ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറികളുടെ ദിനം. അപരാജിത മുന്നേറ്റം നടത്തിയ ലിവര്‍പൂളിനെ ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചു. ചെല്‍സിയെ ബ്രൈറ്റനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബ്രെന്‍ഡ്‌ഫോര്‍ഡും വീഴ്ത്തി. അതേസമയം കിരീടം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കു ബേണ്‍ലിയെ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ തകര്‍ത്തുവിട്ടു. സണ്ടര്‍ലാന്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ 0-1നു പരാജയപ്പെടുത്തി. ടോട്ടനം ഹോട്‌സ്പര്‍- വൂള്‍വ്‌സ് പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചു.
ക്രിസ്റ്റല്‍ പാലസ്- ലിവര്‍പൂള്‍
തുടരെ അഞ്ച് വിജയങ്ങളുമായി കരുത്തോടെ സീസണില്‍ മുന്നേറിയ ചാംപ്യന്‍മാരായ ലിവര്‍പൂളിനു കടിഞ്ഞാണ്‍. എവേ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസ് 2-1നു ചാംപ്യന്‍ ടീമിനെ അട്ടിമറിച്ചു.
9ാം മിനിറ്റില്‍ ഇസ്മയില സാര്‍ നേടിയ ഗോളില്‍ തുടക്കം തന്നെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. പിന്നീട് ഗോളടിക്കാനുള്ള ശ്രമം ലിവര്‍പൂളും ലീഡുയര്‍ത്താനുള്ള ശ്രമം ക്രിസ്റ്റല്‍ പാലസും തുടര്‍ന്നതോടെ കളി ആക്രമണ പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായി.
80 മിനിറ്റ് പിന്നിപ്പോഴും സ്‌കോര്‍ 1-0 എന്ന നിലയിലായിരുന്നു. ഒടുവില്‍ 87ാം മിനിറ്റില്‍ ഫെഡറിക്കോ കിയേസ ലിവര്‍പൂളിന്റെ രക്ഷകനായി. താരത്തിന്റെ ഗോളില്‍ അവര്‍ സമനില പിടിച്ചു. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ എഡ്ഡി എന്‍കെറ്റിയ നേടിയ ഗോള്‍ ലിവര്‍പൂളിന്റെ ഹൃദയം തകര്‍ത്തു. തോറ്റെങ്കിലും അവരുടെ ഒന്നാം സ്ഥാനത്തിനു തത്കാലം ഇളക്കമില്ല. ക്രിസ്റ്റല്‍ പാലസാണ് നിലവില്‍ രണ്ടാമത്.
ചെല്‍സി- ബ്രൈറ്റന്‍
ചെല്‍സിയെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ബ്രൈറ്റന്‍ അട്ടിമറിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ചെല്‍സിയെ അവസാന ഘട്ടങ്ങളില്‍ മൂന്ന് ഗോളടിച്ച് ബ്രൈറ്റന്‍ വീഴ്ത്തുകയായിരുന്നു. ഡാനി വെല്‍ബെക്കിന്റെ ഇരട്ട ഗോളുകളാണ് ബ്രൈറ്റന്റെ ജയത്തിന്റെ നട്ടെല്ല്.
24ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി മുന്നിലെത്തി. ആദ്യ പകുതിയില്‍ കാര്യങ്ങള്‍ എന്‍സോ മരസ്‌ക്കയുടെ കണക്കുകൂട്ടലില്‍ തന്നെ നിന്നു. എന്നാല്‍ 53ാം മിനിറ്റില്‍ ട്രെവോ ചലോഭിന്റെ റെഡ് കാര്‍ഡ് കണ്ടുള്ള പുറത്തു പോക്ക് അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു.
അവിടം മുതല്‍ ബ്രൈറ്റന്‍ ആധിപത്യം തുടങ്ങി. പത്ത് പേരായി ചുരുങ്ങിയ ചെല്‍സി പ്രതിരോധത്തെ ഒടുവില്‍ ബ്രൈറ്റന്‍ 77ാം മിനിറ്റില്‍ ഭേദിച്ചു. ഡാനി വെല്‍ബെക്കിലൂടെ ബ്രൈറ്റന്‍ ലീഡെടുത്തു. കളി സമനിലയില്‍ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബ്രൈറ്റന്‍ രണ്ട് ഗോളുകള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ അടിച്ചു കയറ്റിയത്.
ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മാക്‌സിം ഡി കുപ്പര്‍ ടീമിനു വിജയ ഗോള്‍ സമ്മാനിച്ചു. പിന്നാലെ 10ാം മിനിറ്റില്‍ ഡാനി വെല്‍ബെക്ക് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലിട്ടു. ബ്രൈറ്റനും ചെല്‍സിയും ഓണ്‍ ടാര്‍ജറ്റിലേക്ക് മൂന്നേ മൂന്ന് ഷോട്ടുകളാണ് പായിച്ചത്. ബ്രൈറ്റന്‍ മൂന്നും ഗോളാക്കി! ചെല്‍സി ഒന്നും.
ബ്രെന്‍ഡ്‌ഫോര്‍ഡ്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
റുബന്‍ അമോറിമിനു വീണ്ടും സമ്മര്‍ദ്ദമേറ്റി ബ്രെന്‍ഡ്‌ഫോര്‍ഡ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 3-1നു അട്ടിമറിച്ചാണ് ബ്രെന്‍ഡ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ പരിശീലകന്റെ മേല്‍ സമ്മര്‍ദ്ദമേറ്റിയത്. ചെല്‍സിയെ തകര്‍ത്ത് തിരിച്ചു വരവിന്റെ പാതയിലേക്ക് എത്തിയെന്നു ആശ്വസിക്കുമ്പോഴാണ് ബ്രെന്‍ഡ്‌ഫോര്‍ഡിന്റെ അടി.
ഇഗോര്‍ തിയാഗോയുടെ ഇരട്ട ഗോളുകളാണ് ബ്രെന്‍ഡ്‌ഫോര്‍ഡിന്റെ വിജയത്തിന്റെ ആണി. 8, 20 മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്. 26ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയിലൂടെ മാഞ്ചസ്റ്റര്‍ തിരിച്ചു വരാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് ലക്ഷ്യത്തില്‍ പന്തെത്തിയില്ല.
ഇഞ്ച്വറി സമയത്താണ് മൂന്നാം ഗോള്‍ വന്നത്. മത്യാസ് ജന്‍സനാണ് സ്‌കോറര്‍. സീസണില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിന്റെ രണ്ടാം ജയമാണിത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്ററിനു മുകളിലേക്കും അവര്‍ കയറി. ബ്രെന്‍ഡ്‌ഫോര്‍ഡ് 13ാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ 14ാമത്.
മാഞ്ചസ്റ്റര്‍ സിറ്റി- ബേണ്‍ലി
ബേണ്‍ലിയുടെ മാക്‌സിം എസ്റ്റിവെയുടെ ഇരട്ട ഓണ്‍ ഗോളുകളും എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളും കണ്ട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ബേണ്‍ലിയെ ഒന്നിനെതിരെ 5 ഗോളുകള്‍ക്കു തകര്‍ത്തു. മത്യാസ് ന്യൂനസാണ് സിറ്റിയ്ക്കായി വല ചലിപ്പിച്ച മറ്റൊരു താരം. ബേണ്‍ലിക്കായി ജെയ്ഡന്‍ ആന്റണി ആശ്വാസ ഗോള്‍ കണ്ടെത്തി.
കളിയുടെ 12ാം മിനിറ്റിലാണ് മാക്‌സിം സമ്മാനിച്ച സെല്‍ഫ് ഗോളില്‍ സിറ്റി ലീഡെടുത്തത്. എന്നാല്‍ 38ാം മിനിറ്റില്‍ ബേണ്‍ലി ജെയ്ഡന്‍ ആന്റണിയിലൂടെ സമനില പിടിച്ചു. 61ാം മിനിറ്റില്‍ ന്യൂനസ് സമനില പൊട്ടിച്ച് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 4 മിനിറ്റിനിടെ മാക്‌സിം വീണ്ടും ഓണ്‍ ഗോള്‍ സിറ്റിക്കു നല്‍കി വീണ്ടും വില്ലനായി.
കളിയുടെ അവസാന ഘട്ടങ്ങളിലാണ് ഹാളണ്ട് ഇരട്ട ഗോളുകള്‍ നേടിയത്. 90ാം മിനിറ്റില്‍ ടീമിനു നാലാം ഗോള്‍ സമ്മാനിച്ചാണ് താരം തുടങ്ങിയത്. പിന്നാലെ ഇഞ്ച്വറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഹാളണ്ടിന്റെ ഇരട്ട ഗോളും ടീമിന്റെ അഞ്ചാം ഗോളും ബേണ്‍ലി വലയില്‍. സീസണില്‍ 8 ഗോളുകളുമായി താരം ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ജയത്തോടെ സിറ്റി പട്ടികയില്‍ ആറാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates