FIFA World Cup 2026 x
Fifa World Cup 2026

'ഒറ്റ' ​ഗോളിന് 'ഇരട്ട' ​ഗോൾ 'ചെക്ക്'! ലോകകപ്പിൽ ത്രില്ലർ ജയം പിടിച്ച് ദക്ഷിണ കൊറിയ

ചെക്ക് റിപ്പബ്ലിക്കിനെ 2-1നു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​ഗ്വാഡലഹാര: ആദ്യ പകുതി ​ഗോൾ ര​ഹിതം. രണ്ടാം പകുതിയിൽ ഒരു ​ഗോളടിച്ച് ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തുന്നു. പിന്നാലെ സമനില പിടിച്ച് ദക്ഷിണ കൊറിയയുടെ തിരിച്ചു വരവ്. ഒടുവിൽ കളി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ തൊട്ടുമുൻപ് രണ്ടാം ​ഗോൾ. ഫിഫ ലോകകപ്പിലെ രണ്ടാം പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ ​ഗംഭീര തുടക്കമിട്ടു. ​ഗ്രൂപ്പ് എയിലെ പോരിൽ കൊറിയയുടെ ​ഉജ്ജ്വല തിരിച്ചു വരവ്. ​ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോയ്ക്കൊപ്പം കൊറിയയും 3 പോയിന്റുകൾ നേടി.

ആക്രമണത്തിലും പാസിങിലുമൊക്കെ മുന്നിൽ നിന്നത് കൊറിയ തന്നെയായിരുന്നു. എന്നാൽ ആദ്യം ​ഗോൾ നേടിയത് ചെക്കാണ്. കൊറിയ കൂടുതൽ ഉണർന്നു കളിക്കാൻ തുടങ്ങിയ മിനിറ്റുകളും ഈ ​ഗോൾ വഴങ്ങിയ ശേഷമാണ് വന്നത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പന്തടക്കവും ആക്രമണവും കൊറിയയാണ് നടത്തിയത്. കൂടുതൽ ​ഗോളവസരങ്ങളും അവർ സൃഷ്ടിച്ചു. മുൻ ടോട്ടനം താരവും കൊറിയൻ സൂപ്പർ താരവും നായകനുമായ സൻ ഹ്യുങ് മിൻ 5 ഷോട്ടുകളാണ് ​ഗോൾ ലക്ഷ്യമിട്ട് പായിച്ചത്. എന്നാൽ ഒന്നും വലയിൽ കയറിയില്ല. പ്രതിരോധം കടുകട്ടിയാക്കിയും ഫിസിക്കലി മുൻതൂക്കം നേടിയുമാണ് ചെക്ക് കൊറിയൻ ആക്രമണങ്ങളെ ചെറുത്തത്.

ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ സൻ മിന്നിന്റെ ​ഗോളെന്നുറപ്പിച്ച നീക്കം ചെക്ക് മധ്യനിര താരം തോമസ് സൗസെക് തടത്തു. ലീ കാങ് ഇന്നിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് ചെക്ക് ​ഗോളി മാറ്റേജ് കോവാർ മിന്നും രീതിയിൽ രക്ഷപ്പെടുത്തി. ആദ്യ പകുതി ​ഗോൾരഹിതം.

രണ്ടാം പകുതി തുടങ്ങി കളിയുടെ 59ാം മിനിറ്റിൽ ലാ‍ഡിസ്ലാവ് ക്രെഷിയാണ് ചെക്കിന് ലീഡ് സമ്മാനിച്ചത്. കളിയിൽ ആധിപത്യം പുലർത്തിയിട്ടും ​ഗോൾ വഴങ്ങേണ്ടി വന്നത് കൊറിയയെ ഞെട്ടിച്ചു. പ്രതിരോധം കടുപ്പിച്ചു നിന്ന ചെക്ക് കൗണ്ടർ അറ്റാക്കിലൂടെയാണ് ലീ‍ഡെടുത്തത്. വ്ലാഡിമിർ കൂഫൽ ബോക്സിലേക്ക് ഉയർത്തി കൊടുത്ത പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ക്രെഷി വലയിലിടുകയായിരുന്നു.

​ഗോൾ വഴങ്ങിയതോടെ കൊറിയ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലം 66ാം മിനിറ്റിൽ കിട്ടുകയും ചെയ്തു. പിഎസ്ജി താരം ലി കാങ് ഇൻ നൽകിയ എണ്ണം പറഞ്ഞ പാസ് സ്വീകരിച്ച് മിഡ് ഫീൽഡർ ഹ്വാങ് ഇൻ ബിയോം ബോക്സിനു പുറത്തു നിന്ന തൊടുത്ത ലോങ്ക റേഞ്ചർ ഷോട്ട് ചെക്ക് ​ഗോൾ കീപ്പർ മാറ്റേജ് കോവാറിനെ നിസഹായനാക്കി വലയിൽ.

സമനിലയ്ക്കു പിന്നാലെ കൊറിയൻ കോച്ച് ഹോഭ് മ്യുങ് ബോ സൂപ്പർ താരവും ഫോർവേഡ‍ുമായ സൻ ഹ്യുങ് മിന്നിനെ പിൻവലിച്ച് ഓ ഹ്യുങ് ​ഗ്യുവിനെ കളത്തിലിറക്കി. താരം സൂപ്പർ സബായി മാറുകയും ചെയ്തു. മൈതാനത്തിറങ്ങിയതിനു പിന്നാലെ താരം 80ാം മിനിറ്റിൽ ടീമിനു വിജയ ​ഗോളും സമ്മാനിച്ചു. രണ്ടാം ​ഗോളിനും വഴി തുറന്ന ഹ്വാങ് ഇൻ ബിയോ തന്നെ. താരം വലതു വിങിൽ നിന്നു നൽകിയ ക്രോസ് സ്വീകരിച്ച് ഹ്യുങ് ​ഗ്യു പന്ത് ചെക്ക് വലയിലേക്ക് പായിച്ചു.

കളി അവസാന ഘട്ടത്തലേക്ക് കടന്നതോടെ സമനിലയ്ക്കായി ചെക്ക് കളിച്ചെങ്കിലും കൊറിയൻ പ്രതിരോധം വിട്ടുകൊടുത്തില്ല. അതിനിടെ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് സൗസക് ഫ്രീ കിക്കിൽ നിന്നു കിട്ടിയ ​പന്തിനെ ഹെഡ്ഡ് ചെയ്ത് വലയിലിട്ടെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞു. റഫറി ​ഗോളും നിഷേധിച്ചു. അവസാന നിമിഷങ്ങളിൽ ഒരു ശ്രമം കൂടി ചെക്ക് താരം മിഖായേൽ സാഡിലക് അടിച്ച ഷോട്ട് കൊറിയൻ ​ഗോൾ കീപ്പർ കിം സ്യുങ് ​ഗ്യു മികച്ച് ഡൈവിങിലൂടെ രക്ഷപ്പെടുത്തിയതോടെ കൊറിയ ജയം ഉറപ്പിച്ചു.

തുടരെ 11ാം ലോകകപ്പിനാണ് കൊറിയ ഇറങ്ങിയത്. മൊത്തം അവർ ഇതുവരെ കളിച്ചത് 12 ലോകകപ്പുകൾ. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിച്ചതും ദക്ഷിണ കൊറിയ തന്നെ. ചെക്ക് 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകകപ്പിനെത്തിയത്. ഇതാദ്യമായാണ് ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വന്നത്. ഇതിന് മുൻപ് 3 സൗഹൃദ മത്സരങ്ങൾ ഇരു ടീമുകളും തമ്മിൽ കളിച്ചിട്ടുണ്ട്. ഓരോ ജയങ്ങൾ വീതം രണ്ട് ടീമുകളും നേടി.

FIFA World Cup 2026: South Korea rallied from behind to get their World Cup Group A campaign up off to a winning start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

'കണ്ണിൽ ചോരയില്ലാത്ത ക്രൂരത'; നാല് വയസ്സുകാരനെ കൊന്ന മാതുലന് വധശിക്ഷ; മോചിതനായാൽ ഇനിയും കൊല നടത്തുമെന്ന് പ്രതി

ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

കാറിലും സ്‌കൂട്ടറിലും വരെ പാമ്പുകള്‍; പൂങ്കുന്നത്തെ വീട്ടില്‍ നിന്നും ഇതുവരെ പിടികൂടിയത് 20 മലമ്പാമ്പിനെ; ഭീതിയൊഴിയാതെ വീട്ടുകാര്‍

SCROLL FOR NEXT