'അളിയന്‍ വന്നത് നന്നായി' എന്ന പേരില്‍ ഒരു കൊച്ചു നാടകം തോപ്പില്‍ ഭാസി എഴുതിയിട്ടുണ്ട്. നാട്ടിന്‍പുറത്തെ ഒരു പാവപ്പെട്ട കുടുംബത്തില്‍ പെണ്ണുകാണലുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പ് പ്രമേയമാക്കിക്കൊണ്ടുള്ള ആ ഏകാങ്കം ധാരാളം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ നാടകത്തെ കുറിച്ചോ തോപ്പില്‍ ഭാസിയെ കുറിച്ചോ ഒന്നുമല്ല ഈ കുറിപ്പ്. ഇതൊരു അസാധാരണ വ്യക്തിയെ കുറിച്ചാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ഈ പംക്തിയില്‍ എഴുതാനും കാരണമായത് ഇപ്പോഴത്തെ 'അളിയന്‍ വിവാദ'മാണ്.
പുതുയുഗ മന്ത്രിസഭ അധികാരത്തിലേറിയതിന് ശേഷം, ഒരു ഭാര്യാ സഹോദരന്‍ നായകനായി കേരള രാഷ്ട്രീയനാടകത്തില്‍ അരങ്ങേറിയ ആദ്യരംഗത്തിന് അങ്ങനെ യവനിക വീണിരിക്കുകയാണല്ലോ. ഈ വിഷയം സംബന്ധിച്ച് മാധ്യമങ്ങളിലെ സായാഹ്ന ചര്‍ച്ചകളും വിദഗ്ദ്ധരുടെ അഭിപ്രായ പ്രകടനങ്ങളുമൊക്കെ കത്തിപ്പടര്‍ന്നു നില്‍ക്കുമ്പോള്‍, ഞാന്‍ കൗതുകത്തോടെ കാത്തിരുന്നത് ആരെങ്കിലും കേരളരാഷ്ട്രീയത്തിലെ പണ്ടത്തെ ഒരു അളിയന്റെ പേര് പരാമര്‍ശിക്കുന്നുണ്ടോ എന്നറിയാനായിരുന്നു. രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ചരിത്രസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് സാമാന്യം ധാരണയുണ്ടെന്ന് കരുതുന്ന കെ മുരളീധരന്‍ പോലും എന്തുകൊണ്ടോ അതു പറഞ്ഞു കേട്ടില്ല. ബഹുമാന്യനായ മുഖ്യമന്ത്രി പിന്നെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലാണല്ലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഒരു 25 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചരിത്രമൊന്നും ബാധകമല്ല. ഇന്ദിരാഗാന്ധി, അടിയന്തരാവസ്ഥ എന്നൊക്കെ വല്ലപ്പോഴും പറയുന്നത് കേള്‍ക്കാം. അത്രയുമാണ് പരമാവധി. ഇനി വല്ലവരും പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. മുന്‍കൂര്‍ ക്ഷമാപണം.
ബന്ധു നിയമനവും ഭരണത്തിലെ ബന്ധുക്കളുടെ ഇടപെടലുകളുമൊക്കെ ജനാധിപത്യം വന്ന കാലം തൊട്ടു തന്നെ ഇവിടെ ഉള്ളതാണ്. ഒപ്പം വിവാദങ്ങളും. എന്നാല്‍ നിയമിച്ചയാളിന്റെയും നിയമിക്കപ്പെട്ടയാളിന്റെയും വ്യക്തിത്വ വൈശിഷ്ട്യം കൊണ്ട് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ബന്ധു നിയമനമുണ്ട്. കാലത്തിലൂടെ മടക്കയാത്ര നടത്തിയപ്പോള്‍ അങ്ങനെ ഒരു 'അളിയനെ' കണ്ടുമുട്ടി. 78 വര്‍ഷം മുന്‍പാണ്. കെസിഎസ് മണിയുടെ വെട്ടുകൊണ്ട് സ്വതന്ത്ര തിരുവിതാംകൂറും അമേരിക്കന്‍ മോഡലുമൊക്കെ ഉപേക്ഷിച്ച് സര്‍ സിപി രാമസ്വാമി അയ്യര്‍ മൈലാപ്പൂരിലേക്ക് പലായനം ചെയ്തശേഷം പട്ടം താണുപിള്ള പ്രധാനമന്ത്രിയായി തിരുവിതാംകൂറില്‍ ജനായത്തഭരണം അധികാരത്തില്‍ വന്നു. ടിഎം വര്‍ഗീസും സി കേശവനുമായിരുന്നു അദ്ദേഹത്തിന്റെ സഹമന്ത്രിമാര്‍. 1951 ല്‍ സി കേശവന്‍ തിരുകൊച്ചിയുടെ മുഖ്യമന്ത്രിയുമായി. ഈ രണ്ട് അവസരങ്ങളിലും സി കേശവന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ വാസന്തിയുടെ സഹോദരന്‍ കെ ദാമോദരനായിരുന്നു. എന്നാല്‍ സി കേശവന്റെ അളിയന്‍ എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ യോഗ്യത.
കേരള കൗമുദി പത്രം സ്ഥാപിച്ച പത്രാധിപര്‍, എഴുത്തുകാരന്‍, എസ് എന്‍ ഡി പി യോഗത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍, 'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്നു പ്രഖ്യാപിച്ച വിവാദ പുരുഷനായ സാമുദായിക/സാമൂഹിക നേതാവ്.... ഇങ്ങനെ പലതുമായിരുന്ന സി വി കുഞ്ഞിരാമന്റെ മൂത്തപുത്രന്‍. പത്രാധിപര്‍ എന്നറിയപ്പെടുന്ന കെ സുകുമാരന്‍ ബി എയുടെ ജ്യേഷ്ഠ സഹോദരന്‍ മയ്യനാട് കെ ദാമോദരന്‍ ബി എ. (അന്ന് ബിരുദധാരികളുടെ - പ്രത്യേകിച്ച് ഈഴവ സമുദായത്തില്‍ -എണ്ണം തീരെ കുറവായിരുന്നതുകൊണ്ടാണ് പേരിന്റെ വാലറ്റത്ത് ഡിഗ്രി കൂടി പ്രദര്‍ശിപ്പിച്ചിരുന്നത്.)
'ചിലരുടെ തലച്ചോറ് പശയുള്ളതാണെ'ന്ന് സിവി കുഞ്ഞിരാമന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വായിച്ചതെല്ലാം സൂക്ഷ്മമായി ഗ്രഹിക്കാനും ആവശ്യാനുസരണം അതൊക്കെ ഓര്‍മ്മിച്ചെടുക്കാനും സിദ്ധിയുള്ളവരെയാണ് പശയുള്ള തലച്ചോറുള്ളവര്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു സിവി. അദ്ദേഹത്തിന്റെ മകന്‍ ദാമോദരന്റെ തലച്ചോറിനും ആ ഗുണം അതേപടി കിട്ടിയിരുന്നു.
മയ്യനാട് കെ ദാമോദരന്‍ ബിഎ, ആള് ഒട്ടും നിസ്സാരക്കാരനായിരുന്നില്ല. സിവിയുടെ ഭാഷാപാടവവും നാരായ മൂര്‍ച്ചയോടെ മര്‍മ്മത്തില്‍ ചെന്നു തറയ്ക്കുന്ന ആക്ഷേപഹാസ്യ ശൈലിയും പാരമ്പര്യമായി കിട്ടിയിരുന്ന ദാമോദരന്റെ വൈകാരികോന്മേഷം തുടിക്കുന്ന കഥാകഥന പാടവം വായനക്കാര്‍ക്ക് ഏറെ ആകര്‍ഷണീയമായി അനുഭവപ്പെട്ടിരുന്നു. ചെറുകഥയില്‍ നിന്ന് നോവല്‍ രചനയിലേക്ക് കടന്ന ദാമോദരന്‍ ഇന്ദിര, പ്രണയപാശം, ഓമന, ശോകസങ്കലം, നരകത്തില്‍ നിന്ന്, ഹൃദയവും കാട്ടാറും തുടങ്ങിയ നോവലുകള്‍ എഴുതി.
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഈഴവരുടെ ഇതിഹാസം, ഈഴവ ചരിത്രം എന്നിവയിലൂടെ മികച്ച ചരിത്രകാരനെന്ന് തെളിയിച്ചു. 1930കളുടെ തുടക്കത്തില്‍ ദാമോദരന്റെ പത്രാധിപത്യത്തില്‍ പേട്ടയില്‍ നിന്ന് കഥാമാലിക എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. പ്രസിദ്ധ ഹാസ്യ സാഹിത്യകാരന്‍ ഇവി കൃഷ്ണപിള്ളയുമുണ്ടായിരുന്നു കൂട്ടിന്. കഥാമാലിക നടത്തിയ ഒരു ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനമായ ഒരു പവന്‍ നേടിയ രണ്ടുപേരില്‍ ഒരാള്‍ പിന്നീട് വളരെ പ്രശസ്തനായി -- തകഴി ശിവശങ്കരപ്പിള്ള.
സേവിനി, കലാകൗമുദി, സമത എന്നീ മാസികകളുടെ പത്രാധിപത്യവും ദാമോദരന്‍ ബിഎ പല കാലങ്ങളിലായി വഹിച്ചിരുന്നു.
തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ പ്രക്ഷോഭത്തിനാഹ്വാനം ചെയ്തുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊള്ളുന്നത് ആ നാളുകളിലാണ്. സര്‍ സിപിക്കെതിരേയുള്ള ജനരോഷത്തെയാളിക്കത്തിച്ചുകൊണ്ട് റയില്‍വേ സ്റ്റേഷന്‍ മൈതാനത്തെ മീറ്റിങ്ങില്‍ ആവേശോജ്ജ്വലമായ പ്രസംഗം നടത്തിയ മറ്റൊരു ദാമോദരന്‍ അറിയപ്പെട്ടത് മലബാര്‍ കെ ദാമോദരന്‍ എന്ന പേരിലാണ്.
നെടുങ്ങണ്ട ഹൈസ്‌കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച മയ്യനാട് കെ ദാമോദരന്‍ പിന്നീട് ഹജൂരാഫീസില്‍ ഗുമസ്തനായി ചേര്‍ന്നു. ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെ തുടര്‍ന്ന് സി കേശവനെ സര്‍ സിപി തുറുങ്കിലടച്ചതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് കൗമുദിയിലും കേരളകൗമുദിയിലും വന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതിയത് ദാമോദരനായിരുന്നു. അതിനിശിതമായ ഈ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ഇരിപ്പുറപ്പിച്ചിരിക്കുന്നത് അധികാരത്തിന്റെ സിരാകേന്ദ്രത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കിയ ദിവാന്‍, ദാമോദരനെ സെക്രട്ടേറിയറ്റില്‍ നിന്ന് തൊടുപുഴ സബ് രജിസ്ട്രാറായി സ്ഥലം മാറ്റി. ജോലിയോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ദാമോദരന്‍. അതുകൊണ്ടുതന്നെ സിപിക്ക്
വൈകാതെ അദ്ദേഹത്തെ ഹജൂര്‍കച്ചേരിയിലേക്ക് തിരിച്ചുവിളിക്കേണ്ടിവന്നു. ദാമോദരന്‍ അസിസ്റ്റന്റ് ട്രാന്‍സ്ലേറ്ററുടെയും തുടര്‍ന്ന് ഹെഡ് ട്രാന്‍സ്ലേറ്ററുടെയും തസ്തികകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തിരുവിതാംകൂര്‍ ജനായത്തഭരണത്തിലേക്ക് പ്രവേശിക്കുന്നത്.
പട്ടം താണുപിള്ള പ്രധാനമന്ത്രിയായിരുന്ന തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയില്‍ ടി എം വര്‍ഗീസിനോടൊപ്പം സി കേശവന്‍ മന്ത്രിയായിരുന്ന കാലഘട്ടം വളരെ ഹ്രസ്വമായിരുന്നു- വെറും ഏഴു മാസം. താണുപിള്ള ദളവ എന്നറിയപ്പെട്ടിരുന്ന പട്ടത്തിന്റെ ഏകാധിപത്യശൈലിയും സഹമന്ത്രിമാരടക്കമുള്ള പാര്‍ട്ടിക്കാരോട് പട്ടം പ്രകടിപ്പിച്ചിരുന്ന ഔദ്ധത്യപൂര്‍ണമായ പെരുമാറ്റവും സകലരെയും അദ്ദേഹത്തിന് എതിരാക്കി തീര്‍ത്തു. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരത്തില്‍ പട്ടത്തിന്റെ രണ്ടു ഭാഗത്തുമായി സഹസൈന്യാധിപന്മാരെപോലെ നിലയുറപ്പിച്ചിരുന്ന വര്‍ഗീസും കേശവനും അദ്ദേഹത്തില്‍ നിന്ന് അകന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ കൊടുമ്പിരിക്കൊണ്ട ആ നാളുകളില്‍ ഭരണാധികാരി എന്ന നിലയില്‍ മന്ത്രിമാര്‍ക്കാര്‍ക്കും മികവ് പ്രകടിപ്പിക്കാനായില്ല. പാര്‍ട്ടിക്കുള്ളിലെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്ന് മനസ്സിലാക്കി പ്രധാനമന്ത്രി സ്ഥാനവും സ്റ്റേറ്റ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും രാജിവെച്ചതായി പ്രഖ്യാപിച്ചു കൊണ്ട് പട്ടം വിജെറ്റി ഹാളില്‍ ചേര്‍ന്ന പാര്‍ട്ടി മീറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയും തുടര്‍ന്ന് പറവൂര്‍ ടികെ നാരായണപിള്ള യുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം കണ്ടു മനം മടുത്ത കേശവന്‍ കുറച്ചുനാള്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു വിട്ടു നിന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തെങ്കിലും അനാരോഗ്യത്തിന്റെ കാരണം പറഞ്ഞ് വീട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടി. മൂത്ത പുത്രന്‍ രവീന്ദ്രനാഥിന്റെയും രണ്ടാമത്തെ മകന്‍ ബാലകൃഷ്ണന്റെയും വിവാഹം ഒരു ദിവസം ഒറ്റപ്പന്തലില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചതിന്റെ തലേന്നാള്‍ ആ വീട്ടില്‍ അശനിപാതം പോലെ വന്നു പതിച്ചത് ഇളയ പുത്രനായ ഭദ്രന്‍ വിമാനാപകടത്തില്‍ മരിച്ചു എന്ന ദുരന്തവാര്‍ത്തയാണ്. ഗര്‍ജ്ജിക്കുന്ന സിംഹം എന്നറിയപ്പെട്ടിരുന്ന സി കേശവന്‍ ആകെ തകര്‍ന്നുപോയ നാളുകള്‍.
പറവൂര്‍ ടികെ നാരായണപിള്ളയുടെ മന്ത്രിസഭ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളില്‍പ്പെട്ട് ആടിയുലഞ്ഞ് അവസാനം നിലംപതിച്ചപ്പോള്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനായി സകലര്‍ക്കും സര്‍വ്വസമ്മതനായ ഒരൊറ്റ നേതാവേ ഉണ്ടായിരുന്നുള്ളൂ. അത് സി കേശവനായിരുന്നു. മകന്‍ നഷ്ടപ്പെട്ട ദുഃഖവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം എല്ലാത്തിലും നിന്ന് അകന്നുകഴിഞ്ഞിരുന്ന അദ്ദേഹം ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഒടുവിലാ സ്ഥാനമേറ്റെടുക്കാന്‍ സമ്മതിച്ചത്.
1951 ഫെബ്രുവരി 24ന് രണ്ടാമത്തെ തിരുകൊച്ചി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതല്‍ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ പ്രശ്‌നങ്ങള്‍ കേശവന് നേരിടേണ്ടി വന്നു. കേശവന്‍ ആവശ്യപ്പെട്ടതനുസരിച്ച് പറവൂര്‍ ടികെ നാരായണ പിള്ളയും എജെ ജോണും മന്ത്രിസഭയില്‍ ചേര്‍ന്നതോടെ കരുത്തുള്ള ഒരു ടീം ഭരണത്തിലേറി എന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ ചേരണമെന്ന് ആഗ്രഹിച്ച പനമ്പിള്ളി ഗോവിന്ദ മേനോന് അതിന് കഴിയാതെ വന്നതോടെ -ടികെ യും ജോണുമാണ് അതിന് തടസ്സം നിന്നത് - കൊച്ചിയില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കേശവന്‍ മന്ത്രിസഭയോട് നിസ്സഹകരണം പ്രഖ്യാപിച്ചു. സഹോദരന്‍ അയ്യപ്പന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, കെ കരുണാകരന്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പനമ്പിള്ളിയെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം എളുപ്പം കെട്ടടങ്ങുമായിരുന്നെങ്കിലും സി കേശവന്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഇരുകൂട്ടരും പ്രശ്‌നപരിഹാരത്തിന് തയ്യാറായതനുസരിച്ച് ടികെയും ജോണും രാജിവെച്ച് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴേക്കും ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന കേശവന്‍ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തില്‍ തനിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ച ധനാഢ്യനായ വെണ്ടര്‍ കൃഷ്ണപിള്ളയെ തോല്‍പ്പിച്ച് നിയമസഭയിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീടൊരിക്കലും പൊതുരംഗത്ത് സജീവമായില്ല. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം പറയാനാണ് ഈ സംഭവങ്ങള്‍ വിശദമായി വിവരിച്ചത്.
'സമര്‍ത്ഥനും ശേഷിസമ്പന്നനും ഊര്‍ജ്ജസ്വലനുമായ ഒരു ഭരണാധികാരിയായിരുന്നു കേശവനെന്നു പറഞ്ഞാല്‍ അതു മുഴുവന്‍ ശരിയായിരിക്കയില്ല. എന്നാല്‍ സത്യസന്ധതയിലും നീതിനിഷ്ഠയിലും ഇന്ത്യയിലെ മറ്റേതൊരു ഭരണാധികാരിയോടും കിടപിടിക്കുമായിരുന്നു. സാമര്‍ത്ഥ്യമല്ല, നന്മയായിരുന്നു അദ്ദേഹത്തിന്റെ ഗുണവിശേഷം. 'സ്വാതന്ത്ര്യസമരത്തില്‍ സി കേശവന്റെ സഹപോരാളിയും രാഷ്ട്രീയ ചരിത്രകാരനുമായ സി നാരായണ പിള്ള എഴുതുന്നു. (പട്ടം മുതല്‍ പനമ്പിള്ളി വരെ) 'കേശവന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ സ്വന്തം സമുദായത്തിലെ നേതാക്കന്മാരും അവരുടെ പത്രങ്ങളുമായിരുന്നു' എന്നുകൂടി അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്നുള്ള എംഎല്‍എമാര്‍ ബജറ്റ് പാസാക്കാന്‍ സഹായിക്കാത്തതുകൊണ്ട് ഐജി മുഖാന്തരം അതത് സ്ഥലങ്ങളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി തിരുവിതാംകൂര്‍ എംഎല്‍എമാരെ മുഴുവനും തലസ്ഥാനത്തെത്തിച്ചതുള്‍പ്പെടെ കടമ്പകള്‍ പലതും കടന്നാണ് കേശവന്‍ മന്ത്രിസഭ ഒരു വര്‍ഷത്തോളം പിടിച്ചുനിന്നത്. അപ്പോഴൊക്കെ 'വക്കീലി'ന്റെ താങ്ങായി സമര്‍ത്ഥനായ ഒരു ലെഫ്റ്റനന്റിനെപ്പോലെ അളിയന്‍ ദാമോദരന്‍ എപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു. സി കേശവന്‍ ദാമോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഭാര്യാ സഹോദരന്‍ എന്ന പരിഗണന കൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭരണപരമായ അറിവും കഴിവും പരിചയ സമ്പന്നതയും കണ്ടറിഞ്ഞത് കൊണ്ടായിരുന്നു. തികച്ചും പ്രതികൂലമായ അന്നത്തെ സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധികൂര്‍മ്മതയും വിവേകവുമുള്ള അങ്ങനെയൊരു സഹായിയുടെ ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതേ നാളുകളില്‍ തന്നെ ' അവനുമായി എനിക്ക് ഇനി ഒരു ബന്ധവുമില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് മകനും ആര്‍എസ്പി നേതാവുമായ കൗമുദി ബാലകൃഷ്ണനെ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സി കേശവന്‍ കുടുംബത്തില്‍ നിന്ന് ഇറക്കിവിട്ടത് കൂടി ഇവിടെ ഓര്‍മ്മിക്കാം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ശത്രുക്കള്‍ അടങ്ങിയിരിക്കാന്‍ ഭാവമുണ്ടായിരുന്നില്ല. കുത്തിത്തിരിപ്പുകളും പാരവെയ്പുകളും ദാമോദരന്റെ നേര്‍ക്കു തിരിഞ്ഞു.
'പ്രൈവറ്റ് സെക്രട്ടറി കേശവന്റെ ബന്ധുവായിരുന്നതുകൊണ്ട്, പല ആക്ഷേപങ്ങളും അദ്ദേഹത്തെപ്പറ്റി പ്രമുഖ കോണ്‍ഗ്രസുകാരുള്‍പ്പെടെയുള്ള വിമര്‍ശകര്‍ പറഞ്ഞു പ്രചരിപ്പിച്ചതിന്റെ ഫലമായി മറ്റൊരു പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കേണ്ടി വന്നു.' (പട്ടം മുതല്‍ പനമ്പിള്ളി വരെ) പറവൂര്‍ ടികെ നാരായണപിള്ളയുടെ പേഴ്‌സണല്‍ ക്ലാര്‍ക്കായിരുന്ന ശേഖരപിള്ളയെയാണ് പിന്നീട് സി കേശവന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അതിസമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്ത ശേഖരപിള്ള പിന്നീട് പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിട്ടാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
1955ല്‍ റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് കെ ദാമോദരനും കുറച്ചുനാള്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു. സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കേരളകൗമുദിയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു.
'കേരളകൗമുദിയുടെ ആത്മാവ് ദാമോദരന്‍ ബിഎ ആയിരുന്നു എന്നു പറഞ്ഞാല്‍ ഇന്ന് അധികം പേര്‍ക്ക് മനസ്സിലാവുകയില്ല. സിവി കുഞ്ഞിരാമന്‍ മുഖപ്രസംഗം എഴുത്ത് നിറുത്തിയപ്പോള്‍ ആ പരമ്പരക്ക് യാതൊരു വീഴ്ചയും വരുത്താതെ തുടര്‍ന്നത് ദാമോദരന്‍ ബിഎ ആയിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിനും മലയാളഭാഷ ക്കും മലയാളസാഹിത്യത്തിനും ഒരിക്കലും മറക്കാനാകാത്ത നാമധേയമാണ് ദാമോദരന്‍ ബിഎ.'
1950 കളിലും 60കളിലും തിരുവനന്തപുരത്തുനിന്ന് പുറത്തിറങ്ങിയിരുന്ന പൊതുജനം പത്രത്തിന്റെ പത്രാധിപരും ദാമോദരന്റെ സമകാലീനനുമായിരുന്ന കെ കാര്‍ത്തികേയന്റെ വാക്കുകള്‍. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 'ഇന്നു ഞാന്‍ നാളെ നീ 'എന്ന കവിതയെ മുന്‍ നിറുത്തിക്കൊണ്ട് 'ശങ്കരക്കുറുപ്പ് കവി അല്ല 'എന്ന വിവാദത്തിന് ദാമോദരന്‍ തിരികൊളുത്തുന്നത് അനന്തരവന്‍ കെ ബാലകൃഷ്ണന്‍ പത്രാധിപരായ കൗമുദിയിലൂടെയാണ്. പിന്നീട് ദാമോദരനും പ്രൊഫ. എന്‍ ഗോപാലപിള്ളയും ഒരുമിച്ചു പങ്കെടുത്ത പ്രസംഗവേദികളിലൂടെ അതു കത്തിപ്പടരുകയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടുമൊക്കെച്ചേര്‍ന്ന് ആ വിഷയത്തെ മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വിവാദമാക്കി വളര്‍ത്തുകയും ചെയ്തു. അതേസമയം തന്നെ സാഹിത്യാഭിരുചിയുള്ള ചെറുപ്പക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ദാമോദരന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രഗത്ഭരായിത്തീര്‍ന്ന പല എഴുത്തുകാരും ദാമോദരന്റെ തലോടലേറ്റ് വളര്‍ന്നവരാണ്.
മുന്‍ഷി പരമു പിള്ളയെപ്പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വ കാര്‍ഡ് എടുക്കുന്നിടത്തോളമെത്തിയില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാരോട്, പ്രത്യേകിച്ച് അക്കൂട്ടത്തിലെ ചെറുപ്പക്കാരോട് ദാമോദരന്‍ എന്നും അടുപ്പം സൂക്ഷിച്ചിരുന്നു. 1958ല്‍ ജനയുഗം വാരിക ആരംഭിച്ചപ്പോള്‍ പത്രാധിപച്ചുമതല വഹിച്ചിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരും കാമ്പിശ്ശേരി കരുണാകരനും കൂടി ചെന്നുകണ്ട് ഒരു നോവല്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. അവരുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങി കശുവണ്ടി തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി 'നരകത്തില്‍ നിന്ന്' എന്ന നോവലെഴുതി. ആകര്‍ഷകമായ കഥാകഥന ശൈലിയിലൂടെ ജനയുഗം വായനക്കാരെ കയ്യിലെടുത്ത ആ നോവല്‍ പിന്നീട് പത്മാവതി എന്ന പേരില്‍ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി വൈക്കത്തിന്റെയും കാമ്പിശ്ശേരിയുടെയും അപേക്ഷ സ്വീകരിച്ച് 'നെയ്ത്തുകാരന്റെ മകള്‍' എന്ന പേരില്‍ ഒരു നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1964ല്‍ ദാമോദരന്‍ വിട പറഞ്ഞപ്പോള്‍ വൈക്കവും കാമ്പിശ്ശേരിയും ചേര്‍ന്ന് ജനയുഗം വാരികയില്‍ 'ഒരു യുവമാനസന്റെ വിയോഗം 'എന്ന കുറിപ്പില്‍ ഇങ്ങനെ എഴുതി:
'എല്ലാത്തരത്തിലും ദൃഢ പ്രത്യയമുള്ള ഒരു വ്യക്തിയായിരുന്നു കെ ദാമോദരന്‍. തെറ്റും ശരിയുമളക്കാനുള്ള സമുദായമാനദണ്ഡങ്ങള്‍ അദ്ദേഹത്തിന്നത്ര വകയില്ലായിരുന്നു. നിര്‍ബന്ധപൂര്‍വ്വം ഖദര്‍ ധരിക്കുന്ന ഒരാളെ ഗാന്ധിയനായി കണക്കാക്കാം. അതേ നിര്‍ബന്ധത്തോടെ മദ്യ നിരോധനത്തെ എതിര്‍ക്കുന്ന ഒരാളെയോ? ഒന്നിഷ്ടപ്പെടാനും ഒന്നു വെറുക്കാനുമുള്ള വിവേചനാധികാരം വ്യക്തികള്‍ക്കുള്ളതാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തമായ മാര്‍ഗ്ഗത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ. ആ ശ്രമത്തില്‍ കൂടെക്കൂടെ തോല്‍വിയടഞ്ഞിട്ടുള്ള സ്‌നേഹസമ്പന്നനായ അനുജനാണ് പത്രാധിപര്‍ ശ്രീ. കെ സുകുമാരന്‍.
ദാമോദരന്‍ സാറിന്റെ മേല്‍ സാമാന്യമായ സ്വാധീനം പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളത് സ്യാലനായ ശ്രീ. സി കേശവനാണ്. ആ സ്വാധീനം മറിച്ചുമുണ്ടായിരുന്നു എന്ന സത്യം പരക്കെയറിയാം. സ്യാലനോടുള്ളതിലുമധികം ഭയഭക്തി ബഹുമാനങ്ങള്‍ സഹോദരി വാസന്തിയമ്മയോട് ദാമോദരന്‍ സാറിനുള്ളതായി സംഭാഷണങ്ങളില്‍ നിന്നു മനസ്സിലായിട്ടുണ്ട്.'
ദാമോദരന്റെ ഒരു കളിക്കൂട്ടുകാരനെപ്പോലെയായിരുന്നു സഹോദരീ പുത്രനായ കൗമുദി ബാലകൃഷ്ണന്‍. അത് നേരിട്ടു കണ്ടറിഞ്ഞിട്ടുള്ള വൈക്കവും കാമ്പിശ്ശേരിയും എഴുതുന്നു.
'കെ ബാലകൃഷ്ണനും ദാമ്വമ്മാവനും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നു. എന്തുതരം വഴക്കിനും വയ്യാവേലിക്കും അവര്‍ ഒന്നിച്ചു നില്‍ക്കും. ഏതുവിഷയത്തെ പ്പറ്റിയും തകര്‍ത്തുവെച്ചു തര്‍ക്കിക്കും. തര്‍ക്കിക്കപ്പെടാതെ ഒറ്റയൊരു വിഷയമെങ്കിലും അവരുടെ മുന്‍പില്‍ കൂടി കടന്നുപോയിരിക്കയില്ല. വഴക്കുകണ്ടാല്‍, ഉടനൊരു കയ്യേറ്റം നടക്കുമെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നും. വിവരമില്ലെന്ന് അന്യോന്യം പറയും. എന്നാല്‍ വിവരം അന്യോന്യം അംഗീകരിക്കുകയും ചെയ്യും. നല്ലവരില്‍ നല്ലവനായ ഒരമ്മാവന്റെ വേര്‍പാട് മൂലം ആ അനന്തിരവനു നഷ്ടപ്പെട്ടിരിക്കുന്നത് ഒരുറ്റ സുഹൃത്താണ്.'
മയ്യനാട് കെ ദാമോദരന്‍ ബിഎ എന്ന അസാമാന്യ വ്യക്തിത്വത്തെക്കുറിച്ച് അറിയാവുന്നവര്‍ ഇന്നെത്രപേര്‍ ഉണ്ടാകും എന്ന കാര്യം പോകട്ടെ. സി കേശവനെപ്പോലും വര്‍ഷത്തിലൊരിക്കല്‍ ആ പ്രതിമയില്‍ ചെന്നു മാലയിടുമ്പോഴല്ലാതെ ഓര്‍മ്മിക്കുന്നവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ വഴിയില്ല എന്നതല്ലേ സത്യം?
സണ്ണി ജോസഫിന്റെ അളിയന്‍ നിയമനത്തെ ന്യായീകരിക്കാന്‍ വേണ്ടിയിട്ടെങ്കിലും ഈ പഴയ കഥകളൊക്കെ ഒന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടായിരിക്കുമല്ലോ.
ബന്ധു നിയമനങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ സാധുത നല്‍കാനല്ല ഇപ്പോള്‍ ഈ പഴയ കഥകളെഴുതിയത്. സി കേശവനെയും കെ ദാമോദരനെയും പോലെയുള്ള വലിയ മനുഷ്യരെക്കുറിച്ച് എഴുതാന്‍ അവിചാരിതമായി ഒരവസരം ലഭിച്ചത് കൊണ്ടു മാത്രമാണ്. 'ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിക്കും' എന്ന് പ്രഖ്യാപിച്ച 1950 ലെ കോണ്‍ഗ്രസ് നേതാവ് സി കേശവനും ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം പോയ സംഭവം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി വോട്ടുപിടിച്ച 2026 ലെ 'നെഹ്റുവിയന്‍ സോഷ്യലിസ്റ്റു'കളും തമ്മിലുള്ള താരതമ്യത്തിന് അല്ലെങ്കിലും ഇപ്പോള്‍ എന്താണ് പ്രസക്തി?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates