രവിശങ്കര്‍ ഏറ്റത്തിന്റെ പംക്തി 
News+

ബംഗാളിന്റെ അടുത്ത യുദ്ധം ഹിന്ദുത്വയും ഇടതുപക്ഷവും തമ്മില്‍

രവി ശങ്കർ ഏറ്റത്ത്

ഒരു പഴഞ്ചൊല്ലുണ്ട്, പഴയൊരു രാഷ്ട്രീയ സൂക്തം: ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത്, നാളെ ഇന്ത്യ ചിന്തിക്കും.

ഒരു നൂറ്റാണ്ടിലേറെയായി ഈ വാക്കുകള്‍ ബംഗാളിന്റെ ബൗദ്ധിക സ്വാധീനത്തെ ആഘോഷിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ഈ ചൊല്ലിന് രണ്ടു വായനകളുണ്ട്. ഒരിക്കല്‍ ദേശീയതയ്ക്കും സാമൂഹ്യപരിഷ്‌കരണത്തിനും കമ്മ്യൂണിസത്തിനും സാഹിത്യ നവോത്ഥാനത്തിനും തുടക്കം കുറിച്ച ബംഗാള്‍, ഇന്ത്യയുടെ അടുത്ത ആദര്‍ശ സംഘര്‍ഷത്തിന്റെ പരീക്ഷണശാലയായേക്കാം.

ആ സംഘര്‍ഷം ഇനി കേവലം തൃണമൂല്‍ കോണ്‍ഗ്രസിനും ഭാരതീയ ജനതാ പാര്‍ട്ടിക്കും ഇടയിലുള്ളതല്ല. കൂടുതല്‍ കൂടുതലായി, അത് ബംഗാളിനെക്കുറിച്ചുള്ള രണ്ടു എതിര്‍ദര്‍ശനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി രൂപപ്പെടുകയാണ്.

ഒരു ദര്‍ശനം ഹിന്ദുത്വ എന്ന ആശയത്തില്‍ ഊന്നി നില്‍ക്കുന്നു. ആ വാക്ക് ആദ്യം ഉച്ചരിച്ചത് വിനായക് ദാമോദര്‍ സവര്‍ക്കര്‍ അല്ല, മറിച്ച് ഒരു ബംഗാളി ബുദ്ധിജീവിയാണ്. ചന്ദ്രനാഥ് ബസു, 1892-ല്‍ ഹിന്ദുനാഗരിക സ്വത്വത്തെ വിവരിക്കാനാണ് ആ പദം ആദ്യം ഉപയോഗിച്ചത്. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നതുപോലെ, ബസുവിന്റെ ഹിന്ദുത്വ സവര്‍ക്കറുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വ്യാഖ്യാനത്തിനും ദശകങ്ങള്‍ മുന്‍പേ ജന്മമെടുത്തതാണ്. ഇന്ത്യയെ ബഹുസ്വരമായ സാംസ്‌കാരിക ഇടമായി സ്വപ്നം കണ്ട രബീന്ദ്രനാഥ ടഗോറിനും ജന്മം നല്‍കിയത് ബംഗാള്‍ തന്നെയാണ്. നാളത്തെ ബംഗാള്‍, ഈ രണ്ടുപൈതൃകങ്ങളില്‍ ഏതിനു മൂല്യം കല്‍പ്പിക്കണം എന്ന് തീരുമാനിക്കേണ്ടിവരും.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ചുറ്റിനടക്കുമ്പോള്‍ ആ വൈരുദ്ധ്യം ഞാന്‍ വീണ്ടുംവീണ്ടും അനുഭവിച്ചു.

വടക്കന്‍ ബംഗാള്‍, ഊഹിക്കാവുന്നതുപോലെ, ബി.ജെ.പി.യുടെ ദിശയിലേക്ക് ചലിക്കുന്നതായി തോന്നി. ചായത്തോട്ടങ്ങള്‍, അതിര്‍ത്തി ജില്ലകള്‍, രാജ്ബന്‍ഷി മേഖല ഇവ കൊല്‍ക്കത്തയെക്കാളും ദക്ഷിണ ബംഗാളിന്റെ വലിയഭാഗങ്ങളെക്കാളും ഹിന്ദുത്വ പാര്‍ട്ടിയുടെ സന്ദേശത്തോട് കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ചു.

ബംഗാളിലെ ബി.ജെ.പി.യുടെ പ്രധാന തന്ത്രജ്ഞന്മാരില്‍ ഒരാളായ അമിത് മാളവ്യയോട് പാര്‍ട്ടി എത്ര സീറ്റ് നേടുമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഒട്ടും ഇടറാതെ മറുപടി പറഞ്ഞു:

'148.'

ഞാന്‍ ചിരിച്ചു.

ആ സംഖ്യ ഫീല്‍ഡില്‍നിന്നു ഞാന്‍ മനസ്സിലാക്കിയതില്‍നിന്ന് ഏറെ അകലെയാണെന്നു തോന്നി.

എന്നാല്‍ വോട്ടെടുപ്പ് മുന്നേറുന്തോറും ബി.ജെ.പി. വൃത്തങ്ങളില്‍ നിന്ന് അരിച്ചിറങ്ങുന്ന വിവരങ്ങള്‍ കൂടുതല്‍ ശുഭോദര്‍ക്കമായിക്കൊണ്ടിരുന്നു. ആദ്യത്തെ ആഭ്യന്തര വിലയിരുത്തലുകള്‍ പ്രകാരം, പാര്‍ട്ടി ഏകദേശം 110 സീറ്റ് നേടുമെന്ന് കണക്കാക്കിയിരുന്നു. കാമ്പെയ്ന്‍ ആക്കം കൂടുന്തോറും ആ കണക്കുകള്‍ ഉയര്‍ന്നു. അവസാനഘട്ടങ്ങളില്‍, ചിലര്‍ 180 സീറ്റ് കടക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ്സിനും ആത്മവിശ്വാസം ഒട്ടും കുറവല്ലായിരുന്നു. 180 മുതല്‍ 200 വരെ സീറ്റ് ലഭിക്കുമെന്ന് അവര്‍ സ്വകാര്യമായി പറഞ്ഞു.

തിരഞ്ഞെടുപ്പ് അതിതീവ്രമായ ഒരു പ്രസിഡന്‍ഷ്യല്‍ ഏറ്റുമുട്ടലായി മാറി. ബംഗാളില്‍ ഉടനീളം, ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളത് മൂന്നു പേര്‍ മാത്രമായിരുന്നു: നരേന്ദ്ര മോദി, മമത ബാനര്‍ജി, അമിത് ഷാ.

ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, ഇരു പക്ഷവും ഒരേ വാദം, ഒരേ ശത്രു - 'അന്യന്‍' - എന്നതില്‍ കേന്ദ്രീകരിച്ച് ്കാമ്പെയ്ന്‍ ചെയ്യുന്നതായിരുന്നു.

ബി.ജെ.പി.ക്ക്, ആ അന്യന്‍ ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാരനാണ്. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബംഗാളിന്റെ ജനസംഖ്യാ ഘടനയ്ക്കും സുരക്ഷയ്ക്കും സാമ്പത്തിക ഭാവിക്കും ഭീഷണിയാണ് എന്നാണ് പാര്‍ട്ടി വാദിച്ചത്.

മമത ബാനര്‍ജിക്കോ, ആ അന്യന്‍ ബി.ജെ.പി. തന്നെ. ബംഗാളിന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും ഓപ്പറേറ്റര്‍മാരേയും ഇറക്കുമതി ചെയ്തു എന്ന് അവര്‍ ആക്ഷേപിച്ചു.

ഈ വിഷയം ബാനര്‍ജിയുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉയര്‍ന്നുവന്നു. ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിനിടയില്‍, അവര്‍ പൊടുന്നനെ എന്റെ കൈ പിടിച്ചു, അസാധാരണമായ ഒരു തീക്ഷ്ണതയോടെ പറഞ്ഞു:

'റോബി,' അവര്‍ കൈ മുറുക്കിക്കൊണ്ട് പറഞ്ഞു, 'ബി.ജെ.പി. അന്യന്മാരെ കൊണ്ട് ഞങ്ങള്‍ക്കെതിരെ വോട്ടിടീച്ചു. പക്ഷേ ഞങ്ങളുടെ കേഡര്‍ ഓരോ വോട്ടും നിരീക്ഷിക്കും.'

ആ വാക്കുകളില്‍ ആത്മവിശ്വാസവും ആശങ്കയും ഒരേ പോലെ ഉണ്ടായിരുന്നു.

ബി.ജെ.പി. ഇതിനിടെ നന്ദിഗ്രാമിനെ അഭിമാനയുദ്ധമാക്കി. അമിത് ഷാ നിശ്ചയദൃഢതയോടെ ഒരു ലക്ഷ്യം പ്രഖ്യാപിച്ചു: തന്റെ മുന്‍ ലഫ്റ്റനന്റ് സുവേന്ദു അധികാരിക്കെതിരായ ഏറ്റുമുട്ടല്‍ ചരിത്ര യുദ്ധമാക്കാന്‍ മമത ബാനര്‍ജി തന്നെ തിരഞ്ഞെടുത്ത ആ ഇടത്ത് അവര്‍ തോല്‍ക്കണം.

അധികാരി ഒരു ശക്തനായ എതിരാളിയാണെന്ന് തെളിഞ്ഞു. കിഴക്കന്‍ മിദ്നാപ്പൂരില്‍ ആഴത്തില്‍ വേരുകളുള്ള സംഘാടകന്‍. ദേശീയ നേതാക്കളേക്കാള്‍ നന്നായി അദ്ദേഹം പ്രാദേശിക ശൃംഖലകള്‍ മനസ്സിലാക്കി. കാമ്പെയ്ന്‍ ഉടനീളം ബി.ജെ.പി. ആഖ്യാനം ആഴത്തില്‍ ഊന്നിക്കൊണ്ട്, ലഭ്യമായ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചു.

ഒടുവില്‍ ബാനര്‍ജി നന്ദിഗ്രാമില്‍ ചെറിയ ഭൂരിപക്ഷത്തിന് തോറ്റു. സംസ്ഥാനം ഭൂരിപക്ഷ വ്യത്യാസത്തില്‍ ജയിച്ചു. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ വൈരുദ്ധ്യങ്ങളില്‍ ഒന്ന്.

ഇതോടെ ബി.ജെ.പി.യുടെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നിരുന്നു. 148 സീറ്റോ, ചിലര്‍ ഉറ്റുനോക്കിയ 180 സീറ്റോ കിട്ടിയില്ല; 77 സീറ്റ് കിട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി, തുടര്‍ച്ചയായ മൂന്നാംഭരണം ഉറപ്പിച്ചു.

എന്നാല്‍ ആ ജയത്തിനടിയില്‍, ആ ഗര്‍ഭഗൃഹത്തില്‍, ക്ഷതത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു.

ഒരു ദശകം ഭരണത്തിലിരുന്നിട്ടും, ഇടതു മുന്നണിയെ അട്ടിമറിച്ചവളെ ആ തെരുവ് പോരാളിയായിത്തന്നെ ജനതയ്ക്ക് കാണിക്കാന്‍ കഴിഞ്ഞിരുന്നു, അതാണ് മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജ്ഞാനത്തിന്റെ ഹൃദയം. ഓരോപ്രസ്ഥാനവും ഭരണകൂടമാകുമ്പോള്‍ ദൗര്‍ബ്ബല്യം ആര്‍ജ്ജിക്കുന്നു.

നഗര ബംഗാളില്‍ ആവര്‍ത്തിച്ചു കേട്ട പരാതികള്‍ ആദര്‍ശ ശാസ്ത്രത്തെക്കുറിച്ചായിരുന്നില്ല. അവ നടത്തിപ്പ് ഗുണ്ടകളെക്കുറിച്ചും കൈക്കൂലിക്കാരെക്കുറിച്ചും രാഷ്ട്രീയ ഹിംസയെക്കുറിച്ചും പാര്‍ട്ടി സംവിധാനത്തിന്റെ ചിലഭാഗങ്ങള്‍ ഉത്തരവാദിത്വമില്ലാത്തതായ് തീര്‍ന്നു എന്ന തോന്നലിനെക്കുറിച്ചുമായിരുന്നു.

2024-ല്‍ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഒരു യുവ ഡോക്ടര്‍ ബലാല്‍ക്കാരത്തിനിരയായി കൊല്ലപ്പെട്ട ദുരന്തം ഉണ്ടാക്കിയ കോലാഹലം ആ മനോഭാവം ഒരൊറ്റ ചിത്രത്തില്‍ ആലേഖനം ചെയ്തു. ജനരോഷം ആളി. ഭരണനിര്‍വ്വഹണത്തോടുള്ള, ഉത്തരവാദിത്വമില്ലായ്മയോടുള്ള ദേഷ്യത്തിന്റെ പ്രതീകമായി ആ കൊലപാതകം.

ഒരു കാമ്പെയ്ന്‍ ഇടയ്ക്ക്, കൊല്‍ക്കത്തയുടെ ന്യൂ മാര്‍ക്കറ്റ് ജില്ലയിലെ ചരിത്രപ്രസിദ്ധ നഹോം ബേക്കറിയില്‍, ഒരു മദ്ധ്യവര്‍ഗ്ഗ സ്ത്രീ നഗരത്തില്‍ ആയുധം വഹിക്കുന്ന വാഹനങ്ങള്‍ ചൂണ്ടിക്കാണിച്ചു.

'ഇത് കശ്മീര്‍ അല്ല. ഇത് കൊല്‍ക്കത്ത.'

ഉചിതമോ അല്ലയോ, ആ വാക്കുകള്‍ നിരന്തര രാഷ്ട്രീയ ഏറ്റുമുട്ടലിനോടുള്ള ആഴമേറിയ ക്ഷീണത്തെ പ്രതിഫലിപ്പിച്ചു.

പരമ്പരാഗതമായി, രാഷ്ട്രീയ നിരീക്ഷകര്‍ ഇങ്ങനെ വിശ്വസിച്ചിരുന്നു: കൊല്‍ക്കത്ത ബംഗാളിന്റെ തിരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കുന്നില്ല; ഗ്രാമ ബംഗാള്‍ ആണ് അതു തീരുമാനിക്കുന്നത്. എന്നിട്ടും നഗരത്തിന്റെ അഭിപ്രായം പലപ്പോഴും ഒരു മുന്നറിയിപ്പ് ക്ലോക്കായി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയഹിംസയോടും അഴിമതിയോടുമുള്ള അതൃപ്തി ഏറ്റവും കൂടുതല്‍ ദൃശ്യമായിരുന്നത് നഗരങ്ങളില്‍ ആണ്.

ബംഗാളിനെ പുനര്‍ രൂപപ്പെടുത്തുന്ന മറ്റൊരു ശക്തി ജനസംഖ്യാ ഘടനയാണ്. ഇന്ന് പശ്ചിമ ബംഗാളില്‍ 15 നും 29 നും ഇടയ്ക്ക് പ്രായമുള്ള ഏകദേശം മൂന്ന് കോടി ആളുകളുണ്ട്. ആദര്‍ശസംഘര്‍ഷങ്ങളേക്കാള്‍, തൊഴില്‍, സംരംഭകത്വം, ചലനാത്മകത ഇവ ആണ് ആ തലമുറ ആഗ്രഹിക്കുന്നത്.

തൊഴില്‍ ഇപ്പോഴും ഒരു നീറുന്ന ചോദ്യം. ദശകങ്ങള്‍ നീണ്ട തൊഴില്‍ തര്‍ക്കങ്ങളും വ്യവസായ പലായനവും രാഷ്ട്രീയ സംഘര്‍ഷവും ബംഗാളിന്റെ വ്യാവസായിക ചൈതന്യം കെടുത്തിക്കളഞ്ഞ ചരിത്രത്തില്‍ നിന്ന് ആ സമ്പദ്വ്യവസ്ഥ ഒരിക്കലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇടതു മുന്നണിക്കാലത്ത് ആ അധഃപതനം ആരംഭിച്ചു, തുടര്‍ ഗവണ്‍മെന്റുകള്‍ അത് തുടര്‍ന്നു. യുവ വോട്ടറെ സംബന്ധിച്ച് ആദര്‍ശ വചനങ്ങള്‍ സാമ്പത്തിക അവസരത്തിന്റെ ചാലിലൂടെ വേണം കടക്കാന്‍.

ഇടതുപക്ഷം ഇപ്പോഴും പഴയ ആധിപത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബ്ബലമാണ്. എങ്കിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിലും ക്യാമ്പസ് ആക്ടിവിസത്തിലും നഗരങ്ങളില്‍ ഒരു വിഭാഗത്തിലും ഇടതുപക്ഷ ആശയങ്ങളോടുള്ള പുതുതായ ഒരു ആകര്‍ഷണം ദൃശ്യമാണ്. തൊഴിലില്ലായ്മ, അസമത്വം, സാമ്പത്തിക അരക്ഷിതത്വം ഇവ ഉയരുന്നത് ബി.ജെ.പി.ക്കോ തൃണമൂലിനോ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരുജനതയെ സൃഷ്ടിക്കുന്നു.

ഇത് ബംഗാളിന്റെ ഭവിഷ്യത്തിനെ നിര്‍ണ്ണയിക്കാന്‍ ഇടയുള്ള ആദര്‍ശപരമായ ഏറ്റുമുട്ടലിന് കളമൊരുക്കുന്നു.

ബി.ജെ.പി. ജാതിയും പ്രദേശവും വര്‍ഗ്ഗ അതിര്‍വരമ്പുകളും കടന്ന് ഒരു ഹിന്ദു വോട്ടര്‍ കൂട്ടം ഉരുത്തിരിയാന്‍ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം പോലുള്ള പ്രതീകങ്ങള്‍ ആഴത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു; ബംഗാളിനെ ഒരു വിശാലദേശീയ ഹിന്ദുത്വ ആഖ്യാനത്തിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചു.

പക്ഷേ ബംഗാള്‍ ഉത്തര്‍ പ്രദേശ് അല്ല.

ബംഗാളിന്റെ മതസംസ്‌കാരം ദുര്‍ഗ്ഗയ്ക്കും കാളിക്കും ഒരു വ്യതിരിക്ത ബംഗ്‌ദ്ദേശ ഭക്തിബോധത്തിനും ചുറ്റും രൂപപ്പെട്ടതാണ്. ബംഗ്‌ദ്ദേശ ഹിന്ദു ഭക്തിയുടെ വൈകാരിക കേന്ദ്രം പലപ്പോഴും പുരുഷ-ആധിപത്യ ക്രമത്തേക്കാള്‍ മാതൃശക്തിയിലാണ്. ബംഗ്‌ദ്ദേശ സാംസ്‌കാരിക ഭാവനയില്‍ അമ്മ ഒരു അദ്വിതീയ സ്ഥാനം വഹിക്കുന്നു. ബങ്കിം ചന്ദ്രയുടെ വന്ദേമാതരം മുതല്‍ വാര്‍ഷിക ദുര്‍ഗ്ഗാ പൂജ വരെ.

ബി.ജെ.പി.ക്ക് ഇനി വെറും തിരഞ്ഞെടുപ്പ് നേട്ടമല്ല, ഒരു സാംസ്‌കാരിക ദൌത്യം ഏറ്റെടുക്കേണ്ടതുണ്ട്. ബംഗാള്‍ ഹിന്ദുത്വയ്ക്ക് അനുകൂലമായി മാറ്റപ്പെടുമെന്ന് ആഗ്രഹിക്കരുത്; ഹിന്ദുത്വ ബംഗാളിനോട് ഇണങ്ങേണ്ടതുണ്ട്.

അത് നേടാനുള്ള ക്ഷമ കണ്ടെത്തിയില്ലെങ്കില്‍, മമത ബാനര്‍ജി മാത്രമല്ല, ഒരു പുതിയ ഇടതു ചായ്വുള്ള, ബദല്‍ അന്വേഷിക്കുന്ന യുവ തലമുറ കൂടി ആ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തും. അതുകൊണ്ടുതന്നെ ബംഗാളിന്റെ അടുത്ത തിരഞ്ഞെടുപ്പ് ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലായി ഓര്‍ക്കപ്പെടാനിടയില്ല. അത് പരസ്പരം മത്സരിക്കുന്ന രണ്ട് ആദര്‍ശങ്ങള്‍ തമ്മിലുള്ള യുദ്ധമായ് ഓര്‍ക്കപ്പെടും.

ഒന്ന് സാംസ്‌കാരിക ദേശീയതയില്‍ വേരോടിയത്.

മറ്റൊന്ന്, ജാതിക്കും വര്‍ഗ്ഗത്തിനും സ്ഥലമില്ലാതെ, തൊഴിലിന്റെ, ജീവിതത്തിന്റെ, സാമ്പത്തിക നീതിയുടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന രാഷ്ട്രീയത്തില്‍.

ബംഗാള്‍ ഇന്ത്യയുടെ രാഷ്ട്രീയ പ്രയോഗശാലയായി നിലകൊണ്ടതുകൊണ്ട്, ആ ഫലം ഒരിക്കല്‍ കൂടി രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് നമ്മോട് പറഞ്ഞേക്കും.

ബംഗാളിലെ ബി.ജെ.പി.യുടെ ഉയര്‍ച്ച ഹിന്ദു-മുസ്ലിം ധ്രുവീകരണം കൊണ്ടോ, ഭരണ-വിരുദ്ധ വികാരം കൊണ്ടോമാത്രം വ്യാഖ്യാനിക്കാന്‍ കഴിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ഉള്ളില്‍ നിന്നു വളര്‍ന്നുവരുന്ന അസ്വസ്ഥതയാണ് അതില്‍ മുഖ്യം. ഈ കലാപത്തില്‍ ആഴമേറിയ വിഭ്രമം ഉണ്ടാക്കുന്ന ഒരു കാര്യം: അത് ഏറെക്കുറെ മമത ബാനര്‍ജിക്കെതിരല്ല. അവരുടെ ചുറ്റും ഉരുവം കൊണ്ട രാഷ്ട്രീയ ഘടനയ്‌ക്കെതിരാണ് എന്നതാണ്- പ്രത്യേകിച്ചും, അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ചുറ്റും.

തൃണമൂല്‍ വിമര്‍ശകരില്‍ പോലും, ഇപ്പോഴും 'ദിദി'യോട്, ഇടതു മുന്നണിയെ 34 വര്‍ഷത്തിന് ശേഷം തൂക്കിയെറിഞ്ഞ ആ സ്ത്രീയോട്, ഒരു സവിശേഷ സ്നേഹം ഉണ്ട്. 71 ആം വയസ്സില്‍, ഇനിയും ബംഗാളിലെ ഏറ്റവും ദൃഢരാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാള്‍. എന്നിട്ടും ദേഷ്യം ഒഴുകുന്നത് മറ്റൊരു ദിശയിലേക്കാണ്. ഭയം, ഭീഷണി, സ്വജന പക്ഷം, ഹിംസ.. ഈ സംസ്‌കാരം അഭിഷേക് ബാനര്‍ജിയുടെ ചുറ്റും ഉരുത്തിരിഞ്ഞ ഘടനയ്ക്ക് കീഴില്‍ ആണ് ഉദിച്ചു വളര്‍ന്നതെന്ന ആരോപണം ആവര്‍ത്തിച്ചു കേള്‍ക്കാം. ന്യായമോ അല്ലയോ, ആ ധാരണ ഒരുരാഷ്ട്രീയ ശക്തിയായി മാറിക്കഴിഞ്ഞു. ആ ധ്രുവീകരണം ആണ് ബി.ജെ.പി. തന്ത്രജ്ഞര്‍ മമതയേക്കാള്‍ അഭിഷേകിനെ ലക്ഷ്യം വക്കുമെന്ന് പ്രതീക്ഷിക്കാന്‍ കാരണം. മമത ബാനര്‍ജിയെ നേരിട്ടാക്രമിച്ചാല്‍ ഒരു രക്തസാക്ഷി ഉണ്ടാകും. ബംഗാളി സമൂഹത്തിന്റെ വലിയ ഒരു ഭാഗത്ത് ഇപ്പോഴും അവര്‍ അനുതാപം ഉണര്‍ത്തുന്നു. അഭിഷേകോ? അദ്ദേഹം ഒരു വ്യത്യസ്ത ദൃഷ്ടിയില്‍ കാണപ്പെടുന്നയാളാണ്. അഴിമതി ആരോപണങ്ങളും കുംഭകോണങ്ങളും ഹിംസ ആരോപണങ്ങളും ലക്ഷ്യം വയ്ക്കുന്നത് അദ്ദേഹത്തിലാണ്.

അധികാരത്തില്‍ നിന്ന് മാറുമ്പോള്‍ അര്‍ഥവും ശ്രദ്ധയും ഒഴുകും. ഒരു ഭരണകക്ഷി ഓഫീസ് നഷ്ടപ്പെടുമ്പോള്‍, അതിനെ ചുറ്റിപ്പറ്റി ഉണ്ടാക്കിയ ശൃംഖലകള്‍ ദ്രവിക്കാന്‍ തുടങ്ങും. ടി.എം.സി. നേതാക്കള്‍ ചിലര്‍ ഇതിനകം ആ ഘടനാ ദ്രവണം ആരംഭിച്ചെന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ സമ്മതിക്കുന്നു.

പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് ഉയര്‍ന്ന പരസ്യ വിമര്‍ശനം അസാധാരണമാം വിധം തുറന്നതായിരുന്നു.

ടി.എം.സി. എം.എല്‍.എ. നിയ്മൊത്ത് ശൈഖ് ഈ ആരോപണം ഉന്നയിച്ചു: 'പാര്‍ട്ടി വിഭാഗീയ വഴക്കുകള്‍ കൊണ്ട് തളര്‍ന്നിരിക്കുന്നു.' ആ മുന്നറിയിപ്പുകള്‍ നേതൃത്വം ഗൗനിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ മന്ത്രിയും ക്രിക്കറ്ററുമായ മനോജ് തിവാരി കൂടുതല്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിച്ചു: അഴിമതി ആണ് തോല്‍വിക്ക് പ്രധാന കാരണം.

പല മുതിര്‍ന്ന നേതാക്കളും, തീരുമാനം ഒരൊറ്റ ആളില്‍ കേന്ദ്രീകൃതമാക്കുന്ന രീതിയും, പാര്‍ട്ടി ഏത് ദിശയില്‍പോകുകയാണ് എന്ന ചോദ്യവും ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവും ആഴമേറിയ ആഘാതം ഉണ്ടാക്കിയ വിമര്‍ശനം, മമത ബാനര്‍ജിയുടെ ഏറ്റവും ഒരു പഴയ സഖാവും ആദരണീയ നേതാക്കളില്‍ ഒരാളുമായ ഘോഷ് ദസ്തിദാര്‍ ഉന്നയിച്ചതാണ്. പ്രധാന സംഘടനാ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുന്ന കത്തില്‍ ദസ്തിദാര്‍, അഴിമതി കുംഭകോണങ്ങളും വിവാദങ്ങളും ഭരണ പരാജയങ്ങളും ജനസ്ഥൈര്യം ക്ഷയിപ്പിച്ചതായി ചൂണ്ടിക്കാണിച്ചു.

'അഴിമതി നിശ്ചയമായും' പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായി- അവര്‍ പറഞ്ഞു. രാഷ്ട്രീയ കണ്‍സള്‍ട്ടന്റുകളുടെ ഇടപെടലും അവര്‍ ഉന്നയിച്ചു. 'അധാര്‍മ്മികവും ജനാധിപത്യ സ്വഭാവം ഇല്ലാത്തതുമായ സ്വാധീനങ്ങള്‍' എന്നാണ് അവര്‍ പറഞ്ഞത്. I-PAC പ്രവര്‍ത്തകര്‍ പാര്‍ട്ടി കേഡര്‍ അംഗങ്ങളോട് മോശം നിലയില്‍ ഇടപെടുന്നതാണ് ആ ജീര്‍ണ്ണതയ്ക്ക് ഇന്ധനമെന്ന് അവര്‍ ആരോപിച്ചു.

അടിത്തട്ടു നിലയില്‍, കലാപം ആഴമേറിയതായിരുന്നു. ഭത്പ്പര്‍, ഹാലിശഹര്‍, കാഞ്ചരപ്പര്‍, ഗരൂലിയ, നോര്‍ത്ത് ബ്യാരക്പ്പൊര്‍ ഉള്‍പ്പടെ, 100 ലധികം നഗരസഭ കൗണ്‍സിലര്‍ രാജി വച്ചതായ് റിപ്പോര്‍ട്ടുണ്ട്. ഫര്‍ഹദ് ഹക്കിം മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി കൊല്‍ക്കത്ത മേയര്‍ സ്ഥാനം ഒഴിഞ്ഞു.

ശേഷിക്കുന്ന പഴയ വിശ്വസ്തര്‍ ചുരുക്കം. സുഷ്മിത ദേവ് -രാഹുല്‍ ഗാന്ധിയുടെ സ്തുതിപാഠക-പ്രിയം സഹിക്കാനാകാതെ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മമതയ്‌ക്കൊപ്പം ചേര്‍ന്നവള്‍. പത്രപ്രവര്‍ത്തക സാഗരിക ഘോഷ്. ഇവര്‍ നില്‍ക്കും. പക്ഷേ ഇവര്‍ രണ്ടും രാജ്യസഭ അംഗങ്ങള്‍ മാത്രമാണ്. ജനകീയ അടിത്തറ ഇല്ലാതെ, നിലത്ത് ഒരു കല്ലും ഇളക്കാന്‍ കഴിവില്ലാതെ.

വിമര്‍ശനങ്ങളുടെ ഏറ്റവും ശ്രദ്ധേയ ഘടകം: അത് ഏറെക്കുറെ ആരും മമത ബാനര്‍ജിക്കെതിരല്ല. ഒരു നിരീക്ഷകന്‍ ഇങ്ങനെ കുറിച്ചു: ആ കലാപം, മമതയ്ക്ക് നേരെയല്ല, അഭിഷേക് ബാനര്‍ജിക്കും അദ്ദേഹത്തിന്റെചുറ്റും ഉരുത്തിരിഞ്ഞ ഘടനയ്ക്കും നേരെ ആണ്. ആ വ്യത്യാസം വലിയ പ്രാധാന്യമുള്ളതാണ്. ഒരു ആള്‍ ദൈവ ശ്രേഷ്ഠതയെ ചുറ്റിപ്പറ്റി ഉണ്ടാക്കുന്ന പ്രസ്ഥാനങ്ങള്‍, ഒരേ ഒരു ഒഴുക്കില്‍ ഒഴുകണം. ആ ഒഴുക്കു തടസ്സപ്പെട്ടാല്‍ പിന്നെ ഒന്നും നിശ്ചിതമല്ല.

Ravi Shankar writes about Bengal Election and BJP`s win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല'; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്‌

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

എണ്ണവില പൊള്ളുന്നു, വീണ്ടും നൂറ് ഡോളര്‍ തൊട്ടു; ഇന്ധനവില കൂട്ടുമോ?, സ്വര്‍ണവിലയിലും മാറ്റം

'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന പാടില്ല'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം