തമാർ: ഹോങ്കോങ് സിക്സസ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ടൂർണമെന്റ്. ഭുവനേശ്വർ കുമാർ അടക്കം ഐപിഎല്ലിൽ തിളങ്ങിയ ചില നിർണായക താരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ടൂർണമെന്റിൽ 6 ഓവർ വീതമാണ് രണ്ട് ടീമുകളും കളിക്കുക. 6 താരങ്ങളായിരിക്കും ഒരു ടീമിൽ. ഫൈനൽ പോരാട്ടം മാത്രം 8 ഓവർ കളിക്കും. എട്ട് മുൻനിര ക്രിക്കറ്റ് രാജ്യങ്ങളും നാല് അസോസിയേറ്റ് അംഗങ്ങളും ഉൾപ്പെടെ ടൂർണമെന്റിൽ 12 ടീമുകളാണ് മുഖാമുഖം വരുന്നത്. ഹോങ്കോങിലെ ട്വിൻ ക്വോങ് റോഡ് റെക്രിയേഷൻ ഗ്രൗണ്ടിലാണ് പോരാട്ടം.
ക്രുണാൽ പാണ്ഡ്യ, ശശാങ്ക് സിങ്, രാഹുൽ തേവാടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി നടരാജൻ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റ് പരിചയം, വെടിക്കെട്ട് ബാറ്റിങ്, ഓൾറൗണ്ട് മികവ്, സ്പെഷലിസ്റ്റ് ബൗളിങ് എന്നിവ സമന്വയിക്കുന്ന ടീമാണ് ഇന്ത്യയുടേത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേയും ഐപിഎല്ലിലേയും വർഷങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് ഭുവനേശ്വർ. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനും മിടുക്കൻ. ക്രുണാൽ പാണ്ഡ്യ ഓൾറൗണ്ടറെന്ന നിലയിൽ ടീമിൽ ആഴം വർധിപ്പിക്കുന്നു. അഗ്രസീവ് ബാറ്റിങിന് നിതീഷ് റണയുണ്ട്. ഫിനിഷിങ് റോളിന് ശശാങ്ക് സിങും രാഹുൽ തേവാടിയയും. രാഹുൽ ത്രിപാഠിയും മികച്ച ബാറ്റിങ് കരുത്ത് ടീമിന് നൽകുന്നു. ടി നടരാജന്റെ സ്പെഷലിസ്റ്റ് ഇടംകൈയൻ പേസും ടീമിന് വലിയ പ്രതീക്ഷ നൽകുന്നതാണ്.
കഴിഞ്ഞ വർഷം ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി. എന്നാൽ പിന്നീട് ആ മികവ് തുടരാനായില്ല. മറ്റ് ടീമുകളോട് തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്നു പുറത്തായി. ഇത്തവണ മികച്ച മുന്നേറ്റമാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനാണ് നിലവിലെ ചാംപ്യൻമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates