നഗോയ: വനിതകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണം പുരുഷന്‍മാരും നിലനിര്‍ത്തി. ഫൈനലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇറാനെയാണ് ഇന്ത്യ വീഴ്ത്തിയത്. 39-35 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയം. നേരത്തെ വനിതകളും ഇറാനെ തന്നെയാണ് പരാജയപ്പെടുത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 28ല്‍ എത്തി. 4 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്.
ആദ്യ പകുതിയില്‍ ഇറാന്‍ കടുത്ത വെല്ലുവിളിയാണ് ഇന്ത്യയ്ക്കുയര്‍ത്തിയത്. സ്റ്റാര്‍ പ്ലെയര്‍ അര്‍ജുന്‍ ദേശ്‌വാളിന്റെ മികവാണ് ആദ്യ പകുതിയില്‍ ഇന്ത്യക്ക് തുണയായത്. റെയ്ഡില്‍ താരം നിര്‍ണായക പോയിന്റുകള്‍ സ്വന്തമാക്കി. എന്നാല്‍ ആദ്യ പകുതി പിരിയുമ്പോള്‍ ഇറാന്‍ 17-18ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തി. അസ്ലം നടത്തിയ റെയ്ഡുകള്‍ ഇന്ത്യക്ക് തുണയായി. 20-20 എന്ന നിലയില്‍ ഇറാന്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഇന്ത്യയുടെ ബ്രില്ല്യന്‍ഡ് ടാക്കിള്‍ ഇറാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 3 ബോണസ് പോയിന്റുകള്‍ നേടി സ്‌കോര്‍ 29-24 ആക്കി ഉയര്‍ത്താന്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്ക് സാധിച്ചത് നിര്‍ണായകമായി. പിന്നീട് ലീഡ് നില 32-25 ആക്കി ഉയര്‍ത്താനും ഇന്ത്യക്ക് കഴിഞ്ഞു. തുടരെ ഏഴ് പോയിന്റുകളാണ് ഇന്ത്യ നേടിയത്.
ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ഇന്ത്യയുടെ 9ാം സ്വര്‍ണ മെഡലാണിത്. 1990, 1994, 1998, 2002, 2006, 2010, 2014, 2022 എഡിഷനുകളിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഒരു വെങ്കലും ഈയിനത്തില്‍ ഇന്ത്യയ്ക്കുണ്ട്. ഇതോടെ മൊത്തം ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡി മെഡല്‍ നേട്ടം 10 ആയി.
വനിതകളും ഫൈനലില്‍ കടുത്ത വെല്ലുവിളി നേരിട്ടാണ് ജയിച്ചു കയറിയത്. ഫൈനലില്‍ കടുത്ത പോരാട്ടത്തില്‍ ഇറാനെ 37-34 എന്ന സ്‌കോറിന് ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തി. വനിതാ കബഡിയില്‍ ഇന്ത്യ നേടുന്ന നാലാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. നേരത്തെ 2010, 2014, 2022 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. 2018ല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ നേട്ടവുമുണ്ട്. തുടരെ അഞ്ച് ഏഷ്യന്‍ ഗെയിംസുകളിലായി ഈയിനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നു എന്നതും ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates