football legends 
Sports

'മാന്ത്രിക ബൂട്ടുകൾ' അഴിച്ച് ഇതിഹാസങ്ങൾ പടിയിറങ്ങും... ഈ സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പ്

അവസാന ലോകകപ്പിന് ഒരുങ്ങി 13 ഇതിഹാസങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഈ മാസം 11ന്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ലോക മാമാങ്കത്തില്‍ ഇത്തവണ 13 ഇതിഹാസ താരങ്ങള്‍ തങ്ങളുടെ അവസാന ലോകകപ്പാണ് കളിക്കാനൊരുങ്ങുന്നത്.

അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിരമിച്ച ശേഷം ലോകകപ്പിലേക്കായി തിരിച്ചു വിളിക്കപ്പെട്ട ഇതിഹാസ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍, ക്രൊയേഷ്യന്‍ ഇതിഹാസവും നായകനുമായ ലൂക്ക മോഡ്രിച് ഉള്‍പ്പെടെയുള്ളവര്‍ അവസാന ലോകകപ്പിനാണ് ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നത്.

ലയണല്‍ മെസി (39 വയസ്)

2022ല്‍ ഖത്തറില്‍ അരങ്ങേറിയ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന മെസി തന്നെയാണ് ഇത്തവണയും അവരുടെ ശക്തി. കരിയറിലെ ആറാം ലോകകപ്പിനാണ് മെസി ഇറങ്ങുന്നത്. ലോക കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യം. പ്രായത്തെ മറികടക്കുന്ന നൈസര്‍ഗിക ഫുട്‌ബോളാണ് മെസി കളിക്കുന്നത്. മെസിയെ ചുറ്റിയാണ് ഇത്തവണയും കോച്ച് ലയണല്‍ സ്‌കലോനി അര്‍ജന്റീനയുടെ തന്ത്രമൊരുക്കുന്നത്. മൈതാനം നിറയുന്ന മെസി മാന്ത്രികത ഇത്തവണയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (41 വയസ്)

പ്രായം കേവലം നമ്പറാണെന്നു ആരെ നോക്കി പറയാം എന്നു ചോദിച്ചാല്‍ അതിനുത്തരമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2030ലെ ഫിഫ ലോകകപ്പും റൊണാള്‍ഡോ കളിക്കുമെന്നു കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞത് ക്രിസ്റ്റ്യാനോ ഈ പ്രായത്തിലും കൊണ്ടുനടക്കുന്ന ഫിറ്റ്‌നസ് മികവ് കണ്ടിട്ടാണ്. പോര്‍ച്ചുഗലിനു ചരിത്രത്തിലാദ്യമായി ലോക കിരീടം സമ്മാനിക്കുകയെന്ന കഠിനമായ ലക്ഷ്യത്തിലേക്കാണ് ക്രിസ്റ്റിയാനോ ബൂട്ടുകെട്ടുന്നത്. യൂറോ കപ്പും നേഷന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിനു സമ്മാനിച്ച താരം കൂടിയാണ് ക്രിസ്റ്റിയാനോ. 41ാം വയസിലും ഗോളടിച്ചു കൂട്ടുന്നതില്‍ ക്രിസ്റ്റിയാനോ യുവ താരങ്ങള്‍ക്കൊപ്പം തന്നെ കട്ടയ്ക്കു നില്‍ക്കുന്നു. ഇത്തവണ മികച്ച താരങ്ങളുമായി എത്തുന്ന പോര്‍ച്ചുഗല്‍ റൊണാള്‍ഡോയുടെ നായക മികവില്‍ കിരീട നേടാമെന്ന പ്രതീക്ഷയിലാണ്.

മാനുവല്‍ നൂയര്‍ (40 വയസ്)

ഗോള്‍ കീപ്പര്‍ സ്ഥാനത്തിനു പുതിയ ഭാഷ്യം ചമച്ച അസാമാന്യ പ്രതിഭാശാലിയായ ജര്‍മന്‍ വന്‍മതിലും ഇതിഹാസവുമായ മാനുവല്‍ നൂയര്‍ ഇത്തവണയും ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ച നൂയറെ ഈയടുത്താണ് കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിച്ചത്. ബാറിനു കീഴില്‍ 40ാം വയസിലും താരം പുലര്‍ത്തുന്ന സ്ഥിരതയാണ് നാഗല്‍സ്മാനെ നിര്‍ണായക തീരുമാനത്തിനു പ്രേരിപ്പിച്ചത്. ഇത്തവണ ചാംപ്യന്‍സ് ലീഗിലടക്കം നൂയര്‍ മിന്നും ഫോമിലായിരുന്നു. 2014നു ശേഷം ലോക കിരീടം കൊതിക്കുന്ന ജര്‍മന്‍ മുന്നേറ്റത്തില്‍ നൂയറുടെ സാന്നിധ്യം നിര്‍ണായകമാകും. 2014ല്‍ കിരീടം നേടിയ സംഘത്തിലും ഇത്തവണയും കളിക്കുന്ന ഏക താരവും നൂയറാണ്. 2018ലും 2022ലും പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ ക്ഷീണം മാറ്റി ലോക കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുന്ന ജര്‍മനിക്ക് നൂയറുടെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ലൂക്ക മോഡ്രിച് (40 വയസ്)

കാലങ്ങളായി ക്രൊയേഷ്യന്‍ മധ്യനിരയുടെ ആണിക്കല്ലാണ് ഇതിഹാസ താരം ലൂക്ക മോഡ്രിച്. വിഷനും കളി മികവും ഒത്തുചേര്‍ന്ന അപൂര്‍വ പ്രതിഭാസം. 40ാം വയസിലും അതിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2018ല്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ലൂക്ക. ഇത്തവണ ടീമിനു കിരീടം സമ്മാനിച്ച് അനുപമ കരിയറിനു തിരശ്ശീലയിടാനുള്ള ഒരുക്കത്തിലാണ് ക്രൊയേഷ്യന് ടീമിന്റെ ഹൃദയ താളം കൂടിയായ മോഡ്രിച്.

എഡിന്‍ ജെക്കോ (40 വയസ്)

ബോസ്‌നിയ ഹെര്‍സഗോവിന എന്ന രാജ്യം ഫുട്‌ബോളിനു സമ്മാനിച്ച ഇതിഹാസമാണ് എഡിന്‍ ജെക്കോ. അവരുടെ എക്കാലത്തേയും മികച്ച താരമെന്നു വിളിക്കപ്പെടുന്ന ജെക്കോയും അവസാന ലോകകപ്പിനാണ് വരുന്നത്. താരത്തിന്റെ ലീഡര്‍ഷിപ്പാണ് ടീമിന്റെ ജീവശ്വാസം. ബോസ്‌നിയയുടെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ് ഈ വെറ്ററന്‍ മുന്നേറ്റക്കാരന്‍.

ഗ്വില്ലെര്‍മോ ഒച്ചോവ (40 വയസ്)

ഓര്‍മയില്ലേ ഗ്വില്ലേര്‍മോ ഒച്ചോവയെ. 2014 ലോകകപ്പില്‍ ബ്രസീലിനെതിരെ മെക്‌സിക്കോയ്ക്കു വേണ്ടി താരം നടത്തിയ മിന്നും സേവുകളാണ് ഒച്ചോവയെ ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലേക്കെത്തിക്കുന്നത്. ഇത്തവണ സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ലോകകപ്പ് കളിച്ച് വിരമിക്കാനുള്ള ഒരുക്കത്തിലാണ് 40കാരനായ ഗോള്‍ കീപ്പര്‍. ക്യാപ്റ്റനായി ടീമിനെ നയിക്കുന്നതും ഒച്ചോവ തന്നെ. ഇപ്പോഴും ബാറിനു കീഴില്‍ അപാരമായ റിഫ്‌ളക്ഷനുമായി താരം സജീവം.

മുഹമ്മദ് സല (33 വയസ്)

ഈജിപ്തിന്റെ നാഡിയും നട്ടെല്ലുമാണ് മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു ഐതിഹാസിക കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് ഈജിപ്തിന്റെ പ്രതീക്ഷയായ സല. ലോകകപ്പ് കിരീടമെന്ന അനുപമ നേട്ടത്തിലേക്ക് ടീമിനെ നയിക്കാനുള്ള മികവ് സലയ്ക്കുണ്ടെന്നു ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈജിപ്തിലെ വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്ക് റോള്‍ മോഡലാണ് സല. ഈജിപ്തിന്റെ സൂപ്പര്‍ സ്റ്റാര്‍.

നെയ്മര്‍ ജൂനിയര്‍ (34 വയസ്)

നിരന്തരമായ പരിക്കുകള്‍ പ്രതിഭയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയില്ലായിരുന്നെങ്കില്‍ നെയ്മറില്‍ നിന്നു ഇതില്‍ കൂടുതല്‍ മാന്ത്രികത ഫുട്‌ബോള്‍ ലോക കാണുമായിരുന്നു. ലോക ഫുട്‌ബോളിലെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങുന്ന ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ട്. പക്ഷേ പരിക്ക് ഇത്തവണയും വില്ലനായി ഒപ്പമുണ്ട്. ആദ്യ മത്സരങ്ങളില്‍ താരം കളിച്ചേക്കില്ല. 24 വര്‍ഷമായി അകന്നു നില്‍ക്കുന്ന ലോക കിരീടം തിരിച്ചു പിടിക്കാന്‍ നെയ്മറിന്റെ സാന്നിധ്യം ബ്രസീലിനു വേണം. താരം ഇത്തവണ പരിക്കു മാറി കളിക്കുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കളത്തില്‍ മാന്ത്രിക നിമിഷങ്ങള്‍ നെയ്മര്‍ തങ്ങള്‍ക്കായി ഒരുക്കുമെന്നും ആരാധകര്‍ പ്രത്യാശിക്കുന്നു.

നിക്കോളാസ് ഒടാമെന്‍ഡി (38 വയസ്)

അര്‍ജന്റീന പ്രതിരോധത്തിലെ ശക്തിദുര്‍ഗം. കഴിഞ്ഞ തവണ ലോക കിരീടം നേടിയ ടീമിലെ നിര്‍ണായക സാന്നിധ്യം. മെസി കഴിഞ്ഞാല്‍ ടീമിലെ പരിചയ സമ്പത്ത് ഏറെയുള്ള താരം കൂടിയാണ് ഒടാമെന്‍ഡി. സ്‌കലോനിയുടെ തന്ത്രത്തില്‍ സുപ്രധാന സ്ഥാനത്തുള്ള താരമായ ഒടാമെന്‍ഡിയും കരിയറിലെ അവസാന ലോകകപ്പിനാണ് ഒരുങ്ങുന്നത്. താരത്തിന്റെ നാലാം ലോകകപ്പാണിത്.

കാസെമിറോ (34 വയസ്)

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മധ്യനിര താരം കാര്‍ലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ്. ബ്രസീലിന്റെ മുന്നേറ്റത്തെ കളത്തില്‍ സാധ്യമാക്കുന്നതില്‍ കാസെമിറോയുടെ വിഷന്‍ പരമപ്രധാനം. താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. നഷ്ടപ്രതാപം തിരികെ സമ്മാനിച്ച് ദേശീയ ടീമിന്റെ പടിയിറങ്ങാനായിരിക്കും കാസെമിറോ ലക്ഷ്യമിടുന്നത്.

വിര്‍ജില്‍ വാന്‍ഡെയ്ക് (34 വയസ്)

ഓറഞ്ച് പടയുടെ പ്രതിരോധ കോട്ട കാക്കുന്ന അതികായന്‍. അവരുടെ നായകന്‍. ലിവര്‍പൂളിനായി സാധ്യമായതെല്ലാം ചെയ്താണ് വാന്‍ ഡെയ്ക് നെതര്‍ലന്‍ഡ്‌സിനായി ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുന്നത്. അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് വാന്‍ഡെയ്ക്. 3 തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ നെതര്‍ലന്‍ഡ്‌സിനു ഇത്തവണ കിരീടം സമ്മാനിച്ച് പടിയിറങ്ങുകയാണ് ലിവര്‍പൂള്‍ താരം സ്വപ്‌നം കാണുന്നത്.

ജെയിംസ് ഹാമിഷ് റോഡ്രിഗസ് (34 വയസ്)

കൊളംബിയന്‍ സൂപ്പര്‍ താരവും നായകനും. 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധേയിലേക്ക് എത്തിയ താരം. ലോകകപ്പിന്റെ ആധുനിക പതിപ്പില്‍ വ്യക്തിഗത മികവിനാല്‍ സ്വാധീനമുണ്ടാക്കിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് റോഡ്രിഗസ്. കൊളംബിയയുടെ 10ാം നമ്പര്‍ കുപ്പായക്കാരന്‍ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്ത് അവസാന ലോകകപ്പ് അവിസ്മരണീമാക്കാനുള്ള ഒരുക്കത്തിലാണ്.

സന്‍ ഹ്യൂങ് മിന്‍ (33 വയസ്)

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നു യൂറോപ്പിലെത്തി വെന്നിക്കൊടി പാറിച്ച വിരലിലെണ്ണാവുന്ന താരങ്ങളില്‍ ഒരാളാണ് മുന്‍ ടോട്ടനം ഹോട്‌സ്പര്‍ താരമായ സന്‍ മിന്‍. കൊറിയയുടെ നായകനായി നാലാം ലോകകപ്പിനെത്തുന്ന സന്‍ വലിയ സ്വപ്‌നങ്ങള്‍ പേറിയാണ് ഇറങ്ങുന്നത്. നായക മികവും പരിചയ സമ്പത്തും അറ്റാക്കിങ് മികവും ചേര്‍ന്ന താരത്തിന്റെ ഫോമാണ് കൊറിയയുടെ മുന്നേറ്റത്തെ നിര്‍ണയിക്കുക.

End of an era: From Messi to Ronaldo...13 football legends who could be playing their final World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

സൂപ്പര്‍ എല്‍ നിനോ: ദുരന്തങ്ങള്‍ പ്രവചിച്ച് വിദഗ്ദര്‍; ചുട്ടുപൊള്ളാന്‍ തയ്യാറെടുത്തോളൂ എന്ന് യുഎന്‍

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ 'ഹാപ്പി' വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക'; ഹൃദ്യമായ കുറിപ്പുമായി ജോയ് മാത്യു

ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

SCROLL FOR NEXT