Infrastructure and development projects in Kerala funded through KIIFB across constituencies File
News+

കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കുന്ന കിഫ്ബി

കേരളത്തിലെ എല്ലാ മണ്ഡലത്തിലും എംഎൽഎമാർ എണ്ണിപ്പറയുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത് ഭൂരിപക്ഷവും കിഫ്ബി ഫണ്ട് വഴി

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും മുറപോലെ തന്നെ നടന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ് വരെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ഒരു ഘടകം തെരഞ്ഞെടുപ്പ് തീയതി വന്നതോടെ രൂപം മാറി. കേരളത്തിലെ തെരഞ്ഞെടുപ്പിലെ ഗതി നിർണ്ണയിക്കുന്ന ഒന്നായി ആ വിവാദ വാക്ക് മാറിയ കാഴ്ചയാണ് കേരളം കണ്ടത്.

ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎ മാരുടെ വിധി നിർണ്ണയിക്കുന്ന വാക്കായി കിഫ്ബി മാറി. എല്ലാ മണ്ഡലങ്ങളിലും കാണാവുന്ന ഒരു ചിത്രം വികസന നായകരായ എം എൽ എമാരാണ്. സംസ്ഥാന തലത്തിലെ വിവാദങ്ങൾക്കപ്പുറം പ്രാദേശിക തലത്തിലെ വോട്ട് തേടലിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നിർണ്ണായക ഘടകമായി മാറിയിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് എംഎൽഎ മാർ ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വോട്ട് ചോദിക്കുന്നത്. അതിന് അവരെ സഹായിച്ച പ്രധാന ഘടകമായി മാറിയിരിക്കുന്നു കിഫ്ബി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ ജില്ലയിലെ അരനൂറ്റാണ്ട് നീണ്ട ആവശ്യത്തിന് പരിഹാരത്തിന്റെ പാലമിട്ടത്. അരൂർ നിയമസഭാ മണ്ഡലത്തിലെ പെരുമ്പളം ദ്വീപിലെ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യം സഫലമായതായിരുന്നു അത്. . സംസ്ഥാനത്തെ ഏക ദ്വീപ് പഞ്ചായത്തായ പെരുമ്പളം ദ്വീപിലെ 15,000-ത്തിലധികം ജനങ്ങളുടെ അരനൂറ്റാണ്ടായുള്ള സ്വപ്നമായിരുന്നു വേമ്പനാട് തടാകത്തിന് കുറുകെയുള്ള പാലം.

31 തൂണുകളുള്ള ഈ പാലത്തിന് 1.115 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്, കൂടാതെ 7.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും ഉണ്ട്. ചേർത്തല-അരൂക്കുറ്റി റോഡിലേക്കും അരൂരിലെ NH66 ലേക്ക് ദ്വീപുവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാലം വഴി സാധിക്കും. 100 കോടി രൂപയാണ് നിർമ്മാണ ചെലവ്.

ഇതിന് ഏതാനും മാസം മുമ്പാണ് സംസ്ഥാനത്ത് ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം കേരളത്തി​ന്റെ തെക്കേയറ്റത്ത് പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിലാണ് അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലം നിർമ്മിച്ചത്.

കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലത്തിലൂടെ സഫലമായത്. സ്കൂൾ കോളജ് വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികൾ കടത്തു വള്ളത്തിനെ ആശ്രയിച്ചായിരുന്നു ഈ പാലം വരുന്നതുവരെ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്.

253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തി​ന്റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്.

Infrastructure and development projects in Kerala funded through KIIFB across constituencies

ഇത് ആലപ്പുഴയിലോ തിരുവനന്തപുരത്തോ മാത്രം ഒതുങ്ങുന്ന കഥയല്ല. ഓരോ മണ്ഡലത്തിലും പാലം, റോഡ്, ആശുപത്രി കെട്ടിടങ്ങൾ, ഡയാലിസിസ് സെന്ററുകൾ, സ്കൂൾ കെട്ടിടങ്ങൾ, പൊതു ആവശ്യങ്ങൾക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) എന്ന സ്ഥാപനം നിർണ്ണായമായ പങ്ക് വഹിച്ചു.

യുഡിഎഫിലെ മുസ്ലിം ലീഗ് എം കെ അഷ്റഫ് ആണ് മഞ്ചേശ്വരം മണ്ഡലത്തിലെ എം എൽ എ. സിപിഎമ്മുമായി നേർക്ക് നേർ പോരാടുന്ന യുഡിഎഫിലെ ആർ എം പിയിലെ കെ കെ രമയാണ് വടകര എം എൽ എ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വടക്കൻ പറവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇവിടെയൊക്കെ സ്കൂൾ കെട്ടിടങ്ങൾ, ഇൻഡോർ സ്റ്റേഡിയം, ഡയാലിസിസ് സെന്റർ എന്നിവ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായി കാണാം. ഇതിനെ വിപുലപ്പെടുത്തിയാൽ ഓരോ മണ്ഡലത്തിലെയും ചെറുതും വലുതമായ നിർമ്മാണ പ്രവർത്തനങ്ങളിൽ കിഫ്ബിയുടെ വിപുലമായ പ്രവർത്തന ശൃംഖല കാണാൻ കഴിയും.

സംസ്ഥാനത്തുടനീളം റോഡുകൾ, പാലങ്ങൾ, ജലപാതകൾ, സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കുന്നതിനാണ് കിഫ്ബി ഫണ്ട് പ്രധാനമായും ഉപയോഗിക്കുന്നത്.

കിഫ്ബിയുടെ കഥ

2025 ഡിസംബർ 31 വരെ 99,676 കോടി രൂപയുടെ 1,219 പദ്ധതികൾ കി.ഐ.എഫ്.ബി ഏറ്റെടുത്തു. ഇതിൽ 39,375 കോടി രൂപ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ 527 പദ്ധതികൾക്കായി ചെലവഴിച്ചു, ജലവിഭവ വകുപ്പ് 7,207 കോടി രൂപ 104 പദ്ധതികൾക്കായി ചെലവഴിച്ചു.

കഴിഞ്ഞ കലണ്ടർ വർഷം അവസാനം ( 2025 ഡിസംബർ 31 )വരെ 99,676 കോടി രൂപയുടെ 1,219 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തത്. ഇതിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ 527 പദ്ധതികൾക്കായി 39,375 കോടി രൂപ ചെലവഴിച്ചു, ജലവിഭവ വകുപ്പ് 104 പദ്ധതികൾക്കായി 7,207 കോടി രൂപയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനായി 6,854 കോടി രൂപ ചെലവിൽ 106 പദ്ധതികളും, വൈദ്യുതി വകുപ്പിനായി 5,200 കോടി രൂപ ചെലവിൽ 18 പദ്ധതികളും, പൊതുവിദ്യാഭ്യാസ വകുപ്പിനായി 3,229 കോടി രൂപ ചെലവിൽ 158 പദ്ധതികളും, ഉന്നത വിദ്യാഭ്യാസ വകുപ്പിനായി 2,343 കോടി രൂപ ചെലവിൽ 70 പദ്ധതികളിലുമാണ് കിഫ്ബിയുടെ മുദ്ര പതിഞ്ഞത്.

മൂന്നാം ഇ കെ നായനാർ സർക്കാർ 1999-ൽ വായ്പകൾ വഴി അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കുന്നതിനുള്ള എസ് പി വി (SPV) ആയി സ്ഥാപിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബി (KIIFB). 1999 നവംബർ 11 നാണ് കിഫ്ബി രൂപീകൃതമായതെങ്കിലും 2016 വരെ അതിന് വലിയ റോൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, 2016 ന് ശേഷം കിഫ്ബിക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഇതിന് നേതൃത്വം നൽകിയത് രണ്ടാം തവണ ധനമന്ത്രിയായി അധികാരത്തിലെത്തിയ തോമസ് ഐസക് സ്വീകരിച്ച നടപടികളായിരുന്നു. മസാല ബോണ്ട് ഉൾപ്പടെയുള്ള വഴികളിലൂടെ പണം സമാഹരിച്ചു.

GOVT. Arts college Attapadi

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കിഫ്ബിയുടെ മേൽനോട്ടത്തിലായി. അതിന്റെ ഗുണഫലം എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും എംഎൽഎ മാർക്ക് ലഭിച്ചതായി ഈ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ പ്രാദേശിക തലത്തിൽ പരിശോധിക്കുമ്പോൾ കാണാനാകും. എല്ലാവരും അവരുടെ വികസന പ്രവർത്തനങ്ങളായി എണ്ണിപ്പറയുന്നവയിലെ ഭൂരിപക്ഷം നിർമ്മാണ പ്രവർത്തനങ്ങളും നിറവേറ്റിയിരിക്കുന്നത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്.

കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയ കനഗോലു മുതൽ ഭൂരിപക്ഷം എംഎൽഎമാർക്കും പാർട്ടിനിയമങ്ങൾ മാറ്റി വീണ്ടും അവസരം നൽകിയ സി പി എം വരെ എല്ലാവരും കിഫ്ബി ഫണ്ട് വഴി എം എൽ എ മാർക്ക് വോട്ടർമാർക്കിടയിൽ കിട്ടിയ അനുകൂല വികാരം കണ്ടറിഞ്ഞാണ് തെരഞ്ഞെടുപ്പ് കളത്തിൽ കരുക്കൾ നീക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കിഫ്ബിയുടെ പേരിൽ ആരോപണമുയർത്തിയ പ്രതിപക്ഷം ഇപ്പോൾ കിഫ്ബിയെ കുറിച്ച് നിശബ്ദത പാലിക്കുന്നത് ഈ നേട്ടങ്ങൾ തങ്ങളുടെ എം എൽ എമാരെയും അക്കൗണ്ടിലുണ്ട് എന്നതാണ്.

വിവാദങ്ങൾ അവസാനിക്കാത്ത കിഫ്ബി

എന്നാൽ. കിഫ്ബിയുടെ മുകളിലുള്ള വിവാദങ്ങൾക്ക് അവസാനമായിട്ടില്ല. കോൺഗ്രസും ഇടതുപക്ഷത്തെ തന്നെ വിവിധ വിഭാഗങ്ങളിലുള്ളവരും നിരവധി സാമ്പത്തിക ശാസ്ത്രജ്ഞരും കിഫ്ബി ഫണ്ട് സ്വരൂപണത്തെ വിമർശിച്ചിരുന്നു. ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന ആരോപണം ഉയർന്നു. കേരളത്തിലെ പൊതുധനകാര്യത്തി​ന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് കിഫ്ബിയുടെ ഫണ്ട് സമാഹരണമെന്ന വിമർശനവും ഉയർന്നു. 2021-ൽ, KIIFBയുടെ ഓഫ്-ബജറ്റ് വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) കുറ്റപ്പെടുത്തി.

കിഫ്ബി ഫണ്ട് സ്വീകരിക്കുന്നത് കേരളത്തി​ന്റെ വായ്പാ അനുപാതത്തിൽപ്പെടുത്തി കേരളത്തി​ന്റെ വായ്പ എടുക്കാനുള്ള അവകാശത്തിന് മേൽ കേന്ദ്ര സർക്കാർ തടസ്സം സൃഷ്ടിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മസാല ബോണ്ടുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2025 ഡിസംബറിൽ, മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ഷോകോസ് നോട്ടീസ് നൽകി. ഫെമ നിയമങ്ങളുടെ ലംഘനം ആരോപിച്ചായിരുന്നു ഇത്. എന്നാൽ, കേരളാ ഹൈക്കോടതി ഇതിന് സ്റ്റേ നൽകി. ഏപ്രിൽ 25 ന് കോടതി കിഫ്ബിയുടെ വാദം കേൾക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ എല്ലാ എം എൽ എമാരുടെയും വിധി നിർണ്ണയിക്കുന്ന പ്രധാന ഇൻവെസ്റ്റ്മെ​ന്റാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബി (KIIFB) എന്ന യാഥാർത്ഥ്യം.

KIIFB plays a key role in Kerala’s development narrative, with most projects highlighted by MLAs across constituencies funded through KIIFB.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്'; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

സുജാത നായന്മാരുടെ വീട്ടിലേ പോകൂ; വീണ്ടും പിണങ്ങി ശ്രീലേഖ; തുരങ്കപാതയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; ഇറങ്ങിപ്പോയിട്ടില്ലെന്ന് ശ്രീലേഖ

ജയം തേടി സ്വന്തം തട്ടകത്തിൽ; പഞ്ചാബിനെതിരെ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

കീം 2026: ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് ഒരു മണി വരെ സമയം

SCROLL FOR NEXT