സ്റ്റേഡിയം ഇപ്പോഴും കാണികളാൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തിന്റെ ആരവം കാതടപ്പിക്കുന്നതാണ്. ഒരു വശത്ത് അർജന്റീനയും മറുവശത്ത് സ്പെയിനും ലോക കിരീടം തേടി നേർക്കുനേർ നിൽക്കുന്നു. എന്നാൽ ഈ മഹാ പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദുവായ ആ 'താരം' മാത്രം ഇന്ന് മറ്റൊരു നിരയിലാണ് അണിനിരന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ ആകാശ നീലയും വെള്ളയും കലർന്ന വിഖ്യാത ജേഴ്സിയില്ല. പകരം സ്പെയിനിന്റെ രാജകീയത നിറഞ്ഞ ചുവപ്പ് നിറമുള്ള ജേഴ്സിയാണ് അദ്ദേഹം അണിഞ്ഞിരിക്കുന്നത്.
അർജന്റീനയുടെ ആകാശ നീലയും വെള്ളയും കളറുകൾ ഒന്നിക്കുന്ന ജേഴ്സിക്ക് പകരം ഇതിഹാസ താരവും കാൽപന്തിന്റെ മഹാ മാന്ത്രികനുമായ ലയണൽ മെസി സ്പെയിനിന്റെ ചുവപ്പ് ജേഴ്സി അണിഞ്ഞ് 2026ലെ ലോകകപ്പ് ഫൈനൽ കളിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കു! വിചിത്രമായി തോന്നാമെങ്കിലും ആ സങ്കൽപ്പം, വർഷങ്ങൾക്ക് മുൻപ് സാധ്യമാകാനുള്ള എല്ലാ വഴികളും തുറന്നിരിപ്പുണ്ടായിരുന്നു.
ചുവപ്പണിഞ്ഞ മെസി! ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കുമായിരുന്ന ആ തീരുമാനം അർജന്റീന എന്ന വികാരത്തിനൊപ്പം നിന്നതിനാൽ 4 വർഷം മുൻപ് ലുസൈൽ സ്റ്റേഡിയത്തിൽ അയാൾ ലോകകപ്പിന്റെ കനക കിരീടം നെഞ്ചോടു ചേർത്തു. മറ്റൊരു സുവർണ സ്വപ്നത്തിലേക്ക് ഒരു ജയത്തിന്റെ ദൂരത്തിൽ ഇപ്പോൾ ന്യൂയോർക്കിലും നിൽക്കുന്നു.
അന്ന്, സ്പെയിനിൽ നടന്നത്
ബാല്ലൺ ഡി ഓറുകളുടെ പെരുമഴയ്ക്ക് മുൻപ്, ബാഴ്‌സലോണയുടെ സുവർണ കാലഘട്ടത്തിന് മുൻപ്, കോപ്പ അമേരിക്കൻ വിജയങ്ങൾക്കും ലോകകപ്പ് കിരീടധാരണത്തിനും ഒക്കെ മുൻപ് മെസി തന്റെ അന്താരാഷ്ട്ര ഭാവി എന്താകുമെന്ന് ഉറപ്പില്ലാതിരുന്ന ഒരു കൗമാരക്കാരൻ മാത്രമായിരുന്നു. സ്പെയിൻ അദ്ദേഹത്തെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്തു. ഒരു ചെറിയ കാലയളവിലെങ്കിലും, അവരിലൊരാളായി മാറാൻ മെസിയെ പ്രേരിപ്പിക്കാമെന്ന് സ്പാനിഷ് ഫുട്ബോൾ ലോകം ആത്മാർഥമായി അന്ന് വിശ്വസിക്കുകയും ചെയ്തു.
അർജന്റീനയും സ്പെയിനും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരാൻ ഒരുങ്ങുമ്പോൾ ഫുട്ബോൾ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും കൗതുകമുണർത്തുന്ന ഒരു സങ്കൽപ്പത്തിന് മുന്നിൽ കൂടിയാണ് നിൽക്കുന്നത്. ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരൻ അന്ന് അർജന്റീനയ്ക്ക് പകരം സ്പെയിൻ തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
മെസി കൗമാരത്തിൽ സ്പെയിനിലെത്തിയപ്പോൾ ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തൽ നടത്തിയത് സ്പെയിനിലെ പ്രശസ്തനായ യൂത്ത് കോച്ച് ഗിനസ് മെലൻഡെസ് ആണ്. മെസിയുടെ പ്രതിഭയെ ആദ്യമായി വിലയിരുത്താൻ നിയോഗിക്കപ്പെട്ട സ്പാനിഷ് ഫുട്ബോൾ വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. അന്ന് ആ കൗമാരക്കാരന്റെ ആദ്യകാല വിഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ ഈ പയ്യൻ ആരാണെന്ന് പോലും തനിക്ക് കൃത്യമായി അറിയില്ലായിരുന്നു എന്ന് മെലൻഡെസ് സമ്മതിക്കുന്നു.
'സത്യം പറഞ്ഞാൽ, അദ്ദേഹത്തിന്റെ പേര് ലിയോനാർഡോ എന്നാണെന്നാണ് ഞാൻ കരുതിയത്. കാരണം എല്ലാവരും അദ്ദേഹത്തെ അന്ന് ലിയോ എന്നാണ് വിളിച്ചിരുന്നത്'- മെസിയെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം ഇഎസ്‌പിഎന്നിനോടു പറഞ്ഞതാണിത്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷതകൾ പ്രകടിപ്പിച്ച മെസിയെ സ്വന്തമാക്കാനുള്ള മത്സരത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ഒരു കഥയായി ഇത് പിൽക്കാലത്ത് മാറി. എന്നാൽ, മെസിയിൽ സ്പെയിനിനുള്ള താത്പര്യം ഏത് കാലത്തു തുടങ്ങിയതാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു മെലൻഡെസിന്റെ വെളിപ്പെടുത്തൽ. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ വളരുന്ന ഈ അത്ഭുത ബാലൻ ഭാവിയിൽ ആരായി മാറുമെന്ന് മനസിലാക്കാൻ സ്പാനിഷ് അധികൃതർ അന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴേക്കും മെസി സ്പെയിനിൽ താമസം തുടങ്ങിയിരുന്നു. തന്റെ ഹോർമോൺ കുറവിനുള്ള ചികിത്സയ്ക്ക് ബാഴ്‌സലോണ ക്ലബ് പണം നൽകാമെന്ന് ഏറ്റതോടെ 13ാം വയസിൽ റൊസാരിയോയിൽ നിന്ന് അദ്ദേഹം ബാഴ്‌സലോണയിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ ഫുട്ബോൾ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും നടന്നത് സ്പെയിനിലാണ്. അവിടെ സ്കൂളിൽ പോയി 'ലാ മാസിയ'യിൽ പരിശീലനം നേടി. പിന്നീട് സ്പെയിനിന്റെ ദേശീയ ടീമിലെ പ്രമുഖരായി മാറിയ താരങ്ങൾക്കൊപ്പം അദ്ദേഹം വളർന്നു വന്നു.
അക്കാലത്തെ ഫിഫ നിയമപ്രകാരം മെസിക്ക് സ്പെയിനിനെ പ്രതിനിധീകരിക്കുക എന്നത് തികച്ചും സാധ്യമായ ഒന്നായിരുന്നു. ഒരു കളിക്കാരൻ തുടർച്ചയായി അഞ്ച് വർഷം ഒരു രാജ്യത്ത് താമസിച്ചാൽ ആ രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ യോഗ്യത നേടാം എന്നതായിരുന്നു നിയമം.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് സ്പാനിഷ് ഫുട്ബോൾ അധികൃതർക്ക് നന്നായി അറിയാമായിരുന്നു. കോച്ചുമാരും ഫെഡറേഷൻ ഭാരവാഹികളും മെസിയുടെ വളർച്ച കൃത്യമായി നിരീക്ഷിക്കുകയും അദ്ദേഹത്തെ സ്പെയിനിന്റെ യൂത്ത് ടീമിൽ എത്തിക്കാനുള്ള വഴികൾ തേടുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം 2010ൽ സ്പെയിനിനെ അവരുടെ ചരിത്രത്തിലെ തന്നെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മുൻ പരിശീലകൻ വിസെന്റ് ഡെൽ ബോസ്ക് ഈ ശ്രമങ്ങളെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്- 'മെസിയെ സ്പെയിനിനു വേണ്ടി കളിപ്പിക്കാൻ ഫെഡറേഷൻ പരമാവധി ശ്രമിച്ചിരുന്നു. ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു നോക്കി'. മെസിയെ സമ്മതിപ്പിക്കുക എന്നത് സ്പെയിനിനെ സംബന്ധിച്ച് തുടക്കം മുതലേ കഠിനമായൊരു ദൗത്യമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശ്രമത്തിന് പിന്നിലെ ന്യായങ്ങൾ
സ്പെയിനിന്റെ സുവർണ തലമുറ പിന്നീട് യൂറോ 2008, 2010 ലോകകപ്പ്, യൂറോ 2012 എന്നിവ ജയിച്ചു ചരിത്രം സൃഷ്ടിച്ചു. എന്നാൽ ഈ വിജയങ്ങളെല്ലാം വരുന്നതിന് മുൻപാണ് മെസിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. അന്ന് ബാഴ്‌സലോണ അക്കാദമിയിൽ അസാധാരണ ആവേശം സൃഷ്ടിച്ച ഒരു കൗമാരക്കാരനെയാണ് അവർ നോക്കിക്കണ്ടത്.
ഷാവി ഹെർണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ, ഡേവിഡ് വിയ, സെർജിയോ ബുസ്‌കെറ്റ്സ് എന്നിവർ അടങ്ങിയ ഒരു ടീമിലേക്ക് മെസിയെക്കൂടി ചേർക്കുക എന്നത് ഫുട്ബോളിലെ ഏറ്റവും മനോഹരമായ ഒരു സങ്കൽപ്പമാണ്. സ്പെയിനിന്റെ വിഖ്യാതമായ ടിക്കി- ടാക്ക പാസിങ് ശൈലിയും, ഭാവിയിൽ ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും 8 തവണ ബാലൺ ഡി ഓർ ജേതാവുമായി മാറിയ ഒരു കളിക്കാരനും ഒത്തുചേരുന്ന ആ അവസ്ഥ ആലോചിച്ചു നോക്കൂ! തങ്ങളുടെ ഒരു സുവർണ തലമുറ വളർന്നു വരുന്ന അതേ സമയത്ത് തന്നെ മെസിയെപ്പോലൊരു ലോകോത്തര താരത്തെക്കൂടി സ്വന്തമാക്കാൻ സ്പെയിനിന്റെ അത്ര മറ്റൊരു അന്താരാഷ്ട്ര ടീമും ശ്രമിച്ചിട്ടുണ്ടാകില്ല.
അർജന്റീനയുടെ ഭയപ്പാടുകൾ
സ്പെയിൻ തങ്ങളുടെ ശ്രമങ്ങൾ നടത്തുമ്പോൾ മറുവശത്ത് അർജന്റീന വലിയ ആശങ്കയിലായിരുന്നു. അർജന്റീന ഫുട്ബോൾ അധികൃതർക്ക് ഇതിന്റെ അപകട സാധ്യത നന്നായി മനസിലായി. മെസിയുടെ തകർപ്പൻ പ്രകടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്പെയിനിൽ നിന്ന് വരുന്നുണ്ടായിരുന്നെങ്കിലും അർജന്റീനയിലെ പല പ്രമുഖരും അദ്ദേഹത്തെ അന്ന് നേരിട്ട് കണ്ടിട്ടില്ല. യൂറോപ്പിലെ തങ്ങളുടെ ആളുകൾ അയച്ചുതരുന്ന റെക്കോർഡിങുകളേയും സ്കൗട്ടിങ് റിപ്പോർട്ടുകളെയും മാത്രമാണ് അവർ ആശ്രയിച്ചത്.
പെക്കർമാന്റെ തിരിച്ചറിവ്
അവരുടെ പേടി ലളിതമായിരുന്നു. തങ്ങൾ ഒന്നു വൈകിയാൽ സ്പെയിൻ അദ്ദേഹത്തെ റാഞ്ചും. അർജന്റീനയുടെ പ്രശസ്തമായ യൂത്ത് സിസ്റ്റത്തിന്റെ ശിൽപ്പിയും പിന്നീട് ദേശീയ ടീം കോച്ചുമായി മാറിയ ഹൊസെ പെക്കർമാൻ ആണ് മെസിയുടെ അന്താരാഷ്ട്ര ഭാവി അർജന്റീനയിൽ തന്നെ സുരക്ഷിതമാക്കേണ്ടതിന്റെ അടിയന്തരാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത്.
യൂറോപ്പിലുള്ള യുവ അർജന്റീന താരങ്ങളെ നിരീക്ഷിക്കുന്നതിനിടയിലാണ് മെസിയുടെ കഴിവിനെക്കുറിച്ച് താൻ അറിയുന്നതെന്ന് പെക്കർമാൻ പിന്നീട് ഓർത്തെടുക്കുന്നുണ്ട്. ഈ പ്രതിഭയെ കൈവിട്ടു കൊടുക്കാൻ അനുവദിക്കരുതെന്ന് ഉറപ്പിച്ച അദ്ദേഹം ഹ്യൂഗോ ടോക്കാലി ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അങ്ങനെ അവർ ഒന്നിച്ച് മെസിയെ അർജന്റീനയുടെ യൂത്ത് ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
രണ്ട് ഫുട്ബോൾ ഫെഡറേഷനുകൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഈ കഥ പലപ്പോഴും ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാൽ യാഥാർഥ്യം അതിലും സങ്കീർണമായിരുന്നു.
അക്കാലത്ത് ബാഴ്‌സലോണയിൽ മെസിയുടെ പ്രതിനിധിയായിരുന്ന ഹൊറാസിയോ ഗാഗ്ഗിയോളി പറയുന്നതനുസരിച്ച് തന്റെ വളർച്ചയെക്കുറിച്ച് അർജന്റീനയ്ക്ക് കാര്യമായി ഒന്നും അറിയില്ലേ എന്ന് ആ കൗമാരക്കാരൻ ഭയപ്പെട്ടിരുന്നു. അർജന്റീനയുടെ യൂത്ത് ടീം കോച്ചുമാരുടെ ശ്രദ്ധയിൽ തന്നെ എത്തിക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി മെസി അന്ന് സീനിയർ താരം ഹാവിയർ സാവിയോളയെ സമീപിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഗാഗ്ഗിയോളി ഓർക്കുന്നു. 2000ത്തിന്റെ തുടക്കത്തിൽ സാഹചര്യം എത്രത്തോളം അനിശ്ചിതത്വത്തിലായിരുന്നുവെന്ന് ഈ സംഭവം കാണിക്കുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മെസി അർജന്റീനയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ അന്ന് കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. സ്പെയിനിനു വ്യക്തമായ സാധ്യതകളുണ്ടായിരുന്നു. മെസി അവിടെയാണ് ജീവിച്ചത്, വളർന്നത്, കളിക്കാൻ യോഗ്യത നേടിയത്. അർജന്റീനയ്ക്ക് അദ്ദേഹത്തെ അത്ര എളുപ്പത്തിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ അർജന്റീന അദ്ദേഹത്തെ തങ്ങളുടെ യൂത്ത് ടീമിന്റെ ഭാഗമാക്കിയതോടെയാണ് കഥ മാറിയത്. അതോടെ കാര്യങ്ങൾ പൂർണമായി അർജന്റീനയ്ക്ക് അനുകൂലമായി. സ്പെയിനിന്റെ സാധ്യതകൾ പൂർണമായി മങ്ങി. സ്പെയിൻ പിന്നീടും നിരീക്ഷണം തുടർന്നുവെങ്കിലും ആ മനുഷ്യന്റെ വിസ്മയ കരിയർ ഒരൊറ്റ ദിശയിലേക്ക് തിരിഞ്ഞു കഴിഞ്ഞിരുന്നു.
തുടരും കൗതുക ആലോചനകൾ
മെസി കൂടി ഉണ്ടായിരുന്നെങ്കിൽ സ്പെയിൻ ഇതിലും ശക്തമാകുമായിരുന്നോ? 2008നും 2012നും ഇടയിൽ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയ സ്പാനിഷ് പടയ്ക്ക് തങ്ങളുടെ ആധിപത്യം ഇനിയും നീട്ടിക്കൊണ്ടുപോകാൻ സാധിക്കുമായിരുന്നോ? ബാഴ്സലോണയിലേതു പോലെ മെസി, ഷാവി, ഇനിയെസ്റ്റ ത്രയം ആധുനിക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടീമായി മാറുമായിരുന്നോ?
സ്പെയിനിന്റെ ചരിത്രം ഒരുപക്ഷേ മാറുമായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ അർജന്റീനയുടെ ചരിത്രം തീർച്ചയായും ഇതാകുമായിരുന്നില്ല! 2014ലെ ലോകകപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് അകാലത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ വിടാനുള്ള ഹൃദയം മുറിക്കും തീരുമാനം എടുത്ത സമയത്ത് ലോകമെങ്ങുമുള്ള ആരാധകർ അദ്ദേഹത്തോടു അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ആ ചരിത്ര മാറ്റത്തിന്റെ വേദന എത്ര വലുതായിരിക്കും.
ആ തീരുമാനം മാറ്റിയ ശേഷമാണ് അർജന്റീനയുടെ ദീർഘകാല കിരീട വരൾച്ചയ്ക്ക് വിരാമമാകുന്നത്. അർജന്റീനയ്ക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും ഒടുവിൽ ലോകകപ്പും പിന്നാലെ മറ്റൊരു കോപ്പ അമേരിക്ക കിരീടവും നേടിക്കൊടുത്ത് ആധുനിക ഫുട്ബോളിലെ മിശിഹയായി അദ്ദേഹം മാറുന്ന കാഴ്ച ലോകം അത്ഭുതാദരങ്ങളോടെയാണ് ഇതാ ഈ നിമിഷം വരെ പിന്നീട് കണ്ടു നിൽക്കുന്നത്.
ചരിത്രത്തിന്റെ ഗതിവിഗതികൾ
മെസിയെന്ന അത്ഭുതത്തെ സ്പെയിൻ തിരിച്ചറിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആ രണ്ട് രാജ്യങ്ങളും ഇപ്പോൾ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നേർക്കുനേർ വരികയാണ്. ഫൈനൽ മത്സരം ആരംഭിക്കുമ്പോൾ ചർച്ചകൾ മുഴുവൻ തന്ത്രങ്ങളെയും ഫോമിനെയും കുറിച്ചായിരിക്കും. എങ്കിലും, ഈ മത്സരത്തിന് പിന്നിൽ മെസിയെന്ന ആഗോള സൂപ്പർ താരം രൂപപ്പെടും മുന്നേ തുടങ്ങിയ, അധികം ആരും അറിയാത്ത ഒരു കഥയുണ്ട്. സ്പെയിൻ മെസിയെ തങ്ങളുടെ ഭാവിയായി സ്വപ്നം കണ്ടിരുന്നു. എന്നാൽ അർജന്റീന മെസിയെ തങ്ങളുടേത് മാത്രമാക്കി മാറ്റി. രണ്ട് പതിറ്റാണ്ടുകളായി ആ രാജ്യത്തിന്റെ ഫുട്ബോൾ വിധിയും മെസിയുടെ കരിയറും തമ്മിൽ വേർപെടുത്താനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുകയാണ് ഇപ്പോൾ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates