''ഒരു പൂമരക്കാറ്റ് പെയ്ത പോലെ.......... നിറയെ ചുവന്ന പൂക്കള്‍'' എന്നു കവി പാടിയതു പോലെ ഇളം പച്ചനിറമാര്‍ന്ന ഇലകള്‍ക്കിടയില്‍ നിറയെ ചുവന്ന പൂക്കള്‍! ഉദയസൂര്യനേയും അസ്തമയ സൂര്യനേയും തോല്പ്പിക്കാനെന്നവണ്ണം പൂത്തു നില്ക്കുന്ന ചുവന്ന പൂക്കള്‍! എത്ര മനോഹരമാണ് തീജ്വാല പോലെയുള്ള ഈ പൂക്കള്‍! ഈ ജ്വാലാമുഖികളുടെ തീക്ഷ്ണസൗന്ദര്യം സ്വന്തം പൂന്തോപ്പിലേക്ക് കൊണ്ടുവരുവാന്‍ ആരായാലും ആഗ്രഹിച്ചുപോകും!
പൂന്തോട്ടങ്ങള്‍ക്കു നിറപ്പകിട്ടേകുന്ന ചെടിയാണ് മെക്സിക്കന്‍ ഫ്ലേം വൈന്‍ (Mexican Flame Vine). തീജ്വാല പോലെ ആകര്‍ഷകമായ ചുവപ്പും ഓറഞ്ചും അല്ലെങ്കില്‍ ഓറഞ്ചും മഞ്ഞയും ഇടകലര്‍ന്ന പൂക്കളാല്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഈ അലങ്കാരച്ചെടി. മെക്സിക്കന്‍ ഫ്ലേം വൈന്‍, ഓറഞ്ച് ഗ്ലോ വൈന്‍, ഓറഞ്ച്-ഫ്ലവേര്ഡ് ഗ്രൗണ്ട്സെല്, ഓറഞ്ച്-ഫ്ലവേര്ഡ് സെനെസിയോ, ബന്ദേര എസ്പാനോല, മാര്‍ഗരിറ്റ ഓസ്ട്രേലിയാന, മാര്‍ഗരിറ്റ ഹംഗാര തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പല പ്രാദേശിക പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. സെനെസിയോ കണ്ഫ്യൂസ്, സെനെസിയോ ചെനോപോഡിയോയ്സ്, സെനെസിയോ കെര്മെസിനസ് എന്നിവയും അതിന്റെ പഴയ ശാസ്ത്രീയ നാമങ്ങളോ പേരുകളോ ആണ്. ഭംഗിയുള്ള പൂക്കളും പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന സ്വഭാവവും കുറഞ്ഞ പരിപാലനം മതിയെന്നുള്ളതും ഈ ചെടിയെ ജനപ്രിയമായ അലങ്കാരച്ചെടിയായി മാറ്റുന്നു.
പേരു സൂചിപ്പിക്കുന്നതുപോലെ, അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, പ്രധാനമായും മെക്സിക്കോയാണ് മെക്സിക്കന്‍ ഫ്ലേം വൈനിന്റെ ജന്മദേശം. മനോഹരമായ പൂക്കളും പടര്‍ന്നു കയറുന്ന സ്വഭാവവും കാരണം, മനുഷ്യര്‍ ഈ വള്ളിച്ചെടിയെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ഒരു അലങ്കാര സസ്യമായി പരിചയപ്പെടുത്തി. കാലക്രമേണ ഇത് പ്രകൃതിയുമായി ഇണങ്ങിച്ചേരുകയും, അധിനിവേശ സ്വഭാവമുള്ള ഒരു കളയായി മാറുകയും ചെയ്തു. ചില സ്ഥലങ്ങളില്‍ അപകടകാരിയായ അധിനിവേശ സസ്യമായിത് മാറിയിരിക്കുന്നു.
അറിയണം മെക്സിക്കന്‍ ഫ്ലേം വൈന്‍ എന്ന അലങ്കാരച്ചെടിയെ
ആസ്റ്ററേസി (Asteraceae) കുടുംബത്തില്‍പ്പെടുന്ന സ്യൂഡോജിനോക്സിസ് (Pseudogynoxys) ജനുസ്സിലെ സ്യൂഡോഗൈനോക്സിസ് കെനോപോഡിയോയിഡീസ് (Pseudogynoxys chenopodioides) എന്ന ശാസ്ത്രനാമധേയത്തില് അറിയപ്പെടുന്ന മെക്സിക്കന്‍ ഫ്ലേം വൈന്‍ (Mexican Flame Vine), അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ളതാണ്. മെക്സിക്കന്‍ ഫ്ലേം വൈനിന്റെ പടര്‍ന്നു കയറുന്ന സ്വഭാവവും ചുവപ്പും ഓറഞ്ചും അല്ലെങ്കില്‍ ഓറഞ്ചും മഞ്ഞയും ഇടകലര്‍ന്ന ഡെയ്സി അല്ലെങ്കില്‍ സൂര്യകാന്തി പോലുള്ള ശ്രദ്ധേയമായ പൂക്കളും ഉഷ്ണമേഖലാ- ഉപോഷ്ണമേഖലാ ഉദ്യാനങ്ങളിലെ ഒരു ജനപ്രിയ അലങ്കാര സസ്യമാക്കി ഇതിനെ മാറ്റുന്നു.
നിത്യഹരിതവും ബഹുവര്ഷിയുമായ മെക്സിക്കന്‍ ഫ്ലെയിം വൈന്‍ എന്ന ഈ വള്ളിച്ചെടി, വളരെ വേഗത്തില്‍ വളരുന്നതും ചുറ്റിപ്പടരുന്നതുമായ ഒരു സസ്യമാണ്. അനുയോജ്യമായ താങ്ങുകള്‍ ലഭിച്ചാല്‍ 3 മുതല്‍ 6 മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ഇതിന് കഴിയും. അനുകൂല സാഹചര്യങ്ങളില്‍ ഇതിലും കൂടുതല്‍ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. വഴക്കമുള്ള തണ്ടുകളുടെ സഹായത്തോടെ അടുത്തുള്ള ചെടികള്‍ക്ക് മുകളിലൂടെയോ വേലികള്‍ക്കും മറ്റ് ഘടനകള്‍ക്കും മുകളിലൂടെയോ ഇത് പടര്‍ന്നു കയറുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വര്‍ഷം മുഴുവനും പച്ചപ്പാര്‍ന്ന ഇലകളോടെ കാണപ്പെടുന്ന ഈ സസ്യം, അതിമനോഹരമായ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ കാരണം അലങ്കാര സസ്യമായി ജനപ്രിയമാണ്.
ഇതിന്റെ തണ്ടുകള്‍ നീളമുള്ളതും നേര്‍ത്തതും വഴക്കമുള്ളതും പടര്‍ന്നു കയറുന്ന സ്വഭാവമുള്ളതുമാണ്. ചെടിയുടെ മൂപ്പെത്തിയ തണ്ടുകള്‍ മരം പോലെ ഉറപ്പുള്ളതായിരിക്കും. തണ്ടുകള്‍ സാധാരണയായി ഉരുണ്ട ആകൃതിയിലുള്ളതും നീളത്തില്‍ വരകളോ ചാലുകളോ ഉള്ളതുമാണ്. ഇളം തണ്ടുകളില്‍ നേര്‍ത്തതും മൃദുവായതുമായ രോമങ്ങള്‍ കാണപ്പെട്ടേക്കാം, എന്നാല്‍ മൂപ്പെത്തിയ തണ്ടുകള്‍ സാധാരണയായി മിനുസമുള്ളതോ രോമങ്ങള്‍ തീരെയില്ലാത്തതോ ആയിരിക്കും. താങ്ങുകളെ ചുറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്; താങ്ങുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവയ്ക്ക് തിരശ്ചീനമായി പടരാനും സാധിക്കും. നനവുള്ള മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഭാഗങ്ങളില്‍ വേരുകള്‍ മുളയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇതിന്റെ നാര് വേരുപടലം ചെടിയെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനൊപ്പം, അതിവേഗം പടര്‍ന്നു കയറാനും വളരാനും സഹായിക്കുന്നു.
ഇവയുടെ ലളിതമായ നിത്യഹരിത ഇലകള്‍ തണ്ടുകളില്‍ ഒന്നിടവിട്ട് ക്രമീകരിച്ചിരിക്കുന്നു. അണ്ഡാകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഹൃദയാകൃതിയിലോ ഉള്ള ഇലയുടെ അഗ്രഭാഗം കൂര്‍ത്തതാണ്. ഇലകളുടെ അരികുകള്‍ സാധാരണയായി പല്ലുകള്‍ പോലെയുള്ള ഘടനയോടുകൂടിയവയാണ്. ഇലകള്‍ക്ക് സാധാരണയായി 2 മുതല്‍ 8 സെന്റീമീറ്റര്‍ വരെ നീളവും 1 മുതല്‍ 5 സെന്റീമീറ്റര്‍ വരെ വീതിയുമുണ്ടാകും. ഇവയില്‍ വ്യക്തമായ സിരാവിന്യാസം കാണപ്പെടുന്നു. ഇലകളുടെ ഉപരിതലം പൊതുവേ പച്ചനിറത്തിലുള്ളതും മിനുസമുള്ളതും നേരിയ തിളക്കമുള്ളതുമാണ്. ഇളം ഇലകളില്‍ ചിലപ്പോള്‍ നേരിയ രോമങ്ങള്‍ കാണപ്പെടാറുണ്ട്.
മെക്സിക്കന്‍ ഫ്ലെയിം വൈനിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകതകളിലൊന്നാണ് ഇതിലെ പൂക്കള്‍. ഇവയ്ക്ക് ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമാണുള്ളത്. ഡെയ്സി പൂക്കളെപ്പോലെ ആസ്റ്ററേസി സസ്യകുടുംബത്തിന്റെ സവിശേഷതയായ കോമ്പോസിറ്റ് (composite) പുഷ്പവിന്യാസമാണ് ഇവയ്ക്കുമുള്ളത്. ശാഖകളുടെ അഗ്രഭാഗത്ത് ചെറിയ കൂട്ടങ്ങളായാണ് ഇവ സാധാരണയായി കാണപ്പെടുന്നതെങ്കിലും ഒറ്റപ്പെട്ട പൂക്കളും ഉണ്ടാകാം. ഓരോ പൂങ്കുലയിലും രണ്ട് വ്യത്യസ്ത ചെറിയ പൂക്കള്‍ (florets) കാണപ്പെടുന്നു. പുറംഭാഗത്തുള്ളവ 'റേ ഫ്ലോറെറ്റുകള്' (ray florets) എന്ന് അറിയപ്പെടുന്നു; ഇവ നീളമുള്ളതും ഇടുങ്ങിയതും ദളങ്ങള്‍ പോലെ തോന്നിക്കുന്നവയുമാണ്. മധ്യഭാഗത്തുള്ളവ 'ഡിസ്ക് ഫ്ലോറെറ്റുകള്' (disc florets) എന്ന് അറിയപ്പെടുന്നു; ഇവ ചെറുതും കുഴല്‍ രൂപത്തിലുള്ളതും സാധാരണയായി മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ളവയുമാണ്. റേ ഫ്ലോറെറ്റുകള് പ്രധാനമായും ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലായിരിക്കും. വളരുന്ന സാഹചര്യങ്ങളെ ആശ്രയിച്ച് ഇവയുടെ പൂങ്കുലകള്‍ക്ക് ഏകദേശം 2 മുതല്‍ 5 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ടാകാം. തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍ തുടങ്ങിയ പ്രാണികളെ പരാഗണത്തിനായി തേന്സമ്പുഷ്ടമായ ഈ പൂക്കള്‍ ആകര്‍ഷിക്കുന്നു.
പരാഗണവും ബീജസങ്കലനവും വിജയകരമായി നടക്കുമ്പോള്‍, ഫലങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആസ്റ്ററേസി കുടുംബത്തിന്റെ പ്രത്യേകതയായ 'സിപ്സെല' (cypsela) എന്ന ഇനത്തില്‍പ്പെട്ട ഇവയുടെ ഫലം ചെറുതും ഒരൊറ്റ വിത്തുള്ളതുമാണ്. ഉരുണ്ട ആകൃതിയിലുള്ളതും നേരിയ വരകളോടു കൂടിയതുമായ ഇവ വളരെ നേര്‍ത്ത രോമങ്ങളാല്‍ മൂടപ്പെട്ടതായിരിക്കും. പാകമായ സിപ്സെലയ്ക്ക് ഏകദേശം 2 മുതല്‍ 4 മില്ലിമീറ്റര്‍ വരെ നീളമുണ്ടാകും. ഇതിന്റെ മുകള്‍ഭാഗത്ത് 'പാപ്പസ്' (pappus) എന്ന് വിളിക്കപ്പെടുന്ന, രോമങ്ങളുള്ള വെളുത്ത ഒരു ഘടന കാണപ്പെടുന്നു. പാപ്പസില് ധാരാളം നേര്‍ത്ത നാരുകള്‍ (bristles) അടങ്ങിയിരിക്കുന്നു; ഇവ ഫലവുമായി ചേര്ന്നുനില്ക്കുകയും കാറ്റിലൂടെ വിത്തുകളെ ദൂരേക്ക് വിതരണം ചെയ്യപ്പെടുവാന്‍ സഹായിക്കുകയും ചെയ്യുന്നു. അനുയോജ്യമായ മണ്ണില്‍ പതിക്കുന്ന വിത്തുകള്‍ മുളച്ച് പുതിയ ചെടികളായി വളരുന്നു.
മെക്സിക്കന്‍ ഫ്ലെയിം വൈന്‍ വിത്തുകള്‍ വഴിയുള്ള ലൈംഗിക പ്രജനനത്തിലൂടെയും, തണ്ടുകള്‍ വഴിയുള്ള കായിക പ്രജനനത്തിലൂടെയും (vegetative propagation) പ്രത്യുല്പ്പാദനം നടത്തുന്നു. ചെടിയുടെ തണ്ടുകളോ തണ്ടിന്റെ ഭാഗങ്ങളോ നനഞ്ഞ മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയില്‍ വേരുകള്‍ മുളയ്ക്കുകയും, അങ്ങനെ പുതിയ ചെടികള്‍ ഉണ്ടാവുകയും ചെയ്യുന്നു.
വ്യാപനത്തിന്റെ വഴികള്‍
മെക്സിക്കന്‍ ഫ്ലെയിം വൈനിന്റെ അധിനിവേശ സ്വഭാവത്തിനു കാരണം അതിന്റെ അസാധാരണമായ വ്യാപനശേഷിയാണ്. മെക്സിക്കന്‍ ഫ്ലെയിം വൈന്‍ വിത്തുകള്‍ വഴിയുള്ള ലൈംഗിക പ്രജനനത്തിലൂടെയും തണ്ടുകള്‍ വഴിയുള്ള കായിക പ്രജനനത്തിലൂടെയും പ്രത്യുല്പ്പാദനം നടത്തുന്നു. കൂടുതല്‍ വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ചെടിയുടെ വ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഫലങ്ങള്‍ പാകമാകുമ്പോള്‍ കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍ അനുകൂല സാഹചര്യങ്ങളില്‍ മുളച്ച് പുതിയ ചെടികളായി വളരുന്നു.
ചെടിയുടെ തണ്ടുകളോ തണ്ടിന്റെ ഭാഗങ്ങളോ നനഞ്ഞ മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയില്‍ വേരുകള്‍ മുളയ്ക്കുകയും പുതിയ ചെടികള്‍ ഉണ്ടാവുകയും ചെയ്യുന്നു. വിത്തുകള്‍ വഴിയും കായിക പ്രജനനം വഴിയുമുള്ള ഈ പ്രത്യുല്‍പ്പാദന ശേഷി, അനുയോജ്യമായ പരിസ്ഥിതികളില്‍ ഈ ചെടിയെ വേരുറപ്പിക്കാനും നിലനില്ക്കാനും സഹായിക്കുന്നു. പ്രാണികള്‍ വഴിയുള്ള പരാഗണം, കാറ്റിലൂടെയുള്ള വിത്തുവിതരണം, കായിക പുനരുല്‍പ്പാദനം എന്നിവയുടെ സംയോജനം, കൃഷിസ്ഥലങ്ങള്‍ക്ക് പുറത്തേക്കും ഈ ചെടി പടരാന്‍ കാരണമാകുന്നു. കൂടാതെ, മനുഷ്യന്റെ ഇടപെടലുകളും ഈ സസ്യത്തിന്റെ വ്യാപനത്തില്‍ വലിയ പങ്കുവഹിക്കുന്നു. വിത്തുകള്‍, വേരുപിടിച്ച തണ്ടുകള്‍, മറ്റ് അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ കൈമാറ്റം പുതിയ പ്രദേശങ്ങളിലേക്ക് ഇവ എത്തിച്ചേരാന്‍ കാരണമാകുന്നു. വെട്ടിമാറ്റുന്ന തണ്ടുകളും ചെടിയുടെ മറ്റുഭാഗങ്ങളും ഉള്‍പ്പെടെയുള്ള പൂന്തോട്ടാവശിഷ്ടങ്ങളും മണ്ണും അശ്രദ്ധമായി ഉപേക്ഷിക്കുന്നതും ഈ ചെടി പുതിയ സ്ഥലങ്ങളില്‍ വേരുപിടിച്ച് വളരാന്‍ ഇടയാക്കിയേക്കാം.
മെക്സിക്കന്‍ ഫ്ലേം വൈന്‍ അപകടകാരിയാകുന്നതെങ്ങനെ
മെക്സിക്കന്‍ ഫ്ലെയിം വൈന്‍ എന്ന അലങ്കാര സസ്യം, പ്രത്യേകിച്ച് ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍, വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കാനും അധിനിവേശ സ്വഭാവം കാണിക്കാനും സാധ്യതയുള്ള ഒന്നാണ്. ഇതിന്റെ അതിശക്തമായ വളര്‍ച്ചാശേഷി, അമിതമായ വിത്തുല്‍പ്പാദനം, വിത്തുകളുടെ വ്യാപനശേഷി, അമിതമായ കായിക പ്രത്യുല്‍പ്പാദന ശേഷി, എന്നിവ, നട്ടുപിടിപ്പിച്ച സ്ഥലത്തുനിന്ന് വളരെ വേഗത്തില്‍ മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാനും, വിവിധതരം മണ്ണുകളെ അതിജീവിക്കാനും അതിവേഗം വളരാനുമുള്ള കഴിവും കൃഷി ചെയ്യുന്ന ഇടങ്ങള്‍ക്ക് പുറത്തും ഇവ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നു. കാറ്റിലൂടെ ദൂരേക്ക് വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍ അനുകൂല സാഹചര്യങ്ങളില്‍ മുളച്ച് പുതിയ ചെടികള്‍ ഉണ്ടാകുന്നു. തണ്ടുകളുടെ ശകലങ്ങളില്‍ നിന്നുപോലും വേരുപിടിച്ച് പുതിയ ചെടികള്‍ ഉണ്ടാകാനുള്ള കഴിവ്, ഒരിക്കല്‍ വേരുപിടിച്ചാല്‍ ഈ സസ്യത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്നത് വളരെ പ്രയാസകരമാക്കുന്നു.
ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട അധിനിവേശ സ്വഭാവങ്ങളിലൊന്ന്, ശക്തമായി പടര്‍ന്നുകയറാനും മറ്റ് സസ്യങ്ങളെ മൂടിക്കളയാനുമുള്ള (smothering) കഴിവാണ്. നീളമുള്ളതും ചുറ്റിപ്പിടിച്ചു വളരുന്നതുമായ ഇവയുടെ തണ്ടുകള്‍, ചുറ്റുമുള്ള സസ്യജാലങ്ങള്‍ക്ക് മുകളിലൂടെ പടര്‍ന്നു കയറി ഇടതൂര്‍ന്ന ഒരു മേലാപ്പായി മാറുന്നു. സൂര്യപ്രകാശം, വളരാനുള്ള സ്ഥലം, മറ്റ് വിഭവങ്ങള്‍ എന്നിവയ്ക്കായി തദ്ദേശീയ സസ്യങ്ങളുമായി മത്സരിക്കുകയും സസ്യവൈവിധ്യം കുറയ്ക്കുകയും സസ്യസമൂഹങ്ങളുടെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. നിയന്ത്രിക്കാതെ വിട്ടാല്‍, ഇവ ചെറിയ സസ്യങ്ങളെ പൂര്‍ണ്ണമായും മൂടിക്കളയുകയും, തദ്ദേശീയ സസ്യങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ലൈംഗിക പ്രജനനവും കായികപ്രജനനവും ഒരുമിച്ചുള്ളതിനാല്‍, അനുകൂല സാഹചര്യങ്ങളില്‍ ഇവയ്ക്ക് അതിവേഗം വളരാനും പടര്‍ന്നു കയറാനും നിലനില്ക്കാനും കഴിയുന്നു. അതിവേഗ വളര്‍ച്ച, വ്യത്യസ്ത പരിസ്ഥിതികളോടും മണ്ണിനോടും പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം ചേര്‍ന്ന് ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളില്‍ മെക്സിക്കന്‍ ഫ്ലെയിം വൈനിനെ ഗുരുതരമായ ഒരു പാരിസ്ഥിതിക ഭീഷണിയാക്കി മാറ്റുന്നു.
കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലെ അപകടസാധ്യത
കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വേരുറപ്പിക്കാനും പടര്‍ന്നുപിടിക്കാനും സഹായിക്കുന്ന പല ജൈവ-പാരിസ്ഥിതിക സവിശേഷതകളും മെക്സിക്കന്‍ ഫ്ലെയിം വൈന്‍ എന്ന സസ്യത്തിനുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഈ വള്ളിച്ചെടി ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതും ഉഷ്ണമേഖലാ, ഉപ-ഉഷ്ണമേഖലാ കാലാവസ്ഥകള്‍ക്ക് വളരെ അനുയോജ്യവുമാണ്. അലങ്കാരച്ചെടിയായി പേരുകേട്ട മെക്സിക്കന്‍ ഫ്ലേം വൈന്‍, കേരളം പോലുള്ള ഉഷ്ണമേഖലാ പരിസ്ഥിതികളില്‍ അധിനിവേശ സ്വഭാവം കാണിക്കാന്‍ സാധ്യതയുള്ള സസ്യമാണ്. കേരളത്തിലെ ഉയര്‍ന്ന താപനില, ഈര്‍പ്പമുള്ള കാലാവസ്ഥ, സമൃദ്ധമായ മഴ, തുടങ്ങി വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഈ ചെടിയുടെ അതിവേഗ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വളരെയധികം സഹായിക്കുന്നു.
അനേകം വിത്തുകള്‍ ഉദ്പാദിപ്പിക്കുന്നതും കാറ്റിലൂടെയുള്ള വിത്തുവിതരണവും തണ്ടുകളില്‍ നിന്ന് പുനരുജ്ജീവിക്കാനുള്ള കഴിവും കേരളം പോലെയുള്ള സ്ഥലങ്ങളില്‍ ഈ ചെടി പടര്‍ന്നുപിടിക്കുവാന്‍ കാരണമാകും. ചുറ്റുമുള്ള ആവാസ വ്യവസ്ഥകളിലേക്ക് രക്ഷപ്പെടുന്നത് ഒരു പാരിസ്ഥിതിക ആശങ്കയായി ഈ അലങ്കാര സസ്യം മാറിയേക്കാം. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഈര്‍പ്പമുള്ള കാലാവസ്ഥയുള്ള കേരളത്തില്‍, മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുന്ന തണ്ടിന്റെ കഷ്ണങ്ങള്‍ക്ക് വേരുകള്‍ മുളയ്ക്കാനും പുതിയ ചെടികളായി വളരാനും അവസരമുണ്ട്. ഇത് മരങ്ങളിലൂടെ പടര്‍ന്നു കയറുകയും മരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. നദീതീരങ്ങളിലും റോഡരികുകളിലും തുറസ്സായ വനപ്രദേശങ്ങളിലും ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളായി വ്യാപിക്കുകയും തദ്ദേശീയ സസ്യജാലങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യാം.
കാറ്റ് വഴി വിത്തുകള്‍ വ്യാപിക്കുന്നതും, തണ്ടുകള്‍ വേരുപിടിക്കുന്നതും, മനുഷ്യന്റെ ഇടപെടലുകളും ഒത്തുചേരുമ്പോള്‍, കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, നട്ടുപിടിപ്പിച്ച ഇടങ്ങളില്‍ നിന്ന് ഈ സസ്യം പുറത്തേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. കാറ്റ് വഴി വിത്തുകള്‍ അടുത്തുള്ള തുറസ്സായ സ്ഥലങ്ങളിലേക്ക് എത്താം. കൂടാതെ, ഇവിടുത്തെ ചൂടുള്ള കാലാവസ്ഥയും ഈര്‍പ്പവും, വിത്തുകള്‍ മുളയ്ക്കാനും തണ്ടിന്റെ കഷ്ണങ്ങള്‍ വേരുപിടിച്ച് വളരാനും അനുകൂലമായ സാഹചര്യമൊരുക്കുന്നു.
സ്വദേശവും അധിനിവേശപ്രദേശങ്ങളും
മെക്സിക്കന്‍ ഫ്ലേം വൈനിന്റെ സ്വദേശം, മെക്സിക്കോ, മധ്യ അമേരിക്ക, വടക്കന്‍, പടിഞ്ഞാറന്‍ തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ്. മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ, വെനിസ്വേല, ബ്രസീല്‍, പെറു എന്നിവയുടെ ചില ഭാഗങ്ങള്‍, തുടങ്ങിയ പ്രദേശങ്ങള്‍ ഇതിന്റെ പ്രാദേശിക വിതരണത്തില്‍ ഉള്‍പ്പെടുന്നു.
ആകര്‍ഷകമായ പൂക്കള്‍ കാരണം ഇത് ഒരു അലങ്കാര വള്ളിച്ചെടിയായി മറ്റു നിരവധി രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കുടിയേറി. നിരവധി രാജ്യങ്ങളിലും പ്രദേശങ്ങളിലും പരിചയപ്പെടുത്തിയതോ, പ്രകൃതിദത്തമായതായോ അല്ലെങ്കില്‍ ആക്രമണ സാധ്യതയുള്ളതോ ആയ സസ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, ബഹാമാസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പ്യൂര്‍ട്ടോ റിക്കോ, ഗയാന, സുരിനാം, പനാമ, കോസ്റ്റാറിക്ക, ഫ്ലോറിഡ (യുഎസ്എ), മരിയാന ദ്വീപുകള്‍, സൊസൈറ്റി ദ്വീപുകള്‍, വാനുവാട്ടു എന്നിവിടങ്ങളില്‍ നട്ടുപിടിപ്പിച്ചതോ പ്രകൃതിദത്തമായതോ ആയ ഇനമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെ ശക്തമായ വളര്‍ച്ചയും വ്യാപിക്കാനുള്ള കഴിവും കാരണം യുഎസ്എയിലെ ഹവായ് ഇന്‍വേസീവ് സ്പീഷീസ് കൗണ്‍സിലും മറ്റ് പരിസ്ഥിതി സംഘടനകളും ചേര്‍ന്നുള്ള 'പ്ലാന്റ് പോനോ' എന്ന കൂട്ടായ്മയുമായി ബന്ധപ്പെട്ട 'ഹവായ്-പസഫിക് വീഡ് റിസ്ക് അസസ്മെന്റ്' പ്രോഗ്രാമില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള അധിനിവേശ സസ്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
നിയന്ത്രണവും പ്രതിരോധവും
കേരളത്തിലെ ചൂടുള്ള താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കാലാനുസൃതമായ മഴയും അനുകൂലമായ വളര്‍ച്ചാ സാഹചര്യങ്ങള്‍ നല്കുന്നതിനാല് മെക്സിക്കന്‍ ഫ്ലെയിം വൈനിന്റെ അധിനിവേശ സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതിനാല്‍ ഈ ചെടിയെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ് .
മെക്സിക്കന്‍ ഫ്ലെയിം വൈനിന് മികച്ച പുനരുജ്ജീവന ശേഷിയുമുണ്ട്. നിലത്തു തൊടുന്ന തണ്ടിന്റെ ഭാഗങ്ങളില്‍ നിന്ന് വേരുകള്‍ മുളയ്ക്കാനുള്ള ഈ ചെടിയുടെ കഴിവ് അതിന്റെ നിയന്ത്രണം ബുദ്ധിമുട്ടുള്ളതാക്കുന്നു. കൂടാതെ, ചെടി വെട്ടിമാറ്റുകയോ നന്നായി പ്രൂണ്‍ ചെയ്യുകയോ ചെയ്താലും, വീണ്ടും മുളച്ചുവരാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍, പടര്ന്നുനില്ക്കുന്ന തണ്ടുകള്‍ വെട്ടിമാറ്റുന്നത് മാത്രം ഒരു ചെടിയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ മതിയാകില്ല. ഹവായിയന്‍ അപകടസാധ്യത വിലയിരുത്തല്‍ പ്രകാരം, ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇവയ്ക്ക് പ്രത്യുല്പാദന ശേഷി കൈവരിക്കാന്‍ സാധിക്കും; ഇത് വളരെ വേഗത്തില്‍ ഇവയുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
പൂക്കള്‍, വിത്തുകള്‍, വേരുകളുള്ള തണ്ടുകള്‍ എന്നിവ പതിവായി നിരീക്ഷിച്ച് നീക്കം ചെയ്യണം. വിത്ത് പാകമാകുന്നതിന് മുമ്പ് വാടിയപൂക്കള്‍ നീക്കം ചെയ്യുന്നത് വിത്തുകളുടെ ഉല്പാദനത്തെയും വിതരണത്തെയും തടയുന്നു. വിത്തുകള്‍ രൂപപ്പെടുന്നത് തടയുക, മുളയ്ക്കാന്‍ ശേഷിയുള്ള തണ്ടുകഷണങ്ങള് അശ്രദ്ധമായി വലിച്ചെറിയാതിരിക്കുക, നനഞ്ഞ മണ്ണിലോ, പൂന്തോട്ട കമ്പോസ്റ്റിലോ, തുറസ്സായ സ്ഥലത്തോ ഉപേക്ഷിക്കാതെയിരിക്കുക, തദ്ദേശീയ സസ്യജാലങ്ങള്‍ക്ക് സമീപം വളരുന്ന ചെടികള്‍ നിരീക്ഷിക്കുക, മുറിച്ച തണ്ടുകള്‍ ശേഖരിച്ച് സംസ്കരിക്കുക, എന്നിവയാണ് ഇവ അനിയന്ത്രിതമായി പടരുന്നത് കുറയ്ക്കുന്നതിനുള്ള പ്രധാന നടപടികള്‍.
സസ്യത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന തണ്ടു കഷ്ണങ്ങള്‍, വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ എത്തിയാല്‍ അവിടെ പുതിയ ചെടികള്‍ വളരാന്‍ കാരണമാകുന്നു. ഈ സവിശേഷത കാരണം, ഒരിക്കല്‍ വേരുറപ്പിച്ചു കഴിഞ്ഞാല്‍ ഈ ചെടിയെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നത് പ്രയാസകരമാണ്; കാരണം, മുകളിലുള്ള ഭാഗങ്ങള്‍ മാത്രം നീക്കം ചെയ്താലും മണ്ണില്‍ വേരൂന്നിയ ഭാഗങ്ങള്‍ നിലനില്ക്കാന് സാധ്യതയുണ്ട്. വേരൂന്നിയ ഭാഗങ്ങളും വേരുകളും മണ്ണില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
ഈ ചെടികളുടെ വ്യാപനം തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും തുടര്‍ച്ചയായ നിരീക്ഷണവും അനിവാര്യമാണ്. ഒരിക്കല്‍ സ്ഥാപിതമായാല്, അവ ഇടതൂര്‍ന്ന് വളരുകയും തദ്ദേശീയ സസ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാല്‍, നിലവിലുള്ള സസ്യങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, വിത്ത് ഉത്പാദനം തടയുക, മുളച്ചുവരുന്ന തൈകള്‍ നശിപ്പിക്കുക, ചുറ്റുമുള്ള ആവാസ വ്യവസ്ഥകളിലേക്ക് വിത്തുകളും തണ്ടുകളും വ്യാപിക്കുന്നത് തടയുക, തുടങ്ങിയ നിയന്ത്രണ നടപടികള്‍ വളരെയധികം ആവശ്യമാണ്.
മുഴുവന്‍ ചെടിയും ശ്രദ്ധാപൂര്‍വ്വം പറിച്ചെടുക്കുകയോ കുഴിച്ചെടുക്കുകയോ ചെയ്യണം. തൈകള്‍ വേരോടെ പിഴുതു മാറ്റണം. ഭൂമിക്കു മുകളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റിയാലും, വേരുകളോട് കൂടിയ ഭാഗങ്ങള്‍ മണ്ണില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, അവിടെനിന്ന് പുതിയ മുളകളുണ്ടായി ചെടി വീണ്ടും വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍, വള്ളിപ്പടര്‍പ്പുകള്‍ തറനിരപ്പില്‍ വെച്ച് മുറിച്ചുമാറ്റുന്നത് മാത്രം അവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മതിയാകില്ല. വേരുകളും ശേഷിക്കുന്ന വേരൂന്നിയ ഭാഗങ്ങളും ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യണം. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഈ സസ്യം നാടാതെയിരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ സമീപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates