ഞങ്ങളുടെ സ്റ്റോപ്പായ മാടായിയില്‍ നിന്ന് പയ്യന്നൂര്‍ ബസ്സില്‍ കയറിയാല്‍ എട്ടാമത്തെ സ്റ്റോപ്പാണ്, എന്‍ പ്രഭാകരന്റെ തറവാട് വീട് നില്‍ക്കുന്ന എരിപുരം. മാടായിയില്‍ നിന്ന് ബസ് കയറി, കോണ്‍കോഡ് റോഡ്, മൊട്ടാമ്പ്രം, കോഴിബസാര്‍, പ്രതിഭാ ടാക്കീസ്, റെയില്‍വേ സ്റ്റേഷന്‍, ബീവി റോഡ്, പഴയങ്ങാടി കഴിഞ്ഞാല്‍ എരിപുരം. ആ സ്റ്റോപ്പില്‍ നടന്നെത്താവുന്ന ദൂരത്ത് മാഷെ തറവാടായി.
'പലയങ്ങാടി'കള്‍ ചേരുന്നതാണ് മാടായി ഗ്രാമപ്പഞ്ചായത്ത്. മാടായി ഗ്രാമത്തെക്കുറിച്ച് ബിഇഎം എല്‍പി സ്‌കൂളില്‍ വെച്ച് ഒരു ഉപന്യാസമെഴുതാന്‍ കോയ മാഷ് പറഞ്ഞപ്പോള്‍ ഷുക്കൂര്‍ എഴുതി: കുന്ന്ണ്ട്, കടല്ണ്ട്, കാവ്ണ്ട്, തോട്ണ്ട്, പള്ളീണ്ട്, കാറ്റ്ണ്ട്, എന്റെ ഗ്രാമം /നല്ല ഗ്രാമം'.
കോയ മാഷ് ഷുക്കൂറിനെ നോക്കി:
'നീ നമ്മുടെ രാജ്യത്തെക്കുറിച്ചാണല്ലൊ എഴുതിയത് . നന്നായിട്ട്ണ്ട്. സ്വന്തം ഗ്രാമത്തെക്കുറിച്ച് ഒന്നൂടി ആലോചിച്ച് എഴുത്'.
ഷുക്കൂര്‍ കഷ്ടപ്പെട്ട് എഴുതിയ ആ പേജ് തിരിച്ചു വാങ്ങി. കൈയെഴുത്ത് നന്നാവാന്‍ ഇരട്ട വരകോപ്പിയില്‍ എഴുതണം എന്ന് കോയ മാഷ് പറഞ്ഞതിനു ശേഷം, എല്ലാ നോട്ടുബുക്കുകളും ഇരട്ട വരയുള്ള കോപ്പി ആക്കിയ ആളാണ് ഷുക്കൂര്‍.
'ഇതില്ലാതെ നീ എങ്ങനെ ഭാവിയില്‍ എഴുതും എന്ന് ചോദിച്ചപ്പോള്‍, 'സ്‌കൂള്‍ പഠനം കയിഞ്ഞാ പിന്നെ ഞാനൊന്നും എഴുതൂല്ലല്ലൊ മാഷെ' എന്ന ഷുക്കൂറിന്റെ മറുപടി കേട്ടപ്പോള്‍ കോയ മാഷെ മുഖത്ത് വിടര്‍ന്ന അത്ഭുതം ഒന്നു വേറെയായിരുന്നു. മുന്നില്‍ നില്‍ക്കുന്നയാള്‍ ഒരു കുഞ്ഞു സൂഫി ആണ് എന്ന മട്ടില്‍ കോയ മാഷ് ഷൂക്കുറിനെ നോക്കി.
ഷുക്കൂറ് കോയ മാഷ് പറഞ്ഞ പോലെ ഉപന്യാസം ഒന്നു രണ്ടു വരികള്‍ കൂടി ചേര്‍ത്ത് മാഷെ കാണിച്ചു.
കുന്ന്ണ്ട്, കടല്ണ്ട്, കാവ്ണ്ട്, തോട്ണ്ട്, നീരോക്കിന്‍ ചാല്ണ്ട്, പള്ളീണ്ട്, കാറ്റ്ണ്ട്, ബീവി റോഡ്ണ്ട്, കോഴി ബസാറ്ണ്ട്, കുറുക്കന്‍ സ്റ്റോപ്പ്ണ്ട്, മൊട്ടാമ്പ്രം സ്റ്റാറ്ണ്ട്, പഴയങ്ങാടി പ്രതിഭയ്ണ്ട് - എന്റെ ഗ്രാമം /നല്ല ഗ്രാമം '.
ഡോക്ടര്‍ മുബാറക ബീവി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ആദ്യ ബാച്ചില്‍ തന്നെ എംബിബിഎസ് പാസ്സായ മുസ്ലിം സ്ത്രീയാണ്. അവരുടെ ആശുപത്രിയായ 'ഖദീജ നഴ്‌സിങ്ങ് ഹോമി'നെ ആ പേരില്‍ ആരും ഇന്നേവരെ വിളിച്ചിട്ടില്ല. അങ്ങോട്ടു പോകുന്ന റോഡിന് 'ബീവി റോഡ് ' എന്നും നഴ്‌സിങ്ങ് ഹോമിന് ' ബീവിന്റടുത്ത് ' എന്നും വിളിച്ചു. കോഴി മമ്മദ്ക്ക എന്ന പേരില്‍ അറിയപ്പെട്ട ഒരാളുടെ പേരിലാണ് കോഴിബസാര്‍ അറിയപ്പെടുന്നത്. എപ്പോഴും ഇളം നീല അരക്കൈ കുപ്പായമിടുന്ന ഈ മനുഷ്യന് അരിച്ചാക്ക് തുന്നുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു കട കോഴി ബസാറിലുണ്ടായിരുന്നു. എത്രയോ കഥകളറിയുന്ന മനുഷ്യന്‍. അദ്ദേഹത്തെ പരിചയപ്പെട്ട ദിവസം എന്‍ പ്രഭാകരന്‍ പറഞ്ഞു:
' കഥാ മനുഷ്യന്‍!'
കോഴി ബസാര്‍ കഴിഞ്ഞാല്‍ ഒരു ജീവിയുടെ പേരില്‍ അറിയപ്പെടുന്ന മറ്റൊരു സ്റ്റോപ്പ് ' കുറുക്കന്‍ പീടിക സ്റ്റോപ്പ് ' ആണ്.
'ജനകഥ ' എന്ന നോവല്‍ എഴുതുന്ന കാലത്ത്, എന്‍ പ്രഭാകരന്‍ മാടായിയിലെ നാട്ടുമനുഷ്യരെ കാണാന്‍ നിരവധി സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. എന്‍ പ്രഭാകരന്റെ ആഴവും പരപ്പും ഫലിത ബോധവും അടുത്തറിയാന്‍ ആ യാത്രകള്‍ കൊണ്ട് സാധിച്ചു. കുറുക്കന്‍ സ്റ്റോപ്പില്‍ നിന്ന് പരിചയപ്പെട്ട ഒരാള്‍ എന്‍ പ്രഭാകരന്‍ മാഷോട് പറഞ്ഞു: 'മനിഷന്മാര്‍ക്ക് കാണാന്‍ കയ്യാത്ത പലതും കാണാന്‍ കഴിയ്ന്ന കണ്ണ് പടച്ചോന്‍ കുറുക്കന്മാര്‍ക്ക് കൊട്ത്ത്ട്ട്ണ്ട്. അതാ രാത്രിലെ ഓരിയിടല്'. ഒരു വലിയ മനുഷ്യനെ കാണുന്ന അമ്പരപ്പോടെ പ്രഭാകരന്‍ മാഷ് അദ്ദേഹത്തെ നോക്കി.
മാടായിയിലെ നാട്ടു മനുഷ്യരെ പരിചയപ്പെടാന്‍ എന്‍ പ്രഭാകരനോടൊപ്പം നടത്തിയ നാട്ടു യാത്രകള്‍ അവിസ്മരണീയ ഓര്‍മയാണ്.
ഈ യാത്രയ്ക്കിടയില്‍ സ്‌കൂളില്‍ ഇരട്ടവരക്കോപ്പിയില്‍ മാത്രം എഴുതിയ ഷുക്കൂറിന് മാഷിനെ പരിചയപ്പെടുത്തി:
'ഇത് എന്‍ പ്രഭാകരന്‍. എഴുത്തുകാരനാണ്.'
ഷുക്കൂര്‍ ഹാര്‍ദ്ദമായി ആ കൈകള്‍ പിടിച്ചു: 'ഞാന്‍ എഴുതാത്ത ഷുക്കൂര്‍!'.
പണ്ട്, കോയ മാഷില്‍ കണ്ട അതേ അത്ഭുതം പ്രഭാകരന്‍ മാഷിലും കണ്ടു.
ഒരു തിമിംഗലം ഞങ്ങളുടെ നാട്ടു ബീച്ചായ നീരൊഴുക്കിന്‍ ചാലില്‍ ചത്തടിഞ്ഞു. ആ വിവരമറിഞ്ഞ് പഴയങ്ങാടി ബസ് സ്റ്റാന്റിലെ ഇക്ബാലിന്റെ കോയിന്‍ ബൂത്തില്‍ നിന്ന് മാഷെ ധര്‍മ്മടം വീട്ടിലെ നമ്പറില്‍ വിളിച്ചു.
ഫിഷറീസ് വകുപ്പൊക്കെ വന്ന് തിമിംഗലത്തിന്റെ കബറടക്കടത്തിന് മുന്നേ തന്നെ മാഷ് നീരൊഴുക്കും ചാലിലെത്തി. കാഞ്ഞന്‍ പൂജാരിയുടെ വീട്ടിലെ കര്‍ക്കടകത്തെയ്യം കാണാന്‍ വരുന്നത്രയും പുരുഷാരം തിമിംഗലത്തെ കാണാനുണ്ട്. പ്രഭാകരന്‍ മാഷ് തിമിംഗലത്തെ നോക്കി, ആത്മഗതം പോലെ പറഞ്ഞു: അതാ, നമ്മള് കഥയില്‍ വായിച്ച തിമിംഗലം! ചത്താലും തിമിംഗലം തിമിംഗലം തന്നെ!'
എന്‍ പ്രഭാകരന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മായാ മനുഷ്യന്‍' എന്ന നോവലിനാണ് അവാര്‍ഡ്. ജ്ഞാനവും എളിമയും ഉള്ള, നാട്ടറിവുകളുടെ കലവറയായ മാഷെക്കുറിച്ച് ഒരുപാട് എഴുതാനുണ്ട്. അത്രയധികം ഞങ്ങളൊരുമിച്ച് നടന്നിട്ടുണ്ട്. എഴുത്താണ് മാഷിന്റെ പ്രാണവായു. വാക്ക് ശ്വസിച്ച് ജീവിക്കുന്നൊരാള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates