ലോറ വോൾവാർട്, DY Patil Stadium pti
Sports

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ലോകകപ്പ് ഫൈനലില്‍ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്

സമകാലിക മലയാളം ഡെസ്ക്

നവി മുംബൈ: വിജയത്തില്‍ മാത്രമല്ല പരാജയപ്പെടുന്ന ടീമിലുമുണ്ടാകും ചില പോരാളികള്‍. അത്തരമൊരു രംഗത്തിനാണ് ഇന്നലെ വനിതാ ലോകകപ്പ് ഫൈനലിനു ശേഷം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷ്യം നിന്നത്. സമ്മാനദാന ചടങ്ങിനിടെ ദക്ഷിണാഫ്രിക്ക വനിതാ ടീം ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടിനെ എഴുന്നേറ്റു നിന്നു ഒന്നിച്ച് അഭിനന്ദനം അറിയിച്ച് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകര്‍.

കൈ താളത്തില്‍ തട്ടി 'വെല്‍ പ്ലെയ്ഡ് ലോറ...'- എന്നു ഒന്നിച്ച് ഉച്ചത്തില്‍ പാടിയാണ് താരത്തെ ആരാധകര്‍ അഭിനന്ദിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആരാധകരുടെ പ്രവൃത്തി വലിയ കൈയടികളാണ് നേടിയത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉദാഹരണമായും പലരും സംഭവത്തെ നോക്കി കാണുന്നു.

മുംബൈയിലെ ക്രിക്കറ്റ് വികാരത്തിന്റെ നേർസാക്ഷ്യം കൂടിയാണ് രം​ഗങ്ങൾ. ലോകകപ്പ് ഫൈനൽ സംഘടിപ്പിക്കാൻ ഇതുപോലൊരു വേദി വേറെയുണ്ടോ എന്നും ആരാധകർ വിഡിയോയ്ക്കു താഴെ വന്നു ചോദിക്കുന്നുണ്ട്.

വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ വനിതകളോടു പൊരുതി വീണെങ്കിലും ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും ഫൈനലില്‍ നിര്‍ണായക സെഞ്ച്വറിയടിച്ച് മുന്നില്‍ നിന്നു നയിക്കുന്നതിലും താരം വഹിച്ച പങ്ക് വലുതാണ്.

താരം 98 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരുപിടി റെക്കോര്‍ഡുകളുമായാണ് ലോറ വോള്‍വാര്‍ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡ് ഇനി ലോറയ്ക്ക് സ്വന്തം. 2022 സീസണില്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലിസ്സ ഹീലി നേടിയ 509 റണ്‍സിന്റെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ താരം മറികടന്നത്. ഈ സീസണില്‍ 571 റണ്‍സ് ആണ് ലോറ സ്വന്തം പേരില്‍ കുറിച്ചത്.

രണ്ട് റെക്കോര്‍ഡുകള്‍ കൂടി ലോറയുടെ ക്രെഡിറ്റില്‍ ഉണ്ട്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 50ലധികം സ്‌കോറുകള്‍ നേടിയവരുടെ പട്ടികയില്‍ ലോറ ഇപ്പോള്‍ ഒന്നാമതാണ്. ആകെ 14 എണ്ണം. ഇന്ത്യയുടെ മിതാലി രാജിനെയാണ് മറികടന്നത്. മിതാലി 13 തവണയാണ് 50ലധികം സ്‌കോര്‍ കണ്ടെത്തിയത്. ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ 50ലധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡിനൊപ്പവും ലോറ എത്തി. ന്യൂസിലന്‍ഡിന്റെ ഡെബ്ബി ഹോക്ലി, ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി എന്നിവരുടെ നേട്ടത്തിനൊപ്പമാണ് ലോറയും സ്വന്തം പേരെഴുതി ചേര്‍ത്തത്.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ 169 റണ്‍സ് ആണ് നേടിയത്. ഫൈനലിലും സെഞ്ച്വറി കണ്ടെത്തി. തുടര്‍ച്ചയായ രണ്ടു കളികളിലും സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ മുന്നില്‍ നിന്ന് നയിച്ച താരമാണ് ലോറ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പാകിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്കെതിരെ യഥാക്രമം 90, 70, 60 നോട്ടൗട്ട് എന്നിവയാണ് ലോറയുടെ മറ്റു മികച്ച പ്രകടനങ്ങള്‍.

DY Patil Stadium: Mumbai showcased its cricketing spirit during the ICC Women’s World Cup final, as India triumphed over South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT