ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎല്‍ പോരാട്ടത്തില്‍ വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകള്‍ തകര്‍ത്തതായാണ് പരാതി. സംഭവത്തിനു പിന്നാലെ പൊലീസ് ബംഗളൂരുവില്‍ നിന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തു. കബ്ബണ്‍ പാര്‍ക്ക് പൊലീസ് വിഷയത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ ഹോം മൈതാനമായ ചിന്നസ്വാമിയില്‍ ഏപ്രില്‍ 24നു അരങ്ങേറിയ ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനു തൊട്ടുമുന്‍പാണ് പൊലീസിനു പരാതി കിട്ടിയത്. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകളും തകര്‍ത്തതായി നിരീക്ഷണ മേല്‍നോട്ടങ്ങളുടെ ചുമതലയുള്ള സംഘമാണ് പൊലീസില്‍ പരാതി നല്‍കിയത്. മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രവേശന കവാടം മുതലുള്ള ക്യാമറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പെരിമീറ്റര്‍ സോണുകള്‍, ഡി കോര്‍പ്പറേറ്റ് സ്റ്റാന്‍ഡ്, കോണ്‍കോഴ്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു.
സംഭവത്തില്‍ ഹരിയൂര്‍ സ്വദേശിയായ മഞ്ജുനാഥ് (37), യുപി സ്വദേശി അബ്ദുല്‍ കലാം (19) എന്നിവരാണ് അറസ്റ്റിലായത്. സ്‌റ്റേഡിയത്തില്‍ നിരീക്ഷണ സേവനങ്ങള്‍ ചെയ്യാന്‍ കരാറെടുത്ത ഐവിഎസ് ഡിജിറ്റല്‍ സൊലൂഷന്‍സ് സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്റ്റര്‍ക്കു കീഴിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അനുമതിയില്ലാതെ അതീവ സുരക്ഷ മേഖലയായ സിസിടിവി കണ്‍ട്രോള്‍ റൂമില്‍ കയറി ഇരുവരും ഉപകരണങ്ങള്‍ നശിപ്പിച്ചതായാണ് പരാതി.
മത്സര ദിവസം രാവിലെയാണ് ഇതു കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്റ്റേഡിയത്തിലെ സിസിടിവികള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയെന്നു പൊലീസ് വ്യക്തമാക്കി. ജീവനക്കാര്‍ക്ക് കരാര്‍ കമ്പനിയോടുള്ള വൈരാഗ്യമാണ് അതിക്രമത്തിനു പിന്നില്‍. ഉപകരണങ്ങള്‍ നശിപ്പിച്ചതിനു പിന്നില്‍ ഇരുവരുമാണെന്നു തെളിഞ്ഞതായും പൊലീസ് പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ജോലി ചെയ്തതിന്റെ പണം നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകാത്തതിനാലാണ് ഉപകരണങ്ങള്‍ നശിപ്പിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്‍സിബിയുടെ ഈ സീസണിലെ ചിന്നസ്വാമിയിലെ ഹോം മത്സരങ്ങള്‍ ഗുജറാത്തിനെതിരായ പോരാട്ടത്തോടെ അവസാനിച്ചു. ശേഷിക്കുന്ന രണ്ട് ഹോം പോരാട്ടങ്ങള്‍ അവര്‍ റായ്പുരിലാണ് കളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates