ദുബൈ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.
അഭിഷേകിന്റെ കത്തും ഫോം
ആഴവും പരപ്പുമുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കളി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള 8 ബാറ്റര്‍മാരാണ് പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കുള്ളത്. ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലാണ്. പവര്‍പ്ലേ ഇത്ര കൃത്യമായി ഉപയോഗിച്ച ഒരു ഓപ്പണര്‍ ഏഷ്യാ കപ്പില്‍ വേറെയില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോററും അഭിഷേകാണ്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ മറ്റ് കരുത്തര്‍. ഓപ്പണര്‍മാര്‍ നല്‍കുന്ന അതിവേഗ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കും സാധിച്ചാല്‍ ഇന്ത്യയുടെ നില ഭദ്രമാകും.
കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍
ബൗളിങില്‍ സ്പിന്‍ കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍ ത്രയം പാകിസ്ഥാനെതിരായ ആദ്യ രണ്ട് കളികളിലും ജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ ബൗളര്‍മാരെ പാക് ബാറ്റര്‍മാര്‍ നേരിടുന്നതിനനുസരിച്ചായിരിക്കും അവരുടെ വിധി. പേസര്‍ ജസ്പ്രിത് ബുംറ ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന ഏക പോരായ്മ. എന്നാല്‍ ചരിത്രം നോക്കിയാല്‍ നിര്‍ണായക പോരാട്ടത്തിലെല്ലാം ബുംറ മികവോടെ പന്തെറിഞ്ഞിട്ടുണ്ട്.
ചോരുന്ന കൈകൾ
ഫീല്‍ഡിങിലെ അസ്ഥിരതയാണ് ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട മേഖല. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ എളുപ്പത്തില്‍ എടുക്കാവുന്ന ക്യാച്ചുകള്‍ വരെ വിട്ടത് ഉദാഹരണം. ശ്രീലങ്കക്കെതിരായ അവസാന പോരിലും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മത്സരം ഒരര്‍ഥത്തില്‍ സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് എന്നതും പരിശോധിച്ചാല്‍ മനസിലാകും.
ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടെ ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവർക്ക് പരിക്കേറ്റിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും ഇന്ന് കളിക്കാനിറങ്ങും എന്നു തന്നെയാണ് ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുള്ളത്.
പാകിസ്ഥാനെ കരുതിയിരിക്കണം
മറുഭാഗത്ത് ഇന്ത്യയോടു മാത്രം തോറ്റാണ് പാകിസ്ഥാന്‍ വരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ അവര്‍ കളിച്ചത് കണ്ടാല്‍ ഇന്ത്യയ്ക്ക് ഇന്ന് അത്രയെളുപ്പമാകില്ല കാര്യങ്ങള്‍ എന്നു മനസിലാകും. ബംഗ്ലാദേശിനോടു കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടും ബൗളിങ് മികവില്‍ അവര്‍ കളി ജയിച്ചു കയറി. ബാറ്റിങിലെ അസ്ഥിരതയാണ് അവര്‍ നേരിടുന്ന പ്രധാന പോരായ്മ.
ബാറ്റിങില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ഫോമിലാണ്. സയം ആയൂബും മികവിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ടി20 സ്‌പെഷലിസ്റ്റായ ഫഖര്‍ സമാന്റെ ഫോമില്ലായ്മയാണ് അവരെ കുഴക്കുന്നത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും മികവിലേക്കെത്തിയിട്ടില്ല. ഹസന്‍ തലത്, മുഹമ്മദ് ഹാരിസ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. ഇവരെല്ലാം ഒറ്റപ്പെട്ട നിലയില്‍ മികവു പുലര്‍ത്തിയിട്ടുണ്ടെങ്കിലും അസ്ഥിരതയാണ് മൊത്തത്തില്‍ ബാറ്റിങ് നിരയില്‍ മുഴച്ചു നില്‍ക്കുന്നത്.
മൂന്ന് പേസര്‍മാരെയാണ് പാകിസ്ഥാന്‍ ബൗളിങില്‍ മുഖ്യമായി അണിനിരത്തിയിട്ടുള്ളത്. ആദ്യ കളികളില്‍ മങ്ങിപ്പോയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഫോമിലേക്കെത്തിയത് അവര്‍ക്ക് കരുത്താണ്. ഫഹീം അഷ്‌റഫും മികവിലെത്തിയിട്ടുണ്ട്. ഹാരിസ് റൗഫ്, സ്പിന്നര്‍ അബ്രാര്‍ അഹമദ് എന്നിവരും ടീമിന്റെ കരുത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates