നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിലെ നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലേദേശിനെതിരെ 114 റണ്‍സിന്റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ നന്ദനി ശര്‍മ, ദീപ്തി ശര്‍മ എന്നിവരുടെ മിന്നും ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 195 റണ്‍സ്. ബംഗ്ലാദേശിന്റെ പോരാട്ടം 15.4 ഓവറില്‍ വെറും 81 റണ്‍സില്‍ അവസാനിച്ചു.
ദീപ്തി ശര്‍മ 2.4 ഓവറില്‍ 7 റണ്‍സ് മാത്രം വഴ്ങ്ങി 3 വിക്കറ്റെടുത്തു. നന്ദനി ശര്‍മ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയും 3 വിക്കറ്റെടുത്തു. ശ്രീ ചരണി 3 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.
ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ ദിലാര അക്തര്‍ മാത്രമാണ് തിളങ്ങിയത്. താരം 23 പന്തില്‍ 27 ണ്‍സ് സ്വന്തമാക്കി. 4 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഷര്‍മിന്‍ അക്തര്‍ (10), സുല്‍ത്താന്‍ ഖാത്തൂന്‍ (പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നേരത്തെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു 36 പന്തില്‍ തൂക്കിയത് 72 റണ്‍സ്. സ്‌കോര്‍ 72ല്‍ നില്‍ക്കെ സ്മൃതി മടങ്ങി. 19 പന്തില്‍ 2 സിക്‌സും 5 ഫോറും നേടിയാണ് സ്മൃതി പുറത്തായത്. പിന്നാലെ എത്തിയ ഗുണാളന്‍ കമാലിനിക്ക് തിളങ്ങാനായില്ല. താരം 3 റണ്‍സുമായി മടങ്ങി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 6 ഫോറുകള്‍ സഹിതം 33 പന്തില്‍ 40 റണ്‍സുമായി മടങ്ങി. റിച്ച ഘോഷിന് ഇത്തവണയും കാര്യമായൊന്നും ചെയ്യാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.
പിന്നാലെ വന്ന ഭാരതി ഫൂല്‍മാലി ഒരു സിക്‌സടക്കം 5 പന്തില്‍ 9 റണ്‍സുമായി ഷെഫാലിക്ക് പിന്തുണ നല്‍കി. 44 പന്തില്‍ 95 റണ്‍സിലെത്തിയ ഷെഫാലി 5 പന്തുകള്‍ ചെലവിട്ട് 5 സിംഗിളുകള്‍ ഓടിയെടുത്ത് കരുതലോടെയാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. 86 മിനിറ്റുകള്‍ നീണ്ട ഇന്നിങ്‌സ്.
കന്നി സെഞ്ച്വറി
കത്തും സെഞ്ച്വറി തൂക്കി ഇന്ത്യയുടെ ഷെഫാലി വര്‍മ. കാത്തുകാത്തിരുന്ന വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സെഞ്ച്വറിയിലേക്ക് താരം എത്തി. 9 കൂറ്റന്‍ സിക്‌സുകളുടേയും 3 ഫോറുകളുടേയും ബലത്തില്‍ താരം 49 പന്തില്‍ അടിച്ചുകൂട്ടിയത് 100 റണ്‍സ്. ഏകദിന, ടി20 പോരാട്ടങ്ങളില്‍ താരം നേടുന്ന കന്നി ശതകമാണിത്. 32 ഏകദിന ഇന്നിങ്‌സുകളും 116 ടി20 ഇന്നിങ്‌സുകളും കാത്തിരുന്നാണ് ഷെഫാലി നേട്ടത്തിലെത്തിയത്. 118ാം പോരാട്ടത്തില്‍ 117ാം ഇന്നിങ്‌സ് കളിച്ചാണ് ഷെഫാലി കന്നി ടി20, വൈറ്റ് ബോള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 24 പന്തില്‍ താരം അര്‍ധ സെഞ്ച്വറിയിലുമെത്തിയിരുന്നു.
ഇന്നിങ്‌സിന്റെ അവസാന പന്ത് വരെ നീണ്ട പോരാട്ടമെന്ന് ഷെഫാലിയുടെ നഗോയയിലെ ബാറ്റിങിനെ വിശേഷിപ്പിക്കാം. ഇന്നിങ്‌സിന്റെ മൂന്നാം പന്ത് നേരിട്ട് തുടങ്ങിയ താരത്തിന്റെ ഇന്നിങ്‌സ് 120ാം പന്തില്‍ 100 റണ്‍സ് എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയപ്പോഴാണ് അവസാനിച്ചത്!
സിക്‌സില്‍ റെക്കോര്‍ഡ്!
റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഷെഫാലിയുടെ കിടിലന്‍ ഇന്നിങ്‌സ്. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരമായി ഷെഫാലി മാറി. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരങ്ങളുടെ അന്താരാഷ്ട്ര റെക്കോര്‍ഡില്‍ ഷെഫാലിയുടെ 9 സിക്‌സ് പ്രകടനം രണ്ടാം സ്ഥാനത്തും എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates