FIFA President Gianni Infantino x
Sports

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

211 അം​ഗ രാജ്യങ്ങളും എതിർത്തതോടെ വിവാദ ഓഹരി വിൽപ്പന ഫിഫ ഉപേക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സൂറിച്ച്: ഫുട്ബോൾ ലോകത്തു നിന്നു വൻ എതിർപ്പ് വന്നതോടെ വിവാദമായ ഓഹരി വിൽപ്പന തീരുമാനത്തിൽ നിന്നു ഫിഫ പിൻമാറി. ലോകകപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കമാണ് പാളിയത്. ഫിഫയിൽ അം​ഗങ്ങളായ 211 രാജ്യങ്ങളും പ​ദ്ധതിക്കെതിരെ രം​ഗത്തെത്തിയതാണ് പിൻമാറ്റത്തിനു കാരണം. മാത്രമല്ല കഴിഞ്ഞ ദിവസം സമാന വിഷയത്തിൽ കടുത്ത ആരോപണങ്ങളുയർത്തി ഇൻഫാന്റിനോയുടെ വലം കൈ ആയി പ്രവർത്തിക്കുന്ന മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെറോ തന്റെ പദവി രാജിവച്ചതും നിർണായകമായി.

ഫിഫ ലോകകപ്പ്, ക്ലബ് ലോകകപ്പ് മറ്റ് സുപ്രധാന ടൂർണമെന്റുകൾ എന്നിവയുടെ വാണിജ്യ അവകാശങ്ങൾ, സ്പോ‍ൺസർഷിപ്പ്, ഇവന്റ് റൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ്ഇ) എന്ന പേരിൽ 20 ബില്ല്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിട്ടത്. എന്നാൽ യുവേഫ, കോൺകാകാഫ്, കോൺമെബോൾ, ഏഷ്യ, ആഫ്രിക്ക അടക്കമുള്ള എല്ലാ അം​ഗ രാജ്യങ്ങളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് ഫിഫയുടേയും അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയുടേയും നീക്കം പാളിയത്. ഇതോടെയാണ് പിൻമാറ്റം.

ഫിഫയുടെ 20 ശതമാനം വരെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് ഏതാണ്ട് 4.2 ബില്ല്യൺ ഡോളർ സമാഹരിക്കാനായിരുന്നു ഇൻഫാന്റിനോയുടേയും സംഘത്തിന്റേയും നീക്കം. ജോഷ്വ കുഷ്നർ സ്ഥാപിച്ച യുഎസിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഫേം ത്രൈവ് ക്യാപിറ്റൽ എന്ന കമ്പനിയെയാണ് പ്രധാന നിക്ഷേപകരായി ഫിഫ കണ്ടെത്തിയത്. ഈ നീക്കമാണ് അടപടലം പാളി വൻ വിവാദമായി മാറിയത്. കൈ പൊള്ളിയതോടെയാണ് പദ്ധതി പ്രഖ്യാപിച്ച് വെറും 4 ​ദിവസത്തിനുള്ളിൽ തന്നെയുള്ള ഫിഫയുടെ പിൻമാറ്റം.

'എല്ലാ പങ്കാളികളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടു. പദ്ധതി വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കിയതായി വ്യക്തമായി. അതിനാൽ എത്രത്തോളം പിന്തുണ കിട്ടിയാലും ഫിഫ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങൾക്ക് അത് ​ഗുണകരമാകില്ല. ലോക ഫുട്ബോളിനെ ഒന്നിച്ചു നിർത്തുകയും വളർത്തുകയുമാണ് ഫിഫയുടെ എക്കാലത്തേയും ലക്ഷ്യം. അതിനാൽ പുതിയ പദ്ധതിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചു'- ഇൻഫാന്റിനോ വ്യക്തമാക്കി.

ട്രംപ് ബന്ധം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജെറാർഡ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നറാണ് ത്രൈവ് ക്യാപിറ്റലിന്റെ ഉടമ. ഇൻഫാന്റിനോയ്ക്ക് ട്രംപ് കുടുംബവുമായുള്ള ബന്ധം പദ്ധതിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുണ്ടെന്ന ആരോപണത്തിനും ഇതു കാരണമായി.

പദ്ധതിയിൽ നിന്നു നിവൃത്തിയില്ലാതെ പിൻമാറേണ്ടി വന്നത് ഇൻഫാന്റിനോയ്ക്ക് കനത്ത തിരിച്ചടിയാണ്. പുതിയ ഫിഫ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അടുത്തു നടക്കാനിരിക്കെ പ്രത്യേകിച്ചും. ഈ സംഭവം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ തന്നെ മോശമായി ബാധിച്ച സ്ഥിതിയാണ്.

വിവാദങ്ങളുടെ നാൾവഴി

ജൂലൈ 28നാണ് ഫിഫയുടെ 211 അം​ഗ രാജ്യങ്ങൾക്ക് മുന്നിൽ ഇൻഫാന്റിനോ ഈ 20 ബില്ല്യൺ ഡോളറിന്റെ വാണിജ്യ പദ്ധതി സമർപ്പിച്ചത്. പദ്ധതി അം​ഗീകരിച്ചാൽ ഓരോ അം​ഗ അസോസിയേഷനുകൾക്കും 20 മില്ല്യൺ ഡോളർ മുൻകൂറായി ലഭിക്കും. വാർഷിക വികസന ഫണ്ട് 2027 മുതൽ 2030 വരെയുള്ള കാലയളവിൽ 2 മില്ല്യൺ ഡോളറിൽ നിന്നു 5 മില്ല്യൺ ഡോളറായി ഉയർത്തുമെന്നും വാ​ഗ്ദാനം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ഫിഫ വോട്ടെടുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനു മുൻപ് തന്നെ ജെപി മോർ​ഗൻ കമ്പനിയുമായി ചേർന്നു ഫിഫ നിക്ഷേപകരെ കണ്ടെത്താനുള്ള നീക്കങ്ങൽ നടത്തി.

എന്നാൽ സ്വകാര്യ നിക്ഷേപം എന്ന ഫിഫയുടെ തീരുമാനം ഫുട്ബോളിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും സുതാര്യത തകരുമെന്നും കളി പൂർണമായും വാണിജ്യ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടുമെന്നും വിമർശനം ഉയർന്നു. പിന്നാലെ ലോകകപ്പ് അടക്കമുള്ള ഫിഫയുടെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നു യൂറോപ്യൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ കടുത്ത നിലപാടെടുത്തു. ലോകകപ്പിനെ വിൽക്കാൻ സമ്മതിക്കില്ലെന്നു തുറന്നടിച്ച് 55 അം​ഗ രാജ്യങ്ങളുടെ പിന്തുണയോടെ യുവേഫ ഫിഫയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

പിന്നാലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഫിഫയുടെ നീക്കത്തെ ചോദ്യം ചെയ്തു രം​ഗത്തെത്തി. ഫിഫയുടെ ഓഹരി വിൽ‌ക്കാനുള്ള പ്രക്രിയ സംബന്ധിച്ചു തങ്ങളോടു ഒരു കൂടിയാലോചനയമുണ്ടായില്ലെന്നു ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. പിന്നാലെ മറ്റ് അം​ഗ അസോസിയേഷനകളും സമാന നിലപാട് സ്വീകരിച്ചു.

FIFA has abandoned its proposal to sell a minority stake in the commercial rights of the FIFA World Cup and other flagship tournaments after the plan sparked fierce opposition from UEFA, football leaders, politicians and supporters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'