ഇന്ത്യൻ ടീം പിടിഐ
Sports

കാണാം 'ഹെവി വെയ്റ്റ്' പോരാട്ടം; ഇന്ത്യ- ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഇന്ന്

മത്സരം ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതലാണ് പോരാട്ടം. ഐസിസി പോരാട്ടങ്ങളുടെ നോക്കൗട്ട് ഘട്ടത്തില്‍ സമീപ കാലത്തൊന്നും ഓസീസിനെതിരെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ കുറവു പരിഹരിച്ച് കലാശപ്പോരിലേക്ക് മുന്നേറുകയാണ് ടീം ലക്ഷ്യമിടുന്നത്.

ലോക ക്രിക്കറ്റിലെ വന്‍ ശക്തികള്‍ പോരിനിറങ്ങുമ്പോള്‍ ആവേശപ്പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. സഹചര്യങ്ങള്‍ നിലവില്‍ ഇന്ത്യക്ക് അനുകൂലമാണ്. പ്രധാന ബൗളര്‍മാരില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തിലാണ് അവര്‍ ആദ്യ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കിയത്. ശേഷിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ഒരു പന്ത് പോലും എറിയേണ്ടി വന്നില്ല. അഫ്ഗാനെതിരെ ആകട്ടെ അവര്‍ 270നു മുകളില്‍ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ നില്‍ക്കുന്നത്. ടൂര്‍ണമെന്റിനുള്ള ടീമില്‍ 5 സ്പിന്നര്‍മാരെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പിന്‍ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. കിവികള്‍ക്ക് നഷ്ടമായ പത്തില്‍ 9 വിക്കറ്റുകളും സ്പിന്നര്‍മാരാണ് പോക്കറ്റിലാക്കിയത്. ഓസീസിനാകട്ടെ ആദം സാംപയാണ് സ്‌പെഷലിസ്റ്റ് സ്പിന്നര്‍.

ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലാണ്. പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. രോഹിത് മികവോടെ തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് എത്തുന്നില്ല എന്നതു മാത്രമാണ് ബാറ്റിങ് നിരയിലെ ഏക ആശങ്ക. ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരും ബാറ്റിങ് മികവില്‍ തന്നെ. ഓസീസ് നിരയിലും ബാറ്റിങ് നിര ഫോമിലാണ്. ഇന്ത്യക്ക് എന്നും തലവേദന ആകാറുള്ള ട്രാവിസ് ഹെഡ് ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് അവരെ വെട്ടിലാക്കുന്നത്. ബൗളിങ് നിരയുടെ ശക്തിക്കുറവും അവരെ അലട്ടുന്നുണ്ട്.

പകരം ചോദിക്കാന്‍

ഐസിസി ഏകദിന പോരാട്ടത്തില്‍ ഇന്ത്യ അവസാനമായി ഓസ്ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്. അതിനു ശേഷം ഇന്നുവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ റെക്കോര്‍ഡ് മറികടക്കേണ്ട ഭാരം കൂടി രോഹിതിനും സംഘത്തിനുമുണ്ട്. ഇത്തവണ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങള്‍. ദുബായ് വേദിയും സ്പിന്‍ കരുത്തുമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇല്ലാതെയാണ് ഓസീസ് കളിക്കുന്നത്. എങ്കിലും അവരെ ആരും എഴുതി തള്ളില്ല. പ്രത്യേകിച്ച് ഐസിസി പോരാട്ടങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ഒറ്റ മത്സരം മാത്രമാണ് ഓസ്ട്രേലിയ മുഴുവന്‍ കളിച്ചത്. ബാക്കി രണ്ട് മത്സരങ്ങളും മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെ അവര്‍ കൂറ്റന്‍ സ്‌കോര്‍ ചെയ്സ് ചെയ്തു വിജയിച്ചിരുന്നു. ഈ പ്രകടനം മാത്രം മതി ഐസിസി പോരാട്ടത്തിലെ അവരുടെ മികവ് സാധൂകരിക്കാന്‍.

ഇന്ത്യക്ക് നിരവധി കണക്കുകള്‍ തീര്‍ക്കാനുണ്ട്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍, 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നില്‍ വീഴുകയായിരുന്നു. ഈ തോല്‍വികളുടെ കണക്ക് തീര്‍ത്തി ഫൈനലിലേക്ക് മുന്നേറുകയെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT