ഓര്‍ക്കുന്നുണ്ടോ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കൈക്കൊണ്ട നിലപാട്? ഗവണ്‍മെന്റ് അവലംബിച്ച പ്രതിരോധതന്ത്രങ്ങളെ ഭേദിച്ച് കോവിഡിന്റെ കടന്നുവരവ് എളുപ്പമാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണം അതേ തുടര്‍ന്നുണ്ടായി. 'മിഥുനം' എന്ന പ്രിയദര്‍ശന്‍ സിനിമയിലെ ഇന്നസെന്റിന്റെ കഥാപാത്രം മോഹന്‍ലാലിന്റെ കഥാപാത്രം രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തെ പൊളിച്ച് ''തനിക്കെന്തുസംഭവിച്ചെന്താലും എനിക്കൊന്നുമില്ലെടാ, എന്റെ അജന്‍ഡ നടപ്പാകണം'' എന്ന ലൈനില്‍ നിന്നതുപോലെയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മുഖഭാവം. ''ഇനിയെന്തെല്ലാം വരാന്‍ കിടക്കുന്നു. ഒരു സുനാമി, ഭൂകമ്പം...'' എന്ന് നീചമായ സന്തോഷത്തോടെ അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നതും നാം കേട്ടു.
ആഞ്ഞടിക്കുന്ന രോഗത്തിന്റെ സുനാമിയെ അധികകാലം പ്രതിരോധിച്ചു നില്‍ക്കാനാകില്ലെന്ന് അന്ന് ഇടതുപക്ഷ ഗവണ്‍മെന്റിനും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കും വളരെ വ്യക്തമായിരുന്നു. ഒരുതരം വിളംബം വരുത്തല്‍ തന്ത്രമായിരുന്നു (Delaying tactics) ഗവണ്‍മെന്റ് കൈക്കൊണ്ടത് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാക്കാനുമാകും. ഒരു മറുമരുന്ന് (Antidote) കണ്ടുപിടിക്കുന്ന കാലംവരെ, കഴിയുന്നിടത്തോളം രോഗത്തെ പ്രതിരോധിച്ചു നിര്‍ത്തുക എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. കോവിഡിന്റെ കാര്യത്തിലെന്നപോലെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാര്യത്തിലും പലനിലയ്ക്കുമുള്ള വിളംബം വരുത്തല്‍ തന്ത്രം (Delaying tactics) ആണ് കേരളത്തില്‍ കുറേക്കാലമായി ഇടതുപക്ഷ പാര്‍ട്ടികള്‍ അവലംബിച്ചുപോരുന്നത്. ആ തന്ത്രത്തെ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ത്തിരിക്കുന്നു. ബംഗാളില്‍ മമത ഉണ്ടാക്കിയ മഴവില്‍ മുന്നണിപോലെ മറ്റൊന്ന്, യു.ഡി.എഫ് +, ഉണ്ടാക്കിയാണ് വി.ഡി. സതീശനും കോണ്‍ഗ്രസ്സും അത് സാദ്ധ്യമാക്കിയത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ന് ലോകമെമ്പാടും പടരുന്ന, കോവിഡിനേക്കാള്‍ ഭീകരമായ ഒരു രോഗമാണ് ഫാസിസ്റ്റ് വലതുപക്ഷ-വംശീയത. ഇന്ത്യയില്‍ അത് മുഖ്യമായും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. (ഹിന്ദുത്വം എന്നു പറയുമ്പോള്‍ ഹിന്ദുമത വിശ്വാസികള്‍ തെറ്റിദ്ധരിക്കരുത്. ഹിന്ദുത്വത്തിന് വിശ്വാസവുമായല്ല ബന്ധം. അധികാരവുമായാണ്) വളരെ കുറച്ചു സംസ്ഥാനങ്ങളേ ഇനിയും ഹിന്ദുത്വകക്ഷിയായ ബി.ജെ.പിയുടെ പിടിയിലമരാനുള്ളൂ. ഭരണപരമായി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍പോലും ഇന്ന് ഹിന്ദുത്വകക്ഷിയുടെ തന്ത്രങ്ങള്‍ക്ക് വഴിപ്പെട്ട് അവരുടെ ഭരണത്തിന്‍ കീഴില്‍ അമര്‍ന്നുകഴിഞ്ഞു. തമിഴ്‌നാടും കേരളവുംപോലുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിനൊരപവാദം.
ഈ സംസ്ഥാനങ്ങളിലെ ഹിന്ദുത്വത്തിന്റെ ആശയലോകത്തിന്‍റെ ശത്രുക്കള്‍ക്കാകട്ടെ (കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലുള്ളവ), ഹിന്ദുത്വത്തിന്റെ ആഞ്ഞടിക്കുന്ന സുനാമിയെ എത്രകാലം പ്രതിരോധിച്ചു നിര്‍ത്താനാകുമെന്ന് തീര്‍ച്ചയില്ല. കേരളത്തില്‍ ഈ തീര്‍ച്ചയില്ലായ്മക്ക് ചില കാരണങ്ങളുണ്ട്. ഒന്നാമതായി ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് (RSS) ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനം കേരളമാണ് എന്നതാണത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖാസാന്ദ്രതയുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ഉത്തര്‍പ്രദേശിനേക്കാള്‍ വിസ്തൃതിയിലും ജനസംഖ്യയിലും വളരെ പിന്നിലാണെങ്കിലും, അയ്യായിരത്തിലധികം ശാഖകളാണത്രേ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഈ കണക്കിലെയൊക്കെ വാസ്തവം അറിയുക എളുപ്പമല്ല; എന്തെന്നാല്‍ രജിസ്‌ട്രേഷനോ അംഗത്വരേഖകളോ ഒന്നുമില്ലാത്ത ഒരു സംഘടനയാണത്. രണ്ടാമതായി ദേശീയസ്വാതന്ത്ര്യ സമരപ്രസ്ഥാന കാലം തൊട്ടേ നമ്മുടെ രാഷ്ട്രീയത്തിന്റെ അന്തര്‍ലീനഭാവം ഹൈന്ദവമാണ് എന്നതാണത്. സ്വാതന്ത്ര്യാനന്തരം, നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കുറച്ചുകാലം അതിനെ അടക്കിയൊതുക്കി നിര്‍ത്താനും ശാസ്ത്രബോധം, മതനിരപേക്ഷത, ജനാധിപത്യം എന്നിവയുടേതായ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കാനും ശ്രമിച്ചിരുന്നു. 1980-കളോടെ ആ ചിത്രം മാറി. കേരളം എന്ന കൊച്ചുസംസ്ഥാനം കൂടി ഉള്‍പ്പെടുന്ന ഇന്ത്യാരാജ്യത്ത് അയുക്തികത, മതസങ്കുചിതത്വം/യാഥാസ്ഥിതികത്വം, ശാസ്ത്രവിരുദ്ധത എന്നിവയ്ക്കായി മേല്‍ക്കൈ. എന്തായാലും ഈ സാഹചര്യത്തില്‍, കോവിഡിന്റെ കാര്യത്തിലെന്നപോലെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാര്യത്തിലും പലനിലയ്ക്കുമുള്ള വിളംബം വരുത്തല്‍ തന്ത്രം ആണ് കേരളത്തില്‍ കുറേക്കാലമായി ഇടതുപക്ഷ പാര്‍ട്ടികള്‍ അവലംബിച്ചുപോരുന്നത് എന്ന് കേരളരാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാകും.
പക്ഷേ, പ്രധാനമായും ഒരു കാര്യത്തില്‍ കോവിഡില്‍നിന്നും വംശീയവലതുപക്ഷ രാഷ്ട്രീയം എന്ന ഈ രോഗം വ്യത്യസ്തമാണ് എന്നും നാം കാണണം. അതിനൊരു മറുമരുന്ന് കൃത്യമായും ഉണ്ട് എന്നതാണ് ഈ വ്യത്യസ്തത. പക്ഷേ, കോവാക്‌സീന്‍ അടക്കമുള്ള മരുന്നുകളെപ്പോലെ ഉടനടി ഫലം അതുണ്ടാക്കില്ല. തൊഴിലെടുക്കുന്നവരുടേയും കൃഷിപ്പണി ചെയ്യുന്നവരുടേയും നാനാതരത്തിലുള്ള മറ്റു ജോലികള്‍ ചെയ്യുന്നവരുടേയും ഐക്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ മറുമരുന്ന്. ശാസ്ത്രീയമായ ഒരു രാഷ്ട്രീയബോധ്യത്തിന്റെ പരിസരത്തുനിന്ന് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ സവിശേഷപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ മറുമരുന്ന്. എന്നാല്‍, ഇത് അത്ര എളുപ്പമല്ല. അതൊരു നിരന്തരപ്രക്രിയയുമാണ്. പോരാത്തത്തിന് അത്തരമൊരു നിരന്തരാനുഷ്ഠാനത്തിന് പ്രാപ്തമായ സംഘടനാശരീരവുമല്ല കേരളത്തിലെ പ്രമുഖ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇന്നുള്ളത് എന്നും കാണണം. പലകാരണങ്ങളാല്‍ അവയുടെ പേശീബലം ശോഷിച്ചുപോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഏറെ നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിവെച്ച വൈകിപ്പിക്കല്‍ തന്ത്രം തുടരുക മാത്രമായിരുന്നു പോംവഴി. ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളായ വിഭാഗങ്ങളെ കൂടെ നിര്‍ത്തുകയും ഉദാര ജനാധിപത്യ രാഷ്ട്രീയ വിശ്വാസികളുടെ പിന്തുണ നേടുകയും സംസ്‌കാരത്തിന്റേയും ഭരണത്തിന്റേയും മണ്ഡലത്തില്‍ തന്ത്രപരമായ അവസരവാദം (Tactical opportunism) അവലംബിക്കുകയും ചെയ്യുക എന്നതാണ് ഈ വൈകിപ്പിക്കല്‍ തന്ത്രത്തിന്റെ കാതല്‍. ഈയൊരു രാഷ്ട്രീയമാണ് ഇത്രയും കാലം ഇടതുപക്ഷം അവലംബിച്ചു പോന്നിരുന്നത്.
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഈ വൈകിപ്പിക്കല്‍ തന്ത്രത്തെ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഏറെക്കുറെ പൊളിച്ചുകളഞ്ഞിരിക്കുന്നു. മത, സാമുദായിക, വര്‍ഗീയവാദത്തിന്റെ 'Floodgates' ആണ് ശബരിമലയിലെ ആര്‍ത്തവലഹളക്കാരുടെ കാലത്ത് രൂപംകൊണ്ട ഒരു യാഥാസ്ഥിതിക മുന്നണിയെ മതരാഷ്ട്രവാദികളുടെ സഹായത്തോടെ വിപുലീകരിച്ചുകൊണ്ട് സതീശന്‍ തുറന്നുകൊടുത്തിരിക്കുന്നത്. അതോടെ സതീശന്റെ കക്ഷിയുടെ വിജയവും അധികാരത്തിലേറലും വളര്‍ച്ച നല്‍കാന്‍ പോകുന്നത് ബി.ജെ.പിക്കായിരിക്കും എന്നത് സുവ്യക്തം. എന്തെന്നാല്‍ വരാനിരിക്കുന്ന യു.ഡി.എഫ് ഗവണ്‍മെന്റ്, അത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ളതാണെങ്കിലും അല്ലെങ്കിലും സൃഷ്ടിക്കാന്‍ പോകുന്നത് ഒരു 'Hindu backlash' ആണ്. പലനിലയ്ക്കും ഇടതുപക്ഷ ഭരണത്തിന്റെ അവസാനനാളുകളില്‍ ബംഗാളില്‍ മമതാബാനര്‍ജി അവലംബിച്ച തന്ത്രത്തോട് വി.ഡി. സതീശന്റെ സോഷ്യല്‍ എന്‍ജിനീയറിംഗിന് സാദൃശ്യമുണ്ട്. സതീശന്‍ പറഞ്ഞത് യു.ഡി.എഫ് + എന്നാണ്. ഇസ്‌ലാമിസ്റ്റുകള്‍, സ്വത്വവാദികള്‍ വിവിധ വലതുപക്ഷ ദലിത് സംഘടനകള്‍, ആദര്‍ശാത്മക ഇടതുപക്ഷരാഷ്ട്രീയ ഘോഷകര്‍, സമുദായസംഘടനകള്‍ എന്നിവരൊക്കെ ഉള്‍പ്പെട്ട ഒരു മുന്നണി. ബംഗാളിലേതുപോലെ അതിന്റെ ലക്ഷ്യമാകട്ടെ മുഖ്യമായും മതേതര വോട്ടുകളെ ശോഷിപ്പിക്കലും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും അനുകൂലമായ മതധ്രുവീകരണവും.
ബംഗാളിന്റെ ചുവന്ന മണ്ണില്‍നിന്ന് കാവിയിലേക്കുള്ള ദൂരം ഒരു രാഷ്ട്രീയ പരിണാമം മാത്രമായിരുന്നില്ല, മറിച്ച് മമതാബാനര്‍ജി എന്ന തന്ത്രജ്ഞ പയറ്റിയ അപകടകരമായ ഒരു കീഴ്‌വഴക്കത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു. 2011-ല്‍ 34 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്തെറിയാന്‍ മമത രൂപപ്പെടുത്തിയ 'മഴവില്‍ സഖ്യം' (Rainbow Coalition) കേവലമൊരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നില്ല. തീവ്ര ഇടതുപക്ഷക്കാരേയും മാവോയിസ്റ്റുകളേയും ദലിത്-മുസ്ലിം സംഘടനകളേയും സാംസ്‌കാരിക നായകരേയും ഒരേ നുകത്തില്‍ കെട്ടിയ ആ മുന്നണി, യഥാര്‍ത്ഥത്തില്‍ ഒരു 'വ്യവസ്ഥാവിരുദ്ധ' (Anti-establishment) മുന്നണിയുടെ രൂപഭാവങ്ങള്‍ എടുത്തണിഞ്ഞിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലും ചോര വീണ കൃഷിഭൂമിയെ വിപ്ലവത്തിന്റെ വിളനിലമാക്കിയ മാവോയിസ്റ്റ് ഘടകങ്ങളെ മമത തോളിലേറ്റിയത് അധികാരം എന്ന ഏകലക്ഷ്യത്തിലായിരുന്നു. എന്നാല്‍, ചെങ്കോല്‍ കയ്യിലായ നിമിഷം മുതല്‍, ഈ മഴവില്‍ സഖ്യത്തിലെ വിപ്ലവകാരികളെ അവര്‍ നിഷ്‌കരുണം ഉന്മൂലനം ചെയ്തു. ഇവയില്‍ ഏറ്റവും ക്രൂരമായ അദ്ധ്യായം മാവോയിസ്റ്റ് നേതാവ് കോടേശ്വരറാവുവിനെ (കിഷന്‍ജി) ജംഗല്‍മഹലില്‍ വകവരുത്തിയതായിരുന്നു. ഇന്ന് ഇടതുപക്ഷക്കാരും തീവ്രഇടതുപക്ഷക്കാരും ടി.എം.സിയോടൊപ്പം നില്‍ക്കണം എന്ന ആവശ്യപ്പെടുന്ന മമത അന്ന് വിപ്ലവകാരികളെ വഴിയിലുപേക്ഷിക്കുകയും അധികാരം സുരക്ഷിതമാക്കാന്‍ മതധ്രുവീകരണം ശക്തിപ്പെടുത്തി ബംഗാളിലെ മുസ്‌ലിം വോട്ട് ബാങ്കിനെ നിലനില്‍പ്പിനായി ആശ്രയിക്കുകയുമായിരുന്നു. ഭരണത്തിലേറിയപ്പോള്‍ അതുവരെ കൂടെനിന്ന കോടേശ്വരറാവുവിനെ കൊല്ലുകയും മാവോയിസ്റ്റുകളെ വേട്ടയാടുകയും ചെയ്ത മമതയുടെ ടി.എം.സി. സി.പി.എമ്മുകാരെ തെരുവിലാണ് നേരിട്ടത്. ഇരുന്നൂറിലധികം സി.പി.എമ്മുകാരാണ് തൃണമൂലുകാരുടെ ആക്രമണത്തില്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. 2026-ലെ തെരഞ്ഞെടുപ്പില്‍ തന്നെ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ ബംഗാളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ ആക്രമണങ്ങളില്‍നിന്നും രക്ഷപ്പെടുന്നതിന് ബംഗാളിലെ സി.പി.എം അണികള്‍ പ്രധാനമായും മൂന്ന് വ്യത്യസ്ത വഴികളാണ് തിരഞ്ഞെടുത്തത്. ഇത് പില്‍ക്കാലത്ത് ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തേയും വോട്ട് വിഹിതത്തേയും മാറ്റിമറിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും കാണാം. പാര്‍ട്ടി ഓഫീസുകള്‍ നഷ്ടപ്പെടുകയും പ്രാദേശിക നേതാക്കള്‍ കൊല്ലപ്പെടുകയോ ഒളിവില്‍ പോകുകയോ ചെയ്തതോടെ സാധാരണ അണികള്‍ അനാഥരായി. പലരും അയല്‍ സംസ്ഥാനങ്ങളിലേക്കും തൊഴില്‍ തേടി കേരളം പോലുള്ള ഇടങ്ങളിലേക്കും പലായനം ചെയ്തു. സ്വന്തം മണ്ണില്‍ അസ്തിത്വം നഷ്ടപ്പെട്ട ഇവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് അസാദ്ധ്യമായി മാറിയിരുന്നു. മറ്റൊരു വലിയ വിഭാഗം അണികള്‍ ചെയ്തത് തങ്ങളുടെ ചുവപ്പ് കൊടി ഉപേക്ഷിച്ച് തൃണമൂലിന്റെ ഭാഗമാവുക എന്നതായിരുന്നു. ''രാവിലെ തൃണമൂല്‍, രാത്രി സി.പി.എം'' എന്ന വിചിത്രമായ ഇരട്ടജീവിതം പലരും നയിച്ചുപോന്നു. തൃണമൂല്‍ ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ടി.എം.സി ഓഫീസുകളില്‍ പോയി മെമ്പര്‍ഷിപ്പ് എടുക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. ഇത് സി.പി.എമ്മിന്റെ കേഡര്‍ സംവിധാനത്തെ അടിത്തറയില്‍നിന്നു തന്നെ തകര്‍ത്തു.
തങ്ങളെ അടിച്ചമര്‍ത്തുന്ന തൃണമൂലിനെ നേരിടാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, തൃണമൂലിനെ കായികമായി നേരിടാന്‍ ശേഷിയുള്ള മറ്റൊരു ശക്തിയെന്ന നിലയില്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു മറ്റൊരു മാര്‍ഗം. ''ആഗിയേ ലാല്‍, എബേ ഗെറുവാ (മുന്‍പ് ചുവപ്പ്, ഇപ്പോള്‍ കാവി)'' എന്ന മുദ്രാവാക്യം അങ്ങനെയാണ് ഉണ്ടാകുന്നത്. സി.പി.എമ്മിന്റെ 30 ശതമാനത്തോളം വരുന്ന വോട്ട് വിഹിതം 10 വര്‍ഷം കൊണ്ട് 10 ശതമാനത്തിനു താഴെയെത്തിയതും ബി.ജെ.പി നിസ്സാര വോട്ടുകള്‍ കിട്ടിയിടത്തു നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ന്നതും ഒരേ അണികളില്‍ സംഭവിച്ച ഈ മാറ്റം കൊണ്ടാണ്.
അതേസമയം മമത സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യം, പാരമ്പര്യമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളെ അരക്ഷിതരാക്കുകയും ചെയ്തു. ഈ അരക്ഷിതാവസ്ഥയെയാണ് ബി.ജെ.പി തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയുടെ വളമാക്കി മാറ്റുന്നതും. തൃണമൂലിന്റെ 'ന്യൂനപക്ഷ പക്ഷപാതം' എന്ന ബി.ജെ.പി പ്രചാരണം സാധാരണക്കാരായ ഹിന്ദു വോട്ടര്‍മാരെ അവരുടെ പാളയത്തിലെത്തിച്ചു. 2011 മുതല്‍ മമതയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക് ചേക്കേറുമ്പോള്‍, അത് കേവലമൊരു വ്യക്തിയുടെ കൂടുമാറ്റമായിരുന്നില്ല; മറിച്ച്, തൃണമൂല്‍ വിതച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെ വിളവെടുപ്പായിരുന്നു. നന്ദിഗ്രാമിന്റെ നായകനെന്ന നിലയില്‍ സുവേന്ദുവിന്റെ മാറ്റം ബംഗാള്‍ രാഷ്ട്രീയത്തെ ടി.എം.സി-ബി.ജെ.പി എന്ന കൃത്യമായ 'ബൈനറി'യിലേക്ക് ചുരുക്കി. ഈ സന്ദര്‍ഭത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ സാംസ്‌കാരിക പ്രസിദ്ധീകരണത്തില്‍ 'സി.പി.എം വിരുദ്ധനായ ഇടതുപക്ഷ ബുദ്ധിജീവി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളിയും കൊല്‍ക്കൊത്തയില്‍ ജീവിക്കുന്നയാളുമായ ഒരാള്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഓര്‍മവരികയാണ്. ''മമതാദീദി വംഗജനതയെ കൂട്ടിക്കൊണ്ടുപോയത് എങ്ങോട്ട്'' എന്നോ മറ്റോ ആയിരുന്നു അത്. സോണിയയുടേയും മന്‍മോഹന്‍ സിംഗിന്റേയും സവിധത്തിലേക്ക് എന്നായിരുന്നു അതിന്റെ ഫലശ്രുതി. യഥാര്‍ത്ഥത്തില്‍ വംഗജനതയെ മമത ആട്ടിത്തെളിച്ച് കയറ്റിയത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആലയിലേക്കാണ് എന്നതാണല്ലോ വാസ്തവം.
തീര്‍ച്ചയായും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തില്‍ ഈ ബംഗാള്‍ പാഠങ്ങള്‍ അലോസരമാംവിധം പ്രതിഫലിക്കുന്നുണ്ട്. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നതുപോലെ 25 വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യ ചിന്തിക്കുന്നു എന്നാണല്ലോ ഒരു കാലത്ത് പറഞ്ഞിരുന്നത്. എന്തായാലും ഈ നിലയ്ക്ക് പോയാല്‍ ബംഗാള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കാന്‍ കേരളത്തിന് അത്രയും കാലം വേണ്ടിവരില്ല. എല്‍.ഡി.എഫ്-യു.ഡി.എഫ് എന്ന പരമ്പരാഗത മത്സരക്രമം മാറി, യു.ഡി.എഫ്-എന്‍.ഡി.എ എന്ന പുതിയൊരു ദ്വന്ദ്വം ഇവിടേയും വൈകാതെ രൂപംകൊള്ളാം. ഇതിന് പ്രധാന കാരണം യു.ഡി.എഫിനുള്ളിലെ മുസ്‌ലിം ലീഗിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടേയും വര്‍ദ്ധിതമായ സ്വാധീനമാണ്. ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ ''സമുദായത്തിനു വേണ്ടിയാകണം ഇനി ഭരണം വരേണ്ടത്'' എന്ന പ്രഖ്യാപനവും, ''മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം'' എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗങ്ങളും ഒരു വലിയ സാമൂഹിക വിഭജനത്തിന് തിരികൊളുത്തി കഴിഞ്ഞു. അത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. ഒരു ജനാധിപത്യക്രമത്തില്‍ മതം ഭരണത്തിന്റെ ആധാരമാകണമെന്ന തരത്തിലുള്ള ചില ന്യൂനപക്ഷസമുദായ പാര്‍ട്ടി നേതാക്കന്‍മാരുടെ വാശി ഭൂരിപക്ഷ സമുദായത്തില്‍ സൃഷ്ടിക്കുന്ന ഭീതി ബി.ജെ.പിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഹൈവേ പണിയുകയാണ് ചെയ്യുന്നത്. എന്തായാലും, ഈ മാറ്റത്തില്‍ ഏറ്റവും വലിയ വില നല്‍കേണ്ടി വരിക സി.പി.എമ്മിനാണ്. മതേതര പാര്‍ട്ടിയാണെങ്കിലും, കേരളത്തിലെ ഹൈന്ദവ വോട്ടുകളുടെ ഏറ്റവും വലിയ കേന്ദ്രം സി.പി.എമ്മാണ്. യു.ഡി.എഫ് ഭരണമെന്നാല്‍ അത് ലീഗിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായിരിക്കുമെന്ന ഭയം പടരുമ്പോള്‍, സാധാരണക്കാരായ ഹിന്ദു വോട്ടര്‍മാര്‍ തങ്ങളുടെ രക്ഷകരായി ബി.ജെ.പിയെ കാണാന്‍ തുടങ്ങുന്നു. ഈ തെരഞ്ഞെടുപ്പില്‍ തന്നെ 20 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മുപ്പതിനായിരത്തോളം വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. മൂന്ന് പേരെ നിയമസഭയിലേക്ക് ജയിപ്പിക്കാനും അവര്‍ക്കായി. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അവരുടെ വോട്ട് ബാങ്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടി വ്യാപിച്ചുകിടക്കുന്നതിനാല്‍ ഹൈന്ദവ വോട്ടുകളുടെ ചോര്‍ച്ച അവരെ അത്രകണ്ട് തളര്‍ത്തില്ല. എന്നാല്‍, പാരമ്പര്യമായി സി.പി.എമ്മിനെ താങ്ങിനിര്‍ത്തുന്ന ഹിന്ദു പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയാല്‍ അത് ആ പാര്‍ട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാകും. ബംഗാളില്‍, സി.പി.എമ്മിന്റെ അടിത്തറ ഒന്നടങ്കം ബി.ജെ.പിയിലേക്ക് മാറിയതിനു സമാനമായ ഒരു സാഹചര്യം ഇവിടേയും വൈകാതെ ഉണ്ടാകും എന്നു വേണം വിശ്വസിക്കാന്‍. സി.പി.എമ്മിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളില്‍ നാദാപുരത്തൊക്കെ സംഭവിച്ചതുപോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വടക്കന്‍ കേരളത്തില്‍ വ്യാപകമായി ഉരുണ്ടുകൂടിയാല്‍ ബംഗാളിന്റെ തനിയാവര്‍ത്തനം ഇവിടേയും ഉണ്ടായെന്നുവരാം.
ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അമിതാവേശം വി.ഡി. സതീശനു മുഖ്യമന്ത്രി സ്ഥാനം വേണമെന്നുള്ള വിലപേശലിലും സുവ്യക്തമാണ്. ഈ നിലപാടുകള്‍ കേരളത്തിന്റെ മതേതരസ്വഭാവത്തെ തകര്‍ക്കുമ്പോള്‍, അതിന്റെ ചിതാഭസ്മത്തില്‍നിന്ന് ബി.ജെ.പി പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നത് തടയാന്‍ പാടായിരിക്കും. ലീഗിന്റെ രാഷ്ട്രീയ വിലപേശല്‍ ശേഷി വര്‍ദ്ധിക്കുന്നതും, ഭരണപരമായ തീരുമാനങ്ങളില്‍ മതസംഘടനകള്‍ ഇടപെടുന്നതും കാണുമ്പോള്‍ ഹിന്ദുവോട്ടര്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം അപകടത്തിലാണെന്ന് കരുതുന്നത് സ്വാഭാവികമാണ്. ഇടതുപക്ഷം തങ്ങളുടെ ഹൈന്ദവ വോട്ടുബാങ്കിനെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും, യു.ഡി.എഫ് മതസംഘടനകളുടെ തടവറയിലാവുകയും ചെയ്യുന്നതോടെ അനിവാര്യമായും ഒരു പുതിയ രാഷ്ട്രീയ ദ്വന്ദ്വത്തിലേക്ക് മാറും. അങ്ങനെയാരു സാഹചര്യത്തില്‍ സി.പി.എം എന്ന പ്രസ്ഥാനം അപ്രസക്തമാവുകയും എന്‍.ഡി.എ പ്രധാന ശക്തിയായി മാറുകയും ചെയ്യും. എന്തായാലും താല്‍ക്കാലികമായെങ്കിലും, ഹിന്ദുവര്‍ഗീയ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം കൈക്കൊണ്ട 'വൈകിപ്പിക്കല്‍ തന്ത്ര'ത്തെ സതീശനും യു.ഡി.എഫും തകര്‍ത്തിരിക്കുന്നു. അതിന് കനത്തവിലയായിരിക്കും സി.പി.എമ്മും കേരളവും കൊടുക്കാന്‍ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates