രാഷ്ട്രീയ കേരളത്തെ മാറ്റിയെഴുതിയ വർഷം

കേരള രാഷ്ട്രീയത്തിന്റെ ഗതി മാറിയ വർഷമായിരുന്നു 1964. രണ്ട് രാഷ്ട്രീയപാർട്ടികൾ പിളർന്ന് പുതിയ പാർട്ടികൾ ഉണ്ടായ വർഷമാണ് 1964. പുതിയ രണ്ട് പാർട്ടികളും കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായി മാറി. അതേകുറിച്ച്
1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
The 1964 split of political parties in Kerala led to the rise of influential new forces in state politics.Samakalika Malayalam
Updated on

1964. കേരള രാഷ്ട്രീയത്തി​ന്റെ ഗതി മാറ്റി എഴുതിയ വർഷം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തിയ രണ്ട് രാഷ്ട്രീയപാർട്ടികൾ പിറന്നത് ഈ വർഷമാണ് - സിപിഐയിൽ നിന്ന് അടർന്നു മാറി ഇടതു കമ്മ്യൂണിസ്റ്റുകൾ എന്ന പേരിൽ നിലകൊണ്ട് പിന്നീട് മാതൃ പാർട്ടിയായ സിപിഐയെക്കാൾ വളർന്ന സിപിഎം. രണ്ടാമത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പിളർന്നു കേരള രാഷ്ട്രീയത്തിലെ നിർണായക ഘടകമായി പിന്നീട് മാറിയ കേരള കോൺഗ്രസ്.

രണ്ട് പാർട്ടികളുടെ പിളർപ്പാണ് 1964 സംഭവിച്ചത് എന്ന നേർരേഖയിൽ കാണാൻ കഴിയുന്നതനപ്പുറമാണ് ഈ പിളർപ്പുകൾ കേരളത്തി​ന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വരുത്തിയ മാറ്റം. കേരളത്തിലെ സോഷ്യോ - പൊളിറ്റിക്കൽ ഫാബ്രിക്കിനെ സൂക്ഷ്മ തലത്തിൽ മാറ്റിയെഴുതിയതായിരുന്നു രണ്ട് പാർട്ടികളുടെ ഉദയവും വളർച്ചയും.

ആറുപതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ഈ രണ്ട് പാർട്ടികളും എവിടെ എത്തി നിൽക്കുന്നു? രാഷ്ട്രീയ കാർക്കശ്യത്തിൽ നിലകൊണ്ട സിപിഐ കേരള രാഷ്ട്രീയത്തിൽ തളർന്നു പോയത് എങ്ങനെ? വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്ന് സാക്ഷാൽ കെഎം മാണി വിശേഷിപ്പിച്ച കേരള കോൺഗ്രസിന് പിന്നീട് എന്ത് സംഭവിച്ചു?

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
പാതിയില്‍ ഓട്ടം നിറുത്തിയ ബസ്, പള്ളിക്കു മുന്നില്‍ ഉന്തുവണ്ടിയില്‍ തട്ടിയ കാര്‍.. ആ വിവാദങ്ങള്‍ വന്ന വഴികള്‍

കേരളത്തിൽ ആദ്യമായി ഭരണത്തിൽ എത്തിയ സിപിഐ പിളർപ്പിനുശേഷം രണ്ട് പാർട്ടികളായി നിലകൊണ്ടെങ്കിലും ഏതാണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷം കേരള രാഷ്ട്രീയത്തിൽ മുന്നണി തലത്തിൽ ഒത്തുചേരുന്നുണ്ട്. തുടക്കത്തിൽ അകന്നു നിന്ന ഇരു പാർട്ടികളും പിന്നീട് അടിയന്തിരാവസ്ഥ കാലത്ത് രണ്ട് ചേരികളിലായി. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയെ പിന്തുണച്ച സിപിഐ കോൺഗ്രസ് പിന്തുണയോടെ സിപിഐ 1970 മുതൽ 77 വരെ സർക്കാരിനെ നയിക്കുകയും ചെയ്തു. ആറര കൊല്ലം നീണ്ട ഭരണത്തോടെ കേരള രാഷ്ട്രീയത്തിൽ മറ്റാരും ഏറ്റുവാങ്ങാത്ത കളങ്കവുമായാണ് അന്നത്തെ മുഖ്യമന്ത്രി - രാഷ്ട്രീയ മാന്യതയുടെ പര്യായമായിരുന്ന - സി അച്യുതമേനോൻ പടിയിറങ്ങിയത്

അടിയന്താരവസ്ഥയുടെ നിഴലിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ ഉൾപ്പെടുന്ന സഖ്യം ജയിക്കുകയും കേരളത്തിൽ അധികാരത്തിൽ വരുകയും ചെയ്തു. എന്നാൽ അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ഒപ്പമുള്ളവരും വിജയിക്കുമ്പോൾ തോൽവിയുടെ രുചി സിപിഐ അറിഞ്ഞു തുടങ്ങി. ഈ തെരഞ്ഞെടുപ്പ് തോൽവികൾ സിപിഐയെ വീണ്ടു വിചാരത്തിലേക്ക് നയിക്കുന്നതിൽ ഘടകമായി. മാത്രമല്ല, സെൻഷർഷിപ്പ് കാലത്തിന് ശേഷം പുറത്തുവന്ന വാർത്തകൾ സിപിഐ നേതൃത്വത്തെ ഉലയ്ക്കുകയും ചെയ്തു.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
തമിഴ്‌നാട്: അധികാരം ഭാഷയാണ്

1978 ലാണ് കർഷക യുവജന തൊഴിലാളി പ്രക്ഷോഭങ്ങളിൽ ഒരുമിച്ചു മുന്നേറാൻ തീരുമാനിച്ച രണ്ട് ഇടതു പാർട്ടികളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. സിപിഐക്കുള്ളിൽ തന്നെ ആശയപരമായ പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള വലതു പാർട്ടികളുമായുള്ള സഖ്യത്തിൽ വിള്ളൽ വീഴുകയും ചെയ്തതോടെ പല മുതിർന്ന നേതാക്കളും ആശയ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചു.

അടിയന്തരാവസ്ഥയെ എതിർക്കാതിരുന്നതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐയിലെ ഒരുപക്ഷം മുന്നോട്ടുവരുന്നതോടെ 1978ലെ സിപിഐ പതിനൊന്നാം പാർട്ടി കോൺഗ്രസ് ഈ നയത്തെ ഔദ്യോഗികമായി പിന്താങ്ങി. കോൺഗ്രസ് നയിക്കുന്ന വലതുമുന്നണിയുടെ മുതലാളിത്ത സാമ്പത്തിക നയങ്ങളെ തള്ളിപ്പറഞ്ഞ്, സിപിഎമ്മുമായി ചേർന്ന് ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകണമെന്ന് സിപിഐ തീരുമാനിച്ചു. ഫലം 1977 ൽ ഭരണത്തിലേറിയ പി കെ വാസുദേവൻ നായർ മന്ത്രിസഭ രാജിവച്ച് ഇടത് ഐക്യം വളർത്താൻ രംഗത്തിറങ്ങി.

ഇതിൽ മുഖ്യധാര രാഷ്ട്രീയ നിരീക്ഷകർ കാണാതെ പോകുന്ന ഒരു പിളർപ്പിന്റെ ചരിത്രം കൂടെയുണ്ട്. 1967 ൽ ദേശീയ തലത്തിൽ മറ്റൊരു പിളർപ്പിന് കൂടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സാക്ഷ്യം വഹിച്ചു. സിപിഎമ്മിൽ നിന്നു വിട്ടുപോയവർ രൂപീകരിച്ച നക്സൽ ബാരി പ്രസ്ഥാനം കേരളത്തിലും അലയൊലികൾ സൃഷ്ടിച്ചു.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
സന്ധ്യയ്ക്കു വിരിഞ്ഞ പൂവില്‍ മിന്നി മാഞ്ഞ ഉമ്മന്‍ ചാണ്ടി, ചീട്ടുകളി സ്ഥലത്തെ ശശീന്ദ്രന്‍; സിനിമയില്‍ പതിഞ്ഞ തെരഞ്ഞെടുപ്പു ചിത്രങ്ങള്‍

കേരളത്തിലങ്ങോളമിങ്ങോളം സാമൂഹിക, സാംസ്കാരിക മേഖലയിൽ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കാൻ നക്സലൈറ്റ് പ്രസ്ഥാനത്തിന് സാധിച്ചിരുന്നു. എ വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയത്, അടിയന്തരാവസ്ഥ കാലത്തെ, രാജൻ, വിജയൻ തുടങ്ങിയവരുടെ കൊലപാതകം, അടിച്ചമർത്തൽ, സമാന്തരമായി കേരളത്തിൽ ഉയർന്നു വന്ന പുതിയൊരു രാഷ്ട്രീയ സാംസ്കാരിക പരിസരം ( ഇത് കേരളത്തിൽ മാത്രമല്ല, ബംഗാൾ, ബീഹാർ, തുടങ്ങി ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരുകളുള്ള സ്ഥലങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ കാണപ്പെട്ടു) ഇത് വ്യവസ്ഥാപിത നിലയിലേക്ക് ചുരുങ്ങിയ സിപിഐയക്കും സിപിഎമ്മിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള വെല്ലുവിളി ഉയർത്തിയേക്കാം എന്ന ആശങ്ക ഉണ്ടായി.

തുടക്കത്തിൽ വിദ്യാർത്ഥി തൊഴിലാളി യുവജന പ്രക്ഷോഭങ്ങളിൽ മാത്രം സഹകരിക്കാൻ തീരുമാനിച്ച ഇരു പാർട്ടികളും പിന്നീട് ഒരു രാഷ്ട്രീയ മുന്നണിയാകാൻ തീരുമാനിച്ചു. 1980 ഓടെ ഇരു പാർട്ടികളും ഒത്തുചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതോടെ കേരള രാഷ്ട്രീയത്തിൽ സിപിഎമ്മും സിപിഐയും കൈകോർത്ത് മുന്നോട്ടു നീങ്ങുന്ന യുഗം ആരംഭിച്ചു.

സാന്ദർഭികമായി പറയട്ടെ, ദേശീയതലത്തിൽ നടന്ന ഈ നീക്കങ്ങളുടെ പശ്ചാത്തതലത്തിൽ ഏതാണ്ട് ഇതേ സമയത്ത് തന്നെ പശ്ചിമബംഗാളിലും സിപിഐയും സിപിഎമ്മും തമ്മിൽ സഹകരിക്കാൻ തുടങ്ങി.വലതു കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തിരുന്ന എസ് എ ഡാങ്കെ 1981ൽ സിപിഐയിൽ നിന്ന് പുറത്താകുന്നതോടെ പശ്ചിമബംഗാളിലെ പാർട്ടി പൂർണ്ണമായും ഇടതുപക്ഷത്തിന്റെ ഭാഗമായി.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
വിജയത്തുടർച്ചയുടെ കോണി കയറിയവരുടെ കഥ, 'തുടർഭരണം' തുടർക്കഥയാക്കിയ ലീഗ് മണ്ഡലങ്ങൾ

കേരളത്തിൽ മാത്രമായി സിപിഎമ്മിൽ നിന്ന് വിട്ടുപോയി പുതിയ സംഘടന രൂപീകരിച്ച മൂന്ന് മുതിർന്ന നേതാക്കളുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കെ പി ആർ ഗോപാലൻ, എം വി രാഘവൻ, കെ ആർ ഗൗരിയമ്മ എന്നിവരായിരുന്നു അവർ. എംവിആറും ഗൗരിയമ്മയും യഥാക്രമം സിഎംപിയും ജെ എസ് എസ്സും രൂപീകരിക്കുകയും യുഡിഎഫ് ഘടകക്ഷികളായി മത്സരിക്കുകയും മന്ത്രിമാരാകുകയയും ചെയ്തു. 1968ൽ കെപിആർ ഗോപാലൻ സിപി എം വിട്ട് ബോൾഷെവിക് പാർട്ടി രൂപീകരിച്ചെങ്കിലും അത് വളർത്താനോ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാനോ അദ്ദേഹം തുനിഞ്ഞില്ല.

ഈ മുവർക്കും ശേഷവും സിപി എമ്മിൽ നിന്നും വിട്ടുപോയവരും പാർട്ടിയുണ്ടാക്കിയവരും ഉണ്ട്. അതിൽ വിബി ചെറിയാൻ, ടിപി ചന്ദ്രശേഖരൻ, തളിക്കുളം സന്തോഷ് എന്നിവർ ഉൾപ്പെടുന്നു. ഇവരിൽ ചെറിയാൻ ഒഴികെയുള്ളവർ പ്രാദേശിക തല നേതൃത്വത്തിൽ നിന്നവരാണ്.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
ഇടതുപാർട്ടികളിലെ കൊഴിഞ്ഞുപോക്ക്, തെറ്റിയത് ആർക്ക്?

ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച് നാലര പതിറ്റാണ്ടിനുശേഷം ഇരു പാർട്ടികളും എവിടെ നിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. പിളർപ്പിന്റെ കാരണങ്ങൾ ഇരു പാർട്ടികളും തമ്മിലുള്ള ആശയ ഭിന്നത കാരണമാണ് എന്ന് പരസ്യമായി പറയുമ്പോഴും രാഷ്ട്രീയ വ്യതിയാനത്തിന്റെ പേരിൽ ഇരുവരും ഇപ്പോഴും പരസ്പരം പരിഹസിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

മാത്രമല്ല പിളർപ്പ് ഇരു പാർട്ടികളുടെയും രാഷ്ട്രീയ ശക്തി ക്ഷയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതും ശ്രദ്ധേയമാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐക്ക് കിട്ടിയത് 126ൽ 60 സീറ്റുകൾ ആയിരുന്നെങ്കിൽ 1964 ലെ പിളർപ്പിന് ശേഷം 1965ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 40 സീറ്റും സിപിഐക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്. 1967ൽ ആകട്ടെ സിപിഎം 52 ലേക്ക് ഉയർന്നപ്പോൾ സിപിഐ സീറ്റുകളുടെ എണ്ണം 19 ലെത്തി. എഴുപതിൽ കഥ മാറി വീണ്ടും. സിപിഎം 29 സീറ്റും സിപിഐ പതിനാറും. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആകട്ടെ സിപിഐ 23 സീറ്റ് നേടിയപ്പോൾ സിപിഎം 17 സീറ്റിൽ ഒതുങ്ങി. ഒരുപക്ഷേ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സിപിഎമ്മിനെക്കാൾ സിപിഐ കൂടുതൽ സീറ്റുകൾ നേടിയ ഒരേയൊരു തെരഞ്ഞെടുപ്പ് ആയിരിക്കണം ഇത്.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
കേരളത്തിലെ വനിതാ മുഖ്യമന്ത്രി സ്വപ്നവും, അമേരിക്കൻ ക്യാപ്സൂളും

ഇടതുപക്ഷം യോജിച്ച മുന്നേറ്റവുമായി രംഗത്തിറങ്ങിയ എൺപതിലെ തെരഞ്ഞെടുപ്പിൽ സിപിഎം 35 സീറ്റ് നേടിയപ്പോൾ സിപിഐ 17 സീറ്റ് നേടി കരുത്തു തെളിയിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇരു പാർട്ടികളും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ചില വിഷയങ്ങൾ ഇവർക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. 2014 ൽ പിളപ്പിന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചതും അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അത് പരസ്യമായി തള്ളിക്കളഞ്ഞതും വലിയ വാർത്തയായിരുന്നു

ഇടതുപക്ഷം മികച്ച വിജയം നേടിയ 2006ലും 2016ലും 2021 എല്ലാം സിപിഐ മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ കാരുണ്യത്തിലാണ് പലയിടത്തും വിജയം നേടിയതെന്നത് മറക്കാൻ കഴിയില്ല. പ്രാദേശികമായ തർക്കങ്ങൾ മാത്രമല്ല ഇരു പാർട്ടികളും തമ്മിലുള്ള ആശയപരമായ ഭിന്നത മുതിർന്ന നേതാക്കൾക്കിടയിൽ പോലും പലപ്പോഴും മറനീക്കി പുറത്തു വരാറുണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഉറ്റ സുഹൃത്തുകൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടതുപക്ഷത്തിന്റെ ചരിത്രം പറഞ്ഞു പരസ്യമായി ഏറ്റുമുട്ടിയത്. ഏതാണ്ട് ഒരാഴ്ചക്കാലം അങ്ങോട്ടുമിങ്ങോട്ടും ആരോപണശരങ്ങൾ ചൊരിഞ്ഞ ഇരു നേതാക്കളും പിന്നീട് പരസ്യമായ വിഴുപ്പലക്കൽ നിർത്തുകയായിരുന്നു.

ഒരുപക്ഷേ ആശയ സംവാദത്തിന്റെ പേരിൽ പിളർന്നില്ലായിരുന്നുവെങ്കിൽ കേരളത്തിൽ എതിരാളികളില്ലാത്ത രാഷ്ട്രീയ ശക്തിയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും തലയുയർത്തി നിന്നേനെ.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
കേൾക്കാൻ ആളില്ല, പറയാൻ ഇടവുമില്ല; സിപിഎമ്മി​ന്റെ കേരള പ്രതിസന്ധി

കോൺഗ്രസിലെ കലഹവും കേരളാ കോൺഗ്രസിന്റെ ജനനവും

1964 തുടക്കത്തിൽ കോൺഗ്രസിലെ ചില സംഭവവികാസങ്ങളാണ് കേരള കോൺഗ്രസിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒരു വിവാദം ആദ്യം ചാക്കോയുടെ രാജിയിലേക്ക് നയിച്ചു.

അധികം വൈകാതെ അപ്രതീക്ഷിതമായി അദ്ദേഹം നിര്യാതനാവുകയും ചെയ്തു. അതോടെ കോൺഗ്രസിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് തർക്കങ്ങൾ ശക്തമായി. മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത രോഷമുയർന്നു. കോൺഗ്രസിനകത്തെ ഈ ആഭ്യന്തര കലാപത്തിൻറെ സൃഷ്ടിയായിരുന്നു കേരള കോൺഗ്രസ് എന്ന പുത്തൻ പാർട്ടി. കോൺഗ്രസിനുള്ളിലെ സവർണ ക്രിസ്ത്യൻ വിഭാഗവും നായർ വിഭാഗം നേതാക്കളും മുഖ്യമന്ത്രിയിൽ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കോട്ടയത്തെ തിരുനക്കര മൈതാനത്ത് നടന്ന രാഷ്ട്രീയ യോഗത്തിൽ കെഎം ജോർജിന്റെ നേതൃത്വത്തിൽ 1964 ഒക്ടോബറിൽ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിക്കപ്പെടുന്നത്.

തുടർന്ന് ആറുപതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ വലത്തും ഇടത്തുമായി മാറിമാറി കളം പിടിക്കുകയും അധികാരത്തിൽ വരുകയും ചെയ്ത ഒരു പിടി പാർട്ടികളുടെ ഉദയമായിരുന്നു അന്ന് തിരുനക്കര സംഭവിച്ചത്. ഓരോ രാഷ്ട്രീയ പ്രതിസന്ധിയും പുതിയ പുതിയ പിളർപ്പിലേക്ക് നയിക്കുകയും പുത്തൻ നേതാക്കൾ ഉയർന്നു വരികയും ചെയ്ത കേരള കോൺഗ്രസിൽ അധികാര രാഷ്ട്രീയത്തിൽ ഏറ്റവും മുന്നിലെത്തിയ നേതാവ് കെഎം മാണിയായിരുന്നു. പലതവണ ഇടതുപക്ഷത്തേക്ക് നോട്ടമിട്ടെങ്കിലും ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തി ദുർഗമായി നിലകൊണ്ട കെ എം മാണി കേരളത്തിൽ ഏറ്റവും അധികം സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി കൂടിയാണ്.

മധ്യ തിരുവിതാംകൂറിലെ റബ്ബർ കർഷകരുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് രൂപീകരിക്കപ്പെട്ട കേരള കോൺഗ്രസ് ചിലപ്പോഴെങ്കിലും റബ്ബർ പാലിന്റെയും ഒട്ട് പശയുടെയും സ്വഭാവം കാണിക്കുന്നുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഇടത് വലതുമുന്നണികളിൽ ഭാഗമായ കേരള കോൺഗ്രസ്സുകൾ മധ്യ കേരളത്തിൽ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗത്തും ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
'അച്ഛന് പകരം ഹൈക്കമാൻഡിനെ കാണാൻ ഞാനാണ് പോകുന്നത്'; ളാഹേൽ വക്കച്ചൻ മുതൽ സ്റ്റീഫൻ നെടുമ്പള്ളിവരെ, മലയാള സിനിമയിലെ രാഷ്ട്രീയ മുഖങ്ങൾ

രസകരമെന്നു പറയട്ടെ, ആറുപതിറ്റാണ്ടിനു ശേഷം കേരള കോൺഗ്രസിന്റെ പത്തോളം വിഭാഗങ്ങൾ ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലുണ്ട്. അവയിൽ കെഎം മാണി തലതൊട്ടപ്പനായിരുന്ന - ഇപ്പോൾ ജോസ് കെ മാണി നയിക്കുന്ന - കേരള കോൺഗ്രസ് എം, പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്, ടി എം ജേക്കബ് നേതാവായിരുന്ന - ഇപ്പോൾ അനൂപ് ജേക്കബ് നയിക്കുന്ന - കേരള കോൺഗ്രസ് ജെ, ആർ ബാലകൃഷ്ണപിള്ളയിൽ നിന്ന് മകൻ കെ ഗണേഷ് കുമാർ സാരഥ്യം ഏറ്റെടുത്ത കേരള കോൺഗ്രസ് ബി, ആന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ്.

പിന്നീട് ബിജെപിയുടെ ഭാഗമായ പി സി ജോർജിന്റെ കേരള കോൺഗ്രസ് സെക്കുലർ, രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ എൻ ഡി എ യുടെ ഭാഗമാവുകയും പിന്നീട് പുറത്ത് വരികയും ചെയ്ത പിസി തോമസ് നയിച്ച ഐഎഫ് ഡിപി തുടങ്ങിയവയൊക്കെ ശ്രദ്ധേയമാണ്. നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നൊരു പാർട്ടി ജോണി നെല്ലൂരും ജോർജ് ജെ മാത്യുവുമൊക്കെ ചേർന്ന് രൂപീകരിച്ചിരുന്നു. പിന്നീട് ആ പാർട്ടിയിൽ നിന്ന് നേതാക്കൾ തന്നെ പിന്മാറി എന്നായിരുന്നു വാർത്തകൾ.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
കേരളാ കോൺഗ്രസിലെ തലമുറ മാറ്റം പൂ‍ർണ്ണതയിലേക്ക് കടക്കുമ്പോൾ

ആഭ്യന്തര കലാപവും ആശയ ഭിന്നതകളുമാണ് പാർട്ടിയുടെ പിളർപ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും കുടുംബാധിപത്യമാണ് കേരള കോൺഗ്രസിൻറെ പ്രധാന സ്വഭാവം. അധികാര രാഷ്ട്രീയത്തിൽ വ്യക്തമായി കണ്ണുനട്ട് മുന്നോട്ട് നീങ്ങിയ കേരള കോൺഗ്രസ് 1965 ൽ, പാർട്ടിയുടെ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ, 23 സീറ്റ് നേടി കരുത്തു തെളിയിച്ചു. പിന്നീട് 67ലെ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (കെ ഇ സി )എന്ന പാർട്ടിക്ക് കിട്ടിയത് അഞ്ച് സീറ്റുകൾ മാത്രമാണ്. 1970 ൽ അത് 12 സീറ്റായി ഉയർന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1970ലെ തെരഞ്ഞെടുപ്പിൽ 20 സീറ്റാണ് കേരളാ കോൺഗ്രസ് സ്വന്തമാക്കിയത്.

അപ്പോഴേക്കും പാർട്ടിയിൽ പിളർപ്പി​ന്റെ യുഗം തുടങ്ങി കഴിഞ്ഞിരുന്നു. 1980ൽ പല പാർട്ടികളായാണ് കേരള കോൺഗ്രസ് ഘടകങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തുടർന്നിങ്ങോട്ട് കേരള കോൺഗ്രസ് ഘടകങ്ങൾ ഇടതു വലതുമുന്നണികളുടെ ഭാഗമായി ഓരോ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രധാന വഴിത്തിരിവുകളിലും കേരള കോൺഗ്രസ് രാഷ്ട്രീയം നിർണായകമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്.

1964 Kerala political party split leading to formation of new influential parties in state politics,CPI,CPM, Congress, Kerala Congress
മാണി​ഗ്രൂപ്പി​ന്റെ പോക്കുവരവ്; പിന്നിൽ നടന്നത് എന്ത്?

ഏറ്റവുമൊടുവിൽ കെഎം മാണിയും പിജെ ജോസഫും ഒന്നിക്കാൻ തീരുമാനിച്ചതും തുടർന്ന് മാണിയുടെ മരണശേഷം ജോസ് കെ മാണിയും പിജെ ജോസഫും തമ്മിൽ പിരിഞ്ഞതും പിജെ ജോസഫ് ഘടകം വലതുവശത്ത് ഉറച്ചു നിന്നപ്പോൾ ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചുവടു മാറിയതുമെല്ലാം സമീപകാല രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവവികാസങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനും തുടർന്ന് സഹകരണത്തിനും വഴി തെളിച്ചത് പ്രത്യയശാസ്ത്ര വിഷയങ്ങളായിരുന്നു. എന്നാൽ, അധികാരവും കുടുംബാധിപത്യവുമാണ് കേരള കോൺഗ്രസ് പാർട്ടികളുടെ മുഖമുദ്ര. ഇരുവശത്തും മാറിമാറി നിന്ന് കേരള രാഷ്ട്രീയത്തി​ന്റെ ഗതിവിഗതികൾ നിർണയിക്കുന്ന ശക്തികളായി ഇപ്പോഴും ഇവർ തുടരുകയും ചെയ്യുന്നു.

വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സിപിഐ മുന്നോട്ടുവച്ച ഇടത് ഏകീകരണം എന്ന ആശയം ഒരിക്കൽ കൂടി ചർച്ചയാകുമ്പോൾ, മറുവശത്ത് ഒന്നിക്കാൻ ആകാത്ത വിധത്തിൽ കേരള കോൺഗ്രസുകൾ പല ഘടകങ്ങളായി പലയിടത്തും ചേക്കേറി കഴിഞ്ഞു. അവ ഇടത്, വലത് മുന്നണികൾ മാത്രമല്ല ബിജെപി നയിക്കുന്ന എൻ ഡിഎ മുന്നണിയുമുണ്ട്.

Summary

In 1964, two major political parties in Kerala split, resulting in the formation of new parties (CPM and Kerala Congress) that became key players in state politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com