മിലാൻ: ശൈത്യകാല ഒളിംപിക്സിനായി എത്തിയ അത്‍ലറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഗർഭ നിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്നു പരാതി. 2900 അത‍്ലറ്റുകൾക്കായി 10,000 കോണ്ടമാണ് സംഘാടകർ എത്തിച്ചത്. എന്നാൽ മൂന്നാം ദിവസം തന്നെ ഇതു തീർന്നതായാണ് പരാതി വന്നത്. അപ്രതീക്ഷിത പ്രതിസന്ധിയാണിതെന്നും ഉടൻ പരിഹരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തുമെന്നു സംഘാടകർക്ക് നിശ്ചയമില്ല. ആയിരക്കണക്കിനു അത്‍ലറ്റുകൾ ആഴ്ചകളോളം ഒന്നിച്ചു താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകർ ഇത്രയധികം കോണ്ടം കരുതിയത്. കോണ്ടം പെട്ടെന്നു തീർന്നത് ആശങ്കയായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.
ഒളിംപിക്സിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ബുദ്ധിമുട്ട് അത്‍ലറ്റുകൾക്കുണ്ടായത് നടത്തിപ്പിലും കല്ലുകടിയായി മാറി. മതിയായ പ്ലാനിങ് ഇക്കാര്യത്തിൽ നടന്നില്ല എന്നതടക്കമുള്ള ആക്ഷേപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ മാസം ആറിനാണ് ശൈത്യകാല ഒളിംപിക്സ് തുടങ്ങിയത്. ഈ മാസം 22നു പോരാട്ടം അവസാനിക്കും.
ഒളിംപിക്സ് വില്ലേജിൽ ഇത്തരത്തിൽ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. വളരെ ചെറിയ ഗെയിംസ് വില്ലേജിൽ ലോകമെങ്ങുമുള്ള കായിക താരങ്ങൾ എത്തുമ്പോൾ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗിക ആരോഗ്യം പരിപാലിക്കുന്നതിനുമാണ് ഇത്തരത്തിൽ കോണ്ടം വിതരണം ചെയ്യുന്നത്.
ആഴ്ചകളോളം കടുത്ത സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ കായിക താരങ്ങൾ കഴിയുമ്പോൾ അതു ലഘൂകരിക്കുന്നതിനു കോണ്ടം ആവശ്യമാണെന്നു സംഘാടകർ പറയുന്നു. കായിക താരങ്ങളുടെ ശാരീരകി മാനസിക ആരോഗ്യം ഗെയിംസ് വില്ലേജിനും പ്രധാനമാണെന്നു സംഘാടകർ വ്യക്തമാക്കുന്നു.
2024ലെ പാരിസ് ഒളിംപിക്സിൽ വലിയ തോതിലാണ് ഇത്തരത്തിൽ കോണ്ടം സംഭരിച്ചതും വിതരണം നടത്തിയതും. പാരിസ് ഒളിംപിക്സിൽ സ്ത്രീകളും പുരുഷൻമാരുമായി 10,500 കായിക താരങ്ങളാണ് പങ്കെടുത്തത്. വില്ലേജിൽ രണ്ട് ലക്ഷത്തിനു മുകളിൽ കോണ്ടമാണ് അന്ന് വിതരം ചെയ്തത്.
മുൻ ഒളിംപിക്സിൽ ഇത് 3 ലക്ഷത്തിനു മുകളിലായിരുന്നു. എന്നാൽ മിലാനിലെത്തിയപ്പോൾ വെറും 10,000 ആയി കോണ്ടം വിതരണം ചുരുങ്ങി. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്. കോവിഡ് കാലമായതിനാൽ 2021ലെ ടോക്യോ ഒളിംപിക്സിൽ കായിക താരങ്ങൾ അടുത്തിടപഴകുന്നത് വിലക്കിയിരുന്നു.
മിലാനിലെ കൊർടീന ദംപെസോയിൽ താത്കാലികമായാണ് ഒളിംപിക്സ് വില്ലേജ് നിർമിച്ചിരിക്കുന്നത്. അത്‌ലറ്റുകൾക്കു കഴിയാൻ മൊഡ്യുലാർ യൂണിറ്റുകളാണ് വീടുകളായി സജ്ജീകരിച്ചിരിക്കുന്നത്. വളരെ കുറച്ച് സ്വകാര്യത മാത്രമാണ് ഇവിടെയുള്ളത്. വിശാലമായ കമ്യൂണൽ സ്പേസ് വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates