ഗ്വാഡലഹാര: ലോകകപ്പിൽ സ്പെയിനിനെതിരായ മത്സരത്തിൽ ഗോൾ വഴങ്ങുന്നതിലേക്ക് നയിച്ച വലിയ പിഴവിന് പിന്നാലെ ഗോൾ കീപ്പർ സ്ഥാനത്തു നിന്നു തന്നെ മാറ്റി പകരക്കാരനെ ഇറക്കാൻ പരിശീലകനോട് ആവശ്യപ്പെട്ട് ഉറുഗ്വെ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര. ആദ്യ പകുതി അവസാനിച്ചതിനു പിന്നാലെയാണ് മുസ്‍ലേര തന്റെ പിഴവ് സമ്മതിച്ചത് സ്വയം മാറിയത്. മത്സര ശേഷം മാഴ്സലോ ബിയേൽസയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്പെയിനിനെതിരായ പോരാട്ടത്തിൽ 1-0ത്തിനാണ് ഉറുഗ്വെ തോറ്റത്. ഇതോടെ ഒരു ജയം പോലുമില്ലാതെ 2 സമനിലയും ഒരു തോൽവിയുമായി ഉറുഗ്വെ ലോകകപ്പിൽ നിന്നു നോക്കൗട്ട് കാണാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
42ാം മിനിറ്റിലാണ് മുസ്‌ലേരയുടെ അബദ്ധത്തിൽ സ്പെയിൻ വല ചലിപ്പിച്ചത്. ഉറുഗ്വെ 1-0 ന് പിന്നിലായിരിക്കുകയും ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിൽ നിൽക്കുകയും ചെയ്ത ഘട്ടത്തിലാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർജിയോ റോഷെറ്റ് ഗോൾകീപ്പറായി കളത്തിലിറങ്ങിയത്. എന്നാൽ മത്സരത്തിൽ പിന്നീട് മാറ്റങ്ങളൊന്നും ഉണ്ടായില്ല.
മത്സരത്തിന്റെ 42ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള സ്പാനിഷ് മധ്യനിര താരം അലക്സ് ബയേനയുടെ ഷോട്ട് തട്ടിയകറ്റാൻ മുസ്‍ലേരയ്ക്കു കഴിഞ്ഞില്ല. പന്തിന്റെ ബൗൺസ് പ്രവചിക്കുന്നതിൽ അദ്ദേഹത്തിന് തെറ്റ് പറ്റി. കൂടാതെ പന്ത് പൂർണമായും വലയിലേക്ക് കയറാതെ തട്ടിയകറ്റാൻ പാകത്തിൽ കൈകൾ ശക്തമായി വെക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. വെറ്ററൻ ഗോൾ കീപ്പറുടെ കൈയിൽ തട്ടിയാണ് പന്ത് വലയിലെത്തിയതും.
കാബോ വെർദെയ്ക്കെതിരായ 2-2 സമനിലയിലും, സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 1-1 സമനിലയിലും മുസ്‍ലേരയ്ക്ക് സമാനമായ പിഴവുകൾ സംഭവിച്ചിരുന്നു. പിന്നാലെയാണ് സ്പെയിനിനേതിരേയും പിഴവ് ആവർത്തിച്ചത്. കാബോ വെർദെയ്ക്കെതിരായ പോരാട്ടത്തിൽ മത്തിയാസ് ഒലിവേരയുടെ മോശം പാസിന് പിന്നാലെ മുസ്‍ലേരക്ക് തന്റെ പൊസിഷൻ നഷ്ടപ്പെട്ടു. കിട്ടിയ അവസരം കാബോ വെർദെ മുതലെടുക്കുകയും ചെയ്തു. ഒഴിഞ്ഞ വലയിലേക്ക് ഗോൾ അടിച്ച് സമനില പിടിക്കാൻ കാബോ വെർദെയ്ക്ക് അവസരമൊരുക്കുന്നതായി താരത്തിന്റെ ഭീമാബദ്ധം.
പിന്നാലെ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിലും പിഴവ് കണ്ടു. ഒരു ഹെഡ്ഡറിന് ശേഷം പന്ത് കൈപ്പിടിയിലൊതുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. റീബൗണ്ടിലൂടെ സൗദി ഗോളും അടിച്ചു.
ഏതാനും വർഷങ്ങൾക്ക് മുൻപ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച 40 കാരനായ മുസ്‍ലേരയെ ലോകകപ്പ് മുന്നിൽ കണ്ട് ഈ വർഷം ആദ്യമാണ് ബിയേൽസ തിരിച്ചെത്തിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ആരാധകർ ബിയേൽസയെ ശക്തമായി വിമർശിച്ചിരുന്നു.
മുസ്‍ലേര സ്വയം തീരുമാനമെടുത്താണ് മാറി നിന്നത്. അദ്ദേഹത്തെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള എന്റെ തീരുമാനം വളരെ ആലോചിച്ചുറപ്പിച്ച ഒന്നായിരുന്നു. എനിക്ക് ആവശ്യമെന്ന് തോന്നിയ എല്ലാ വിലയിരുത്തലുകളും ഞാൻ നടത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു സംഭവിച്ച പിഴവ് ഞാൻ നിഷേധിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനത്തെ ന്യായീകരിക്കാനും കഴിയില്ല. എന്നാൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം പുറത്തെടുത്ത, മികച്ച വ്യക്തിത്വവും കളി മികവുമുള്ള ഒരു ഗോൾ കീപ്പറാണ് അദ്ദേഹം. അക്കാര്യത്തിൽ എനിക്കൊരു സംശയവുമില്ല- ബിയേൽസ മത്സര ശേഷം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates