ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം  ഫയൽ/എപി
Sports

ക്രിക്കറ്റിലും പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ; ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറാന്‍ ബിസിസിഐ തീരുമാനം

അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താന്‍ കടുത്ത നീക്കവുമായി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താന്‍ കടുത്ത നീക്കവുമായി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഒറ്റപ്പെടുത്താനാണ് നീക്കം.

അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം എസിസിയെ ബിസിസിഐ ഇതിനകം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനവും ബിസിസിഐ അറിയിച്ചതായാണ് വിവരം.

നിലവില്‍ എസിസിയുടെ തലപ്പത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയാണ്. പാകിസ്ഥാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി പദവി വഹിക്കുന്നതും മെഹ്‌സിന്‍ നഖ് വി തന്നെയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

'പാകിസ്ഥാന്‍ മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റിലും ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണ്'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബിസിസിഐയുടെ നീക്കം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റും ചോദ്യചിഹ്നമായിരിക്കുകയാണ്. വാസ്തവത്തില്‍, ടീം ഇന്ത്യയുടെ സാന്നിധ്യമില്ലാതെ ടൂര്‍ണമെന്റ് സാധ്യമല്ലെന്നും ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇല്ലാതെ ടൂര്‍ണമെന്റിന് യാതൊരു പ്രാധാന്യവുമില്ലെന്നും ഇന്ത്യന്‍ ബോര്‍ഡിന് അറിയാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ ഏഷ്യാ കപ്പിന്റെ അടുത്ത എട്ട് വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങള്‍ 17 കോടി ഡോളറിന് സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ നേടിയിരുന്നു. ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ സോണി കരാര്‍ പുനഃപരിശോധിക്കേണ്ടിവരും.

ഇത് ആദ്യമായല്ല, ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നത്. 2023ല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടത്താന്‍ നിഷ്പക്ഷ വേദിയായി ശ്രീലങ്ക തെരഞ്ഞെടുക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ചാംപ്യന്‍സ് ട്രോഫിയിലും ഇതേ ഹൈബ്രിഡ് മോഡല്‍ സ്വീകരിച്ചു. പാകിസ്ഥാന്‍ ആതിഥേയ രാഷ്ട്രമായിരുന്നിട്ടും ദുബായിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ഇന്ത്യ ഫൈനലില്‍ എത്തി. എന്നാല്‍ കലാശപ്പോരാട്ടവും പാകിസ്ഥാന് പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT