ഇസ്ലാമബാദ്: പാകിസ്ഥാന്‍ താരങ്ങള്‍ക്കു മാനസിക കരുത്തു നല്‍കാനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തെ പരിഹസിച്ച് മുന്‍ പിസിബി അധ്യക്ഷന്‍ നജാം സേത്തി രംഗത്ത്. ഇന്ത്യക്കെതിരെ ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീമിനൊപ്പം ഒരു മാനസികാരോഗ്യ വിദഗ്ധനെയും പാക് ബോര്‍ഡ് എത്തിച്ചിരുന്നു. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഡോ. റഹീല്‍ കരീമിനെയാണ് പാക് ബോര്‍ഡ് താരങ്ങളുമായി സംസാരിക്കാന്‍ നിയമിച്ചത്. ഇതിനെതിരെയാണ് നജാം സേത്തിയുടെ പരിഹാസം.
ഇന്ത്യക്കെതിരായ ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അടിമുടി ഉലച്ചിരുന്നു. ഇന്ന് സൂപ്പര്‍ ഫോറില്‍ മറ്റൊരു ഹൈപ്പര്‍ ടെന്‍ഷന്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വീണ്ടും വരുമ്പോള്‍ ടീം മികവു പുലര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് ഡോ. റഹീലിന്റെ നിയമനം. ഇതിന്റെ ഭാഗമായി മത്സരത്തിനു മുന്‍പുള്ള പത്രസമ്മേളനവും പാക് ടീം റദ്ദാക്കിയിരുന്നു.
മാനസികാരോഗ്യ വിദഗ്ധനെ നിയമിച്ചിട്ടു വലിയ പ്രയോജനമില്ലെന്നു സേത്തി പറയുന്നു. പാകിസ്ഥാന്റെ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഇത്തരമൊരു സാധ്യതയ്ക്ക് സ്ഥാനമില്ലെന്നാണ് സേത്തി പറയുന്നത്. താരങ്ങള്‍ മാനസികാരോഗ്യ വിദഗ്ധനെ അംഗീകരിക്കാന്‍ സാധ്യതയില്ല എന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'ഞാന്‍ പിസിബി അധ്യക്ഷനായ കാലത്ത് ടീമില്‍ ഇത്തരമൊരു മാറ്റം കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതു വിജയിച്ചില്ല. കാരണം താരങ്ങള്‍ അതംഗീകരിച്ചില്ല. ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് വലിയ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടും. അല്ലെങ്കില്‍ ഭ്രാന്തിന്റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടും.'
'വിശാലമായ ആശയമാണ് മാനസിക ആരോഗ്യം നിലനിര്‍ത്തുക എന്നത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അത് നിങ്ങള്‍ക്ക് ഭ്രാന്താണോ എന്ന ചോദ്യമാണ് സൃഷ്ടിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ നേടിയവരാണ് ടീമുകളിലേക്ക് എത്തുന്ന ഇത്തരം മാനസികാരോഗ്യ വിദഗ്ധന്‍മാര്‍. അവര്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. പല പാക് താരങ്ങള്‍ക്കും ഇംഗ്ലീഷില്‍ പരിജ്ഞാനമില്ല. അവര്‍ക്ക് ഉറുദുവോ പഷ്‌തോ ഭാഷയോ ആയിരിക്കും മനസിലാകുക. മാനസികാരോഗ്യ വിദഗ്ധര്‍ ഈ ഭാഷകള്‍ പഠിച്ചാല്‍ ഒരുപക്ഷേ നീക്കം വിജയിച്ചേക്കും.'
'താരങ്ങളെല്ലാം വ്യത്യസ്ത ജീവിതാവസ്ഥയില്‍ നിന്നു ടീമിലെത്തുന്നവരാണ്. അവരുടെ സംസ്‌കാരങ്ങളിലും വൈവിധ്യമുണ്ടാകും. പലര്‍ക്കും മതിയായ വിദ്യാഭ്യാസം പോലുമുണ്ടാകില്ല. ഇതെല്ലാം മറികടന്ന് താരങ്ങളെ ഒറ്റ രാത്രി കൊണ്ട് മാനസിക കരുത്തുള്ളവരാക്കി മാറ്റാന്‍ ഒരു വിദഗ്ധനും സാധിക്കില്ല'- സേത്തി അനുഭവം തുറന്നു പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഡോ. റഹീല്‍ ടീമിനൊപ്പം ചേര്‍ന്നത്. ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ അദ്ദേഹം പാക് ടീമിനൊപ്പമുണ്ടാകും.
പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള ഇന്ത്യന്‍ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. ടോസ് സമയത്തും മത്സര ശേഷവും പാക് താരങ്ങള്‍ക്കും കൈ കൊടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഹ താരങ്ങളും നില്‍ക്കാത്തതാണ് വലിയ വിവാദങ്ങളിലേക്ക് നയിച്ചത്. മത്സരത്തിലെ വിജയം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും സൈന്യത്തിനുമാണ് സമര്‍പ്പിച്ചത്. ഇന്ത്യയുടെ കൈ കൊടുക്കാന്‍ വിസമ്മതിച്ച നിലപാടിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തു.
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിട്ടാണ് കൈ കൊടുക്കാത്തതെന്നു ആരോപിച്ച് പാകിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പ് ഒഫീഷ്യല്‍സ് പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്ന ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി ആവശ്യം നിരസിക്കുകയും പൈക്രോഫ്റ്റിനെ സംരക്ഷിക്കുകയുമാണ് ചെയ്തത്. ഇന്നത്തെ പോരാട്ടത്തിലും പൈക്രോഫ്റ്റിനെ തന്നെയാണ് ഐസിസി മാച്ച് റഫറിയായി നിയമിച്ചിട്ടുള്ളത്.
ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ പാക് ടീം ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നു ഭീഷണി മുഴക്കി രംഗത്തെത്തി. എന്നാല്‍ പിന്നീട് യുഎഇക്കെതിരെ കളിക്കാനിറങ്ങി. ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറിലുമെത്തി. യുഎഇക്കെതിരായ പോരാട്ടത്തിനു തൊട്ടു മുന്‍പാണ് അവര്‍ ബഹിഷ്‌കരണം പിന്‍വലിച്ച് വീണ്ടും കളിക്കാന്‍ തയ്യാറായത്. ഇതോടെ ഒരു മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്.
അതിനിടെ പൈക്രോഫ്റ്റുമായി പാക് ടീം നടത്തുന്ന ചര്‍ച്ചകളും അതില്‍ മാച്ച് റഫറി ക്ഷമാപണം നടത്തുന്നതിന്റേയും വിഡിയോ അവര്‍ പുറത്തു വിട്ടത് ഐസിസിയെ ചൊടിപ്പിച്ചു. വിഷയത്തില്‍ ഐസിസി പാക് ടീമിനോട് വിശദീകരണം ആവശ്യപ്പെട്ടു. യുഎഇക്കെതിരായ പോരാട്ടം കളിക്കാനിറങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതിന്റെ കാരണം ബോധിപ്പിക്കാനും ഐസിസി പാക് ടീമിനോടു ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates