Jorge Jesus, Cristiano Ronaldo x
Fifa World Cup 2026

പോർച്ചു​ഗലിനെ രക്ഷിക്കുമോ 'ജീസസ്'! വരുന്നു മറ്റൊരു 'റൊണാൾഡോ ഫേവറിറ്റ്' കോച്ച്...

അൽ നസറിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത് പ്രചോദനമാകുമോ പോർച്ചു​ഗലിന്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിൽ പുതിയൊരു അധ്യായത്തിന് കൂടി പോർച്ചുഗൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകകപ്പിൽ നിന്നുള്ള നിരാശാജനകമായ പുറത്താകലിന് പിന്നാലെ റോബർട്ടോ മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ടീമിനെ പുതുക്കി പണിയാനുള്ള നീക്കങ്ങളുമായി പോർച്ചു​ഗീസ് ഫുട്ബോൾ ഫെഡറേഷൻ തുനി‍ഞ്ഞിറങ്ങിക്കഴിഞ്ഞതായാണ് പോർച്ചു​ഗൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റൊണാൾഡോയ്ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു പരിശീലകനെ തന്നെ ടീമിലെത്തിക്കാൻ ഫെഡറേഷൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

71കാരനായ വെറ്ററൻ കോച്ച് ജോർജ്ജ് ജീസസിനെ മാർട്ടിനസിന്റെ പിൻഗാമിയായി നിയമിക്കാൻ ഫെഡറേഷൻ തയ്യാറെടുക്കുകയാണ്. ഈ പദവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജീസസും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും തമ്മിലുള്ള കൂടിക്കാഴ്ച ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം.

നിയമനം നടന്നാൽ, ജീസസിന്റെ നീണ്ട പരിശീലന കരിയറിൽ ആദ്യമായാവും അദ്ദേഹം ഒരു ദേശീയ ടീമിന്റെ ചുമതലയേൽക്കുന്നത്. അതോടൊപ്പം, കഴിഞ്ഞ സീസണിൽ അൽ നസർ ക്ലബിൽ റൊണാൾഡോയുടെ കോച്ചായിരുന്ന ജീസസ് വീണ്ടും സിആർ സെവനുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗ് കിരീടത്തിലേക്ക് അൽ നസറിനെ നയിക്കുന്നതിൽ ജീസസിന്റെ തന്ത്രങ്ങളുടെ ബലമുണ്ടായിരുന്നു.

ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്പെയിനിനോട് 1-0 ന് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബെൽജിയംകാരനായ റോബർട്ടോ മാർട്ടിനസ് തന്റെ പടിയിറക്കം പ്രഖ്യാപിച്ചത്. ദേശീയ ടീമിനായി പുതിയൊരു പരിശീലകനെ തിരഞ്ഞെടുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം തികച്ചും ന്യായമാണ്. എനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും ഞാൻ ഫെഡറേഷനോട് നന്ദി പറയുന്നു- എന്നു പറഞ്ഞു മാന്യമായാണ് അദ്ദേഹം പടിയിറങ്ങിയത്. ബെൽജിയത്തിന്റെ സുവർണ സംഘത്തെ എങ്ങുമെത്തിക്കാൻ സാധിക്കാതെ പടിയിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് റോബർട്ടോ മാർട്ടിനസിനെ പോർച്ചു​ഗൽ നിയമിച്ചത്.

ടീമിനെ നേഷൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിക്കാൻ സാധിച്ചതു മാത്രമാണ് ബെൽജിയം നേരിട്ട തകർച്ചയിൽ നിന്നുള്ള ഏക വ്യത്യാസം. ഈ ലോകകപ്പിൽ കിരീട സാധ്യതയിൽ ഏറ്റവും മുന്നിൽ നിന്ന പോർച്ചു​ഗൽ ഒരു മത്സരത്തിൽ ഒഴികെ ബാക്കി എല്ലാ പോരാട്ടങ്ങളിലും ലക്ഷ്യബോധമില്ലാതെ അലയുന്ന കാഴ്ച ദയനീയമായിരുന്നു. യൂറോപ്യൻ ക്ലബുകളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഉന്നത നിലവാരമുള്ള താരങ്ങൾ നിറഞ്ഞ ഒരു സ്ക്വാഡുണ്ടായിട്ടും റോബർട്ടോ മാർട്ടിനസിനു ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന മോശം പ്രൊഫൈൽ അദ്ദേഹത്തിനു 2 ടീമുകളുടെ തകർച്ച നേടിക്കൊടുത്തു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

റൊണാൾഡോയോടുള്ള മാർട്ടിനസിന്റെ അചഞ്ചലമായ വിശ്വാസം പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ 41 വയസ് തികഞ്ഞ പോർച്ചുഗൽ ക്യാപ്റ്റൻ, ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ടീം തങ്ങളുടെ എക്കാലത്തെയും മികച്ച സ്കോററെ അമിതമായി ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നിട്ടും ഭൂരിഭാഗം മത്സരങ്ങളിലും റൊണാൾഡോയെ മുഴുവൻ സമയവും കളിപ്പിക്കാൻ മാർട്ടിനസ് ശ്രദ്ധിച്ചിരുന്നു.

റൊണാൾഡോയും ജോർജ്ജ് ജീസസും

മാർട്ടിനസിനെപ്പോലെ തന്നെ ജോർജ്ജ് ജീസസും റൊണാൾഡോയോടുള്ള തന്റെ ആരാധന ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അൽ നസറിലെ അവരുടെ സംയുക്ത കാലയളവിൽ വെറ്ററൻ കോച്ച് നിരന്തരം റൊണാൾഡോയ്ക്ക് പിന്തുണ നൽകിയിരുന്നു. അവിടെ റൊണാൾഡോ മികച്ച ഫോമിൽ ഗോളുകൾ അടിച്ചുകൂട്ടിയതിനാലാണ് ക്ലബിനു സൗദി പ്രോ ലീഗ് കിരീടം നേടാനായത്.

ഈ നിയമനം യാഥാർഥ്യമായാൽ, റാഫേൽ ലിയാവോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റിഞ്ഞ, ജോവോ നെവസ് തുടങ്ങിയ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളുള്ള ഒരു സ്ക്വാഡാവും ജീസസിന് ലഭിക്കുക. എങ്കിലും, മാർട്ടിനസിന്റെ കാലത്തുണ്ടായിരുന്ന അതേ വലിയ ചോദ്യം ജീസസിന് മുന്നിലും അവശേഷിക്കും. ഇനിയും എത്രകാലം പോർച്ചുഗൽ റൊണാൾഡോയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കും എന്നത് തന്നെയാണത്.

പരിശീലകനെന്ന നിലയിൽ മൂന്ന് പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള വ്യക്തിയാണ് ജോർജ്ജ് ജീസസ്. സൗദി അറേബ്യയിലെ വിജയകരമായ കരിയറിന് പുറമെ ബെൻഫിക്ക, സ്പോർട്ടിങ് സിപി, തുർക്കിയിലെ വമ്പന്മാരായ ഫെനർബാഷെ തുടങ്ങിയ പ്രമുഖ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുൻ ഡിഫെൻഡറായിരുന്ന ജീസസ്, 1973നും 1990നും ഇടയിൽ പ്രൊഫഷണൽ ഫുട്ബോൾ കളിച്ച ശേഷമാണ് പരിശീലക രംഗത്തേക്ക് തിരിഞ്ഞത്.

who is Jorge Jesus? Portugal set to appoint Cristiano Ronaldos favourite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

നെഞ്ചുവേദനയായിട്ടും ക്യൂവില്‍ നിര്‍ത്തി; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

1 സിക്‌സും 1 ഫോറും തൂക്കി വൈഭവ് മടങ്ങി; വീണ്ടും നിരാശ

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍

സഞ്ജു ബഞ്ചില്‍; വൈഭവ് തുടരും; ടോസ് നേടി ഇന്ത്യ, ആദ്യം ബാറ്റിങ്