ഹരാരെ: സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ ബാറ്റിങിൽ പരാജയപ്പെട്ടെങ്കിലും ബൗളിങിൽ തിളങ്ങി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. ബൗളിങിൽ ചരിത്ര നേട്ടത്തോടെ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. അന്താരാഷ്ട്രി ടി20യിൽ ഒരു ഇന്ത്യൻ ഓപ്പണിങ് ബാറ്റർ പുറത്തെടുക്കുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് നേട്ടമാണ് താരം സ്വന്തമാക്കിയത്. മത്സരത്തിൽ 17 റൺസ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകിയത്. മത്സരത്തിൽ ഇന്ത്യ 90 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചു.
ടെസ്റ്റ്, ഏകദിനങ്ങളിൽ ഇതിഹാസ താരങ്ങളാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. ടെസ്റ്റിൽ വിനു മങ്കാദും ഏകദിനത്തിൽ രവി ശാസ്ത്രിയുമാണ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ഓപ്പണിങ് ബാറ്റർമാർ. 1952ൽ പാകിസ്ഥാനെതിരായ ടെസ്റ്റിൽ വിനു മങ്കാദ് 52 റൺസ് മാത്രം വഴങ്ങി 8 വിക്കറ്റുകൾ പിഴുതു. 1991ൽ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ രവി ശാസ്ത്രി 15 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അഭിഷേകിന് ഓപ്പണറെന്ന നിലയിൽ തിളങ്ങാനായില്ല. താരം 8 റൺസുമായി മടങ്ങി. ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ മടക്കിയത്. പാർട്ട് ടൗം ബൗളറായ അഭിഷേക് 3 വിക്കറ്റുകൾ വീഴ്ത്തി നിർണായകമായത് 220 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‍വെയെ പൂർണമായും പ്രതിരോധത്തിലാക്കി.
11 പന്തിൽ 19 റൺസുമായി 2 സിക്സും ഒരു ഫോറും തൂക്കി ഫോമിൽ കത്തി നിന്ന ബ്രാഡ് ഇവാൻസിനെ മടക്കി അഭിഷേക് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ ന്യൂമാൻ ന്യാംഹുരി, റിച്ചാർഡ് എൻഗരവ എന്നിവരേയും അഭിഷേക് പുറത്താക്കി. ഇതിൽ ബ്രാഡ് ഇവാൻസും ന്യാംഹുരിയും ക്ലീൻ ബൗൾഡായിരുന്നു. സിംബാബ്‍വെയുടെ പോരാട്ടം 129 റൺസിൽ ഒതുങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates