Cristiano Ronaldo Jr, Cristiano Ronaldo 
Sports

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ ഗോള്‍ ആഘോഷം അനുകരിച്ച് മകന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

അബുദാബി: ഗോള്‍ അടിച്ച ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷ രീതികള്‍ ഫുട്‌ബോളില്‍ മാത്രമല്ല മറ്റ് പല കായിക ഇനങ്ങളിലേയും താരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ 'സീയു' സെലിബ്രേഷന്‍ അതിലൊന്നാണ്. സമീപകാലത്ത് അദ്ദേഹം മറ്റൊരു ആഘോഷ രീതി കൂടി ഗ്രൗണ്ടില്‍ നടപ്പാക്കിയിരുന്നു. അതാണ് 'മൗ' (Mauuu) സെലിബ്രേഷന്‍. റോമന്‍ അക്കങ്ങളില്‍ എം എന്ന് എഴുതുന്ന രീതിയില്‍ കൈവിരലുകള്‍ താഴോട്ട് പിടിച്ച് 'മൗ' എന്ന് നീളത്തില്‍ ആര്‍പ്പുവിളിച്ച് ഗോള്‍ ആഘോഷിക്കുന്ന രീതിയാണ് അദ്ദേഹം പുതിയതായി പരീക്ഷിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറും തന്റെ അച്ഛന്റെ ആഘോഷ രീതിയും ആംഗ്യവും ആര്‍പ്പുമൊക്കെ ഗ്രൗണ്ടില്‍ പുനരാവിഷ്‌കരിച്ചു.

അല്‍ നസര്‍ അണ്ടര്‍ 17 ടീമിനായി ഇരട്ട ഗോളുകള്‍ നേടിയാണ് താരം 'മൗ' ആംഗ്യത്തിലൂടെ ഗോള്‍ നേട്ടം ആഘോഷമാക്കിയത്. തന്റെ സഹ താരങ്ങളെ കൊണ്ടും റൊണാള്‍ഡോ ജൂനിയര്‍ 'മൗ' ആംഗ്യം ചെയ്യിപ്പിച്ച് ആര്‍ത്തുവിളിക്കാനും മറന്നില്ല. അല്‍ എത്തിഹാദിനെതിരായ പോരാട്ടത്തില്‍ 16കാരനായ റൊണാള്‍ഡോ ജൂനിയര്‍ ഇരട്ട ഗോളുകളും വലയിലാക്കി. ഡയറക്ട് ഫ്രീകിക്ക് ഉള്‍പ്പെടെയാണ് താരം ഇരട്ട ഗോളുകള്‍ നേടിയത്. മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു.

കളിയുടെ 14ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്നു ലഭിച്ച പന്ത് താരം അതിവേഗം വലത് കാല്‍ കൊണ്ട് വലയിലാക്കിയാണ് ഗോള്‍ വേട്ട തുടങ്ങിയത്. 42ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെ റൊണാള്‍ഡോ ജൂനിയര്‍ തന്റെയും ടീമിന്റേയും രണ്ടാം ഗോളും നേടി. അല്‍ എത്തിഹാദിന്റെ പ്രതിരോധ മതിലിന് അടിയിലൂടെ പിച്ചില്‍ കുത്തി ഉയര്‍ന്ന പന്ത് താഴ്ന്ന് ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി.

'മൗ' ആഘോഷം

ഈ മാസം ആദ്യ അല്‍ നസറിനായി കളിക്കുമ്പോഴാണ് 'മൗ' ആഘോഷം ആദ്യമായി ക്രിസ്റ്റ്യാനോ അവതരിപ്പിച്ചത്. ഇതിന്റെ അര്‍ഥം എന്താണെന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് ചോദിക്കുകയും ചെയ്തു. 'നിങ്ങള്‍ക്കത് മനസിലായോ' എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതോടെയാണ് സംഭവം ആരാധകരില്‍ ആകാംക്ഷ നിറച്ചത്.

എന്നാല്‍ എന്താണ് ഈ റോമന്‍ അക്കങ്ങളില്‍ എം എന്നു വരുന്ന തരത്തിലുള്ള ഈ കൈ വിരല്‍ ആംഗ്യത്തിന്റെ അര്‍ഥം?

രണ്ട് നിഗമനങ്ങളാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് 1000 ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ് താരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ആംഗ്യം കാണിക്കുന്നത് എന്നാണ് ചില ആരാധകര്‍ അര്‍ഥം കണ്ടെത്തുന്നത്. റോമന്‍ അക്കങ്ങളില്‍ എം എന്നാല്‍ 1000 എന്നാണ് അര്‍ഥം. പോര്‍ച്ചുഗീസ് ഭാഷയില്‍ ആയിരത്തിന് മില്‍ എന്നാണ് പറയുന്നത്. ഇതിന്റെ ആദ്യ അക്ഷരവും എം ആണ്.

മറ്റൊരു നിഗമനം ഇങ്ങനെയാണ്. 'മൗ' എന്ന പോര്‍ച്ചുഗീസ് വാക്കിന് വില്ലന്‍ എന്നാണ് അര്‍ഥം. എതിര്‍ ഡിഫന്‍ഡര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രീതിയില്‍ താനൊരു അപകടകാരിയായ എതിരാളിയാണെന്നു രസകരമായി അവതരിപ്പിക്കുന്നതാണ് ഈ ആര്‍പ്പുളിയെന്നും വ്യഖ്യാനമുണ്ട്.

ഇതിന്റെ അര്‍ഥം എന്താണെന്നു ക്രിസ്റ്റ്യാനോ ഇതുവരെ വെളിപ്പെടുത്താത്തിനാല്‍ അത് നിഗൂഢമായി തന്നെ നില്‍ക്കുന്നു. എങ്കിലും സമാന ആഘോഷം മകനും ഏറ്റെടുത്തതാണ് ഇപ്പോള്‍ ശ്രദ്ധേയമായത്.

Cristiano Ronaldo has made a habit of turning his goal celebrations into talking points, and his latest gesture has now been copied by someone particularly close to him. His 16-year-old son, Cristiano Ronaldo Jr, scored twice for Al-Nassr's Under-17 side against Al-Ittihad, including a direct free kick, before recreating the hand movement and shout his father has been using in recent matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി

ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി

'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!