളത്തിര.
എനിക്ക് നിഷേധിക്കപ്പെട്ടതെല്ലാം ഞാൻ നിനക്ക് നൽകും-എന്നൊരു നിശ്ചയദാർഢ്യം ആ മുഖത്ത് അന്നേരമെല്ലാം ആളിനിന്നു.
മൂന്നാം നമ്പർ ബസിൽ എന്റെ മകളും ഉണ്ടായിരുന്നു. അവൾക്കുവേണ്ടി ഞാൻ എന്തോ ഒരു വലിയ ത്യാഗം ചെയ്ത മട്ടിൽ അവൾ എന്നെ കാരുണ്യപൂർവം നോക്കി. ഞാൻ അത് അവളുടെ രണ്ട് ബാഗുകൾ ഏറ്റുവാങ്ങുന്ന ഗൗരവത്തിലൂടെ സൗകര്യപൂർവം മറികടന്നു.
വഴിച്ചെലവിന് അമ്മ കൊടുത്ത പണത്തിൽനിന്നും അവൾ എനിക്കുവേണ്ടി ഒരു സമ്മാനം വാങ്ങിയിരുന്നു. കുതിരയുടെ രൂപമുള്ള ഒരു കീ ചെയിൻ. അവൾ അത് ബാഗിനുള്ളിൽ വയ്ക്കാതെ കയ്യിൽത്തന്നെ പിടിച്ചിരുന്നു.
വിനോദയാത്രയുടെ കോക്‌ടെയിൽ മണം ചൂഴ്ന്നുനിന്ന ആ മുറ്റത്തുനിന്നും ഞങ്ങൾ പതിയെ പുറത്തേയ്ക്ക് ഇറങ്ങി. വഴിയിൽ നിറഞ്ഞുകിടന്ന അനേകം വാഹനങ്ങൾക്കു പിന്നിലാണ് ഞാൻ എന്റെ പഴയ സ്കൂട്ടർ വെച്ചിരുന്നത്. അന്നേരം ഞങ്ങളുടെ തൊട്ടുമുന്നിലായി അവർ നടന്നു പോവുകയായിരുന്നു.
ഈ “കുട്ടിയെ അറിയാമോ?” ഞാൻ മകളോട് ചോദിച്ചു. ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് അവൾ എന്നെ പൊടുന്നനെ നിശ്ശബ്ദനാക്കി. ആളൊഴിഞ്ഞ ആശുപത്രി ജങ്ഷനിലൂടെ വണ്ടി പതിയെ നീങ്ങിത്തുടങ്ങിയപ്പോൾ അവൾ ചോദിച്ചു:
“ശരണ്യയെ അച്ഛനറിയാമോ?”
“ഇല്ല, വെറുതെ ചോദിച്ചതാണ്” -ഞാൻ ഒന്ന് നിവർന്നിരുന്നു.
“ഞാൻ കരുതി അച്ഛനെല്ലാം അറിയാമെന്ന്…” അവൾ വാക്കുകൾക്കു മീതെ ഒരു ചെറിയ കുരുക്കിട്ട് അതിശയോക്തിയിൽ നിറുത്തി.
“ഇല്ല, പറയ്” രഹസ്യങ്ങൾ കേൾക്കുവാനുള്ള ആറാം ഇന്ദ്രിയം അന്നേരം എന്നിൽ ഒരു തുമ്പിയുടെ നീണ്ട സ്പർശിനിപോലെ ജാഗ്രത്തായി.
“ഒന്നും പറയണ്ട, ഇപ്പോൾ നാലാമത്തെ ബോയ്ഫ്രണ്ടാണ്. ഉടുപ്പൂരി കളയുംപോലെയാണ് ഓരോ ക്രഷും.”
ക്ഷീണം മറന്നതുപോലെ അവൾ ഉത്സാഹവതിയായി. അവളുടെ വാക്കുകളിൽനിന്നും ചിലത് പിന്നിലേക്ക് വീശിയ കാറ്റും പിടിച്ചെടുത്തു.
“ടൂറിനു പോകുമ്പോൾ ടീച്ചർമാർ ഒഴിവാക്കാൻ പ്ലാനിട്ട രണ്ടു മൂന്നു കേസുകളിൽ ഒന്നായിരുന്നു ഈ സാധനം. ഒടുവിൽ ഇവളുടെ അമ്മ വന്നു മുട്ടൻ വഴക്കുണ്ടാക്കി. സിസ്റ്റർ ലൂസിയ അവരിൽനിന്നും എന്തൊക്കെയോ എഴുതി വാങ്ങി. എന്നിട്ടെന്താ, ടീച്ചർമാർ എല്ലാ ബാഗുകളും സെർച്ച് ചെയ്തെങ്കിലും അവൾ ഒളിപ്പിച്ചു കൊണ്ടുവന്ന മൊബൈൽ ഫോൺ ആരും കണ്ടു പിടിച്ചില്ല, അതാണ് എം. ശരണ്യാ ദാസ്.”
നുണകൾ പറയുമ്പോൾ അമ്മയെപ്പോലെത്തന്നെ മകൾ എന്ന് ചിന്തിച്ച് ഞാൻ ഒരുവേള കേൾവിക്ക് രണ്ടുവട്ടം നീട്ടിമൂളാതിരുന്നപ്പോൾ, ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി അവൾ ഒന്ന് നിശ്ശബ്ദയായി. അന്നേരം സെമിത്തേരി കുന്നിൽനിന്നും ഡിസംബർ മാസത്തിലെ ആദ്യത്തെ തണുത്ത കാറ്റ് വീശി.
റെയിൽവേ പാളത്തിനരികിലൂടെ അല്പദൂരം ചെന്നപ്പോൾ മകൾ വീണ്ടും ചോദിച്ചു:
“അച്ഛന് അവളുടെ അമ്മയെ അറിയാമോ?”
“ഇല്ല” ഞാൻ ആ ഒരൊറ്റ വാക്കിൽ ക്ലച്ചും ഗിയറും ചേർത്ത് മുറുകെപിടിച്ചു.
“ഗണ്ടൻ പണക്കാരിയെന്നാണ് കേൾവി. ഒരു മലേഷ്യക്കാരൻ ഫിസിക്കൽ ട്രെയിനറാണ് ഇപ്പോഴത്തെ കൂട്ടുകാരൻ. മീൻസ്, ഭർത്താവ്.”
മുഖത്ത് വെട്ടം കോരിയൊഴിച്ചുകൊണ്ട് ഒരു വലിയ വാഹനം അന്നേരം ഞങ്ങളെ തോണ്ടിയൊഴിഞ്ഞ് കടന്നുപോയി. ഇടത്തേക്ക് ലേശം തെന്നിയെങ്കിലും ഗുരുത്വത്തോടെ വലത്തേക്ക് മടങ്ങിവന്ന് ഞാനവളോട് ചോദിച്ചു:
“മലേഷ്യക്കാരനോ?”
“അങ്ങനെയാണ് കേട്ടത്. മൂന്നാമത്തേയോ നാലാമത്തേയോ… ബാക്കിയൊന്നും എനിക്കറിയില്ല” ആളിക്കത്തിച്ച ഉത്സാഹത്തോടെ ഒരു മിനിറ്റിന്റെ ഇടവേളയിട്ടുകൊണ്ട് വീണ്ടും അവൾ ചോദിച്ചു:
“അച്ഛൻ എന്തിനാണ് അവരെക്കുറിച്ചു മാത്രം അറിയാമോ എന്ന് ചോദിച്ചത്?”
അതിൽ ഒരു കുന്നായ്മയുടെ മുള്ളുണ്ടായിരുന്നു.
“ഒന്നുമില്ല, നമ്മുടെ തൊട്ടുമുന്നിലൂടെ നടന്നുപോയതുകൊണ്ട്… പിന്നെ അപ്പോൾ നിന്റെ കൂടെ മറ്റൊന്നും ചോദിക്കാൻ ഇല്ലാത്തതുകൊണ്ടും...” ഞാൻ ഗിയർ മാറ്റി പാലം ഇറങ്ങി.
“ഓഹോ” അന്നേരം അവളുടെ ഒച്ചയിൽ ഒരു അമ്മ മണം പരന്നു.
“മറ്റൊന്നും പറയാനില്ലെങ്കിൽ അച്ഛനെന്നോട് ടൂറിന്റെ വിശേഷങ്ങളൊക്കെ ചോദിക്കാമായിരുന്നില്ലേ?”
ഒരു ഹംബിലേക്ക് കയറുന്നതിനുള്ള മുന്നോടിയായി ഞാൻ വണ്ടിയെ ഒന്ന് അമർത്തിപ്പിടിച്ചു. ടക് ടക് ടക് എന്ന മൂന്ന് കുഞ്ഞ് കയറ്റിറക്കങ്ങളായിരുന്നു അത്.
വിധിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള ചെറിയ ഇടവേളയിൽ ഞാൻ പറഞ്ഞു:
“അത് വീട്ടിൽ ചെന്നിട്ടാകാം എന്നു കരുതി. വീണ്ടും നിനക്കതൊക്കെ അമ്മയോടും പറയണമല്ലോ, അപ്പോൾ പിന്നെ.”
“ഓ... അങ്ങനെ. ഊർജവ്യയം.”
അവൾ ഒരു ഫലിതബോധമുള്ള ജ്ഞാനിയെപ്പോലെ ചിരിച്ചു. ഹെൽമെറ്റ് വയ്ക്കാത്ത എന്റെ ശിരസിൽ അന്നേരം ഒരു കനത്ത തുള്ളി മഞ്ഞുവീണു. കുറച്ചുനേരം പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഒരു നായ ഞങ്ങളെ നോക്കി വെറുതെ കുരച്ചു.
ഏകദേശം വീടെത്താറായപ്പോൾ ഞാൻ ഒരു രണ്ടാം വിചാരത്തിലെന്നപോലെ പറഞ്ഞു:
“പണ്ട് നിന്റെ പ്രായത്തിൽ പരമശിവം എന്നൊരു അദ്ധ്യാപകൻ നടത്തിയിരുന്ന ഒരു ട്യൂഷൻ സെന്ററിൽ ഞാൻ പഠിച്ചിട്ടുണ്ട്. അവിടെ പഠിക്കാൻ ഈ പെൺകുട്ടിയുടെ അമ്മയും വരുമായിരുന്നു.”
അവൾ പുറകിലേക്ക് ഒന്ന് അയഞ്ഞിരുന്നു. പിന്നെ തുറന്ന ഒച്ചയിൽ പറഞ്ഞു:
“ഓ... അറിയാം. അച്ഛൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ആ ട്യൂഷൻ സെന്ററിനടുത്തല്ലേ ഒരു തടി മിൽ ഉണ്ടായിരുന്നത്? അവിടെ ഒരു വിറകുവെട്ടുകാരനും ഉണ്ടായിരുന്നല്ലേ? പഠിപ്പിച്ച് പഠിപ്പിച്ച് സാറും വിറകുവെട്ടി വിറകുവെട്ടി അയാളും തമ്മിൽ എന്നും മത്സരിക്കുമായിരുന്നു, അല്ലേ?”
ഒരിക്കൽ കേട്ടാൽപ്പിന്നെ ഒരിക്കലും മറക്കാത്ത മകളുടെ ഓർമശക്തിയിൽ എനിക്ക് അഭിമാനം തോന്നി.
“ആ വിറകുവെട്ടുകാരന് സുന്ദരിയായ ഒരു മകൾ ഉണ്ടായിരുന്നു” എന്നുകൂടി എനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും പിന്നെ ഞങ്ങൾ വീടണയും വരെ പരസ്പരം ഒന്നും മിണ്ടിപ്പറഞ്ഞില്ല.
Vinodayathra story written by Sreekantan Karikkakom
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

