നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. സെയിലിങ്ങിലും ഗുസ്തിയിലും മെഡലുകള്‍ ഉറപ്പിച്ചപ്പോള്‍ വോളിബോളിലും അമ്പെയ്ത്തിലും ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചടി നേരിട്ടു.
സെയിലിങ്ങില്‍ പുരുഷന്മാരുടെ സ്‌കിഫ് ഇനത്തില്‍ ഇന്ത്യയുടെ മനു ഫ്രാന്‍സിസ് - പ്രിന്‍സ് കുരിശിങ്കല്‍ നോബിള്‍ സഖ്യം വെള്ളി മെഡല്‍ നേടി. ഒമ്പത് റേസുകളിലായി മികച്ച സ്ഥിരത പുലര്‍ത്തി ചൈനയ്ക്ക് തൊട്ടുപിന്നിലായാണ് സഖ്യം ഫിനിഷ് ചെയ്തത്.
ഗുസ്തിയില്‍ ഗ്രീക്കോ-റോമന്‍ 97 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിതീഷ് ശിവാച്ച് ഫൈനലില്‍ കടന്ന് വെള്ളി ഉറപ്പിച്ചു. സെമിഫൈനലില്‍ മംഗോളിയയുടെ ഗാന്‍ഖുയാഗ് ഗാന്‍ബാത്തറിനെ 9-0ന് തോല്‍പ്പിച്ചാണ് നിതീഷ് സ്വര്‍ണപ്പോരിന് യോഗ്യത നേടിയത്. വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ മാന്‍സി സെമിഫൈനലില്‍ തോറ്റെങ്കിലും വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയിട്ടുണ്ട്.
സ്‌ക്വാഷ് വനിതാ ടീം വിഭാഗത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കി. സെമിഫൈനലില്‍ ഹോങ്കോങ്ങിനോട് 1-2 ന് പരാജയപ്പെട്ടാണ് ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്. തന്‍വി ഖന്ന വിജയം നേടിയെങ്കിലും അനാഹത് സിങ്ങും ജോഷ്‌ന ചിന്നപ്പയും പരാജയപ്പെട്ടു. സെപാക് താക്രോ പുരുഷ ക്വാഡ്രന്റ് ഇനത്തില്‍ ഇന്ത്യ ഗ്രൂപ്പ് എ മത്സരത്തില്‍ വിയറ്റ്നാമിനെ 2-0 ന് തോല്‍പ്പിച്ച് സെമിഫൈനലില്‍ കടന്നു. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചു.
വോളിബോളില്‍ പുരുഷന്മാരുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്ഥാനോട് ഇന്ത്യ നേരിട്ടുള്ള സെറ്റുകള്‍ക്ക് (0-3) പരാജയപ്പെട്ട് പുറത്തായി. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ചികിത തനിപര്‍ത്തി ഇന്തോനേഷ്യന്‍ താരത്തോട് 143-144ന് തോറ്റ് പുറത്തായി. ഹോക്കി സെമിഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെയും ക്രിക്കറ്റ് സെമിഫൈനലില്‍ ശ്രീലങ്കയെയും നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates