ഈജിപ്തിനെതിരായ അർജന്റീനയുടെ വിജയം വിവാദത്തിന്റെ അകമ്പടിയിലായെങ്കിലും കളിയിൽ ഇതിഹാസ താരം ലയണൽ മെസി നടത്തിയ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഫ്രഞ്ച് ഇതിഹാസം തിയറി ഓൻറി. മെസി ഒരു മനുഷ്യനല്ലെന്നു വീണ്ടും ഓർമിപ്പിക്കുകയാണ് സത്യത്തിൽ ആ മത്സരം തെളിയിച്ചത് എന്നാണ് ഓൻറി പറയുന്നത്. ടീമിനു ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ മികവിലേക്ക് ഉയരുക എന്നത് മെസിയുടെ സവിശേഷമായ കഴിവ് അതുല്യമാണെന്നും ഫ്രഞ്ച് ഇതിഹാസം അടിവരയിട്ട് വ്യക്തമാക്കുന്നു.
ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെയാണ് ബാഴ്സലോണയിൽ മെസിയുടെ സഹതാരമായിരുന്ന ഓൻറി തന്റെ പഴയ ഓർമകൾ പങ്കുവെച്ചതും മെസിയുടെ കടുത്ത പോരാട്ടവീര്യത്തെ പ്രശംസിച്ചതും.
'കളി ജയിച്ച ശേഷം മെസി കരയുന്നതു നോക്കു. ആദ്ദേഹത്തിനും ആ ടീമിനും വിജയം എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാകും. ആദ്യമൊക്കെ അദ്ദേഹം ഒരു മനുഷ്യനാണെന്നു നമ്മെ തോന്നിപ്പിച്ചു. കാരണം അദ്ദേഹം ഇതുവരെ ലോകകപ്പിൽ എടുത്ത 8ൽ നാല് പെനാൽറ്റികളും നഷ്ടപ്പെടുത്തി. എന്നാൽ തൊട്ടടുത്ത നിമിഷം അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്ന് നമ്മെ വീണ്ടും ഓർമിപ്പിച്ചു!'
2007 മുതൽ 2010 വരെയുള്ള മൂന്ന് സീസണുകളിൽ ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ചവരാണ് ഓൻറിയും മെസിയും എഫ്‌സി ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചത്. ഈ കാലയളവിൽ 2009ലെ ചരിത്ര പ്രസിദ്ധമായ ട്രെബിൾ (ലാ ലിഗ, കോപ ഡെൽ റേ, യുവേഫ ചാംപ്യൻസ് ലീഗ്) ഉൾപ്പെടെ ഏഴ് പ്രധാന കിരീടങ്ങൾ ഇരുവരും ഒരുമിച്ച് കളിച്ച് ടീമിനു സമ്മാനിച്ചിട്ടുണ്ട്.
മെസിയെ എന്താണ് പ്രചോദിപ്പിക്കുന്നത് എന്ന് വിശദീകരിക്കാൻ തങ്ങൾ ഒരുമിച്ച് കളിച്ചിരുന്ന കാലത്തെ ഒരു പരിശീലന മൈതാനത്തെ സംഭവം ഓൻറി അനുസ്മരിച്ചു.
'ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. ലിയോയുടെ കാര്യത്തിൽ ഒന്നുറപ്പാണ്. അവനുള്ളിലെ ഉറങ്ങുന്ന ആ മൃഗത്തെ ദേഷ്യം പിടിപ്പിക്കരുത്! അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. അത് ഞാൻ പരിശീലനത്തിനിടയിൽ അടുത്ത് നിന്ന് കണ്ടിട്ടുള്ളതാണ്. പരിശീലനത്തിനിടയിൽ ചിലപ്പോൾ കോച്ചുമാരിൽ ആരെങ്കിലും ഒരു ഫൗൾ വിളിക്കാൻ താത്പര്യപ്പെടുകയോ അല്ലെങ്കിൽ പന്ത് പുറത്തു പോയിട്ടും കളി തുടരുകയും അതിൽ നിന്ന് ഒരു ഗോൾ നേടുകയും ചെയ്യുമ്പോൾ ആ പന്ത് ഔട്ട് ആണെന്നോ ഫൗൾ ആണെന്നോ വിളിക്കണമെന്ന് ലിയോ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ കോച്ച്, പന്ത് പുറത്തുപോയിട്ടില്ല പരാതിപ്പെടുന്നത് നിർത്തൂ ത്സരത്തിൽ ഇതൊക്കെ സംഭവിക്കാം എന്ന് പറയുമ്പോൾ അടുത്ത നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കിയാൽ അദ്ദേഹം പൂർണമായും മാറിപ്പോയതായി കാണാം. ഇതെല്ലാം ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ്.'
'അദ്ദേഹം പോയി പന്തെടുക്കും. പിന്നീട് അദ്ദേഹം തുടർച്ചയായി മൂന്ന് ഗോളുകൾ അടിച്ചു കൂട്ടും. അദ്ദേഹം നിങ്ങളുടെ അടുത്തു നിന്ന് പന്ത് തട്ടിയെടുത്ത് നേരെ പോയി ഗോൾ നേടും. വീണ്ടും പന്ത് പിടിച്ചെടുത്ത് ഗോൾ അടിക്കും. വീണ്ടും അത് ആവർത്തിക്കും. എന്നിട്ട് തിരിഞ്ഞുനിന്ന് പറയും. അടുത്ത തവണ കൃത്യമായി ഫൗൾ വിളിക്കണം. അപ്പോൾ ഞങ്ങൾ എല്ലാവരും പറയും, അതെ, അതെ, അടുത്ത തവണ ഞങ്ങൾ ഫൗൾ വിളിച്ചോളാം. കാരണം അദ്ദേഹത്തെ തടയാൻ നിങ്ങൾക്ക് കഴിയില്ല. ആ ഒരു മൂഡിലേക്ക് എത്തിയാൽ മെസിയെ നിയന്ത്രിക്കുക വളരെ പ്രയാസമാണ്.'
ഈജിപ്തിനെതിരായ മത്സരത്തിലും മെസി താൻ അന്നു കണ്ട അതേ മാനസികാവസ്ഥയാണ് പുറത്തെടുത്തതെന്നും കളിയിലെ ആദ്യ പകുതിയിലുണ്ടായ പെനാൽറ്റി നഷ്ടം തന്റെ പ്രകടനത്തെ ബാധിക്കാൻ അദ്ദേഹം അനുവദിച്ചില്ലെന്നും ഓൻറി പറഞ്ഞു.
'നിങ്ങൾക്കറിയാവുന്നതു പോലെ, (ചർച്ചയിൽ ഇരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിചിനോട്) നിങ്ങളും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതാണ്. സത്യസന്ധമായി പറയാം ഈ മനുഷ്യൻ ടീമിന് ആവശ്യമുള്ളപ്പോൾ തന്റെ കളി പൂർണമായും മറ്റൊരു തലത്തിലേക്ക് ഉയർത്തും. കഴിഞ്ഞ മത്സരത്തിൽ 120 മിനിറ്റ് കളിച്ച ഒരു കളിക്കാരനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. എന്നിട്ടും അദ്ദേഹം തന്റെ നിലവാരം ഉയർത്തി പന്തുമായി മുന്നേറി മിക്ക കളിക്കാരെയും ഡ്രിബിൾ ചെയ്ത് മറികടന്ന് കളിയുടെ ഗതി മാറ്റാൻ ശ്രമിച്ചു. അത് അത്ഭുതപ്പെടുത്തുന്നതാണ്.'
ഫുട്ബോളിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും മെസി തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് ഫ്രഞ്ച് ഇതിഹാസം സമ്മതിച്ചു.
'സത്യത്തിൽ അദ്ദേഹത്തെ നോക്കുമ്പോൾ മെസിക്കൊപ്പം കളിച്ച ദിവസങ്ങളാണ് ഞാൻ ഓർത്തുപോയത്. ഞാൻ സിദാൻ, റൊണാൾഡീഞ്ഞോ തുടങ്ങി ഒട്ടനവധി മികച്ച കളിക്കാർക്കൊപ്പം കളിച്ചിട്ടുണ്ട്. ഇത് പറയുന്നതിൽ എനിക്ക് യാതൊരു നാണക്കേടുമില്ല. ചിലപ്പോൾ അദ്ദേഹം ചില ഗോളുകൾ നേടുമ്പോൾ ഞാൻ മൈതാനത്ത് വെച്ച് ഒന്നോ രണ്ടോ സെക്കൻഡ് കളി മറന്ന് സ്വയം പറഞ്ഞുപോകും. 'വൗ!' പിന്നീട് ഞാൻ ഓർക്കും. നീ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുകയാണ്, മത്സരത്തിലേക്ക് തിരികെ വരൂ. എനിക്ക് അങ്ങനെ അധികം സംഭവിക്കാറില്ല. പക്ഷേ അദ്ദേഹത്തിന്റെ കളി കാണുമ്പോൾ അങ്ങനെയല്ല. അദ്ദേഹം തികച്ചും വ്യത്യസ്തനാണ്.'
'നോക്കൂ അർജന്റീനയുടെ ഈജിപ്തുമായുള്ള വിജയം ഒരു ഹോളിവുഡ് സിനിമ പോലെയാണ്. യഥാർഥ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു സംവിധായകൻ അല്പം ഓവറായി ചിത്രീകരിച്ചു എന്ന് തോന്നിക്കുന്ന ഒരു സിനിമാക്കഥ പോലെയാണ് ഇത് തോന്നുക. എന്നാൽ ഈ മനുഷ്യൻ തന്റെ കാൽപ്പാടുകൾ കൊണ്ട് ചരിത്രം എഴുതുകയാണ്'- ഓൻറി പറഞ്ഞു നിർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates