Mental health factors and reasons for shortcut-driven wealth seeking samkalika malayalam
News+

കാശിനോടുള്ള ആർത്തിയല്ല, അതിനപ്പുറവുമുണ്ടാവും കാരണങ്ങൾ

സമ്പന്നരാകാൻ കുറുക്കുവഴികൾ തേടുന്നവരിൽ ഒളിഞ്ഞിരിക്കുന്ന മാനസിക പ്രശ്നങ്ങളാണോ ഇവരെ കൂടുതൽ അപകടത്തിലാക്കുന്നത്? തട്ടിപ്പുകാർ അവരുടെ ദൗർബല്യങ്ങളെ ആണോ ലക്ഷ്യമിടുന്നത്?

ഉണ്ണികൃഷ്ണൻ എസ്

പണം സമ്പാദിക്കുക എന്നതോ സമ്പന്നരാകുക എന്നതോ ഒട്ടും മോശമായ കാര്യമല്ല. എന്നാൽ, അമിതമായ ധനസമ്പാദനമോഹം പലരെയും അപകടകരമായ ഓൺലൈൻ ചൂതാട്ടങ്ങളിലേക്കും വൻ തട്ടിപ്പുകളിലേക്കും നയിക്കുന്ന കാഴ്ചയാണ് ദിനേന കാണുന്നത്.

കുറുക്കുവഴിയിലൂടെ വേഗത്തിൽ സമ്പന്നരാകാനുള്ള ശ്രമങ്ങൾ മിക്കപ്പോഴും അപകടങ്ങളിലും അബദ്ധങ്ങളിലുമാണ് ചെന്നുചാടാറ്. വിലക്കിഴിവിലെ തട്ടിപ്പുകൾ മുതൽ സൗജന്യ സമ്മാനങ്ങൾ വരെ പല രൂപങ്ങളിൽ തട്ടിപ്പുകൾ കടന്നുവരാം. ഡിജിറ്റൽ ലോകത്ത് തട്ടിപ്പിനും ഡിജിറ്റൽ മാർഗങ്ങൾ വന്നു. മാധ്യമങ്ങളിൽ നിത്യേന കാണുന്ന ഇത്തരം വഞ്ചനകൾക്ക് ഇരയാകുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

തട്ടിപ്പിനിരയാകുന്നവരുടെ സാമൂഹിക ചിത്രം പരിശോധിക്കുമ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മുതൽ വൻ സമ്പന്നർ വരെ ഇതിൽ ഉൾപ്പെടുന്നു. അതിലേറെ ശ്രദ്ധേയം, ഉന്നത വിദ്യാഭ്യാസം നേടിയവരും നിയമകാര്യങ്ങളിൽ അവഗാഹമുള്ളവരും പോലും ഈ കെണികളിൽ വീഴുന്നു എന്നതാണ്.

എന്തുകൊണ്ടാണ് സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള, കാര്യ​ഗൗരവമുള്ള വ്യക്തികൾ പോലും 'കുറുക്കുവഴികൾ' തേടി വഞ്ചിതരാകുന്നത്? കേവലം പണത്തോടുള്ള ആർത്തി മാത്രമാണോ കാരണം?

ഇത്തരക്കാരിൽ ഒളിഞ്ഞിരിക്കുന്ന മാനസിക പ്രശ്നങ്ങളാണോ ഇവരെ കൂടുതൽ അപകടത്തിലാക്കുന്നത്? തട്ടിപ്പുകാർ അവരുടെ ദൗർബല്യങ്ങളെ മുതലെടുത്താണോ ലക്ഷ്യമിടുന്നത്? അനിയന്ത്രിതമായ ലോട്ടറി വാങ്ങലുകളിൽ നിന്ന് തുടങ്ങി “അവിശ്വസനീയമായ ആദായം” വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ വരെ — ഈ ഡിജിറ്റൽ യുഗത്തിൽ യുവ തലമുറയെ കുടുക്കുന്ന കുടുക്കാണ് ചൂതാട്ട ആസക്തിയും ഓൺലൈൻ തട്ടിപ്പുകളും.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ റിപ്പോ‍ർട്ട് ചെയ്യപ്പെട്ട സംഭവം ഇങ്ങനെയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ

17 വയസ്സുകാരനെ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിലേക്ക് കൊണ്ടുവന്നപ്പോൾ, കുടുംബം കരുതിയത് “സ്ക്രീൻ അമിതമായി ഉപയോഗിക്കുന്ന പ്രശ്നം” മാത്രമാണെന്നായിരുന്നു. പക്ഷേ, മൊബൈൽ സ്ക്രീനിന്റെ പ്രകാശത്തിന് പിന്നിൽ മറഞ്ഞിരുന്ന ഇരുണ്ട സത്യമാണ് കൗൺസിലിങ്ങിൽ പുറത്തുവന്നത്.

ഈ കൗമാരക്കാരൻ വിശ്വസനീയമല്ലാത്ത ചില ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം നടത്തി. ഇതിനായി പണം കടം വാങ്ങി, ലോൺ എടുത്തു,നിക്ഷേപത്തിനും കടം വാങ്ങിയത് തിരിച്ച് നൽകാനും മാതാപിതാക്കളിൽ നിന്ന് നിരന്തരം പണം ആവശ്യപ്പെട്ടു. ഓരോ തവണ പണം നഷ്ടമാകുമ്പോഴും “ഇനി ഒരു അവസരം കിട്ടിയാൽ എല്ലാം തിരികെ നേടാം” എന്ന ഉറച്ച വിശ്വാസം ആ ചെറുപ്പക്കാരനുണ്ടായിരുന്നു. പക്ഷേ നഷ്ടങ്ങൾ കൂടുക മാത്രമാണ് ഉണ്ടായത്, സാമ്പത്തിക നഷ്ടം,പരാജയം, എന്നിവ അവനെ നിരാശയിലേക്ക് തള്ളിയിട്ടു. സ്കൂളിൽ പോകുന്നത് നിർത്തി, വീട്ടിൽ പ്രകോപിതനായി, നിയന്ത്രണം നഷ്ടപ്പെട്ടു പലതും ചെയ്തു. ട്രേഡിങ് അവസാനിപ്പിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലേക്ക് ആ പതിനേഴുകാരൻ വഴുതി വീണു.

കൗൺസിലിങ്ങിൽ, ഈ വിദ്യാ‍ർത്ഥിക്ക് പാത്തോളജിക്കൽ ഗാംബ്ലിങ് ഡിസോഡർ ഉണ്ടെന്ന് കണ്ടെത്തി. അമിതമായ സ്ക്രീൻ ഉപയോഗം മൂലം അവനുണ്ടായിരുന്ന എഡിഎച്ച് ഡി (ADHD)യുടെ സ്ഥിതി കൂടുതൽ വഷളായി. “അവന്റെ ദൗർബല്യം ചൂഷണം ചെയ്യപ്പെട്ടു, രോഗത്തെക്കുറിച്ച് അവനോ വീട്ടുകാരോ തിരിച്ചറിഞ്ഞതും ഇല്ല,” സൈക്യാട്രി ആൻഡ് ബിഹേവിയറൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. ജിത ജി ഇതേക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

സ്ക്രീൻ ലഭ്യതയിൽ നിന്ന് , സുരക്ഷിത അന്തരീക്ഷത്തിലേക്ക് അവനെ മാറ്റേണ്ടി വന്നു. സ്ക്രീൻ ലഭ്യമല്ലാതെ വന്നപ്പോൾ അവനുണ്ടായ അസ്വസ്ഥതയ്ക്കും വിത്ഡ്രോവൽ സിംപ്റ്റംസിനും മരുന്നുകൾ നൽകി. ഇപ്പോൾ മോട്ടിവേഷണൽ എൻഹാൻസ്മെന്റ് തെറാപ്പിയും കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT)യും ഉൾപ്പെടുന്ന ദീർഘകാല ചികിത്സയിലാണ്.

ഇത്തരം സംഭവങ്ങൾ ഇന്ന് സാധാരണമാണ്. “ഇൻവെസ്റ്റ്മെന്റ്” ഉം “ഗാംബ്ലിങ്” ഉം തമ്മിലുള്ള രേഖ വളരെ നേ‍ർത്തതാണ്. ഇതുകാരണം പല ഓൺലൈൻ തട്ടിപ്പുകളും ‘പെട്ടെന്ന് സമ്പന്നനരാകാം’ പദ്ധതികളും, മനുഷ്യരുടെ, പ്രത്യേകിച്ച് കൗമാര പ്രായമുള്ള തലച്ചോറിനെ, അപകടകരമായ രീതിയിൽ സ്വാധീനിക്കുന്നു.

അവതരണങ്ങളിൽ മറഞ്ഞിരിക്കുന്നവ

“വേഗത്തിൽ പണം വേണമെന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്,” എന്ന് ഡോ. ജിത പറയുന്നു. “ഇൻവെസ്റ്റ്മെന്റ് തട്ടിപ്പുകളും ‘ഗെറ്റ് റിച്ച് ക്വിക്ക്’ പദ്ധതികളും ഈ ആഗ്രഹത്തെ ചൂഷണം ചെയ്യുന്നു. അപകടകരമായ ചൂതാട്ടങ്ങളെ ‘സ്മാർട്ട് ഫിനാൻഷ്യൽ തീരുമാനങ്ങൾ’ പോലെ അവതരിപ്പിക്കുന്നു.”

ആപ്പുകളുടെ തിളക്കമുള്ള ഇന്റർഫേസുകൾക്കും “ഗ്യാരണ്ടീഡ് റിട്ടേൺസ്” എന്ന വാഗ്ദാനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ മനശ്ശാസ്ത്ര തന്ത്രമാണ്:

> ജയിക്കുന്നതിലെ ആവേശം

> അവസരം നഷ്ടടമാകുമോ എന്ന ഭയം

> നഷ്ടമായവ തിരികെ നേടാമെന്നുള്ള പ്രതീക്ഷ

ഡോ. ജിതയുടെ അഭിപ്രായത്തിൽ, നഷ്ടം ആവർത്തിക്കുമ്പോഴും വീണ്ടും അതേ വഴികളിൽ തുടരാനുള്ള താൽപ്പര്യം, ചൂതാട്ടത്തെക്കുറിച്ച് കള്ളം പറയൽ, നിരന്തരം ബെറ്റിങ്ങിൽ മുഴുകൽ, ഉത്തരവാദിത്വങ്ങൾ അവഗണിക്കൽ എന്നിവ വെറും പുറംലക്ഷണങ്ങളാണ്. അതിന് അടിയിൽ ഇംപൾസ് കൺട്രോൾ പ്രശ്നങ്ങൾ, ആകുലത, വിഷാദം, ട്രോമ, സാമൂഹിക ഒറ്റപ്പെടൽ എന്നിവയാണ്.

പ്രതിഫലത്തിന്റെ കുടുക്ക്

“ഗാംബ്ലിങ് ഡിസോർഡർ ഇപ്പോൾ സബ്സ്റ്റൻസ് യൂസ് ഡിസോ‌ഡറുകൾ (ലഹരിമരുന്ന് ഉപയോ​ഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ) പോലെ തന്നെയുള്ള ആസക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.”യുകെയിലെ സൈക്യാട്രി, ചൈൽഡ് & അഡോളസന്റ് മെന്റൽ ഹെൽത്ത് സർവീസസ് (NHS) സ്പെഷ്യാലിറ്റി ഡോക്ടറായ ഷാരൺ തോമസ് പറയുന്നു

ചൂതാട്ടത്തെ കുറിച്ചുള്ള മിഥ്യാധാരണകളും വസ്തുതകളും

“ ഗാംബ്ലിങ്,തലച്ചോറിന് ആവേശമായി തോന്നുംവിധം ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് അവ‍ർ പറയുന്നു. “പണം, പോയിന്റുകൾ, സമ്മാനങ്ങൾ—എന്തായാലും അവ, തലച്ചോറിന്റെ റിവാർഡ് പാതയെ അത് അത്യധികം ഉത്തേജിപ്പിക്കുന്നു.”

സന്തോഷവും സംതൃപ്തിയും മോട്ടിവേഷനുമൊക്കെ നൽകുന്ന ഡോപമിൻ ആളുകളെ വീണ്ടും വീണ്ടും ചൂതാട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ചിലർക്ക്, പ്രത്യേകിച്ച് ആസക്തി പ്രവണതയുള്ളവർക്ക്, റിവാർഡ് സർക്യൂട്ട് അത്യുത്സാഹിതമാകുന്നു. അതിനാൽ അവർ വീണ്ടും വീണ്ടും ചൂതാട്ടത്തിലേക്ക് മടങ്ങുന്നു. രോഗം മാറിയ ശേഷവും, ഒരു ഗെയിം കാണുകയോ, ഒരു സമ്മാനത്തെ കുറിച്ച് കേൾക്കുകയോ ചെയ്താൽ പോലും അവർക്ക് ഇതിനുള്ള ആസക്തി വീണ്ടും വരാം.

ലോകമെമ്പാടും മുതി‍ർന്നവരിൽ 0.4–1% വരെ ഗാംബ്ലിങ് ഡിസോഡർ ബാധിക്കുന്നു. 2016-ൽ എറണാകുളത്ത് നടത്തിയ പഠനത്തിൽ, 7.4% കോളേജ് വിദ്യാർത്ഥികൾക്ക് ചൂതാട്ടവുമായി ബന്ധപ്പെട്ട ആസ്ക്തി പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഡിജിറ്റൽ കാലത്ത് നമ്മുടെ നാട്ടിലും യുവാക്കളിൽ ഈ രോ​ഗത്തി​ന്റെ വ്യാപനം വർധിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്.

ഉയരുന്ന ആശങ്ക

ഓൺലൈൻ ഗാംബ്ലിങ്, തട്ടിപ്പ് അധിഷ്ഠിത ട്രേഡിങ് പ്ലാറ്റ്ഫോമുകൾ വേഗത്തിൽ വ്യാപിച്ചതും. മൊബൈൽ ഫോണിലൂടെ എല്ലാസമയത്തും ഇവ സാധ്യമാകുന്നുവെന്നതും ഈ ആസക്തിയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് കൗമാരക്കാരിൽ, ഇതിന്റെ ഫലങ്ങൾ വിനാശകരമാണ്.

ഗാംബ്ലിങ് അസക്തി പണവുമായി മാത്രം ബന്ധപ്പെട്ടതല്ല; അത് മാനസികാരോഗ്യം, കുടുംബസ്ഥിരത, സാമൂഹിക ക്ഷേമം എന്നിവയെ ബാധിക്കുന്നു. “തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ മനോഭാവം തന്നെയാണ് ചൂതാട്ടത്തെയും വളർത്തുന്നത്,” എന്ന് ഡോ. ജിത ചൂണ്ടിക്കാണിക്കുന്നു.

“രോഗം മാറിയ ശേഷവും, ചൂതാട്ടത്തെക്കുറിച്ചുള്ള ചെറിയൊരു ഓർമ്മ പോലും തലച്ചോറിന്റെ റിവാർഡ് പാതയെ വീണ്ടും സജീവമാക്കും. അതുകൊണ്ടാണ് ആദ്യഘട്ട തിരിച്ചറിവ്, കുടുംബപിന്തുണ, ദീർഘകാല ഫോളോ-അപ്പ് എന്നിവ അത്യാവശ്യമായവ ആണ്.” ഡോ. ഷാരൺ കൂട്ടിച്ചേർക്കുന്നു

കരുണ ആവശ്യമായ രോഗം

അസക്തിയിലേക്ക് വഴുതി വീണ പതിനേഴുകാരൻ ഇപ്പോൾ മന്ദഗതിയിലുള്ള, പക്ഷേ സ്ഥിരമായ പുനരധിവാസത്തിലേക്ക് നീങ്ങുന്നു. അവന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്, ഗാംബ്ലിങ് അസക്തി എന്നത് ഒരു വ്യക്തിയുടെ ധാർമ്മികമോ നൈതികമായോ ആയ വീഴ്ചയോ പരാജയമോ ആയി കണ്ട് കുറ്റപ്പെടുത്തി അവ​ഗണിക്കുകയല്ല വേണ്ടത്; അത് കരുണ, പിന്തുണ, പ്രൊഫഷണൽ ചികിത്സ എന്നിവയിലൂടെ പരിഹാരിക്കേണ്ട ഒരു രോ​ഗാവസ്ഥയായി കാണേണ്ടതുണ്ട്.

 Underlying mental health conditions may drive the desire to acquire wealth quickly through shortcuts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്, അറിയാം ചടങ്ങുകള്‍; ആലപ്പുഴയിലും തിരുവല്ലയിലും പ്രാദേശിക അവധി

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഭിപ്രായ വ്യത്യാസങ്ങള്‍ മാറും; ഈ ആഴ്ച ദാമ്പത്യം എങ്ങനെ

SCROLL FOR NEXT