ലോക കിരീടം നിലനിർത്താനുള്ള യാത്രയ്ക്ക് അർജന്റീന ഉജ്ജ്വല തുടക്കമിട്ടപ്പോൾ അതിനു നെടുനായകത്വം വഹിച്ചത് സാക്ഷാൽ ലയണൽ മെസി തന്നെയായിരുന്നു. അൾജീരിയക്കെതിരായ ആദ്യ പോരാട്ടത്തിൽ ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക്കടക്കം മിന്നുന്ന 3 ഗോളുകൾ വലയിലിട്ടാണ് ഇതിഹാസം കളം വിട്ടത്.
മത്സര ശേഷം ലയണൽ മെസി തന്റെ 4 വയസുള്ള മകൾ മില മെഹ്‍രസിനെ കണ്ടതും അവർ തമ്മിലുള്ള അനുപമ നിമിഷങ്ങളെക്കുറിച്ചും അൾജീരിയൻ താരം കൂടിയായി റിയാദ് മെഹ്‍രസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തെ കാണുക എന്നത് ആ കൊച്ചു കുഞ്ഞിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും അതു സാധ്യമാക്കി കൊടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അർഥമുള്ള നിമിഷമായിരുന്നുവെന്നും മെഹ്‍രസ് കുറിച്ചു.
മകളുമായി മെസിക്കടുത്തെത്തിയപ്പോൾ അദ്ദേഹം അതുവരെ ചെയ്തിരുന്നു പ്രവൃത്തികളെല്ലാം മാറ്റി വച്ച് തന്റെ മകളോട് മിണ്ടാനും ഇടപെടാനും ഏറെ സമയം കണ്ടെത്തി. കളത്തിൽ മറക്കാനാകാത്ത നിമിഷങ്ങളേക്കാൾ തന്നെ സംബന്ധിച്ചെടുത്തോളം മകളുടെ സ്വപ്നം തന്റെ കൺമുന്നിൽ യാഥാർഥ്യമാകുന്നത് കണ്ട നിമിഷമാണ് ആ രാത്രിയിലെ ഏറ്റവും മനോഹരമായ നിമിഷമെന്നും മെഹ്‍രസ് പറയുന്നു.
റിയാദ് മെഹ്‍രസിന്റെ മനോഹരമായ കുറിപ്പ്
'മത്സരത്തിന് ശേഷം ഞാൻ എന്റെ മകളുമായി ലിയോ മെസിയുടെ അടുത്തേക്ക് പോയി. കാരണം അദ്ദേഹത്തെ കാണുക എന്നത് വർഷങ്ങളായി അവളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. അവൾ അദ്ദേഹത്തിന്റെ ഹൈലൈറ്റുകൾ കാണുകയും, അദ്ദേഹത്തിന്റെ ജേഴ്‌സികൾ ധരിക്കുകയും, അദ്ദേഹത്തിന്റെ ഗോളുകളെക്കുറിച്ച് സംസാരിക്കുകയും, ഈ നിമിഷത്തെക്കുറിച്ച് എത്രയോ തവണ സങ്കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു പിതാവ് എന്ന നിലയിൽ, ഫുട്ബോളിനേക്കാളും വിജയങ്ങളേക്കാളും ഒരു പിച്ചിനുള്ളിൽ നടക്കുന്ന എന്തിനേക്കാളും ജീവിതത്തിൽ കൂടുതൽ അർഥമുള്ള ചില നിമിഷങ്ങളുണ്ട്. നിങ്ങളുടെ കുഞ്ഞ് യഥാർഥ സന്തോഷം അനുഭവിക്കുന്നത് കാണുന്നത് വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത ഒന്നാണ്.
അവൾ അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനും എത്രയോ കാലമായി സ്വപ്നം കാണുകയായിരുന്നു എന്ന് ഞാൻ ലിയോയോട് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നതെല്ലാം നിർത്തി. ഊഷ്മളമായി പുഞ്ചിരിക്കുകയും അവൾക്ക് അദ്ദഹത്തിന്റെ പൂർണ ശ്രദ്ധ നൽകുകയും ചെയ്തു.'
'അവൾ നന്നേ പരിഭ്രമിച്ചിരുന്നു. ആദ്യം സംസാരിക്കാൻ പോലും അവൾക്ക് സാധിച്ചില്ല. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ വികാരങ്ങൾ നിറഞ്ഞിരുന്നു. വർഷങ്ങളായി താൻ സങ്കൽപ്പിച്ച ആ നിമിഷം ഒടുവിൽ യാഥാർഥ്യമാകുകയാണെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയാത്തതു പോലെ തോന്നി.
ആ നിമിഷത്തിൽ, അവിടെ അർജന്റീനയോ, അൾജീരിയയോ, ലോകകപ്പോ, മത്സരങ്ങളോ, ശത്രുതയോ ഒന്നും ഉണ്ടായിരുന്നില്ല. താൻ എപ്പോഴും ആരാധനയോടെ നോക്കിക്കണ്ടിരുന്ന വ്യക്തിക്ക് മുന്നിൽ മുഖാമുഖം നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടി മാത്രമായിരുന്നു അത്.
ലിയോ ആ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതിയാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്. അദ്ദേഹം ഒരു തിടുക്കവും കാണിച്ചില്ല. അതൊരു നിർബന്ധം മാത്രമാണെന്ന രീതിയിൽ പെരുമാറിയില്ല. അല്ലെങ്കിൽ താനൊരു സൂപ്പർ സ്റ്റാർ ആണെന്ന ഭാവവും കാണിച്ചില്ല. അദ്ദേഹം അവളെ ഒരു പ്രത്യേക വ്യക്തിയായി തോന്നിപ്പിക്കുകയും വളരെ കംഫർട്ടബിൾ ആക്കുകയും ചെയ്തു.'
'അദ്ദേഹം അവളോട് സംസാരിച്ചു. ഫോട്ടോകൾക്കായി പുഞ്ചിരിച്ചു. ഒപ്പം വളരെ ദയയോടും ബഹുമാനത്തോടും കൂടിയാണ് അവളോട് പെരുമാറിയത്. ഇത്തരം ചെറിയ പെരുമാറ്റങ്ങൾ കുട്ടികൾക്ക് വലിയ കാര്യമാണ്, കാരണം അവ എന്നെന്നേക്കുമായി അവരുടെ മനസിൽ നിലനിൽക്കും.
ഞങ്ങൾ അവിടെ നിന്ന് നടന്നു പോരുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മാറിയിരുന്നില്ല. ആ നിമിഷം യാഥാർഥ്യമാണോ എന്ന് ഉറപ്പുവരുത്താൻ എന്നവണ്ണം അവൾ ആ ഫോട്ടോ വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു.
അവൾ പറഞ്ഞുകൊണ്ടേയിരുന്നു, 'പപ്പാ, ഞാൻ ശരിക്കും മെസിയെ കണ്ടു. ഞാൻ ശരിക്കും മെസിയെ കണ്ടു.' മകളിൽ നിന്ന് ആ വാക്കുകൾ കേൾക്കുന്നത് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം എന്നെ വികാരാധീനനാക്കി.
ഫുട്ബോൾ കളങ്ങൾ നമുക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ രാത്രിയിലെ ഏറ്റവും മനോഹരമായ നിമിഷം കളി അവസാനിച്ചതിന് ശേഷമാണ് സംഭവിച്ചത്. എന്റെ മകളുടെ സ്വപ്നം എന്റെ കൺമുന്നിൽ യാഥാർഥ്യമാകുന്നത് ഞാൻ കണ്ട ആ നിമിഷം'- മെഹ്‍രസ് കുറിച്ചു.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates