കേരളത്തിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നടക്കുകയാണ്. ഇതിലെ തുകയുമായി ബന്ധപ്പെട്ട താരതമ്യങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പൊടുന്നനെ തീരുമാനിച്ചതോ തടവിൽ കഴിയുന്ന ഏതെങ്കിലും പ്രത്യേക തടവുകാർക്ക് ലഭിക്കുന്നതിന് വേണ്ടി ചെയ്തതോ ആണോ ഈ വേതന വർദ്ധനവ്.
ആരോപണങ്ങളും കഥകളും ഭാവനയും കൊണ്ട് നിറഞ്ഞിരിക്കുയാണ് വേതനത്തെ സംബന്ധിച്ച ചർച്ച. മറ്റ് ജോലികളുടെ വേതനവുമായി ബന്ധപ്പെട്ടാണ് ഇതിലെ ചർച്ചകളിൽ ചിലത് വഴിമാറുന്നത്.
കേരളത്തിലെ തടവുകാരുടെ വേതന വർദ്ധനവ് പെട്ടെന്നു ഉണ്ടായതാണോ? അതിൽ എത്ര തുക തടവുകാർക്ക് ലഭിക്കും. കൂട്ടിയ തുക മുഴുവൻ തടവുകാരുടെ കൈവശം ലഭിക്കുമോ എന്താണ് ഈ വിവാദത്തിന് പിന്നിലെ വസ്തുതകൾ.
മോഡൽ പ്രിസൺ മാന്വൽ പ്രകാരം തടവുകാർക്ക് നീതിപൂർവകമായ വേതനം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി 2022 ൽ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാന്വൽ പ്രാരം ഓരോ സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുള്ള മിനിമം കൂലിയുമായി കാലാനുസൃതമായി ചേർന്നുപോകുന്നതാകണം ഈ വേതനമെന്നും ഉത്തരത്തിൽ വിശദീകരിക്കുന്നുണ്ട്. 2022 മാർച്ച് 30 നുള്ള നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്രയാണ് ഈ ഉത്തരം നൽകിയിട്ടുള്ളത്.
ദക്ഷിണേന്ത്യയിൽ തടവുകാർക്ക് ഏറ്റവും കൂലി കുറവുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു ഈ വേതന വർദ്ധനവിന് മുമ്പ് വരെ കേരളം.
കേരളത്തിൽ സ്കിൽഡ് ലേബറിന് 152 രൂപ, സെമി സ്കിൽഡ് ലേബറിന് 127 രൂപ അൺസ്കിൽഡ് ലേബറിന് 63 രൂപ എന്നിങ്ങനെയായിരുന്നു. ഇതേ തൊഴിലിന് കർണ്ണാടകത്തിൽ 225 രൂപ, 200 രൂപ 175 രൂപ എന്നിങ്ങനെയും തമിഴ് നാട്ടിൽ 200രൂപ, 180 രൂപ, 160 രൂപ എന്നിങ്ങനെയും ആയിരുന്നു 2022 ൽ .അതായത് 2025 ഡിസംബർ വരെ അല്ലെങ്കിൽ 2026 ൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങുന്നതുവരെ കേരളത്തിലെ കൂടിയ കൂലിയും തമിഴ് നാട്ടിലെ കുറഞ്ഞ കൂലി. കർണ്ണാടകത്തിലെ കുറഞ്ഞ കൂലിയും കേരളത്തിലെ തടവുകാർക്ക് ലഭിച്ചിരുന്ന കൂടിയ കൂലിയേക്കാൾ .കൂടുതലായിരന്നു എന്ന് കാണാം. (2022 ന് രാജ്യസഭയിൽ നൽകിയ ഉത്തരത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള രേഖയിൽ നിന്നാണ് ഈ കണക്ക്. ഇത് 2000ത്തിന് മുമ്പുള്ള കണക്കാണ് എന്ന് ആ രേഖയിൽ പറയുന്നുണ്ട്.)
2016-ലെ മോഡൽ പ്രിസൺ മാന്വൽ പ്രകാരം ഓരോ മൂന്ന് വർഷം കൂടുമ്പോഴും വേതനം പരിഷ്‌കരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
2022 നവംബർ ആയപ്പോൾ കർണ്ണാടകം തടവുകാരുടെ വേതനവ് 200 ശതമാനം കണ്ട് വർദ്ധിപ്പിച്ചു. കേരളത്തിൽ മൂന്ന് തട്ടായാണ് വേതനം നൽകുന്നതെങ്കിൽ കർണ്ണാടകത്തിൽ നാല് തട്ടായാണ് നൽകുന്നത്. അതിൽ ഹൈ സ്കിൽഡ് വിഭാഗത്തിൽ 663 രൂപയായും സെമി സ്കിൽഡ് വിഭാഗത്തിൽ 615 രൂപയായും സ്കിൽഡ് വിഭാഗത്തിൽ 548 രൂപയായും അൺസ്കിൽഡ് വിഭാഗത്തിൽ 524 രൂപയായുമാണ് വർദ്ധിപ്പിച്ചത്. അതായത് 2022ൽ നിന്നും 2024 ൽ എത്തിയപ്പോൾ കർണ്ണാടകം വീണ്ടും തടവുകാരുടെ വേതനം വർദ്ധിപ്പിച്ചിരുന്നു എന്ന് കാണാം. ഇതുപോലെ തന്നെ ഹിമാചൽ പ്രദേശ്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാന ജയിൽ വകുപ്പുകൾ തടവുകാർക്കുള്ള വേതനം പരിഷ്‌ക്കരിച്ചിരുന്നു. അതോടു കൂടി 2022 ലേതിൽ നിന്നും ഈ സംസ്ഥാനങ്ങളിലൊക്കെ കാര്യമായ വ്യത്യാസം വന്നു.
ഇതിന് ശേഷം, സുപ്രീം കോടതിയുടെ സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിങ് വിഭാഗം 2024-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കർണാടക, നൽകുന്ന ഉയർന്ന വേതനത്തിന് ആനുപാതികമായി മറ്റു സംസ്ഥാനങ്ങളും വേതനം ഏകീകരിക്കണമെന്ന നിർദേശം നൽകിയിരുന്നു.
കേരളാ ഹൈക്കോടതിയിൽ 2024 നവംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന അനീഷ് കുമാർ ഒരു ഹർജി നൽകി. തടവുകാരുടെ വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു ആ ഹർജി.
2016 ലെ മോഡൽ ജയിൽ മാന്വൽ പ്രകാരം സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള മിനിമം വേതനവുമായി ന്യായവും തുല്യവുമായി ജയിലുകളിലെ വേതനം പരിഷ്ക്കരിക്കണമെന്ന് അനീഷ് ഹർജിയിൽ ആവശ്യപ്പെട്ടു. ജയിൽ പരിഷ്കരണ സമിതിയും തടവുകാരുടെ വേതനം പ്രാദേശിക മിനിമം വേതനവുമായി യോജിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കർണാടകയിലെ തടവുകാർക്ക് തടവുകാരിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്നും, അവിദഗ്ധ തടവുകാർ പ്രതിദിനം 524 രൂപ രൂപ ലഭിക്കും. ഒരു വർഷത്തിനുശേഷം 548 രൂപ പ്രതിദിനം ലഭിക്കുകയും ചെയ്യുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതേ സമയം കേരളത്തിലെ തടവുകാരുടെ വേതനം പ്രതിദിനം 63 രൂപ മുതൽ 168 രൂപ വരെയാണെന്നും തുറന്ന ജയിലുകളിൽ അടിസ്ഥാന ശമ്പളം പ്രതിദിനം 170 രൂപയാണെന്നും അധിക ജോലികൾക്കായി 230 രൂപ കൂടി നൽകുമെന്നും അനീഷ് ഹർജിയിൽ പറഞ്ഞിരുന്നു.
കേരളത്തിൽ തടവുകാരുടെ വേതന പരിഷ്‌ക്കരണം നടത്തി 63 രൂപയിലേക്ക് വർദ്ധിപ്പിക്കുന്നത് 2018 ലാണ്. അതിന് ശേഷം ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴാണ് നിലവിലെ വർദ്ധനവ് നടപ്പാക്കുന്നത്.
തടവുകാരുടെ വേതനം സംബന്ധിച്ച് ലോകത്തൊട്ടാകെ നീണ്ട നിയമ വ്യഖ്യാനങ്ങളുടെ ചരിത്രമുണ്ട്. കൊളോണിയൽ കാലത്ത് അടിമപ്പണിതന്നെയായിരുന്നു ജയിലുകളിലും നടന്നിരുന്നത്. കേരളത്തിലും ഇന്ത്യയിലും ജാതിയെ അടിസ്ഥാനമാക്കിയും യൂറോപ്യൻ രാജ്യങ്ങളിലും മറ്റും നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കിയും നടന്നിരുന്ന അടിമപ്പണകളുടെ അതേ രൂപം തന്നെയായിരുന്നു ജയിലുകളിലും. ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിയമപഠനങ്ങളിലും ചരിത്രപഠനങ്ങളിലും ഇത് കാണാവുന്നതാണ്.
ജയിലുകൾ എന്നാൽ, അതിനുള്ളിൽ എത്തുന്നവർ പലകാരണങ്ങൾ കൊണ്ട് വരുന്നവരാകം. ശിക്ഷിപ്പെടുന്നവരുടെ കാര്യത്തിലും മികച്ച അഭിഭാഷകരെ വച്ച് വാദിക്കാൻ കഴിയാത്തവർ, തങ്ങളുടെ വശം കോടതിയിൽ ബോധിപ്പിക്കാൻ കഴിയാത്ത സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ, അങ്ങനെ പലകാരണങ്ങളാൽ ശിക്ഷിക്കപ്പെടുന്നവരാണ് ഭൂരിപക്ഷവും എന്നാണ് ജയിലിനുള്ളിലെ തടവുകാരെ കുറിച്ചുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
ജയിൽ എന്നത് ഒരു വ്യക്തിയെ എക്കാലവും മോശമായ അവസ്ഥയിൽ നിന്നും കൂടുതൽ മോശമായ അവസ്ഥയിലേക്ക് തള്ളിയിടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ഒന്നല്ല. മറിച്ച്, ഒരാളെ മാറ്റിത്തീർക്കുന്ന, ആധുനിക സമൂഹത്തിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുക എന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കറക്ഷണൽ ഹോം എന്ന് ആധുനിക കാല സമീപനം ഇതിനൊപ്പം വരുന്നത്.
ജോലി ചെയ്യുന്നവർക്ക് അർഹമായ വേതനം നൽകുക എന്നത് ജയിലിലായാലും പുറത്തായാലും ഒരു ജനാധിപത്യ സംവിധാനത്തിലെ ഉത്തരവാദിത്തമാണ്. അല്ലാത്ത തൊഴിലുകൾ ബോണ്ടണ്ട് ലേബർ, അടിമപ്പണി എന്നിങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്. ഭരണഘടനാപരമായി അടിമപ്പണി നിരോധിച്ച ഒരു രാജ്യം എന്ന നിലയിൽ ഇവിടുത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെടുന്ന ഭരണഘടനാപരമായി ശിക്ഷിപ്പെടുന്നവരാണ്. അവർ അവിടെ ചെയ്യുന്ന ജോലിക്ക് ഭരണഘടനാപരമായ വേതനം നൽകാൻ ബാദ്ധ്യസ്ഥരാണ് അത് ചെയ്യിക്കുന്നവർ എന്ന കാഴ്ചപ്പാടാണ് ഇത് സംബന്ധിച്ചുള്ള നിയമത്തിന് പിന്നിലെ മറ്റൊരു ഘടകം.
2026 ജനുവരി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം, ജയിൽ അന്തേവാസികളുടെ പുനരധിവാസവും അന്തസ്സും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വേതന വർദ്ധന. മോഡൽ ജയിൽ മാന്വൽ പ്രകാരം തടവുകാരുടെ നൈപുണികൾ വർദ്ധിപ്പിക്കുന്നതിനും ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങുമ്പോൾ അവർക്ക് ജീവിക്കാനുള്ള വരുമാനവും തൊഴിലും കണ്ടെത്തുന്നതിന് അവരെ സഹായകമാകുന്ന പ്രവർത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി പൊതുവിൽ വാദിക്കുന്നത് പോലെയുള്ള കൂലി വർദ്ധനവ് ജയിലിലെ തടവുകാർക്ക് ലഭിക്കുന്നുണ്ടോ എന്ന് കൂടെ പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും കൂടിയ കൂലി എന്നത് ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുള്ളത് 620 രൂപയാണ്. ഇത് എങ്ങനെയാണ് ലഭിക്കുന്നത് എന്ന് പരിശോധിച്ചാൽ ഇതിനെതിരായ പ്രചാരണങ്ങളുടെ പൊള്ളത്തരംവെളിവാകും. ഇതിൽ മൂന്നിലൊന്ന് തുക അഥവാ 30 ശതമാനം വിക്ടിം കോംപൻസേഷൻ ഫണ്ട് എന്ന സഞ്ചിത നിധിയിലേക്കാണ് പോകുന്നത്. 50 ശതമാനം തടവുകാരുടെ ആശ്രിതർക്ക് നൽകും. പലപ്പോഴും ശിക്ഷിക്കപ്പെടുന്നവരായിരിക്കും ആ വീട്ടിലെ ഏക വരുമാന മാർഗം എന്നതാണ് ഇതിന് കാരണം.
അതു കഴിഞ്ഞുവരുന്ന തുക മാസം 25 ദിവസം ജോലി ചെ്യുന്ന എന്ന് കണക്കാക്കിയാൽ തടവുകാരന് ലഭിക്കുന്നത് 3,100 രൂപ മാത്രമാണ്. അതായത് ദിവസ വേതനമായി കണക്കാക്കിയാൽ 124 രൂപ മാത്രമാണ് ലഭിക്കുന്നത്. ജയിൽ കഴിയുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കുള്ള സോപ്പ്, പേസ്റ്റ് എന്നിങ്ങനെ ഉള്ള ആവശ്യങ്ങൾക്കായും ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കരുതലായും വെക്കേണ്ടി വരുന്ന തുകയും. അപ്പീൽ നൽകാനും മറ്റ് അപേക്ഷകൾ നൽകാനുമൊക്കെ അവർ തുക കണ്ടെത്തേണ്ടത് ഇതിൽ നിന്നാണ്.
കേരളത്തിൽ ആകെ ഈ വേതന ലഭ്യതയുടെ പരിധിയിൽ വരുന്ന തടവുകാരുടെ എണ്ണം ഏകദേശം 4,200 പേരാണ് എന്നാണ് അനൗദ്യോഗിക കണക്ക്. ഇങ്ങനെ വരുന്ന തടവുകാരിൽ ഭൂരിപക്ഷം പേരും സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നാക്കം നിൽക്കുന്നതും പരാധീനതകൾ അനുഭവിക്കുന്നതുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്ന് നേരത്തെ തന്നെ വിവിധ റിപ്പോർട്ടുകൾ സൂപിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ലോകത്ത് എല്ലായിടത്തെയും പഠനങ്ങൾ ഇതേ രീതിയിലുള്ള സാമൂഹിക അവസ്ഥ തന്നെയാണ് കാണിക്കുന്നത്.
കേരളത്തിലെ തടവുകാരുടെ ജോലിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരിന് വരുമാനം 16 കോടി രൂപയാണ് എന്നാണ് ജയിൽ മുൻ ഡിജിപിയായിരുന്ന ഡോ. അലക്സാണ്ടർ ജേക്കബ് പറയുന്നത്. ഒരു ദിവസം ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിറ്റ് മാത്രം ദിവസം ട്രഷറിയിൽ അടയ്കകുന്നത് ആറ് ലക്ഷം രൂപയാണെന്ന് അലക്സാണ്ടർ ജേക്കബ് പറയുന്നു. ഇതിന് പുറമെ ബ്യൂട്ടി ക്ലിനിക്ക്, ഗാർമെന്റ്സ്, കരകൗശല വസ്തുക്കൾ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ വിറ്റുള്ള പണം സർക്കാർ ഖജനാവിൽ അടയ്ക്കുന്നുണ്ട്. ഇത് എല്ലാം കൂടി ഏകദേശം 16 കോടി വരുമെന്നാണ് കണക്ക്. 4,200 തടവുകാരിൽ എല്ലാപേർക്കും ഏറ്റവും ഉയന്ന തുക വച്ച് നൽകിയാൽ പോലുഈ തുകയിൽ നിന്നും ഇത് കണ്ടെത്താനാകും.
പൊതുവിൽ ജയിലിലെ വേതനവുമായി ബന്ധപ്പെട്ട് ഉയർന്നവന്ന എതിർവാദത്തിന് ഉദാഹരണമായി ഉന്നയിച്ചത് ആശാ വർക്കർമാരുടെ വേതനമാണ്. ആശമാരുടെ വേതനം വർദ്ധിപ്പിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതിനെ ജയിൽ വേതനവുമായി ബന്ധപ്പെടുത്തി കാണുന്നത് വസ്തുതാപരമല്ല. രണ്ട് പേരും ചെയ്യുന്ന ജോലിയും സാഹചര്യവും ഇതിൽ ഘടകമാണ്.
ജോലിക്ക് കൂലി കൊടുക്കണമെന്നും അദ്ധ്വാന വർഗത്തിന് ഒപ്പം നിൽക്കണമമെന്നും അവകാശപ്പെടുന്ന രാഷ്ട്രീയത്തിന്റെ വക്താക്കൾ പോലും വാദിക്കന്നത് ജയിലിലെ കൂലി നൽകുന്നതിലെ വർദ്ധനവിനെതിരായാണ്. തങ്ങളുടെ കൂലി കൂട്ടണം എന്ന വാദത്തിന് പകരം ജയിലിലുള്ളവർക്ക് കൂലി വർദ്ധിപ്പിച്ചു എന്നതാണ് പ്രശ്നമായി കാണുന്നത്. യഥാർത്ഥത്തിൽ ജയിലിലെ തൊഴിലിന് തൊഴിൽ ചെയ്യുന്ന ആളിന് ലഭിക്കുന്ന കൂലി പുറത്ത് ലഭിക്കുന്ന കൂലിയേക്കാൾ കുറവാണ്. സ്കിൽഡ് ലേബറിന് കേരളത്തിൽ ശരാശരി 1000 മുതൽ 1,200 രൂപ വരെ കൂലി ലഭിക്കുന്നുണ്ടെന്ന് സർക്കാർ റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. ജയിലിൽ കൊടുക്കുന്നതിനേക്കാൾ ഏകദേശം ഇരട്ടിയോളം വരും ഇത്. ഇത് മുഴുവൻ തൊഴിലാളിക്ക് കൈവശം കിട്ടുമ്പോൾ തടവുകാരനായ തൊഴിലാളിക്ക് പ്രഖ്യാപിച്ചിട്ടുള്ള കൂലിയുടെ 20 ശതമാനം മാത്രമേ സ്വന്തം ആവശ്യത്തിനായി ലഭിക്കുകയുള്ളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates